പൂമുഖം CINEMA മലയാള സിനിമയുടെ ‘കണ്ണും കരളു’മായി മാറിയ പ്രതിഭ

മലയാള സിനിമയുടെ ‘കണ്ണും കരളു’മായി മാറിയ പ്രതിഭ


സാഹിത്യ സൃഷ്ടികൾക്ക് ഏറ്റവും മികച്ച ദൃശ്യഭാഷ്യം സമ്മാനിച്ച സംവിധായകൻ.. ഭാഷാപരമായ അതിർത്തികളെയെല്ലാം മറി കടന്ന് കൊണ്ട് ആറോളം ഭാഷാ സിനിമകളിൽ സംവിധാനമികവ് അറിയിച്ച അതുല്യ പ്രതിഭ..വിട വാങ്ങിയത് മലയാള സിനിമയുടെ മറ്റൊരു ഇതിഹാസം കൂടിയാണ്.

കമൽ ഹാസനും മമ്മുട്ടിയും സുരേഷ് ഗോപിയുമടക്കമുള്ള താരങ്ങൾ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചത് കെ. എസ് സേതുമാധവൻ സിനിമകളിലൂടെയായിരുന്നു..

1962ൽ കെ.എസ് സേതുമാധവന്റെ ‘കണ്ണും കരളും’ സിനിമയിൽ സത്യൻ മാഷിന്റെ മകനായിട്ടായിരുന്നു കമൽ ഹാസൻ മലയാള സിനിമയിലേക്ക് വന്നത്. ഇതേ കമൽ ഹാസനെ 1974 ൽ ‘കന്യാകുമാരി’ യിൽ മലയാള സിനിമയിൽ ആദ്യമായി നായകനാക്കി കൊണ്ട് വന്നതും അദ്ദേഹം തന്നെ..

സിനിമയിലെ തിരക്കുകളിൽ നിന്ന് പതിയെ മാറി നിൽക്കാൻ തുടങ്ങിയിരുന്ന ഒരു കാലത്താണ് തന്റെ സിനിമാ ഗുരുവായ കെ.എസ് സേതുമാധവന് വേണ്ടി കമൽ ഹാസൻ ഒരു സ്ക്രിപ്റ്റ് എഴുതി നൽകുന്നത് . അതാണ് 1994 ൽ സേതുമാധവന്റെ സംവിധാനത്തിൽ കമൽ തന്നെ നായകനായി വന്ന ‘നമ്മവർ’.

സുരേഷ് ഗോപിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായിരുന്ന കെ.എസ് സേതുമാധവനാണ് അന്നത്തെ കുട്ടി സുരേഷ് ഗോപിയെ ‘ഓടയിൽ നിന്ന് ‘ സിനിമയിലൂടെ ആദ്യമായി പരിചയപ്പെടുത്തിയത് . സമാനമായി തന്നെ മമ്മൂട്ടിയുടെ മുഖം ആദ്യമായി മിന്നിമറഞ്ഞതും അദ്ദേഹത്തിന്റെ സിനിമയിലൂടെയായിരുന്നു – ‘അനുഭവങ്ങൾ പാളിച്ചകൾ’

മഹാനടൻ സത്യൻ മാഷിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എടുത്തു നോക്കിയാൽ അതെല്ലാം കെ. എസ് സേതുമാധവൻ സിനിമകളിലൂടെയാണ് കിട്ടിയത് എന്ന് പറയാനാകും. ‘ഓടയിൽ നിന്ന്, വാഴ്വേമായം, അരനാഴിക നേരം, യക്ഷി, കൂട്ടുകുടുംബം, പുനർജ്ജന്മം, അനുഭവങ്ങൾ പാളിച്ചകൾ, കടൽപ്പാലം, കരകാണാക്കടൽ, അടിമകൾ അങ്ങിനെ പറഞ്ഞു പോകാൻ എത്രയെത്ര മികച്ച സിനിമകൾ.

മറ്റൊരു തരത്തിൽ പറഞ്ഞാൽ സത്യൻ മാഷിന്റെ ആദ്യ കാല സിനിമകളിലെ നാടകീയ പ്രകടനങ്ങളെയെല്ലാം സേതുമാധവനാണ് തന്റെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മാറ്റിയെടുത്തത് എന്ന് പറയാം.

