പൂമുഖം LITERATUREലേഖനം ഭരണകൂടം വ്യവസായികളുടേതാവുമ്പോൾ

ഭരണകൂടം വ്യവസായികളുടേതാവുമ്പോൾ

STATE CAPTURE


സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ സ്ഥിതി മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ഒരു രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള പ്രക്രിയയെ അവിഹിതമായി സ്വാധീനിക്കാൻ കച്ചവട-വ്യവസായ ഉടമകളും രാഷ്ട്രീയ-അധികാരകേന്ദ്രങ്ങളും ചേർന്ന് നടത്തുന്ന അഴിമതിയെയും ഗൂഢാലോചനയേയും നിർവ്വചിക്കുന്ന അക്കാദമിക് പദമാണ്‌ “സ്റ്റേറ്റ് ക്യാപ്ച്ചർ “(State Capture) എന്നത്. ഇതിന്റെ അർത്ഥം ശരിയാംവണ്ണം പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും “ഭരണവ്യവസ്ഥയെ പിടിച്ചെടുക്കൽ” എന്ന് മലയാളത്തിൽ വേണമെങ്കിൽ പറയാം. മിക്ക ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം ഉദ്യമങ്ങൾക്ക് തടയിടാൻ നിയമങ്ങൾ ഉണ്ടെങ്കിലും സ്വന്തം പണത്താൽ അധികാരത്തിലേറ്റിയ രാഷ്ട്രീയകൂട്ടാളികളുടെ സഹായത്തോടെ നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതിൽ കച്ചവട-വ്യവസായ ലോബികൾ വിജയിക്കുന്ന ചരിത്രമാണ് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും നമുക്ക് കാണാനാവുന്നത്.
ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ അധ്യാപകൻ പ്രൊഫസ്സർ അബി ഇന്നസ്സിന്റെ അഭിപ്രായത്തിൽ “State Capture” സർക്കാർ നയം വക്രീകരിക്കുക മാത്രമല്ല, ചില കോർപറേറ്റുകളെ വഴിവിട്ട് മറ്റുള്ളവരെക്കാൾ വ്യവസ്ഥാപിതമായി അനുകൂലിക്കുന്നതിന് വഴി തുറക്കുകയും ചെയ്യുന്നു. “State Capture”-ന്റെ മൂർദ്ധന്യാവസ്ഥയിൽ കോർപറേറ്റുകൾ പ്രത്യക്ഷത്തിൽ തന്നെ രാജ്യത്തിൻറെ നിയമനിർമ്മാണ പ്രക്രിയയെ സ്വാധീനിക്കുന്നു. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപ്രവർത്തകർ ഒറ്റയ്ക്കോ കൂട്ടമായോ അവരെ താങ്ങിനിർത്തുന്ന കോർപറേറ്റുകൾക്ക് വഴിവിട്ട സഹായങ്ങളും ചെയ്തുകൊടുക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ രാജ്യത്തിൻറെ മുഴുവൻ നയരൂപീകരണഘടനയും വില്പനച്ചരക്കായി മാറുന്നു.
കിഴക്കൻ യൂറോപ്പിലെയും മധ്യേഷ്യയിലെയും അഴിമതിയെ കുറിച്ചുള്ള 2003-ലെ ലോക ബാങ്ക്ലാ റിപ്പോർട്ടിലാണ് “State Capture” എന്ന ആശയം ആദ്യമായി നിർവ്വചിക്കപ്പെടുന്നത്. ചില ഭരണ പ്രഭു വർഗ്ഗങ്ങൾ തങ്ങളുടെ ആധിപത്യം നിലനിർത്താൻ പ്രയോഗിക്കുന്ന അസാധാരണ തന്ത്രങ്ങളെ വിവരിക്കാൻ ഒരു പുതിയ പദം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് “State Capture” എന്ന പ്രയോഗം രൂപപ്പെടുന്നത്.


