LITERATURE ലോകകഥ

അവെലിനോ അറെഡോണ്ടോ – ബോർഹസ് 

എല്ലാ ശനിയാഴ്ചയും, സ്നേഹിതന്മാരെ തങ്ങളുടെ വീടുകളിലേക്കു ക്ഷണിക്കാൻ പറ്റില്ലെന്നറിയാവുന്ന, അല്ലെങ്കിൽ സ്വന്തം വീടുകളിൽ നിന്നു രക്ഷപ്പെടാനാഗ്രഹിക്കുന്ന പാവപ്പെട്ടവരും മര്യാദക്കാരുമായ മനുഷ്യരുടെ രീതിയിൽ, ഒരു സംഘം ചെറുപ്പക്കാർ കഫേ ഡെൽ ഗ്ലോബോയിലെ ഒരരികു പറ്റിക്കിടക്കുന്ന അതേ മേശയുടെ ചുറ്റും ഒത്തുചേരും. അവർ എല്ലാവരും മോണ്ടെവിഡിയോക്കാരായിരുന്നു; അറെഡോണ്ടോയുമായി സൗഹൃദം സ്ഥാപിക്കാൻ ആദ്യമൊക്കെ അവർക്കു വലിയ ബുദ്ധിമുട്ടായിരുന്നു; ഉൾനാട്ടുകാരനായ ആ മനുഷ്യൻ അങ്ങനെ മനസ്സു തുറക്കുന്ന തരക്കാരനായിരുന്നില്ല, മറ്റുള്ളവർ തന്നോടെല്ലാം തുറന്നു പറയണമെന്നും അയാൾക്കുണ്ടായിരുന്നില്ല. അയാൾക്കന്ന് പ്രായം ഇരുപതു കടന്നിട്ടുണ്ടാവും; മെലിഞ്ഞ്, തൊലിയിരുണ്ട ഒരു ചെറുപ്പക്കാരൻ; അല്പം ഉയരക്കുറവുണ്ടെന്നു തോന്നാം, പെരുമാറ്റത്തിൽ ഒരു ചുണക്കുറവും. ഒരേ സമയം നിദ്രാണമെന്നപോലെ ഊർജ്ജസ്വലവുമായ ആ കണ്ണുകളില്ലായിരുന്നുവെങ്കിൽ അയാളുടെ മുഖം ഓർമ്മനില്ക്കുകതന്നെയില്ല. ബ്യൂനസ് ഐറസ് തെരുവിലെ ഒരു കടയിൽ ക്ലർക്കായി ജോലി ചെയ്യുകയാണയാൾ; ഒഴിവുസമയത്ത് നിയമം പഠിക്കാനും പോകുന്നുണ്ട്. മറ്റുള്ളവർ നാടിനെ തകർത്തു തരിപ്പണമാക്കിയ യുദ്ധത്തെ (കാര്യമില്ലാത്ത കാര്യത്തിനായി പ്രസിഡന്റ് അതു നീട്ടിക്കൊണ്ടു പോവുകയാണെ ന്നായിരുന്നു പൊതുവികാരം) അപലപിച്ചു സംസാരിക്കുമ്പോൾ അറെഡോണ്ടോ നിശ്ശബ്ദനായിരുന്നു. പിശുക്കിന്റെ കാര്യം പറഞ്ഞ് അവർ അയാളെ കളിയാക്കുമ്പോഴും അയാൾ നിശ്ശബ്ദനായിരുന്നു.

സിറൊ ബ്ലാങ്കോയിലെ യുദ്ധം നടന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾ കൂട്ടുകാരെ അറിയിച്ചു, കുറച്ചുനാളത്തേക്ക് അവർ തന്നെ കാണില്ലെന്ന്, തനിക്ക് മെർസിഡസിലേക്കു പോകേണ്ട കാര്യമുണ്ട്. ആ വാർത്ത ആരിലും ചലനമുണ്ടാക്കിയില്ല. അപ്പരീസിയോ സരാവിയയുടെ ഗൗച്ചോക്കൂട്ടത്തെ സൂക്ഷിക്കണമെന്ന് ആരോ പറഞ്ഞു; തനിക്കു വെള്ളക്കാരെ പേടിയില്ലെന്ന് അതിനു മറുപടിയായി ഒരു പുഞ്ചിരിയോടെ അറെഡോണ്ടോ പറഞ്ഞു. വെള്ളക്കാരനായ മറ്റേയാൾ പിന്നൊന്നും പറഞ്ഞതുമില്ല.

