പൂമുഖം സാമൂഹ്യം ഒരു എഡിറ്റോറിയൽ ബോർഡ് ചായച്ചർച്ച

ഒരു എഡിറ്റോറിയൽ ബോർഡ് ചായച്ചർച്ച

മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ച പതുക്കെ ചൂട് പിടിക്കുകയാണ്. പ്രഭാതത്തിന്‍റെ നവോന്മേഷം പോലെ, പതുക്കെ തിളച്ചു തുടങ്ങുന്ന തേയിലയുടെ സുഗന്ധംപോലെ.

ചന്ദ്രൻ പുതിയോട്ടിൽ ബീഹാർ യാത്രക്കിടയിൽ ബോറിംഗ് റോഡിലെ കൃഷ്ണ യാദവിന്‍റെ ഗുമിട്ടി പീടികയിൽ നിന്നും കുടിച്ച കുൽഹദ് ചായയുടെ പതഞ്ഞു തൂവുന്ന ഫോട്ടോക്കാഴ്ച വായനയുടെ അകലത്ത് നിന്ന് ചന്ദ്രന്‍റെ സുഹൃത്തിനെ ചായാതുരനാക്കിയതോടെയാണ് തുടക്കം

ലേഖനത്തിലെ വിവരണം വായിച്ച് സംഗീതജ്ഞൻ മുകുന്ദനുണ്ണിയുടെ കമന്റ്‌ :
“ഈ ചായ കുടി എന്നെ വല്ലാതെ…. (തരളിതനാക്കിയിരിക്കുന്നു) ഞാൻ ഒരു ചായേന്‍റെ ആരാധകനും നല്ല ഭക്ഷണത്തിന്‍റെ ആരാധകനും ഒക്കെയാണ്. യാത്രയിൽ ഇങ്ങനെയുള്ള ചെറിയ ചെറിയ സ്ഥലങ്ങളാണ് എന്നെ ആകർഷിക്കുക. അവിടൊക്കെ നിർത്തിയും ചായകുടിച്ചും പോകുന്നത് എനിക്ക് ഹരമാണ്. ഇതെന്നെ വല്ലാതെ അസൂയപ്പെടുത്തുന്നു. പിന്നെ എഴുത്തിന് നല്ല ഫ്ലോ ഉണ്ട്‌. ഇതെല്ലാം കോർത്തിണക്കിയാൽ ഒരു നോവല്‍ പോലെ നന്നാവും.”

വായനക്കാരന്‍റെ ആവേശം പോലെ ഉന്മേഷം പകരുന്ന മറ്റെന്തുണ്ട് മലയാള നാടിന്! എല്ലാവരും ഉഷാർ, ഒരു പുതുചായ കുടിച്ചതുപോലെ…

മുരളി മീങ്ങോത്ത് : ഒരെഴുത്ത് പോരട്ടെ ചന്ദ്രേട്ടാ
“മട്ക്ക ചായയിലൊരു ബീഹാർ യാത്ര”
ചന്ദ്രൻ : ഉം…

മുരളി മീങ്ങോത്ത്:
“ഞാനും ഒരു ചായക്കഥ എഴുതിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ചായ കുടിക്കാൻ തുടങ്ങിയത് . എഴുന്നേറ്റു മുഖം കഴുകി വന്ന ഉടനെ അമ്മ തരുന്ന ചായ. അത് കഴിഞ്ഞ് പ്രാതലിനോടൊപ്പം പഞ്ചസാര ചേർക്കാതെ ഒരു പാട്ട ചായ കുടിച്ചു തീർക്കുമായിരുന്നു. അച്ഛനു പ്രത്യേകമായി നല്ല കടുപ്പത്തിൽ കയറു പോലെയുള്ള ചായ ഉണ്ടാക്കിയിരുന്നു. അത് രുചിച്ച് ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കും ഞാനും നല്ലൊരു ചായ കുടിക്കാരനായി. നല്ല ചൂടുള്ള ചായ ഊതിയുതി കുടിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു ഞാൻ. ചായയെ എന്നെ പോലെത്തന്നെ ഇഷ്ടപ്പെടുന്ന ഭാര്യയെ തന്നെ എനിക്ക് കിട്ടി. പിന്നെ ആവി പറക്കുന്ന ചായക്കപ്പുകളിൽ തുടങ്ങുന്ന ദിവസങ്ങൾ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് അമ്പലത്തറ ടൌണിൽ നിന്നും കണ്ണേട്ടന്‍റെ ഹോട്ടലിലെ ചായ കുടിക്കുന്നത്. ആ ചായ ഉയരത്തിൽ ഏന്തി ഏന്തി ഉണ്ടാക്കി കൊണ്ട് വരുന്നത് നല്ല കാഴ്ചയാണ്.”

