പൂമുഖം LITERATUREലേഖനം കോൺഗ്രസിന് ഇത് തിരിച്ചു വരവിന്റെ നാളുകൾ ?

കോൺഗ്രസിന് ഇത് തിരിച്ചു വരവിന്റെ നാളുകൾ ?


അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത് തെലങ്കാന സംസ്ഥാനത്ത് ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ ഛത്തിസ്ഗർ കോൺഗ്രസിന് വലിയ മുൻ‌തൂക്കം നൽകിയപ്പോൾ മദ്ധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും രാജസ്ഥാനിൽ ബി ജെ പി വിജയം നേടുമെന്നും തെലങ്കാനയിൽ കെ സി ആറിന്റെ ബി ആർ എസ് വിജയിക്കുമെന്നും മിസോറാമിൽ ത്രിശങ്കു സഭക്കാണ് മുൻതൂക്കമെന്നുമാണ് പ്രധാന സർവ്വേകൾ എല്ലാം പ്രവചിച്ചത്.
എന്നാൽ തെരഞ്ഞെടുപ്പിന്റെ ഈ അവസാന ഘട്ടത്തിൽ ഓരോ സംസ്ഥാനത്തെയും സാധ്യതകൾ ഒന്ന് കൂടി വിലയിരുത്താം.

ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന സവിശേഷത ബി ജെ പി പഴയകാല കോൺഗ്രസ് ഹൈകമാൻഡ് രീതിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ മോദിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണം നടത്തിയപ്പോൾ കോൺഗ്രസ് പഴയ ബി ജെ പി രീതിയെ പിന്തുടർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുന്നിൽ നിർത്തി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയുള്ള പ്രചാരണം ആണ് നടത്തിയത്.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ നോമിനേഷൻ നൽകിയതിന് ശേക്ഷം വലിയ ഗതിയിൽ കോൺഗ്രസിന് അനുകൂലമായ കാറ്റാണ് വീശുന്നത്. സംസ്ഥാനം രൂപീകൃതമായ ശേക്ഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും കെ സി ആറിന്റെ ടി ആർ എസ് വലിയ വിജയമാണ് കരസ്ഥമാക്കിയത്. ബി ജെ പിയേക്കാൾ വലിയ കേഡർ സ്വഭാവമുള്ള പാർട്ടിയാണ് ബി ആർ എസ്. പക്ഷെ തെലങ്കാനയിലെ ജനം ഒരു മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഒരു വർഷം മുൻപ് വരെ ബി ആർ എസ്സിനും ബി ജെ പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് എല്ലാവരും എഴുതി തള്ളിയ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ആണ് തെലങ്കാനയിൽ കാണുന്നത്. രണ്ടു തവണയായി ഭരിക്കുന്ന കെ സി ആർ മാറണം എന്ന് ജനം ചിന്തിച്ചു തുടങ്ങിയിരുന്നു. ബി ജെ പിയുടെ തീപ്പൊരി നേതാവായിരുന്ന ബണ്ടി സഞ്ജയ് ആണ് കെ സി ആറിനെതീരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു പട നയിച്ചിരുന്നത്. കെ സി ആറും ബി ജെ പിയും തമ്മിൽ കടുത്ത ശത്രുതയിലുമായിരുന്നു. അപ്പോഴാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര തെലങ്കാനയിലൂടെ കടന്നു പോയത്. വലിയ സ്വീകരണമാണ് ആ യാത്രക്ക് അവിടെ ലഭിച്ചത്. പക്ഷെ കർണാടക തെരഞ്ഞെടുപ്പിൽ ബി ജെ പി.ക്കു ശക്തമായ തിരിച്ചടി നൽകിയ കോൺഗ്രസ്സ് മുന്നേറ്റമാവും ഇവിടെയും കോൺഗ്രസിന് ഒത്തു പിടിച്ചാൽ വിജയിക്കാം എന്നൊരു പ്രതീക്ഷ നൽകിയത്. ബി ജെ പി ആകട്ടെ, പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നടത്തിയ ഇന്ത്യ മുന്നണിയുടെ രൂപീകരണം നൽകിയ ആശയക്കുഴപ്പത്തിൽ ബണ്ടി സഞ്ജയിനെ പിന് വലിച്ചു സൗമ്യനായ കേന്ദ്ര മന്ത്രി കിഷൻ റെഡ്ഢിയെ തെലങ്കാന സംസ്ഥാന പ്രസിഡന്റ് ആയി നിയോഗിച്ചത്, കെ സി ആറും ബി ജെ പിയും തമ്മിൽ നടന്ന ഒരു ധാരണയുടെ ഫലം ആണെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കി. അത് കോൺഗ്രസും ബി ആർ എസ്സും തമ്മിലുള്ള ഒരു നേരിട്ടുള്ള അങ്കമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റിമറിച്ചു. ബി ജെ പി ഫലത്തിൽ തെലങ്കാനയിൽ അപ്രസക്തമായി.

