CINEMA സാമൂഹ്യം

സെൻ : അഭ്രപാളിയിലെ മാനവ വിമോചകൻsen 1

“മൃണാൾ സെന്നിനെ കുറിച്ചെഴുതുമ്പോൾ ഭാഷയുടെ ഭൂതകാല രൂപം ഉപയോഗിക്കേണ്ടി വരാവുന്ന ദിവസം ഇക്കാലമത്രയും എന്റെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു. മൃണാൾ ദാ, ഈ ലോകം, വിശിഷ്യാ എന്റെ ലോകം അങ്ങില്ലാതെ പഴയ പോലാകില്ല ”
(ബംഗാളി ചലച്ചിത്രകാരി നന്ദിത ദാസ് ട്വിറ്ററിൽ കുറിച്ചത് )
നിരവധിയായ ഭാവുകത്വ പരിണാമങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇന്ത്യൻ സിനിമ. മാറ്റങ്ങളെ ഉൾക്കൊണ്ടു മുന്നോട്ട് പോയപ്പോഴും വാണിജ്യപരമായി വിജയം കൈവരിക്കാവുന്ന ഒരു സുരക്ഷിത മേഖലയിൽ നിന്നാണ് മിക്ക ചലച്ചിത്രകാരന്മാരും സിനിമ എടുത്തിട്ടുള്ളത്. നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരായ പ്രതിരോധം തീർക്കുക കൂടിയാണ് ഒരു കലാ രൂപമെന്ന നിലയിൽ സിനിമയുടെ ധർമ്മം എന്ന് ചിന്തിച്ചവർ ഇവിടെ അധികം ഇല്ല. അതു കൊണ്ട് തന്നെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ കാണാവുന്നത്ര ‘രാഷ്ട്രീയ സിനിമകൾ’ ഇന്ത്യൻ ചലച്ചിത്ര ഭൂമികയിൽ കുറയും. ഇവിടെയാണ് മൃണാൾ സെൻ എന്ന സംവിധായകൻ അനശ്വരൻ ആകുന്നത്. മാർക്സിസം മുന്നോട്ട് വെച്ച ജീവിത വീക്ഷണങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ സിനിമകളുടെ വിശാലമായ ആകാശം സെൻ സൃഷ്ടിച്ചു.
ഒരു യഥാർത്ഥ ബംഗാളിയായിരുന്നു സെൻ. കാല്പന്തുകളിയോടും കമ്മ്യൂണിസത്തോടും സിനിമയോടും ഒരേ താല്പര്യം. പത്രപ്രവർത്തകനായും മെഡിക്കൽ റെപ്പായും കൊൽക്കത്തയിലെ ഒരു സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായും ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിൽ സിനിമയോടുള്ള അഭിനിവേശവും മാർക്സിയൻ പ്രത്യയ ശാസ്ത്രത്തോടുള്ള പ്രതിപത്തിയും ആരംഭിക്കുന്നത് തൊള്ളായിരത്തി നാല്പതുകളിൽ ഇന്ത്യൻ പ്യൂപ്പിൾസ് തീയേറ്ററുമായി യോജിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് മുതലാവണം. തൊള്ളായിരത്തി അമ്പത്താറിലാണ് ആദ്യ സിനിമയായ റാത്തബോർ സൃഷ്ടിക്കപ്പെടുന്നത്. ഭൈഷേ ശ്രവണ, പുനശ്ച തുടങ്ങിയ ആദ്യകാല സിനിമകൾ ഒരു പരിധി വരെ കാല്പനിക സ്വഭാവം പുലർത്തുന്നവയായിരുന്നു.

