Home Travelയാത്ര ഒരു നോർത്ത് ഇന്ത്യൻ അവധിക്കാലം

ഒരു നോർത്ത് ഇന്ത്യൻ അവധിക്കാലം

ഡിസംബർ 2015 ലെ ഒരു അവധിക്കാലം . കുടുംബസമേതം മെൽബണിൽ നിന്ന് ദില്ലി വഴി നോർത്ത് ഇന്ത്യ കവർ ചെയ്തുള്ള ഗോൾഡൻ ട്രയാംഗിൾ ട്രിപ്പ് , പല വിധ കാരണങ്ങളാൽ ഇന്നും മനസ്സിൽ നിന്നും മങ്ങാതെ നിൽക്കുന്ന ഒന്നാണ്. സ്കൂൾ കാലഘട്ടങ്ങളിൽ മുഗൾ സാമ്രാജ്യ ചരിത്രവും , ഷേർ ഷായുടെ ഭരണപരിഷ്കാരങ്ങളും , പാനിപ്പട്ട് യുദ്ധവുമൊക്കെ കാണാതെ പഠിക്കുന്നതിൽ വിരസത തോന്നിയിരുന്നെങ്കിലും, അതിലെ ചില ചരിത്രസ്മാരകങ്ങളും , ചരിത്ര പ്രദേശങ്ങളും നേരിട്ട് സന്ദർശിക്കാൻ അവസരം കിട്ടിയപ്പോൾ ഉണ്ടായ ആകാംക്ഷയും ആനന്ദവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മൂന്ന് ശതാബ്ദത്തോളം നീണ്ടു നിന്ന മുഗൾ സാമ്രാജ്യചരിത്രത്തിൽ സാമ്രാജ്യ സ്ഥാപകനായ ബാബറും , പേര് കൊണ്ട് ഭാഗ്യവാൻ എന്ന അർത്ഥം വരുന്ന ഹുമയൂണും, മഹാനായ അക്ബറും , ലോകജേതാവ് എന്നറിയപ്പെട്ടിരുന്ന ജഹാംഗീറും, ലോകത്തിന്റെ രാജാവ് എന്നറിയപ്പെട്ടിരുന്ന ഷാജഹാനും, വിശ്വ വിജയി എന്നറിയപ്പെട്ടിരുന്ന ഔറംഗസീബും നൽകിയ സംഭാവനകൾ, ചരിത്രത്തിൽ രേഖപ്പെടുത്തിയ അടയാളങ്ങൾ മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇവരിൽ എന്നെ ഏറ്റവും ആകർഷിച്ചത് അധികമാരും കൊട്ടിഘോഷിച്ചിട്ടില്ലാത്ത ഹുമയൂൺ ആയിരുന്നു. 23-ാം വയസ്സിൽ പിതാവിന്റെ മരണത്തെ തുടർന്ന് അധികാരവും അതിനെ തുടർന്നുള്ള നിരവധി വെല്ലുവിളികളും ഏൽക്കേണ്ടി വന്ന ചെറുപ്പക്കാരനായ രാജാവ്.സന്ധ്യാപ്രാര്‍ഥനയക്കു ശേഷം ഡെല്‍ഹി കോട്ടയിലെ പടിക്കെട്ടുകളില്‍നിന്ന്‌ മറിഞ്ഞുവീണു മരിച്ച ഹതഭാഗ്യൻ.രൂപത്തിലും ഭാവത്തിലും താജ്മഹൽ എന്ന വിശ്വവിസ്മയത്തിന്റെ വഴി കാട്ടി. ഈ ചരിത്ര സംഭവങ്ങൾ ഒന്നൊന്നായി ഞങ്ങളുടെ ഗൈഡ് റൂബി വിവരിക്കുകയും, അവ നേരിട്ട് കാണുകയും ചെയ്യുമ്പോൾ ഉണ്ടായ അനുഭൂതി വിവരണാതീതമാണ്.


ഏതാനും ദിവസങ്ങൾ ദില്ലിയിൽ . ഇന്ത്യാഗേറ്റ്, പാർലമെന്റ് മന്ദിരം, രാജ്ഘട്ട്, ക്വത്തബ് മീനാർ, ഹുമയൂൺ ടോംബ്എന്നിവയ്ക്ക്ശേഷം അവിടെ നിന്ന് റോഡ് മാർഗ്ഗം ആഗ്ര, താജ്മഹൽ, ആഗ്രാഫോർട്ട്.പിന്നീട്പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിലേക്ക് . അവിടെ ആംബർ പാലസ്, ഹവാ മഹൽ, സിറ്റി പാലസ്, ജന്തർ മന്തർ ,ജൽ മഹൽ എല്ലാം കഴിഞ്ഞ് വീണ്ടും തിരിച്ച് ദൽഹിക്ക് എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.