ഷൂട്ടിംഗ് സെറ്റുകളിൽ വന്നിരുന്നു നീളമുള്ള ഡയലോഗുകൾ മനഃപാഠമാക്കി കഥാപാത്രത്തെ അഭിനയിച്ചു കാണിക്കുന്ന നടീനടന്മാരെ അന്നത്തെ ശൈലിയിൽ നിന്ന് മാറി ഓരോ സീനിലുമുള്ള കഥാപാത്രത്തിന്റെ മാനസിക സാഹചര്യത്തെ വിവരിച്ചു കൊടുത്ത ശേഷം അഭിനയിക്കാൻ ശീലിപ്പിച്ചത് സേതുമാധവനാണ്.

പപ്പുവും സുധിയും അപ്പുക്കുട്ടനും ചെല്ലപ്പനും പ്രൊഫസർ ശ്രീനിയുമടക്കുള്ള കഥാപാത്രങ്ങളായി പകർന്നാടുമ്പോൾ സത്യൻ മാഷിന്റെ ഓരോ മൂളലുകൾക്ക് പോലും ഒരുപാട് അനുഭവപ്പെടുത്തലുകളുണ്ടായതിന് പിന്നിൽ കെ.എസ് സേതുമാധവൻ എന്ന സംവിധായകന്റെ കൃത്യമായ ഇടപെടലുകളായിരുന്നു. സത്യൻ മാഷും, പ്രേം നസീറും, സാക്ഷാൽ എം.ജി ആറും ശിവാജി ഗണേശനുമടക്കമുള്ള താരങ്ങൾ തങ്ങളേക്കാൾ ചെറുപ്പമായ സേതുമാധവനെ ബഹുമാനത്തോടെ സാർ എന്ന് വിളിച്ചിരുന്നത് വെറുതെയായിരുന്നില്ല.

മരം ചുറ്റി പ്രണയങ്ങളും ഗാന രംഗങ്ങളുമൊന്നുമില്ലാതെയും സിനിമ വിജയിപ്പിക്കാൻ സാധിക്കും എന്ന് തന്റെ ആദ്യ സിനിമകളിലൂടെ തന്നെ അദ്ദേഹം തെളിയിച്ചു. തന്റെ രണ്ടാമത്തെ സിനിമയായ ‘കണ്ണും കരളും’ തൊട്ട് സത്യൻ മാഷിന്റെ അവസാന കാല സിനിമകളൊക്കെയും തന്നെ കെ.എസ് സേതുമാധവനായിരുന്നു സംവിധാനം. ഒരു നടനും സംവിധായകനും എന്ന നിലക്ക് തുടങ്ങിയ സത്യൻ-സേതുമാധവൻ ബന്ധം പിന്നീട് വല്ലാത്തൊരു ആത്‌മബന്ധത്തിലേക്ക് എത്തിയതായി ഒരിക്കൽ ഒരു അഭിമുഖത്തിൽ സേതുമാധവൻ പറഞ്ഞിരുന്നു.

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നാടകീയതകളെയും അതിവൈകാരികതകളെയും ആദ്യമായി പൊളിച്ചെഴുതിയ സംവിധായകൻ എന്ന നിലക്കും കെ. എസ് സേതുമാധവൻ ശ്രദ്ധേയനാണ്. റിയലിസ്റ്റിക്കും ക്ലാസ്സിക്കുമായ സിനിമകൾക്കും കഥാപാത്ര പ്രകടനങ്ങൾക്കുമൊക്കെ പഞ്ഞ മുണ്ടായിരുന്ന കാലത്ത് മലയാള സിനിമാ ലോകത്ത് മാറ്റങ്ങളും വഴിത്തിരുവുകളും ഉണ്ടാക്കാൻ കെ. എസ് സേതുമാധവന് സാധിച്ചു.

സാഹിത്യ സൃഷ്ടികളെ അതിന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ എങ്ങിനെ സിനിമയാക്കാം എന്ന് കണ്ടു പഠിക്കാൻ ഉപകരിക്കുന്നതാണ് മിക്ക സേതുമാധവൻ സിനിമകളും. പി. കേശവദേവിന്റെയും തകഴിയുടെയും ഉറൂബിന്റെയും തോപ്പിൽ ഭാസിയുടെയും എം. ടിയുടെയും മലയാറ്റൂരിന്റെയുമടക്കമുള്ള പ്രശസ്തരുടെ സാഹിത്യ സൃഷ്ടികളെ സിനിമയാക്കുമ്പോഴുള്ള വെല്ലുവിളികളെ ഏറ്റവും ക്രിയാത്മകമായി നേരിടാനും അത് വഴി സാഹിത്യ സൃഷ്ടികളുടെ കലാമേന്മ തന്റെ സിനിമകളിലൂടെ വർദ്ധിപ്പിക്കാനും സേതുമാധവനു സാധിച്ചിരുന്നു.

