പൂമുഖം CINEMA പുരുഷാധിപത്യത്തിന്‍റെ തടവറ

പുരുഷാധിപത്യത്തിന്‍റെ തടവറ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അങ്കിത നാരംഗിയുടെ രചനയിൽ പുഷ്കർ മഹാബൽ സംവിധാനം ചെയ്ത് 2019 നവംബറിൽ, സോണി ലൈവ് പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ്, വെൽക്കം ഹോം. ഈ ക്വാറന്റൈന്‍ ദിനങ്ങളിലാണ് സിനിമ കണ്ടത്. പോസ്റ്ററിൽ പറയുന്നത് പോലെ, ഇത് ലോലഹൃദയമുള്ളവർക്കുള്ള സിനിമയല്ല. പ്രേതം പരത്തുന്ന ഭീതിയല്ല യാഥാർത്ഥ്യത്തിന്‍റെ കടുംവർണ്ണങ്ങൾ. ഇന്ത്യൻ അവസ്ഥയിൽ ആൺ മേൽക്കോയ്മയിൽ ഞെരിഞ്ഞമരുന്ന സ്ത്രീത്വം. കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങളുടെ പരമ്പര നമ്മളെ അസ്വസ്ഥരാക്കും .

മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപികമാരാണ് അനൂജയും, നേഹയും ( കശ്മീര ഇറാനി, സ്വർദാ തിങ്ക്ളേ ) ഹൈദ്രബാദിൽ നിന്ന് സ്ഥലം മാറിവന്ന്‍ ഒറ്റയ്ക്ക് താമസിക്കുന്ന അനൂജയെ, സ്ഥിരമായി വിളിക്കുന്നത് കല്യാണം കഴിയ്ക്കാൻ പോകുന്നയാളാണ്, ജോലി ഉപേക്ഷിക്കാന്‍ അയാൾ ആവശ്യപ്പെടുന്നുണ്ട്. അയാളുടെ ആജ്ഞ അനുസരിക്കാൻ അച്ഛനും നിര്‍ബന്ധിക്കുന്നുണ്ട്. നേഹയാണെങ്കിൽ സഹോദരന്‍റെ കടുത്ത നിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥയാണ്.

അനൂജയും, നേഹയും സ്കൂളിൽ നിന്ന് സെൻസസ് ജോലിയുടെ ഭാഗമായി, നഗരത്തിൽ നിന്ന് മാറി കാടിനുള്ളിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലെത്തുന്നു. സ്‌കൂട്ടിയിലാണ് അവരുടെ യാത്ര. ആദ്യ ദിവസം വാതിൽ തുറയ്ക്കുന്നത്, പ്രേരണ എന്ന സ്ത്രീയാണ്. വളരെ വിചിത്രമായ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം, കുട്ടികൾ ഉണ്ടോ എന്ന ചോദ്യത്തിന്, ‘ അവരൊക്കെ ജനിച്ചയുടൻ മരിച്ചു’ എന്ന വിചിത്രമായ മറുപടി അവരെ അത്ഭുതപ്പെടുത്തി. ആദ്യ ദിവസം അവർ മടങ്ങുന്നു. ഒരിക്കൽ കൂടി, അവിടെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കണമെന്ന് അനൂജ, നേഹയോട് പറയുന്നു. അനൂജയുടെ നിർബന്ധത്തിന് വഴങ്ങി, നേഹ കൂടെ ചെല്ലുന്നു.