(സൈനികസേവന കാലം പോലെ ത്തന്നെ വൈവിധ്യമാർന്നതാണ് മുരളി മീങ്ങോത്തിന്‍റെ ചായക്കഥകളും )

“പിന്നീട് എയർഫോഴ്സിസിൽ ചേർന്ന് ബാംഗളൂരിൽ പരിശീലനത്തിന് പോയി. അവിടത്തെ മെസ്സിലെ ചായക്ക് ഒരു പ്രത്യേക തരം സ്വാദില്ലായ്മ ആയിരുന്നു. ബറോഡയിലേക്ക് പോയതോടെ ഞാനൊരു വടക്കെഇന്ത്യക്കാരനായി മാറി ചായകുടിയിൽ. ഇഞ്ചിയും ഏലക്കയും ഇട്ടു തിളപ്പിക്കുന്ന ചായയിൽ ഞാൻ മതി മറന്നു. ആറിയാൽ ചായയുടെ ജീവൻ പോയി എന്നേ ഞാൻ പറയൂ..

ഗ്വാളിയാർ പോസ്റ്റിങ്ങ്‌ വന്നതോടെ എന്‍റെ ചായ കുടിക്ക് ചെറിയൊരു മങ്ങൽ സംഭവിച്ചു. അവിടത്തെ ചായ എനിക്കെന്തോ അത്ര സുഖിച്ചില്ല. അവധിയാത്രകളിൽ മംഗള എക്സ്പ്രസ്സിലെ പാന്റ്രി കാർ ആയിരുന്നു രക്ഷ. യാത്രയുടെ വിരസതയത്രയും മാറിയത് ചായ കുടിയിൽ ആണ്. പിന്നെ ഞാൻ ചണ്ഡിഗറിലേക്ക് മാറി. പഞ്ചാബി ചായ വിശേഷപ്പെട്ടതാണ്. അവസാനത്തെ പോസ്റ്റിങ്ങ്‌ ഗുജറാത്തിലെ ഭുജിൽ ആയിരുന്നു. പഞ്ചാബി ചായയോടു കിടപിടിക്കാവുന്ന രുചി. ഏലക്കയുടെ സുഗന്ധം.. ഔൺഗ്ലാസ് പോലെയുള്ള കുപ്പിയിലായത് കൊണ്ട് പലപ്പോഴും ഞാൻ രണ്ടു ചായ കുടിക്കാറുണ്ടായിരുന്നു. മധുരം ഇത്തിരി കുറക്കാൻ പറഞ്ഞാൽ നല്ലത്.

നല്ല തണുപ്പുള്ള സമയത്ത് രാവിലെ ചൂടുള്ള ചായ…അത് എന്നും ആഗ്രഹിക്കുന്ന ഒന്ന് തന്നെയല്ലേ?”

മേതിലാജ് :” ഞാനൊരു ചായ ഫാൻ ആണ്. മുരളി പറഞ്ഞ കയറിട്ട ചായ എന്താണെന്നെനിക്ക് മനസ്സിലായില്ല. ഞാൻ കോളേജ് കാലത്ത് ഒരു ദിവസം പത്ത് പതിനഞ്ചു ചായ കുടിച്ചിരുന്നു. വീട്ടിൽ നിന്ന് ഒന്ന് രണ്ടു ചായ രാവിലെ. വൈകിട്ട് മടങ്ങി വന്നിട്ടും ചായ. ലോകത്തിൽ ഏറ്റവും നല്ല ചായ ഉണ്ടാക്കുന്നത് സുനിലയാണെന്നാണ് എന്‍റെ അഭിപ്രായം. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ പറയാം.”

മുരളി: “എനിക്കും ആ ചായ കുടിക്കാൻ ഭാഗ്യമുണ്ടായി.. സുനിലാസ് ടീ.”

കെ. വി. : “അതിന്‍റെ റെസിപി?”