ജബൾ (Chaebol) എന്നറിയപ്പെടുന്ന കുടുംബ-വ്യവസായഭീമന്മാർ രാഷ്ട്രീയനേതാക്കളെയും ഭരണകൂടത്തെയും സ്വാധീനിച്ച് അവിഹിതമായി ആനുകൂല്യങ്ങൾ കൈപറ്റുന്ന സാഹചര്യം തെക്കൻ കൊറിയയിൽ വളരെക്കാലമായി നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും വാർത്താപ്രാധാന്യം നേടിയതാണ് 2015-ൽ തെക്കൻ കൊറിയയിലെ ഏറ്റവും വലിയ കമ്പനിയും ലോകത്തിലെ തന്നെ പ്രമുഖ ടെക് കമ്പനികളിൽ ഒന്നുമായ സാംസങ് കമ്പനിയും അന്നത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്യുൻ-ഹിയുമായി നടത്തിയ അവിഹിത പണമിടപാടുകളും അഴിമതിയും. 2016-ൽ, പാർക്ക് ഗ്യുൻ-ഹി ഇമ്പീച്ച് ചെയ്യപ്പെടുകയും നടപടിയെ കോടതി ശരിവെച്ചതിനെ തുടർന്ന് 2017-ൽ പ്രസിഡന്റ സ്ഥാനത്ത് നിന്ന് നിഷ്കാസിതയാവുകയും ചെയ്തു. മാത്രമല്ല, അധികാരദുർവിനിയോഗം, അഴിമതി, എന്നീ കുറ്റങ്ങൾക്ക് അവരെ കോടതി 25 വർഷത്തെ തടവിനും വിധിച്ചു (എങ്കിലും 2021-ൽ സഹതാപത്തിന്റെ പേരിൽ അവരെ അന്നത്തെ പ്രസിഡന്റ് ജയിലിൽ നിന്ന് മോചിതയാക്കി). നീണ്ട കോടതി നടപടികൾക്ക് ശേഷം സാംസങ് കുടുംബത്തിലെ അനന്തരാവകാശിയും കമ്പനി മേധാവിയുമായ ലീ ജായ് യോങ്ങും അഴിമതിക്കുറ്റത്തിന് ജയിൽ ശിക്ഷ ഏറ്റുവാങ്ങി.

ലീ ജായ് യോങ്


തെക്കൻ കൊറിയയിൽ സാംസങും അവരെപോലെയുള്ള മറ്റ് ഭീമന്മാരും നടത്തിയ അഴിമതിയെ വെല്ലുന്ന, State Capture-ന്റെ ശരിപ്പകർപ്പ് എന്ന് പറയാവുന്ന, അഴിമതിയാണ് ജേക്കബ് സുമ പ്രസിഡന്റ് ആയിരുന്ന 2009-2018 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയത്. 1993-ൽ ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ഗുപ്ത കുടുംബമാണ് (പ്രധാനമായും അതുൽ, അജയ്, രാജേഷ്, എന്നീ സഹോദരന്മാരും വരുൺ എന്ന അനിന്തരവനും ചേരുന്നതാണ് ആ കുടുംബം) ഇതിലെ കേന്ദ്ര കഥാപാത്രം. വ്യക്തിതലത്തിലും അവരുടെ കമ്പനിയായ ‘ഓക്ബേ ഇൻവെസ്റ്റ്മെന്റ്സ്’ മുഖേനയും ഗുപ്ത കുടുംബം ജേക്കബ് സുമയുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുത്തു. ആ ബന്ധം പിന്നീട് അവിഹിത ഇടപെടലുകളിലേക്കും അഴിമതിയിലേക്കും വഴിതെളിച്ചു. ഗുപ്ത കുടുംബത്തിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ നേട്ടത്തിനായി സർക്കാർ തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയായി. പ്രസിഡന്റിന്റെ മകൻ ഡൂഡുസാനെ ഉൾപ്പെടെ നിരവധി സുമ കുടുംബാംഗങ്ങളെ അവർ സ്വന്തം കമ്പനികളിൽ നിയമിച്ചു. ഗുപ്ത സഹോദരന്മാർ പലപ്പോഴും തങ്ങൾക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥരോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ അന്വേഷണകമ്മീഷന് മുൻപാകെ വെളിപ്പെടുത്തിയ വിവരങ്ങൾ പിന്നീട് പുറത്ത് വരികയുണ്ടായി. ഈ രീതിയിൽ “പിടിച്ചെടുക്കപ്പെട്ട” പൊതുസ്ഥാപനങ്ങളിൽ ധനകാര്യം, പ്രകൃതിവിഭവങ്ങൾ, പൊതുസംരഭങ്ങൾ, എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ, നികുതിപിരിവിനും ആശയവിനിമയത്തിനും ചുമതലയുള്ള സർക്കാർ ഏജൻസികൾ, സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ SABC, ദേശീയ വിമാനക്കമ്പനി സൗത്ത് ആഫ്രിക്കൻ എയർവെയ്‌സ്, സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ ഓപ്പറേറ്റർ ‘ട്രാൻസ്‌നെറ്റ് ‘ ഊർജ്ജഭീമൻ ‘എസ്‌കോം’തുടങ്ങിയവയും ഉൾപ്പെടുന്നു. സർക്കാർ-പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥനിയമനം പ്രസിഡന്റിൽ നിക്ഷിപ്തമായിരുന്നത് വലിയ അളവിൽ അഴിമതിയും അവിഹിത ഇടപെടലുകളും നടത്തുന്നതിന് ഗുപ്ത സഹോദരന്മാരെ സഹായിച്ചു.
അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ നിന്നുള്ള നിരന്തര സമ്മർദ്ദവും ജേക്കബ് സുമയെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് നിർബ്ബന്ധിതനാക്കി.