കാമുകിയായ ക്ലാരയോടു യാത്ര പറയുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടായി അയാൾക്കനുഭവപ്പെട്ടു. സ്നേഹിതന്മാരോടു പറഞ്ഞ അതേ വാക്കുകൾ തന്നെയാണ്‌ അയാൾ ഇവിടെയും ഉപയോഗിച്ചത്; താൻ വളരെ തിരക്കിലായിരിക്കും, അതിനാൽ കത്തുകളൊന്നും പ്രതീക്ഷിക്കരുതെന്നും അയാൾ മുന്നറിയിപ്പു കൊടുത്തു. എഴുതുന്ന ശീലമില്ലാത്ത ക്ലാര പ്രതിഷേധമൊന്നുമില്ലാതെ ആ വ്യവസ്ഥ അംഗീകരിച്ചു. ഇരുവർക്കും അന്യോന്യം വലിയ സ്നേഹവുമായിരുന്നു.

അറെഡോണ്ടോയുടെ താമസം നഗരത്തിനു പുറത്തായിരുന്നു. വീട്ടുജോലികൾ ചെയ്യാൻ ഒരു മുലാറ്റോ സ്ത്രീ വന്നിരുന്നു; അവരുടെ പൂർവ്വികർ മഹായുദ്ധത്തിന്റെ കാലത്ത് അയാളുടെ കുടുംബത്തിലെ അടിമകളായിരുന്നതിനാൽ അയാളുടെ കുടുംബപ്പേരു തന്നെയായിരുന്നു അവർക്കും. ക്ലെമെന്റിനയെ പൂർണ്ണമായി വിശ്വസിക്കാമായിരുന്നു; ആരെങ്കിലും തന്നെ അന്വേഷിച്ചുവരികയാണെങ്കിൽ നാട്ടിൽ പോയിരിക്കുകയാണെന്നു പറയാൻ അയാൾ അവരെ പറഞ്ഞേല്പിച്ചു. കടയിൽ നിന്ന് അയാൾ ബാക്കിയുള്ള ശമ്പളവും വാങ്ങിച്ചുകഴിഞ്ഞിരുന്നു.

വീടിന്റെ ഒരു പിന്മുറിയിലേക്ക് അയാൾ താമസം മാറ്റി; മണ്ണിട്ടുറപ്പിച്ച മൂന്നാമത്തെ നടുമുറ്റത്തേക്കാണ്‌ അതിന്റെ വാതിൽ തുറക്കുന്നത്. ആ മാറ്റം വേണമെന്നുതന്നെയുണ്ടായിരുന്നില്ല; എന്നാല്ക്കൂടി സ്വന്തം ഇച്ഛാശക്തി അയാൾക്കു മേൽ അടിച്ചേല്പിച്ച ഏകാന്തവാസം തുടങ്ങിവയ്ക്കാൻ അതു സഹായകമായി. വീതി കുറഞ്ഞ ഇരുമ്പുകട്ടിലിൽ കിടന്നുകൊണ്ട് (ഉച്ചമയക്കമെന്ന ശീലം അയാൾ സാവധാനം തിരിച്ചുപിടിക്കുന്നത് അതിൽ കിടന്നുകൊണ്ടാണ്‌) ശൂന്യമായ ഒരു ബുക്ക്ഷെല്ഫിലേക്ക് അയാൾ ഒട്ടൊരു വിഷാദത്തോടെ കണ്ണയച്ചു. എല്ലാ പുസ്തകങ്ങളും അയാൾ വിറ്റുകഴിഞ്ഞിരുന്നു- ‘നിയമത്തിനൊരാമുഖം’ എന്ന പാഠപുസ്തകം പോലും. ഒരു ബൈബിൾ മാത്രമാണ്‌ അയാൾക്കു ശേഷിച്ചത്; അതയാൾ ഇന്നേവരെ വായിച്ചിട്ടില്ല; ഇനി വായിച്ചുതീർക്കാൻ അയാൾക്കു കഴിയുകയുമില്ല.

