Travel യാത്ര

സ്പിതി സ്മൃതികൾ – ഉയരങ്ങളുടെ നിശബ്ദതഹിമാലയ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ എന്നും വ്യത്യസ്തമായ അനുഭവമായിരുന്നു. ബദരീനാഥിനടുത്ത് വസുധാരയിലേക്കും സ്വർഗ്ഗാരോഹിണിയിലേക്കുമുള്ള വഴിത്താരയിൽ “ഇന്ത്യയുടെ അവസാനത്തെ ഗ്രാമം” എന്ന ബോർഡ് കണ്ടു. ഇന്തോ- ടിബത്തൻ അതിർത്തിയിലെ മാന എന്ന ആ ഹിമാലയ ഗ്രാമത്തിലെ അവസാനത്തെ ചായക്കടയിൽ നിന്ന് ആത്മനിർവൃതിയോടെ കുടിച്ച ചുടു ചായയുടെ രുചി മനസ്സിന്റെ രസമുകുളങ്ങളിലുണ്ട്. മാന ഗ്രാവും അവരുടെ ജീവിതവും അത്ഭുതമായിരുന്നു. അതിശൈത്യത്തിന്റെ മഞ്ഞുറയുന്ന വേളകളിൽ ആറു മാസത്തോളം അവർ ഗോപേശ്വറിലേക്ക് അഭയാർത്ഥികളായി ചേക്കേറുമ്പോഴും അവരുടെ മനസ്സ് മാനയിൽ തന്നെ തുടിച്ചു. അതിനു ശേഷം എത്രയോ ഹിമാലയ ഗ്രാമങ്ങളിലൂടെ കടന്നു പോയിരിക്കുന്നു. പഞ്ചകേദാരയാത്രയിലും ആദി കൈലാസയാത്രയിലുമൊക്കെ അത്തരം ഗ്രാമങ്ങളിലന്തിയുറങ്ങിയിരിക്കുന്നു. സെൻ ബുദ്ധിസ്റ്റിന്റെ ജീവിതാവബോധത്തോടെ ഹിമ പ്രകൃതിയെ, അതിന്റെ മമതയെ, അതിന്റെ രോഷത്തെ, അതിന്റെ ആയിരം ഭാവഭേദങ്ങളെ ആത്മസിദ്ധമാക്കി നാഴികമണികളുടെ സമയവേഗങ്ങളിൽ പരിഭ്രാന്തിയേതുമില്ലാതെ, പതുക്കെ, സംതൃപ്തിയോടെ ചിരിച്ച് നടന്നകലുന്ന ഓരോ ഗ്രാമീണനും ഹിമപ്രകൃതി തന്നെയാണ്. അവരുടെ ഔദാര്യം നിറഞ്ഞ മനസ്സ് ഹിമഗിരി നിരകളോളം വലുതാണ്. സൂര്യതാപമേറ്റ് ചുവന്ന് തുടുത്ത്, വേപഥുക്കളുടെ ആഴങ്ങൾ തീർക്കുന്ന ചുളിവുകളുള്ള മുഖവുമായി പ്രസന്നമായ ഹൃദയം കൊണ്ട് അവർ വിളമ്പുന്ന ചൗമീൻ ഹിമഗിരിശൃംഗങ്ങളുടെയാകെ രുചിക്കൂട്ടുകൾ ചേർത്തതാണ്.
ഇവിടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ ഗ്രാമമെന്ന് ഖ്യാതിയുള്ള കോമിക് ഗ്രാമത്തിലിരിക്കുമ്പോൾ ഒർമകളുടെ ചിത്രശാലകൾ തെളിയുന്നു. ഈ ഗ്രാമങ്ങളാകെ അതീന്ദ്രിയമായ നിശബ്ദതയിൽ മുഴുകിയിരിക്കുന്നു. ആ നിശബ്ദതക്ക് ഭംഗം വരാതെ ഓരോ ഗ്രാമവാസിയും ചലിക്കുന്നു. നൂറ്റമ്പതോളം ആളുകൾ മാത്രമധിവസിക്കുന്ന ഈ കൊച്ചുഗ്രാമവും വ്യത്യസ്തമല്ല. എത്രയോ വർഷങ്ങളുടെ പഴമയുടെ മുദ്രകൾ. നാലായിരത്തി അറുന്നൂറോളം മീറ്ററുകളുയരത്തിൽ കാസയിൽ നിന്ന് പതിനെട്ട് കിലോമീറ്ററോളം മൺ റോഡിലൂടെ ഹെയർ പിൻ വളവുകൾ താണ്ടിയെത്തുന്ന ലോകത്തിന്റെ നിറുകയിലെ പുരാതനമായ ബുദ്ധാശ്രമം. കോമിക് അഥവാ താങ്ഗ്യുഡ് മൊണാസ്റ്ററി. സ്പിതി താഴ്വരയിൽ നിലനിൽക്കുന്ന അപൂർവ്വം ശാക്യമുനി ബുദ്ധാശ്രമങ്ങളിലൊന്നാണ് താങ്ഗ്യുഡ് മൊണാസ്റ്ററി. തിബത്തൻ ബുദ്ധിസത്തിലെ വജ്രായന വഴികളിലെ വളരെ പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ശാക്യപാ വിഭാഗം. നിങ്മ, ജെലൂഗ്, കഗ്യൂ തുടങ്ങിയവ വജ്രായന വിഭാഗങ്ങളും തിബത്തൻ ബുദ്ധിസത്തിന്റെ പതാകാ വാഹകരാണ്. മംഗോളിയൻ ചക്രവർത്തിയായിരുന്ന കുബ്ലാഖാന്റെ കാലഘട്ടത്തിൽ തിബത്തിന്റെ ആത്മീയ നേതാവും ഭരണ നിയന്ത്രിതാവും ശാക്യ വിഭാഗം തലവനായിരുന്ന ചൊഗ്യാൽ ഫാഗ്പയായിരുന്നു. തിബത്തിനെ ഒരുമിപ്പിക്കുന്നതിലും ബുദ്ധിസം വളർത്തുന്നതിലും ചൊഗ്യാൽ ഫാഗ്പ അസാമാന്യ പാടവം പ്രകടിപ്പിച്ചു എന്ന് ചരിത്രം വിലയിരുത്തുന്നു. മംഗോളിയൻ രാജധാനിയിൽ കുബ്ലാഖാനൊപ്പമോ ആത്മീയ ഗുരുവെന്നനിലയിൽ മുകളിലോ സ്ഥാനം നൽകി ആദരിച്ചിരുന്നു, ആ ശാക്യമുനിലാമയെ. തിബത്തിന്റെ സ്വതന്ത്ര അസ്തിത്വത്തിനുള്ള ചരിത്രത്തിലെ സുപ്രധാനമായ തെളിവുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ശാക്യധാരയിലെ ഇപ്പോഴത്തെ നാൽപത്തി രണ്ടാം ശാക്യ ട്രിജിൻ ( Sakya Trizin) ഡഹ്റാഡൂണിനടുത്തുള്ള രാജ്പൂർ ആസ്ഥാനമായി പ്രവാസ ഭരണം നടത്തുന്നു. മക് ലോയിഡ് ഗഞ്ച് പ്രവാസ തലസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ജെലൂഗ് വിഭാഗത്തിലെ പതിനാലാം ദലൈ ലാമയെപ്പോലെ.

komic 3
ചെറിയ സമതലങ്ങൾ ബാർലി വയലുകളായി മാറിയിരിക്കുന്നു. ചിലയിടങ്ങളിൽ കാണുന്ന മഞ്ഞപ്പൂക്കൾ കടുകുപാടങ്ങളാണോ? ചെറിയ തടങ്ങളിലെ വലിയ പ്രതീക്ഷകളാണത്. കയ്യെത്തുമുയരത്തിലെ വെൺമേഘങ്ങൾക്കും നീലാകാശത്തിനും തവിട്ടു നിറത്തിലുള്ള തരിശുമലകൾക്കുമിടയിൽ ചെറിയ ചതുരങ്ങളിലെ ഹരിതാഭകൾ. കാഴ്ചയുടെ അമൂർത്തമായ ഫ്രയിമുകൾ. ആറു മാസം മാത്രം ആയുസ്സുള്ള പുൽച്ചെടികളിലെ കുഞ്ഞു പൂക്കളിൽ പേരറിയാത്ത ചിത്രശലഭം. ചുറ്റും മഹാ മൗനത്തിന്റെ കൊടുമുടികൾ. കടുംകുങ്കുമനിറത്തിലുള്ള മേലങ്കിയണിഞ്ഞ് ബുദ്ധാശ്രമത്തിലെ ലാമ പുറത്തിറങ്ങി വന്നു.