ഈ ടൂർ പ്ലാൻ ചെയ്തപ്പോൾ തന്നെ ഭാര്യയുടെയും ,മക്കളുടെയും പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ദില്ലിയിൽ നിന്ന് നാട്ടിലേക്ക് ഉള്ള യാത്ര ട്രെയിനിൽ ആവണമെന്ന്. നാട്ടിൽ നിന്ന് മുംബയിലേക്കും തിരിച്ചും നിരവധി തവണ ജയന്തി ജനത ട്രയിനിൽ യാത്ര ചെയ്തിട്ടുള്ള സുഖം നേരിട്ട് അനുഭവിച്ചിട്ടുള്ളതിനാൽ ഞാൻ നിരുത്സാഹപ്പെടുത്താൻ തുനിഞ്ഞെങ്കിലും ഒടുവിൽ ഭാര്യയുടെയും , മക്കളുടെയും ആഗ്രഹത്തിന് വഴങ്ങി.

ചരിത്രം ഉറങ്ങുന്ന ദില്ലിയുടെ തന്ത്ര പ്രധാന സ്ഥലങ്ങൾ അത്ഭുതത്തോടും , അതിലേറെ ആകാംക്ഷയോടും സന്ദർശിക്കുന്നതിനിടയിലും എന്നെ അമ്പരിപ്പിക്കുകയും, അല്പം അലോസരപ്പെടുത്തുകയും ചെയ്ത ഒന്നായിരുന്നു റൂബി എന്ന ഞങ്ങളുടെ ഗൈഡ് അവരുടെ പ്രവർത്തനമേഖലയിൽ ഞങ്ങളുടെ കൺമുന്നിൽ മറ്റു ഗൈഡുകളിൽ നിന്ന് നേരിട്ട ഭീഷണികൾ. പോകുന്നിടത്തെല്ലാം റൂബിയെ അവർ പിന്തുടരുകയും അസഭ്യവർഷം നടത്തുകയും ചെയ്തിരുന്നു. ഇതിലൊന്നും തെല്ലും ഭയപ്പെട്ട് പിന്മാറുന്ന ഗൈഡ് അല്ല താനെന്നും , ഇത്തരം ഏത് ഭീഷണികളേയും നേരിടാൻ കഴിവുള്ളവളാണ് താനെന്നും റൂബിയുടെ പെരുമാറ്റത്തിൽ നിന്ന് ഞങ്ങൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. ഭീഷണികൾക്ക് ഒട്ടും വഴങ്ങാതെ റൂബി തന്റെ ജോലി അങ്ങേയറ്റം ഭംഗിയായി തുടർന്നുകൊണ്ടിരുന്നു. അവരുടെ കഴിവിലും , സാമർത്ഥ്യത്തിലും ഇത്തരം കഴുകൻമാരോട് പോരടിച്ച് സധൈര്യം ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നതിലും റൂബിയോട് ഞങ്ങൾക്ക് എല്ലാവർക്കും വലിയ ബഹുമാനം തോന്നി. അവർ നേരിട്ട പ്രശ്നങ്ങൾക്ക് സാക്ഷികളായ ടൂറിസ്റ്റുകൾ എന്ന നിലക്ക് ഞങ്ങളുടേതായ ധാർമ്മിക പിന്തുണ അറിയിക്കുകയും, അവരുടെ ടൂർ കമ്പനിക്ക് ഭാര്യ വക കുറേ നല്ല വാക്കുകൾ പറഞ്ഞു കൊണ്ട് മെയിൽ അയക്കുകയും ചെയ്തിരുന്നു. അങ്ങനെ അറിയപ്പെടാത്ത എത്രയോ റൂബിമാർ ഇത്തരം മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാവും എന്ന് എനിക്ക് തോന്നി.

