“പട്ടീടെ വാലില്‍ വരെ ഇപ്പോള്‍ ഭരതനാട്യമാണ്” ഡോക്ടർ ആർ എൽ വി രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ട് സത്യഭാമ പറഞ്ഞ വാചകങ്ങളില്‍ ഒന്നാണിത്. തുടര്‍ന്ന് അവര്‍ പറയുന്നത് ” ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് പത്തോ ഇരുപതോ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഇരുന്നൂറും മുന്നൂറും കുട്ടികളാണ് നൃത്തം പഠിക്കാന്‍ വരുന്നത്. ‘ ഈ വാചകത്തില്‍ ഒരു കാര്യം വ്യക്തമാണ്, Dr. RLV രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ചതോ വ്യക്തിപരമായ പ്രതികാരബുദ്ധിയില്‍ നിന്ന് ഉണ്ടായതോ അല്ല. അത് മനസ്സിലാവണമെങ്കില്‍ ഡോ. ആർ എൽ വി. രാമകൃഷ്ണനോട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യഭാമ നടത്തിയ അവഹേളനപരമായ പെരുമാറ്റവും ഡോ. രാമകൃഷ്ണന്‍ അത് കൈകാര്യം ചെയ്ത രീതിയും ബോധ്യപ്പെടേണ്ടതുണ്ട്. കലാമണ്ഡലത്തില്‍ സത്യഭാമ ഭരണസമതി അംഗമായിരിക്കുന്ന സമയത്താണ് രാമകൃഷ്ണന്‍ മോഹിനിയാട്ടത്തില്‍ പി എച്ച് ഡി എടുക്കാന്‍ ചേരുന്നത്. അക്കാലത്ത് തന്നെ രാമകൃഷ്ണനെ നിരന്തരം അവേഹളിക്കുകയും പഠനം തുടരാന്‍ കഴിയാത്ത വിധം മാനസിക സംഘർഷങ്ങളിലാക്കി വേട്ടയാടുകയും ചെയ്യുന്നുണ്ട് അവർ. അതിനെതിരെ ഫോണ്‍ റെക്കോർഡ് ഉള്‍പ്പെടെയുള്ള തെളിവ് സഹിതം സത്യഭാമക്കെതിരെ അദ്ദേഹം ഭരണസമതിക്ക് പരാതി കൊടുക്കുന്നുണ്ട്. എന്നാല്‍ രാമകൃഷ്ണന്‍റെ പരാതി ഗൗരവത്തില്‍ എടുക്കാന്‍ കലാമണ്ഡലം അധികാരികള്‍ ആദ്യം തയ്യാറാവുന്നില്ല. കലാമണ്ഡലം ഭരണ സമതി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുമ്പോള്‍ നിയമപരമായ പരിഹാരം തേടികൊണ്ട് SC/ST കമ്മീഷനെ അദ്ദേഹം സമീപിക്കുകയുണ്ടായി. വിഷയം കലാ മണ്ഡലത്തിന് വെളിയിലേക്കും, നിയമ നടപടികളിലേക്കും പോയ ഘട്ടത്തിലാണ് കലാമണ്ഡലം അധികാരികള്‍ അടിയന്തിരമായ് സത്യഭാമയെ ഭരണസമതിയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. സത്യഭാമയുടെ വിദ്വേഷപരാമര്‍ശത്തില്‍ പ്രതികരിച്ച് കൊണ്ട് രാമകൃഷ്ണന്‍ നടത്തിയ പ്രതികരണത്തില്‍ ഇത്രയും കാര്യങ്ങള്‍ വ്യക്തമാണ്.

