തക് ദീർ ഖുലീ ഹെ ,
ഔർ പൈസാ ഭീ ബഹുത് ഹേ,
താജ് മഹൽ ബനാ സക്താ ഹും,
പർ മുംതാസ് നഹീം മരീ.
നമ്മളിൽ പലരും ഈ ഷായർ ഇതിന് മുൻപ് പല തവണ കേട്ടിട്ടുണ്ടാവും. എങ്കിലും ദുബായിൽ ഉണ്ടായിരുന്ന ഒരു ചങ്ക് ദോസ്ത് പല തവണ ഇതേ വരികൾ പല വാരാന്ത്യ ഉന്മാദ വേളകളിൽ ഉരുവിടുക പതിവായിരുന്നു. ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു, ഇതെന്താ ഭായി, മൊത്തം ഡാർക്ക് സീൻ ആണല്ലോ ? അതിന് അവൻ തന്ന മറുപടി ഇപ്രകാരം ആയിരുന്നു:
താജ്മഹൽ ഒന്നും നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. പിന്നെ നമ്മൾ പൊതുവേ മുംതാസും, ഷാജഹാനും ഒക്കെ മരിച്ചിട്ട് സ്നേഹിക്കാനും, പ്രണയിക്കാനും , അവർക്ക് വേണ്ടി കരയാനും കാത്തിരിക്കുന്നവരല്ലേ …..ജീവിച്ചിരിക്കുമ്പോൾ ഒരു നല്ല വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, തലോടൽ കൊണ്ടോ പോലും പ്രണയിക്കാനും, പ്രകടിപ്പിക്കാനും , ഉള്ളിലുള്ളത് തുറന്ന് പറയാനും മടി കാട്ടുന്നവരല്ലേ നമ്മൾ ? ഭൂതത്തിലും ഭാവിയിലും മാത്രം അഭിരമിക്കുന്ന,വർത്തമാന കാലം നമുക്കും ഉണ്ടെന്ന് മറന്നു പോയവർ നമ്മൾ. അന്യന്റെ തളർച്ചയിൽ സന്തോഷിക്കുകയും വളർച്ചയിൽ നെടുവീർപ്പെടുകയും ചെയ്യുന്നവർ. പ്രണയിക്കുന്നവരെ സാമൂഹ്യ വിരുദ്ധരായി കാണുന്നവർ. മകളുടെ കാമുകന്റെ കൈ കാലുകൾ തല്ലി ഒടിക്കാനും , കൊല്ലാനും കൊട്ടേഷൻ കൊടുക്കുന്നവർ നമുക്ക് ഇടയിലും ഇല്ലേ? സത്യത്തിൽ നമ്മൾ എത്രയോ പ്രാകൃത യുഗത്തിലാണ് ഇന്നും ജീവിക്കുന്നത്.
അവന്റെ നിരീക്ഷണങ്ങൾ ശരിയാണ് എന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. ആസ്ത്രേലിയയിൽ മെഡിസിനും , എഞ്ചിനീയറിംഗും പാസായ മക്കൾക്ക് വേണ്ടി നാട്ടിൽ നിന്ന് ജാതകപ്പൊരുത്തമുള്ളവരും ചൊവ്വാദോഷമുക്തരും ആയ പങ്കാളികളെ നമ്പൂരി , നായാടി ,ക്രിസ്ത്യൻ, മുസ്ളീം എന്നിങ്ങനെപ്രത്യേകം പ്രത്യേകം മാട്രിമോണികൾ വഴി സംഘടിപ്പിക്കുന്ന മാതാപിതാക്കൾ അല്ലേ നമ്മിൽ പലരും? സതിയും , സ്ത്രീധനവും ക്കൈ പോലെ തന്നെ തിരുത്തപ്പെടേണ്ട , എതിർക്കപ്പെടേണ്ട സാമൂഹ്യ വിപത്ത് തന്നെയല്ലേ ഇത്തരം അറേഞ്ച്ഡ് മാര്യേജ് എന്ന പ്രാകൃത വിവാഹ രീതികളും ? പങ്കാളികൾ തമ്മിൽ യാതൊരു മുൻപരിചയമോ, പരസ്പര ആശയ വിനിമയമോ ഇല്ലാതെ അവരുടെ താൽപര്യങ്ങൾ തെല്ലും മനസ്സിലാക്കാതെ, പരിഗണിക്കാതെ കുടുംബത്തിലെ കാരണവർമാരുടെ മാത്രം താൽപര്യത്തിനും, അന്തസ്സിനും ചേർന്ന രീതിയിൽ ജീവിത പങ്കാളികളെ തിരഞ്ഞെടുത്ത് നടത്തുന്ന ഇത്തരം ഭൂരിഭാഗം വിവാഹങ്ങളും ഇനിയുള്ള കാലങ്ങളിൽ സന്തോഷമായി, ആരോഗ്യപരമായി നിലനിർത്തുക എന്നത് ദൃഷ്കരമല്ലേ? ഇത് പ്രാകൃതം തന്നെയല്ലേ ?