ദില്ലി സന്ദർശനം കഴിഞ്ഞ് ഗുഡ്ഗാവ് മുതൽ ആഗ്രക്ക് ഉള്ള വഴിയിൽ ഏതാനും മണിക്കൂറുകൾ എന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങളുടെ ഷോഫർ (Chauffeur ) എന്നെ വണ്ടി ഓടിക്കാൻ അനുവദിച്ചു. നല്ല വീതിയും , വിസ്താരവും ,വൃത്തിയും ഉള്ള തിരക്കു കുറഞ്ഞ നാലോ അഞ്ചോ വരി പാതകൾ ഓരോ വശത്തേക്കും ഉള്ള റോഡുകൾ. കാഴ്ചയിൽ ജവഗൽ ശ്രീനാഥിനെ ഓർമിപ്പിക്കുന്ന വളരെ ശാന്തനും, സൗമ്യനും , മിതഭാഷിയുമായ നവീൻ ഭായി ആയിരുന്നു ഞങ്ങളുടെ തേരാളി. ദില്ലിയിലെ 2+ 3 മോഡലിലുള്ള ഇന്നോവ കാർ. കാഴ്ചയിൽ നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉണ്ടെങ്കിലും കാറിനുള്ളിലേക്ക് കടക്കുമ്പോൾ ആദ്യം ഒരു പാൻ കടയിലേക്ക് കയറിയ മണം. നാട്ടിലെ ചില കാർന്നോർമാർ തനിച്ചിരുന്ന് ഒന്നിന് പുറകേ മറ്റൊന്നായി ദിനേശ് ബീഡി വലിച്ചു തീർക്കും പോലെ പാൻ ചവച്ചു കൊണ്ടേയിരിക്കും എന്നതൊഴിച്ചാൽ നവീൻ ഭായിയെക്കൊണ്ട് മറ്റ് ശല്യങ്ങൾ ഒന്നുമില്ല. ഇടക്ക് എന്തെങ്കിലും ചോദിച്ചാൽ പരേഷ് റാവൽ സ്റ്റൈലിൽ വായ നിറയെ പാൻ ഇട്ടുകൊണ്ട് ആയിരിക്കും നവീൻ ഭായിയുടെ മറുപടി. ഇതു കാണുമ്പോൾ എനിക്ക് ‘നവീൻ ഭായി , ചാഹിയേ തോ , ഗാഡി തോഡാ സൈഡ് മെ ഘടാ കരോ ‘എന്ന് പറയണമെന്ന് പലപ്പോഴും തോന്നിയിരുന്നു. ഭാര്യയും മക്കളും പിറകിൽ ഇരുന്ന് ഇടക്ക് ഉറങ്ങുമ്പോഴും ഞാനും നവീൻ ഭായിയും ഉത്തർപ്രദേശിലെയും , ഇന്ത്യയിൽ പൊതുവേയും ഉള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങളെപ്പറ്റിയും തൊഴിലില്ലായ്മയേപ്പറ്റിയും ഹിന്ദിയിൽ ചൂടേറിയ ചർച്ച നടന്നുകൊണ്ടേയിരുന്നു. കേരളത്തിലെ ഒരു സാധാരണക്കാരനുമായി സംസാരിക്കുമ്പോൾ തോന്നുന്ന രാഷ്ട്രീയ സംസ്കാരിക, സാമൂഹിക വിഷയങ്ങളിലെ അവഗാഹം വടക്കോട്ട് പോകും തോറും സവർണ്ണ , അവർണ്ണ ജാതി ചിന്തകളാൽ കെട്ടുപിണഞ്ഞതായി തോന്നി. ഇടക്കിടെ കണ്ണു തുറന്ന് ഹിന്ദിയിലുള്ള എന്റെ സംസാരത്തിൽ മകൾ അഭിമാനം കൊളളുന്നത് കണ്ട് ഞാൻ കൂടുതൽ ഊർജ്ജസ്വലനായി. സംസാരിച്ചിരിക്കുക വഴി ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും നവീൻ ഭായിയെ ലൈവ് ആയി നിറുത്തുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. പലപ്പോഴും സൈഡിൽ നിന്നും നോക്കുമ്പോൾ നവീൻ ഭായിയുടെ കണ്ണുകൾ അടഞ്ഞ് വരികയാണോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു.

