Home LITERATUREപുസ്തകം നിലവിളിയാകുന്ന പെൺ തെയ്യം

നിലവിളിയാകുന്ന പെൺ തെയ്യം

ഉത്തരകേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഏറെ പ്രചാരമുള്ള തോറ്റം പാട്ടുകൾ ഉണ്ടായിരുന്നു. അവ കേട്ടെഴുതി ഭാഷയെ സമ്പന്നമാക്കിയത് പണ്ഡിതനായിരുന്ന ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായരായിരുന്നു. ‘കേരള ഭാഷാ ഗാനങ്ങൾ ‘എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ തോറ്റങ്ങളിലെ മാക്ക തോറ്റത്തിൻറെ പുനരാഖ്യാനമാണ് ശ്രീ അംബികാസുതൻ മാങ്ങാടിൻറെ ‘മാക്കം എന്ന പെൺ തെയ്യം’ എന്ന നോവൽ.

പാതിവ്രത്യത്തെകുറിച്ചുള്ള പരദൂഷണത്തിൽ സ്വന്തം ആങ്ങളമാരാൽ കൊല ചെയ്യപ്പെട്ട മാക്കത്തിൻറെയും മക്കളുടെയും കഥ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ‘കടത്തനാട്ട് മാക്ക’മെന്ന സിനിമയും, കണ്ണൂർ നടന കലാക്ഷേത്രത്തിൻറെ നൃത്ത സംഗീത നാടകവും മാക്കത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.

പന്ത്രണ്ട് ആൺ മക്കൾക്ക് ശേഷം ഏറെ വഴിപാടുകൾക്ക് ശേഷം ഉണിച്ചെറിയയ്ക്ക് പിറക്കുന്ന പെൺതരിയാണ് മാക്കം. മരുമക്കത്തായത്തിൻറെ കാലം.ആങ്ങളമാരുടെ ലാളനയിൽ വളരുന്ന മാക്കം കല്യാണ പ്രായമെത്തിയപ്പോൾ, മുറച്ചെറുക്കനായ കുട്ടി നമ്പരുമായുള്ള കല്യാണം നടക്കുന്നു. ചാത്തു, ചീരു എന്നീ ഇരട്ടകുട്ടികളുണ്ടാകുന്നു.

ആങ്ങളമാരുടെ പത്നിമാർക്ക് അമ്മമാരാകാൻ കഴിയാത്തത് കൊണ്ട് സ്വത്തെല്ലാം മാക്കവും മക്കൾക്കും ആയിരിക്കുമല്ലോ എന്ന വിചാരത്താൽ നാത്തൂൻമാർക്ക് മാക്കത്തിനോട് അസൂയ തോന്നുന്നു.

ആയിടയ്ക്ക് വളപ്പട്ടണം ( വാണ വളപടത്ത് ) ആസ്ഥാനമായി രാജ്യം വാണിരുന്ന കോലത്തിരി തമ്പുരാനും നെരിയൊട്ട് സ്വരൂപത്തിലെ സാമന്ത വാഴ്ചക്കാരും തമ്മിലുള്ള യുദ്ധത്തിൽ സഹായിക്കാൻ പടത്തലവന്മാരായ കടാങ്കോട്ട് വീട്ടിലെ പന്ത്രണ്ട് വീരന്മാരും പോകുന്നു. നാത്തൂന്മാരെ ഭയന്ന് അവരോടൊപ്പം പോകാൻ മാക്കം തയ്യാറാകുന്നു. പക്ഷെ അവർക്ക് കൂടെ കൂട്ടാൻ കഴിയില്ലല്ലോ.

ആങ്ങളമാർ ഇല്ലാത്ത സമയം നോക്കി, എണ്ണ കൊണ്ടുത്തരാൻ വന്ന വാണിയനെമ്മനെ ഉള്ളിലേക്ക് മാക്കം വിളിച്ചുവെന്ന കഥ നാത്തൂന്മാർ പറഞ്ഞുണ്ടാക്കി.

