പൂമുഖം LITERATUREലേഖനം ഭരണഘടനയും ജുഡീഷ്യറിയും പിന്നെ എക്സിക്യൂട്ടീവും

ഭരണഘടനയും ജുഡീഷ്യറിയും പിന്നെ എക്സിക്യൂട്ടീവും

“കേശവാനന്ദ ഭാരതി v/s ദി സ്റ്റേറ്റ് ഓഫ് കേരള” എന്ന കേസ് തീർപ്പാക്കുന്ന വേളയിലാണ് ഭരണഘടനയുടെ അടിസ്ഥാനഘടന (Basic Structure) മാറ്റങ്ങൾക്ക് അതീതമാണെന്നും അതിൽ ഭേദഗതി കൊണ്ടുവരുവാൻ പാർലമെന്റിന് അധികാരമില്ലെന്നും 1973-ൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ വർദ്ധിച്ചുവന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ “അടിസ്ഥാനഘടനാസിദ്ധാന്തം” ഉടലെടുത്തത്. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും മാറ്റാനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ള ഭേദഗതികൾ പാസാക്കാൻ ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നു. സ്വത്ത് മൗലികാവകാശമായി തുടരണമോ അതോ സ്വത്ത് പുനർവിതരണം ചെയ്യുന്ന സോഷ്യലിസ്റ്റ്നയങ്ങൾ സർക്കാരിന് അവതരിപ്പിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ദീർഘകാല രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ത്യൻ ഭരണഘടനാചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഈ വിധിയിലൂടെ “കേശവാനന്ദ ഭാരതി v/s ദി സ്റ്റേറ്റ് ഓഫ് കേരള” എന്ന കേസിന് പുതിയ മാനങ്ങൾ കൈവന്നു. ഒരുപക്ഷെ ഇന്ത്യൻ നീതിന്യായമേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതുമായ കേസ് ഇതായിരിക്കും.


ആ സുപ്രധാനവിധി വന്നിട്ട് 50 കൊല്ലം തികയുന്ന വേളയിലാണ്, ജനുവരി 11 ന് ജയ്പൂരിൽ നടന്ന എൺപത്തിമൂന്നാമത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോൺഫറൻസിനെ (എഐപിഒസി) അഭിസംബോധന ചെയ്യവെ, ഇന്ത്യയുടെ ഉപരാഷ്ട്രപതി തന്നെ, അതിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ വിധിയിലൂടെ സുപ്രീം കോടതി ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ള നിയമനിർമ്മാണ സഭയുടെ അവകാശം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ തീരുമാനത്തിന് അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. കുറച്ചുനാളുകളായി ജഡ്ജിമാരുടെ നിയമനവിഷയത്തിൽ സുപ്രീം കോടതിയും കേന്ദ്ര ഗവണ്മെന്റും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതായി ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധിയെ മുൻനിർത്തിയാണ് 1993-ൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് ജഡ്ജി നിയമനങ്ങൾക്ക് collegium system എന്ന വ്യവസ്ഥയ്ക്ക് രൂപം കൊടുക്കുന്നത്. ഇതനുസരിച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും ഉൾപ്പെട്ട collegium ആണ് ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥലമാറ്റങ്ങളും ശുപാർശ ചെയ്യുന്നത്. ഇത് സുതാര്യമല്ലെന്നും, നിയമനങ്ങൾ ഒരു ചുരുങ്ങിയ വൃത്തത്തിൽ നിന്നാണെന്നും, പലപ്പോഴും ബന്ധു-ആശ്രിതനിയമങ്ങൾക്ക് വഴി വെക്കുന്നതാണെന്നുമുള്ള വിമർശനങ്ങൾ ആദ്യം മുതലേയുണ്ട്. കൂടാതെ, ഈ സിസ്റ്റത്തിൽ പിന്നോക്ക-പട്ടികവർഗ്ഗവിഭാഗങ്ങളിൽ പെട്ടവർ അവഗണന നേരിടുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഭരണഘടനയും ജഡ്ജിമാരുടെ നിയമനവിഷയത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളൊന്നും നൽകുന്നില്ല. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രപതി ജുഡീഷ്യറി നിയമനങ്ങൾ പ്രയോഗത്തിൽ വരുത്തണമെന്ന് മാത്രമാണ് ഭരണഘടന അനുശാസിക്കുന്നത്. പക്ഷെ അതിലേക്ക് നയിക്കുന്ന പ്രക്രിയ ആരാണ് നടത്തേണ്ടത് എന്ന് ഭരണഘടന വ്യക്തമാക്കുന്നില്ല.
