പൊതുതിരഞ്ഞെടുപ്പുകൾ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഞാണിന്മേൽ കളിയാണ്. ചെറിയൊരു പിഴവ് മതിയാകും അടിത്തറ തന്നെ ഇല്ലാതാകാൻ. ഈ സമ്മർദ്ദത്തെ അതിജീവിക്കുക എന്നത് സുപ്രധാനമാണ്. ജാതിയും സമ്പത്തും വർണവും വംശവുമെല്ലാം നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളിൽ അന്തിമവിജയത്തിനായി പയറ്റുന്ന തന്ത്രങ്ങൾ എല്ലായ്പോഴും ഫലപ്രദം ആവണമെന്നും ഇല്ല.അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെങ്കിൽ മുതലെടുപ്പിന്റെ കലയാണ് തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അവസരങ്ങളെ ഫലപ്രദമായി മുതലെടുത്ത അനേകം രാഷ്ട്രീയ പാർട്ടികളുണ്ട്. അധികാരക്കസേരകളിൽ പല കാലങ്ങളിൽ അവരെല്ലാം ഇരുന്നിട്ടുമുണ്ട്. കർശനമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങളേക്കാൾ പ്രയോഗികതയാണ് മിക്ക പാർട്ടികളും തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ നിന്ന് കുറച്ചെങ്കിലും വിഭിന്നമായി ചിന്തിച്ചത് ഇടതു പാർട്ടികൾ മാത്രമാണ്.അടിസ്ഥാന വർഗത്തെ മുൻനിർത്തിയുള്ള വികസന സങ്കൽപ്പങ്ങളും ഉറച്ച മതേതര നിലപാടുകളും ഇടതിനെ എക്കാലവും ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദമാക്കി. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടതുപക്ഷം മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിൽ തകർന്നടിയുന്ന കാഴ്ചയും രാജ്യം കണ്ടു. 2019 ൽ ജനം പോളിങ് ബൂത്തുകളിക്കെത്തുമ്പോൾ രാജ്യത്തിന്റെ ഭാവി എന്ത് എന്നതിനോടൊപ്പം തന്നെ സുപ്രധാനമായ ചോദ്യമാണ് ഇടതുപക്ഷത്തിന്റെ ഭാവി എന്ത് എന്നതും.
തിരഞ്ഞെടുപ്പ് ഗ്രാഫിലെ ഉയർച്ചകളും താഴ്ചകളും
1947 ന് ശേഷം നടന്ന പതിനാറു ലോകസഭാ തിരഞ്ഞെടുപ്പുകൾ സി പി ഐ യും പിന്നീടത് വിഭജിച്ചുണ്ടായ സിപിഐ (എം ) ഉം ആർ എസ് പി യും ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്കും അടങ്ങുന്ന ഇടതുപക്ഷം അനേകം ഉയർച്ച താഴ്ചകളെ നേരിട്ടിട്ടുണ്ട്. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ അഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഇടതിന്റെ ഗ്രാഫ് മേൽപ്പോട്ടായിരുന്നു. ഇരുപത്തിരണ്ടിൽ നിന്നും അൻപത്തിരണ്ടിലേക്കു ലോകസഭാ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഈ കാലയളവിൽ അവർക്കായി.അഞ്ചാം ലോകസഭയിൽ പത്തു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അവർക്ക് എം പി മാരുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന ആറാം ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ കേരളത്തിൽ തിരിച്ചടിയേറ്റെങ്കിലും 13 സീറ്റുകളുടെ കുറവേ അവർക്കുണ്ടായിരുന്നുള്ളൂ. 1977 ൽ നാല്പത് സീറ്റുകളിലേക്കൊതുങ്ങിയ ഇടതുകക്ഷികൾ 1980 ൽ 54 സീറ്റുകളുമായി തിരിച്ചു വരുന്നതും രാജ്യം കണ്ടു. എട്ടാം ലോകസഭയിൽ അവർക്ക് വീണ്ടും തിരിച്ചടിയേറ്റു. അത്തവണ 18 സീറ്റുകൾ കുറഞ്ഞു. 1989 ലെ ഒൻപതാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ 2004 ലെ പതിനാലാം ലോകസഭ വരെ ഏറെക്കുറെ സ്ഥിരത പുലർത്തുന്ന പ്രകടനമായിരുന്നു ഇടതിന്റേത്. പതിനഞ്ചും പതിനാറും ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ആണ് അവർക്ക് ഏറ്റവും വലിയ തിരിച്ചടി ഏറ്റത്. പതിനഞ്ചാം ലോകസഭയിലെ ഇടതിന്റെ അംഗസംഖ്യ 24 ആയിരുന്നെങ്കിൽ പതിനാറാം ലോകസഭയിലെത്തിയപ്പോൾ അത് 11 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യ !!!!
