പൂമുഖം LITERATUREലേഖനം നമ്മുടെ വിദ്യാഭ്യാസത്തിന് എന്താണ് സംഭവിച്ചത്?

നമ്മുടെ വിദ്യാഭ്യാസത്തിന് എന്താണ് സംഭവിച്ചത്?

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക്, അതും സ്‌കൂൾ കോളേജ് തലങ്ങളിൽ മാത്രമല്ല, രണ്ട് തലങ്ങളിലും പൊതു വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലും, വിദേശത്ത് പ്രൊഫെഷണൽ വിദ്യാഭ്യാസ മേഖലയിലും അധ്യാപകനായി പ്രവർത്തിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കുറെ കാലമായി പലതും പറയണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഈയിടെ ഈ ചോദ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നമ്മുടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളാണ്. അവയെ കണ്ണടച്ച് സ്വീകരിക്കുകയോ എതിർക്കുകയോ ചെയ്യുന്നത് സത്യത്തിൽ ആർജ്ജവമില്ലാത്ത ഒരു പ്രവൃത്തിയായി പോകും. അതിനാൽ ഈ ചോദ്യത്തിലേക്ക് നമുക്ക് തിരിച്ച് വരാം. വിദ്യാഭ്യാസം എന്താണെന്നും എന്തിനാണെന്നും നമുക്ക് ഒന്ന് കൃത്യമായി ആലോചിക്കാം. വലിയ പാടുള്ള കാര്യമൊന്നുമല്ല അത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ്? ഈ ചോദ്യത്തിന് ബഹുഭൂരിപക്ഷവും നൽകുന്ന ഉത്തരം ജോലി ലഭിക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് നാം ലക്ഷ്യമാക്കുന്നത് എന്നാകും. എന്നാൽ വിദ്യാഭ്യാസം എന്ന പ്രക്രിയ ലക്ഷ്യമാക്കുന്നത് ആ പ്രക്രിയയിലൂടെ കടന്നു പോകുന്ന ഒരു വിദ്യാർത്ഥിയിൽ അത് സൃഷ്ടിക്കുന്ന ഇഫക്റ്റ് എന്താണ് എന്നതാണ്. കോഗ്നീറ്റിവ്, അഫക്റ്റിവ്, സൈക്കോമോട്ടോർ ഇഫക്റ്റുകൾ എന്നാണ് ഇവയെ പറയുന്നത്. കോഗ്നീറ്റിവ് ഇഫക്റ്റ് എന്നാൽ ബൗദ്ധികമായ ഇഫക്റ്റ്. അഫക്റ്റിവ് ഇഫക്റ്റ് എന്നാൽ മനോഭാവത്തെ, സ്വഭാവത്തെ, പെരുമാറ്റത്തെ ഒക്കെ സംബന്ധിക്കുന്ന ഇഫക്റ്റ്. സൈക്കോമോട്ടോർ എന്നാൽ ശരീരത്തെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തലത്തിൽ ഉള്ള ഇഫക്റ്റ്.

ആദ്യത്തേത് അതായത് കോഗ്നീറ്റിവ് ഇഫക്റ്റ് തന്നെ പലതുണ്ട്. ഇവയെ തന്നെ ഏറ്റവും ലളിതമായത് മുതൽ ഏറ്റവും കഠിനമായത് വരെ എന്ന രീതിയിൽ ക്രമമായിട്ട് താഴെ കൊടുക്കാം. അവ ഇതാണ്:
അറിവിനെ അഥവാ അറിഞ്ഞതിനെ ഓർമ്മയിൽ സൂക്ഷിക്കുക (remember), മനസ്സിലാക്കുക (understand), പ്രയോഗിക്കുക (apply), വിശ്ലേഷണവും സംശ്ലേഷണവും ചെയ്യുക (analyze & synthesize), മൂല്യനിർണ്ണയം നടത്തുക (evaluate) കൂടാതെ, സൃഷ്ടിക്കുക (create) എന്നിവയാണ്.