ഉറക്കത്തെ നേരിടാനുള്ള അവരുടെ ഒരു പൊടിക്കൈ കൂടിയാണ് പശുക്കളുടെ മാതിരിയുള്ള ഈ ചവക്കൽ.
ഭക്ഷണം കഴിക്കാൻ നിർത്തുമ്പോഴെല്ലാം റെസ്റ്റോറന്റുകളിലേക്ക് ഓരോ പ്രാവശ്യവും ഞാൻ ക്ഷണിക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും നവീൻ ഭായി വന്നിരുന്നില്ല. ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാത്തതിൽ കുട്ടികൾക്ക് വലിയ വിഷമം തോന്നിയിരുന്നു. അവരുടെ മാനുഷിക പരിഗണനയിലും,ബോധ്യത്തിലും എനിക്കും അഭിമാനം തോന്നി. മിക്ക റെസ്റ്റോറന്റുകളിലും ഡ്രൈവർമാർക്ക് പ്രത്യേക സ്ഥലവും ,ഭക്ഷണവും ഉള്ളതായി നവീൻ ഭായി പിന്നീട് എന്നോട് പറയുകയുണ്ടായി. ഗസ്റ്റുകൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലുകളിൽ നിന്നും അധികം ദൂരത്തല്ലാതെ ഇവരുടെ സുഹൃദ് വലയത്തിലുള്ളവരുടെ വീടുകളിലാണ് ഇത്തരം ഡ്രൈവർമാർ സാധാരണയായി താമസിക്കുക. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ചോദിച്ച് മനസ്സിലാക്കിയ വിവരങ്ങളിൽ നിന്ന് നവീൻ ഭായിയുടെ മൂത്ത കുട്ടിയുടെ പഠനച്ചെലവിനും ഇളയ കുട്ടിക്ക് പുതിയ ഉടുപ്പ് വാങ്ങാനും ഒരു ചെറു തുക പ്രത്യേകം പറഞ്ഞ് കൊടുത്തപ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഇനിയും ഒരിക്കലും കാണാൻ സാധ്യത കുറവുള്ള, ഞങ്ങൾ തമ്മിൽ ഉണ്ടായ ബന്ധത്തിന്റെ ആഴം ഞങ്ങളുടെ ആലിംഗനത്തിൽ പ്രകടമായിരുന്നു. ഇങ്ങനെ എത്രയോ ടൂറിസ്റ്റുകളെ സ്ഥിരമായി കാണുന്ന ആളാവും നവീൻ ഭായ്.എന്നിട്ടും അയാളുടെ കണ്ണിലെ നനവുകൾ എന്റെ കണ്ണുകളേയും ചെറുതായി നനച്ചു.അങ്ങനെ 5 ദിവസം രാവും പകലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന നവീൻ ഭായി ഒടുവിൽ ദില്ലി നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ സേഫ് ആയി ഞങ്ങളെ എത്തിച്ചു യാത്ര പറഞ്ഞ് പിരിഞ്ഞു.

മാസങ്ങൾക്ക് മുൻപ് തന്നെ യാത്രയുടെ രൂപരേഖ തയ്യാറാക്കുമ്പോൾ ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത രാജധാനിയിൽ ഒരു ട്രിപ്പ് ആക്കിയാലോ എന്ന ആലോചന മനസ്സിൽ വന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് പോകേണ്ട ദിവസം രാജധാനി ഇല്ലാതിരുന്നതിനാൽ ഡൊറണ്ടോ എക്സ്പ്രസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അനുഭവസ്ഥർ പലരും അതിനെ ദുരന്തോ എക്സ്പ്രസ്സ് എന്നാണ് വിളിച്ചിരുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. റെയിൽവേ റൂട്ടുകളിൽ ഏറ്റവും മനോഹരമായ കൊങ്കൺ പ്രദേശങ്ങൾ മുഴുവൻ കവർ ചെയ്യുന്നത് രാത്രിയിൽ ആയതിനാൽ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള അവസരങ്ങൾ നഷ്ടമായി. ഭക്ഷണത്തിനുള്ള ചാർജ്ജ് മുൻകൂട്ടി വാങ്ങുന്നതിനാൽ ഇന്ത്യൻ റെയിൽവേ തരുന്ന ഭക്ഷണം തന്നെ കഴിക്കുകയേ നിവൃത്തി ഉണ്ടായിരുന്നുളളൂ.
വെജിറ്റേറിയൻ എന്നാൽ ആലുവും, ഗ്രീൻ പീസും കുഴച്ചതാണെന്നും, പുഴുങ്ങിയ ചിക്കനിൽ പലതരം മുളക് വെള്ളം ചേർക്കുന്നതിനെ നോൺവെജ് എന്നും, പശുവിന്റെ കാടി വെളളം പോലെ എന്തോ ഒന്നിൽ മുങ്ങി തപ്പിയാൽ കിട്ടുന്ന ഇത്തിരി നൂഡിൽസും ടൊമാറ്റോ സോസും ചേർന്നതിനെ സൂപ്പ് എന്നും, മക്രോണിയിൽ ലേശം ഉപ്പ് പോലും ഇല്ലാതെ വെറുതേ പുഴുങ്ങിയതിനെ ആണ് കോൺടിനെന്റെൽ ഫുഡ് എന്നു വിളിക്കുന്നത് എന്നും ആ യാത്രയിൽ ആണ് മനസ്സിലായത്. ഓരോ മീൽസ് കഴിയുമ്പോഴും അടുത്തതിൽ മെച്ചപ്പെടുമായിരിക്കും എന്ന പ്രതീക്ഷ. പ്രതീക്ഷകൾ ആണല്ലോ നമ്മേ മുന്നോട്ട് നയിക്കുന്നത്.

