പൂമുഖം LITERATUREലേഖനം കോവിഡ് കവർന്നെടുത്ത അക്ഷരങ്ങൾ

കോവിഡ് കവർന്നെടുത്ത അക്ഷരങ്ങൾ

കോവിഡ് മഹാമാരിയുടെ നീരാളി പിടിത്തത്തിൽ നിന്ന് നമ്മൾ കരകയറിയിരിക്കുന്നു. വൃദ്ധജനങ്ങളെ രക്ഷിക്കാനായില്ല. ഒരു പാട് പേർ വിട പറഞ്ഞു. എന്നാൽ നമുക്ക് കുട്ടികളുടെ ജീവൻ രക്ഷിക്കാനായി.അത്ര വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അവർ ഇന്ന് നേരിടുന്നില്ല. പക്ഷേ, അവരാണ് ഈ മഹാമാരിയുടെ മുഖ്യ ഇരകൾ എന്ന് ഐക്യരാഷ്ട്രസമതിയുടെ പoനങ്ങൾ പറയുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൾ അവരുടെ ബൗദ്ധിക ജീവിതത്തിൽ വലിയ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്. അതിൽ തന്നെ ഗ്രാമങ്ങളിലെ കുട്ടികളാണ് ഈ മഹാമാരിയുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. സർക്കാരിൻ്റെ അടിയന്തിരശ്രദ്ധ ഈ രംഗത്ത് പതിയണം.

കോവിഡ് കാലത്ത് രണ്ടു മൂന്നു വർഷത്തെ ക്ലാസ്സുകൾ കുട്ടികൾക്ക് ഏതാണ്ട് മിക്കവാറും നഷ്ടപ്പെട്ടു.ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമായത് വിസ്മരിക്കുന്നില്ല. പക്ഷേ ക്ലാസ്സ് മുറിയിലെ പഠനത്തിന് അവ തുല്യമാകില്ലല്ലോ. തൽഫലമായി സാമ്പത്തികവും സാമൂഹ്യവും ആയ നിരവധി വെല്ലുവിളികളാണ് ഇന്ന് അവർ നേരിടുന്നത്. ഉയർന്ന ക്ലാസ്സുകളിൽ പ്രായോഗിക പരിശീലനത്തിനുള്ള അവസരങ്ങൾ തുലോം പരിമിതമായിരുന്നു. ശാസ്ത്ര വിഷയങ്ങൾ ഉൾപ്പെടെ പഠനഭാഗങ്ങൾ വെട്ടിക്കുറച്ചു.ഇതുമൂലം അവർ അതതു കോഴ്സ് നിഷ്കർഷിക്കുന്ന അറിവും പ്രായോഗികപരിചയവും സാമാർഥ്യവും കൈവരിക്കുന്നതിൽ പിന്നോക്കമായി.പoനാനന്തരം
അവർക്ക് തൊഴിൽ കണ്ടെത്താനാവുന്നില്ല. പലപ്പോഴും ഇൻ്റെർവ്യൂവിൽ മികവ് കൈവരിക്കാനാവുന്നില്ല. ലോകമാസകലം എല്ലാം വിദ്യാർത്ഥികളും ഈ മഹാമാരിയുടെ അനന്തര ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടി ബ്രിഡ്ജ് കോഴ്സുകളും skill development കോഴ്സുകളും ഏർപ്പാടാ ക്കണം. അതോടൊപ്പം കോവിഡ് നേരിടാനുള്ള സർക്കാരിൻ്റെ ചില നടപടികൾ ഗുണത്തേക്കാൾ ഏറേ ദോഷവും ഉളവാക്കിയിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ അക്ഷരക്കളരിയാണ് സർക്കാരിൻ്റെ അംഗൻവാടികൾ. കോവിഡ് കാലത്ത് അവ എല്ലാം അടഞ്ഞുകിടന്നു. അന്നു അക്ഷരം പഠിക്കാൻ കഴിയാതെ പോയ പതിനായിരകണക്കിന് കുട്ടികളുണ്ട്. ഒരു മൊബൈൽ ഫോൺ മാത്രമുള്ള വീടുകൾ ധാരാളം.വിക്ടർസ് ചാനലിലൂടെ പ്രക്ഷേപണം ചെയ്ത ക്ലാസ്സുകൾക്കു അനിവാര്യമായും പരിമിതി ഉണ്ടായിരുന്നു. ആ കുട്ടികൾ പിന്നീട് ഒന്നാം ക്ലാസ്സിൽ ചേർന്നു. അവിടെ വെച്ചു അവർക്ക് കിട്ടാതെ പോയ അക്ഷരപാഠങ്ങൾ പകരാൻ കഴിഞ്ഞില്ല. അദ്ധ്യാപകർ പുസ്തകങ്ങൾ പഠിപ്പിച്ചു. എഴുത്തും വായനയും അറിയാത്ത പതിനായിരങ്ങൾ ഒന്നാം തരം കടന്നു .അക്ഷരം പഠിപ്പിക്കാൻ അധ്യാപകർക്ക് സമയം കിട്ടാറില്ല.രണ്ടും മൂന്നും കഴിഞ്ഞ ഇപ്പോൾ ആ കുട്ടികൾ നാലാം ക്ലാസ്സിൽ എത്തിയിരിക്കുന്നു. മൂന്ന് _നാല് ക്ലാസ്സിലെ പാതി കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല എന്നത് കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഒരു വിഷയത്തെക്കുറിച്ച് വാക്യങ്ങൾ എഴുതാനോ പറയാനോ ഒരു തലമുറയ്ക്ക് അറിയില്ല എന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണം. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന അണുകുടുംബത്തിൽ ഈ പ്രതിസന്ധി അതീവ രൂക്ഷമാണ്. അവർക്ക് കുട്ടികളെ പഠിപ്പിക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ല.

