പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ‘ഒരു ചോദ്യം ഒരുത്തരം’

ദേശിയ തലത്തിൽ ബി ജെ പിക്ക് എതിരെ കോൺഗ്രസ്സും സി പി എമ്മും സഹകരിക്കേണ്ടതുണ്ടോ? പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ. ബി. ആർ. പി. ഭാസ്കർ ഉത്തരം പറയുന്നു. : ‘ഒരു ചോദ്യം ഒരുത്തരം’

വെബ് ഡസ്ക് : സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത-വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കാനുള്ള മതേതര പ്രതിപക്ഷ മുന്നണിക്ക്‌ നേതൃത്വം കൊടുക്കുക എന്നത് പതിവ് ശൈലി ഉപയോഗിച്ചു പറഞ്ഞാല്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഇതില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതും ശ്രദ്ധാപൂര്‍വം ഒഴിവാക്കിയതുമായ രണ്ടു ഘടകങ്ങള്‍ ഉണ്ടെന്നു തോന്നുന്നു .
ഒന്ന്‍, മുഖ്യശത്രുവായ വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നത് അടിയന്തിര ലക്‌ഷ്യം മാത്രമാണ്-ജയിച്ചാലും തോറ്റാലും, ഒരുപക്ഷെ, തെരഞ്ഞെടുപ്പോടെ അവസാനിക്കുന്ന ഒന്ന്. കൂട്ടായ്മയുടെ ദീര്‍ഘകാല ലക്‌ഷ്യം ജനനന്മയിലൂന്നിയും അഴിമതിയും സ്വജനപക്ഷപാതവും കഴിവതും ഒഴിവാക്കിയുമുള്ള കാര്യക്ഷമമായ ഭരണമാവണം. വിയോജിപ്പുള്ള അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ ഏതാനും വര്‍ഷത്തേയ്ക്കെങ്കിലും മടക്കിക്കെട്ടി അട്ടത്തു വെയ്ക്കേണ്ടി വരും എന്നര്‍ത്ഥം.
രണ്ട്, ഒരുപക്ഷേ അറിഞ്ഞിട്ടും ബന്ധപ്പെട്ട കക്ഷികളും അണികളും അനുഭാവികളും നാട്ടുകാരായ നമ്മളും മറച്ചു വെയ്ക്കുന്ന ഒരു മഹാസത്യം, ഇങ്ങനെയൊരു മുന്നണി ഉണ്ടാക്കിയെടുക്കുക എന്നത് ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്നതിലുപരി പ്രസ്തുത കക്ഷികളുടെ തന്നെ നിലനില്‍പ്പിനും രാഷ്ട്രീയാന്തരീക്ഷത്തിലെ പ്രസക്തിക്കും ഒഴിച്ചുകൂടാനാവാത്ത, പകരം വെയ്ക്കാനില്ലാത്ത, ഒരേയൊരു അടിസ്ഥാന നിബന്ധനയാണ് എന്നതാണ്. അത്തരമൊരു മുന്നണി സാധ്യത യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് മറ്റാരേക്കാളും കോണ്‍ഗ്രസിന്‍റേയും സി.പി.എമ്മിന്‍റേയും തന്നെ ബാദ്ധ്യതയോ ആവശ്യമോ ഒക്കെയാണെന്ന് സാരം.
സഖ്യം വേണ്ട എന്ന തീരുമാനത്തെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ കാണുന്നു?

ബി.ആര്‍.പി. ഭാസ്കര്‍ : സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത-വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കാനുള്ള മതേതര പ്രതിപക്ഷ മുന്നണിക്ക്‌ നേതൃത്വം കൊടുക്കുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന്‍ തോന്നുന്നത് ദേശീയ രാഷ്ട്രീയത്തെ മൂന്നു ശതമാനം ആളുകള്‍ മാത്രമുള്ള കേരളത്തിന്‍റെ ഇടുങ്ങിയ പശ്ചാത്തലത്തില്‍ വീക്ഷിക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ നിന്നും ഒരു സീറ്റു പോലുമില്ലാതെയാണ് ബി.ജെ.പി. ലോക് സഭയില്‍ ഭൂരിപക്ഷം നേടി അധികാരത്തിലേറിയത്. സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ത്തില്ലെങ്കില്‍ തന്നെയും കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഏറിയാല്‍ ഒന്നോ രണ്ടോ സീറ്റിനപ്പുറം കിട്ടാനുള്ള സാധ്യതയില്ല. ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരുന്നത് തടയാനുള്ള ശ്രമം നടക്കേണ്ടത് കേരളത്തിലല്ല,