അയാളതിലൂടെ ഓരോ പുറമായി കടന്നുപോയി, ചിലപ്പോൾ താല്പര്യത്തോടെ, ചിലപ്പോൾ മടുപ്പോടെ. പുറപ്പാടുപുസ്തകത്തിലെ ചില അദ്ധ്യായങ്ങളോ സഭാപ്രസംഗികളുടെ അവസാനഭാഗമോ മനഃപാഠമാക്കുന്നത് ഒരു കർത്തവ്യമായി അയാൾ ഏറ്റെടുക്കുകയും ചെയ്തു. വായിക്കുന്നതു മനസ്സിലാക്കാൻ അയാൾ മിനക്കെട്ടില്ല. സ്വതന്ത്രചിന്തകനായ അയാൾ പക്ഷേ, ഒരു രാത്രി പോലും കർത്താവിന്റെ പ്രാർത്ഥന ചൊല്ലാതെ കിടന്നിട്ടില്ല. മോണ്ടേവിഡിയോയിലേക്കു പോരുന്നതിനു മുമ്പ് അയാൾ അമ്മയ്ക്കതു വാക്കു കൊടുത്തിരുന്നു; ആ പ്രതിജ്ഞ ലംഘിക്കുന്നത് തനിക്കു ഭാഗ്യക്കേടു വരുത്തുമെന്നാണ്‌ അയാൾ കരുതിയിരുന്നത്.

ആഗസ്റ്റ് പതിനഞ്ചാം തീയതിയിലെ പ്രഭാതമാണ്‌ തന്റെ ലക്ഷ്യമെന്ന് അയാൾക്കറിയാമായിരുന്നു. ഇനിയെത്രനാൾ തനിക്കു കഴിച്ചുകൂട്ടാനുണ്ടെന്നും അയാൾക്കു കൃത്യമായിട്ടറിയാമായിരുന്നു. അയാൾ ആ ലക്ഷ്യമെത്തിക്കഴിഞ്ഞാൽ കാലം നിലയ്ക്കും, എന്നു പറഞ്ഞാൽ പിന്നീടു നടക്കുന്നതൊന്നും അയാളെ ബാധിക്കാൻ പോകുന്നില്ല. ഒരനുഗ്രഹമോ ഒരു മോചനമോ കാത്തിരിക്കുന്ന ഒരാളെപ്പോലെ അയാൾ ആ ദിവസത്തിനായി കാത്തിരുന്നു. ഏതു നേരവും അതിലേക്കു നോക്കിയിരിക്കുന്നതൊഴിവാക്കാനായി അയാൾ ക്ളോക്കിനു ചാവി കൊടുക്കാതായിക്കഴിഞ്ഞിരുന്നു; എന്നാലും എല്ലാ രാത്രിയിലും ടൗൺ ക്ളോക്കിൽ പാതിരാത്രിയുടെ ഇരുണ്ട പന്ത്രണ്ടു മണിയൊച്ചകൾ മുഴങ്ങുമ്പോൾ കലണ്ടറിന്റെ ഒരു താൾ കീറിക്കളഞ്ഞിട്ട് അയാൾ മനസ്സിൽ പറയും, ഒരു ദിവസം കുറഞ്ഞു.

ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കാൻ ആദ്യമൊക്കെ അയാൾ ശ്രമിച്ചിരുന്നു- മാറ്റി ഉണ്ടാക്കിക്കുടിക്കുക, അയാൾ തന്നെ തിരച്ചെടുത്തിരുന്ന ടർക്കിഷ് സിഗററ്റ് വലിയ്ക്കുക, ഒരു കൃത്യം എണ്ണം പേജുകൾ ആവർത്തിച്ചുവായിക്കുക, ഒരു തളികയിൽ ആഹാരവുമായി ക്ലെമെന്റിന വരുമ്പോൾ അവരുമായി രണ്ടു വാക്കു പറയാൻ ശ്രമിക്കുക, വിളക്കു കെടുത്തി കിടക്കുന്നതിനു മുൻപ് താൻ തയാറാക്കിവച്ചിരിക്കുന്ന ആ പ്രസംഗമെടുത്ത് ചില തിരുത്തലുകൾ വരുത്തുക. നല്ല പ്രായമുള്ള ക്ലെമെന്റിനയുമായി സംസാരിക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല; കാരണം, അവരുടെ ഓർമ്മകൾ നഗരത്തിനു വളരെയകലെ ഒരു നാട്ടുമ്പുറത്തെ ദൈനന്ദിനജീവിതത്തിൽ വേരിറക്കിക്കിടക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഒരു ചെസ്സ്ബോർഡിൽ അയാൾ ചിലപ്പോൾ കളിക്കാനിരിക്കും; തോന്നിയപാടു നീങ്ങുന്ന ആ കളികൾ ഒരു തീർപ്പിലെത്താതെ അവസാനിച്ചു. ഒരു തേരിന്റെ കുറവുണ്ടായിരുന്നത് ഒരു വെടിയുണ്ടയോ ഒരു നാണയമോ വച്ച് അയാൾ നികത്തി.

