പൂമുഖം നിരീക്ഷണം ഫ്രം കുട്ടനാട് ടു പലസ്തീൻ വിത്ത് ലവ്

ഫ്രം കുട്ടനാട് ടു പലസ്തീൻ വിത്ത് ലവ്

റബ് ലോകത്തെ ക്ഷുഭിത യൗവനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഫർഹാൻ. സ്നേഹത്തോടുകൂടി സംസാരിക്കുമ്പോൾ പോലും ആരോടോ കയർക്കുകയാണ് എന്ന് തോന്നിപ്പോകും. സ്വരം അറിയാതെ ഉയരും. പിടലിയിലെ ഞരമ്പുകൾ തെളിഞ്ഞ് വരും. പുരികമാകെ എഴുന്നേറ്റ് നിൽക്കും. കൈകൾ അറിയാതെ ഉയരും.ഫർഹാൻ എന്നാൽ സന്തോഷവാൻ എന്ന് അർത്ഥമുണ്ടെങ്കിലും സദാ കലഹിച്ചിരുന്നവൻ. ബോളിവുഡിലെ പല ചോക്ളേറ്റ് നടൻമാരേയും കാൾ ഗ്ലാമറും , പൗരുഷവും ഉള്ളവൻ. പരിചയപ്പെട്ട ആദ്യ നാളുകളിൽ തന്നെ അവന്റെ ഉള്ളിലെ മനുഷ്യ സ്നേഹിയെ തിരിച്ചറിയാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് ഞാൻ ജോലി ചെയ്തിരുന്ന Debenhams എന്ന പ്രസ്ഥാനത്തിൽ വിപുലീകരണത്തിന്റെ ഭാഗമായി mass recruiting നടക്കുന്ന സമയം. ദുബായിലെ ലോക്കൽ മീഡിയ വഴി നടത്തിയ പരസ്യങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തോളം നീണ്ടു നിന്ന ഇന്റെർവ്യൂകൾ . ഉദ്യോഗാർത്ഥികളുടെ നീണ്ട നിര. കൂടുതലും മിഡിൽ ഈസ്റ്റ് ഭാഗത്തു നിന്നുള്ള അറബ് വംശജരായ ചെറുപ്പക്കാർ.ഏതാനും മാസങ്ങളായി രണ്ടും മൂന്നും വിസിറ്റ് വിസകൾ പുതുക്കി ജോലിക്കായി കാത്തിരിക്കുന്നവർ. ഇനി ഒരിക്കൽ കൂടി വിസ പുതുക്കാൻ ശേഷി ഇല്ലാത്തവർ. രാഷ്ട്രീയപരമായ കാരണങ്ങളാലും, ആഭ്യന്തര പ്രശ്നങ്ങളാലും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ ഭയപ്പെട്ടിരുന്നവർ .കടുത്ത വിസ നിയന്ത്രണങ്ങൾക്ക് ശേഷം ഇടക്കാല ആശ്വാസം കിട്ടിയ സമയമായിരുന്നു. പോരാത്തതിന് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുള്ള സാഹചര്യവും. പലരുടെയും വിധി നിർണ്ണയം വെറും മൂന്നു മുതൽ അഞ്ച് മിനിറ്റുകൾക്കുള്ളിൽ നടന്നു. ചിലരെ കാഴ്ചയിൽ തന്നെ, മറ്റു ചിലരെ ചുറുചുറുക്കിൽ, ചടുലമായ സംസാരത്തിൽ . ഞങ്ങൾ അഞ്ചാറു പേർ ഓരോരുത്തരായി വരുന്നവരിൽ നിന്നും ബയോഡാറ്റ വാങ്ങി ഓടിച്ച് നോക്കി പെട്ടന്നുള്ള രണ്ട് മൂന്ന് ചോദ്യങ്ങൾ.അതിനിടെ ക്യൂവിൽ നിന്നും ഫർഹാന്റെ ഊഴം.

Why do you want this job??

പിന്നിലായി നിന്ന മറ്റ് രണ്ട് ചെറുപ്പക്കാരെ ചൂണ്ടി ഫർഹാൻ, എനിക്ക് നല്ല experience ഉം വിസ കാലാവധിയും ഉണ്ട്.അവർ രണ്ടാളുടെയും വിസയുടെ കാലാവധി കഴിയാറായി. എല്ലാവരെയും സെലക്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. Vacancy കുറവാണെങ്കിൽ ആദ്യം അവരെ എടുക്കാമോ?

നമ്മുടെ അധികാര പരിധിയിൻമേലുള്ള കടന്ന് കയറ്റമായി ആദ്യം തോന്നിയെങ്കിലും അതിൽ എനിക്ക് അല്പം കൗതുകവും, ജിജ്ഞാസയും തോന്നി. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് മാനേജർമാരുമായും സംസാരിച്ച ശേഷം മൂന്ന് പേരെയും സെലക്ട് ചെയ്യുവാൻ ഞങ്ങൾ തീരുമാനിച്ചു.