തുടക്കം മുതൽ അവസാനം വരെ ഒരേ ആൾ തന്നെയാവും ഭക്ഷണം കൊണ്ട് വരുക. മകളുടെ നോട്ടത്തിൽ ഓറഞ്ച് നിറത്തിലെ പല്ലുള്ള അങ്കിൾ, സദാ പാൻ പരാഗ് ചവച്ചു കൊണ്ടും, ചിരിച്ചു കൊണ്ടും ഹിന്ദി മാത്രം സംസാരിക്കുന്ന യോഗേന്ദ്ര അങ്കിൾ. ആദ്യ ഭക്ഷണം കൊണ്ടുവന്നപ്പോൾ തന്നെ പരസ്പരം സംസാരിക്കാൻ അറിയില്ലെങ്കിലും അവർ സുഹൃത്തുക്കളായി. മോൾക്ക് സ്പെഷ്യൽ ഫുഡ് ഒക്കെ കൊണ്ട് വന്ന് തരാംഎന്നും പകരംകേരളത്തിൽ എത്തുന്നതിന് മുൻപ് അത്യാവശ്യം ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കണംഎന്നും അവർ തമ്മിൽ ഒരു ഡീൽ ഉണ്ടാക്കി ചുമ്മാ ഇംഗ്ലീഷ് പറഞ്ഞാൽ പോരാ, ആസ്ത്രേലിയൻ ആസന്റിൽ വേണം എന്നും. ഇടക്ക് ഓറഞ്ച് ജ്യൂസ്, ലസ്സി ഒക്കെ ആൾ സംഘടിപ്പിച്ച് കൊണ്ട് വരും. ഓരോ തവണ വരുമ്പോഴും ഇംഗ്ലീഷിൽ സംസാരിക്കാൻ കക്ഷി പരമാവധി ശ്രമിക്കും. നന്നായി വരുന്നുണ്ട് എന്നു പറയുമ്പോൾ അയാളിലെ ആത്മവിശ്വാസം വർദ്ധിക്കുന്നത് നേരിട്ട് കാണാൻ പറ്റും.യോഗേന്ദ്ര ഭായ് വളരെ സ്നേഹത്തോടെ വ്യത്യസ്ത ഭക്ഷണം ഞങ്ങൾക്ക് തരാൻ ശ്രമിച്ചിരുന്നെങ്കിലും എല്ലാത്തിനും ഒരേ ടേസ്റ്റ് തന്നെ ആയിരുന്നു.