തിബത്തൻ ബുദ്ധിസത്തിലെ താന്ത്രിക രീതികളഭ്യസിക്കുന്ന ലാമാവര്യർക്ക് യോഗയിലൂടെ, ധ്യാന പ്രയോഗങ്ങളിലൂടെ അവിശ്വസനീയമായ അത്ഭുതങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സിദ്ധികൾ കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരം അത്ഭുതസിദ്ധികൾ നേടിയ ആകാശത്ത് പറക്കുന്ന ലാമമാരുടെ കഥകൾ, സൂര്യകിരണങ്ങളിൽ മേലങ്കികൾ അയയിലെന്നപോലെ തൂക്കിയിടുന്നവർ, സ്വയം അപ്രത്യക്ഷരായി തിരിച്ചെത്തുന്നവർ തുടങ്ങി നിരവധി നിറം പിടിച്ച വിശ്വാസങ്ങളും സങ്കല്പങ്ങളും മിത്തുകളും കൂടി ചേർന്ന് രൂപം കൊണ്ടതാണ് ഓരോ ബുദ്ധാശ്രമത്തിന്റെയും ഉൾച്ചുമരുകൾ.കോമിക് മൊണാസ്ട്രിയുടെയും ചരിത്രം മറ്റൊന്നല്ല. ഏതോ പൗരാണിക വരൾച്ചയിൽ, ഗ്രാമ വറുതിയിൽ ബുദ്ധാശ്രമം തൊട്ടടുത്ത ഗ്രാമമായ ഹിക്കിമിലേക്ക് മാറ്റി പുനർനിർമ്മിക്കുവാൻ പുരോഹിതരും ഗ്രാമവാസികളും തീരുമാനമെടുത്തു. മുഴവൻ തങ്കപെയിന്റിംഗുകളും അനേകം ബുദ്ധദേവീദേവൻമാരുടെ വിഗ്രഹങ്ങളും ശില്‌പങ്ങളും ഹിക്കിമിലേക്ക് കൊണ്ടുപോയി എങ്കിലും താന്ത്രിക വിദ്യാ മുറിയിലെ മഹാകാല വിഗ്രഹം അവർക്കെടുക്കാനായില്ല. മഹാകാലവിഗ്രഹം കോമികിൽ തുടർന്നു. വർഷങ്ങളേറെക്കഴിയുന്നതിനു മുൻപേ, ഹിക്കിമിലും കോമിക്കിലും കനത്ത ഭൂകമ്പങ്ങളുണ്ടായി. വീടുകളോടൊപ്പം ഹിക്കിമിലെ ബുദ്ധാശ്രമവും തകർന്നു. ഗ്രാമീണർ മഹാകാലപ്രഭയുടെ അഭീഷ്ടം തിരിച്ചറിഞ്ഞു. മഹാകാല ക്ഷേത്രത്തിനടുത്തായി പുതിയ കോവിലുയർന്നു. ചാന്ദ്ര ശോഭ മറയാത്ത പ്രഭാതങ്ങളിലും ചുവന്ന് തുടുത്ത സൂര്യതേജസ്സിൻ സായന്തനങ്ങളിലും പെരുമ്പറകളുടെ സജീവ സാന്ദ്രതയിൽ മന്ത്രജപാർച്ചനകൾ. പ്രാർത്ഥനാ സൂക്തങ്ങൾ. ചുറ്റും മൺചുമർ കെട്ടി സംരക്ഷിച്ചിട്ടുള്ള ആശ്രമത്തിൽ, പ്രാർത്ഥനാവേളകളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് എഴുതി വെയ്കപ്പെട്ടിരിക്കുന്നു. ബുദ്ധിസത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് സജീവ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് താരാ ദേവിയുടെ തങ്ഗ ചിത്രത്തിനു മുന്നിലായി ചാർത്തിയ അറിയിപ്പ് കൗതുകമുണർത്തി.
