പൂമുഖം LITERATUREലേഖനം ഇ ലേണിംഗ്: ഒരു പട്ടാമ്പി പരീക്ഷണ ഗാഥ

ഇ ലേണിംഗ്: ഒരു പട്ടാമ്പി പരീക്ഷണ ഗാഥ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രണ്ടുമൂന്നുവർഷം മുമ്പ് എം. എച്ച്. ആർ. ഡി. ഇന്ത്യയിലെ 150 യൂണിവേഴ്സിറ്റികളിലെ ഓറിയന്റേഷൻ പ്രോഗ്രാമുകളെ കേന്ദ്രീകരിച്ചു നടത്തിയ ഒരു സർവ്വേ വഴി അധ്യാപകരിൽ തൊണ്ണൂറുശതമാനം പേരും ഒരു നെറ്റ് വർക്ക്ഡ് പബ്ലിക്കിനകത്തു കഴിയുന്നവരാണെന്നും എന്നാൽ അതിൽ അറുപതുശതമാനം പേർ മാത്രമേ ജ്ഞാനാന്വേഷണത്തിനായി ഇന്‍റെർനെറ്റ് ഉപയോഗിക്കാറുള്ളൂ എന്നും അതിൽത്തന്നെ അമ്പതുശതമാനം മാത്രമേ ഏതെങ്കിലും വിധം ഓൺ ലൈൻ അധ്യാപനപ്രവർത്തനങ്ങളിൽ ഏർപെടാറുള്ളൂ എന്നും വെളിപ്പെടുകയുണ്ടായി. നമ്മുടെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പി എഫ് അപേക്ഷകൾ അടിസ്ഥാനമാക്കി ഒരു പഠനം നടത്തിയാൽ ഏതാണ്ടു മുഴുവൻ ജീവനക്കാരും മഹാരോഗങ്ങൾക്കടിപ്പെട്ടവരാണെന്ന കണ്ടെത്തലിലവസാനിക്കും എന്നു പറയാറുള്ളതുപോലൊരു കണക്കാണിതെന്ന് ഈ മേഖലകളിലുള്ളവർക്കറിയാം. കണക്കിലെ കളിയല്ല പത്തിൽ താഴെ വരാവുന്ന ഒരു ചെറു ന്യൂനപക്ഷം മാത്രമേ ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളിലേക്ക് അന്വേഷിച്ചെത്തിയിട്ടുള്ളൂ എന്നിടത്താണു യാഥാർത്ഥ്യം. ഈ അധ്യാപകരും വിദ്യാർത്ഥികളും ഇന്‍റെര്‍നെറ്റിൽ അപരജീവിതം നയിക്കുന്നവരാണെന്നതു മറ്റൊരു വശം. നമ്മുടെ അഡ്മിഷൻ തൊട്ട് പരീക്ഷാ മോണിറ്ററിങ്ങ് വരെ എല്ലാ തലങ്ങളിലും ഇ ഗവേർണൻസ് നടപ്പാക്കി കഴിഞ്ഞിട്ടും ശമ്പളവും ലോണെടുപ്പും അടവുമടക്കം ഓൺ ലൈനായിട്ടും ക്ലാസ്സിനു മുമ്പുള്ള ടീച്ചേഴ്സിന്‍റെ കുറിപ്പെടുപ്പും ക്ലാസ് കഴിഞ്ഞ് ഫോളോ അപ്പ് വർക്കുകൾക്കായുള്ള പിള്ളേരുടെ കുറിപ്പെടുപ്പും ഇന്‍റെർനെറ്റിൽ നിന്നാണെങ്കിലും നെറ്റിൽ ഒരു സ്പെയ്സിൽ അവർ പരസ്പരം കാണുമ്പോൾ പണ്ട് തിയറ്ററിനകത്ത് ഉച്ചപ്പടങ്ങൾക്ക് കണ്ടാലുള്ള പോലൊരു ചളിപ്പാണ്. മൊബൈലിനെയും ഇന്‍റെർനെറ്റിനെയുമൊക്കെ പുറത്താക്കിയുള്ള, സനാതനമൂല്യങ്ങൾ വിളയാടുന്ന പരിശുദ്ധ ശ്രീകോവിലിലെ പ്രതിഷ്ഠയായി  സ്വയം അവരോധിക്കാനാണു മാഷന്മാർക്കു പൊതുവെ താത്പര്യം. 2005 ഓടെ ടെക്നോ പെഡഗോഗുകളായിരിക്കണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അധ്യാപകർ എന്ന കാഴ്ചപ്പാടു മുന്നോട്ടുവെച്ചതും TPACK എന്നു വിളിക്കപ്പെടുന്ന സാങ്കേതികവിദ്യ വിഷയജ്ഞാനത്തിലും ബോധനതന്ത്രത്തിലും തുന്നിച്ചേർത്തുക്കൊണ്ടുള്ള പുതിയ ബോധനശാസ്ത്രം വികസിച്ചതുമൊന്നും അടച്ചിട്ട പൂജാമുറിയിലെ പ്രജാപതികൾ അറിഞ്ഞ മട്ടില്ല. കോവിഡ് വ്യാപനകാലത്ത് ഈ ശാലകൾക്കിളക്കം തട്ടുകയും  അടച്ചിട്ട ക്ലാസ് മുറിയിലെ ഈ പ്രജാപതികസേരയിൽനിന്ന് സ്വയം പുറത്താക്കപ്പെടുകയും വീട്ടിൽ അടച്ചിരിപ്പുതുടരേണ്ടിവരികയും ചെയ്തപ്പോഴാണു ഓൺലൈൻ അധ്യാപനജീവിതത്തിലേക്ക് മനസ്സില്ലാമനസ്സോടെ അവർ കുടിയേറുന്നത്. സ്വാഭാവികമായും ഈ കുടിയേറ്റജനതയിലുണ്ടായിരുന്ന നൂറ്റാണ്ടു പഴക്കമുള്ള സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ രൂപപ്പെട്ട അനുഭവങ്ങളുടെയും അഭിരുചികളുടെയും സമ്പന്ന പൈതൃകം  പുതുതായി അധിനിവേശം നടത്തിയ ഇടത്തിലെ പുതു പെരുമാറ്റരീതികളുമായി ഇടഞ്ഞു. ഗുരുവിനു പകരം ജ്ഞാനാന്വേഷകനെ കേന്ദ്രീകരിക്കുന്ന, ബഹുജ്ഞാനസ്രോതസ്സുകളെ ആശ്രയിക്കുന്ന, കുറേക്കൂടി ജനാധിപത്യപരവും സംവാദാത്മകവും സ്വയാർജ്ജനസ്വഭാവവുമുള്ള ഓപ്പൺ പ്ലാറ്റ് ഫോമുകളിൽ തങ്ങൾക്കുണ്ടാവുന്ന അധികാരഭ്രംശം ഇവരില്‍ പലരെയും അരക്ഷിതരാക്കാന്‍ തുടങ്ങി. അതിനെ മറികടക്കാൻചില മുല്യവിചാരവ്യഥകളുടെയും പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങളുടെയും വെയിറ്റിങ്ങ് ഷെഡുകളിലേക്കാണവരിൽ പലരും ചേക്കേറിയത്. മറ്റൊരു വിഭാഗമാവട്ടെ ഓഫ് ലൈനിലുണ്ടായിരുന്ന ആ പഴയ ക്ലാസ്സ് മുറിയുടെ കുളത്തിലേക്കുതന്നെ ചാടി ഒപ്പം ക്യാമറയെക്കൂടി ചാടിച്ച് ഓൺലൈനാക്കി അതിജീവിക്കാൻ ശ്രമിക്കുന്നു. ഒരു കപ്പൽച്ചേതത്തിൽമാത്രം ലൈഫ് ജാക്കറ്റിട്ട് എടുത്തുചാടി ജീവനുംകൊണ്ട് തുഴഞ്ഞുപോയി ഏതെങ്കിലും കര പിടിക്കാനുള്ള വഴിച്ചാലു മാത്രമാണോ ചുറ്റുമുണ്ടായിരുന്ന കടൽ എന്നൊരു ചോദ്യമില്ലേ? അതുപോലെ സ്വന്തം ജീവിതത്തിൽ ഓഫ്‌ലൈനായും ഓൺ ലൈനായും ഉഭയജീവിതം നയിക്കുന്ന നമുക്ക് എന്തുകൊണ്ട് ഈ രണ്ട് മണ്ഡലത്തിലൂടെയും സമാന്തരമായി, പരസ്പര പൂരകമായി സഞ്ചരിക്കുന്ന ഒരു അധ്യാപനജീവിതം വിഭാവനം ചെയ്തുകൂടാ എന്നൊരു ചോദ്യവുമില്ലേ? അതിന്‍റെ വെളുമ്പിൽനിന്നാണ് മൂന്നു വർഷം മുമ്പ്  2018 ലൊരു ജുൺ മഴക്കാലത്ത് ബ്ലെൻഡഡ് ലേണിങ്ങ് എന്ന ആശയം പിൻപറ്റി മൂഡിൽ പ്ലാറ്റ്ഫോമിലേക്ക് അവിചാരിതമായി എത്തിയതും തുടർന്നുള്ള അനുഭവങ്ങളും ഓർമ്മകളിൽ വരുന്നത്.