പാലസ്തീൻ വംശജനായ ഫർഹാൻ നന്നേ ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടവനാണ്. കുടുംബം ഏറെക്കുറെയായി പല രാജ്യങ്ങളിൽ. അവൻ കഴിഞ്ഞ കുറേ നാളുകളായി സിറിയയിലെ ആലെപ്പോ നഗരത്തിൽ താമസിക്കുന്നു . സാമാന്യം ഭേദപ്പെട്ട ഇംഗ്ലീഷ് സംസാരിച്ചിരുന്ന ഫർഹാന്റെ ചുണ്ടിൽ സദാ Marlboro സിഗററ്റ് .

Men Always Remember Ladies Because of Romance Only എന്ന് ആദ്യമായി കേൾക്കുന്നത് ഫർഹാനിൽ നിന്നാണ്. സിഗററ്റുകൾ ഒഴിച്ച് മറ്റെന്തിനോടെങ്കിലും അവന് പ്രണയം ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. പ്രശ്നങ്ങൾ ഒഴിഞ്ഞിട്ടു വേണ്ടേ ഒന്ന് പ്രേമിക്കാൻ.പ്രശസ്ത സിറിയൻ പാട്ടുകാരൻ ജോർജ്ജ് വസൂഫ് ന്റെ Kalam Ennas എന്ന പാട്ടും വരികളുടെ അർത്ഥവും എനിക്ക് പറഞ്ഞ് തന്നത് ഫർഹാൻ ആണ്.

why do we listen to them my beloved,

i’m in love and making them hear

nobody can prevent my eyes and i won’t be affected by illusions

from people’s talk,people’s talk

people’s talk no no no doesn’t make a difference.

ആഴ്ചയിലൊരിക്കൽ ഉളള day off നു ശേഷം ജോലിയിലേക്ക് മടങ്ങി വരുന്ന ഫർഹാന്റെ മുഖത്ത് നിന്നും പാലസ്തീനിലെ സ്ഥിതി ഗതികൾ വായിച്ചെടുക്കാൻ പറ്റുമായിരുന്നു. തലേന്ന് നടന്ന വെടിവെപ്പിൽ അവന്റെ ഏറ്റം വേണ്ടപ്പെട്ടവരിൽ ആരെങ്കിലും മരണപ്പെടുകയോ, പരിക്ക് പറ്റുകയോ ചെയ്തവർ,അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, അവന്റെ പരിചയക്കാർ ഇസ്രയേൽ പട്ടാളത്തിന്റെ പിടിയിലായവർ. തങ്ങളുടെ ഭാര്യയെയോ, മക്കളേയോ അന്യായമായി തടഞ്ഞുവച്ചതിനെ ചോദ്യം ചെയ്തതായിരിക്കാം അവർ ചെയ്ത കുറ്റം. ഇങ്ങനെ പട്ടാളക്കാർ പിടിച്ചു കൊണ്ടുപോകുന്ന പലരും പിന്നീട് ഒരിക്കലും പുറം ലോകം കാണാറില്ല.നന്നേ ചെറുപ്പം മുതൽ തന്നെ ഇതൊക്കെ കണ്ടും ,കേട്ടും ശീലിച്ചതിനാലാവാം ഫർഹാൻ ഒരു ക്ഷുഭിത പ്രകൃതക്കാരൻ ആയി മാറിയത്.

എന്തൊക്കെ പരീക്ഷണങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ജീവിതത്തോട് പൊരുതി ജയിക്കാനും, അതിജീവിക്കാനുമുള്ള ഫർഹാന്റെ മനോഭാവം ആയിരിക്കാം അതിജീവനത്തിന്റെയും സഹനത്തിന്റെയും അനുഭവങ്ങൾ കുറച്ചെങ്കിലും കണ്ടും കേട്ടും പരിചയമുള്ള കുട്ടനാട്ടുകാരനായ എനിക്ക് ഫർഹാനോട് അടുപ്പം തോന്നാൻ കാരണം.