മേതിലാജ് : “സാധാരണ ചായയുണ്ടാക്കി അതിൽ ഇച്ചിരി സ്നേഹം കൂടി ചേർക്കണം. അതാണ് സീക്രറ്റ് . നമുക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി ഉണ്ടാക്കണം.”

മുരളി :”കയറിട്ട ചായയല്ല. ചായ ഇങ്ങനെ ഏന്തുമ്പോൾ കടുപ്പമുള്ള ചായക്ക്‌ കയറിന്‍റെ കളറുമായി സാദൃശ്യമുണ്ടല്ലോ. അത് സൂചിപ്പിക്കാനുള്ള ഒരു പ്രയോഗമാണ്. അതാണ് ചന്ദ്രേട്ടനും കയറു പോലുള്ള ചായ എന്ന് പറയുന്നത്”

സതീശൻ പുതുമന : “കടുപ്പത്തിലുള്ള കാപ്പിയുടെ കടുത്ത ആരാധകനായിട്ടാണ് എന്‍റെ തുടക്കം. ചായയോട് മാത്രല്ല ചായ കുടിക്കുന്നവരോടുമുണ്ടായിരുന്നു ഒരു അലോഗ്യം. നാട്ടിലെ സ്കൂളിലെ ഒരു കൊല്ലം സീനിയർ ആയിരുന്ന രാജവർമന്‍റെ ചോദ്യം : നിങ്ങടെ വീട്ടിലൊക്കെ ചായപ്പൊടി ഇട്ടിട്ടാ ചായ ണ്ടാക്കാ? എന്‍റെ വീട്ടില് കാപ്പിപ്പൊടി ഇട്ടിട്ടാ ചായണ്ടാക്കാ.”

ലൈല കല്ലാരം : “ഞാൻ ചായടെ റെസിപിക്കു വെയിറ്റ് ചെയ്യാണ്”

മേതിലാജ് :”ഞാൻ ഉണ്ടാക്കുന്ന ചായ – ഒരു കപ്പ് പാലിന് ഒരു കപ്പ് വെള്ളം. തിളക്കുമ്പോൾ തേയില ഇട്ടു സ്പൂൺ കൊണ്ടു ഇളക്കി ഉടനെ ഓഫ് ചെയ്യും”

മുരളി : “ജോലി കഴിഞ്ഞ് റൂമിൽ വന്നു ഞാൻ തന്നെ ഉണ്ടാക്കുന്ന ചായയാണ് ഏറ്റവും പ്രിയം. തേയിലയുടെ കൂടെ ഒരേലയ്ക്ക ഇട്ടു നന്നായി തിളച്ചു തിളച്ചു പാകമാവുമ്പോൾ എടുക്കും. പാലധികം വേണ്ട.”

മേതിലാജ് : “ചായ, കാപ്പിയോക്കെ അധികം തിളക്കരുത്. മൂന്നാറിൽ വെച്ച് എസ്റ്റേറ്റിലെ ആളുകൾ ആ പ്രോസസ്സ് കാണിച്ചു തന്നു. അധികം തിളപ്പിച്ച്‌ ഊറ്റി എടുക്കുന്നത് unhealthy ആണെന്നും പറയുകയുണ്ടായി.”

കെ വി. :” പാല് ചൂടുള്ളതായിരിക്കണം. ഫ്രിഡ്ജിൽ നിന്നെടുത്തു അതുപടി ചേർക്കരുത്. ആദ്യം പാൽ ചൂടാക്കി വെച്ചു തേയില ചേർത്തു തിളപ്പിച്ച വെള്ളത്തിൽ ചേർക്കണം.”

സതീശൻ പുതുമന : “പിന്നെ ഞാൻ പതുക്കെ പതുക്കെ ചായയുടെ ലോകത്തേക്കെത്തി. നേർത്തതും കടുത്തതുമായ ചായ ഓരോ മണിക്കൂറിലും കുടിച്ചു നടന്ന കാലം. വീട്ടിൽ കാപ്പി, പുറത്തു ചായ എന്ന രീതിയുമുണ്ടായിരുന്നു. ഇപ്പോൾ കുറേ കാലമായി ബാംഗ്ലൂരിൽ രാവിലെ കൊത്താസ് കാപ്പിയും വൈകുന്നേരം റെഡ് ലേബൽ നാച്ചുറൽ കെയർ ചായയും. മറുനാടൻ യാത്രകളിൽ ഞങ്ങൾ കോത്താസ് കാപ്പിപ്പൊടിയും കൂടെ കൊണ്ടു പോവും. വന്നു വന്നു എന്തും ആവാം എന്ന അവസഥയാണിപ്പോൾ.”