അതായത് ഒരു അറിവ് കോഗ്നീറ്റിവ് തലത്തിൽ തന്നെ നേടിയെന്ന് പറയണമെങ്കിൽ അത് കൊണ്ട് ഈ പറഞ്ഞതെല്ലാം ചെയ്യാൻ വിദ്യാർത്ഥിക്ക് കഴിയണം. ഇവയിൽ ഏതെങ്കിലും ഒക്കെ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ എങ്കിൽ അറിവ് കോഗ്നീറ്റിവ് തലത്തിൽ തന്നെ ഭാഗികമായേ നേടിയിട്ടുള്ളൂ എന്നാണർത്ഥം.

ഇനിയാണ് അഫക്റ്റിവ് തലവും സൈക്കോമോട്ടോർ തലവും വരുന്നത്. വൈകാരികവും മാനസികവുമായ വളർച്ചയും പരിപക്വതയും വികാസവുമൊക്കെ ആണ് അഫക്റ്റിവ് തലത്തിൽ ഉദ്ദേശിക്കുന്നത് എങ്കിൽ നേടിയ അറിവ് ഫലപ്രദമായി പ്രവൃത്തിക്കാനുള്ള കഴിവാണ് സൈക്കോമോട്ടോർ തലത്തിൽ ഉദ്ദേശിക്കുന്നത്. സാധാരണ കൈത്തൊഴിലുകൾ മുതൽ കായികാഭ്യാസങ്ങൾ വരെയും സംഗീതം, അഭിനയം, ചിത്രകല തുടങ്ങിയ കലാ പ്രവർത്തനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങൾ, സാമൂഹികമായ വിഷയങ്ങൾ, ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ എന്നിവയിൽ ഒക്കെ വിദ്യാഭ്യാസ പ്രക്രിയ എപ്രകാരം പ്രസക്തമാണ് ഇന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഈ മൂന്ന് തലങ്ങളിലും ഉള്ള ജ്ഞാന സമ്പാദനം സാധ്യമാകുമ്പോൾ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പൂർണ്ണമായ അറിവ് ലഭിച്ചു എന്ന് പറയാൻ കഴിയൂ. പഠിപ്പിക്കുന്ന വിഷയത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടികൾക്ക് ഇതെല്ലാം സ്വായത്തമാക്കാൻ സഹായിക്കുക എന്നതാണ് അധ്യാപകരുടെ ലക്‌ഷ്യം. എന്നാൽ എല്ലാ കുട്ടികളുടെയും ക്ഷമത സ്വാഭാവികമായും ഒരേ പോലെ അഥവാ ഒരേ അളവിൽ ആകാത്തത് കൊണ്ട് പൂർണ്ണമായ അറിവ് നേടുന്നവർ കുറവായിരിക്കും. അപ്പോഴും ഭാഗികമായി എങ്കിലും എല്ലാവരും അറിവ് നേടിയിട്ടുണ്ടാകണം. അങ്ങനെ ഭാഗികമായി നേടിയ അറിവ് അളന്നിട്ടാണ് പരീക്ഷകളിൽ മാർക്കും ഗ്രേഡും വിജയ പരാജയങ്ങളും മറ്റും നിശ്ചയിക്കേണ്ടത്.

ഇനി, ഈ പറഞ്ഞവയെ എല്ലാം അടിസ്ഥാനമാക്കി തന്നെയാണോ ഭാവിയിലെ മത്സര പരീക്ഷകൾ ഡിസൈൻ ചെയ്യുന്നതും തയ്യാറാക്കുന്നതും എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെ പറയേണ്ടി വരും. ഉദാഹരണത്തിന് സാധാരണ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് കൊടുക്കുന്ന ചോദ്യങ്ങളും ഐ ഐ റ്റി യിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് കൊടുക്കുന്ന ചോദ്യങ്ങളും നോക്കിയാൽ ഈ കാര്യം സ്പഷ്ടമാകും. ആദ്യത്തേതിൽ നൂറ് കണക്കിന് ചോദ്യങ്ങളാണ് ഉള്ളത്. ഉദ്ദേശിക്കുന്ന അറിവുള്ള ഒരു മത്സരാർത്ഥിക്ക് അവയത്രയും കൃത്യമായി ചെയ്ത് തീർക്കാൻ ആ നിശ്ചിതസമയം മതിയാകും. എന്നാൽ ഐ ഐ റ്റി യിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകുക. അവ ഉയർന്ന നിലവാരവും സങ്കീർണ്ണതയും കലർന്നവ ആയിരിക്കും എന്നത് കൊണ്ട് തന്നെ ഏറെ സമയമെടുത്ത് മാത്രമേ അവ കൃത്യമായി ചെയ്ത് തീർക്കാൻ കഴിയൂ. അതിനാലാണ് ഐ ഐ റ്റി യിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് സാധാരണ സമർത്ഥരായ മത്സരാർത്ഥികൾ പലരും പരാജയപ്പെടുന്നത്.