sen 3
സാമൂഹ്യയാഥാർഥ്യങ്ങളോട് ബംഗാളി സിനിമ മുഖം തിരിഞ്ഞു നിന്ന 1970 കളിലാണ് സെന്നിന്റെ ക്യാമറ കൂടുതൽ ശക്തിയാർജിക്കുന്നത്. സെന്നിന്റെ സമകാലീനനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രകാരനുമായ സത്യജിത് റേ പോലും കാല്പനിക ശൈലിയിൽ സിനിമയെടുത്ത കാലമാണതെന്നോർക്കണം. നിരവധി പ്രതിബന്ധങ്ങളാണ് സെന്നിന് അക്കാലത്തു തരണം ചെയ്യേണ്ടി വന്നത്. ഭരണകൂടത്തെ വിമർശിക്കുന്ന സീനുകളെ നിരന്തരം കത്തിവെച്ചില്ലാതാക്കിയ സെൻസർ ബോർഡിന്റെ നടപടി തന്നെ ഇതിൽ മുഖ്യം. “നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരായ ക്രിയാത്മകമായ പ്രതികരണമാണ് സിനിമ. കീഴടങ്ങലുകളില്ലാത്ത ആ യുദ്ധത്തെ അടിച്ചമർത്തുകയാണ് യഥാർത്ഥത്തിൽ സെൻസർഷിപ് ചെയ്യുന്നത് “.1976 ൽ സമകാലീന മാധ്യമ പഠനം എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരഭിമുഖത്തിൽ സെൻ സെന്സര്ഷിപ്പിനോട് പ്രതികരിച്ചതിങ്ങനെയാണ്. 1969 ലെ ഭുവൻ ഷോം ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ രാഷ്ട്രീയ സിനിമ. ഉദ്യോഗസ്ഥ -ഭരണകൂട സംവിധാനത്തെ ആദ്യമായി ഒരു ഇന്ത്യൻ സിനിമ സംവിധായകൻ ആക്ഷേപ ഹാസ്യത്തിലൂടെ വിമർശന വിധേയമാക്കിയത് ഈ സിനിമയിലൂടെ ആയിരുന്നു. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ പൂർവകാല രൂപമായ ഫിലിം ഫിനാൻസ് കോർപറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ സിനിമ നിർമ്മിക്കപ്പെട്ടത്. ഭരണകൂടം നൽകിയ പണം ഉപയോഗിച്ച് അതിനെ തന്നെ വിമർശിക്കാൻ സെൻ കാട്ടിയ ആർജവം പിന്നീട് മറ്റൊരു സംവിധായകനും കാണിച്ചതായി കണ്ടിട്ടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷാനടപടിയുടെ ഭാഗമായി കൂടുതൽ അഴിമതി നടത്താൻ സാധ്യത ഉള്ള തസ്തികകളിലേക്ക് മാറ്റുന്നതിലെ വൈരുദ്ധ്യത്തെ ഈ സിനിമ ചോദ്യം ചെയ്യുന്നു.ഇതിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൽക്കട്ട ട്രയോളജി-ഇന്റർവ്യൂ, കൽക്കട്ട 71,പതാധിക് എന്നിവ വരുന്നത്. ഇന്ത്യയിൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും നിലനിൽക്കുന്ന കൊളോണിയൽ മനോഭാവത്തെ ഇന്റർവ്യൂ പ്രശ്നവൽക്കരിക്കുമ്പോൾ ദാരിദ്ര്യമെന്നത് ചൂഷണത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും ഉപോല്പന്നമാണെന്ന സന്ദേശമാണ് കൽക്കട്ട 71 നൽകുന്നത്. തൊള്ളായിരത്തി എഴുപതുകളിൽ ഇന്ത്യയിൽ ശക്തമായിരുന്ന നക്സല്ബാരി മൂവ്മെന്റിലെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്ന സിനിമയായിരുന്നു പതാധിക്. ഇന്ത്യയിലെ മറ്റെല്ലാ മാധ്യമങ്ങളും ഇത്തരം വിഷയങ്ങൾ പറയാൻ മടിച്ചപ്പോഴാണ് സെൻ പതാധിക് എടുത്തത്. രാഷ്ട്രീയ കടപ്പാടുകൾ ഉള്ളപ്പോഴും തനിക്കുള്ള ചില വിയോജിപ്പുകൾ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട് “സാമാന്യ മാർക്സിസ്റ്റ്‌ പാർട്ടിക്കാരനും സ്വകാര്യ മാർക്സിസ്റ്റ്‌ ആയ എന്നെ പോലുള്ളവരും തമ്മിലൊരു വ്യത്യാസമുണ്ട്. അവർ സത്യങ്ങൾ കീശയിൽ ഇട്ടു നടക്കുന്നു എന്നഭിമാനിക്കുമ്പോൾ ഞാൻ സത്യത്തെ തേടിക്കൊണ്ടേ ഇരിക്കുന്നു “എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര മേളകളിൽ ഇന്ത്യൻ സിനിമയുടെ മേന്മ ഉയർത്തിപ്പിടിക്കാനും സെന്നിന് സാധിച്ചിട്ടുണ്ട്. 1983 ലെ കാൻ ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘ഖരീജ്’ പ്രത്യേക ജൂറി പരാമർശം നേടി. അവസാനകാല സിനിമകളിൽ പക്ഷേ ആ സെൻ മാജിക് അപ്രത്യക്ഷമായിരുന്നു. രാഷ്ട്രീയപരത അദ്ദേഹത്തിന്റെ സിനിമയ്ക്ക് നഷ്ടമാവുകയും വിഷയങ്ങൾ വ്യക്ത്യധിഷ്ഠിതമാവുകയും ചെയ്തു. പ്രായവും രോഗവും ഒരു പ്രതിഭയുടെ സർഗാത്മകതയ്ക്ക്  എങ്ങനെ വിലങ്ങുതടിയാകുന്നു എന്നതിന് അദ്ദേഹത്തിന്റെ അവസാന സിനിമയായ അമർ ഭുവൻ ഉത്തമ നിദർശനമാണ്.