ഞങ്ങളുടെ കൂപ്പേയിൽ ഞങ്ങളെക്കൂടാതെ മധ്യവയസ്കനും, സ്ഥിര യാത്രക്കാരനുമായ ഒരു കടുംപിടുത്തക്കാരൻ കാർന്നോരും ഉണ്ടായിരുന്നു. ഞങ്ങളുടെ അന്നത്തെ യാത്രയെ പറ്റി ഓർക്കുമ്പോൾ ട്രെയിനിലെ രണ്ടു ദിവസം അത്രയും ബോറായി ഇന്നും തോന്നാൻ കാരണം ഒരു പക്ഷേ ആ കാർന്നവർ ഞങ്ങളുടെ ഒത്ത നടുവിലെ സീറ്റിൽ വന്ന് ഇരുന്നതായിരിക്കാം. മന്ത്രങ്ങൾ ഉരുവിടാനും ഭക്ഷണം കഴിക്കാനും , കപ്പലണ്ടി കൊറിക്കാനും മാത്രം വാ തുറക്കുന്ന ഒരു പ്രത്യേക തരം മനുഷ്യൻ. വെളുപ്പിന് നാലുമണിക്ക് തന്നെ മന്ത്രോച്ചാരണം തുടങ്ങും. പരമാവധി ആളുകളെ ശല്യപ്പെടുത്തുക എന്നതായിരുന്നോ പ്രാർത്ഥന എന്ന പേരിൽ അങ്ങേരുടെ ലക്ഷ്യം എന്ന് പോലും എനിക്ക് തോന്നിയിരുന്നു. ആരെങ്കിലും ഒന്ന് കണ്ണടച്ചാൽ അപ്പോൾ ഒന്നുകിൽ കപ്പലണ്ടി കൊറിക്കൽ, അല്ലെങ്കിൽ മന്ത്രോച്ചാരണം. നല്ല ക്ഷീണം തോന്നി ഒന്ന് മയങ്ങി വരുമ്പോൾ ആരെങ്കിലും അടുത്തിരുന്ന് ഉറക്കെ പിറുപിറുക്കുകയോ, ഉറക്കെ ചവക്കുകയോ ചെയ്താൽ ആർക്കാണ് അതൃപ്തി ഉണ്ടാവാതിരിക്കുക.

ഭക്തി എന്നാൽ അത് മനസ്സിന്റെ ശുദ്ധി ആണെന്നും,അത് സഹജീവികൾക്ക്മടുപ്പ്ഉണ്ടാവുന്ന തരത്തിൽ ആവരുതെന്നും, പ്രാർത്ഥന എന്നാൽ അത് നമ്മളും നാം വിശ്വസിക്കുന്ന അദ്യശ്യ ശക്തിയും തമ്മിലുള്ള ഒരു രഹസ്യ സംഭാഷണം ആയിരിക്കണം എന്നുമൊക്കെ പലതവണ അയാളോട് പറയാൻ ഞാൻ ഒരുങ്ങിയെങ്കിലും ഭാര്യ തടസ്സപ്പെടുത്തിയതിനാൽ അക്ഷമയോടെ പിന്മാറുകയായിരുന്നു.

ദില്ലിയിലെയും , ആഗ്രയിലെയും താമസവും, മുഗൾ ഭക്ഷണവും പ്രധാന സ്ഥലങ്ങളും എല്ലാം നന്നായി ആസ്വദിച്ചെങ്കിലും , ടൂർ ഗൈഡുകൾ അടക്കം നമ്മുടെ ടൂറിസ്റ്റ് മേഖലയിലെ വിവിധ തൊഴിലാളികൾക്കിടയിലെ കിട മൽസരങ്ങളും, ചൂഷണങ്ങളും ,ദൈനം ദിന ജീവിതത്തിൽ ഒരു വനിത ഗൈഡ് അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളും നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലെ നിയമപാലകരുടെ വീഴ്ചകളും, പ്രൊഫഷണലിസത്തിന്റെ അപര്യാപ്തതകളും ഒക്കെ പ്രകടമായി തോന്നിപ്പിക്കുന്നതായിരുന്നു ആ ട്രിപ്പ് എന്ന് ചുരുക്കി പറയാം.

വിവിധ സ്ഥലങ്ങളിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ആത്മാഭിമാനികളായ അവരിൽ പലരുടെയും ദൈനം ദിന ജീവിതത്തിൽ നേരിടുന്ന കഷ്ടപ്പാടുകളെ തെല്ല് നിസ്സംഗതയോടെ കണ്ട് മടങ്ങേണ്ടി വന്നതിൽ ഇന്നും ഖേദിക്കുന്നു.