ജേക്കബ് സുമ

അവസാനം 2018 ഫെബ്രുവരിയിൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. അതിന് മുമ്പ് തന്നെ, വളർന്നുവരുന്ന പ്രതികൂല സാഹചര്യം മനസ്സിലാക്കി, ഗുപ്ത സഹോദരന്മാർ താമസം ദുബൈയിലേക്ക് മാറ്റിയിരുന്നു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, എന്നീ കുറ്റങ്ങൾ ചുമത്തി 2022-ൽ അതുൽ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഗുപ്ത സഹോദരന്മാർ ഇപ്പോഴും പാലായനത്തിലാണ്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയതോടെയാണ് ഇന്ത്യയിൽ State Capture-ന്റെ ലാഞ്ചനകൾ കണ്ടുതുടങ്ങിയത്. യെമെനിൽ പെട്രോൾ പമ്പ്ആ അറ്റെൻഡർ ആയിരുന്ന ധിരുഭായ് അംബാനി, ടാറ്റ, ബിർള, മഫത്ലാൽ, തുടങ്ങിയ പരമ്പരാഗത വ്യവസായികളെ പിന്നിലാക്കി അതിവേഗം വളർന്നതിന് പിന്നിൽ അവിഹിത ഭരണകൂടസ്വാധീനവും അഴിമതിയും ഉണ്ടായിരുന്നു. 1980-കളിൽ ഇന്ത്യയിൽ നിലനിന്നിരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും അഴിമതിക്കും അവിഹിത ഇടപെടലുകൾക്കും വളം വെക്കുന്ന തരത്തിൽ അങ്ങേയറ്റം പുരാത നവും ഭരണകൂടത്തിന് വിവേചനാധികാരം നല്കുന്നവയുമായിരുന്നു. അന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രി ആയിരുന്ന പ്രണബ് മുഖർജി ‘റിലയൻസി’ന് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ നികുതിനിരക്കുകളിൽ മാറ്റം വരുത്തിയതായും നയങ്ങളിലും നിയന്ത്രണങ്ങളിലും ഭേദഗതികൾ കൊണ്ടുവന്നതായും ആരോപണം നേരിടുകയുണ്ടായി. എന്തിനധികം റിലയൻസിന് അനുകൂലമായ വിധികളിലൂടെ സുപ്രീം കോടതി പോലും അക്കാലത്ത് സംശയത്തിന്റെ നിഴലിലാവുകയുണ്ടായി.
2017-ൽ പരേതനായ അരുൺ ജെയ്‌റ്റിലി ധനകാര്യമന്ത്രി ആയിരുന്ന സമയത്താണ് തിരഞ്ഞെടുപ്പ് ബോണ്ടുകൾ (electoral bonds )എന്ന ആശയം ഇന്ത്യയിൽ പരിചയപ്പെടുത്തുന്നത്. 2018-ൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ നിയമപരമായിത്തന്നെ നിലവിൽ വന്നു. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിലെ കള്ളപ്പണം നിർത്തലാക്കുക, സുതാര്യത കൊണ്ടുവരിക, എന്നിവയാണ് ഈ ബോണ്ടുകളുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഫലത്തിൽ നേരെ വിപരീതമാണ് സംഭവിച്ചത്. തിരഞ്ഞെടുപ്പ് ബോണ്ട്‌ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഒരു കോർപറേറ്റ് സ്ഥാപനത്തിന് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭവനയ്ക്ക് പരിധി ഉണ്ടായിരുന്നു. അത് കമ്പനിയുടെ മൂന്ന് വർഷത്തെ അറ്റാദായത്തിന്റെ 7.5%ൽ കൂടാൻ പാടില്ലായിരുന്നു. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തി എൻ ഡി എ സർക്കാർ ഈ പരിധി എടുത്തുകളഞ്ഞു. കൂടാതെ, തിരഞ്ഞെടുപ്പ് ബോണ്ടുകൾ ൾ വഴി സംഭാവന നൽകുന്നവരുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്താൻ പാടില്ലെന്ന വ്യവസ്ഥയും കൊണ്ടുവന്നു. ഇപ്രകാരം ബോണ്ടുകളുടെ സുതാര്യത നഷ്ടപ്പെടുത്തി. അതേസമയം ഭരിക്കുന്നവർക്ക് എല്ലാ വിവരങ്ങളും അറിയാനുള്ള പഴുതുകൾ നിയമത്തിൽ ഉണ്ടായിരുന്നു താനും. ചുരുക്കത്തിൽ തങ്ങൾക്ക് താല്പര്യമുള്ള വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ പൊതുജനം അറിയാതെ സ്വരൂപിക്കുന്നതിനും പ്രതിഫലമായി അവർക്ക് ഉതകുന്ന തരത്തിൽ സർക്കാർ നയങ്ങളും പദ്ധതികളും തീർപ്പാക്കുന്നതിനും, സംഭാവന നല്കാത്തവരെ പ്രതികൂലനടപടികളിലൂടെ ശിക്ഷിക്കുന്നതിനും, ഇലക്ടറൽ ബോണ്ടുകൾ വഴിതുറന്നു.