ജെയിംസ് വർഗീസ് : “ചായ ഇങ്ങനെ തിളപ്പിച്ച്‌ തിളപ്പിച്ച്‌ നിറം മാറുന്നതുവരെ തിളപ്പിച്ച്‌ ഒന്ന് രണ്ടടി അടിച്ചു എടുക്കണം. അതാണ് ചായ. കുട്ടിക്കാലത്തു വീട്ടിൽ കാപ്പിയായിരുന്നു. അന്ന് ഞങ്ങൾക്ക് കാപ്പി കൃഷി ഉണ്ടായിരുന്നു. പിന്നീട് ചായപ്പീടികയിൽ നിന്നാണ് സമോവറും പൊടി സഞ്ചിയും ഒക്കെയായി തയ്യാറാക്കുന്ന ചായ കുടിക്കുക. ബീഹാറിലൊക്കെ പാല് കുറുക്കിയെടുത്തു ഉണ്ടാക്കുന്ന ചായക്ക്‌ വേറെ ഒരു രുചിയാണ്.”

കെ. വി. “അങ്ങനെ കൂടുതൽ തിളപ്പിച്ചാൽ ചായടെ അരോമ കിട്ടില്ല”

മേതിലാജ് : “അതുമല്ല ചായ തണുത്തു പോകും. എനിക്ക്ചായ പൊള്ളണം.”

മുരളി : “എനിക്കും”

ലതിക :”എനിക്ക് ചായയാണ് ചെറുപ്പം മുതൽ ശീലം. രാവിലെ ഒന്ന്. വൈകുന്നേരം ഒന്ന്. 1:3 എന്ന അനുപാതത്തിൽ പാലും വെള്ളവും ചേർത്തു ചൂടാവുമ്പോൾ ഒരു ക്ലാസിനു ഒരു സ്പൂൺ പഞ്ചസാര യും പൊടിയും ചേർക്കും.3 roses, AVT പ്രീമിയം, റെഡ് ലേബൽ ഇലത്തരി എന്നിവ മാറി മാറി ഉപയോഗിക്കും. നന്നായി തിളപ്പിക്കാറുണ്ട്. നിറം, മണം എന്നിവക്ക് ഒരു അടയാളമുണ്ട് ഓഫ് ചെയ്തു രണ്ട് മിനിറ്റു അടച്ചു വെക്കും. അരിച്ചെടുത്തു ഒന്ന് അങ്ങോട്ടും,ഇങ്ങോട്ടുംആറ്റി കപ്പിൽ പകർന്നു ചൂടോടെ കുടിക്കണം.
ഇഞ്ചി ചേർത്ത ചായ ഡൽഹിയിൽ മകളുടെ അടുത്ത് നിന്നാണ് കഴിച്ചത്. തണുപ്പുകാലത്തു അവർ അതുപയോഗിക്കുന്നു. ഇവിടെയും ഇടയ്ക്കു ചെയ്യാറുണ്ട്. എവിടെയും ഏത് നേരവും ചായ കിട്ടുമെന്നതാണ് കേരളത്തിന്‍റെ പ്രത്യേകത. ഡൽഹി മാർക്കറ്റുകളിൽ കിട്ടാത്തതൊന്നുമില്ല. ചായയൊഴിച്ച്‌. ജയ്പ്പൂർ യാത്രയിലും ചായക്ക്‌ 10 മണിയാവേണ്ടി വന്നു. അതെ സമയം പാലക്കാട് ആശുപത്രിയിൽ ബൈസ്റ്റാൻഡർ ആയ ദിവസം രാവിലെ 3 മണിക്ക് ഉണർന്നു താഴെ ഇറങ്ങിയപ്പോൾ ഏലച്ചായയുമായി പെട്ടിക്കട.അതാണ് ചായയുടെ സാർവകേരളീയത. “