വേഡ് പ്രസ്സ് അധിഷ്ഠിതമായ ഓൺ ലൈൻ വിദ്യാഭ്യാസപോർട്ടലുകളിലെ പരീക്ഷണങ്ങൾക്കിടയ്ക്കാണു മൂഡിൽ എന്ന മോഡുലാർ ഒബ്ജക്റ്റ് ഓറിയന്റഡ് ഡൈനാമിക് ലേണിങ്ങ് എൻവയോണ്മെന്റ് എന്ന സോഫ്റ്റ് വെയറിലേക്കും അതുവഴി ലേണിങ്ങ് മാനേജ്മെന്റ്റ് സിസ്റ്റമെന്ന സങ്കേതത്തിലേക്കും വഴിതെറ്റിയെത്തുന്നത്. പൂർവധാരണകളോ സാങ്കേതികമോ സംവിധാനപരമോ ആയ പ്രവർത്തനപരിചയമോ ഒന്നുമില്ലാതെ  ഒഴിഞ്ഞ സെർവർ സ്ലേറ്റിൽ ചില ഹെൽപ്പ്  ഫയലുകളുടെ സഹായത്തോടെ ഒരു മൂഡിൽ വെബ് സൈറ്റ് ഇൻസ്റ്റാൾ ചെയ്താണു തുടക്കം.  പണിപ്പെട്ടുചെയ്ത ഇൻസ്റ്റലേഷനുശേഷം  കണ്ട സങ്കീർണ്ണമായ അതിന്‍റെ ഇന്റർഫെയ്സിൽ ഇനിയെങ്ങോട്ടുപോകണമെന്ന് ക്ലിക്കി ക്ലിക്കി അന്വേഷിച്ചും പരീക്ഷിച്ചും ഒരു മാസക്കാലത്തെ സ്വയം അഭ്യസനത്തിൽനിന്നാണതു വഴങ്ങിയത്. സത്യത്തിൽ അങ്ങോട്ടു വഴങ്ങിക്കൊടുത്തതായിരിക്കണം. ഒറ്റക്കാഴ്ചയിലെ നരച്ച ശുദ്ധശൂന്യമെന്നുതോന്നുന്ന ഫ്രണ്ട്എന്റ് എന്ന വെളിമ്പറമ്പിനെ നമ്മുടെ അഭിരുചികൾക്കനുസരിച്ച് ഏതുവിധവും കസ്റ്റമൈസ് ചെയ്തു മാറ്റാമെന്ന സാധ്യതയായിരുന്നു ഹരം. ലോകമെമ്പാടുമുള്ള മൂഡിൽ ഡെവലെപ്പേഴ്സിന്‍റെയും ഉപയോക്താക്കളുടെയും കമ്യുണിറ്റി ചർച്ചകളിലൂടെ കൊണ്ടും കൊടുത്തും നേടിയാണു മുന്നോട്ടുപോയത്. നിസ്വാർത്ഥമായ ഒരു കലക്റ്റീവ് നോളേജ് ഷെയറിങ്ങിന്‍റെ സംസ്കാരവും അതിലൂടെ നമ്മിൽ വേരുറയ്ക്കുന്നു എന്നതാണു മറ്റൊരു ഗുണം.