നന്നേ ചെറുപ്പത്തിൽ മനസ്സിൽ കുടിയേറിയ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത് തന്നെ ആയിരുന്നു താജ് മഹൽ .ഞങ്ങളുടെ ഗോൾഡൻ ട്രയാംഗിൾ ട്രിപ്പിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു താജ് മഹൽ, ആഗ്ര ഫോർട്ട് സന്ദർശനം . ദില്ലിയിൽ നിന്ന് റോഡ് മാർഗ്ഗം ഉച്ചക്ക് ശേഷം ആഗ്രയിൽ എത്തി. വളരെ സാവധാനം എല്ലാം കാണണമെന്ന നിർബ്ബന്ധം ഉണ്ടായിരുന്നതിനാൽ രണ്ട് രാത്രിയും രണ്ടര പകലുമാണ് ആഗ്ര നഗരത്തിനായി മാറ്റി വച്ചിരുന്നത്. മുമ്പ് താജ്മഹൽ സന്ദർശിച്ച സുഹൃത്തുക്കളിൽ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ പ്രകാരം താജ് മഹൽ സന്ദർശനത്തിന് തയ്യാറെടുക്കുമ്പോൾ പ്രത്യേകം പരിഗണിക്കേണ്ട ഏതാനും കാര്യങ്ങൾ മനസ്സിൽ കുറിച്ചിട്ടിരുന്നു. അത് പ്രകാരം കാശ് ഇത്തിരി കൂടിയാലും നല്ലൊരു ഗൈഡിനൊപ്പം ആയിരിക്കണം താജ്മഹൽ സന്ദർശിക്കേണ്ടതെന്നും, താമസിക്കുന്ന ഹോട്ടൽ താജ്മഹലിൽ നിന്നു അധികം ദൂരെ അല്ലാത്തതും, ജനാലയുടെ കർട്ടൻ മാറ്റിയാൽ നേരിട്ട് കാണാൻ പാകത്തിൽ ഉള്ളതാവണമെന്നും, അതിലെല്ലാം ഉപരി പൗർണ്ണമി ദിവസം ആയിരക്കണമെന്നും നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ആഗ്രയിലെ ക്രിസ്റ്റൽ സരോവർ പ്രീമിയർ ഹോട്ടലിന്റെ ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ ആ നിലാവെളിച്ചത്തിൽ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. വെള്ള മാർബിളിൽ കൊത്തിവച്ച അതി സുന്ദരിയായ താജ്മഹൽ എന്ന ലോക വിസ്മയത്തിന്റെ മട്ടുപ്പാവിൽ അതാ മറ്റൊരു സുന്ദരി !പാൽപ്പാടയുടെ നിറമുള്ള ഗൗണിൽ, ജോർജിയോ അർമാനിയെ വെല്ലുന്ന ഊദും ധരിച്ച്, മുല്ലപ്പൂവും ചൂടി പ്രണയ പരവശയായ മുംതാസ് ഷാജഹാനേയും കാത്ത് ഉലാത്തുന്നത് പോലെ.
ടൂർ പ്ലാനിംഗിൽ അമാവാസിക്കും, പൗർണ്ണമിക്കും ഒക്കെ ഇത്രയും പ്രാധാന്യം കിട്ടുന്ന മറ്റൊരു നഗരം ലോകത്ത് വേറെ ഉണ്ടാവുമോ എന്തോ ? താജ്മഹലിന് ഉള്ളിലോ, തൊട്ടു വെളിയിലോ ഒരിടത്തും ലൈറ്റുകൾ ഇല്ല എന്നത് ആഗ്രയിൽ എത്തിയ ശേഷം മാത്രം അറിയാൻ കഴിഞ്ഞ ഒരു പുതു വിവരം ആയിരുന്നു. 16-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ 22 വർഷങ്ങളോളം എടുത്തു ഇരുപതിനായിരത്തിൽ പരം തൊഴിലാളികൾ ചേർന്ന്ആ ലോക വിസ്മയം പണിത കാലത്ത് വിദ്യുച്ഛക്തി ഇല്ലാതിരുന്നതും, മറ്റ് ബാഹ്യ വിളക്കുകൾ ആ ലോക വിസ്മയത്തിന്റെ ശോഭ കെടുത്തും എന്നതുമായിരിക്കാം പിന്നീട് ആരും അത്തരമൊരു ഉദ്യമത്തിന് മുതിരാതിരുന്നത്.
