പൂമുഖം LITERATUREലേഖനം ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികൾ

ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധകർ 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റൽ ഹിൽ ആക്രമണത്തിലൂടെ അഴിച്ചുവിട്ട കലാപം അമേരിക്കയെ മാത്രമല്ല, ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ മാറ്റൊലികൾ അമേരിക്കയിൽ ഇപ്പോഴും തുടരുന്നു. മാത്രമല്ല, ഒരു ലോകശക്തിയായ യു എസ്സിന്റെ രാഷ്‌ട്രപതി പദവിയിൽ ഇരുന്ന അതേ വ്യക്തി ജനാധിപത്യസ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, തന്റെ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും ന്യായീകരിക്കുകയും ചെയ്തു.
ക്യാപിറ്റൽ ഹില്ലിൽ നടന്നതിന് സമാനമായ അക്രമസംഭവങ്ങൾക്കാണ്, കൃത്യം രണ്ടുവർഷങ്ങൾക്ക് ശേഷം, ഇക്കഴിഞ്ഞ ജനുവരി 8-ന് ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ സാക്ഷ്യം വഹിച്ചത്. കോൺഗ്രസ്, രാഷ്ട്രപതിയുടെ കൊട്ടാരം, സുപ്രീം കോടതി എന്നിവ ഉൾക്കൊള്ളുന്ന, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ചത്വരത്തിന് ചുറ്റും വിന്യസിക്കപ്പെട്ടിരിക്കുന്ന ആധുനികവാസ്തുവിദ്യാ മാസ്റ്റർപീസുകളുടെ ഒരു കൂട്ടമാണ് മുൻ പ്രസിഡണ്ട് ജൈർ ബോൾസൊനാരോയുടെ അനുയായികളുടെ ആക്രമണത്തിന് ഇരയായത്. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന പ്രക്ഷോഭം, രാജ്യത്തെ ഇപ്പോഴും പിടിമുറുക്കിയിരിക്കുന്ന കടുത്ത ധ്രുവീകരണത്തെ അടയാളപ്പെടുത്തി. മഹാമാരി മൂലം അരലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ബ്രസീലിൽ, സമ്പന്നർ കഴിഞ്ഞ വർഷം ദേശീയ സമ്പത്തിന്റെ വിഹിതം 2.7% വർധിപ്പിച്ചു; ഇപ്പോൾ ദേശീയസമ്പത്തിന്റെ പകുതിയോളം സമ്പന്നരുടെ കൈവശം ആയിക്കഴിഞ്ഞു. അതേ സമയം, ദരിദ്രരായ 40% ബ്രസീലുകാർക്ക് അവരുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് നഷ്ടപ്പെട്ടു, പ്രതിശീർഷ ശരാശരി വരുമാനമാകട്ടെ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഈ സാമ്പത്തിക അസന്തുലിതാവസ്ഥ ബോൾസൊനാരോയുടെ പരാജയത്തിൽ വലിയ പങ്ക് വഹിച്ചു. അങ്ങനെ, കഴിഞ്ഞ ഒക്ടോബറിലെ ബ്രസീലിയൻ തെരഞ്ഞെടുപ്പിനെത്തുടർന്ന് മുതിർന്ന ഇടതുപക്ഷക്കാരനും മുൻപ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ വീണ്ടും ബ്രസീലിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡൊണാൾഡ് ട്രംപിൽ നിന്ന് വ്യത്യസ്തമായി, ജെയർ ബോൾസോനാരോ തെരഞ്ഞെടുപ്പുഫലം വന്നതിനെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചിരുന്നു (വ്യക്തമായി തോൽവി സമ്മതിക്കാതെയാണെങ്കിലും). കലാപം നടക്കുമ്പോൾ അദ്ദേഹം അസുഖബാധിതനായി ഫ്ലോറിഡയിലെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നുവെന്നാണ് വാർത്തകൾ വരുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം രാജ്യം വിട്ടതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ലുലാ ഡാ സിൽവയുടെ വിജയത്തെ മറികടക്കാൻ ഗുരുതരമായ ശ്രമങ്ങളൊന്നും ബോൾസൊനാരോയുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. തെരഞ്ഞെടുപ്പ് ഫലം ബോൾസോനാരോയുടെ സഖ്യകക്ഷികൾ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയുമുണ്ടായി. എന്നിട്ടും ഇത്തരത്തിലൊരു ആക്രമണം തോറ്റ സ്ഥാനാർഥിയുടെ അണികളിൽ നിന്ന് ഉണ്ടായി എന്നത് ലോകത്തെയാകെ ഞെട്ടിച്ചു.


