പൂമുഖം LITERATUREലേഖനം ഉജ്വലം ശതവത്സര ജീവിതം

ഉജ്വലം ശതവത്സര ജീവിതം

ക്ലേശങ്ങളുടെ മൂശയിൽ ഉരുകി ജ്വലിച്ച് ഉജ്വലമായ വിപ്ലവ ജീവിത പ്പാതയിൽ ഈ കേരളത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ വി.എസിൻ്റെ രണ്ടു ജീവചരിത്രങ്ങൾ.

പി. ജയനാഥ്‌ എഴുതിയ “വി എസ് ന്റെ ആത്മരേഖയും ” കെ. വി സുധാകരൻ എഴുതിയ ഒരു സമര നൂറ്റാണ്ടും”

ജീവിതം തിരിച്ചറിയും മുമ്പ് നഷ്ടപ്പെട്ട മാതൃവാത്സല്യത്തണൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നഷ്ടപ്പെട്ട പിതൃവാത്സല്യവും കൈത്താങ്ങും.ഏഴാം ക്ലാസ്സിൽ പഠനം അവസാനിച്ചു.തുന്നൽക്കാരനായി, കയർ തൊഴിലാളിയായി പണിയെടുത്ത് വളർന്ന ജീവിതം.പിന്നെ തൊഴിലാളിവർഗസാരഥിയായി സഖാവ് പി കൃഷ്ണപിള്ള പകർന്ന ഊർജത്തിൽ വളർന്നു ഇതിഹാസങ്ങൾ തീർത്ത സമരവഴികൾ. കേരളത്തിൻ്റെ മുഖ്യ മന്ത്രിയായും പ്രതിപക്ഷ നേതാവായും പകർന്ന ശക്തി ചൈതന്യങ്ങൾ. സ്വയം പഠിച്ചെടുത്ത മാർക്സിസം, സാമുഹിക അവബോധം.


സ്കൂളിൽ പഠിക്കുമ്പോൾ വരേണ്യർ ചോവച്ചെറുക്കനെന്ന് വിളിച്ചാക്ഷേപിച്ചപ്പോൾ അരയിലെ അരഞ്ഞാണം കൊണ്ട് അവരെ അടിച്ച് ആ വിളി അവസാനിപ്പിച്ചിടത്ത് തുടങ്ങുന്ന അസ്തമിക്കാത്ത കർമ്മധീരത.വയലാർ പോരാട്ടത്തിൽ ജയിലിലെ ഭീകര മർദ്ദനം.കാലിൽ ബയണറ്റ് കുത്തിക്കയറ്റിയപ്പോഴുണ്ടായ അലർച്ച.മരിച്ചെന്നു കരുതി കുഴിച്ചിടാൻ കൊണ്ടു പോകുമ്പോൾ കൂടെയുണ്ടായ കള്ളൻ അറിഞ്ഞ ജീവൻ്റെ തുടിപ്പ് ആ ശരീരത്തെ ആശുപത്രിയിലെത്തിച്ചു.അങ്ങനെ തിരിച്ചുകിട്ടിയ ജീവൻ.