sen 2
സെന്നിന്റെ സിനിമകളെ രാഷ്ട്രീയ സിനിമകളായി പരിഗണിക്കാത്ത നിരൂപകർ അനേകമുണ്ട്. ചിലരയാളെ അവസരവാദിയായും, രാഷ്ട്രീയത്തെ തന്റെ ലാഭത്തിനായി ഉപയോഗപ്പെടുത്തി സിനിമയെടുക്കുന്ന കച്ചവട സിനിമാക്കാരനായും വിലയിരുത്തി. ഒരർത്ഥത്തിൽ സെന്നിന്റെ സിനിമകൾ പൂർണമായും സെൻ സിനിമകൾ ആയിരുന്നില്ല. ഇറ്റാലിയൻ നിയോ റീലിസത്തിന്റെയും ഫ്രഞ്ച് നവതരംഗ സിനിമയുടെയും സ്വാധീനം അതിൽ വേണ്ടുവോളം ഉണ്ടായിരുന്നു. എങ്കിലും റായുടെയും ഋതിക് ഘട്ടക്കിന്റെയും കൂടെ ഒരു വിഗ്രഹമായി തന്നെ സെൻ നിലനിൽക്കുന്നു. എന്താണ് സെന്നിന്റെ യഥാർത്ഥ സംഭാവന? പല ഉത്തരങ്ങൾ ഉണ്ടാകാം. ചിലർക്ക് അയാൾ അമിതാഭ് ബച്ചനെ ആദ്യമായി സിനിമയിൽ കൊണ്ടു വന്ന സംവിധായകനാണ് (ശബ്ദം മാത്രം ).മറ്റു ചിലർക്കു അടിയന്തരാവസ്ഥ കാലത്തു പോലും ശക്തമായ നിലപാടുകൾ മുന്നോട്ടു വെച്ച വിപ്ലവകാരിയാണ്. പക്ഷെ എനിക്ക് അയാൾ, ദിശാബോധം നഷ്ടമായിരുന്ന ഇന്ത്യൻ സിനിമക്ക്  നവീനമായ ഭാവുകത്വം സമ്മാനിച്ച അസാമാന്യ പ്രതിഭയാണ്. സെന്നിന് വിട…

Print Friendly, PDF & Email