മൂഡിൽ ഇന്റർഫെയ്സിൽ എന്നെ ആകർഷിച്ചത് നാലുകാര്യങ്ങളായിരുന്നു. ഒന്ന് അതിനുപിറകിൽ നമ്മുടെ ക്ലാസ് മുറിയിലെ പതിവ് പ്രഭാഷണശൈലികൾ പുറത്താക്കിയ കോഴ്സ് ഡിസൈനിങ്ങ് എന്ന അധ്യാപകഭാവന ഏറെ ആവശ്യപ്പെടുന്ന ബോധനരീതിശാസ്ത്രത്തെ സംബന്ധിച്ച നമ്മുടെ അവബോധം പരീക്ഷിക്കപ്പെടുന്ന ഒരു ഫ്രെയിം വർക്കുണ്ട് എന്നതാണ്. രണ്ട്  അധ്യാപന അധ്യയന പ്രക്രിയയിൽ റിസോഴ്സ് പൂളിങ്ങിനേക്കാൾ ഇരുപതുമടങ്ങ് അത് ആക്റ്റിവിറ്റികൾക്ക് പ്രാധാന്യം നൽകുന്നു എന്നതാണ്. അതായത് അധ്യാപകൻ/അധ്യാപിക എന്ന കേന്ദ്രീകരണം മാറി വിദ്യാർത്ഥിയുടെ ആക്ഷനുകൾ ഫ്രണ്ട് സ്റ്റേയ്ജിലേക്കു വരുന്നു. ടീച്ചിങ്ങ് മാനേജ്മെന്റ് അല്ല ലേണിങ്ങ് മാനേജ്മെന്റാണു കാര്യം എന്നാവുന്നു. മൂന്ന് അതിലെ സംഘപ്രവർത്തനങ്ങൾക്കുള്ള സാധ്യതകളാണ്.  ടീച്ചിങ്ങ് ലേണിങ്ങ് പ്രക്രിയയെ അതു കൂടുതൽ ജനാധിപത്യപരവും സർഗാത്മകവും സംവാദാത്മകവുമാക്കുന്നുണ്ട്. തന്‍റെ മൊബൈൽ ആപ്പിലൂടെ തനിക്കൊപ്പം എപ്പോഴും കൊണ്ടു നടക്കുന്ന ഒരു കരുതലും കരുത്തുമായി ക്ലാസ് റൂം മാറുന്ന ഒരു കലക്റ്റിവിറ്റി ഫീലിങ്ങും സംഘസംസ്കാരവും വിദ്യാർത്ഥികൾക്കു നൽകുന്ന ആത്മവിശ്വാസമാണതിന്‍റെ ഫോക്കസിൽ വരുന്നത്. ടീച്ചർ എൻഡിൽ നമ്മളെതന്നെ കൂടുതൽ ജനാധിപത്യവത്കരിക്കാനുള്ള ഉപായംകൂടിയാണത്. നാലാമത് അഡാപ്റ്റീവ് ലേണിങ്ങ് എന്ന നൂതനാശയത്തോടു ചേർന്നുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള സാധ്യതയാണ്. ഒരിക്കലും നമ്മുടെ സാമ്പ്രദായിക ഇഷ്ടികച്ചുവരിനകത്ത് സാധിക്കാത്തത്. ഓരോ വിദ്യാർത്ഥിയും ഒരു ദ്വീപാണെന്നറിയാത്തവരല്ല നമ്മൾ. പക്ഷേ ഏറ്റവും അറ്റത്തുള്ള ഒരു കുട്ടിയെക്കൂടി പരിഗണിച്ചു മുന്നോട്ടുപോകൽ ക്ലാസ് റൂം മാനേജ്മെന്റിൽ അസാധ്യമാണല്ലോ. നമ്മുടെ വഴി ഒരു വിദ്യാർത്ഥിയെ ആദർശ വിദ്യാർത്ഥിയായിക്കണ്ട്  അഭിസംബോധന ചെയ്തുമുന്നോട്ടുപോകൽ മാത്രമാണ്. എന്നാൽ ഓരോ വിദ്യാർത്ഥിക്കും താൻ  ആഗ്രഹിക്കുന്ന അളവിൽ, ആഗ്രഹിക്കുന്ന വേഗത്തിൽ സ്വേച്ഛാപരമായി പഠനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാവുന്ന ചലനാത്മകമായ സെൽഫ് മോഡുലാർ ഡിസൈൻ മൂഡില്‍നു പിറകിലുണ്ട്. ലെസ്സൻ പോലുള്ള ആക്റ്റിവിറ്റികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്താൽ പല തലങ്ങളിലുള്ള റെമഡിയൽ ടീച്ചിങ്ങ്  ലെയറുകൾ സൃഷ്ടിച്ച് ക്ലാസിലെ അവസാനത്തെ കുട്ടിയെയും ലക്ഷ്യത്തിലെത്തിക്കാൻ കഴിയും എന്നതാണതിന്‍റെ മെച്ചം. ആമയും മുയലും അവയുടെ സഹജവേഗത്തിലാണെങ്കിലും ലക്ഷ്യത്തിലെത്തി എന്നുറപ്പിക്കലാണല്ലോ നമ്മുടെ കടമ. അഞ്ചാമത് അതിന്‍റെ ഉദ്ദേശ്യാധിഷ്ഠിതവും വസ്തുനിഷ്ഠവും സമഗ്രവുമായ സംവിധാനഭദ്രതയാണ്. കുട്ടികള്‍ ക്യാമ്പസ്സിലേക്ക് പ്രവേശിച്ച് ഓരോരോ സെമസ്റ്ററുകളിലും വിവിധ കോഴ്സുകൾ മുന്നോട്ടുവെക്കുന്ന നിരവധിയായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർ അതിനകത്തു ചെയ്യുന്ന ഓരോ ചെറുപ്രവർത്തനവും സിസ്റ്റം സൂക്ഷ്മമായി വിലയിരുത്തിയും  അതിനെയൊക്കെ ക്രെഡിറ്റ് ചെയ്തും ഗ്രെയ്ഡ് ചെയ്തും അവരുടെ പ്രോഗ്രസ്സ് അനുനിമിഷം കാണിച്ചുകൊടുക്കുന്നുണ്ടല്ലോ. അതിന്‍റെ അടിസ്ഥാനത്തിൽ അവർക്ക് മുന്നോട്ടു പോകാൻ കഴിയുമെന്നതും അധ്യാപകർക്കോ സിസ്റ്റത്തിനുതന്നെയോ കൃത്യമായ മോണിറ്ററിങ്ങിലൂടെ പ്രശ്നങ്ങള്‍ വന്നാല്‍ പരിഹാരമാർഗങ്ങൾ അപ്പപ്പോൾ ആവിഷ്കരിക്കാമെന്നതുമാണല്ലോ.  ഇതെല്ലാം വ്യക്തിനിരപേക്ഷമായ വസ്തുനിഷ്ഠ മൂല്യനിർണയത്തിലെത്തിക്കുമെന്നതും തീര്‍ച്ചയാണല്ലോ. അതൊക്കെ കൊണ്ടുതന്നെയാണ് ഇത് സമഗ്രമായ ഒരു ലേണിങ്ങ് മാനേജ്മെന്റ് സംവിധാനമാവുന്നത്. കൂടുതൽ ആഴവും ഗൗരവവുമുള്ള, ഉത്തരവാദിത്തപൂർണമായ, ഇടപെടലുകൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സിസ്റ്റത്തിന്‍റെയും ഭാഗത്തുനിന്ന് ഈ സംവിധാനം ആവശ്യപ്പെടുന്നുണ്ട് എന്നു വ്യക്തം.