സമയം കളയാനായി അയാൾ എല്ലാ ദിവസവും കാലത്ത് ഒരു ചൂലും പഴന്തുണിയുമെടുത്ത് മാറാലയും തുടച്ച് മുറി വൃത്തിയാക്കും. അയാൾ അത്തരം താണതരം പണികൾ ചെയ്തു സ്വയം വിലയിടിക്കുന്നത് ക്ലെമെന്റിനയ്ക്ക് ഇഷ്ടമായില്ല- അതൊക്കെ അവരുടെ അധികാരപരിധിയിൽ വരുന്ന സംഗതികളായിരുന്നു എന്നതു മാത്രമായിരുന്നില്ല കാരണം, അയാൾ ആ പണികൾ ചെയ്യുന്നത് ഒരു മെനയില്ലാതെയുമായിരുന്നു.

സൂര്യൻ തലയ്ക്കു മുകളെത്തിയതിനു ശേഷം ഉറക്കമുണരുന്നതായിരുന്നു അയാൾക്കിഷ്ടമെങ്കിലും പ്രഭാതത്തിനൊപ്പം എഴുന്നേല്ക്കുക എന്ന ശീലം വെറും ഇച്ഛാശക്തിയേക്കാൾ പ്രബലമായിരുന്നു. കൂട്ടുകാരെ കാണാൻ ഇടയ്ക്കൊക്കെ അയാൾക്കതിയായ ആഗ്രഹം തോന്നിയെങ്കിലും അയാളുടെ അഭേദ്യമായ ഉൾവലിയൽസ്വഭാവം കാരണം അവർക്കങ്ങനെ തോന്നണമെന്നില്ലെന്നും അയാൾക്കറിയാമായിരുന്നു. ഒരിക്കൽ വൈകുന്നേരം അവരിലൊരാൾ കറങ്ങിത്തിരിഞ്ഞ് അയാളെ അന്വേഷിച്ച് അവിടെയെത്തിയെങ്കിലും മുൻവാതിലിൽ വച്ചുതന്നെ അയാൾ മടക്കി അയക്കപ്പെട്ടു. വന്നതാരാണെന്ന് ക്ലെമെന്റിനയ്ക്ക് അറിയില്ലായിരുന്നു, അറെഡോണ്ടോ അതൊരിക്കലും മനസ്സിലാക്കിയതുമില്ല. ആർത്തി പിടിച്ച പത്രവായനക്കാരനായിരുന്നു അയാൾ; നിമിഷായുസ്സുകളായ ലൊട്ടുലൊടുക്കുകളുടെ ആ കാഴ്ചബംഗ്ലാവുകൾ വേണ്ടെന്നുവയ്ക്കുക എന്നത് അതീവദുസ്സഹമായി അയാൾക്കനുഭവപ്പെട്ടു. ഗാഢചിന്തയോ ദീർഘവിചിന്തനമോ അയാൾക്കു പറഞ്ഞതായിരുന്നില്ല.