ഇനി, പി എസ് സി, ഉ പി എസ് സി തുടങ്ങിയ പരീക്ഷകളുടെ കാര്യം എടുത്താൽ പലപ്പോഴും തമാശയാണ് തോന്നുക. ചെയ്യാൻ പോകുന്ന തൊഴിലിനോട് പുലബന്ധം പോലും ഇല്ലാത്തതും കേവലം ഓർമ്മ ശക്തി എന്ന ഏറ്റവും താഴത്തെ കോഗ്നിറ്റിവ് എബിലിറ്റി മാത്രം ആവശ്യമുള്ളതും ആയ ചോദ്യങ്ങളാണ് ഇവയിൽ അധികവും.

ഇവിടെ ചില ചോദ്യങ്ങൾ ഉയർന്ന് വരുന്നു. ഈ പരീക്ഷകളിൽ അളക്കപ്പെടുന്ന കഴിവുകൾ കൊണ്ട് അതുമായി ബന്ധപ്പെട്ട തൊഴിലുകൾ ഭംഗിയായി ചെയ്യാൻ കഴിയുമോ? രണ്ടാമത്, കേവലം ഓർമ്മ ശക്തി കൊണ്ട് മാത്രം അത്തരം പരീക്ഷകൾ പാസ്സാകാമെങ്കിൽ എന്തിനാണ് മറ്റുള്ള കഴിവുകൾക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ പ്രാധാന്യം കല്പിക്കേണ്ടത്?

ഇതിൽ ആദ്യത്തെ ചോദ്യത്തിന് ഉത്തരം അറിയാൻ നമ്മൾ ഓഫീസുകളിൽ കയറി ഇറങ്ങിയാൽ മാത്രം മതിയാകും. ജോലി ചെയ്യാനുള്ള സാമർത്ഥ്യം മാത്രമല്ല, മുന്നിൽ എത്തുന്നവരോടും കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരോടും ഒക്കെ പെരുമാറുന്നതും സ്വയം അനുഭവിക്കുന്ന പിരിമുറുക്കവും എല്ലാം നമ്മളെ വിദ്യാഭ്യാസ പ്രക്രിയയുടെ സാർത്ഥകതയിലേക്കാണ് നയിക്കുക.

ഇന്നെന്താണ് സ്‌കൂൾ കോളേജ് തലങ്ങളിലെ വിദ്യാഭ്യാസ പ്രക്രിയയുടെ അവസ്ഥ? വിദ്യാർത്ഥികളെ യോഗ്യരായ പ്രൊഫെഷനലുകൾ ആക്കി മാറ്റുന്നതിൽ ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയ എത്രത്തോളം ഫലപ്രദമാണ്? വേണ്ട സാമാന്യ ജീവിതത്തിൽ വിജയിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്ന കാര്യത്തിൽ ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയ എത്രത്തോളം ഫലപ്രദമാണ്? എവിടെയാണ് കുറവുകൾ ഉണ്ടായിട്ടുള്ളത്? ഇന്നത്തെ സ്‌കൂൾ കോളേജ് തലങ്ങളിലെ പരീക്ഷകൾ എല്ലാ നൈപുണികളെയും അറിവിന്റെ തലങ്ങളെയും കൃത്യമായും ഫലപ്രദമായും അളന്നു തിട്ടപ്പെടുത്താൻ തക്കവയാണോ? ആ പരീക്ഷകൾ കേവലം ഓർമ്മ ശക്തിയെ മാത്രമല്ലേ അളക്കുന്നുള്ളൂ? വൈകാരികവും മാനസികവുമായ പക്വത വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയ സഹായിക്കുന്നുണ്ടോ? ജ്ഞാനസമ്പാദനത്തിന്റെ അത്തരം സ്വാധീനങ്ങൾ പരീക്ഷകളിൽ അളക്കാനുള്ള സംവിധാനമുണ്ടോ? അതെല്ലാം സാധ്യമാകണമെങ്കിൽ ഇന്നത്തെ പരീക്ഷാ രീതികൾ ഇങ്ങനെ തന്നെ തുടർന്നാൽ മതിയാകുമോ? ചോദ്യങ്ങൾ അനവധിയാണ്. അവസാനിക്കുന്നില്ല.