മെച്ചങ്ങൾ ഉറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇതെങ്ങനെ പ്രയോഗത്തിൽകൊണ്ടുവരാമെന്ന പ്രശ്നത്തിലേക്കുവരാം. നമ്മുടെ സംവിധാനത്തിലെ ശരിക്കുമുള്ള തലവേദന അവിടെയാണ്. സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച വിശദമായ ഒരു കോൺസെപ്റ്റ് നോട്ടും പ്രൊപ്പോസലും കോളേജിൽ സമർപ്പിക്കുന്നത്. പതിവുപോലെ എന്തെന്നും എന്തിനെന്നും വിശദീകരിക്കാതെതന്നെ ചിരന്തനസാന്ത്വനമായ അവഗണനാപൂർവമായ അനുമതി ലഭിച്ചു. കാർണിവൽ പോലുള്ള പല വട്ടുകളും മുന്നേ പരീക്ഷിച്ചിട്ടുള്ളതുകൊണ്ടും സിസ്റ്റത്തിന്‍റെയോ തങ്ങളുടെയോ മേക്കു തട്ടാതെ ടിയാൻ തന്നെ വട്ടം തിരിഞ്ഞു അതെന്തായാലും നടത്തിക്കൊള്ളുമെന്ന ഉറപ്പുള്ളതുകൊണ്ടും ഞാൻ ചാടുമ്പോൾ കൂടെ കുഴിയിൽചാടാൻ ഒരു കൂട്ടം അധ്യാപകരും പിള്ളേരുമുണ്ടാവുമെന്നതുകൊണ്ടുമൊക്കെയാവണം ( അങ്ങനെയൊരു കലക്റ്റീവുണ്ടെന്നതാണ് എന്‍റെ ആത്മധൈര്യവും) പ്രൊപ്പോസൽ തടസ്സങ്ങളില്ലാതെ ആ വേലികടന്നത്. റഗുലർ കോഴ്സുകൾക്കുമുഴുവൻ സമാന്തരമായും അനുപൂരകമായും ഒരു വെർച്വൽ സ്പെയ്സ് തീർക്കുന്ന സമഗ്രമായ ഒരു മാസ്റ്റർ ഡിസൈനിലായിരുന്നു സൈറ്റ് പണിഞ്ഞത്. ബഹുഭൂരിപക്ഷം പേരും അതിനനുസരിച്ചു മുന്നോട്ടുവരില്ല എന്നും അതുകൊണ്ടുതന്നെ ആ സിസ്റ്റം പരാജയപ്പെടും എന്നും ഉറപ്പുണ്ടായിട്ടും അങ്ങനെത്തന്നെ മുന്നോട്ടുപോകാനായിരുന്നു പ്ലാൻ. കാരണം ഓഫ് ലൈൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മിശ്രണബോധനം ആയായിരുന്നു ഉള്ളിലെ ലക്ഷ്യം.

പ്രൊപ്പോസലിൽ എഴുതിച്ചേർത്ത ലക്ഷ്യങ്ങൾ ഇന്നു തിരിഞ്ഞുനോക്കുന്നത് രസമാണ്.

പ്രധാന ലക്ഷ്യങ്ങൾ

  1. കോളേജിൽ നിലനിൽക്കുന്ന എല്ലാ റഗുലർ അണ്ടർ ഗ്രാജുവേറ്റ്/ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളുടെയും ബോധന/മൂല്യനിർണ്ണയപ്രവർത്തനങ്ങളുടെയും ഓൺലൈനിലുള്ള ഏകോപനം.
  2. കോളേജിന്‍റെ ഓഫീസ് സംബന്ധമായതും ഡിപ്പാർട്മെന്റ് തലത്തിലുള്ളതുമായ എല്ലാ   അറിയിപ്പുകളും മറ്റ് വിവരങ്ങൾ നൽകലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാക്കൽ.
  3. കോഴിക്കോട്  സർവ്വകലാശാലക്ക് കീഴിൽ സമാനമായ കോഴ്സുകൾ നടത്തുന്ന കോളേജുകളിലെ ഡിപ്പാർട്മെന്റുകളെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഓൺലൈൻ പ്ലാറ്റ് ഫോമുമായി ബന്ധിപ്പിച്ച് ഒരു  ലേണിങ്ങ്  &റിസോഴ്സ് ഷെയറിങ്ങ് ഹബ്ബായി കോളേജിനെ വികസിപ്പിക്കൽ.
  4. കോളേജിനകത്തും പുറത്തുമുള്ള ഫാക്കൽറ്റികൾക്കും ഡിപ്പാർട്മെന്റുകൾക്കും തങ്ങൾക്ക് പ്രാവീണ്യമുള്ള മേഖലകളിൽ വിവിധ ആഡ് ഓൺ കോഴ്സുകൾ ലോകവ്യാപകമായി നൽകാനുള്ള സൗകര്യം ഒരുക്കൽ

