പൂമുഖം സാമൂഹ്യം അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ആമുഖം !

അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ആമുഖം !

എല്ലാ നാടിനും മണ്ണിനും നിറയെ കഥകൾ പറയുവാനുണ്ടാകും. കേൾക്കുവാൻ മനസ്സുണ്ടെങ്കിൽ കാതോർത്താൽ കഥകളിങ്ങനെ കിനിഞ്ഞിറങ്ങും, ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആകുലപ്പെട്ടും കടന്നുപോയ മനുഷ്യരുടെ ജീവിതങ്ങൾ കഥകളായി തെളിയും.

അരിയോട്ടുകോണത്ത് നിന്നും അപ്രത്യക്ഷമായ ചുമടുതാങ്ങി മുതൽ മുറിച്ചുമാറ്റപ്പെട്ട പുളിമരം വരെ കഥാപാത്രങ്ങളാണ്.

ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചതച്ചിട്ടാൽ പച്ചമോരിന്റെ രുചി കൂടുമെന്നും, ഇത്തിരി കടുമാങ്ങ കൂടിയുണ്ടെങ്കിൽ തലച്ചുമടുകളുടെ ഭാരം കുറയുമെന്നും നാച്ചിയാരമ്മ പറയുമ്പോൾ ചുമടേറ്റിയ പെണ്ണുങ്ങൾ പാച്ചൻ മുതലാളിയുടെ കടത്തിണ്ണയിലിരുന്ന് തലയാട്ടിക്കൊണ്ട് കുലുങ്ങിച്ചിരിക്കും.

വണ്ടിക്കാർ കാളകളെ മരങ്ങളിലേക്ക് മാറ്റിക്കെട്ടിയിട്ട് ഉപ്പൻ ഗോവിന്ദൻ മുതലാളിയുടെ ചായക്കടയിലിരുന്ന് മുളങ്കുറ്റിയിൽ വേകിച്ച പുട്ടും പയറും പപ്പടവും ചായയും കഴിച്ചുകൊണ്ട് തമാശകൾ പൊട്ടിക്കുമ്പോഴാകും മാധവൻ പിള്ള തേക്കിലകളിൽ പൊതിഞ്ഞെടുത്ത ചാണകവുമായി അടുത്ത കാളവണ്ടി ലക്ഷ്യമാക്കി ഇറക്കം ഇറങ്ങി തുടങ്ങുന്നത്.

ഫർലോംഗ് കുറ്റിയുടെ മുന്നിലുള്ള വണ്ടിക്കടയിൽ മുറുക്കാൻ വാങ്ങാനെത്തുന്ന പറ്റുകാരോട് കുശലം പറയുന്ന കേശവൻ കിളവൻ വർത്തമാനത്തിനിടയിലും കൃത്യതയോടെ പാക്കുവെട്ടി കൈകാര്യം ചെയ്യുന്നതിൽ ചിലരെങ്കിലും അതിശയം ഭാവിക്കും.

ഗ്രാമഫോൺ റേഡിയോയിൽ ആകാശവാണിയും വിവിധഭാരതിയും മാറ്റിമാറ്റി ആസ്വദിക്കുന്ന വാസു കണ്ട്രാക്ക് തന്റെ രണ്ടുനില വീടിന്റെ മുന്നിലൂടെ ജനത ലൈബ്രറി ആന്റ് റീഡിങ് റൂമിലേക്ക് പോകുന്നവരോട് പുതിയ ചലച്ചിത്ര ഗാനങ്ങളുടെ അഭിപ്രായം പറയും.

കോട്ട ശ്രീധരനും കോട്ട വിശ്വംഭരനും കൂടി തല്ലും പിടിയും നടത്തി ആസ്ഥാന ചട്ടമ്പികളുടെ പട്ടം സ്വന്തമാക്കിയിരുന്നതിനാൽ വരത്തന്മാർക്ക് വിലസാൻ അവസരം ഉണ്ടായിരുന്നില്ല. കോട്ടമുക്കിലെ ചട്ടമ്പികളോട് മുട്ടാൻ വന്നവരിൽ പലരും പുളിമരത്തിന്റെ ചുവട്ടിലാണ് ക്ഷീണം തീർത്തിരുന്നത്.

ആമുഖത്തിൽ മുഖം കാട്ടാൻ അവസരം കിട്ടാത്തവരെ കുറിച്ച് ബേജാറാകണ്ട, അവരുടെ കൂടി കഥകളുണ്ടാകും അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങളിൽ!

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like