2018-ന് ശേഷം ഇന്ത്യയിലെ വ്യവസായ ഭൂപടത്തിൽ സംഭവിച്ച വ്യത്യാസങ്ങളും ചില വ്യവസായികൾ കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയും വിരൽചൂണ്ടുന്നത് തിരഞ്ഞെടുപ്പു ബോണ്ടുകൾ എങ്ങനെ ഒന്നോ രണ്ടോ വ്യവസായകുടുംബങ്ങൾക്ക് സ്റ്റേറ്റ്ക്യാപ്ച്ചർ ചെയ്യുന്നതിന് ഉത്തേജകമായി എന്ന വസ്തുതയിലേക്കാണ്. ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ നൽകിയ വിവരമനുസരിച്ച്, 2018-ൽ ഈ നിയമം വന്നതുമുതൽ 2022 വരെ, മൊത്തം 9208.23 കോടി രൂപയാണ് തിരഞ്ഞെടുപ്പു ബോണ്ടുകൾ വഴി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി കിട്ടിയത്. ഇതിൽ ഏതാണ്ട് 75% കിട്ടിയത് ബിജെപി എന്ന ഒരൊറ്റ പാർട്ടിക്കാണ്. 7000 കോടിയോളം വരുന്ന ഈ തുക ആരൊക്കെയാണ് ബിജെപിക്ക് നൽകിയതെന്ന് അറിയാൻ പൊതുജനത്തിന് യാതൊരു വഴിയുമില്ല. എന്നാൽ പൊതുജനങ്ങൾക്ക് ഒന്നറിയാം. കോവിഡ് മഹാമാരിക്കാലത്തും ഇന്ത്യയിലെ രണ്ട് വ്യവസായഭീമന്മാരുടെ ആസ്തിയിൽ വലിയ അളവിൽ വർധനവുണ്ടായി. ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഒന്നാമനായും രണ്ടാമനായും ഇവർ തമ്മിൽ കസേര ഇടയ്ക്കിടെ വെച്ചുമാറുന്നു. ചിലപ്പോൾ അംബാനി, മറ്റുചിലപ്പോൾ അദാനി.

കവർ ഡിസൈൻ : ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

നീണ്ട പ്രവാസജീവിതത്തിന് ശേഷം ഇപ്പോൾ സ്വദേശമായ തിരുവല്ലയിൽ സ്ഥിരതാമസം.

You may also like