അയാളുടെ പകലുകളും അയാളുടെ രാത്രികളും ഒരേ മട്ടായിരുന്നു, എന്നാൽ ഞായറാഴ്ചകളാണ്‌ അയാളെ കഠിനമായി ഞെരുക്കിയത്. ഏതോ രീതിയിൽ നമ്മെയും വഹിച്ചുപോകുന്ന കാലത്തെ പലതായി വിഭജിച്ചത് ഒരു തെറ്റാണെന്ന് ജൂലൈ മദ്ധ്യത്തോടെ അയാൾക്കു സംശയങ്ങളുണ്ടായി. പിന്നീടയാൾ തന്റെ ഭാവനയെ അലയാൻ വിട്ടു – ഇപ്പോൾ രക്തപങ്കിലമായ തന്റെ ജന്മദേശത്തിന്റെ ഗ്രാമീണവിശാലതയ്ക്കു മേൽ; താനൊരുകാലത്ത് പട്ടം പറത്തിക്കളിച്ചിരുന്ന സാന്ത ഐറിനിലെ പരുക്കൻ പാടങ്ങൾക്കു മേൽ; ഇപ്പോഴേക്കും ചത്തുപോയിരിക്കാവുന്ന ഒരു പുള്ളിക്കുതിരക്കുട്ടിയ്ക്കു മേൽ; ആലയിലേക്കാട്ടിത്തെളിക്കുമ്പോൾ കാലികളുയർത്തിയിരുന്ന പൊടിപടലത്തിനു മേൽ; സോപ്പുചീപ്പുകണ്ണാടികളും കളിപ്പാട്ടങ്ങളുമായി മാസത്തിലൊരിക്കൽ ഫ്രേ ബന്റോസിൽ നിന്നു വന്നിരുന്ന തളർന്ന കുതിരവണ്ടിക്കു മേൽ; ദേശത്തിന്റെ വീരപുരുഷന്മാരായ ‘മുപ്പത്തിമൂവർ’ കപ്പലിറങ്ങിയ ലാ അഗ്രേഷിയാദ കടലിടുക്കിനു മേൽ; കുന്നുകൾക്കും കാടുകൾക്കും പുഴകൾക്കും മേൽ; പ്ലേറ്റിന്റെ ഇരുകരകളിലും ഇതുപോലൊരു കുന്ന് വേറേയുണ്ടാവില്ലെന്ന ചിന്തയോടെ വിളക്കുമാടം നില്ക്കുന്നിടത്തോളം താൻ കയറിച്ചെന്ന സെറോയ്ക്കു മേൽ. മോണ്ടേവിഡിയോ ഉൾക്കടലിനു മേലുയർന്നുനില്ക്കുന്ന ആ കുന്നിൽ നിന്ന് അയാളുടെ ചിന്തകൾ പിന്നെ ഉറുഗ്വേയുടെ ദേശീയചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന കുന്നിൻനിരയിലേക്കു ചെന്നു; അപ്പോഴേക്കും അയാൾക്കുറക്കവും വന്നു.

ഉറക്കത്തിനനുകൂലമായ ഒരു കുളിർമ്മയുമായി എന്നും രാത്രിയിൽ കടല്ക്കാറ്റു വീശിയിരുന്നു. ഒരു രാത്രിയിലും അയാൾക്കുറക്കം കിട്ടാതെപോയില്ല. അയാൾക്കു തന്റെ കാമുകിയോടു തീരാത്ത സ്നേഹമായിരുന്നു. എന്നാൽ ഒരു പുരുഷൻ സ്ത്രീകളെക്കുറിച്ചു ചിന്തിക്കാൻ പാടില്ല എന്നു പറയപ്പെട്ടിരിക്കുന്നു- അവർ അവിടെയില്ലെങ്കിൽ വിശേഷിച്ചും. നാട്ടിലെ ജീവിതത്തിൽ നിന്ന് ബ്രഹ്മചര്യം അയാൾക്കു ശീലമായിക്കഴിഞ്ഞിരുന്നു. പിന്നെ ആ മറ്റേക്കാര്യം- താൻ വെറുക്കുന്ന ആ മനുഷ്യനെക്കുറിച്ചു കഴിവതും ചിന്തിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. പരന്ന മേല്ക്കൂരയിൽ മഴയുടെ ഇരമ്പം അയാൾക്കു കൂട്ടായിട്ടുണ്ടായിരുന്നു.

ജയിലിൽ കഴിയുന്ന ഒരാൾക്കോ അല്ലെങ്കിൽ അന്ധനായ ഒരാൾക്കോ കാലത്തിന്റെ ഗതി താഴേക്കാണ്‌, ചരിവിലൂടൊരൊഴുക്കു പോലെ. തന്റെ ഏകാന്തവാസത്തിന്റെ മദ്ധ്യത്തിലെത്തിയപ്പോൾ കാലമില്ലാത്ത ആ കാലത്തിന്റെ അനുഭവം ഒന്നിലധികം തവണ അയാൾക്കുണ്ടായി. വീടിന്റെ മൂന്നു നടുമുറ്റങ്ങളിൽ ആദ്യത്തേതിൽ ഒരു വെള്ളത്തൊട്ടിയും അതിൽ ഒരു തവളയും ഉണ്ടായിരുന്നു. നിത്യതയ്ക്കു സമാനമായ ആ തവളയുടെ കാലമാണു താൻ തേടുന്നതെന്ന് അറെഡൊണ്ടോവിനു ചിന്ത പോയതേയില്ല.

