പൂമുഖം മറുപക്ഷം ട്രംപിസം ബാക്കിയാക്കുന്നത്

ട്രംപിസം ബാക്കിയാക്കുന്നത്

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം അതിന്റെ ഏറ്റവും ദുർബലമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ് ഇക്കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്.

ലോകത്തിന്റെ മറ്റേതൊരു തലസ്ഥാനത്തായിരുന്നെങ്കിലും ഭീകരമായ ചോരക്കളം തന്നെ സൃഷ്ടിക്കുകയും വലിയൊരു അട്ടിമറി ശ്രമമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുമായിരുന്നു ഈ സംഭവങ്ങൾ. ഒരു പക്ഷെ ഭരണാധികാരികൾ വിളക്കിൻ കാലുകളിൽ തൂങ്ങി നിൽക്കുകയും മുല്ലപ്പൂ വിപ്ലവങ്ങൾക്ക് തുടക്കമാവുകയും സമാധാന സേനകൾ പറന്നിറങ്ങുകയും ചെയ്തേനെ.

എന്തുകൊണ്ടാവും അമേരിക്ക പോലൊരു രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം പിടിച്ചെടുക്കാൻ നടത്തിയ, തലസ്ഥാനത്തു വാഷിംഗ്ടൺ ഡിസി മേയർക്ക് കർഫ്യുവും രണ്ടാഴ്ചത്തെ അടിയന്തിരാവസ്ഥയും പ്രഖ്യാപിക്കേണ്ടി വന്ന ഇത്തരമൊരു അട്ടിമറിശ്രമം അത്തരത്തിൽ അതി ഗൗരവമായി വിലയിരുത്തപ്പെടാതെ പോകുന്നത്.

എന്ത് കൊണ്ടാവും തോക്കുകളുമായി കാപ്പിറ്റൽ ബിൽഡിങ് പിടിച്ചെടുക്കാൻ ശ്രമിച്ചവരിൽ ഭൂരിപക്ഷവും ഇന്നും സ്വന്തം വീടുകൾക്കുള്ളിൽ തന്നെ സുഖമായി കിടന്നുറങ്ങുന്നത്. എന്ത് കൊണ്ടാവും, നിയമ നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നു പ്രസ്താവനകൾ ഉണ്ടാകുമ്പോഴും അവരാരും തീവ്ര വാദികൾ എന്ന് പ്രഖ്യാപിക്കപ്പെടാത്തത്?

കാരണം ലളിതമാണ്. ഇത് അമേരിക്ക തങ്ങളുടേത്‌ ആണെന്ന് കരുതുന്നവർ, തങ്ങളുടേത് മാത്രമാണെന്ന് കരുതുന്നവർ തങ്ങളുടെ അധികാര കേന്ദ്രത്തിൽ കയറി നടത്തിയ അക്രമമാണ്. നോക്കൂ , കാപ്പിറ്റൽ ബിൽഡിങ്ങിനുള്ളിലേക്കു ഇരച്ചു കയറിയ ഒരാളുടെ മുഖത്ത് പോലും ഭയമുണ്ടായിരുന്നില്ല, മറിച്ചു തങ്ങൾക്കു അവകാശപ്പെട്ടത് കയ്യടക്കുന്ന ഉടമസ്ഥരുടെ ഭാവമായിരുന്നു അവരുടെ മുഖത്ത്. അത് അവർ മുഖം മറക്കാതെ ടിവി ചാനലുകളോട് തുറന്നു പറയുകയും ചെയ്തു. അമേരിക്ക തങ്ങളുടേതാണെന്ന്, അമേരിക്ക ഭരിക്കേണ്ടത് തങ്ങളാണെന്ന്, ശത്രുവിന്റെ തെരഞ്ഞെടുപ്പ് വിജയം തങ്ങളിൽ നിന്ന് മോഷ്ടിച്ചെടുത്തത് ആണെന്ന്. തങ്ങൾ ശരിയാണെന്നു അവർ പൂർണ്ണമായി വിശ്വസിച്ചിരുന്നു. ഒരു പോലീസുകാരനും തങ്ങൾക്കു നേരെ വെടി വെക്കില്ലെന്നു അവർക്കുറപ്പുണ്ടായിരുന്നു. അവർക്കു പിന്നിൽ ഒരു പ്രസിഡന്റുണ്ടായിരുന്നു. കാപ്പിറ്റൽ ഹില്ലിലേക്കു മാർച്ചു ചെയ്യാൻ അവരോടു ആവശ്യപ്പെട്ട, അധികാരമൊഴിയാൻ തയ്യാറല്ലാത്ത പ്രസിഡന്റ്. നാളെ ഇത് ലോകത്തിന്റെ ഏതു ഭാഗത്തും സംഭവിക്കാവുന്നതേ ഉള്ളു.

