പൂമുഖം സാമൂഹ്യം അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ഭാഗം 2

അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ഭാഗം 2

ഭക്തിയും വിശ്വാസവും ആചാരവുമൊക്കെ രാഷ്ട്രീയവത്കരിക്കപ്പെട്ടത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ കെട്ടുറപ്പില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ്. കഴിഞ്ഞുപോയ കാലത്തിന്റെ അടയാളങ്ങളായിരുന്ന ചില മനുഷ്യരുണ്ട്, ഒരിടത്തും ഒരടയാളവും അവശേഷിപ്പിക്കാതെ കടന്നു പോയവർ, അത്തരം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ അകത്തളങ്ങളും ചരിത്രമാകണം.

കറുത്ത് കുറുകിയ ചെറിയ കൂനുള്ള ബാലയണ്ണനെ കാണാൻ തുടങ്ങിയതെന്ന് മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല, കോവിൽവിളാകത്ത് വന്ന നാൾ മുതൽ കാണാൻ തുടങ്ങിയയൊരാൾ അദ്ദേഹമാണ്. നിറം മങ്ങിയ തോർത്ത് മുണ്ടുമുടുത്ത് കോവിലിന്റെ ചുറ്റുമെല്ലാം ഓടിനടക്കുന്നൊരാൾ, അനുസരണയില്ലാതെ നിവർന്നു നിൽക്കുന്ന തലമുടിയും മുന്നിലേക്ക് കടന്നു നിൽക്കുന്ന പല്ലുകളുമായിരുന്നു ബാലയണ്ണന്റെ രൂപത്തിലെ പ്രത്യേകത. എല്ലാപേരും പ്രായഭേദമന്യേ ബാലയണ്ണനെന്ന് വിളിക്കുന്നതിൽ ഏതൊരു പരിഭവവും പ്രകടിപ്പിക്കുകയോ കളിയാക്കപ്പെടുന്ന അവസരങ്ങളിൽ പോലും പ്രതികരിക്കാൻ മിനക്കെടുകയോ ചെയ്യാത്ത മനുഷ്യൻ, അദ്ദേഹം അപൂർവ്വമായി ശുണ്ഠിയെടുത്ത് കണ്ടിട്ടുള്ളത് ചിലരൊക്കെ മറഞ്ഞും പതുങ്ങിയും നിന്ന് ബാലായെന്ന് വിളിക്കുമ്പോൾ മാത്രമാണ്.

ബാലയണ്ണൻ ഔദ്യോഗികമായി സ്വന്തമാക്കിയിരുന്ന അവകാശങ്ങളിൽ പോലും കടന്നു കയറിയിരുന്നവർ ക്ഷേത്രത്തിലെത്തുന്ന കുട്ടികളായിരുന്നു, മുതിർന്നവരുടെ മത്സരയിടങ്ങളിലൊന്നും വെല്ലുവിളിയുയർത്താൻ പ്രാപ്തിയില്ലാത്തൊരു വൃദ്ധൻ തോറ്റു തന്നിരുന്നതും കുട്ടികളോടാണ്. ഗണപതിയുടെ നടയിലുടക്കുന്ന തേങ്ങകളിലും ക്ഷേത്ര പറമ്പിലെ താളിമാവിലെ മാങ്ങകളിലും ക്ഷേത്രകമ്മിറ്റിക്ക് സാമ്പത്തിക താല്പര്യമുണ്ടായതോടെ ബാലയണ്ണൻ തേങ്ങയും മാങ്ങയും ലേലമെടുത്ത മുതലാളിയായെങ്കിലും മൊത്തത്തിൽ ലാഭകരമല്ലാത്ത പരിപാടിയായിരുന്നു.

ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ പലരും ഗണപതിക്ക് ഉടക്കാനായി കൈയിൽ കരുതുന്ന തേങ്ങകൾ കുട്ടികളുടെയും ബാലയണ്ണന്റെയും പ്രധാന ലക്ഷ്യമാകുന്നതോടെ മത്സരത്തിനുള്ള സാധ്യതകൾ തെളിയും, തേങ്ങയുടക്കുന്ന കല്ലിനുചുറ്റും ചിതറി വീഴുന്ന തേങ്ങയുടെ ഉടഞ്ഞ ഭാഗങ്ങളിൽ ഭൂരിഭാഗവും കുട്ടികളുടെ കൈയിലെത്തിയാൽ ബാലയണ്ണൻ മത്സരരംഗത്ത് നിന്നും പിന്മാറുകയും അടുത്തു വരുന്ന ഭക്തരുടെ കൈയിലെ നാളികേരങ്ങളിൽ പ്രതീക്ഷയർപ്പിക്കയും ചെയ്യും. താളിമാവിലെ മാങ്ങകളിൽ ആധിപത്യം സ്ഥാപിക്കാൻ ബാലയണ്ണൻ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും മുഴുവൻ സമയവും മാവിൻചുവട്ടിൽ ചിലവഴിക്കാനുള്ള സാഹചര്യം അനുവദിക്കാത്തത് കൊണ്ടാകാം അവിടെയും ലാഭമെന്ന സാഹചര്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ലായെങ്കിലും അദ്ദേഹത്തിന് പരാതികളില്ലായിരുന്നു.