നിശ്ചിതദിവസം അടുത്തുവന്നതോടെ അയാളുടെ അക്ഷമ വീണ്ടും തലപൊക്കി. ഒരു ദിവസം രാത്രിയിൽ സഹിക്കാൻ പറ്റില്ലെന്നായപ്പോൾ അയാൾ വീട്ടിൽ നിന്നിറങ്ങി തെരുവിലൂടെ നടന്നു. സകലതും അയാൾക്ക് വ്യത്യസ്തമായി, വലുതായി തോന്നി. വളവു തിരിഞ്ഞപ്പോൾ ഒരു വെളിച്ചം കണ്ട് അയാൾ കയറിച്ചെന്നു; ബാർ കൂടിയുള്ള ഒരു ജനറൽ സ്റ്റോർ ആയിരുന്നു അത്. തന്റെ സാന്നിദ്ധ്യം ന്യായീകരിക്കാനെന്നോണം അയാൾ ഒരു റമ്മിന്‌ ഓർഡർ ചെയ്തു. ബാറിന്റെ തടി കൊണ്ടുള്ള കൗണ്ടറിൽ കൈ കുത്തിക്കൊണ്ട് ചില പട്ടാളക്കാർ സംസാരത്തിലായിരുന്നു.

“യുദ്ധത്തിന്റെ വാർത്തകളൊന്നും പുറത്തേക്കു പോകരുതെന്ന് കർശനനിർദ്ദേശമുള്ളതറിയാമല്ലോ,” ഒരാൾ പറഞ്ഞു. “ഇന്നലെ വൈകിട്ടു നടന്നതെന്താണെന്നു കേട്ടോളൂ. രസമുള്ള കാര്യമാണ്‌. ഞങ്ങൾ ചിലർ അങ്ങപ്പുറത്തുള്ള ലാ റസോൺ പത്രമാഫീസിനു മുന്നിലൂടെ പോകുമ്പോഴാണ്‌ ആ ഉത്തരവു ലംഘിക്കുന്ന ഒരു ശബ്ദം ഉള്ളിൽ നിന്നു കേട്ടത്. ഞങ്ങൾ നേരേ ഇടിച്ചുകയറി. ഓഫീസിനുള്ളിൽ കുറ്റിരുട്ടായിരുന്നെങ്കിലും സംസാരിക്കുന്നവനെ ലക്ഷ്യം വച്ച് ഞങ്ങൾ തുരുതുരാ നിറയൊഴിച്ചു. ഒടുവിൽ അവന്റെ ഒച്ച നിലച്ചപ്പോൾ ഞങ്ങൾ അവന്റെ കാലുകളിൽ പിടിച്ചുവലിച്ച് പുറത്തിടാൻ നോക്കി. അപ്പോഴാണ്‌ ഫോണോഗ്രാഫ് എന്നു പേരുള്ള, തനിയേ സംസാരിക്കുന്ന ഒരു യന്ത്രമാണതെന്നു മനസ്സിലാകുന്നത്.“

എല്ലാവരും പൊട്ടിച്ചിരിച്ചു.

അറെഡോണ്ടോ അവരുടെ സംസാരം ശ്രദ്ധിച്ചുകേൾക്കുകയായിരുന്നു. ”തനിക്കെന്തു തോന്നുന്നെടോ? വല്ലാത്ത ചതിയായിപ്പോയി, അല്ലേ?“ പട്ടാളക്കാരൻ അയാളോടായി ചോദിച്ചു. അറെഡോണ്ടോ മിണ്ടാതിരുന്നതേയുള്ളു. പട്ടാളക്കാരൻ തന്റെ മുഖം അറെഡോണ്ടോയുടെ മുഖത്തിനു നേരേ മുന്നിൽ കൊണ്ടുവന്നിട്ടു പറഞ്ഞു, ”വേഗം! ഉറക്കെപ്പറഞ്ഞോ- നമ്മുടെ പ്രസിഡന്റ്, ഹുവാൻ ഇദ്യാർത്തെ ബോർദ വിജയിക്കട്ടെ!“

അറെഡോണ്ടോ അനുസരിക്കാതിരുന്നില്ല; കളിയാക്കലുകൾക്കും കരഘോഷത്തിനുമിടയിലൂടെ അയാൾ എങ്ങനെയോ പുറത്തേക്കുള്ള വാതിലിലെത്തി. തെരുവിലേക്കു കാലു കുത്തുമ്പോഴാണ്‌ അവസാനമായി ഒരധിക്ഷേപം അയാളുടെ കാതിൽ വന്നുവീഴുന്നത്: ”മണ്ടന്മാരല്ലാത്തതുകൊണ്ടാണ്‌ പേടിത്തൊണ്ടന്മാർ കോപിക്കാത്തത്.“ ഒരു ഭീരുവിനെപ്പോലെയാണ്‌ താനപ്പോൾ പെരുമാറിയതെങ്കിലും താൻ അത്തരക്കാരനല്ലെന്ന് അയാൾക്കറിയാമായിരുന്നു. അയാൾ സാവധാനം വീട്ടിലേക്കു നടന്നു.

