പൂമുഖം സാമൂഹ്യം അരിയോട്ടുകോണത്തിന്റെ പ്രാണനായിക!.

അരിയോട്ടുകോണത്തിന്റെ പ്രാണനായിക!.

തകഴിയുടെ ചെമ്മീൻ സിനിമയാക്കിയപ്പോൾ കറുത്തമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തിയ നടിയെ കണ്ട് കഥാകൃത്ത് ‘ഇത് കറുത്തമ്മയല്ലല്ലോ വെളുത്തമ്മയല്ലേ’യെന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്.

സ്ത്രീ സൗന്ദര്യത്തിന്റെ അടയാളങ്ങളിൽ നിറത്തിന് അമിത പരിഗണന കിട്ടുന്നില്ലേയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. പൊന്നിന്റെ ചന്തമെന്നും, ഗോതമ്പിന്റെ നിറമെന്നും, കസ്തൂരി മഞ്ഞളിന്റെ കാന്തിയെന്നും വർണ്ണിച്ചവർ, കാട്ടുതേനിന്റെ നിറമുള്ളവളെ മനഃപൂർവ്വം വിട്ടുകളഞ്ഞതാകാനേ വഴിയുള്ളൂ.

കരിംകൂവളത്തിന്റെ അഴകൊത്ത കണ്ണുകളുണ്ടായിരുന്ന, കാട്ടുതേനിന്റെ നിറമുണ്ടായിരുന്ന, പനങ്കുല തോൽക്കുന്ന മുടിയുണ്ടായിരുന്ന സ്ത്രീകൾ അരിയോട്ടുകോണത്തിന്റെ പെണ്ണഴകായിരുന്ന കാലത്തിന് അത്രയും പഴക്കമില്ല.

കറുപ്പഴകായിരുന്ന സുന്ദരികളുടെ പരമ്പര ഒരു കഥപോലെയാണ്‌. ചെമ്പു അമ്മയും അവരുടെ സഹോദരപുത്രി കൃഷ്ണമ്മയും അവരുടെ സഹോദരപുത്രിയും ഈ കണ്ണികളിലെ ഇഴകളാണ്.

ഐതിഹാസിക പ്രണയകഥയിലെ നായികയായിരുന്നു കൃഷ്ണമ്മ അമ്മ, പാച്ചൻ മുതലാളിയുടെ പ്രിയപുത്രി പ്രണയിച്ചു കല്ല്യാണം കഴിച്ചത് നാടിളക്കിയ സംഭവമായിരുന്നു.

മോറീസ്മൈനർ കാറിൽ കയറി കോളേജിൽ പോകുന്ന കൃഷ്ണമ്മഅമ്മയെ കാണാൻ ഏറക്കടയിലെ പെണ്ണുങ്ങൾ മുതൽ നാട്ടിലെ പുരുഷകേസരികൾ വരെ കാത്തുനിന്നിരുന്നത് പഴയതലമുറ ഇപ്പോഴും ഓർക്കാറുണ്ട്. എം. ജി കോളേജിലെ സുന്ദരിമാർക്കിടയിൽ കറുത്തമുത്തായി തിളങ്ങിയിരുന്ന കൃഷ്ണമ്മയെന്ന സുന്ദരിയെ നാട്ടുകാരനായ സോമൻ നായർ പ്രണയിക്കാൻ തുടങ്ങിയതെന്ന് മുതലാണെന്ന് കൃത്യമായി നാട്ടുകാർക്ക് അറിയില്ല.

അതിസുന്ദരനും, അതികായനുമായ സോമൻ നായരും അക്കാലത്ത് എം ജി കോളേജിലെ വിദ്യാർത്ഥിയായിരുന്നു. മറ്റേതൊരു സുന്ദരിയേയും പ്രണയിക്കാൻ അവസരമുണ്ടായിട്ടും കൃഷ്ണമ്മയെന്ന സുന്ദരിയിൽ അലിഞ്ഞു പോവുകയായിരുന്നു അദ്ദേഹം.

ഐതിഹാസികമായ പ്രണയജീവിതത്തിനിടയിൽ വീട്ടുകാരെ മുഴുവൻ ഉപേക്ഷിച്ചുകൊണ്ട് കൃഷ്ണമ്മ അമ്മ സോമൻ നായരോടൊപ്പം ഇറങ്ങിപ്പോയതോടെ പാച്ചൻ മുതലാളിയും ഭാര്യയും മക്കളും അവരെ പടിക്ക്പുറത്താക്കി ഉപേക്ഷിച്ചു.

ജീവിതം സമരമാണെന്ന് പ്രണയിതാക്കൾക്ക് മനസ്സിലായത് കെട്ടുറപ്പുള്ള ദാമ്പത്യം കെട്ടിപ്പടുക്കുവാൻ തുടങ്ങിയപ്പോഴാണ്. ആദർശവും സാമൂഹ്യസേവനവും സ്വാഭിമാനവും കൂടുതലായപ്പോൾ സോമൻനായർ കൈയിൽ കിട്ടിയ സർക്കാർ ജോലി തട്ടിത്തെറിപ്പിച്ചു, കൂട്ടത്തിൽ പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകളും ഉപേക്ഷിച്ചു. കണിയാപുരം മുസ്‌ളീം ഹൈസ്ക്കൂളിൽ അദ്ധ്യാപിക ആകുവാനുള്ള കൃഷ്ണമ്മ അമ്മയുടെ അവസരവും അദ്ദേഹം നിഷേധിച്ചതോടെ സ്ഥിരവരുമാനമുള്ള തൊഴിലെന്ന പ്രതീക്ഷ കഴിഞ്ഞു.