സമ്മാനങ്ങൾ കൊടുക്കുന്നത് നമ്മളിൽ പലർക്കും ഇഷ്ടമുള്ള കാര്യമാണ്. യാതൊന്നും തിരിച്ച് തരാൻ ശേഷിയില്ലാത്ത ആളെന്ന് അറിഞ്ഞ് കൊടുക്കുമ്പോൾ അത് ഒരു പ്രത്യേക അനുഭവം തന്നെ ആണ്.
ദില്ലിയും, ആഗ്രയും ക്കൈ കണ്ട് ആസ്വദിച്ച് സാമാന്യം ഭേദപ്പെട്ട ത്രീ സ്റ്റാർ എന്ന് അവർ വിളിക്കുന്ന ജയ്പൂരിലെ ഞങ്ങളുടെ ഹോട്ടലിൽ റിസപ്ഷനിൽ എത്തിയപ്പോൾ ലഗേജുകളും മറ്റും റൂമിലേക്ക് എത്തിക്കാൻ ട്രോളിയുമായി വന്ന രണ്ട് പയ്യൻമാരിൽ ഒരാൾ നന്നേ ചെറുപ്പം.എന്റെ മകനേക്കാൾ രണ്ടോ മൂന്നോ വയസ്സിന് ഇളയവൻ ആയിരുന്നിരിക്കണം. കാഴ്ചയിൽ പന്ത്രണ്ടോ, പതിമൂന്നോ വയസ് തോന്നിക്കും. ബഹു മിടുക്കൻ. ആരേയും ആകർഷിക്കുന്ന സംസാരം. ഇംഗ്ലീഷും ഹിന്ദിയും ഇട കലർത്തി നല്ല ചടുലമായ ഇടപെടൽ. റിസപ്ഷനിൽ നിന്ന് മനസ്സിലാക്കിയിട്ടാവാം ആസ്ത്രേലിയക്കാരായ ഇന്ത്യക്കാരോട് ഇംഗ്ലീഷിൽ സംസാരിക്കാൻ അവന് പ്രത്യേക താൽപര്യം. അതിൽ ഒരു ത്രിൽ ഇല്ല. മക്കളെ ഇംപ്രസ് ചെയ്യിക്കണമെങ്കിൽ ഹിന്ദിയിൽ തന്നെ രണ്ട് പെട പെടക്കണം. ഞാനും അവനുമായി ഹിന്ദിയിൽ സംസാരം തുടങ്ങി. മകൾ വലിയ ബഹുമാനത്തോടെ എന്നെ നോക്കി .”Papa , you speak Hindi very well, I don’t understand a single word, could you please teach me some key Hindi words ?”

ജയ്പൂർകാരൻ ബാലനുമായി കുറേ നേരം സംസാരിച്ചു. ഡിസംബർ ആയതിനാൽ സാമാന്യം നല്ല തണുപ്പ് ഉണ്ടായിരുന്നു. മുൻകൂട്ടി അറിയാവുന്നതിനാൽ ഞങ്ങൾ എല്ലാവരും അത്യാവശ്യംശൈത്യകാല വസ്ത്രങ്ങൾ ധരിച്ചിരുന്നു. ആ പയ്യൻ പക്ഷേ ഉള്ളി തൊലി പോലെ നേർത്ത ഒരു ടി- ഷർട്ടുംജീൻസും ആയിരുന്നു ധരിച്ചിരുന്നത്.

മകന് അല്പം ചെറുതായതും , സാമാന്യം വിലപിടിപ്പുള്ളതുമായ, കാഴ്ചയിൽ പുതുപുത്തൻ പോലെ ഇരിക്കുന്ന ഒരു ജാക്കറ്റ് പെട്ടിയിൽ ഉള്ള കാര്യം എന്റെ ഓർമ്മയിൽ വന്നു. അത് ആ പയ്യന് കൊടുക്കുന്ന കാര്യം ഭാര്യയും മക്കളുമായി സംസാരിച്ചപ്പോൾ എല്ലാവർക്കും വലിയ സന്തോഷം. റിസപ്ഷനിലേക്ക് ഫോൺ വിളിച്ച് പയ്യൻസിനെ റൂമിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടു. ആ ജാക്കറ്റ് ഇട്ടു നോക്കാൻ അവനോട് ആവശ്യപ്പെട്ടു.ആദ്യം വേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും അവൻ അത് ഇട്ട് നോക്കി. അപ്പോൾ ഉണ്ടായ അവന്റെ കണ്ണുകളിലെ തിളക്കം ഇന്നും എന്റെ ഓർമ്മയിൽ നിന്നും മാഞ്ഞിട്ടില്ല. അത്രക്ക് അവൻ ആ ജാക്കറ്റിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ആ യാത്രയിലെ ഏറ്റവും സുന്ദര മുഹൂർത്തമായി അത് ഇന്നും എന്റെ മനസ്സിൽ , ഒപ്പം അവന്റെ നോട്ടവും.

Comments
Print Friendly, PDF & Email

You may also like