ഡോക്ടർ ആർ എൽ വി രാമകൃഷ്ണൻ
ഈ സംഭവങ്ങളും, വംശീയ പരാമര്‍ശങ്ങളോടെ സത്യഭാമ ഇപ്പോള്‍ നടത്തിയ, മുകളിൽ ഉദ്ധരിച്ച അഭിമുഖ സംഭാഷണങ്ങളിലെ ഇച്ഛാഭംഗവും ധ്വനിപ്പിക്കുന്നത് കേവലമായ കറുപ്പ്- വെളുപ്പ് വാദപ്രതിവാദത്തിലേക്ക് ചുരുക്കാന്‍ ആവില്ല. ക്ഷേത്രകേന്ദീകൃത കലകള്‍ ഒരു കാലത്ത് നമ്പൂതിരിമാരുടേയും ,അവരുടെ ആശ്രീത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ശൂദ്ര നായര്‍ സമുദായങ്ങളുടേയും മാത്രം നിയന്ത്രണത്തിലായിരുന്നു. സാമൂഹിക മുന്നേറ്റങ്ങളിലൂടെയും ഭരണഘടനാ ജനാധിപത്യത്തിലൂടേയും സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ താല്പര്യമുള്ള ആര്‍ക്കും ഏത് കലാപഠനവും സാധ്യമാക്കി തീര്‍ത്തു. ഇതിലൂടെ നമ്പൂതിരി-ശൂദ്ര നായര്‍ സമുദായങ്ങളുടെ ക്ഷേത്ര ക്രേന്ദീകൃത കലകളിലെ കുത്തക നഷ്ടപ്പെടുകയും , ഈഴവ, പിന്നോക്ക വിഭാഗങ്ങളും ദലിതരും ഇത്തരം കലാപഠനത്തിലേക്ക് കടന്ന് വരികയും ചെയ്തു. അതിനെ കുറിച്ചാണ് സത്യഭാമ തന്‍റെ അഭിമുഖത്തില്‍ പറയുന്നത്. പുതിയ കാലത്ത് വലിയ അതിജീവന ശേഷി ഒന്നും ഇല്ലാത്ത ഇത്തരം കലകള്‍ പത്താള്‍ കൂടുതല്‍ പഠിച്ച്, ചത്ത് മണ്ണടിഞ്ഞ് പോകതെ നിലനില്‍ക്കുന്നതില്‍ സന്തോഷിക്കുകയാണ് സാധാരണ നിലയില്‍ ഒരു കലാപ്രവര്‍ത്തക ചെയ്യുക . എന്നാല്‍ സത്യഭാമയെ പ്രകോപിതയാക്കുന്നത് കീഴ്ത്തട്ട് ജാതി സമൂഹങ്ങള്‍ നൃത്തം പഠിക്കുന്നതിലെ ജാതീയ അസഹിഷ്ണുതയാണ് . ഈ അസഹിഷ്ണുതയില്‍ നിന്നും ഉണ്ടായ പെരുമാറ്റമാണ് അവർ കലാമണ്ഡലത്തിൽ പഠിക്കാൻ വരുന്ന രാമകൃഷ്ണനോട് കാണിക്കുന്നത്. ഇത് രാമകൃഷണനോട് മാത്രമല്ല കല പഠിക്കാന്‍ വരുന്ന എല്ലാ പിന്നോക്ക /ദലിത് സാമൂഹികവിഭാഗങ്ങളിലെ കുട്ടികളോടും അവര്‍ പല അളവിലും പുലര്‍ത്തിയിട്ടുണ്ടാവും എന്ന് ഉറപ്പാണ്. എന്നാല്‍ ഡോ. രാമകൃഷണന്‍റെ കാര്യത്തില്‍ അവരുടെ പ്രതീക്ഷകള്‍ക്കും മുന്‍കാല അനുഭവത്തിനും വിപരീതമായി കാര്യങ്ങള്‍ മറ്റൊരു വഴിക്ക് മാറി . സത്യഭാമയുടെ ജാതിഹുങ്കിനെ നിയമപരമായി രാമകൃഷ്ണന്‍ നേരിടുന്നതോടെ ഭരണസമിതിയില്‍ നിന്നുതന്നെ അവരെ പുറത്താക്കാന്‍ കലാമണ്ഡലം ഭരണസമിതി നിര്‍ബന്ധിക്കപ്പെട്ടു. തന്‍റെ ജാതീയ അഹന്തക്ക് മുറിവേല്‍പ്പിച്ചതിലുള്ള അവസാനിക്കാത്ത പ്രതികാര ബുദ്ധിയില്‍ നിന്നാണ് ഡോ. രാമകൃണനെതിരെ സത്യഭാമ വംശീയപരാമര്‍ശങ്ങളോടെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