വർണ്ണവിവേചനത്തിന്റെ അവസാനത്തിനുശേഷം, ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യമായ ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ അക്രമസംഭവങ്ങൾക്ക് വേണ്ടവണ്ണം മാധ്യമശ്രദ്ധ ലഭിക്കുകയുണ്ടായില്ല. രാജ്യത്തുടനീളം കൊള്ളക്കാരും അക്രമകാരികളും ആഞ്ഞടിച്ചു, ഷോപ്പിംഗ് മാളുകളും വെയർഹൗസുകളും നശിപ്പിച്ചു, ലോറികൾ കത്തിച്ചു. നൂറുകണക്കിന് ആളുകൾ മരിച്ചു. ഇതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. ഒമ്പത് വർഷത്തെ തന്റെ ഭരണകാലത്ത് നടന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചതിന് മുൻ പ്രസിഡന്റ് ജേക്കബ് സുമയെ 15 മാസത്തെ തടവിന് ശിക്ഷിച്ചതാണ് കലാപത്തിനുള്ള പ്രകോപനം. 70,000-ത്തിലധികം ദക്ഷിണാഫ്രിക്കക്കാരെ കൊല്ലുകയും അനേകരെ അനാഥത്വത്തിലേക്ക് തള്ളിവിടുകയും ചെയ്ത കോവിഡ് പകർച്ചവ്യാധിയും അതിന്റെ പങ്ക് വഹിച്ചു. എന്നാൽ തൊഴിലില്ലായ്മ റെക്കോർഡ് തലത്തിൽ (33%) നിലനിൽക്കുന്ന, ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്ത, രാജ്യത്ത് വളരെക്കാലമായി രോഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
നിർണ്ണായകസന്ദർഭങ്ങളിൽ വലതുപക്ഷതീവ്രവാദത്തിൽ നിന്ന് ജനാധിപത്യം വലിയ ഭീഷണി നേരിടുന്നുവെന്ന വസ്തുതയിലേക്കാണ് യു എസിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും നടന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ബോൾസോനാരോയും ട്രംപും അടുത്ത സഖ്യകക്ഷികളായിരുന്നു. ബ്രസീലിയൻ കലാപകാരികൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച ചുരുക്കം ചിലരിൽ മുൻ യുഎസ് പ്രസിഡന്റിന്റെ ഒരു കാലത്തെ പ്രത്യയശാസ്ത്രജ്ഞനായ സ്റ്റീവ് ബാനനും ഉൾപ്പെടുന്നു. യുഎസിലെന്നപോലെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തീവ്രവാദികൾക്ക് തെരഞ്ഞെടുപ്പുകളെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നതിനും കോൺഗ്രസിന് നേരെ നിയമവിരുദ്ധമായ ആക്രമണം സംഘടിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന മാർഗമായി പരിണമിച്ചു. ജേക്കബ് സുമ ആവട്ടെ, ഇന്ത്യയിൽ വേരുകളുള്ള ഗുപ്ത കുടുംബത്തിന് വഴിവിട്ട സഹായങ്ങൾ നൽകിയെന്ന ഗുരുതര അഴിമതിയാരോപണത്തെ തുടർന്ന് പ്രസിഡണ്ട് സ്ഥാനം നഷ്‌ടമായ വ്യക്തിയാണ്. ഈ രാജ്യങ്ങളിൽ ജനാധിപത്യം പരീക്ഷിക്കപ്പെട്ടപ്പോൾ, പ്രധാന സ്ഥാപനങ്ങൾ പതറാതെ ഉറച്ചുനിൽക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്തു. അതിനാൽ തീവ്ര വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന മൂന്ന് നേതാക്കന്മാർക്ക് അധികാരം തിരിച്ചുപിടിക്കാൻ സാധിച്ചില്ല; എന്നാൽ ആഗോള തീവ്രവലതുപക്ഷം ഇപ്പോഴും ശക്തിയോടെ നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം.