ഇടതിന്റെ പിഴവുകൾ
1951 മുതൽ 71 വരെയുള്ള രണ്ട് പതിറ്റാണ്ടുകളിൽ പാർലമെന്റിലെ മുഖ്യപ്രതിപക്ഷമായിരുന്നു ഇടതു പാർട്ടികൾ. കോൺഗ്രസ് -സിപിഐ എന്നീ രണ്ട് ദ്വന്ത്വങ്ങൾക്കിടയിൽ അന്ന് ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയം വിഭജിക്കപ്പെട്ടു. 1970 കളിലാണ് ഇന്ത്യയിൽ നിരവധിയായ പ്രാദേശിക പാർട്ടികൾ പൊട്ടിമുളയ്ക്കപ്പെടുന്നത്. തീവ്ര പ്രാദേശിക ബോധത്തിലോ മതബോധത്തിലോ മാത്രം അധിഷ്ഠിതമായിരുന്നു മിക്ക പ്രാദേശിക പാർട്ടികളും. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളും മഹാരാഷ്ട്രയിലെ ശിവസേനയും എല്ലാം ഈ ഗണത്തിൽ വരും. അനേകം ദേശീയതകളും ഉപദേശീയതകളും നിറഞ്ഞ ഇന്ത്യയിൽ വിശാലമായ ദേശീയ കാഴ്ചപ്പാടും മതേതര മൂല്യങ്ങളും മുന്നോട്ട് വെച്ച ഇടതുപക്ഷത്തേക്കാൾ അന്ന് സ്വീകാര്യത ലഭിച്ചത് പ്രാദേശിക കക്ഷികൾക്കാണെന്നു ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടും. 1977ലാണ് ആദ്യമായി ഒരു കോൺഗ്രസ് ഇതര ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നത്.അന്ന് ജനതാപാർട്ടിയെ സഹായിച്ചവരിൽ ഈ പ്രാദേശിക പാർട്ടികളും ഉണ്ട്. എന്നാൽ കേരളത്തിലും ബംഗാളിലും കാലിനടിയിലെ മണ്ണ് ചോർന്നു പോകാതെ സൂക്ഷിക്കാൻ അന്നും ഇടതിന് സാധിച്ചിരുന്നു.പതിനൊന്നാം ലോകസഭയിൽ ദേവഗൗഡയെ പോലൊരാളെ പ്രധാമന്ത്രി സ്ഥാനത്തിരുത്തുന്നതിൽ പോലും ഇടതിന്റെ പങ്ക് നിസ്തുലമായിരുന്നു. ഒന്നാം യു പി എ സർക്കാരിനെ താങ്ങി നിർത്തിയ ശക്തിയും മറ്റൊന്നായിരുന്നില്ല. എന്നാൽ 2009 ൽ ബംഗാളിൽ ഏറ്റ തിരിച്ചടിയാണ് യഥാർത്ഥത്തിൽ ഇടതിന്റെ അസ്ഥിവാരം തന്നെ തകർത്തത്. മുൻപത്തെ പത്തു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചു പോന്ന 18 സീറ്റുകളാണ് അവർക്ക് തൃണമൂലിന് അടിയറ വെക്കേണ്ടി വന്നത്. പരമ്പരാഗത ശക്തി കേന്ദ്രത്തിലുണ്ടായ തിരിച്ചടിയിൽ നിന്ന് കര കയറാൻ പിന്നീടവർക്ക് സാധിച്ചതുമില്ല.