സി.പി,എമ്മിന്‍റെ സ്വാധീനം കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങിയിട്ട് കാലം കുറെയായി. ഇതില്‍ ത്രിപുരയിലെ രണ്ട് സീറ്റും അതിനു ഉറപ്പായി കിട്ടുന്നവയാണ്‌. മൂന്നു പതിറ്റാണ്ടുകാലം അടക്കി ഭരിച്ച ബംഗാളിലെ 42 ലോക് സഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് അതിനു കഴിഞ്ഞ തവണ കിട്ടിയത്. ബി.ജെ.പിക്കും കിട്ടി അത്രയും. കോണ്‍ഗ്രസ്സിനാകട്ടെ നാല് സീറ്റ് കിട്ടി. ബാക്കി 34ഉം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ഈ പശ്ചാത്തലത്തിലാണ് ബംഗാള്‍ സി.പി.എം ഘടകം കോണ്‍ഗ്രസുമായി സഖ്യത്തിനായി വാദിക്കുന്നത്. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഏതാണ്ട് തുല്യശക്തികളാണ്. രണ്ട് കക്ഷികളുടെയും സ്ഥായീഭാവം മറ്റേതിനോടുള്ള എതിര്‍പ്പാണ് മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസുകാരനെ നയിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സി.പി.എംകാരനെ നയിക്കുന്നത് കോണ്‍ഗ്രസ് വിരുദ്ധതയുമാണ്. രണ്ട് കക്ഷികളും മറ്റേത് നേടുന്ന സീറ്റ് തങ്ങളുടെ നഷ്ടമായാണ് കാണുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് ഉമ്മന്‍ ചാണ്ടിയോ രമേശ്‌ ചെന്നിത്തലയോ രാഹുല്‍ ഗാന്ധിയുമായി പിണങ്ങി കോണ്‍ഗ്രസിന് പുറത്തു വന്നാല്‍ ആ വിമത വിഭാഗവുമായി കൂട്ടുകൂടാന്‍ സി.പി.എം തയ്യാറാകും. കാരണം അവര്‍ക്ക് കിട്ടുന്ന സീറ്റുകള്‍ ഇടതു മുന്നണിയുടെ കണക്കിലാകും പെടുക.

കേരളത്തിലെ സി.പി.എം നേതൃത്വത്തിന്‍റെ ഒരു പ്രശ്നം ദേശീയ കാഴ്ച്ചപ്പാടില്ലെന്നതാണ്. ഇ.എം.എസ് 1940കളിലും എ.കെ.ജി. 1950കളിലും ദേശീയനേതൃനിരയിലെത്തിയശേഷം ആ തലത്തില്‍ ശ്രദ്ധ നേടാന്‍ കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്‍റെ കാര്യവും ഏറെ വ്യത്യസ്തമല്ല എന്നതാണ് വാസ്തവം. കെ. കരുണാകരനോ എ.കെ.ആന്‍റണിക്കോ ഇന്ദിരാ ഗാന്ധിയുടെയോ സോണിയാ ഗാന്ധിയുടെയോ വിശ്വസ്തനെന്ന നിലയിലല്ലാതെ ദേശീയ രാഷ്ട്രീയത്തില്‍ സ്വന്തമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേരളം എന്ന കൊച്ചു രാജ്യത്തെ വലിയ നേതാവിന്‍റെ പദവിയില്‍ ആത്മസംതൃപ്തി കണ്ടെത്താന്‍ കഴിയുന്ന നേതാക്കന്മാര്‍ക്ക് എന്ത്‌ രാഷ്ട്രം, എന്ത് വെല്ലുവിളി?

Comments
Print Friendly, PDF & Email

You may also like