പൂമുഖം LITERATUREലേഖനം ഗാസ – ലോക രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റ്

ഗാസ – ലോക രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റ്

ഇസ്രായേൽ ഗാസയിലേക്കു അതിരൂക്ഷമായ ആക്രമണം തുടരുമ്പോൾ പരിഷ്കൃതമെന്നു മേനി നടിക്കുന്ന ലോകത്തിന്റെ പ്രാകൃതത്വം ഏറ്റവും ഭീകരമായി വെളിപ്പെടുകയാണ് . കൊന്നതിൽ 40 % കുട്ടികൾ! ഒരു ജനതയുടെ ഉന്മൂലനം നടക്കുകയാണ്. ലോകരാഷ്ട്രങ്ങൾ നോക്കി നിൽക്കുന്നു.

ഈ യുദ്ധം ചില വസ്തുതകൾ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു.

പാശ്ചാത്യ ശക്തികൾ ആർക്കൊപ്പം?

പാശ്ചാത്യ വൻ ശക്തികളായ അമേരിക്കയും ഇംഗ്ലണ്ടും ഇസ്രയേലിനെ ഏതെല്ലാമോ വിധത്തിൽ ഭയക്കുകയും ആശ്രയിക്കുകയും ചെയ്യൂന്നുണ്ട് . യുദ്ധത്തിൻറെ തുടക്കത്തിൽ തന്നെ രണ്ടു പ്രസിഡണ്ടുമാരും ഇസ്രായേലിനു പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നു . ആയുധ സഹായം വർഷിക്കുന്നു. വെടി നിർത്തൽ നിർദേശിക്കുന്ന യു എൻ പ്രമേയത്തെ എതിർത്ത് തോൽപ്പിക്കുന്നു. ഹമാസ് നടത്തിയ ആക്രമണത്തിൻറെ തിരിച്ചടി എത്ര ഭീകരമായാലും അവരെ സംബന്ധിച്ച് അത് നീതിയാണ്. അതെ സമയം ഇത്രകാലം ഇസ്രായേൽ പാലസ്തീൻ അതിർത്തിക്കുള്ളിലേക്കു നടത്തിയ കടന്നു കയറ്റങ്ങൾ , നിർബാധം തുടർന്ന പാർപ്പിട നിർമ്മാണങ്ങൾ , ഉപരോധങ്ങൾ,മനുഷ്യാവകാശ ധ്വംസനങ്ങൾ ഇവയൊന്നും ഈ രാഷ്ട്രങ്ങളുടെ ഫലപ്രദമായ ഇടപെടൽ ക്ഷണിച്ചു വരുത്തിയിട്ടില്ല. ഇരു രാഷ്ട്ര തിയറിയും ഒത്തു തീർപ്പും പ ലയാവർത്തി ലംഘിക്കപ്പെട്ടു. ഇപ്പോഴത്തെ സംഘർഷത്തിലും അവർ യുദ്ധത്തിനൊപ്പമാണ്. ഹമാസിന്റെ അക്രമണത്തെ ന്യായീകരിക്കലല്ല ഉദ്ദേശം. പ്രദേശത്തെ അനുദിനം കഠിനമായി തീർന്ന ജീവിത സാഹചര്യങ്ങൾ ഒരു മാരകമായ അക്രമണത്തിലേക്കു നയിക്കുന്നതിനു മുൻപ് ലോക ശക്തികൾ എന്ന നിലക്ക് ഇടപെടലുകൾ ഉണ്ടായില്ല എന്നു ചൂണ്ടിക്കാണിക്കുകയാണ്. യു എസി ലെ ശക്തരായ ഇസ്രായേൽ ലോബിക്ക്(American Israel Public Affairs Committee )സർക്കാരിലുള്ള സാമ്പത്തിക സ്വാധീനത്തെ കുറിച്ച് ഈ സന്ദർഭത്തിൽ നിരീക്ഷണങ്ങൾ വന്നുകഴിഞ്ഞു.

ഒരുമാസം പിന്നിടുമ്പോൾ രാഷ്ട്ര നേതാക്കളും സർക്കാരുകളും കൃത്യമായ തീരുമാനമോ നടപടിയോ കൈക്കൊള്ളാതെ ഉരുണ്ടു കളിക്കുമ്പോൾ പല രാജ്യങ്ങളിലും ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. യുദ്ധത്തിനെതിരെ, മനുഷ്യക്കുരുതിക്കെതിരെ, സമാധാനം പുനസ്ഥാപിക്കുക എന്ന ആവശ്യവുമായി അവർ ദിവസവും തെരുവിലിറങ്ങുന്നു.

മതം ഒരിക്കലും അനുയായികളുടെ ദുരിതത്തിൽ അവരോട് ഐക്യപ്പെടുകയില്ല .