പിന്നെ അതു പ്രസ്ഥാനത്തിനു പകർന്ന തിളക്കത്തിൻ്റെ ഐതിഹാസിക ചരിത്രം.കയർ തൊഴിലാളിയെ കർഷകത്തൊഴിലാളി നേതൃനിരയിലെത്തിച്ച സംഘാടന പാടവം. വയലേലയിലെ വൈവിധ്യമാർന്ന നാടോടിപ്പാട്ടിൻ്റെ ഈണവഴിയുടെ സത്ത ഉൾച്ചേർന്ന സവിശേഷമായ പ്രസംഗശൈലി ആരെയും ആകർഷിക്കുന്ന ഒന്ന്.സൗണ്ട് സിസ്റ്റം വളരാത്ത കാലത്ത് ആയിരങ്ങളോട് ശബ്ദമുയർത്തി ആവർത്തിച്ചും നീട്ടിയും കുറുക്കിയും പറഞ്ഞു ശീലമാക്കിയത് പിന്നെ കൈവിടാതെ ആകർഷകമായി തുടർന്നു .
അഴിമതികളോടും അനീതികളോടും സന്ധി ചെയ്യാത്ത പോരാട്ടവഴി.വി.എസിൻ്റെ ശ്രമത്താൽ ശിക്ഷിക്കപ്പെട്ടതും ഇപ്പോഴും തുടരുന്നതുമായ കേസുകൾ. സാക്ഷികൾ കൂറുമാറിയതുകൊണ്ട് പരാജയപ്പെട്ട ഐസ്ക്രിം പാർലർ കേസ്.ശിക്ഷിക്കപ്പെട്ട ഇടമലയാർ.. ഇന്നും ഏത് പരാതികൾ അധികാരസ്ഥാനത്തു കൊടുക്കുമ്പോഴും രേഖകൾ സഹിതം വി എസിൻ്റെ രാഷ്ട്രീയം നോക്കാതെ ഒരു പകർപ്പ് വി എസിനയക്കുന്നത് ആ വിശ്വാസ്യതയുടെ കരുത്തിൻ്റെ സൂചനയാണ്.

സ്ത്രീദുരിതപർവ്വങ്ങളിലൊക്കെത്തന്നെ വി.എസിൻ്റെ കൈത്താങ്ങിൻ്റെ ആശ്വാസം ചെറുതല്ല. ടി.പി.ചന്ദ്രശേഖരൻ വധത്തിലും വി.എസിന് തന്റേതായ നിലപാടുണ്ടായിരുന്നു. ചില വേളകളിൽ ഇബ്സൻ്റെ ജനശത്രുവിലെ ഡോക്ടർ സ്റ്റോക്ക് മാനെ പോലെ വി.എസിനെ കാണാം.തനിയെ നിൽക്കുന്നവനാണ് യഥാർത്ഥ മനുഷ്യനെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വെറുതെ പുകമറയുണ്ടാക്കി ചാനൽ ചർച്ചയ്ക്ക് അന്നമേകുന്നവർ കണ്ടു പഠിക്കേണ്ടതാണ് വി.എസിൻ്റെ അഴിമതി അന്വേഷണ വഴികൾ. കോടതികളും , നീതിയിടങ്ങളും കഴമ്പില്ലെന്നു പറഞ്ഞ് തള്ളിയവ ഇല്ലെന്നു തന്നെ പറയാം.

ഒരു ഏഴാം ക്ലാസ്സുകാരൻ്റെ പഠനവും, മനനവും നിഗമനങ്ങളും, തുടരുന്ന അന്വേഷണത്വരയും വിദ്യാഭ്യാസത്തിൻ്റെ പേരിൽ രാഷ്ട്രീയ പ്രവർത്തകരെ പുച്ഛിക്കുന്ന ഡോക്ടറേറ്റ്കാരും ഡിഗ്രി, പി.ജിക്കാരും കൂത്തിയിരുന്ന് പഠിക്കേണ്ടതാണ്.

പാർട്ടി പിളർന്നപ്പോൾ സി.പി.എം ൽ ഉറച്ചു നിന്ന് ഒടുവിൽ എം.വി.ആർ ബദൽ രേഖയുടെ വഴി തടഞ്ഞ് കരുത്തേകിയ കാലം. അതിനിടയിൽ ഒറ്റപ്പെടലും ഉണ്ടായി.
ഗ്രൂപ്പിസത്തിൻ്റെ ഇരയാകേണ്ടി വന്നത് മറ്റൊരു ചരിത്രം. മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിലും തളരാതെ മുന്നേറിയ പിൽക്കാലം. രണ്ടു പു സ്തകങ്ങളും കൂടി ഈ നൂറ്റാണ്ടിൻ്റെ യുഗപുരുഷനായ വി.എസിനെ അടയാളപ്പെടുത്തുന്നു.”സമരനൂറ്റാണ്ട്” ചിന്തയും “വി എസിന്റെ ആത്മരേഖ” തൃശൂർ കറണ്ട് ബുക്സും പ്രസിദ്ധീകരിച്ചിരിക്കുന്നു.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like