തൊട്ടടുത്ത കുന്നിൻ മുകളിലായി കാറ്റലകളിൽ പ്രാർത്ഥനാ പതാകകൾ. വിവിധ വർണ്ണക്കൂട്ടുകളിൽ മന്ത്ര മുദ്രണങ്ങൾ ചെയ്ത കൊടിതോരണങ്ങൾ. ഓം മണി പത്മേ ഹും. കാറ്റിൽ സ്ഥൂല സൂഷ്മാകാശങ്ങളിലാകെ അലയടിച്ചെത്തി സർവ്വ ചരാചരങ്ങളെയും തഴുകിയൊഴുകുന്ന മന്ത്രം.കടും വർണ്ണങ്ങളിൽ ചായമടിച്ച മൺ ഭിത്തികൾ. ഇടതും വലതും ലാമമാരുടെ വിശ്രമഗേഹങ്ങൾ. നടുക്ക് ബുദ്ധാശ്രമം. കാലഗരുഡന്റെ മുഖമാലേഖനം ചെയ്ത മുൻവാതിൽ. അകത്ത് സ്റ്റഫ് ചെയ്ത് തൂക്കിയിടപ്പെട്ട മഞ്ഞു പുലി. പിന്നെ, മഹാകാല ക്ഷേത്രം. അനവധി താന്ത്രിക രൂപങ്ങൾ. ഭയം ജനിപ്പിക്കുന്ന മുഖം മൂടികൾ.

 

komic 1
ബുദ്ധ ശില്പറത്തിന്റെ മുഖത്ത് നിഗൂഢമായ മന്ദസ്മിതം. പാതി കൂമ്പിയ മിഴികളിലെ പ്രകാശധാര. മൗനം കട്ടപിടിച്ച ധ്യാന മുറിയിൽ ബോധാബോധങ്ങൾക്കപ്പുറത്തുള്ള സാന്ദ്ര പ്രകൃതിലയം. ക്ഷണികമായ സംസാരസാഗരത്തിൽ നിന്നുള്ള മോചനം. മഹാ സ്വത്വമൊന്നാകെയുള്ള നിര്വാാണത്തിന്റെ അനന്തശാന്തത. ബോധി സത്വമനസ്സ്. സർവ്വ പ്രപഞ്ചസൃഷ്ടികളൊന്നാകെ, കുഞ്ഞു പുൽക്കൊടികളും നിസ്സാര പ്രാണികളുമെല്ലാം ചേർന്ന പ്രപഞ്ച മനസ്സിന്റെ പരമ ശാന്തിയിൽ അഹം ഭാവബോധത്തിന്റെ പൂർണ നിരാസം.ശിലാ മൗനങ്ങളിൽ നിന്നുള്ള തണുത്ത കാറ്റ്.
ആയിരക്കണക്കിന് വർഷങ്ങളിലൂടെ പ്രകൃതി പ്രഹേളികകൾ ഒരുക്കിയെടുത്ത ശില രൂപങ്ങൾ. ഓരോ കാറ്റിരമ്പലും മായ്ച്ചു കളയുന്ന കാഴ്‌ചകൾ. ശ്‌ളഥ ചിത്രങ്ങള്‍. ഓരോ ശിലാകൂടങ്ങളും കാലത്തിന്റെ മൗനത്തിൽ നിന്നും, വാക്കുകളന്യമായ പരമപ്രശാന്തിയിൽ നിർവാണം തേടുന്നു. ധ്യാനത്തിന്റെ അതീന്ദ്രിയതലങ്ങളിൽ മനസ്സും ശരീരവും സുഷിരസാന്ദ്രമാവുന്നു. പ്രകൃതിയിൽ ലയിക്കുന്നു. പ്രപഞ്ച നയനങ്ങളിലൂടെ കാണുന്നു. പ്രപഞ്ച സ്വരം മാത്രം കേൾക്കുന്നു. ബോധി സ്വത്വത്തിലൂടെ ലോകത്തെ അറിയുന്നു.സർവ്വവും മഹാപ്രപഞ്ച ബോധത്തിന്റെ മന്ത്രജപം.ഇരുണ്ട മുറിയിൽ കാലം നിശ്ചലമായി, നിശബ്ദമായി മഹാകാലരൂപത്തിലുറയുന്നു. .