ചന്ദ്രൻ പുതിയോട്ടിൽ : “എന്‍റെ ചെറുപ്പത്തില്‍ നമ്മുടെ നാട്ടില്‍ കാപ്പിക്ക് ഒരു വരേണ്യവർഗ സ്വഭാവമുണ്ട് എന്നു കരുതിയിരുന്നു. അത് ലഭ്യത കുറവായതുകൊണ്ടാണ്. അങ്ങനെയൊന്നും ഇല്ലെന്ന് നാട്ടിൽ നിന്ന് പുറത്തേക്കു സഞ്ചരിച്ചപ്പോൾ മനസ്സിലായി. വയനാട്ടിൽ മുസ്ലിം ജനതയ്ക്ക് ചെറുജീരകവും ഏലക്കയും ചേർത്തു സീക്രറ്റ് റെസിപിയും ആദിവാസികൾക്ക് വീണ്ടും വീണ്ടും തിളപ്പിച്ചും ഫിൽറ്റർ ചെയ്തും എടുക്കുന്ന രീതിയും ഉണ്ട്‌. നമ്മുടെ നാട്ടില്‍ ചെറിയ ചായപ്പൊടിയാണ് പൊതുവെ. പാല് കുറച്ചും വെള്ളം കൂടിയ ഒരു ചായയാണലോ കേരളത്തിന്‍റെത്. അന്ന് കൃഷിക്കാര്‍, പശുവിനെ വളർത്തുന്നവര്‍, അമ്മയും ഒക്കെ പുല്ലരിയാനും മറ്റും പോയി മൂന്ന് മൂന്നര മണിയോടെ തിരിച്ചെത്തുമ്പോൾ കട്ടൻ ചായയും, അരി വറുത്തതും… അത് തന്നെയാണ് ഞങ്ങളും ആസ്വദിച്ചു കഴിച്ചിരുന്നത്. അതിൽ പച്ച രാഷ്ട്രീയമുണ്ട്. അച്ഛന്‍റെ രാഷ്ട്രീയവും അമ്മയുടെ തുലനം ചെയ്ത പ്രകൃതി ജീവിതവും. മറ്റൊന്ന്, ചായ ഉണ്ടാക്കുന്ന രീതിയാണ് പ്രധാനം എന്നാണ് എന്‍റെ ഒരു അഭിപ്രായം. ഇപ്പോൾ ആളുകൾ റിലാക്സ് ചെയ്യുന്ന രീതിക്ക് മാറ്റം വന്നു. അതോടൊപ്പം പലവിധ ചായകളും പ്രചാരത്തിൽ വന്നു. ചായക്ക്‌ പുതിയ പേരുകളും ചായകോഡുകളും വന്നു. ഐ ടി സമൂഹം അവയുടെ ഉപഭോക് താക്കളാണ്.”ഇനി AI ചായകള്‍ക്കായി കാത്തിരിക്കുന്നു.

മുരളി :”ദുബായിൽ എത്തിയ ശേഷം റൂമിൽ ഉള്ളവർ ഉണ്ടാക്കി കുടിക്കുന്നത് കണ്ടാണ് ഞാൻ സുലൈമാനി എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന കട്ടൻചായ കുടിക്കുന്നത് ഗൾഫിൽ മലയാളി ചായക്കടയിൽ രണ്ടു തരം പാൽചായകിട്ടും .സാദായും ലിപ്ടനും. (ഇത് brand name അല്ല). യെമനിൽ ജോലി ചെയ്യുന്ന സൈറ്റിൽ സുലൈമാനിയിൽ തുളസിയിലയോ പുതീനയോ ഇട്ടു തരും. ഇപ്പോൾ അവിടെ ഫ്രഷ്മിൽക്ക് ചായയാണ് ട്രെൻഡ്. ദുബായിൽ ഇപ്പോൾ ഫില്ലി ചായയുണ്ട്. കുങ്കുമപ്പൂ ചേർത്ത ചായ. മധുരമാണ് അതിന്‍റെ മേൽരുചി.”

മേതിലാജ് : ” ഇപ്പോൾ തേങ്ങാപ്പാൽ, സോയ പാൽ എന്നിവ ചേർത്ത കാപ്പി എന്നിവ പോപ്പുലർ ആയി വരികയാണ്.”

ലൈല കല്ലാരം : “ചെറുപ്പത്തിൽ ഞങ്ങൾ കുട്ടികൾക്കൊക്കെ തേങ്ങാപ്പാലൊഴിച്ച ചായ തരാറുണ്ടായിരുന്നു. അതിനും വെളിച്ചെണ്ണയുടെ രുചിയായിരുന്നു.”

ശിവാനന്ദൻ : “കല്യാണ വീടുകളിൽ പണ്ട് കട്ടൻ ചായയിൽ തേങ്ങാപ്പീര ഇട്ട് കുടിക്കുമായിരുന്നു. നല്ല രുചി ആണ്”.