രേവന്ത്‌ റെഡ്ഢി എന്ന ഒരൊറ്റ നേതാവാണ്, കർണാടകയിൽ ഡി കെ ശിവകുമാറിനെപ്പോലെ തെലങ്കാനയിൽ കാടിളക്കിയുള്ള പ്രചാരണത്തിന് കോൺഗ്രസിന് നേതൃത്വം നൽകിയതും മുന്നിൽ നിന്ന് നയിക്കുന്നതും. കെ സി ആറിന്റെ കുടുംബ പാർട്ടിയായി ബി ആർ എസ് മാറി എന്നതാണ് കെ സി ആറിന് എതിരായ ഏറ്റവും വലിയ ആരോപണം. ഒവൈസിയുടെ നേതൃത്വത്തിലുള്ള ആൾ ഇന്ത്യ മജിലിസ് ഇത്തേഹാദുൽ മുസ്ലീമൻ എന്ന പാർട്ടിയും പിന്തുണക്കുന്നത് കെ സി ആറിന്റെ ബി ആർ എസ്സിനെയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കൃത്യമായി ബൂത്ത് മാനേജ്‌മെന്റ് നടത്തുവാൻ കോൺഗ്രസിന് സാധിച്ചാൽ കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും. ബണ്ടി സഞ്ജയ് നെ മാറ്റി കിഷൻ റെഡ്ഡിയെ കൊണ്ടു വന്നതിൻ്റെ ഫലമായി ഏതാനും ചില സീറ്റുകളിൽ ഒഴികെ വിജയിക്കാൻ സാധ്യത തീരെയില്ലാത്ത ഇടങ്ങളിൽ അവർ ബി ആർ എസ്സിനെ വിജയിപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിൻ്റെ സാധ്യത മങ്ങും. അല്ലെങ്കിൽ കോൺഗ്രസ് 55-65 സീറ്റുവരെ നേടിയേക്കും. ബി ആർ എസ് 40 – 45 സീറ്റുകളിലും ബി ജെ പി യും ഒവൈസിയും 5 -7 സീറ്റുകൾ വരെയും നേടിയേക്കും.