താന്ത്രിക വിദ്യകൾ മനസ്സിലാക്കിയ ലാമമാരുടെ ചുണ്ടിൽ ഗൂഢ മന്ദസ്മിതം. തിബത്തൻ ബുക്ക് ഓഫ് ദ ഡെഡ് (Tibetan Book of the Dead) എന്ന പ്രശസ്ത ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു.” യോഗസിദ്ധിയിലധിഷ്ഠിതമായ കർമ ശക്തികൊണ്ട് മഹാമേരു പർവ്വതത്തിനു ചുറ്റുമുള്ള നാലു വൻകരകളിലും നിങ്ങൾക്ക് സഞ്ചരിക്കാം. അല്ലെങ്കിൽ, മനസ്സിലാഗ്രഹിക്കുന്ന ഏത് സ്ഥലത്തും നിങ്ങൾക്ക് ചെന്നെത്താം. ഒരു മനുഷ്യൻ അവന്റെ കൈ മുഷ്ടികൾ ചുരുട്ടുകയോ നീട്ടുകയോ ചെയ്യുന്നതിനിടയിലുള്ള സമയമാത്രകളിൽ നിങ്ങൾക്കവിടെയെത്താം. പക്ഷേ, ഈ മഹാമായിക ശക്തിയെ നിങ്ങളൊരിക്കലും അഭിലഷിക്കരുത്. ആ സിദ്ധി ഒരിക്കലും പുറത്തെടുക്കരുത്. അത് പ്രകൃതിയുടെ മന:ശക്തിക്കെതിരാണ്. ആത്മീയ വികാസത്തിന്റെ അത്യുന്നതങ്ങളിലെത്തുമ്പോൾ മാത്രം അത്ഭുത സിദ്ധികളുടെ വിസ്മയ ലോകത്തിലേക്ക് പ്രവേശിക്കുക “.

 

????????????????????????????????????
തിബത്തൻ ഭാഷയിലെ കോമിക് പദത്തിന്റെ മൊഴിമാറ്റം “മഞ്ഞു കോഴിയുടെ കണ്ണ് ” എന്നാണത്രേ. മഞ്ഞുപുലിയെ കൂടാതെ തിബത്തൻ റെഡ് ഫോക്സ്, ഐബക്സ്, ബ്ലൂ ഷീപ്പ് തുടങ്ങിയ വന്യമൃഗങ്ങളും കിബ്ബർ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ഇവിടെയുണ്ട്.ഉയരങ്ങളിൽ പ്രാണവായു കുറവാണ്. നടന്നുനീങ്ങുമ്പോൾ കിതപ്പേറുന്നു. എങ്കിലും, ഈ പ്രശാന്തി മായികാനുഭവമാണ്. ലാംഗ്സ പോലെ തെത്തിയൻ മഹാസമുദ്രത്തിന്റെ സ്മൃതികളിലാണ് ഈ ഗ്രാമവും. ഓരോ ചെറിയ കുന്നിൻ ചരിവുകളിലും ചരിത്രാതീത കാലാവ ശിഷ്ടങ്ങൾ. ഫോസിൽ ശേഖരങ്ങൾ. ആരും തിരയുന്നതായോ വിൽക്കുന്നതായോ കണ്ടില്ല. തെത്തിയൻ കടലാഴങ്ങളുടെ ജലമർമ്മരങ്ങൾ ഓർമകളിലൊളിപ്പിച്ച ആ നിധിശേഖരങ്ങൾ സംരക്ഷിക്കപ്പെടട്ടെ. തൊട്ടടുത്ത് ലാംഗ്സയിലെ ചെറുപ്പക്കാർ നടത്തുന്ന Spiti Organic Kitchen എന്ന ചെറിയ ചായക്കടയിൽ നിന്ന് ഇഷ്ടമുള്ള ചായ കുടിക്കാം. വീശുന്ന തണുത്ത കാറ്റിലിരുന്നും പൊള്ളുന്ന വെയിൽ നാളങ്ങളറിഞ്ഞും ഹിമഗിരികളുടെ നിശ്ചലമൗനത്തിൽ സ്വയം തേടാം.

Print Friendly, PDF & Email