ആഡംബര പ്രിയവും ധാരാളിത്തവും കൈമുതലാക്കിയ സോമൻനായർ മദ്യപാനസദസ്സുകളിൽ ജീവിതം ഘോഷിച്ചു, അരിയോട്ടുകോണത്തെ റോഡരികിലുള്ള വീടിന്റെ അരികിൽ നിരന്നു കിടക്കുന്ന കാറുകളും സുഹൃത്തുക്കളും കൂടി അദ്ദേഹത്തെ ധൂർത്തനും മദ്യപാനാസക്തനുമാക്കി.

മകളുടെ ജീവിതം സന്തോഷമായിരിക്കുവാൻ പാച്ചൻ മുതലാളി രഹസ്യമായും പരസ്യമായും എഴുതി നൽകിയ വസ്തുക്കൾ ഓരോന്നായി വിറ്റിട്ടായിരുന്നു സോമൻനായരുടെ ആഘോഷം. കൈയിലെ കാശ് തീരുമ്പോൾ ഭാര്യയുടെ കൈയിൽ നിന്നും വസ്തുക്കൾ വാങ്ങിയെടുക്കുവാനുള്ള വഴികൾ ധാരാളം മുന്നിലുണ്ടായിരുന്നതും, കൃഷ്ണമ്മ അമ്മയ്ക്ക് അദ്ദേഹത്തോടുള്ള പ്രണയത്തിന്റെ ആഴമറിഞ്ഞു തിരികെ സ്നേഹിച്ചിരുന്നതും കൊണ്ടു സ്വത്തുക്കൾ ഓരോന്നായി തീറെഴുതി കൊണ്ടിരുന്നു.

ഒടുവിൽ എല്ലാം വിറ്റുതീർന്നപ്പോഴും അഞ്ച് മക്കളും ഭാര്യയും ബുദ്ധിമുട്ടിയപ്പോഴും സോമൻനായർ ആഘോഷത്തിന്റെ പടിയിറങ്ങിയില്ല. രോഗിയായ ഭാര്യയ്ക്ക് രക്തം മാറ്റി അടയ്ക്കുവാൻ കടം വാങ്ങേണ്ടി വന്നിട്ടും, അറിഞ്ഞു കൊണ്ടുതന്നെ ആ കാശ് കൊണ്ടുപോയി മദ്യപിച്ചതും, മുക്കിലെ ചാരായ ഷാപ്പിന് മുൻപിൽ ബോധം കെട്ടുറങ്ങിയതും എന്തിനായിരുന്നുവെന്ന് ഒരാൾക്കുമറിയില്ല.

ഭാര്യ പോയതോടെ ചിറകറ്റുപോയ പറവയുടെ അവസ്ഥയായി സോമൻനായരുടേത്, ചെയ്തുകൂട്ടിയതിനെല്ലാം സ്വയം ശിക്ഷിക്കാനിറങ്ങിയത് പോലെയായി പിന്നെയുള്ള ജീവിതം. വിവാഹിതരായ മക്കളുടെ വീടുകളിലൊന്നും പോകാതെയായി. മിക്കവാറും കടത്തിണ്ണകളിലും, ഇടയ്ക്കെല്ലാം ബന്ധുവീടുകളിലുമായിരുന്നു ഉറങ്ങാനിടം കണ്ടെത്തിയിരുന്നത്. കുടുംബസ്വത്തായി കിട്ടിയ വസ്തുക്കൾ ചില്ലറയായി വിറ്റുതീർത്തു. കിട്ടിയ കാശ് മുഴുവൻ മദ്യത്തിനായി ചിലവാക്കി.

വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ അനാഥനായി കിടന്നാണ് ജീവിതചക്രം പൂർത്തിയാക്കിയത്. സ്വന്തം ഇഷ്ടങ്ങളിൽ ജീവിച്ചും, പ്രാണൻ പോലെ സ്നേഹിച്ച ഭാര്യയെ പ്രാണനേക്കാൾ സ്നേഹിച്ചും, ലഹരിയുടെ ആഘോഷങ്ങളിൽ ജീവിതം ഹോമിച്ചു തീർത്ത മനുഷ്യനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടാകും, അദ്ദേഹത്തിന്റെ ശരികളിൽ ഒരുപാട് തെറ്റുകളുമുണ്ടാകാം.

എല്ലാത്തിനുമപ്പുറം അദ്ദേഹത്തെ സ്നേഹിച്ച കൃഷ്ണമ്മ അമ്മയ്ക്ക് ജീവിതാവസാനം വരെ സോമൻനായർ നായകനായിരുന്നു. സർവ്വഭാഗ്യങ്ങളിൽ നിന്നും കുടിയിറക്കിക്കൊണ്ടുവന്ന പുരുഷൻ ലഹരിയിൽ ആറാടിയപ്പോഴും, ഇല്ലായ്മകൾക്കിടയിലും പ്രിയപ്പെട്ടവന്റെ ഒപ്പമിരുന്ന് വെറ്റിലമുറുക്കി വർത്തമാനം പറയുന്നത് സൗഭാഗ്യമായി കരുതിയ സ്ത്രീയുടെ ജീവിതം എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്, ദുഃഖപുത്രിയെന്നോ നായികയെന്നോ..

ചിത്രങ്ങൾ : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like