അഭിമുഖത്തില്‍ കറുത്തവന്‍, കാണാന്‍ കൊള്ളാത്തവന്‍ എന്നൊക്കെയാണ് പറയുന്നതെങ്കിലും വളരെ കൃത്യമായി ഡോ. രാമകൃഷ്ണന്‍റെ ജാതി തന്നെയാണവര്‍ പറയുന്നത്. നേരീട്ട് ജാതികൂട്ടി പറയണം എന്നുതന്നെയാണവരുടെ ആഗ്രഹം. എന്നാല്‍ മുന്‍പ് അദ്ദേഹത്തോട് ഏറ്റുമുട്ടിയതിന്‍റ് അനുഭവം ഓര്‍മ്മയുള്ളത് കൊണ്ടും നിയമത്തെ പേടിച്ചും കാണാന്‍ കൊള്ളാത്തവന്‍ എന്നും കറുത്തവന്‍ എന്നും മറുഭാഷയിലൂടെ അധിക്ഷേപിച്ച് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുകയാണവര്‍. ”ഏത് നിയമം കൊണ്ടാണ് അവന്‍ നേരിടുന്നതെന്ന് കാണട്ടെ” എന്നാണവർ പറയുന്നത്. ജാതീയ അധിക്ഷേപങ്ങള്‍ പോലെ വംശീയഅധിക്ഷേപങ്ങള്‍ നിലവിലെ നിയമത്തില്‍ പരിഗണിക്കുന്നില്ലയെന്ന് നിയമ ത്തെക്കുറിച്ച് സുവ്യക്തമായ ധാരണയുള്ളത് കൊണ്ടുകൂടിയാണ് സത്യഭാമ പൗരബോധമുള്ള കേരളീയ സമൂഹത്തെ വെല്ലുവിളിക്കുന്നത്.
സത്യഭാമ കറുത്ത മനുഷ്യരെ വംശീയമായ ആക്ഷേപിച്ച പരാമര്‍ശങ്ങള്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് കേരളീയ പൊതുമണ്ഡലത്തില്‍ നിന്നും ഉയര്‍ന്നത്. ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ ഉള്ളടക്കത്തില്‍ നിറത്തേയും ജാതിയേയും നേരിട്ട് ബന്ധപ്പെടുത്തുന്ന വിശകലനയുക്തി കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.
നിറം കറുത്തവരെല്ലാം ദലിതരെന്നും, വെളുത്ത നിറമുള്ളവരെല്ലം ദലിതരല്ലാത്ത ജാതികളെന്നും വേര്‍തിരിച്ച് കാണുന്ന ലളിതയുക്തി കൂടി ഈ പ്രതിഷേധങ്ങളുടെ അടിയില്‍ കിടക്കുന്നുണ്ട്. ഈ യുക്തി ശരീരനിറത്തെ മുന്‍നിര്‍ത്തി മനുഷ്യരെ ജാതി സമൂഹങ്ങളായ് തെറ്റിദ്ധരിക്കുന്നതില്‍ നിന്നും ഉണ്ടായിരിക്കുന്നതാണ്. ജാതിക്ക് നിറവും വംശശുദ്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും, ഒരേ വംശ സമുഹത്തിനുള്ളില്‍ നടന്ന സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥയെന്നും ഉള്ള ഡോ ബി ആർ അംബെദ്ക്കറുടെ നീരീക്ഷണത്തെ നിരാകരിക്കുന്നതാണിത്. അംബേദ്ക്കര്‍ ചോദിക്കുന്നുണ്ട് തമിഴ്നാട്ടിലെ പറയരും, ബ്രാഹ്മണനും തമ്മില്‍ എന്ത് നിറവ്യത്യാസവും ,വംശ വ്യത്യാസവുമാണുള്ളത് എന്ന്. ബംഗാളിലെ ബ്രാഹ്മണനും, തമിഴ്നാട്ടിലെ ബ്രാഹ്മണരും തമ്മിലും എന്ത് വംശബന്ധമാണുള്ളതെന്നും ചോദിച്ചുകൊണ്ട് അദ്ദേഹം നിറത്തെയും, വംശ വ്യത്യാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ജാതിയുടെ സാമൂഹിക സിദ്ധാന്തങ്ങളെ തുറന്ന് കാണിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയും ശരീരനിറത്തെ ജാതിയാക്കി മനസിലാക്കിക്കൊണ്ടുള്ളതാണ്. കറുത്ത /വെളുത്ത ശരീരമുള്ളവര്‍ എല്ലാ ജാതി സമുദായങ്ങളിലുമുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ രാഷ്ട്രനേതാക്കളേയും മത -സമുദായ മേലധ്യക്ഷന്‍മാരേയും സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയുമൊക്കെ ശ്രദ്ധിച്ചാല്‍ മതി. ഇ എം എസ് നമ്പൂതിരി കറുത്ത നിറവും കുറഞ്ഞ ഉയരവും ഉള്ള മനുഷ്യനാണ്. കത്തോലിക്ക സഭയുടെ അദ്ധ്യക്ഷന്‍ മുതല്‍ ക്രിസ്ത്യന്‍ സമുദായത്തിലും കറുത്ത നിറമുളളവരുണ്ട് . മുസ്ളീം സമുദായത്തിലും ധാരാളം കറുത്ത നിറമുള്ളവരെ കാണാന്‍ കഴിയും. നായര്‍ സമുദായത്തിലെ കുമ്മനം രാജശേഖരനെ ദലിതനായ് തെറ്റിദ്ധരിച്ചു ഒരിക്കല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച നടന്നിരുന്നു. കറുത്ത നിറമുള്ളവരെ ആദിവാസികളും ദലിതരുമാണെന്ന് തെറ്റിദ്ധരിക്കുകയും വെളുത്ത ശരീരമുള്ള ദലിതരേയും -ആദിവാസികളേയും ”കണ്ടാല്‍ തോന്നില്ല” എന്ന് പറയുകയും ചെയ്യുന്ന മലയാളിയുടെ പൊതുബോധത്തിന് കാരണം ജാതിയെ നിറവുമായ് ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതാണ്. ഒരേ പൊതു മനുഷ്യസമുദായത്തില്‍ നിന്നുള്ളവരാണ് വ്യത്യസ്ത ജാതികളും മതങ്ങളുമായ് വേര്‍തിരിഞ്ഞവർ എന്ന സമൂഹരൂപികരണത്തെ കുറിച്ചുള്ള മൗലികമായ അറിവ് ഇന്നും ആധുനിക മലയാളിസമൂഹത്തിന് കെെവരിക്കാന്‍ ആയിട്ടില്ല. അല്ലങ്കില്‍ മലയാളിയുടെ ജാതിബോധം അതിന് തയ്യാറാവില്ല.
എന്നിരുന്നാലും വംശീയ അധിക്ഷേപങ്ങള്‍ക്ക് എതിരെ കേരളീയ പൊതുമണ്ഡലത്തില്‍ നിന്നും ഉണ്ടായി വന്ന പ്രതിഷേധം മലയാളി കെെവരിക്കുന്ന സാമൂഹിക വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടമായി കാണാവുന്നതാണ്. എന്ത് കൊണ്ടാണ് അങനെ പറയേണ്ടിവരുന്നത്? ഇന്നലെ വരെ നമ്മുടെ സിനിമകളും ടിവി കോമഡി പരിപാടികളിലെ കറുത്ത മനുഷ്യരെ അധിക്ഷേപിക്കുന്ന വംശീയ തമാശകളും ആസ്വദിച്ച മലയാളികൾ തന്നെയാണ് സത്യഭാമക്ക് നേരെ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇന്നലെ വരെ നമ്മള്‍ ആസ്വദിച്ചിരുന്ന ഈ വംശീയ തമാശകള്‍ അത്ര നിഷ്കളങ്കമല്ലയെന്ന അപകടം മലയാളികള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ അതൊരു മുന്നേറ്റമാണ്. നമ്മുടെ സിനിമകളും ടിവിയും കറുപ്പിനെ കളിയാക്കി പറഞ്ഞുചിരിച്ച തമാശകള്‍ എല്ലാ കറുത്ത മനുഷ്യര്‍ക്കും ബാധകമായതായിരുന്നില്ല എന്നത് കൂടി മനസിലാക്കി പോകേണ്ടതുണ്ട്. ആ കറുത്ത തമാശകള്‍ ആരെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും ,എന്ത് കൊണ്ടാണ് വംശീയ തമാശകളിലെ ആശയം ആവര്‍ത്തനവിരസമായിട്ടും കാ ലങ്ങളായ് ഒട്ടും മടുക്കാത്ത വിധം മലയാളികളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്.