മുകളിൽ പറഞ്ഞ വിമര്ശനങ്ങളുടെയും പഴുതുകളുടെയും ചുവട് പിടിച്ചാണ്, 2014 ഓഗസ്റ്റിൽ, കൊളീജിയം സമ്പ്രദായത്തിന് പകരമായി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിന് ഒരു സ്വതന്ത്ര കമ്മീഷൻ രൂപീകരിക്കുന്നതിനായി, ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഭരണഘടനയുടെ 99-ആം ഭേദഗതിയിലൂടെ National Judicial Appointments Commission (NJAC) Act പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരും, കേന്ദ്ര നിയമമന്ത്രിയും, പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന പാനൽ നിർദ്ദേശിക്കുന്ന രണ്ട് “പ്രമുഖ വ്യക്തികളും” അടങ്ങുന്നതായിരുന്നു ഈ ആറംഗ കമ്മീഷൻ. കമ്മീഷനിലെ ഏത് രണ്ട് അംഗങ്ങൾക്കും ഒരു സ്ഥാനാർത്ഥിയെ നിയമിക്കുന്നതിനെതിരെ വീറ്റോ ചെയ്യാം എന്നൊരു വ്യവസ്ഥയും ഇതിൽ ചേർത്തിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിൽ എക്സിക്യൂട്ടീവിന് കൂടുതൽ സജീവമായ പങ്ക് ഈ കമ്മീഷൻ നൽകിയിരുന്നു. തർക്കത്തിന്റെ മൂലകാരണവും ഇതുതന്നെ. എന്നാൽ 2015-ൽ പുറപ്പെടുവിച്ച മറ്റൊരു വിധിയിലൂടെ , National Judicial Appointment Commissiion-ന് നിയമസാ ധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മേൽപറഞ്ഞ 99-ആം ഭരണഘടനാ ഭേദഗതിയും റദ്ദ് ചെയ്യുകയാണുണ്ടായത്. കേശവാനന്ദ ഭാരതി കേസിലെ “ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റത്തിന് വിധേയമല്ല” എന്ന തീർപ്പ് വീണ്ടും ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. ഭരണഘടനയിൽ പറയുന്ന “Consultation” എന്നാൽ “Concurrence” (സമ്മതം) ആണെന്നും സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായി.


ഉപരാഷ്ട്രപതിയുടെ അഭിപ്രായത്തിൽ, “ഭരണഘടനയുടെ അടിസ്ഥാന ഘടന ഉൾപ്പെടെ എന്തും ഭേദഗതി ചെയ്യാനുള്ള പരമമായ അധികാരം പാര്ലമെന്റിനാണ്; അതിൽ കൈകടത്താൻ സുപ്രീം കോടതിക്ക് അധികാരമില്ല. ഭരണഘടനയിൽ എഴുതിച്ചേർത്തിരിക്കുന്ന “We the People” എന്ന പദസമുച്ചയത്തെ പ്രതിനിധീകരിക്കുന്നത് പാര്ലമെന്റ് അംഗങ്ങളാണ്. അതിനാൽ ഭരണഘടനയുടെ അടിസ്ഥാനഘടന പോലും പാര്ലമെന്റിന്റെ ഭേദഗതിക്ക് വിധേയമാണ്”. ഉപരാഷ്ട്രപതിയുടെ ഈ കോടതിവിമർശനങ്ങൾക്ക് പിന്നിൽ രണ്ട് ലക്ഷ്യങ്ങളാണുള്ളതെന്ന് തോന്നുന്നു. ഒന്ന്, ഇപ്പോഴത്തെ collegium system റദ്ദാക്കി, പകരം executive-ന് മുൻതൂക്കമുള്ള, കോടതി റദ്ദാക്കിയ, Judicial Appointment കമ്മീഷൻ തിരിച്ചുകൊണ്ടുവരിക; രണ്ട്, ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാൻ പാര്ലമെന്റിന് അധികാരം നൽകുക.