ട്രമ്പിനെ ഉടൻ ഇമ്പീച്ച് ചെയ്യണമെന്നും 25th അമെൻഡ്മെന്റ് ഉടൻ ആക്ടിവേറ്റ് ചെയ്യണമെന്നുമുള്ള ചർച്ചകൾ ഉണ്ടാകുന്നു എന്നത് ആശ്വാസകരമാണ്. യാതൊന്നും നടക്കാൻ സാധ്യതയില്ലെങ്കിലും. ശാരീരികമോ മാനസികമോ ആയ ദൗർബല്യം തെളിയിക്കപ്പെടാൻ ആയാൽ മാത്രമേ 25th അമെൻഡ്മെന്റിനു നിലനിൽപ്പുള്ളൂ, അദ്ദേഹത്തിന്റെ മാനസികാരോഗ്യം കഴിഞ്ഞ കുറെയേറെ വർഷങ്ങളായി അമേരിക്കൻ ജനതയിൽ ഒരു വിഭാഗം സംശയത്തോടെ കാണുന്ന ഒന്നാണെങ്കിലും അത് തെളിയിച്ചെടുക്കാൻ പല കടമ്പകളും കടക്കേണ്ടി വരും. ഇനിയാകെ 12 ദിവസം മാത്രം ഭരണത്തിൽ ബാക്കിയായ അദ്ധേഹത്തെ അതിനുള്ളിൽ ഇമ്പീച്ച് ചെയ്‌യുക ഇനി അസാധ്യമാകും. ആകെ ബാക്കിയാവുന്ന ഒരു സാധ്യത അട്ടിമറി ആഹ്വാനത്തിന് മുൻ പ്രസിഡന്റ് എന്നെങ്കിലും നിയമനടപടി നേരിട്ടേക്കാം എന്നത് മാത്രമാണ്. അതിനും തടയിടാനുള്ള ശ്രമങ്ങൾ ട്രമ്പ് തുടങ്ങിക്കഴിഞ്ഞു, സ്വയം pardon നൽകാനുള്ള സാദ്ധ്യതകൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട് ഈ മഹാൻ.

ജനാധിപത്യത്തിൽ സാദ്ധ്യതകൾ അനന്തമാണെന്നു നമ്മൾ ഇന്ത്യക്കാർക്ക് പണ്ടേ അറിയാവുന്നതാണല്ലോ.

അമേരിക്കയിൽ ഇന്നലെ നമ്മൾ കണ്ടത് വൈറ്റ് സുപ്രീമസിസ്റ്റുകളുടെ, അമേരിക്ക ഞങ്ങളുടേതാണ് എന്ന് കരുതുന്നവരുടെ, തങ്ങൾ അല്ലാത്തവരെല്ലാം പുറത്തു പോകണം എന്ന് കരുതുന്നവരുടെ, തങ്ങളുടെ തൊഴിലുകൾ മറ്റുള്ളവർ കയ്യടക്കുകയാണ് എന്ന് കരുതുന്നവരുടെ, തങ്ങൾ അല്ലാത്തവരെല്ലാം രണ്ടാം തരം പൗരന്മാർ ആണെന്ന് കരുതുന്നവരുടെ ശക്തി പ്രകടനമായിരുന്നു.

ഈ അട്ടിമറിശ്രമം കറുത്തവരുടെ അല്ലെങ്കിൽ ഹിസ്പാനിക് /ലാറ്റിൻ അമേരിക്കൻ ന്യുനപക്ഷങ്ങളുടേ നേതൃത്വത്തിൽ ആയിരുന്നെങ്കിൽ കഥയിതാകുമായിരുന്നില്ല എന്ന് കൂടി പറഞ്ഞു നിർത്തട്ടെ.

കാപ്പിറ്റൽ ഹില്ലിൽ മുഴങ്ങിക്കേട്ട ക്ലൂ ക്ലക്സ് ക്ലാൻ എന്ന മുദ്രാവാക്യം ലോകത്തെ ഒരുപാടുകാലം പുറകിലേക്ക് കൊണ്ട് പോകുന്നുണ്ട്.

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like