അക്കാലത്തെ ലോകത്തിലെ എറ്റവും സമ്പന്നൻ ആയിരുന്ന ഷാജഹാൻ ചക്രവർത്തിയുടെ മകളായി പിറന്നിട്ടും, തന്റെ മുത്തച്ഛനായ അക്ബർ ചക്രവർത്തി നടപ്പിലാക്കിയ മുഗൾ രാജകുമാരിമാർ വിവാഹം ചെയ്യാൻ പാടില്ല എന്ന നിയമത്തിന് വിധേയയായ ഷാജഹാന്റെ മകളായ ജഹനാര. വിവാഹം പോയിട്ട് സ്വന്തം പ്രണയം പോലും തുറന്ന് പറയാൻ കഴിയാതെ എല്ലാ ദു:ഖങ്ങളും തന്റെ ആത്മകഥയിൽ ഒളിപ്പിച്ച് വയ്ക്കേണ്ടി വന്ന ദു:ഖപുത്രിയായ ജഹനാര . തന്റെ സഹോദരനും അന്നത്തെ ചക്രവർത്തിയുമായ ഔറംഗസീബിനോടുള്ള വിയോജിപ്പ് മൂലം പിതാവായ ഷാജഹാനോടൊപ്പം തടവിൽ കഴിയേണ്ടി വന്നവൾ ജഹനാര . തന്റെ കാമുകൻ സഹോദരൻ ഔറംഗസീബിനാൽ തല കൊയ്യപ്പെട്ട ഹതഭാഗ്യയായ ജഹനാര . പതിനേഴാമത്തെ വയസ്സിൽ അമ്മയായ മുംതാസ് മഹലിനെ നഷ്ടപ്പെട്ട ജഹനാര.
മുഗൾ ഭരണകാലത്ത് സ്ത്രീകൾക്ക് ഉണ്ടായിരുന്ന പല വിലക്കുകളേയും പൊട്ടിച്ചെറിഞ്ഞ ജഹനാരയുടെ ഖബറിടം ഒരു പ്രതീകമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിന്റെയും ഒരു സ്മാരകം കൂടിയാണ്. സ്വയം ദരിദ്രയെന്ന് വിശേഷിപ്പിച്ച ചക്രവർത്തിനി ജഹനാര . പച്ച സസ്യങ്ങൾ കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും തന്റെ ഖബറിടം മൂടരുതെന്നും, ദരിദ്രയുടെ ഖബറിടം മൂടാൻ പുല്ലുകൾ തന്നെ ധാരാളം എന്നും നിർദ്ദേശിച്ചവൾ .
ഒളിപ്പിച്ചു വച്ച തന്റെ ആത്മകഥയിൽ ജഹനാര ഇങ്ങനെ എഴുതി. ” ഞാൻ എന്റെ എഴുത്തുകൾ ജാസ്മിൻ കൊട്ടാരത്തിന്റെ കല്ലിനടിയിൽ സൂക്ഷിക്കും. ഭാവിയിൽ എന്നെങ്കിലും ജാസ്മിൻ കൊട്ടാരം നശിക്കും. അപ്പോൾ എന്റെ ആത്മകഥ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകൾ കണ്ടെടുക്കും. ചക്രവർത്തി ഷാജഹാന്റെ പുത്രി ജഹനാരയെപ്പോലെ ദീനയും, ദു:ഖിതയുമായി ആരും ഉണ്ടായിരുന്നില്ലെന്ന് അന്ന് ലോകം അറിയും “
ഞങ്ങളുടെ ഗൈഡ് ടൈഗർ ഈ കഥകളും വിവരണങ്ങളും നൽകുന്നതിനൊപ്പം വെള്ള മാർബിളിൽ കൊത്തിയ താജ്മഹൽ സൂക്ഷ്മവശങ്ങളോടെ വിശദമായ ഫോട്ടോഎടുക്കൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ജഹനാര എന്ന ഹതഭാഗ്യയെപ്പറ്റിയുള്ള ചിന്തകളായിരുന്നു എന്റെ മനസ്സിൽ.
ശബ്ദമുയർത്തുകയും, പ്രതികരിക്കുകയും ചെയ്യുന്ന ചിന്താശേഷിയുള്ള സ്ത്രീകളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അന്നും ഇന്നും നമ്മുടെ സമൂഹത്തിൽ നിർബാധം തുടരുന്നതിലെ അമർഷവും.
ഇന്ത്യ വൈജാത്യങ്ങളുടെ രാജ്യമാണ്, സാംസ്കാരികമായും സാമൂഹികമായും ഓരോ നഗരങ്ങളും ഒന്നിനോടൊന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഓരോ നഗരങ്ങളിലേക്കുമുള്ള യാത്ര അനേകം പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ ഉൾക്കാഴ്ച പകരുന്നവയാണ്, ജീവിതത്തെ കുറിച്ച്.
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്