പ്രതീക്ഷിച്ചപോലെ നാലിൽ മൂന്നും നടന്നില്ല. റഗുലർ കോഴ്സുകൾക്ക് ഓൺ ലൈൻ പ്ലാറ്റ്ഫോം കൂടികൊടുക്കുന്നതിൽ എന്‍റെ മലയാളം ഡിപ്പാർട്മെന്റും മറ്റു ഡിപ്പാർട്മെന്റിലെ വിരലിലെണ്ണാവുന്ന ചിലരും മാത്രമാണ് മുന്നോട്ടു പോയത്. മറ്റെല്ലായിടത്തും സംഭവിച്ചതു പോലെ സംഗതി ഒരു ഗംഭീരപരാജയമായി പൂട്ടിക്കെട്ടേണ്ടി വരുമോ എന്ന പ്രതിസന്ധിയിലാണു നാലാമത്തെ വഴിതെളിഞ്ഞത്. കോളേജിനു പുറത്തുള്ള വിദ്യാർത്ഥികൾക്കായി വിവിധ ആഡ് ഓൺ കോഴ്സുകൾ ഈ പ്ലാറ്റ് ഫോമുപയോഗിച്ചു നൽകാനുള്ള ഓപ്ഷൻ. യു.ജി.സി .നെറ്റ് കോച്ചിങ്ങ്, വിവിധ മൽസര പരീക്ഷകൾക്കുള്ള പരിശീലനങ്ങൾ, പി. എസ്സ്. സി. കോച്ചിങ്ങ് തുടങ്ങി തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ ഏതു കോഴ്സുകളും ഫാക്കൽറ്റികൾക്കോ ഡിപ്പാർട്മെന്റുകൾക്കോ ഓഫർ ചെയ്യാനാവും എന്നും ഈ കോഴ്സുകൾക്ക് നിശ്ചിത തുക സംഭാവനയായി പി. ടി. എ. ക്ക് വാങ്ങിക്കാനാവുമെന്നും വ്യവസ്ഥപ്പെടുത്തിയിരുന്നു.  ഇതുകൂടാതെ അക്കാദമിക് എക്സ്റ്റൻഷൻ പരിപാടി എന്ന നിലയ്ക്കും വിവിധ കോഴ്സുകളും ഓറിയന്റേഷൻ പ്രോഗ്രാമുകളും കമ്യുണിറ്റി ഔട്ട് റീച്ച് കോഴ്സുകളും ഇതുവഴി നൽകാനാവുമെന്ന സൗകര്യം നാക്ക് അക്രെഡിറ്റേഷൻ പോലുള്ള കാര്യങ്ങൾക്ക് ഉപകാരപ്പെടും എന്നുകൂടി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈസ്കൂൾ അസിസ്റ്റന്റ്  പി എസ് സി പരീക്ഷക്ക് ഞങ്ങൾ നടത്തിയ ഒറ്റദിവസത്തെ ഒരു ക്രാഷ് പ്രോഗ്രാം വലിയ റിസൾട്ട് നേരത്തെയുണ്ടാക്കിയിട്ടുമുണ്ടായിരുന്നു. അതിന്‍റെ ചുവടുപിടിച്ച് മൂഡിൽ പ്ലാറ്റ് ഫോമിൽ  ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക നിയമനത്തിനായുള്ള പി എസ് സി പരീക്ഷയ്ക്ക് നാലുമാസത്തെ ഓൺ ലൈൻ കോച്ചിങ്ങ് കൊടുക്കാനുള്ള പദ്ധതി തയ്യാറായി. മലയാളത്തോടൊപ്പം കെമിസ്റ്റ്രിയും കൂടെക്കൂടി. അങ്ങനെ ചരിത്രത്തിലാദ്യമായി മലയാളത്തിനായി ഒരു സമ്പൂർണ്ണ ഓൺലൈൻ കോഴ്സ് നടപ്പിലായി. 280 വിദ്യാർത്ഥികൾ കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്നായി മലയാളം കോഴ്സിൽ പങ്കെടുത്തു. പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ആകെ പുതുമയായിരുന്നു. അതിന്‍റെ ബാലാരിഷ്ടതകൾ പെട്ടെന്നു മറികടന്നു.  എല്ലാ ദിവസവും പഠനസാമഗ്രികളും പ്രവർത്തനങ്ങളും നൽകി വളരെ സജീവമായും കാര്യക്ഷമമായും കോഴ്സ് മുന്നോട്ടു കൊണ്ടുപോയി. സൈറ്റിൽ വരാതെതന്നെ മൂഡിൽ ആപ്പ് വഴി കോഴ്സ് ആക്സസ്സ് ചെയ്യാനാണു കുട്ടികളോട് പറഞ്ഞത്. വാട്സ് ആപ്പ് ഒക്കെ പരിചയമുള്ള  കുട്ടികൾക്ക് അതു സൗകര്യമായിരുന്നു. ഒരു തവണ മാത്രം ലോഗ് ഇൻ സെറ്റ് ചെയ്താൽ മതിയെന്നതുകൊണ്ടും ഓഫ്‌ലൈനിലും ആക്സസ്സ് ചെയ്യാമെന്നതും കുറഞ്ഞ ഡാറ്റാ ഉപയോഗമേ വരൂ എന്നുള്ളതുകൊണ്ടും കുട്ടികൾക്ക് എളുപ്പം മൊബൈൽ ആപ്പാണ്. കണ്ടന്റ് പബ്ലിക്കായതുകൊണ്ടും എല്ലാ സർവകലാശാലകളിൽനിന്നും കോളേജുകളിൽനിന്നും വരുന്ന  മികച്ച വിദ്യാർത്ഥികളാണു മുന്നിലുള്ളതെന്നതുകൊണ്ടും ആദ്യ ശ്രമം മോശമാവരുതെന്ന വാശികൊണ്ടും മോഡ്യൂൾ ഡെവലപ്മെന്റ് ചലഞ്ചിങ്ങായിരുന്നു. അത് അധ്യാപകരെന്ന  നിലയിൽ സ്വയം നവീകരിക്കാൻ ഞങ്ങളെ സഹായിച്ചു. എല്ലാം ഒന്നിൽനിന്നുതുടങ്ങണമെന്നതുകൊണ്ട് കണ്ടന്റ് ഡവലപ്മെന്റിനായി നിരവധി ആഴ്ചകൾ ഉറക്കമില്ലാതെ പണിയെടുത്തു. അക്കാദമിക് കേന്ദ്രിതമായ മലയാളം ഇ കണ്ടന്റുകളുടെ ദരിദ്രാവസ്ഥ അപ്പോഴാണു ശരിക്കുമറിഞ്ഞത്. ലൈവ് വീഡിയോ ക്ലാസുകളേക്കാൾ ടെക്സ്റ്റ് ബെയ്സ്ഡ് കണ്ടന്റുകളിലായിരുന്നു ഫോക്കസ് ചെയ്തത്.

ലോകത്തിന്‍റെ ഏതു മൂലയിൽനിന്നും തങ്ങളുടെ തിരക്കുപിടിച്ച അടഞ്ഞ കുടുംബസാഹചര്യത്തില്‍നിന്നും ഒഴിവുകണ്ടെത്തി തങ്ങളുടെ സൗകര്യത്തിനനുസരിച്ചു പഠിച്ചെത്താൻ കഴിയുമെന്ന ഈ സാധ്യത അവരുടെ സ്വപ്നങ്ങൾക്കുമപ്പുറമായിരുന്നു. അവരുടെ ഫോൺ വിളികളിലെ അനല്പമായ സന്തോഷം അത്രയും കാലത്തെ ശ്രമത്തിന്‍റെ വ്യഥകളെ എപ്പൊഴേ മായ്ച്ചുകളഞ്ഞിരുന്നു. അഥവാ ഈ പ്ലാറ്റ് ഫോമിന്റെ സാധ്യതയുടെ ഒരു അസ്സൽ സാധൂകരണം മുന്നോട്ടുള്ള പോക്കിൽ ഉറപ്പിക്കാനായി എന്നും പറയാം.