അറബ് രാഷ്ട്രങ്ങൾ ഈ യുദ്ധത്തിൽ ആരോടൊപ്പമാണെന്നും ആരോടൊപ്പം അല്ലെന്നും വിശകലനം ചെയ്താൽ മതം മുതലാളിത്തത്തിന്റെ അതേ ചായ്‌വുകളും പക്ഷം ചേരലുകളും അവസര വാദിത്തവും സ്വീകരിക്കും എന്ന് വ്യക്തമാവും.ഇസ്രയേലുമായി സമീപകാലത്തു നടന്ന അനുരഞ്ജന ശ്രമങ്ങളിൽ പലസ്തീൻ സമാധാനം ഒരു നിബന്ധന ആയി യുഎ ഇ മുന്നോട്ടു വെച്ചിരുന്നു. ഇരു രാഷ്ട്ര തീയറി അംഗീകരിക്കണമെന്നും പുതിയ Settlements പണിയുന്നത് നിർത്തിവെക്കണമെന്നും യോജിപ്പിൽ എത്തിയെങ്കിലും പതിവ് പോലെ ഇസ്രായേൽ കരാർ ലംഘനവുമായി മുന്നോട്ട് പോയപ്പോൾ അറബ് രാജ്യങ്ങളുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടായില്ല.2017 ൽ ഹമാസ് 1967 ലെ അതിർത്തികളോടെയുള്ള ഇരു രാഷ്ട്ര തിയറിയോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അറബ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള പുതിയഅനുരഞ്ജന നീക്കങ്ങൾക്ക് സാമാന്തരമായി പ്രസ്തുത കരാറും negotiate ചെയ്യണമായിരുന്നു.പാലസ്തീനിന്റെ നിലനിൽപ്പിനെക്കാൾ അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള സാമ്പത്തിക ഇടപാടുകൾക്കാണ് മുൻ തൂക്കം നൽകുന്നത് എന്ന് വേണം വിചാരിക്കാൻ.

ഇന്ത്യയുടെ നിലപാട് മാറ്റം

ഉക്രൈനിലും പലസ്തീനിലും യുദ്ധം നിർത്തുന്നതിനു വേണ്ടിയുള്ള യൂ എൻ പ്രമേയങ്ങളിൽ ഒപ്പുവെക്കാതെ വിട്ടുനിൽക്കുക വഴി ഇന്ത്യ തങ്ങൾ എന്നും ലോകസമാധാനത്തിനൊപ്പം എന്ന പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ചു .ഹമാസ് അക്രമണത്തെ കുറിച്ച് ഒഴിവാക്കപ്പെട്ട പരാമർശങ്ങൾ പ്രമേയത്തിൽ ചേർക്കണമെന്ന് നിർദേശിക്കുകയോ, അവ ചേർക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഒപ്പ് വെക്കുകയോ ചെയ്യുകയായിരുന്നു ഉചിതം. നിർണായകമായ ആഗോള പ്രതിസന്ധിയിൽ, സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യയെ ഉറ്റുനോക്കുന്ന രാഷ്ട്രങ്ങളെ നിരാശപ്പെടുത്തുക വഴി നയതന്ത്ര മണ്ഡലത്തിൽ ഇന്ത്യ ഒന്ന് മെലിഞ്ഞു.

തീവ്രവാദം എവിടെയും മനുഷ്യ വിരുദ്ധം

തീവ്രവാദം എന്നും ശത്രുവിന്റെ യുദ്ധ തന്ത്രമാണെന്നു ഹമാസിന്റെ ആക്രമണം വീണ്ടും തെളിയിച്ചു .ചിരകാലമായി ഉപരോധം നേരിടുന്ന,പലസ്തീന്റെ ബാക്കി ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ട, മറ്റു രാജ്യങ്ങളുമായി കരബന്ധം മുറിഞ്ഞ, ഗാസ നൂറുകണക്കിനു തുരങ്കങ്ങൾ നിർമ്മിച്ചതും , ഇത്ര വിനാശകരമായ ആയുധങ്ങൾ സ്വരുക്കൂട്ടിയതും ആന്തരിക വിഭവങ്ങൾ കൊണ്ടാവില്ല എന്നുറപ്പ്. അത് ഇസ്രായേലിന്റെയും യു സിന്റെയും ചാരക്കണ്ണുകൾ അറിഞ്ഞില്ല എന്നതിൽ അസ്വഭാവികതയുമുണ്ട്. യാസർ അറഫാത്തിനെയും പാർട്ടിയെയും അപ്രസക്തമാക്കിയ തീവ്ര സ്വാതന്ത്ര്യവാദിസംഘടന , സ്വന്തം ജനതയുടെ മേൽ തീമഴ പെയ്യിക്കാനുള്ള പ്രകോ‌പനങ്ങൾ ഇടവേളകളിൽ ആവർത്തിക്കുന്നത് ആത്‍മഹത്യാപരമാണ്. ഒക്ടോബർ 7ന് നടത്തിയ ആക്രമണം ഒരുതരത്തിലും അറബ് -ഇസ്രായേൽ പ്രശ്നത്തിനുള്ള പരിഹാരമല്ല.സമാധാനമാ ഗ്രഹിക്കുന്നവർ ഐക്യപ്പെടേണ്ടത് യുദ്ധം നടക്കുന്ന ദേശങ്ങളിലെ ജനങ്ങളോടാണ്. മറ്റു ഏത് വിഭാഗങ്ങളോടുള്ളതും നിക്ഷിപ്ത താല്പര്യ സംരക്ഷണം മാത്രം.

.കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like