ശബരിമല യുവതീ പ്രവേശന കേസിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് രാജ്യം ചർച്ച ചെയ്യേണ്ടതെന്ന ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി നവോത്ഥാന സംരക്ഷണ സമിതി കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയ വനിതാ മതിലിനും ശേഷം കേരളം മറ്റൊരു ചരിത്ര സംഭവത്തിനു കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. 2018 സെപ്റ്റംബർ 28 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം ലഭ്യമായ സ്വാതന്ത്ര്യം ഉപയോഗിച്ച് രണ്ടു യുവതികൾ-ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമല കയറി അയ്യപ്പ ദർശനം സാധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി കേരളത്തെ പിടിച്ചു കുലുക്കിയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി എന്നാണ് ആദ്യ ഘട്ടത്തിൽ ആർക്കും തോന്നാവുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നമുക്ക് മുൻപാകെ വരുന്ന കാഴ്ചകൾ അങ്ങേയറ്റം പ്രതിലോമകരവും ആപത്കരവുമാണ് എന്ന് പറയാതെ വയ്യ. അയ്യപ്പനെ കണ്ട യുവതികൾ അന്താരാഷ്ട്ര കുറ്റവാളികളെപ്പോലെ ക്രൂശിക്കപ്പെടുന്നു. അവർ അശുദ്ധരാണെന്നും അവരിലെ അശുദ്ധി ദൈവത്തിലേക്കും പടർന്നെന്നും ചിലർ നിലവിളിക്കുന്നു. ശബരിമല നട തന്നെ അടക്കപ്പെടുന്നു.
ശബരിമലയിലെ അശുദ്ധിവാദക്കാർ എത്രത്തോളം ശരിയാണ്? അയ്യപ്പന് സ്ത്രീ ദർശനം നിഷിദ്ധമാണോ? ഉത്തരം ലഭിക്കാൻ ചരിത്രത്തിൽ ചികയേണ്ടി വരും. അനേകം പുരാണങ്ങളാലും ഇതിഹാസങ്ങളാലും സമ്പന്നമാണ് ഹിന്ദു വിശ്വാസം. എണ്ണിയാലൊടുങ്ങാത്ത ദേവതമാരുടെ ഐതിഹ്യങ്ങൾ ഇവയെല്ലാം പങ്കു വെക്കുന്നുമുണ്ട്. എന്നാൽ ഈ ഹിന്ദു പുരാണങ്ങളിലൊന്നും അയ്യപ്പനെ സംബന്ധിച്ച വിവരങ്ങളോ കഥകളോ ലഭ്യമല്ലെന്നു ശ്രീമതി രാധികാ ശേഖറിന്റെ ശബരിമല തീർത്ഥാടനവും അയ്യപ്പനും എന്ന പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അയ്യപ്പൻ ഒരു ഹിന്ദു ദൈവം അല്ലെന്ന സൂചന രാധിക നൽകുന്നു. വിഖ്യാത ചരിത്രകാരൻ എ ശ്രീധരമേനോൻ അയ്യപ്പ ഭക്തരുടെ ചില സവിശേഷതകളെ മുൻനിർത്തി ഈ വാദത്തിന് അടിവര ഇടുന്നു. “അയ്യപ്പ ഭക്തർ സസ്യാഹാരികളും, അഹിംസ, ബ്രഹ്മചര്യം എന്നിവ ആചരിക്കുന്നവരുമാണ്. ഇത് ബുദ്ധമതത്തിന്റെ ആചാര രീതികളാണ് “,ശ്രീധരമേനോൻ പറയുന്നു. കുറുമാലൂർ നാരായണ പിള്ള എഴുതിയ ശ്രീ ഭൂതാനന്ദ സർവസ്വത്തിൽ കൊല്ലവർഷം 1115 ൽ തിരുവിതാംകൂർ മഹാരാജാവ് മഹാറാണിയോടും ദിവാനോടും മറ്റു ബന്ധുക്കളോടും കൂടി അയ്യപ്പനെ ദർശിച്ചതായും പരാമർശിച്ചിട്ടുണ്ട്. ബുദ്ധമതത്തോടു ചേർന്ന് നിൽക്കുന്ന അയ്യനെ, ശാസ്താവിനെ ഹിന്ദു ദൈവം ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിൽ ആണ്. 1950 ൽ ശബരിമലയിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്നാണ് ബ്രാഹ്മണിക്കൽ ആയ ചിന്തകൾക്ക് അവിടെ പ്രാധാന്യം ലഭിക്കുന്നത്.