മേതിലാജ്: “മുംബെയിൽ ഒരാൾക്ക് നിൽക്കാനുള്ള സ്ഥലത്തു ഒരു ചായക്കട പ്രവർത്തിക്കും. എന്താ തിരക്ക്! ഒരു ചായ രണ്ടാൾക്കും കുടിക്കാനാവുന്ന കട്ടിങ് ചായയും അവിടത്തെ പ്രത്യേകത. നാലാൾക്കും കുടിക്കാം. വാസ്തവത്തിൽ അത്ര കുടിച്ചാൽ മതി..”

ചന്ദ്രൻ : “കട്ടിങ് ചായയുടെ ബാംഗ്ലൂരിലെ ഇനമാണ് ‘ബൈ റ്റു’ . പക്ഷെ ഇതൊരിക്കലും മുംബയിലെ കട്ടിങ് ചായടെ അടുത്തു വരില്ല.”

ലതിക :” ഗുജറാത്തിലെ ദ്വാരകയിൽ ഒരു ധാബയിൽ നിന്ന് ചെറിയ കപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കവേ, പാൽക്കുടങ്ങൾ തോളിൽ തൂക്കി, കയ്യിൽ വടിയും ആയി കാതിൽ വലിയ കമ്മലുകൾ ഇട്ട പശുപാലകരെ കണ്ടു. വളരെ അയഞ്ഞ വെളുത്ത പൈജാമ, കയ്യില്ലാത്ത വെള്ള കുപ്പായം. മുടിയലങ്കാരം ഒരു പ്രത്യേക ശൈലിയിൽ. നിറയെ ഞൊറികളുള്ള കടും ചുവപ്പ് പാവാടകളും തട്ടം പോലെയുള്ള ശിരോവസ്ത്രവും കുണുക്കുകളും വളകളും ഒക്കെയായി പെണ്ണുങ്ങളും. ഗോപന്മാരും ഗോപികമാരും ഒക്കെ ആയിരിക്കും എന്ന് വിചാരിച്ചു. അവർക്കൊന്നും കാലം മാറുന്നില്ല”

മുരളി :”ഗുജറാത്ത് രാജസ്ഥാൻ ബോർഡറിൽ ഈ കാഴ്ച്ച ഇഷ്ടം പോലെ.. ആനന്ദ് പാൽ നഗരം കൂടിയാണല്ലോ”

മേതിലാജ് : “ഒരു സ്പെഷ്യൽ ചായയനുഭവത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ.ഒരു 15 വർഷങ്ങൾക്കു മുൻപാണ്. അന്ന് അബുദാബിയിലെ Emirate palace എന്ന ഹോട്ടലിൽ സ്വർണത്തരിയിട്ട ചായ ഉണ്ട്. gold flakes ഇട്ട ചായ! 50 റിയാൽ ആണ് വില. ഒരു റിയാലിനൊക്കെ ചായ കിട്ടുന്ന കാലം. അന്ന് അവിടെ ചെന്നു അത് കുടിച്ചു.”