സിനിമകളിലും ടിവിയിലെ കോമഡി പരിപാടികളിലും കറുത്ത നിറമുള്ള മനുഷ്യരെ വംശീയമായി അധിക്ഷേപിക്കുന്ന പതിവ് സജീവമാണ്. ഒരു തമാശക്ക് നല്ല ചിരി ഉയര്‍ത്താന്‍ കഴിയുന്നതിന്‍റെ പ്രധാന ഘടകം ആവര്‍ത്തന വിരസതയില്ലാത്ത ഹാസ്യത്തിന്‍റെ ചേരുവകളാണ്. ആശയപരമായ പുതുമ പുലര്‍ത്താത്ത തമാശയും, അത് അവതരിപ്പിച്ച കോമേഡിയനും പ്രേക്ഷകനെ സംബന്ധിച്ച് വലിയ ദുരന്തമായി മാറാറുണ്ട്.
തമാശക്ക് വേണ്ടി ചേര്‍ക്കുന്ന സ്ഥിരം ചേരുവകളുടെ ഒരു ചെറിയ ആവര്‍ത്തനമുണ്ടായല്‍ മതി’ ഇത് എത്ര കണ്ടിരിക്കുന്നു/കേട്ടിരിക്കുന്നു’ എന്ന പുച്ഛം മലയാളി പ്രേക്ഷകന്റെ മുഖത്ത് കാണാൻ. ആവര്‍ത്തന വിരസതയുള്ള ഹാസ്യതാരങ്ങള്‍ സിനിമയില്‍ നിന്നും ഔട്ടാകാറുണ്ട്. പറഞ്ഞ് വന്നത് ആവര്‍ത്തന വിരസതയെ ഒരു തരത്തിലും വച്ച്പൊറുപ്പിക്കാത്ത വിധമാണ് കോമഡിയും പ്രേക്ഷകനും തമ്മിലുള്ള ഇരിപ്പ് രീതി.
ആവര്‍ത്തനമെന്നത് തമാശയെ സംബ്ന്ധിച്ച് വലിയ പരാജയമാണെന്നിരിക്കെ, എത്രയോ കാലങ്ങളായ് കറുത്ത മനുഷ്യര്‍ ഒരു എന്റര്‍ടെെൻമെന്‍റ് ടൂളായി സിനിമ / ആക്ഷേപഹാസ്യപരിപാടികളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്ത് കൊണ്ടാവും മലയാളിക്ക് ആവർത്തിക്കപ്പെടുന്ന ഇവ ഇനിയും ചിരിക്കാന്‍ വകയില്ലാത്ത ആശയമായി മാറാത്തത്?
അതിന്‍റെ ഉത്തരം വളരെ ലളിതമാണ് കറുത്തമനുഷ്യര്‍ വിനോദത്തിന്‍റെ മാധ്യമം എന്ന നിലയില്‍ നിരന്തരം കെെകാര്യം ചെയ്യപ്പെട്ടിട്ടും ബോറടിക്കാതെ തുടരുന്നതിന്‍റെ പ്രധാന മര്‍മ്മമെന്നത് തീര്‍ച്ചയായും ജാതിയുമായ് ബന്ധപ്പെട്ടിട്ടുള്ളതാണ്. ഹാ സ്യോല്‍പ്പാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന കറുത്ത മനുഷ്യ സങ്കല്പം കീഴ്ത്തട്ട് ജാതി സമൂഹങ്ങളില്‍ ഉള്ളവരാണെന്ന് ഓര്‍മ്മിപ്പിക്കുമ്പോളാണ് അത് ചിരിയായ് മാറുന്നത്.
കറുത്ത സവര്‍ണനെ പറ്റി പറയുമ്പോഴല്ല കറുത്ത അവര്‍ണ്ണനെ കാഴ്ചക്കാരന്റെയും കേള്‍വിക്കാരന്‍റെയും ഓര്‍മ്മകളില്‍ കണ്ടെത്താന്‍ സഹായിക്കുമ്പോളാണ് ചിരിയുണ്ടാവുന്നത്. തമാശയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളുടെ സ്ഥിരം റഫറൻസ് കോളനി, ചേരിനിവാസികൾ, മേക്കാട്ട് പണിക്കാര്‍, തെങ്ങ്കയറ്റക്കാര്‍ തുടങ്ങിയ അധ്വാനത്തില്‍ ഏര്‍പ്പെടുന്ന മനുഷ്യർ എന്നിവരാവും. അല്ലെങ്കിൽ പിന്നോക്ക ജാതികളേയൊ, ദലിത്, ആദിവാസി സ്വത്വങ്ങളേയൊ പ്രേക്ഷകന് നേരിട്ട് ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോള്‍ അതൊരു ചിരിക്ക് വകയായി മാറുന്നു.