ആഗസ്റ്റ് ഇരുപത്തഞ്ചാം തീയതി രാവിലെ ഒമ്പതടിച്ച് അല്പം കഴിഞ്ഞപ്പോൾ അവെലിനോ അറെഡോണ്ടോ ഉറക്കമുണർന്നു. ആദ്യം അയാൾ ക്ലാരയെയാണ്‌ ഓർത്തത്; പിന്നീടേ അന്നത്തെ തീയതിയെക്കുറിച്ച് അയാൾ ഓർത്തുള്ളു. “കാത്തിരുപ്പിനു വിട,” ആശ്വാസത്തോടെ അയാൾ സ്വയം പറഞ്ഞു, “ഇന്നാണ്‌ ആ ദിവസം.”

തിടുക്കപ്പെടാതെ അയാൾ ഷേവു ചെയ്തു; തന്റെ ദൈനന്ദിനമുഖം അയാൾ കണ്ണാടിയിൽ കണ്ടു. ഒരു ചുവന്ന ടൈ അയാൾ നോക്കിയെടുത്തു; തന്റെ ഏറ്റവും നല്ല വേഷമെടുത്തു ധരിച്ചു. വൈകിയാണ്‌ അയാൾ ഉച്ചഭക്ഷണം കഴിച്ചത്. മൂടിക്കെട്ടിയ ആകാശത്ത് ഒരു ചാറ്റമഴയുടെ ഭീഷണി ഉണ്ടായിരുന്നു. അയാൾ ഭാവനയിൽ കണ്ടിരുന്നത് ഇന്നത്തെ ആകാശം നീലിച്ചുതിളങ്ങുന്നതായിരിക്കും എന്നായിരുന്നു. നനവു മാറാത്ത തന്റെ മുറി അവസാനമായി വിട്ടിറങ്ങുമ്പോൾ അയാൾക്ക് നേരിയ വിഷാദം തോന്നി. ഇടനാഴിയിൽ വച്ച് ക്ലെമെന്റിന എതിരേ വരുന്നതു കണ്ടപ്പോൾ കൈയിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു പെസോ അയാൾ അവർക്കു കൊടുത്തു. ഹാർഡ്‌വെയർ കടയുടെ ബോർഡിൽ അവിടെ പെയിന്റ് വില്ക്കും എന്നറിയിക്കുന്ന പലനിറങ്ങളിലുള്ള ഡയമണ്ട് രൂപങ്ങൾ അയാൾ കണ്ടു; കഴിഞ്ഞ രണ്ടുമാസമായി താൻ അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലല്ലോയെന്ന് അയാൾ അപ്പോളോർത്തു. അയാൾ സരാന്റിതെരുവിലേക്കു നടന്നു. ഒഴിവുദിവസമായിരുന്നതിനാൽ അധികമാരെയും കണ്ടില്ല.

അയാൾ പ്ലാസ മാട്രിസ്സിലെത്തുമ്പോൾ മണി മൂന്നായിട്ടുണ്ടായിരുന്നില്ല. അപ്പോഴേക്കും “സ്തോത്രഗീതം” കഴിഞ്ഞിരുന്നു. വിശിഷ്ടവ്യക്തികളുടെ ഒരു സംഘം- സർക്കാരുദ്യോഗസ്ഥരും പട്ടാള ഓഫീസർമാരും പുരോഹിതന്മാരും- പള്ളിയുടെ പടവുകൾ സാവധാനമിറങ്ങുകയായിരുന്നു. നീണ്ട തൊപ്പികളും (ചിലരത് കൈയിൽ പിടിച്ചിരിക്കുകയായിരുന്നു) യൂണിഫോമുകളും അവയിലെ സ്വർണ്ണനിറത്തിലുള്ള തുന്നലുകളും ആയുധങ്ങളുമൊക്കെക്കൂടി അവർ ഒരുപാടു പേരുണ്ടെന്ന പ്രതീതിയുണ്ടാക്കി; യഥാർത്ഥത്തിൽ അവർ മുപ്പതിലധികം ഉണ്ടായിരുന്നില്ല. അറെഡോണ്ടോയ്ക്ക് ഭയമുണ്ടായില്ലെങ്കിലും ഒരു ബഹുമാനം അയാൾക്കു തോന്നി. അതിൽ ആരാണ്‌ പ്രസിഡന്റെന്ന് അയാൾ ആരോടോ ചോദിച്ചു.