ശിവാനന്ദൻ : കുട്ടിക്കാലത്ത് ചായ എന്നത് വെറും “വാട്ട വെള്ളം” മാത്രമായിരുന്നു. പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന ചായപ്പൊടിയിൽ ഒഴുക്കൻ മട്ടിൽ പാല് ചേർത്ത ഒരു ദ്രാവകം! ചായക്കടകളിൽ നിന്ന് ലഭിക്കുന്നതും അതൊക്കെ തന്നെ ആയിരുന്നു. 1989 അവസാനം മുംബൈയിൽ മൂന്ന് മാസം താമസിച്ചപ്പോൾ ആണ് തികച്ചും വ്യത്യസ്തമായ മറ്റൊരു ചായ കുടിക്കുന്നത്. അതിന് ഇഞ്ചിയും ഏലക്കയും കലർന്ന വേറൊരു taste ആയിരുന്നു. 2006 അവസാനം ഒമാനിൽ വന്നപ്പോൾ ആണ് ചായ എന്താണ് എന്ന് അറിയുന്നത്. ചായപ്പൊടി ഉപയോഗിച്ചുള്ള വാട്ട ചായ മാറി തരി തരി ഉള്ള ചായല ഉപയോഗിച്ചുള്ള ചായ കുടിച്ച് തുടങ്ങുന്നത് അന്ന് മുതലാണ്. അധികം താമസിയാതെ ലിപ്റ്റൻ യെല്ലൊ ലേബലിലേക്ക് മാറി; ഇപ്പോളും അത് തന്നെ തുടരുന്നു. നാട്ടിലേക്ക് പോകുമ്പോൾ ചായല കൂടെ കൊണ്ടുപോകുന്ന പേർഷ്യക്കാരൻ ആയി ഞാൻ മാറി . കോവിഡ് കാലത്താണ് ഞാൻ ചായയിൽ പരീക്ഷണങ്ങൾ തുടങ്ങുന്നത്. അതിന്റെ റെസിപ്പി പറയാം. 40% പാലിൽ 60% വെള്ളം ചേർത്താണ് തിളപ്പിക്കുക. ഒന്നര കപ്പ് പാലിൻ വെള്ളം എടുക്കും. തിള വരുന്നതിന് മുൻപ് തന്നെ രണ്ട് സ്പൂൺ ചായല ചേർക്കും. തിളച്ച് ഒന്ന്‌ കുറുകുമ്പോൾ ഒരു ഇഞ്ച് നീളമുള്ള ചതച്ച ഇന്ത്യൻ ഇഞ്ചി ചേർക്കും. അതിനുശേഷം പൊടിച്ച് തൊലി കളഞ്ഞുവച്ചിട്ടുള്ള മൂന്ന് ഏലക്കായകൾ ചേർക്കും. ഇതെല്ലാം കൂടി ഒന്ന് കുറുകിയതിന് ശേഷം ഒരു സ്പൂൺ പഞ്ചസാര ചേർക്കും. ഇതെല്ലാം കൂടി കുറുകി ഒരു കപ്പ് ആയി എന്ന് തോന്നുമ്പോൾ ഓഫ് ചെയ്യും. അരിച്ച്, ചൂടാറാതെ, പതുക്കെ പതുക്കെ കുടിക്കുന്നതാണ് ശീലം. ചന്ദ്രൻ ഭായ് പറഞ്ഞത് പോലെ 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയ ആണ് ഇത്. ഇപ്പോൾ ശീലം മാറി കേട്ടോ, മൈക്രോവേവിൽ തിളപ്പിക്കുന്ന വെള്ളത്തിൽ ടീ ബാഗ് ഇട്ട്, പലപ്പൊഴും പഞ്ചസാര ചേർക്കാതെ സുലൈമാനി ആയി കുടിക്കുന്നതാണ് ശീലം. വെള്ളിയാഴ്ച്ച മാത്രം 15 മിനിറ്റ് സ്‌പെഷൽ ചായ.

ലൈല കല്ലാരം: “ഒരു പഴയ കുടുംബ ചായത്തമാശ പങ്കുവെക്കാം. എന്‍റെ ഒരു ബന്ധു ഇത്തയാണ് താരം! അവർ പൊതുവേ absent minded ആണ്. അടുക്കളയിൽ അവരുടെ സ്ഥിരം പരിപാടി ഉപ്പും പഞ്ചസാരയും മാറിപ്പോകുന്നതാണ്. മകളുടെ കല്യാണം കഴിഞ്ഞ് ആദ്യം തന്നെ ഭാര്യ വീട്ടിൽ താമസിക്കാൻ വന്ന മരുമകന് അവർ ഉപ്പിട്ട് ചായ കൊടുത്തു. അയാൾ പുതുമോടിയായതു കൊണ്ട് ഒന്നും പറയാതെ, അതൃപ്തി പുറത്തു കാണിക്കാതെ കുടിച്ചു തീർത്തു. അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പോൾ അയാൾ ഭാര്യയോട് പറഞ്ഞു. “എന്നെ ചായ കുടിക്കാൻ നിർബന്ധിക്കില്ലെങ്കിൽ ഞാൻ വരാം”. ഭാര്യ വിചാരിച്ചു തന്‍റെ വീട്ടിലെ ചായയുടെ രുചി പിടിക്കാഞ്ഞിട്ടായിരിക്കുമെന്ന്.