25 -ആം തിയതി തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കഴിഞ്ഞ 30 വർഷമായി കോൺഗ്രസ്സും ബി ജെ പിയും മാറി മാറി ജയിച്ചു വരുന്ന ഒരു സംസ്ഥാനമാണ്. അങ്ങനെ ആണെങ്കിൽ ഇത്തവണ ജയിക്കേണ്ടത് ബി ജെ പി ആണ്. പൊതുവെ കോൺഗ്രസ് ജയിക്കുമ്പോൾ വളരെ നേരിയ ഭൂരിപക്ഷത്തിനു ജയിക്കുകയും തോൽക്കുമ്പോൾ പൂർണ്ണമായി തകർന്നടിയുകയും ചെയുന്ന ഒരു രീതിയാണ് രാജസ്ഥാൻ മോഡൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് നടന്ന അഭിപ്രായ സർവ്വേകളിൽ കോൺഗ്രസ് അറുപതോളം സീറ്റുകളിലും ബി ജെ പി 120 ഓളം സീറ്റുകളിലും ജയിക്കുമെന്നായിരുന്നു പ്രവചനം. 20 ഓളം സീറ്റുകളിൽ റിബലുകളും ചെറിയ പാർട്ടികളും വിജയിക്കുവാനുള്ള സാധ്യത രാജസ്ഥാനിൽ പ്രവചിച്ചിരുന്നു. അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പരസ്യമായ പോര് മികച്ച ഭരണം കാഴ്ച വച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്തി. രാജസ്ഥാനിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ് അശോക് ഗെഹ്‌ലോട്ട് ആണ്. മറ്റുള്ളവരെല്ലാം വളരെ പിന്നിലാണ്. കഴിഞ്ഞ രണ്ടു വർഷമായി അനേകം ജനോപകാരപദ്ധതികൾ രാജസ്ഥാനിൽ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതു ജനങ്ങൾക്ക് വലിയ ആശ്വാസം ആയിരുന്നു. വസുന്ധര രാജയെ പിന്തുണക്കാതെ, മുഖ്യമന്ത്രിയായി ആരെയും ഉയർത്തിക്കാട്ടാതെ, മോദിയെ മുന്നിൽ നിർത്തിയാണ് ബി ജെ പി ഇത്തവണ മത്സരത്തിനു ഇറങ്ങിയിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള കലാപത്തിന് ബി ജെ പിയിലും ഒട്ടും കുറവില്ല. പ്രചാരണത്തിന്റെ അവസാനലാപ്പിൽ കോൺഗ്രസ് വലിയ മുന്നേറ്റം കാഴ്ച വെച്ചു എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ആർക്കും ഭൂരിപക്ഷം കിട്ടാത്ത ഒരു ഫലം ആയിരിക്കും ഇത്തവണ രാജസ്ഥാനിൽ ഉണ്ടാവുക. കോൺഗ്രസും ബി ജെ പിയും 85 -95 സീറ്റുകളിൽ വീതം വിജയിക്കാൻ സാധ്യത കാണുന്നു. ചിലപ്പോൾ നേരിയ സീറ്റുകൾക്ക് ബി ജെ പി മുന്നിലെത്തിയേക്കും. എന്തായാലും രാജസ്ഥാനിലെ ഭരണം ചെറിയ പാർട്ടികൾ തീരുമാനിക്കും.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് കോൺഗ്രസിന് വിജയ സാധ്യത നൽകിയ സംസ്ഥാനം ആണ് മദ്ധ്യപ്രദേശ്. ഭരിക്കാൻ വേണ്ടത് 116 സീറ്റുകൾ ആണ്. കോൺഗ്രസിന് 120 -130 സീറ്റുകൾ വരെയും ബി ജെ പിക്ക് 90 -100 സീറ്റുകൾ വരെയും ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് നടന്ന പ്രവചനം. ജനോപകാര പ്രദമായ പദ്ധതികൾ പ്രഖ്യാപിച്ചതിനാൽ മധ്യപ്രദേശിലെ സ്ത്രീ വോട്ടർമാർ ബി ജെ പിക്ക് കൂടുതലായി വോട്ടുകൾ നൽകുമെന്നാണ് നിരീക്ഷണം. പക്ഷെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മുന്നിൽ നിർത്താതെ കേന്ദ്ര മന്ത്രിമാരെയും എം പി മാരെയും ഇറക്കി ബി ജെ പി നടത്തുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഏതു രീതിയിൽ പ്രതികരിക്കും എന്ന ഭയം നിരീക്ഷകരിൽ ആശങ്ക പരത്തുന്നുണ്ട്. പക്ഷെ മദ്ധ്യപ്രദേശിലും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വളരെ കടുത്ത പോരാട്ടം നടക്കുകയും കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഭൂരിപക്ഷം വളരെ നേർത്തതാകുമെന്നു നിരീക്ഷിക്കുകയും ചെയ്യുന്നു . ബി ജെ പി 100 -110 സീറ്റുകൾ വരെയും കോൺഗ്രസ് 110 -120 സീറ്റുകൾ വരെയും നേടിയേക്കും.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ് കോൺഗ്രസ് ഏറ്റവും എളുപ്പത്തിൽ വിജയിച്ചു കയറും എന്ന് കരുതിയിരുന്ന ഛത്തിസ്ഗറിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്ക് മത്സരം കടുകട്ടിയായി. കഴിഞ്ഞ തവണ ഏതാണ്ട് 10 ശതമാനത്തോളം വോട്ടു ബി ജെ പിയെ അപേക്ഷിച്ചു കോൺഗ്രസിന് കൂടുതൽ കിട്ടിയെങ്കിൽ ഇത്തവണ അത് കേവലം രണ്ടു ശതമാനം ആയി മാറും എന്നാണ് കണക്കു കൂട്ടുന്നത്. ഭൂപേഷ് ബാഗൽ ആണ് സംസ്ഥാനത്തു ഏറ്റവും ജനസമ്മതിയുള്ള നേതാവ് എങ്കിലും അവസാന സമയത്തു വന്ന മഹാദേവ് ആപ്പ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. കോൺഗ്രസിന് 45 – 55 സീറ്റുകൾ വരെയും ബി ജെ പിക്ക് 35 – 45 വരെ സീറ്റുകൾ ലഭിച്ചേക്കും.

മിസോറാമിൽ ഭരണമാറ്റത്തിന് സാധ്യത കുറവാണ്, പക്ഷെ ഒരു പക്ഷെ കോൺഗ്രസ്സ് അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുവാനുള്ള സാധ്യത ഉണ്ട്. 40 അംഗ നിയമസഭയിൽ സോറംതങ്ക നേതൃത്വം നൽകുന്ന മിസോ നാഷണൽ ഫ്രണ്ട് 12 -16 സീറ്റുകൾ വരെയും കോൺഗ്രസ് 13 -17 സീറ്റുകൾ വരെയും സോറം പീപ്പിൾസ് മൂവ്മെന്റ് 9 -13 സീറ്റുകൾ വരെയും നേടിയേക്കും. മിക്കവാറും മിസോ നാഷണൽ ഫ്രണ്ടും സോറം പീപ്പിൾസ് മൂവ്മെന്റും ചേർന്നാവും സർക്കാർ രൂപീകരിക്കുക.

Comments
Print Friendly, PDF & Email

You may also like