2001-ൽ ഗോൾഡ്മാൻ സാച്ച്സ് എക്സിക്യൂട്ടീവ് ജിം ഒനീൽ എന്ന വ്യക്തിയാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് വളർന്നുവരുന്ന വലിയ രാജ്യങ്ങളെ വിവരിക്കാൻ “BRIC” എന്ന സംക്ഷേപം രൂപപ്പെടുത്തിയത്. പിന്നീട് ദക്ഷിണാഫ്രിക്കയെ കൂടി ഉൾപ്പെടുത്തുക വഴി “BRIC” എന്നത് “BRICS” ആയി മാറുകയുണ്ടായി. ഈ രാജ്യങ്ങളിലെ സമ്പന്നരുടെ ദ്രുതഗതിയിലുള്ള വളർച്ചയും വിപുലീകരണവും ആഗോള നിക്ഷേപകരുടെ വിശ്വാസമാർജ്ജിച്ചു. BRICS രാജ്യങ്ങളുടെ നേതാക്കൾ വാർഷിക ഉച്ചകോടി യോഗങ്ങൾ നടത്തുകയും സ്വന്തം വികസന ബാങ്ക് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ആഗോളവൽക്കരണത്തിന്റെ പാശ്ചാത്യ വക്താക്കൾ വിഭാവനം ചെയ്ത സങ്കൽപ്പങ്ങൾ, കഴിഞ്ഞവർഷം ആഗോളയാഥാർത്ഥ്യങ്ങളെ കോവിഡ് പകർച്ചവ്യാധി നാടകീയമായി മാറ്റിമറിക്കുന്നതിന് മുമ്പ് തന്നെ, കാലഹരണപ്പെട്ടിരുന്നു. “ബ്രിക്സ്” എന്ന സംക്ഷേപത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ചൈന ഏതാണ്ട് ഒറ്റയാനെ പോലെ സ്വന്തം താല്പര്യങ്ങളും സ്വന്തം ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നു. റഷ്യയാവട്ടെ, പ്രധാനമായും പ്രകൃതിവിഭവങ്ങളും ആയുധങ്ങളും കയറ്റുമതി ചെയ്യുന്ന, പ്രതാപം നഷ്ടപ്പെട്ട ഒരു രാജ്യമായി മാറി. പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഉക്രൈനുമായുള്ള യുദ്ധത്തെ കാണേണ്ടത്.


ഇനിയുള്ളത് ഇന്ത്യയാണ്. വളരെ ദുർഘടമായ കാലത്തിലൂടെയാണ് ഇന്ത്യയും കടന്നുപോകുന്നത്. ഒരു വശത്ത് നോട്ടു നിരോധനവും കോവിഡും ഗവണ്മെന്റിന്റെ വികലമായ സാമ്പത്തികനയങ്ങളും ചേർന്ന് വരുത്തിവെച്ച സാമ്പത്തികത്തകർച്ച, മറുവശത്ത് വംശീയതയും ഏകാധിപത്യപ്രവണതകളും തീവ്ര വലതുപക്ഷനയങ്ങളും പ്രകടിപ്പിക്കുന്ന ഭരണകർത്താക്കൾ. കോവിഡ്പകർച്ചവ്യാധിയുടെ നാളുകളിൽ പൊതുജനം തെരുവുകളിൽ അലയുന്ന സമയത്താണ് കോർപ്പോറേറ്റുകൾക്കുള്ള നികുതി വെട്ടിക്കുറയ്ക്കലിലൂടെ ഗവണ്മെന്റ് സമ്പന്നരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചത്. ലോകത്തെ പോഷകാഹാരക്കുറവുള്ളവരിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണുള്ളത്. 200 ദശലക്ഷത്തിലധികം ഇന്ത്യക്കാർ പ്രതിദിനം 5 ഡോളറിൽ താഴെ വരുമാനത്തിലേക്ക് മടങ്ങിയ സമയത്തുതന്നെയാണ് രണ്ടു വ്യവസായികൾ – മുകേഷ് അംബാനിയും ഗൗതം അദാനിയും – തങ്ങളുടെ സ്വത്ത് മുമ്പെങ്ങും ഇല്ലാത്തവണ്ണം വർദ്ധിപ്പിച്ചത്. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ മൂന്ന് മുതലാളിമാരിൽ രണ്ടുപേർ അദാനിയും അംബാനിയും ആണെന്നത് യാദൃശ്ചികമല്ല.
നിർണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിന് ഇനി അധികനാളുകളില്ല. ലോകം 2023-ൽ സാമ്പത്തികമാന്ദ്യത്തിൽ അകപ്പെടുമെന്ന സൂചനകളാണ് അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങൾ നൽകുന്നത്. അത് ഇന്ത്യയെയും ബാധിക്കാതിരിക്കില്ല. പത്ത് വര്ഷം പൂർത്തീകരിക്കുന്ന, ഭരണവിരുദ്ധവികാരം നേരിടുന്ന, ബിജെപി സർക്കാരിന് എതിരായി 2024-ൽ വിധിയെഴുത്ത് ഉണ്ടാകുനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ 2024-ലും ഭരണം നിലനിർത്തേണ്ടത് ബിജെപിക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ ഭരണം നിലനിർത്താൻ അവർ ഏതറ്റം വരെയും പോകുമെന്ന കാര്യത്തിൽ സംശയമില്ല. സംഘർഷഭരിതമായ ഒരു സ്ഥിതിവിശേഷം ഉടലെടുത്താൽ ഇന്ത്യയിലെ ഭരണ-നീതിന്യായ-ജനാധിപത്യസംവിധാനങ്ങളും സ്ഥാപനങ്ങളും എങ്ങനെ പ്രതികരിക്കും എന്നത് പ്രധാനമാണ്. ഏതായാലും നിർണ്ണായകമായ നാളുകളിലേക്ക് ഇന്ത്യക്കാർ അടുത്തുകൊണ്ടിരിക്കുകയാണ്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like