ദേവസ്വം ബോർഡിന്റെ രൂപീകരണത്തോടെ ശബരിമലയിലെ യുവതീ പ്രവേശനത്തിനും ഏറെക്കുറെ വിലക്ക് വന്നു എന്നതാണ് വസ്തുത. 1965 ലെ പൊതു ആരാധന നിയമവും മതങ്ങൾക്കിടയിലെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ അതാത് മതങ്ങൾക്ക് അധികാരം ഉണ്ടെന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 26 ഉം അതിന് ഉപോത്ബലകമായി അവർ ഉപയോഗിക്കുകയും ചെയ്തു. 1991 ൽ കേരള ഹൈക്കോടതിക്ക് മുൻപാകെ വന്ന ഒരു കേസിന്റെ ഫലമായി പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം പൂർണമായും നിർത്തലാക്കപ്പെടുകയും ചെയ്തു. ഈ വിധിയിലെയും പിന്നീടിക്കാലമത്രയും തുടർന്ന യുവതീ പ്രവേശന വിലക്കിലെയും ഭരണഘടനാ വിരുദ്ധതയാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 2017 മുതൽ പരിഗണിക്കുന്നത്. സുപ്രീം കോടതിയിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷക ആയ ഇന്ദിര ജയ്സിംഗ് പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്. “ഇത് ഒരു തരം തൊട്ട് കൂടായ്മയാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന സമത്വം, ആർട്ടിക്കിൾ 25 മുന്നോട്ട് വെക്കുന്ന മതസ്വാതന്ത്രം എന്നീ ദർശനങ്ങൾക്കും വിരുദ്ധവുമാണ്”.ഇതേ വാചകങ്ങളാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിത്തറയും.
ഭരണഘടന തന്നെയാണ് ഇന്ത്യയുടെ പരമ ഗ്രന്ഥം. അതു നൽകുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തിയ രണ്ടു യുവതികളെ ക്രൂശിക്കാൻ ശ്രമിക്കുന്നവർ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതായുണ്ട്. പല്ലിയും പാറ്റയും കയറുന്ന ശബരിമലയിൽ രണ്ടു യുവതികൾ കയറിയതിലൂടെ നഷ്ടമാകുന്ന ഏത് പ്രത്യേക തരം ശുദ്ധിയാണ് അയ്യപ്പനുള്ളത്. ഇനി ആർത്തവം ആണ് പ്രശ്നമെങ്കിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 14 ഉം 15 (3) ഉം മുന്നോട്ട് വെയ്ക്കുന്ന ലിംഗ വിവേചനത്തിനെതിരായ സന്ദേശത്തിന്റെ ലംഘനമല്ലേ ശബരിമല തന്ത്രിയും കൂട്ടരും ചെയ്തത്? കൂടാതെ സുപ്രീം കോടതിയുടെ വിധിന്യായത്തിനെതിരായി പ്രവർത്തിച്ചതിലൂടെ കോടതി അലക്ഷ്യ കേസ് കൂടി അവർ നേരിടേണ്ടതല്ലേ? യുവതികൾ കയറിയതിനു ശേഷവും ശബരിമല നട അടയ്ക്കുന്നതിന് മുൻപും ദർശനം നടത്തിയവരുടെ ഭക്തിയും വിശ്വാസവും വിലയില്ലാത്ത ചെക്ക് ആയി മാറിയോ? ഒരു മണിക്കൂർ നീളുന്ന പരിഹാരക്രിയകൊണ്ടു മാത്രം തിരിച്ചുപിടിക്കാനാവും വിധം ദുർബലമായ ഒന്നാണോ അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം. ഉത്തരം ലഭിക്കേണ്ടതായുണ്ട്. ദലിത് പ്രവേശനത്തെത്തുടർന്ന് 30 ദിവസം നടയടച്ച ചരിത്രം ഗുരുവായൂരിലുണ്ട്. എന്നാൽ പിൽക്കാലത്ത് ആ നട ദലിതർക്കായും തുറന്നുകൊടുത്തു എന്നതാണ് ചരിത്രം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിപ്രസ്താവത്തിലെ ഒരു വാചകം ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. “സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കാൻ മതത്തെ ഉപയോഗിക്കുന്നത് മനുഷ്യന്റെ മഹത്വത്തിന് തന്നെ വിരുദ്ധമാണ്.അത് അങ്ങേയറ്റം നികൃഷ്ടവുമാണ് “.