നിറയെ കണ്മഷിയെഴുതിയ കണ്ണുകളും തിരുപ്പനിൽ പൊതിഞ്ഞു ഉയർത്തികെട്ടിയ തലമുടിയുമായി ക്ഷേത്രത്തിനുള്ളിൽ നടന്നു കൊണ്ടേയിരുന്ന കറുത്ത് മെലിഞ്ഞ പങ്കജാക്ഷി അമ്മച്ചിയുടെ വായ്ക്കുരവകളുടെ അകമ്പടിയോടെയായിരുന്നു തമ്പുരാന്റെ നടയിലെ ആരാധനകളെല്ലാം. തിടപ്പള്ളിയിൽ നിന്നും കിണറിൻകരയിലേക്കും തിരികെയും ദിവസവും എത്രപ്രാവശ്യം നടക്കുമെന്ന് പലവട്ടം ചോദിക്കണമെന്ന് കരുതിയിട്ടുണ്ട്. പ്രദക്ഷിണ വഴികളും പടികെട്ടുകളും തൂത്തും തുടച്ചും പരാതികളില്ലാതെ വെളുക്കെ ചിരിച്ച്‌ നടന്നു കൊണ്ടേയിരുന്ന പങ്കജാക്ഷി അമ്മച്ചിയൊരിക്കലും തീവ്രഭക്തകളുടെ ഗണത്തിൽപ്പെടുന്ന സ്ത്രീയായിരുന്നില്ല.

നിറയെ സംസാരിക്കുകയും ഇടവേളകളിൽ പരിചിതമല്ലാത്ത പാട്ടുകളുടെ ഈരടികൾ മൂളുകയും ചെയ്തിരുന്ന പങ്കജാക്ഷിയമ്മച്ചിയുടെ നിശ്ചയദാർഢ്യമുള്ള സ്ത്രീത്വമാണ് അംഗീകരിക്കപ്പെടേണ്ടത്. ബാഹ്യമായതൊന്നും സ്വന്തം പ്രവർത്തിയെ തടസ്സപ്പെടുത്തരുതെന്ന നിർബന്ധമാകാം നിരന്തരമായ സംസാരത്തിനിടയിലൂടെ ജോലികൾ ചെയ്തിരുന്നതിനുള്ള കാരണം. ബഹളവും കുസൃതികളുമായി കടന്നു വന്നിരുന്ന കുട്ടികളുടെ ഇടയിൽ അവരിലൊരാളായി മാറിയിരുന്ന വൃദ്ധയുടെ ബീഡിക്കറയുള്ള ചിരിയിൽ നിറഞ്ഞിരുന്നതാണ് ശരിക്കുമുള്ള സ്വാശ്രയത്വം.

അരിയോട്ടുകോണത്തെ തമ്പുരാന്റെ നിഴലും വെളിച്ചവും വീഴുന്നയിടങ്ങളിലെല്ലാം നിറഞ്ഞു നിന്നവർ, നിരന്തരം പ്രാർത്ഥിക്കാൻ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ജീവിതകാലം മുഴുവൻ ക്ഷേത്രത്തിന്റെ ചുറ്റും പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ നടന്നവർ, അവരുടെ നിതാന്ത ഭക്തിയുടെ ചരിത്രമൊന്നും ഐതീഹ്യമാകാത്തത് അത്ഭുതങ്ങളുടെ പിൻബലമില്ലാത്ത അനുഗ്രഹങ്ങൾ അജ്ഞാതമായത് കൊണ്ടാകാം.

അമ്പലവും തമ്പുരാനും അമ്പലപ്പറമ്പുമൊക്കെയായി കഴിഞ്ഞിരുന്ന മനുഷ്യരുടെ ശേഷിപ്പുകൾ ഇത്തരം ഓർമ്മകളിലെങ്കിലും വാടാതെയിരിക്കണം, അവനവന് വേണ്ടി മാത്രമല്ലാതെ ജീവിച്ച നിസ്വാർത്ഥരായ മനുഷ്യരും വാഴ്ത്തപ്പെട്ടവരുടെ നിരയിലെത്തുമ്പോഴെ ചരിത്രമെന്നത് കഴിഞ്ഞകാലമാണെന്ന യാഥാർഥ്യം അംഗീകരിക്കപ്പെടുകയുള്ളൂ!

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like