പൂമുഖം LITERATUREലേഖനം മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും ഭരണമാറ്റ സാധ്യതകൾ

മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും ഭരണമാറ്റ സാധ്യതകൾ

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന 5 നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മിസോറാമിലെ മുഴുവൻ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഈ മാസം ഏഴാം തിയതി, ഒരൊറ്റ ദിവസം കൊണ്ട് തന്നെ പൂർത്തിയായി. ചത്തിസ്ഗറിലെ നക്സൽബാധിത പ്രദേശമായ 20 സീറ്റിലും നവംബർ 7 നു തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ബാക്കിയുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ 17 നു ആണ്. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നവംബർ 17 നു ഒരൊറ്റ ദിവസമായി നടക്കും. രാജസ്ഥാനിലെ 200 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 25 നു നടക്കും. തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നവംബർ 30 ന് നടക്കും . അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ മൂന്നാം തിയതിയാണ് നടക്കുന്നത്.

മിസോറാമിൽ പ്രധാന മത്സരം മുഖ്യമന്ത്രി സോറംതാങ നേതാവായ മിസോ നാഷണൽ ഫ്രണ്ട്, ലാൽസവത്വ നേതൃത്വം നൽകുന്ന കോൺഗ്രസ്, ലാൽദുഹാവമാ നേതൃത്വം നൽകുന്ന സോറം പീപ്പിൾസ് മൂവ്മെന്റ് എന്നിവർ തമ്മിലാണ്. മൂന്നു പാർട്ടികളും തമ്മിൽ നടക്കുന്ന മത്സരം അക്ഷരാർത്ഥത്തിൽ തീ പാറുന്നതാണ്. മണിപ്പൂർ സംഘർഷവും രാഹുൽ ഗാന്ധിയുടെ സന്ദർശനവും കോൺഗ്രസ് അണികൾക്കിടയിൽ വലിയ ഉത്തേജനം നൽകിയിട്ടുണ്ട് എങ്കിലും മിസോ നാഷണൽ ഫ്രണ്ടിന് തന്നെയാകും മിസോറാമിൽ മുൻ‌തൂക്കം. ഒരു ത്രിശങ്കു സഭയായിരിക്കും മിസോറാമിൽ ഉണ്ടാവുക എന്നാണ് നിരീക്ഷകരുടെ പക്ഷം.

ഛത്തിസ്ഗറിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ കോൺഗ്രസും മുൻമുഖ്യമന്ത്രി രാമൻ സിംഗിന്റെ നേതൃത്വത്തിൽ ബി ജെ പിയും തമ്മിൽ പൊരിഞ്ഞ മത്സരമാണ് നടക്കുന്നത്. മികച്ച ഭരണ പാടവം കൊണ്ട് ഭൂപേഷ് ഭാഗൽ ജനപിന്തുണ ആർജ്ജിച്ചു എന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ കേന്ദ്ര സർക്കാർ ഇ ഡി യെ ഉപയോഗിച്ച് നടത്തിയ മഹാദേവ് ആപ്പ് ആരോപണം ഒരു പക്ഷെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കുവാൻ സാധ്യതയുണ്ട്. കോൺഗ്രസിന് ഒപ്പം എന്ന് എല്ലാ സർവേ ഫലങ്ങളും വിധിയെഴുതിയ ഛത്തിസ്ഗർ എങ്ങനെയും പിടിച്ചെടുക്കുവാൻ ബി ജെ പി കിണഞ്ഞു ശ്രമിക്കുന്നു.