ഒരു കുട്ടനാട്ടുകാരനെ സംബന്ധിച്ച് ഓരോ വെള്ളപ്പൊക്കവും ഓരോ പുതിയ അനുഭവങ്ങൾ ആണ്. ഒരു പുതിയ തുടക്കം ആണ്. ഒന്നിൽ നിന്നും,ഒന്നുമില്ലായ്മയിൽ നിന്നും ഉള്ള തുടക്കം. കൂട്ടി വച്ച സ്വപ്നങ്ങൾ ഒക്കെയും ഒറ്റ ദിവസം കൊണ്ട് തകർന്നടിഞ്ഞവർ , മാസങ്ങൾ നീണ്ട കാത്തിരിപ്പിന്റെ ഫലം ,കൊയ്ത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മടവീണ് പോയവർ , ടൺ കണക്കിന് മീനുകൾ ഒറ്റരാത്രി കൊണ്ട് നഷ്ടപ്പെട്ട മീൻ കുളങ്ങൾ, വീട്ടിലെ കോഴി, താറാവ്, ആട് പശു തുടങ്ങി സകല വളർത്തുമൃഗങ്ങൾ, വീട്ടുവളപ്പിലെ പച്ചക്കറിത്തോട്ടങ്ങൾ തുടങ്ങി വെള്ളപ്പൊക്കത്തിന് ശേഷം തറവാട് വീടുകൾ പോലും താമസ യോഗ്യമല്ലാതായവർ. ഇതിലൊന്നും തളരാതെ,തകരാതെ മുന്നോട്ട് പോകുവാൻ കുട്ടനാട്ടുകാരന് കൈ മുതലായി ഉണ്ടായിരുന്നത് ആരോഗ്യമുളള ശരീരവും , അതിജീവനത്തിനായി പൊരുതാനുള്ള മനസ്സും മാത്രം.

കാലവർഷക്കെടുതികൾ, വെള്ളപ്പൊക്കം മുതലായവ കുട്ടനാട്ടുകാർക്ക് പുത്തരിയൊന്നും ആയിരുന്നില്ലെങ്കിലും 2018 മുതൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അതിനെ തുടർന്നുള്ള പ്രകൃതി ദുരന്തങ്ങളും കുട്ടനാടൻ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അതിജീവനം അതിസാഹസികവും , ദൃഷ്കരവുമായി മാറിയിരിക്കുന്നു. വെള്ളം വെള്ളം സർവ്വത്ര , തുള്ളി കുടിപ്പാനില്ലത്രേ എന്ന അവസ്ഥ.

കുട്ടനാട്ടുകാർ പൊതുവിൽ അദ്ധ്വാന ശീലരാണ്. പ്രകൃതി ദുരന്തങ്ങൾക്കു മുന്നിൽ പതറാത്തവരാണ്. അതിജീവനത്തിന്റെ പാതയിൽ കർമ്മനിരതരും,ക്ഷമ യുളളവരുമാണ്. അടുത്ത കാലത്തായി വർദ്ധിച്ചു വരുന്ന ജാതി, മതം തിരിച്ചുള്ള വേർതിരിവുകൾ, ഇത്തിരി കുശുമ്പ്, ലേശം പരദൂഷണം, അൽപം പാരവയ്പ് ഇവ മാറ്റി നിർത്തിയാൽ കുട്ടനാട്ടുകാർ പൊതുവിൽ സ്നേഹ സമ്പന്നരും ആണ്.

തങ്ങളുടെ മേൽ തീപ്പന്തമായി പതിക്കുന്ന മനുഷ്യനിർമ്മിത ദുരന്തങ്ങൾക്ക് കാരണമായി ഫലസ്തീനികൾക്ക് ചൂണ്ടിക്കാട്ടാൻ നേരെ മുന്നിൽ ഇസ്രായേൽ ഉണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന് മനുഷ്യനോട് കാട്ടുന്ന വംശീയത ഉണ്ട്, ആകെ കൂടിക്കുഴഞ്ഞു കിടക്കുന്ന മധ്യേഷ്യൻ രാഷ്ട്രീയവും നിർവികാരമായി, ഒരു ചൂണ്ടു വിരൽ പോലുമനക്കാതെ അതിനെ നോക്കിക്കാണുന്ന ആഗോള മനുഷ്യരുമുണ്ട്. പലസ്തീൻകാരൻ തൻറെ വിശ്വാസങ്ങളെ മുറുക്കെപ്പിടിച്ചു കൊണ്ട് ഈ ഭൂമിയിൽ നീതിക്കായി പോരാടുന്നു.

തങ്ങളുടെ മേൽ ഇടി മിന്നലായി പതിക്കുന്ന അശനിപാതങ്ങളുടെ നേർക്ക് കുട്ടനാട്ടുകാരന് ചൂണ്ടിക്കാട്ടാൻ ആകാശങ്ങളിലെ അദൃശ്യ ശക്തികൾ പോലുമില്ല എന്നതാണ് വ്യത്യാസം. അവൻ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് എല്ലാം ദൈവത്തിലർപ്പിക്കുന്നു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും , വെല്ലുവിളികളും ആണെങ്കിലും ഒരു കുട്ടനാട്ടുകാരനായതിനാലാവാം അതിജീവന പോരാട്ടത്തിൽ തങ്ങളേക്കാൾ പതിന്മടങ്ങ് ക്ലേശത അനുഭവിക്കുന്ന ഫർഹാൻമാരെ തിരിച്ചറിയാനും തങ്ങളിൽ ഒരുവനെപ്പോലെ കാണാൻ സാധിക്കുന്നതും.

Comments
Print Friendly, PDF & Email

You may also like