സമഗ്ര ശിക്ഷ അഭിയാൻ്റെ ഭാഗമായി ചില ഹാൻഡ് ബുക്കുകളും പരീശീലനവും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ അത് എത്രമാത്രം നടപ്പിലായിട്ടുണ്ടെന്ന് അറിയില്ല.പുസ്തകങ്ങൾക്ക് പുറമെ ഹാൻഡ് ബുക്ക് പഠിപ്പിക്കാൻ അധ്യാപകർക്ക് സമയം കിട്ടാറില്ല. എന്നാൽ ഈ പ്രതിസന്ധി വൈകിയെങ്കിലും ഇടുക്കിയിലെ ചില സ്ക്കുളുകൾ മനസ്സിലാക്കിയിരിക്കുന്നു. അവർ ‘എൻ്റെ മലയാള’വും ‘ഹലോ ഇംഗ്ലീഷും’ ആരംഭിച്ചിട്ടുണ്ട്. ഈ പോരായ്മ പരിഹരിക്കാനായി ഒരു പീരിയഡ് പ്രത്യേകമായി മാറ്റി വെച്ചിരിക്കുന്നു. ഒരു വാക്കിൽ നിന്ന് വാചകവും വാചകങ്ങൾ ചേർത്ത് ഖണ്ഡികയും എഴുതാൻ അവരെ പഠിപ്പിക്കുകയാണ് . തികച്ചും ശ്രമകരമായ ഒരു ജോലിയാണ് അവർ ചെയ്യുന്നത്.

ഭാവി തലമുറയ്ക്ക് അസ്ഥിവാരമിടുന്നത് വാസ്തവത്തിൽ നമ്മുടെ അംഗൻവാടി ടീച്ചേഴ്സും പ്രൈമറി ടീച്ചേഴ്സും ആണ്. നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ജോലി ചെയ്യുകയും ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റു കയും ചെയ്യുന്നവർ അവർ തന്നെയാണ്. യു പി, എച്ച് എസ് , എച്ച് എച്ച് എസ്, കോളേജ് എന്നിങ്ങനെ മുകൾനിലകളിലേക്ക് പോകുന്തോറും ജോലിഭാരം കുറയുന്നു. എന്നാൽ ശമ്പളവും ആനുകുല്യങ്ങളും കൂടി വരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ അങ്ങനെയല്ലെന്നാണ് കേൾക്കുന്നത്. അവിടെ കൂടുതൽ പ്രാധാന്യവും വേതനവും നൽകുന്നത് അംഗൻ വാടി – പ്രൈമറി ടീച്ചേഴ്സിനാണത്രെ.

കുട്ടികളെ അക്ഷരം പഠിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കേണ്ട സമയം വെകിയിരിക്കുന്നു. ചുരുക്കം മാസങ്ങൾ കൊണ്ടു ഈ വിദ്യാർഥികൾക്ക് കോവിഡ് മൂലം സംഭവിച്ച നഷ്ടവും വിടവും തരണം ചെയ്തു ഭാഷാപ്രാപ്തി നേടാൻ കഴിയുമെന്ന് ഉറപ്പുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പിലാക്കണം . നവ കേരള പദ്ധതിയിൽ മുൻഗണന ലഭിക്കേണ്ട പ്രശ്നമാണ് ഇത്

Comments
Print Friendly, PDF & Email

You may also like