ഹാസ്യപരിപാടികളിലെ കറുത്ത മനുഷ്യന്‍ എന്നത് കറുത്ത സവര്‍ണനല്ല എന്നതിന് ‘വില്ലാളി വീര’നെന്ന മലയാള സിനിമയിലെ ധര്‍മ്മജന്‍ ചെയ്യുന്ന കഥാപാത്രത്തെ ശ്രദ്ധിച്ചാല്‍ മതി. ” നോം ജോതിഷരത്നം പൂമേനി ഇല്ലത്തെ ബ്രഹ്മശ്രീ ബിജു ബ്രാഹ്മണന്‍ ആണെന്ന് ധര്‍മജന്‍റെ കഥാപാത്രം പറയുന്നുണ്ട്, അത് തമാശയുണ്ടാക്കുന്ന സന്ദര്‍ഭം ആയി മാറുന്നത് ”കണ്ടാല്‍ അങ്ങിനെ തോന്നുന്നില്ല” എന്ന കൗണ്ടര്‍ ഡയലോഗ് വരുമ്പോളാണ്. അത് കേട്ട് ചിരിക്കുന്ന പ്രേക്ഷകന്‍റെ മനസിലേക്ക് കടന്ന് വരുന്ന ജാതിശരീരം ആരുടേതായിരിക്കും? കറുത്ത് ഉയരും കുറഞ്ഞ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒരു സവര്‍ണ ശരീരമല്ല എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ജാതി എന്ന ആശയമാണ് ചിരിയായ് മാറുന്നത്. പ്രേക്ഷകന്റെ ജാതി ഓര്‍മ്മകളെ കറുത്ത മനുഷ്യരുമായി ബന്ധപ്പെടുത്തി ചിരിയാക്കി മാറ്റുകയാണ് കറുപ്പ് കീഴ്ത്തട്ട് ജാതികളുടെ മാത്രം അടയാളമായി മനസ്സിലാക്കപ്പെടുന്നതിലൂടെ സംഭവിക്കുന്നതിന് ഒരു മറുപുറം കൂടിയുണ്ട്. കറുത്തിരിക്കുന്ന സവര്‍ണനെ സംമ്പന്ധിച്ച് സങ്കടമെന്നത് താന്‍ കറുത്ത് പോയതില്ലല്ല, മറിച്ച് ചിലയിടങ്ങളില്‍ താന്‍ ഒരു കീഴ്ത്തട്ട് ജാതിയായി തെറ്റിദ്ധരിക്കപ്പെടുന്നവെന്നതാണ്.
നിറബോധത്തെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പ്രധാനമായും പറയുന്നത് കറുപ്പ് പ്രശ്നമാവുന്നത് കറുത്ത ശരീരമുള്ളവരുടെ അപകര്‍ഷത ബോധം കൊണ്ടാണെന്നാണ്. അതിന് ഉദാഹരണമായി ചൂണ്ടി കാണിക്കുന്നത് കറുപ്പു നിറമുള്ളവര്‍ നൃത്തം ചെയ്യുമ്പോള്‍ മുഖത്ത് ചായം തേക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ വെളുത്ത ശരീരമുള്ളവര്‍ എന്തിനാണ് നൃത്തം ചെയ്യുമ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം നൃത്ത രൂപങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് വേഷവും ചമയങ്ങളും അലങ്കാരവും. അതിനോട് കൂട്ടിച്ചേർത്തു ഉന്നയിക്കുന്ന മറ്റൊരു ആരോപണമുണ്ട്. കറുപ്പ് ഒരു പ്രശ്നമായി കറുപ്പ് ശരീരമുള്ളവര്‍ക്ക് തോന്നുന്നതുകൊണ്ട് ഇന്ത്യ ഏറ്റവും കൂടുതല്‍ വെെറ്റനിംഗ് ക്രിമുകള്‍ വിറ്റു പോകുന്ന മാര്‍ക്കറ്റായി മാറിയത്രെ. ശരിയാണ് കറുപ്പ് നിറമുള്ളവര്‍ക്ക് അതൊരു പ്രശ്നമായ് മാറുന്നുണ്ടെന്ന സാമൂഹ്യ യഥാര്‍ത്ഥ്യം തുറന്ന് കാണിക്കപ്പെടേണ്ടതുണ്ട്. എന്ത് കൊണ്ടാവും കറുപ്പ് പരിഹരിക്കാന്‍ വെെറ്റനിംഗ് ക്രിമുകള്‍ വാങ്ങാന്‍ ആളുണ്ടാവുന്നത്? നിറം കുറഞ്ഞ് പോയതുകൊണ്ട് സൗഹൃദങ്ങളിലും ,പൊതുസമൂഹത്തിലും ക്ലാസ്മുറികളിലും ആക്ഷേപിക്കപ്പെ ട്ടവരും അപഹസിക്കപ്പെട്ടവരും അതിന് പരിഹാരം തേടുന്നത് സ്വാഭാവികമാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ ശരീരങ്ങളുടെ നിറബോധങ്ങളുടെ പേരില്‍ അവഗണിക്കപ്പെടുകയോ അപഹസിക്കപ്പെടുകയൊ ചെയ്യാതാവുമ്പോൾ തീര്‍ച്ചയായും കറുപ്പ് നിറമുള്ളവര്‍ക്ക് ആത്മവിശ്വസത്തോടെ ഇടപെടാന്‍ ആവും. വിവാഹമാര്‍ക്കറ്റിലും ജോലിക്കും വെളുത്ത നിറമുള്ള സുന്ദരി – സുന്ദരന്‍മാരെ മാത്രം ആവശ്യമുള്ള നാട്ടില്‍ അത് എളുപ്പമാവാന്‍ തരമില്ല. വംശീയബോധം പേറുന്ന സമൂഹ മനഃശാസ്ത്രത്തെ രാഷ്ട്രിയമായി തിരിച്ചറിഞ്ഞു ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇതൊന്നും പ്രശ്നമാവില്ല. അതുകൊണ്ട് വെളുത്തിരിക്കുന്നത് മാത്രം സൗന്ദര്യമായി കാണുന്നതിനെ രാഷ്ട്രിയ ബോധ്യങ്ങള്‍ കൊണ്ട് മാത്രമേ നേരിടാനാവു. അത് അത്ര എളുപ്പുള്ള കാര്യവുമല്ല. സ്കൂളില്‍ പഠിക്കുന്ന കുട്ടികളും സാധാരണ മനുഷ്യരും ഈ വിവേചനത്തിന് വിധേയമായിക്കൊണ്ടേയിരിക്കും, അവര്‍ രാഷ്ട്രിയ തിരിച്ചറിവ് നേടുന്നത് വരെ മാത്രം.
വെളുപ്പ് സൗന്ദര്യവും കറുപ്പ് മോശപ്പെട്ടതും ആയി മാറ്റിയെടുക്കാന്‍ പരിശീലിപ്പിക്കപ്പെടുന്ന സാമൂഹിക /സംസ്കാരിക അന്തരീക്ഷത്തിലാണ് തിരുത്തൽ ആവശ്യമായിവരിക. വെളുത്ത ദേവീ- ദേവന്മാർ നന്മയുള്ളവരും സൗന്ദര്യത്തിന്‍റെ പ്രതീകങ്ങളും കറുത്തവർ കൊള്ളരുതാത്തവരും മോശക്കാരുമാണെന്ന് പഠിപ്പിക്കുന്ന ഹിന്ദുപുരാണങ്ങളും നമ്മുടെ സാഹിത്യവും സിനിമയും കണ്ടും കേട്ടും വായിച്ചും പരിചയപ്പെടുന്ന ഒരു സമൂഹമാണിവിടെ . ആ സമൂഹത്തില്‍ കറുപ്പ് ശരീരമുള്ളവര്‍ നിരന്തര വിവേചനത്തിന് ഇരയായി ക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ഇത്തരം ജനപ്രിയ നോവലും സിനിമയും കണ്ടും വായിച്ചു വളരുന്ന ഒരു സമൂഹം കെെവരിച്ച മനോനിലയിലാണ് തിരുത്തൽ ആവശ്യപ്പെടേണ്ടത്. അല്ലാതെ കറുപ്പ് നിറമുള്ളതിന്‍റെ പേരിൽ ആക്ഷേപിക്കപ്പെടുന്നവരില്‍ അപകര്‍ഷതാബോധം ഉന്നയിച്ച് രക്ഷപ്പെടാന്‍ ആവില്ല. പ്രകൃതിയിലും കാലാവസ്ഥകളിലും ഉള്ള വൈവിദ്ധ്യം മൂലം പലതരത്തിലുള്ള ശരീര നിറങ്ങള്‍ ലോകത്ത് സ്വാഭാവികമാണ് . ആ വെെവിധ്യങ്ങളെ വിവേചന രഹിതമായി ഉള്‍ക്കൊള്ളുന്ന ആരോഗ്യമുള്ള സാമൂഹ്യാന്തരീക്ഷമാണ് ഉണ്ടായി വരേണ്ടത്.