എന്നാൽ ഈ കോഴ്സിൽ എന്‍റെ ഉള്ളുലച്ചത് മറ്റൊരു കാര്യമാണ്. ടെയ്ക്കേഴ്സിൽ മഹാഭൂരിപക്ഷവും പെൺ കുട്ടികളായിരുന്നു. പലരും പി. ജി. കാലത്തോ അതിനുതൊട്ടുപിറകെയോ ദാമ്പത്യജീവിതത്തിലേക്കു സെറ്റിൽ ചെയ്തവർ; പ്രാരാബ്ധക്കാർ! പഠനകാലം മുഴുവൻ പൂർവാശ്രമത്തിലെ ഓർമ്മയാണവർക്ക്. തുടർ പഠന സാധ്യതകളോ സാമഗ്രികളോ മുന്നിലില്ല. വീട്ടിൽനിന്ന് പുറത്തേക്കു വഴികളുമില്ല. ചിലരൊക്കെ കേരളത്തിനു പുറത്തുമാണ്. ഒരു നീണ്ട ബ്രെയ്ക്കിനുശേഷമാണു പിഎസ് സി പഠിത്തത്തിലേക്കെത്തുന്നത്. ലോകത്തിന്‍റെ ഏതു മൂലയിൽനിന്നും തങ്ങളുടെ തിരക്കുപിടിച്ച അടഞ്ഞ കുടുംബസാഹചര്യത്തില്‍നിന്നും ഒഴിവുകണ്ടെത്തി തങ്ങളുടെ സൗകര്യത്തിനനുസരിച്ചു പഠിച്ചെത്താൻ കഴിയുമെന്ന ഈ സാധ്യത അവരുടെ സ്വപ്നങ്ങൾക്കുമപ്പുറമായിരുന്നു. അവരുടെ ഫോൺ വിളികളിലെ അനല്പമായ സന്തോഷം അത്രയും കാലത്തെ ശ്രമത്തിന്‍റെ വ്യഥകളെ എപ്പൊഴേ മായ്ച്ചുകളഞ്ഞിരുന്നു. അഥവാ ഈ പ്ലാറ്റ് ഫോമിന്റെ സാധ്യതയുടെ ഒരു അസ്സൽ സാധൂകരണം മുന്നോട്ടുള്ള പോക്കിൽ ഉറപ്പിക്കാനായി എന്നും പറയാം. അവർ നൽകിയ വളരെ ചെറിയ സംഭാവനയാവട്ടെ ദരിദ്രമായ പിടി എ ഫണ്ട് വീർപ്പിച്ചത് അധികാരസ്ഥാനങ്ങൾക്കും കോളേജിലെ പൊതുസംവിധാനത്തിനും ഈ പ്രൊജക്റ്റിനോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് യുജിസി നെറ്റ് കോച്ചിങ്ങടക്കം പല പല കോഴ്സുകളായി. കോളേജിനു നല്ല വരുമാനം കൊണ്ടുവരുന്ന, കോളേജിന്‍റെ പ്രശസ്തിയും പ്രസക്തിയും പുറത്തുള്ള ഒരു വലിയ വിദ്യാർത്ഥി സമൂഹത്തിലേക്കെത്തിക്കുന്ന ഒരു നല്ല എക്സ്റ്റൻഷൻ ആക്റ്റിവിറ്റിയായി, കൊളേജിന്‍റെ തനതു ബെസ്റ്റ് പ്രാക്റ്റീസായി, അതുമാറി..  പുറം കോഴ്സുകൾക്ക് വാങ്ങുന്ന പിടി എ സംഭാവനയിൽനിന്നൊരു വിഹിതം കോഴ്സ് ഓഫർ ചെയ്യുന്ന ഡിപ്പാർട്മെന്റുകളുടെ അക്കാദമിക് ആക്റ്റിവിറ്റികൾക്ക് നൽകണമെന്നുള്ള ഒരു ക്ലോസ് നയരേഖയിലുണ്ടായിരുന്നു. മലയാളത്തിന് കാർണിവൽ അടക്കം വലിയ ബജറ്റുള്ള നിരവധി പരിപാടികൾ തുടർച്ചയായി നടത്താനായി. ഈ സാധ്യത മറ്റു വിഭാഗങ്ങളെയും ആകർഷിച്ചു. എന്നാൽ പുറന്തിണയിൽ വലിയ സ്വീകാര്യത നേടിയപ്പോഴും അകത്തിണയിൽ കാര്യങ്ങൾ പഴയപോലെ തന്നെ തുടർന്നുവന്നു. മലയാളത്തിൽ ഞങ്ങൾ എല്ലാ കോഴ്സുകൾക്കും മൂഡിൽ സപ്പോർട്ട് നൽകിവന്നു. കേവലം മെറ്റീരിയലുകൾ നൽകൽ എന്നതിലപ്പുറം കുറേ പ്രോജക്റ്റുകൾ അതുവഴി ചെയ്യാമെന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ അതുവഴിയായി. ഡിഗ്രി പി ജി പഠനത്തിന്റെ ഭാഗമായി പൂർത്തീകരിക്കേണ്ട പ്രോജക്റ്റുകൾ മുഴുവൻ ഗ്രൂപ് പ്രോജക്റ്റുകളാക്കി മൂഡിൽ വഴി ചെയ്യാൻ തിരുമാനിച്ചു. മലയാള- കേരളപഠനത്തിനുവേണ്ട കോർപ്പസ് ഉണ്ടാക്കിയെടുക്കലായിരുന്നു ഹിഡൺ അജണ്ട. മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങളുടെ ഒരു ഓൺലൈൻ ഡിജിറ്റൽ ഉള്ളടക്ക സൂചികയുണ്ടാക്കലായിരുന്നു ആദ്യപ്രൊജക്റ്റ്. അപ്പൻ തമ്പുരാൻ ലൈബ്രറിയിലെ ശേഖരത്തിന്‍റെ വിശദമായ ഇന്റക്സും അതിന്‍റെ വിശകലനാത്മക പഠനങ്ങളും തയ്യാറായി. സാഹിത്യചരിത്രത്തിൽനിന്നു പുറത്താക്കപ്പെട്ട എത്രയോ എഴുത്തുകാർ, എഴുത്തുകൾ, സംവാദസ്ഥലങ്ങൾ ആ ഡാറ്റാ ബെയ്സിലൂടെ പുനർജന്മം നേടി. ഒരു ഭാഷാസാഹിത്യസംസ്കാരപദകോശത്തിന്‍റെ നിർമാണമായിരുന്നു മറ്റൊരു പ്രോജക്റ്റ്. രണ്ടായിരത്തിനുശേഷം പുറത്തുവന്ന ആനുകാലികങ്ങളുടെ വിശകലനാത്മക ഉള്ളടക്കസൂചിക തയ്യാറാക്കലും നടന്നുവരുന്ന മറ്റൊരു പ്രോജക്റ്റാണ്.

ഇതിനിടയിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസവകുപ്പ് കോളേജ് വിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെ മികച്ച കോളേജുകളെ കേന്ദ്രീകരിച്ചുകൊണ്ടു ഹയർ സെക്കക്കണ്ടറി മേഖലയിലെ  അധ്യാപകർക്കായി നടത്തുന്ന പത്തുദിവസം നീളുന്ന നൂതന അധ്യാപകപരിശീലനപരിപാടിയായ എച്ച്. എസ്. എസ്. ടി. ടി. പി .യിൽ എൽ എം എസിനെ ഇന്റഗ്രേയ്റ്റ് ചെയ്യാനും സംസ്ഥാനവ്യാപകമായി അതിനുള്ള എൽ .എം. എസ്. പ്ലാറ്റ് ഫോം കോളേജിൽനിന്നുതന്നെ സൗജന്യമായി നൽകാനുമായി. പല ബാച്ചുകളിലായി മൂവായിരത്തിയഞ്ഞൂറിലധികം അധ്യാപകരാണു ഈ കോഴ്സിൽ എൽ എം എസ് സംവിധാനം ഉപയോഗിച്ചത്. കേരളം മുഴുവൻ മൂഡില്‍നെയും കോളേജിനെയും എത്തിക്കാൻ കഴിഞ്ഞു എന്നതായിരുന്നു വലിയ നേട്ടം. അപ്പോൾ പ്ലസ് റ്റു അധ്യാപകർ ഒന്നടങ്കം പറയുന്നു. മൊബൈൽ ഫോൺ മുഴുവൻ നിരോധിച്ചിരിക്കയല്ലേ ,സാർ? നമുക്ക് സ്മാർട് ക്ലാസ് റൂമും അവിടെ പിപിടി പ്രസന്റേഷൻ സിനിമാക്കളിയുമേയുള്ളൂ,  പിന്നെന്തു ചെയ്യും—എന്ന്! 2018 ൽ സൈബർ ആന്ത്രോപ്പോളജിയിൽ വന്ന വൈ വി പോസ്റ്റ് എന്ന പഠനത്തിൽ ഇന്ത്യാക്കാരുടെ ഈ ഹിപ്പോക്രസി തൊലിയുരിച്ചുകാണിക്കുന്നുണ്ട്. കുട്ടികൾ സോഷ്യൽ നെറ്റ് വർക്കിൽ ഇടപെടേണ്ടത് പതിനെട്ടുകഴിഞ്ഞു മാത്രമാവണമെന്നാണതിലെ ഒരു സർവ്വേയിൽ ഇന്ത്യൻ സമൂഹം പറയുന്നത്. ഏറ്റവും കൂടിയ എയ്ജ് ലിമിറ്റ് പറഞ്ഞത് നമ്മളാണ്. എന്നാൽ ഈ സംഗതി വിദ്യാഭ്യാസത്തിന് ഏറെ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടവരിൽ ഏറ്റവും മുൻ പന്തിയിലും ഇന്ത്യാക്കാർ തന്നെ. എപ്പടി?

വഴിയെ പല കോഴ്സുകളും നടന്നു. ഇപ്പോൾ നടന്ന പി എസ് സി കോളേജ് അധ്യാപകപരീക്ഷയ്ക്കുള്ള മലയാളം ബാച്ചിൽ 400 ലധികം കുട്ടികളുണ്ടായിരുന്നു. രണ്ടുദശകത്തിലധികം നിണ്ട സർവ്വകലാശാലാ കോളേജ് അധ്യാപകജീവിതത്തിൽ ആകെ മുന്നിലിരുന്ന പി ജി വിദ്യാത്ഥികളേക്കാൾ എണ്ണത്തിലും ഗുണത്തിലും അധികം. പലസ്ഥലങ്ങളിലായി ചിതറികിടക്കുന്ന ഏറ്റവും മിടുക്കരായ പുതുതലമുറ അക്കാദമീഷ്യന്മാരുടെ ഒരു ഗ്രൂപ്പിനെ ഒരു അക്കാദമിക് പ്ലാറ്റ്ഫോമിൽ ഒന്നിച്ച് അഡ്രസ്സ് ചെയ്യാൻ കഴിയുന്നു എന്നതാണ് ഇതിലെ വലിയ അധ്യാപകാനുഭവമായി അടയാളപ്പെടുത്താനുള്ളത്.

മലയാളഗവേഷണത്തിനുമാത്രമായി ഒരു പോർട്ടൽ എന്ന ആശയത്തിലേക്കാണ് പിന്നെ എത്തിചേര്‍ന്നത്. ഇന്ത്യയിൽത്തന്നെ ആദ്യമായിരുന്നിരിക്കണം അത്. ഇന്ത്യയിലെ മുഴുവൻ സർവ്വകലാശാലകളിലെയും മലയാളം ഗവേഷകരെയും മാർഗദർശികളെയും ഒരു പ്ലാറ്റ് ഫോമിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിൽ മലയാളഗവേഷണം.കോം എന്ന പേരിൽ ഒരു മൂഡിൽ അധിഷ്ഠിത വെബ് പോർട്ടൽ സ്ഥാപിച്ചു. മലയാള  -കേരള ഗവേഷണപഠനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകുന്നതിനും വിവരസാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ ഗവേഷണമേഖലയിൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുമായി സ്ഥാപിച്ച  ഈ പ്ലാറ്റ്ഫോമിൽ മൂന്നു ദിശയിലുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് സ്വതന്ത്രസോഫ്റ്റ്‌വെയറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

മലയാളപഠന ഗവേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഒരു സമഗ്ര വെബ് പോർട്ടലാണ് ആദ്യത്തേത്. ആശയങ്ങളും വിവരങ്ങളും കൈമാറുക, പ്രഭാഷണപരമ്പരകൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവ ഓൺ ലൈനായും ഓഫ് ലൈനായും നടത്തുക,  അക്കാദമികസംവാദങ്ങള്‍, സംഘാന്വേഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ പൊതുവേദികൾഉണ്ടാക്കുക, ഗവേഷകരെ സഹായിക്കുന്ന വിവിധ ആകരസാമഗ്രികളും ഡാറ്റാബെയ്സുകളുമടങ്ങിയ കോർപ്പസ്സിന്‍റെ നിർമ്മാണം നടത്തുക,  ഓൺലൈൻ റിസർച്ച് കൺസൽട്ടൻസി, ഗവേഷണരീതിശാസ്ത്രം ഇവ സംബന്ധിച്ച ഓൺലൈൻ കോഴ്സുകൾ സംഘടിപ്പിക്കുക എന്നിങ്ങനെ നാലു പ്രവര്‍ത്തന മേഖലകളാക്കിയാണ് വെബ്പോർട്ടൽ സംവിധാനം ചെയ്തിരിക്കുന്നത്. 2020- ജനുവരിയിൽ വെബ് സൈറ്റ് പ്രവർത്തനമാരംഭിച്ചു.

മലയാളത്തിലെ അക്കാദമിക പ്രസിദ്ധീകരണങ്ങളെ അന്താരാഷ്ട്രഗവേഷണപ്രസിദ്ധീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണലുകളാക്കി ഒരു പൊതുപ്രതലത്തിലേക്കെത്തിച്ച്, പൊതുസമൂഹത്തിനു ലഭ്യമാക്കുന്ന മലയാളം റിസർച്ച് ജേർണൽ കൺസോർഷ്യമാണ് രണ്ടാമത്തേത്. കേരളപ്പിറവിദിനത്തിൽ പ്രവർത്തനമാരംഭിച്ച കൺസോർഷ്യത്തിൽ ഇതുവരെ അഞ്ച് ഗവേഷണപ്രസാധനസംരംഭങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

ഗവേഷണപ്രവർത്തനങ്ങളും പ്രബന്ധനിർമ്മാണവും സോഫ്റ്റ് വെയർ വഴി ഏകോപിപ്പിക്കാൻ ഗവേഷകരെ പ്രാപ്തരാക്കുന്ന പ്രോജക്റ്റാണു മൂന്നാമത്തേത്. ഗവേഷണത്തിനുപയോഗിക്കുന്ന മുഴുവൻ ആകരങ്ങൾ, ആവശ്യമായ റഫറൻസുകൾ, തയ്യാറാക്കുന്ന കുറിപ്പുകൾ എന്നിവയടങ്ങിയ ഓൺലൈൻ ലൈബ്രറി, ഇൻടെക്സ്റ്റ് സൈറ്റേഷനും ഫുട്നോട്ടുകളും ബിബ്ലിയോഗ്രാഫിയും സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചെയ്യുന്നവിധം പ്രബന്ധരചന നടത്തൽ, റിസോഴ്സുകളും റഫറൻസുകളും പരസ്പരം ഷെയർ ചെയ്യാനുള്ള പൊതുഗ്രൂപ്പ് എന്നിവ സെറ്റോറോ സോഫ്റ്റ് വെയർ ഉപയോഗിച്ചു ചെയ്യുന്നതിനാവശ്യമായ പരിശീലനവും നേതൃത്വവും നൽകുക എന്നതാണു ഈ പദ്ധതിയുടെ ലക്ഷ്യം.