പക്ഷെ ഈ വാദഗതിയിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു ചതിയുണ്ട്. ഒന്ന്, ഇപ്പോഴത്തെ collegium system കുറ്റമറ്റതാണെന്ന് ആർക്കും അഭിപ്രായമില്ല. കാലോചിതമായ പരിഷ്‌കാരങ്ങൾ ആവശ്യമാണ്. എന്നാൽ executive-ന് മുൻതൂക്കമുള്ള ഒരു Judicial Appointment Commission അതിനുള്ള പരിഹാരമാവില്ല. മാത്രമല്ല, അത് “വെളുക്കാൻ തേച്ചത് പാണ്ടായി” എന്ന് പറഞ്ഞപോലെയാകും. ഇത്രയധികം സ്വാതന്ത്ര്യം ഉണ്ടായിട്ടുപോലും നമ്മുടെ കോടതികൾ പലപ്പോഴും ഗവണ്മെന്റിനെ പിണക്കാതെ വിധികൾ പ്രസ്താവിക്കാൻ ഉത്സാഹിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോൾ പിന്നെ ജഡ്ജിമാരുടെ നിയമനം കൂടി executive-ന്റെ കൈകളിൽ എത്തിയാലുള്ള സ്ഥിതി എന്താവുമെന്നത് ചിന്തനീയം. രണ്ട്, ഇന്ത്യയിൽ നിലനിൽക്കുന്ന first past the post voting system അനുസരിച്ച് ഒരു കക്ഷിക്കോ മുന്നണിക്കോ ഭരണത്തിൽ എത്താൻ ഭൂരിപക്ഷം വോട്ടുകൾ നേടേണ്ട ആവശ്യമില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടിയ ബിജെപിയുടെ വോട്ടിംഗ് ശതമാനം 37.3% മാത്രമാണ്. 62.7% സമ്മതിദായകർ ബിജെപിയ്ക്ക് എതിരായാണ് വോട്ട് ചെയ്തത് എന്നർത്ഥം. സമ്മതിദാനം വിനിയോഗിച്ച 67% സമ്മതിദായകരിൽ നിന്നുള്ള ശതമാനക്കണക്കാണിത്. സമ്മതിദാനം വിനിയോഗിക്കാത്ത 33% കൂടി ഈ കണക്കിൽ ചേർത്താൽ മൊത്തം സമ്മതിദായകരുടെ ഏതാണ്ട് 25% മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം എന്ന് കാണാം. പ്രതിപക്ഷകക്ഷികളിലെ ഭിന്നിപ്പ് മൂലം ഇങ്ങനെ നേടുന്ന ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാനഘടകം പോലും ഭേദഗതി ചെയ്യാമെന്ന് വാദിക്കുന്നത് അപകടകരമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ അനുദിനം പ്രയത്നിക്കന്നവരുടെ കൈകളിൽ ഇത്തരം അധികാരങ്ങൾ എത്തിച്ചേർന്നാൽ എന്താണ് സംഭവിക്കുക എന്നറിയാൻ പാഴൂർപടിയിൽ പോകേണ്ട ആവശ്യമില്ലല്ലോ.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like