അതിനടുത്ത പ്രാവശ്യം ഭർത്താവിന്‍റെ വീട്ടിലെ ചായയിടുന്ന രീതി പഠിച്ചിട്ടാണ് ഭാര്യ വന്നത്. അവൾ തന്നെ ചായയുണ്ടാക്കിക്കൊടുത്തിട്ടും അയാൾ കുടിയ്ക്കാൻ കൂട്ടാക്കിയില്ല. ആ പ്രാവശ്യവും വെള്ളം കൊണ്ട് adjust ചെയ്തു. ഭർത്താവിന്‍റെ വീട്ടിലെത്തിയ ഭാര്യക്ക് ആകെ കൺഫ്യൂഷനായി. ഇവിടെ നിന്ന് ഇക്ക ഞാനിട്ട് കൊടുക്കുന്ന ചായയും ഇഷ്ടം പോലെ കുടിയ്ക്കുന്നുണ്ടല്ലൊ.

അവസാനം ഭാര്യ കുത്തിക്കുത്തി ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇത് തന്‍റെ ഉമ്മ സ്ഥിരം കാണിക്കാറുള്ള കലാപരിപാടിയാണെന്നും,ഉമ്മ അറിഞ്ഞു കൊണ്ടല്ലെന്നും അവൾ പറഞ്ഞു. പിന്നെ
ഇത്ത ചായ കൊണ്ടു വരുമ്പോൾ കുടുംബക്കാരെല്ലാവരും ഉപ്പോ പഞ്ചസാരയോ എന്ന് ചോദിച്ച് കളിയാക്കും.”

ചന്ദ്രൻ : “ചായ ഇന്ത്യയിൽ നിന്നാണ് ബ്രിട്ടീഷുകാർ വഴി ചൈനയിലേക്ക് കുടിയേറിയത് എന്ന് ഒരു ചരിത്രമുണ്ട്. അതായതു ചായക്കു ഓപ്പിയം കച്ചവടവുമായി ബന്ധമുണ്ടെന്നും ചൈനക്കാരുടെ രുചിക്കനുസരിച്ചു ചായ introduce ചെയ്യുകയും പകരം ഓപ്പിയം കൈമാറുകയും ചെയ്തതായി കേട്ടിട്ടുണ്ട്. ചായ്ക്ക് കോളനി വൽക്കരണത്തിൽ ഉള്ള പങ്കു ഗവേഷണം ചെയ്യേണ്ടതാണ്.”

മേതിലാജ് : “ചായക്കും കാപ്പിക്കും വലിയ രാഷ്ട്രീയമുണ്ട്. ബോസ്റ്റൻ ടീപാർട്ടി രണ്ടു മഹാരാജ്യങ്ങളെയുദ്ധത്തിലെത്തിച്ചത്, ചായക്കപ്പൽ മറിച്ചത് അമേരിക്കൻ വിപ്ലവത്തിലേക്കു നയിച്ചത്‌”.

മേതിലാജ്: “പ്രശസ്തനായ ഒരു അറബിക്കവി പറഞ്ഞത് ഓർമ്മ വരുന്നു അയാളുടെ രണ്ടു പ്രയാസങ്ങൾ. രണ്ടു കാർ പാർക്ക്‌ ചെയ്യേണ്ടിടത്തു ഒരു കാർ പാർക്ക്‌ ചെയ്തത് കണ്ടാൽ അയാൾക്കു വിഷമമാണ്. ഒരു ചായ കുടിച്ചു തീരുമ്പോൾ ഒരിറക്ക് കൂടി വേണമെന്ന് തോന്നിയാൽ വീണ്ടുമൊരു ചായ ഉണ്ടാക്കുന്നതിലെ waste അയാളെ അലട്ടുന്നു. ഞാനതു കേട്ടു കുറേ ചിരിച്ചു ഓരോരുത്തരുടെ പ്രശ്നങ്ങളേ!”

മുരളി :”വീണ്ടും കുടിക്കാനുള്ള ഒരാഗ്രഹത്തിൽ നിർത്തണം ചായ.”

ചന്ദ്രൻ : “കുടിച്ചാൽ തീരാത്തതാണ് ചായയും കാപ്പിയും.ഒരിക്കലും തീരാത്തതാണ് ജീവിതവും. അതായത് നമ്മൾ ആഗ്രഹിക്കുന്നതിനപ്പുറമാണ് ജീവിതവും. റിയലിസവും ഫാന്റസിയും രുചിയും കാഴ്ചയും ഒക്കെയാണല്ലോ ജീവിതത്തിന്‍റെയും ചേരുവകൾ”.

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like