അവിടെ പ്രേരണയെകൂടാതെ ഘന ശ്യാം എന്നൊരാളും, അയാളുടെ അമ്മയും, ഭോല എന്ന പാചകക്കാരനുമുണ്ട്. അവിടെ നിന്ന് ഇറങ്ങുമ്പോൾ ശക്തമായി മഴ പെയ്യുന്നു. ആ രാത്രി അവിടെ കഴിച്ചു കൂട്ടാൻ അവർ തീരുമാനിക്കുന്നു. ഇടയ്ക്ക് ആരുടെയോ കരയുന്ന ശബ്ദം കേട്ട് ടോർച്ചും താക്കോലുമെടുത്ത് അവർ രക്ഷപ്പെടാൻ പുറത്തിറങ്ങുന്നു. ഇരുട്ടിൽ, കാട്ടിന് നടുവിൽ വന്യ മൃഗങ്ങളെ ഭയന്ന്‍ അവര്‍ തിരികെ വീട്ടിലേക്ക് പോകുന്നു. രാവിലെ പെട്ടെന്നിറങ്ങുന്നു. പക്ഷെ അവിടത്തെ സ്ത്രീ, ഘന ശ്യാമിനോട് അവർ രാത്രി പുറത്തിറങ്ങിയ കാര്യം പറഞ്ഞു. സ്‌കൂട്ടിയിൽ അവർ പോകാൻ ശ്രമിച്ചെങ്കിലും ഘന ശ്യാമും ഭോലയും കൂടി അവരെ ഒരു മുറിക്കുള്ളിൽ ആക്കുന്നു. ഭോല എന്ന കഥാപാത്രം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിചിത്രസ്വഭാവിയായ ഒന്നാണ്.

പിന്നീട് അരങ്ങേറുന്ന സംഭവങ്ങൾ ഏറെ ക്രൂരത നിറഞ്ഞതാണ് . ഘന ശ്യാം പ്രേരണ പ്രസവിക്കുന്ന പെൺകുട്ടികളെയെല്ലാം കൊല്ലുകയാണ് . ആൺകുട്ടിക്കുള്ള കാത്തിരിപ്പാണ് .

നീണ്ട പോരാട്ടത്തിനൊടുവിൽ അവിടെ നിന്ന് രക്ഷപ്പെടുന്ന അനൂജയെയും , നേഹയെയും സിനിമയുടെ ക്ലൈമാക്സിൽ നമുക്ക് കാണാം.

ഇരുട്ടിലെ കാഴ്ചകളാണ് കൂടുതൽ. യഥാർത്ഥ സംഭവവുമായി ബന്ധമുള്ള കഥകൂടിയാണിത്. കഥാപാത്രങ്ങളുടെ സ്വഭാവ സങ്കീർണ്ണത കാണിക്കുന്ന രംഗങ്ങൾ നമ്മളിൽ അറപ്പും വെറുപ്പുമുണ്ടാക്കും. നീണ്ട വയലൻസ് രംഗങ്ങൾ.

എങ്കിലും ധീരമായ, നവ്യമായ, സത്യസന്ധമായ ഒരു സിനിമ അനുഭവം

സമീപ കാല ബോളിവുഡ് ചിത്രങ്ങൾ പ്രമേയത്തിന്‍റെ തിരഞ്ഞെടുപ്പിൽ വ്യത്യസ്തത പുലർത്തുന്നത് ശുഭ സൂചകമാണ് . പാട്രിയാർക്കിയിൽ കുരുങ്ങിയ മുൻകാല ചിത്രങ്ങളിൽ നിന്ന് വേറിട്ടതാണ് ഥപ്പഡ് , സെക്ഷൻ 375. ഏക് അകെലി രാത് തുടങ്ങിയവ . അത് കൊണ്ട് തന്നെ സമാന്തര സിനിമകളിലും , unholy ആയ വിഷയങ്ങൾ വച്ചുകെട്ടലുകൾ ഇല്ലാതെ അവതരിപ്പിക്കുന്നുണ്ട് . സദാചാര ബോധത്തിന്‍റെ ഭാരമില്ലാത്ത സിനിമകൾ നല്ലൊരു തുടക്കമാണ് , കഥ പറയുന്ന രീതിയിലും മറ്റ്‌ സാങ്കേതിക ഘടകങ്ങളിലും . ഓ ടി പി പ്ലാറ്റ് ഫോം വഴി അതിനുള്ള നല്ലൊരു അവസരം കോവിഡ് കാലം നൽകി .

Comments
Print Friendly, PDF & Email

You may also like