അപ്പോഴാണു കോവിഡ് 19 ന്‍റെ  വരവ്. ക്ലാസ് മുറി പഠനം നിലയ്ക്കുകയും ഓൺലൈൻ പഠനം ഏതുവഴിക്കും നടത്തിക്കൊള്ളണം എന്ന സർക്കാർ നിർബന്ധം വരികയും ചെയ്തതോടെ എൽ എം എസ് സജീവമായി. അതോടൊപ്പം കേരളത്തിലെ അധ്യാപകസമൂഹത്തിനായി എൽ. എം. എസ്സിൽ മൂന്ന് പരിശീലനങ്ങളും ലൈവ് ഓൺ ലൈൻ ഹാന്റ്സ് ഓൺ കോഴ്സായി നടത്തി. ആയിരത്തിലധികം പേർ ഈ കോഴ്സുകളിലൂടെ മൂഡിൽ പരിശീലനം നേടി. ഒരു ഫ്രീ സർവ്വറിൽ സ്വന്തമായി എൽ. എം. എസ്. സംവിധാനം ചെയ്ത് ഉപയോഗിക്കാവുന്ന പരിശീലനം വഴി കൂടുതൽ അദ്ധ്യാപകർ ഗൂഗിൾമീറ്റ്, സൂം തുടങ്ങിയ വീഡിയോ കോൺഫറൻസിങ്ങ് ആപ്പുകൾ വഴിയും ക്ലാസ് റൂം വഴിയും കഷ്ടപ്പെട്ടു നടത്തിവന്നിരുന്ന അഭ്യാസങ്ങൾ അവസാനിപ്പിച്ച്  എൽ. എം. എസ്.  അധിഷ്ഠിത ഓൺ ലൈൻ അധ്യാപനത്തിലേക്കുമാറി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കണക്റ്റിവിറ്റിയും ഡാറ്റയുമായിരുന്നു പ്രശ്നം. മൂഡിൽ വലിയ അളവിൽ അതിനു പരിഹാരമാണെന്ന തിരിച്ചറിവ് നമ്മുടെ അധ്യാപകസമൂഹത്തിലുണ്ടായി. കോളേജിൽ എല്ലാ കോഴ്സുകളും ഓൺ ലൈനിൽ സജീവമായതോടൊപ്പം ഈ പുറം കോഴ്സുകളിൽനിന്നു ലഭിച്ച സംഭാവനകളും മറ്റും ചേർത്തുവെച്ച് മൊബൈൽ ഫോണില്ലാത്തതിനാൽ മാത്രം ഓൺലൈൻ ക്ലാസുകളിൽനിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്കുമുഴുവൻ ഫോൺ വാങ്ങിക്കാനായി എന്നത് മറ്റൊരു സന്തോഷം. കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച് കുറെ നിർദേശങ്ങളടങ്ങിയ ഒരു പരിപ്രേക്ഷ്യവും മറ്റൊരു വഴിക്ക് സമർപ്പിക്കാനായി.

തിരിഞ്ഞുനോക്കുമ്പോൾ സംഗതി രസമാണ്. നമ്മുടെ ചില സാഹസങ്ങൾ എന്തൊക്കെയോ ചില ഓളങ്ങളുണ്ടാക്കുന്നുണ്ട്, അതാർക്കൊക്കെയോ ഒരു ആയം നൽകുന്നുണ്ട്; അതൊക്കെതന്നെയല്ലേ ജീവിച്ചിരിക്കുന്നതിലെ ഒരു രസം…!

തിരിഞ്ഞുനോക്കുമ്പോൾ സംഗതി രസമാണ്. നമ്മുടെ ചില സാഹസങ്ങൾ എന്തൊക്കെയോ ചില ഓളങ്ങളുണ്ടാക്കുന്നുണ്ട്, അതാർക്കൊക്കെയോ ഒരു ആയം നൽകുന്നുണ്ട്; അതൊക്കെതന്നെയല്ലേ ജീവിച്ചിരിക്കുന്നതിലെ ഒരു രസം…!

എന്തായാലും അടുത്ത വട്ടു കയറനായി കാത്തുകിടപ്പാണിപ്പോൾ ഈ മൂഡി(ല്‍)ൽ…

 പിൻകുറി: അപ്പോൾ വരുന്നു വീണ്ടുമാ സനാതന ആശ്ചര്യം… “ഒരു മലയാളം മാഷായിരുന്നിട്ടും ഈ കമ്പ്യൂട്ടർ മേഖലയിൽ ഇതൊക്കെ ചെയ്യുന്ന… “ എന്ന കേട്ടു തഴമ്പിച്ച സ്വാഗത ധോരണി! എന്തൊരു ബൊറൻ സമൂഹമാണിത്. കമ്പ്യൂട്ടർ സയൻസിന്റേതാണെന്നും അതും പക്കാ ഫിസിക്സ് അദ്ധ്യാപകരുടെ മാത്രം മേഖലയാണെന്നും ആരാണിവരെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ എപ്പോഴത്തെയും ഒഴിഞ്ഞുമാറിയുള്ള മറുപടി ഇതാണ്: “സയൻസിനായാലും സോഷ്യൽ സയൻസിനായാലും ഇതൊക്കെ നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ലോകത്തെവിടെയെങ്കിലും അതിരുന്നുചെയ്യാൻ ആരെങ്കിലുമൊക്കെ ഉണ്ടാവും. അതുകൊണ്ട് നിങ്ങൾക്ക് സ്വച്ഛമായിതുടരാം. പക്ഷേ  ഈ പാവം മലയാളത്തിന് ഇതൊക്കെ ചെയ്യാൻ ഈ കൊച്ചു മലയാളത്തിൽനിന്നുതന്നെ ആരെങ്കിലുമൊക്കെ വേണ്ടേ.. അത്രയേ ഉള്ളൂ കാര്യം. “

അല്ല, പിന്നെ!

(ദിലീപ് രാജ് എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പുറത്തിറക്കിയ ‘ഇ ലേണിംഗ്: എന്ത്, എങ്ങനെ?’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്)

Comments
Print Friendly, PDF & Email

You may also like