യുദ്ധം ജയിച്ചു വന്ന ആങ്ങളമാർക്ക് മുന്നിൽ മാക്കത്തിൻറെ പാതിവ്രത്യം നഷ്ടപ്പെട്ടുവെന്ന കഥ വിശ്വസിപ്പിച്ചു. ഭർത്താവ് കുട്ടി നമ്പരുടെ കാര്യം ഈ അവസരത്തിൽ പറയുന്നുമില്ല. മാക്കം തൻറെ നിരപരാധിത്വം കരഞ്ഞു പറഞ്ഞിട്ടും ആങ്ങളമാർ ചെവിക്കൊ ണ്ടില്ല.

പട ജയിച്ചത് കൊണ്ട് വിളക്കുമാടത്തേക്ക് പോകുന്ന പതിവുണ്ട്. അങ്ങനെ മാക്കത്തെയും മക്കളെയും കൂട്ടി ആങ്ങളമാർ വിളക്കു മാടത്തേയ്ക്ക് യാത്രയാകുന്നു. വഴിക്ക് വച്ച് ദാഹിച്ചു വലഞ്ഞ് കിണറ്റിൽ നിന്ന് വെള്ളമെടുക്കുമ്പോൾ മാക്കത്തെയും മക്കളെയും ആങ്ങളമാർ അരിഞ്ഞു വീഴ്ത്തുന്നു. അത് കണ്ട കാട്ടടിയനെയും കൊല്ലുന്നു.

തുടർന്ന് ആങ്ങളമാർ വെട്ടി മരിക്കുന്നു. കടാങ്കോട്ട് തറവാടിന് തീപിടിയ്ക്കുന്നു.പ്രാന്ത് പിടിച്ച നാത്തൂന്മാർ അരയാൽ കൊമ്പുകളിൽ ജീവനൊടുക്കുന്നു.

മാക്കവും മക്കളും കാട്ടടിയാനും തെയ്യങ്ങളായി ഇപ്പോഴും കെട്ടിയാടപ്പെടുന്നു.

ഓരോ തെയ്യവും ഓരോ നിലവിളിയാണ് എന്ന്‌ അംബികാസുതൻ നോവലിൻറെ അവസാനമുള്ള കുറിപ്പിൽ പറയുന്നുണ്ട്. പാതിവ്രത്യത്തിൻറെ പേരിൽ നടന്ന ദുരഭിമാന കൊലയാണ് മാക്കത്തിൻറെ കാര്യത്തിൽ സംഭവിച്ചത്. സദാചാരത്തിൻറെ പേരിൽ ഇപ്പോഴും അത്തരം കൊലകൾ തുടരുന്നു. സ്ത്രീകളോടുള്ള ആക്രമണവും കുറവല്ല.

അത് കൊണ്ട് തന്നെ ഈ നോവലിൻറെ സാമൂഹ്യ പ്രസക്തി വർദ്ധിക്കുന്നു. സമൃദ്ധമായ നാട്ടു മൊഴികളാൽ സമ്പന്നമാണ് ഈ നോവൽ. ഓരോന്നിനും കീഴെ അർത്ഥം നൽകിയിട്ടുണ്ട്. അത് അത്തരം വാക്കുകളുടെ വീണ്ടെടുപ്പ് തന്നെയാണ്. കെ. പി മുരളീധരൻറെ ചിത്രങ്ങൾ കഥനത്തിന് അനുയോജ്യമായിട്ടുണ്ട് . തോറ്റങ്ങളുടെ ചാരുതചോർന്ന് പോകാതെ മാക്കത്തിൻറെ കഥ, ഗദ്യത്തിൽ ആവിഷ്കരിക്കുന്നതിൽ അംബികാസുതൻ വിജയിക്കുന്നുണ്ട്.

തെയ്യമെന്ന അനുഷ്ഠാന കലയുടെ ഉത്ഭവം ഇത്തരം അടക്കിപിടിച്ചു നിലവിളികളിൽ നിന്നും ദുരന്തങ്ങളിൽ നിന്നുമാണ് എന്ന്‌ വീണ്ടും ഓർമിപ്പിക്കുന്നു.

Comments
Print Friendly, PDF & Email

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like