“അംശവടിയും തൊപ്പിയുമായി ആർച്ച്ബിഷപ്പിനെ കാണുന്നില്ലേ- അദ്ദേഹത്തിനടുത്തു നടക്കുന്നയാൾ.”

അയാൾ പിസ്റ്റൾ പുറത്തെടുത്ത് നിറയൊഴിച്ചു.

ഇദ്യാർത്തെ ബോർദ ഒന്നുരണ്ടു ചുവടു വച്ചിട്ട് മുഖമടിച്ചു വീണു; “എന്നെ കൊന്നു” അയാൾ പറഞ്ഞത് സുവ്യക്തമായിരുന്നു.

അറെഡോണ്ടോ അധികാരികൾക്കു മുന്നിൽ സ്വയം കീഴടങ്ങി.

“ഞാൻ ഒരു കൊളോറാഡോയാണ്, അങ്ങനെ പറയുന്നതിൽ എനിക്കഭിമാനവുമുണ്ട്. നമ്മുടെ പാർട്ടിയെ വഞ്ചിക്കുകയും ദുഷിപ്പിക്കുകയും ചെയ്ത പ്രസിഡന്റിനെ ഞാൻ കൊന്നു. അവരെ ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നതിനായി ഞാനെന്റെ കൂട്ടുകാരോടും കാമുകിയോടും പിരിഞ്ഞുകഴിഞ്ഞിരുന്നു. പത്രങ്ങളാണ്‌ എന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന പഴി വരരുതെന്നതിനായി ഞാൻ പത്രങ്ങൾ വായിക്കാതെയുമായി. നീതിയുടെ ഈ പ്രവൃത്തിക്ക്ക്ക് ഉത്തരവാദി ഞാനൊരാൾ മാത്രമാണ്‌. ഇനി എന്നെ വിചാരണ ചെയ്തോളൂ.“

ഇങ്ങനെയായിരിക്കാം കാര്യങ്ങൾ സംഭവിച്ചത്, അല്പം കൂടി സങ്കീർണ്ണമായ രീതിയിൽ എന്നു വരാമെന്നേയുള്ളു; എന്തായാലും എന്റെ ഭാവനയിൽ ഇങ്ങനെയൊക്കെയാണ്‌ അതു നടന്നത്.
***

(പത്തൊമ്പതാം നൂറ്റാണ്ടിൽ ഉറുഗ്വേയിൽ ബ്ലാങ്കോകളും കൊളോറാഡോകളും തമ്മിൽ നടന്ന രക്തപങ്കിലമായ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്‌ ഈ കഥ. അവെലിനോ അറെഡോണ്ടോയും അയാൾ വെടിവച്ചു കൊല്ലുന്ന പ്രസിഡന്റ് ഹുവാൻ ഇദ്യാർത്തെ ബോർദയും ചരിത്രത്തിൽ ഉള്ളവർ തന്നെ.)

കുറിപ്പുകൾ
മോണ്ടെവിഡിയോ Montevideo- ഉറുഗ്വേയുടെ തലസ്ഥാനം

അപ്പരീസിയോ സരേവിയ Aparicio Saravia- വെള്ളക്കാരുടെ ഗവണ്മെന്റിനെതിരായി കലാപം നയിച്ച ഒരു ഭൂവുടമ. കാലിതെളിപ്പുകാരും പരുക്കൻ പ്രകൃതക്കാരുമായ ഗൗച്ചോകൾ സരേവിയയുടെ അനുയായികളായിരുന്നു.

മുലാറ്റോ Mulatto- മാതാപിതാക്കളിൽ ഒരാൾ വെള്ളക്കാരിലും മറ്റേയാൾ കറുത്തവർഗ്ഗത്തിൽ പെട്ടതുമായ ആൾ.

മുപ്പത്തിമൂവർ The Thirty-three- ഉറുഗ്വേയ്ക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത Juan Antonio Lavellejaയുടെ നേതൃത്വത്തിലുള്ള ദേശാഭിമാനികളുടെ സംഘം.

പ്ലേറ്റ് Plate- അർജ്ജന്റീനയിലൂടെയും ഉറുഗ്വേയിലൂടെയും ഒഴുകി അറ്റ്ലാന്റിക്കിൽ പതിക്കുന്ന നദി

Print Friendly, PDF & Email

About the author

വി. രവികുമാര്‍

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.