എം.ഒ ജോസഫ് അഥവാ മഞ്ഞിലാസ് ജോസഫെന്ന നിർമ്മാതാവിനോട് ചേർന്നുള്ള കെ.എസ് സേതുമാധവൻ സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. മഞ്ഞിലാസ് – സേതുമാധവൻ കോമ്പോയിൽ ഏതാണ്ട് പതിനഞ്ചോളം സിനിമകൾ വന്നു. വയലാർ-ദേവരാജൻ വരികളും സംഗീതവും സേതുമാധവൻ സിനിമകളിലെ പാട്ടുകൾക്ക് നൽകിയ ഭംഗി ചെറുതായിരുന്നില്ല.

പുണ്യപുരാണ സിനിമകൾ മലയാള സിനിമയിൽ സജീവമായി നിറഞ്ഞു നിന്നിരുന്ന കാലത്ത് ക്ലാസ്സിക് സിനിമകൾ നിർമ്മിക്കാനും നാടകീയതയിലൂന്നിയ മലയാളി പ്രേക്ഷകരുടെ ആസ്വാദന തലത്തെ യാഥാർഥ്യ ബോധത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരാനും മഞ്ഞിലാസ് സിനിമകൾ സഹായിച്ചു.

പരീക്ഷണപരം എന്നതിനപ്പുറം വിപ്ലവകരമായ സിനിമാ നിലപാടുകളിലൂടെയാണ് കെ.എസ് സേതുമാധവൻ മലയാള സിനിമയിൽ വേറിട്ട് നിൽക്കുന്നത്. പരുക്കൻ കഥാപാത്രങ്ങളെ സത്യൻ മാഷിന് സമ്മാനിച്ചു കൊണ്ട് അദ്ദേഹത്തിലെ മികച്ച നടനെ മിനുക്കി എടുത്ത അതേ ലാഘവത്തോടെ അത് വരെ കോമഡി മാത്രം കൈകാര്യം ചെയ്തിരുന്ന അടൂർ ഭാസി- ബഹദൂർമാർക്ക് സ്വഭാവ നടന്മാരുടെ വേഷങ്ങൾ നൽകി. എന്തിനേറെ ഒട്ടേറെ എതിർപ്പുകളെ തരണം ചെയ്തു കൊണ്ടാണ് അഴകുള്ള സലീനയിൽ പ്രേം നസീറിനെ വില്ലനാക്കിയത് എന്ന് അദ്ദേഹം പറയുന്നുണ്ട്.

1960 ൽ സിംഹള ഭാഷാ സിനിമയിൽ തുടങ്ങി മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി സിനിമകളിലായി മൂന്നു പതിറ്റാണ്ടുകളിലായി 65 ഓളം സിനിമകൾ..മലയാള സിനിമയിൽ മാത്രമായി ഒതുങ്ങിക്കൂടാതെ ഇന്ത്യ മുഴുവൻ അറിയപ്പെട്ട ഒരു മലയാളി സംവിധായകൻ ആ കാലത്ത് വേറെയുണ്ടായിരുന്നോ എന്ന് സംശയമാണ്.

സിനിമയിലും ജീവിതത്തിലും തികഞ്ഞ ആദർശ ശുദ്ധിയോടെയും അച്ചടക്കത്തോടെയും പെരുമാറിയിരുന്ന കെ.എസ് സേതുമാധവനെ പോലെയുള്ള വ്യക്തിത്വങ്ങൾ വിരളമായിരുന്നു. സിനിമാക്കാരും കലാകാരന്മാരും മോശക്കാരാണെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയായി രേഖപ്പെടുത്താവുന്ന കലാ വ്യക്തിത്വം എന്ന് തന്നെ പറയാം .


സംസ്ഥാന സർക്കാർ അവാർഡുകളും ദേശീയ പുരസ്‌ക്കാരങ്ങളുമൊക്കെ നൽകി അദ്ദേഹം പലകുറി ആദരിക്കപ്പെട്ടെങ്കിലും തന്റെ കർമ്മമേഖലയിൽ അത്രയേറെ കർമ്മനിരതനായിരുന്ന അദ്ദേഹത്തെ പോലൊരാളെ തേടി നാളിത് വരെയും എന്ത് കൊണ്ട് ഒരു പത്മശ്രീ കടന്നു വന്നില്ല എന്നത് ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like