ചോദ്യം : ഹരീഷിന്റെ ‘മീശ’ എന്ന നോവൽ പിൻവലിച്ചതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്
കെ . പി . നിർമല്‍കുമാര്‍
”What is freedom of expression? Without the freedom to offend, it ceases to exist.” – Salman Rushdie
എന്തെല്ലാം തരത്തിൽ കുരുന്നുമനസ്സുകളെ പ്രകോപിച്ചാലും, നോവിച്ചാലും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെ നിയന്ത്രണം അരുതെന്നു മോഹിക്കുന്ന എഴുത്തുകാരനായത് കൊണ്ട്, ഒരു പുസ്തകമോ, കഥയോ, കവിതയോ, ഫേസ്ബുക് പോസ്റ്റോ പിൻവലിക്കേണ്ടി വരുന്ന അവസ്ഥ അഭിമാനക്ഷതം തന്നെയാണ്. എഴുതുമ്പോൾ കവി പ്രവാചകനാവാൻ സാധിക്കുമ്പോൾ, രചന പിൻവലിക്കുമ്പോൾ അയാൾ ഭീരുവായും, ഇരയായും, വായനക്കാരെ പകച്ചു നോക്കുന്നു. സൂതന്റെ മകനെന്ന് ഭീമൻ കൗമാരകാല കർണ്ണനെ അരങ്ങേറ്റ മൈതാനത്തിലെ അഭിജാതസദസ്സിൽ പരസ്യമായി അവമതിക്കുമ്പോൾ, ധീരസൈനികനായിട്ടും അതിരഥപുത്രൻ ആകാശത്തേക്ക് നോക്കുന്ന പോലെ, ഒരു നിസ്സഹായാവസ്ഥയിൽ വായനക്കാരെയാണ് കഥാകൃത്തും കവിയും നോക്കുന്നത്. ഭാരതീയശിക്ഷാ നിയമത്തിലെ വകുപ്പുകൾ വച്ച് ഭരണകൂടം അയാളെ ക്രൂശിക്കാം, രാഷ്ട്രീയപരിഗണന വച്ച് രക്ഷിക്കുന്നതായി നടിക്കാം. സമാനഭീഷണി നേരിടുന്നവരുടെ കൂട്ടായ്മ പിന്തുണ നൽകാം. പക്ഷെ കുടുംബത്തിലുള്ളവർ രാത്രി കരഞ്ഞു നിലവിളിച്ചു പറയും – ആവിഷ്കാരസ്വാതന്ത്ര്യം പരിരക്ഷിക്കാൻ പെൺമക്കളെ തെരുവിൽ ഇരകളാക്കുമോ നിങ്ങൾ?. അതോടെ സർഗാത്മക സാഹിത്യം സമ്മർദ്ദത്തിലാവുന്നു ഒന്നുകിൽ അയാൾ പിടിച്ചു മുന്നേറുന്നു, അല്ലെങ്കിൽ അടി കൊണ്ടും നാണം കെട്ടും കുടുംബസംരക്ഷണത്തിനു മുൻഗണന കൊടുക്കുന്നു. പത്തുകൊല്ലം ഒളിവിൽ കഴിഞ്ഞിട്ടും ഭീഷണി ഉയർത്തിയവർക്കു കീഴടങ്ങാതെയും തോൽക്കാതെയും പിടിച്ചു നിന്നവരുണ്ട് പത്തു ദിവസം പോലും പിടിച്ചു നിൽക്കാൻ ആവാത്തവരുമുണ്ട്