ഭൂപേഷ് ബാഗൽ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ പിന്നിലായി 33 ശതമാനം മാത്രം വോട്ടും 15 സീറ്റുമായി വളരെ പിന്നിൽ പോയ ബി ജെ പി ഇത്തവണ 42 ശതമാനം വോട്ടും 35 -42 സീറ്റുകൾ വരെ നേടും എന്ന് സർവേ ഫലങ്ങൾ പ്രവചിക്കുമ്പോൾ ആണ് ഇ ഡി മഹാദേവ് ആപ് ആരോപണം ഉന്നയിക്കുന്നത്. 45 ശതമാനം വോട്ടും കേവല ഭൂരിപക്ഷവും ആണ് സർവേകൾ ഭൂപേഷ് ബാഗലിന് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പിയും കമൽനാഥിനെ മുൻനിർത്തി കോൺഗ്രസ്സും കാടിളക്കിയുള്ള പ്രചാരണമാണ് മധ്യപ്രദേശിൽ നടത്തുന്നത്. 2005 മുതൽ 2018 വരെ മൂന്നു ടേമിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ശിവരാജ് സിങ് ചൗഹാൻ, ജ്യോതിരാദിത്യ സിന്ധ്യയുടെ കാലുമാറ്റത്തിലൂടെ കമൽ നാഥിനെ താഴെയിറക്കി വീണ്ടും 2019 ൽ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി ആയി. മധ്യപ്രദേശിൽ ഏറ്റവും കാലം ഭരിച്ച മുഖ്യമന്ത്രിയും ശിവരാജ് സിംഗ് ചൗഹാൻ ആണ്. ജനപ്രീതിയിൽ അദ്ദേഹത്തിന് വലിയ ഇടിവ് തട്ടിയിട്ടില്ലെങ്കിലും ബി ജെ പിക്കു അധികാരം കിട്ടുന്നു എങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയേക്കും എന്നാണ് കരുതപ്പെടുന്നത്.


ശിവരാജ് സിംഗ് ചൗഹാൻ

യെദിയൂരപ്പക്കു സീറ്റ് കൊടുക്കാതിരുന്നതിനാൽ ആണ് കർണാടകയിൽ പാർട്ടിക്ക് കനത്ത പരാജയം ഉണ്ടായത് എന്ന തിരിച്ചറിവിൽ മാത്രം ആണ് അദ്ദേഹത്തിന് ഇത്തവണ സീറ്റു പോലും ലഭിച്ചത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലാസ്തേ, പാർട്ടി ദേശീയ സെക്രട്ടറി കൈലേഷ് വിജയവർഗീയ തുടങ്ങിയവർ ആണ് പ്രധാന മുഖ്യമന്ത്രി മത്സരാർത്ഥികൾ. ഭരണവിരുദ്ധ വികാരം മുതലാക്കുവാൻ ഉള്ള തീവ്രശ്രമത്തിലാണ്, കമൽ നാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ്.

കമൽ നാഥ്

വളരെ ചെറിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നേക്കും എന്നാണ് സർവേകൾ പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വലിയ ജനക്കൂട്ടങ്ങളെ ആകർഷിക്കുമ്പോൾ പ്രവചനം അസാധ്യമാകുകയാണ് മധ്യപ്രദേശിൽ.

കോൺഗ്രസിലെ ഗെലോട്ട് – പൈലറ്റ് യുദ്ധത്താൽ ശബ്ദ മുഖരിതമായിരുന്ന രാജസ്ഥാൻ അവരുടെ യുദ്ധം അവസാനിപ്പിച്ചു ഒന്നിച്ചു തുടർഭരണത്തിനു ശ്രമിക്കുന്ന ശ്രമകരമായ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്. ബി ജെ പി യിലും വസുന്ധര രാജ – അമിത് ഷാ സംഘർഷവും ഒത്തു തീർപ്പിന്റെ സാധ്യതകൾ കണ്ടെത്തിക്കഴിഞ്ഞു, ഭരണം തിരിച്ചു പിടിക്കുക എന്ന ഏക ലക്ഷ്യത്തിലേക്കു മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറെ കാലമായി തുടർഭരണം രാജസ്ഥാനിലും കിട്ടാക്കനിയാണ്. അതിനാൽ ഇത്തവണയും ഭരണമാറ്റം ഉണ്ടാവും എന്ന് തന്നെയാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസ്സും ബി ജെ പിയും ഛത്തിസ്‌ഗർ , മധ്യപ്രദേശ് എന്നിവിടങ്ങളിലേത് പോലെ ഇവിടെയും നേർക്കുനേർ മത്സരങ്ങൾ ആണ് നടക്കുന്നത്. ബാക്കിയുള്ള കക്ഷികൾ എല്ലാം അപ്രസക്തം.