ഡോക്ടർ ആർ എൽ വി രാമകൃഷന് എതിരെ നടത്തിയ വംശീയ അധിക്ഷേപത്തിനോടുള്ള പ്രതിഷേധം രാഷ്ട്രിയ സാൗസ്ക്കാരിക രംഗത്ത് നിന്നും ഉയര്‍ന്നു വന്നു. നൃത്തം ചെയ്യാനുള്ള പല വേദികളും പുതുതായി അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുവജന സംഘടനയായ DYFI തൃശ്ശൂരില്‍ നൃത്തം ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. രാമകൃഷ്ണൻ ഇപ്പോള്‍ നേരിടുന്നത് വേദിയുടേയോ അവസരത്തിന്‍റെയോ മാത്രം പ്രശ്നമല്ല. മോഹിനിയാട്ടത്തില്‍ Phd യും NET ഉം ദീര്‍ഘകാലത്തെ താല്ക്കാലിക അദ്ധ്യാപനപരിചയവും ഉണ്ടായിട്ടും അദ്ദേഹത്തിന് ഒരു സ്ഥിരം നിയമനമുള്ള ജോലി ലഭിക്കാന്‍ ഈ കേരളത്തില്‍ അവസരമില്ല എന്ന യാഥാർത്ഥ്യത്തെ മറച്ച് വെക്കാന്‍ ആവില്ല. സത്യഭാമയെന്ന സ്ത്രി നടത്തിയ അവഹേളനത്തേക്കാള്‍ വലിയ വിവേചനമാണ് ഡോ. രാമകൃഷ്ണനോട് ഈ പുരോഗമന കേരളം കാണിച്ചിരിക്കുന്നത്. ഈ പ്രശ്നം രാമകൃഷ്ണന്‍റെ വ്യകതിപരമായ ഒന്നല്ല. മറിച്ച് കേരളത്തിലെ രാഷ്ട്രിയ ഇടപാടുകളിൽ നീക്കുപോക്ക് നടത്താന്‍ ശേഷിയില്ലാത്ത ചെറിയ സമുദായങ്ങളും ദലിതരും ആദിവാസികളും മല്‍സ്യബന്ധന സമുദായങ്ങളുമെല്ലാം ഈ രാഷ്ട്രിയ ചതിയുടെ ഇരകളാണ്. ഉന്നത വിദ്യാഭ്യാസവും മതിയായ അകാദമിക് യോഗ്യതകളും ഉണ്ടായിട്ടും, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഒന്നര ലക്ഷം അദ്ധ്യാപകര്‍ ജോലിചെയ്യുന്ന കേരളത്തിലെ തൊഴില്‍ മേഖലയില്‍ അവര്‍ക്ക് പ്രവേശനമില്ല. ഡോ. രാമകൃഷ്ണന് എവിടെയങ്കിലും നൃത്തം ചെയ്യാന്‍ വേദിയൊരുക്കിക്കൊടുത്ത് ദീര്‍ഘകാലമായി തുടരുന്ന ഈ വിവേചനത്തെയും പാര്‍ശ്വവല്‍കൃത സമുദായങ്ങൾ നേരിടുന്ന അതീജീവന രാഷ്ട്രിയപ്രശ്നങ്ങളെയും മറച്ച് പിടിക്കാന്‍ കക്ഷിരാഷ്ട്രിയ പാര്‍ട്ടികളും യുവജന പ്രസ്ഥാനങ്ങളും ശ്രമിക്കരുത്. മറിച്ച് ഡോ. രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വലിയ ഒരു ജനസമൂഹത്തിന് ഉന്നത വിദ്യാഭ്യാസം നേടിയതിനു ശേഷം അര്‍ഹമായ പ്രാധിനിധ്യം സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങളും തീരുമാനങ്ങളുമാണ് ഉണ്ടാവേണ്ടത്.