അവസാന ഭാഗത്ത് നാം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ചുരുക്കി പറയാം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ അഴിച്ചുപണി ആവശ്യമാണ്. നാം തുടക്കത്തിൽ എടുത്ത് പറഞ്ഞ ലക്ഷ്യങ്ങൾ സാധിക്കുന്ന രീതിയിൽ പഠന ബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അവ നടപ്പിൽ വരുത്താനും നമ്മുടെ അദ്ധ്യാപകരെ ആദ്യം തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. പാഠഭാഗങ്ങൾ നിരന്തരം പരിഷകരണത്തിന് വിധേയമാക്കണം. അതനുസരിച്ച് അടിക്കടി പുതുക്കുകയും വേണം. കൂടുതൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ സ്‌കൂൾ തലത്തിൽ നിയമിക്കണം. കൂടാതെ നമ്മുടെ വിദ്യാലയങ്ങളിൽ അനുയോജ്യമായ റിസേർച്ചിനും പഠനത്തിനും ഉതകുന്ന റിസോഴ്സുകൾ അടങ്ങുന്ന സംവിധാനങ്ങൾ ഉണ്ടാകണം. കേവലം സ്മാർട്ട് ബോർഡും സ്മാര്ട്ട് ക്ളാസ്റൂമും ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം പഠനവിധേയമായി പുതുക്കപ്പെടണം. പരീക്ഷാ സമ്പ്രദായം അടിമുടി മാറണം, മെച്ചപ്പെടണം. ഏറ്റവും ഒടുവിൽ, ശമ്പളം വാങ്ങാൻ വേണ്ടി മാത്രം പദവികൾ അലങ്കരിക്കുന്നവർ ആസൂത്രണം മുതൽ അദ്ധ്യാപനം വരെ ഏത് തലത്തിലായാലും കസേരകളിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.

അതെല്ലാം മനസ്സിൽ വച്ച് കൊണ്ട് പറയട്ടെ, ശ്രീ ഷാനവാസ് പറഞ്ഞതിനോട് സഹിഷ്ണുതയില്ലാതെ പ്രതികരിക്കുകയല്ല വേണ്ടത്. നമ്മൾ ഒന്ന് മനസ്സിലാക്കണം, സദ്യയ്ക്ക് വിഭവങ്ങൾ കുറഞ്ഞു പോയാൽ കലവറക്കാരനോടോ ദേഹണ്ഡക്കാരനോടോ കലഹിച്ചിട്ട് കാര്യമുണ്ടോ? വിശേഷിച്ചും സമൃദ്ധമായ സദ്യയ്ക്ക് പുറത്തെ മറ്റെന്തിലോ ആണ് വീട്ടുകാരൻറെ താല്പര്യമെങ്കിൽ മന്ത്രി മുരടനക്കിയാലും എന്താണ് കാര്യം? അറിവിലും അലിവിലുമല്ല മറ്റെന്തോ അവിയലിലാണ് വിദ്യാസദ്യയൊരുക്കാൻ ഏർപ്പാട് ചെയ്യുന്ന വീട്ടുകാരന്റെ കണ്ണുടക്കി ഇരിക്കുന്നത് എന്നും കൂടിയാണെങ്കിൽ പിന്നെ, ചികിത്സ വേണ്ടത് ആർക്കാണെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതുണ്ടോ?

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like