അശോക് ഗെലോട്ട്

കഴിഞ്ഞ തവണ 39 ശതമാനത്തിൽ അധികം വോട്ടും 100 സീറ്റുമായി അധികാരത്തിൽ വന്ന കോൺഗ്രസ്, അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ ഇത്തവണ വോട്ടു വിഹിതം 41 ശതമാനത്തിൽ അധികമായി വർദ്ധിപ്പിക്കുമെങ്കിലും സീറ്റുകൾ 80 നുള്ളിൽ മാത്രമായിരിക്കും എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. മറുപക്ഷത്തു ആകട്ടെ, രാജേന്ദ്ര സിംഗ് റാത്തോർ മുന്നിൽ നിന്ന് നയിക്കുന്ന ബി ജെ പി വോട്ടുവിഹിതം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും സീറ്റുകൾ 110 ന് മുകളിൽ എത്തി ഭരണം പിടിച്ചെടുക്കുമെന്നുമാണ് സർവേകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിൽ അശോക് ഗെഹ്‌ലോട്ട് ആണ് മുഖ്യമന്ത്രി സ്ഥാനാർഥി എങ്കിലും ബി ജെ പി യിൽ ഇത് വരെ ഒരു തീരുമാനം ആയിട്ടില്ല. തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴേക്ക് ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ തങ്ങൾക്ക് കഴിയും എന്നാണ് കോൺഗ്രസ് വിശ്വാസം.

തെലങ്കാന ആണ് തെരഞ്ഞെടുപ്പ് നേരിടുന്ന മറ്റൊരു സംസ്ഥാനം. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്റെ മുഴവൻ ക്രെഡിറ്റും ഒറ്റയ്ക്ക് ഏറ്റെടുത്ത കെ സി ആർ എന്ന ചാണക്യൻ ആണ് തെലങ്കാനയുടെ മുഖ്യമന്ത്രി. അദ്ദേഹം നേതൃത്വം നൽകുന്ന ബി ആർ എസ്സും രേവന്ത് റെഡ്‌ഡി നേതൃത്വം നൽകുന്ന കോൺഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം. ഒരു വർഷം മുൻപ് വരെയും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുമെന്ന് തോന്നിച്ച ബി ജെ പി ഇപ്പോൾ വളരെ പിന്നിൽ മൂന്നാം സ്ഥാനത്താണ് എങ്കിലും ചില മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വയ്ക്കുന്നു. ഹൈദരാബാദിൽ ശക്തമായ വേരുകളുള്ള സലാവുദീൻ ഒവൈസി ആണ് ആന്ധ്രയിലെ നിർണ്ണായകമായ മറ്റൊരു ശക്തി. തുടർഭരണത്തിന്റെ ആലസ്യത്തിൽ കെ സി ആർ കുടുംബത്തിന് വേണ്ടി പാർട്ടിയെ ഉപയോഗിച്ച് എന്നും സുഖലോലുപനായി മാറിയെന്നുമാണ് ജനങ്ങളുടെ പരാതി.

കെ ചന്ദ്രശേഖര റാവു

രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഉറങ്ങി കിടന്ന കോൺഗ്രസിനെ തെലങ്കാനയിൽ പോരാട്ട വീര്യമുള്ളതാക്കി തീർത്തത്. ബി ആർ എസ്സും കോൺഗ്രസും തമ്മിൽ ഇഞ്ചോടിച്ചു പോരാട്ടമാണ് തെലങ്കാനയിൽ. ചില മണ്ഡലങ്ങളിൽ ബി ജെ പിയും ഒവൈസിയും ശക്തരായതിനാൽ ത്രിശങ്കു സഭയാണ് സർവേകളിൽ പ്രവചിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ടും 88 സീറ്റും നേടിയ ബി ആർ എസ് ഇക്കുറി 38 ശതമാനം വോട്ടിലേക്കും 50 ഇത് താഴെ സീറ്റിലേക്കും എത്തിപ്പെടുവാനുള്ള സാധ്യത കാണുന്നു. കോൺഗ്രസ് ആകട്ടെ കഴിഞ്ഞ തവണ ലഭിച്ച 28 ശതമാനത്തിൽ നിന്നും 40 ശതമാനത്തിലേക്കും 19 സീറ്റിൽ നിന്നും 50 നു മുകളിൽ സീറ്റിലേക്കും ഉയരുവാനുള്ള സാധ്യതയുണ്ട്. ഭരണത്തിന് എതിരായ വികാരം ഏറ്റവും കൂടുതൽ തെലങ്കാനയിൽ ആണെന്നത് ബി ആർ എസ്സിന് ഭരണം കൈവിടുവാനുള്ള കാരണമായേക്കും.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like