പ്രത്യശാസ്ത്രമെന്നാൽ ഇരുമ്പുലയ്ക്കയല്ല
1980 ൽ എൽ ഡി എഫ് രൂപീകരണ സമയത്തു അതുവരെ ഭിന്നിച്ചു നിന്നവർ എങ്ങനെ ഒന്നിച്ചു പോകുമെന്ന ചോദ്യത്തിന് ഇ എം എസ് കൊടുത്ത ഉത്തരം അടുപ്പിനനുസരിച് രൂപം മാറുന്ന പാത്രത്തിനു സമമാണ് പ്രത്യയശാസ്ത്രം എന്നതാണ്. എന്നാൽ താത്വികാചാര്യന്റെ വചനങ്ങളെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പരുവപ്പെടുത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. രണ്ടു തവണ കിങ് മേക്കർ ആയ ഇടതുപാർട്ടികൾ കിങ് ആവാനുള്ള അവസരം തുലയ്ക്കുന്നതും രാജ്യം കണ്ടു. 1996 ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രി ആക്കാനുള്ള അവസരം സി പി ഐ (എം)വേണ്ടെന്നു വെച്ചത് ചരിത്രപരമായ വിഡ്ഢിത്തമെന്നു വിശേഷിക്കപ്പെട്ടു. അന്നത്തെ നിരാശ ബസു തന്നെ പിന്നീട് പലവട്ടം തുറന്നു പറഞ്ഞിട്ടുമുണ്ട്. ഭരണത്തിൽ ഏറ്റവും നിർണായക സ്വാധീനം ഉണ്ടായിരുന്ന ഘട്ടത്തിലാണ് ഒന്നാം യു പി എ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുന്നത്. അമേരിക്കയുമായുള്ള ആണവക്കരാറൊന്നും ജനത്തെ ബോധ്യപ്പെടുത്താവുന്ന സംഗതി അല്ലെന്ന് തിരിച്ചറിയാൻ അവർക്ക് സാധിച്ചതുമില്ല. ഹിന്ദി ബെൽറ്റുകളിൽ ഇനിയും കടന്നു ചെല്ലാൻ സാധിച്ചിട്ടില്ല എന്നതാണ് ഇടതുകക്ഷികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേന്ദ്രഭരണത്തിൽ അവസരം ലഭിച്ചപ്പോൾ പങ്കാളി ആയിരുന്നെങ്കിൽ ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെ മാറ്റം വരുത്താൻ സാധിക്കുമായിരുന്നു.
നഷ്ടപ്പെട്ട ഇടങ്ങൾ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് മാത്രമായി മാറ്റിവെക്കപ്പെട്ട ചില ഇടങ്ങൾ ഉണ്ട്.അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളിൽ അവരോളം ഇടപെടാൻ സാധിക്കുന്ന മറ്റൊരു കക്ഷിയും ഇല്ല. എപ്പോഴാണ് ഈ സാമൂഹിക -രാഷ്ട്രീയ യാഥാർഥ്യം ഇടതുപാർട്ടികൾ വിസ്മരിച്ചത് അതോടെ അവരുടെ ഇടങ്ങൾ മറ്റുള്ളവർ കയ്യടക്കി തുടങ്ങി എന്നതാണ് വസ്തുത. സമീപകാലത്തു ആം ആദ്മി പാർട്ടി നടത്തിയ പെട്ടെന്നുള്ള ഉയർച്ച തന്നെ ഇതിനുദാഹരണം. അഴിമതിക്കെതിരായ പോരാട്ടമാണ് അവരെ ജനശ്രദ്ധയിൽ എത്തിച്ചത്. ഒപ്പം ലാളിത്യം നിറഞ്ഞ സമീപനങ്ങളും. യഥാർത്ഥത്തിൽ ഇത് രണ്ടും ഇടതിന്റെ സിംബലുകളാണ്. എന്നാൽ രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾ ഒന്നാകെ പാർലമെന്ററി വ്യാമോഹത്തിനു അടിമപ്പെട്ടപ്പോൾ നടത്തേണ്ടുന്ന പോരാട്ടങ്ങൾ പാടേ വിസ്മരിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപ വില വരുന്ന പേന ഉപയോഗിക്കുന്ന എം പി മാർ രാജ്യത്തെ ഇടതുപാർട്ടികൾക്ക് ഉണ്ടായി. വികസനത്തെ സംബന്ധിച്ച ഇടതു നയങ്ങളിലും ഇതിനിടെ വെള്ളം ചേർക്കപ്പെട്ടു. മൂലധനം ആരിൽ നിന്നും സ്വീകരിക്കാം എന്ന അവസ്ഥ വന്നു. കർഷകർ നിർദാക്ഷിണ്യം കുടിയിറക്കപ്പെട്ടു.പ്രാദേശികമായ അധികാരം ഇടതുപക്ഷത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനു പകരം ദുഷിപ്പിക്കുന്ന കാഴ്ചയും കണ്ടു. ഇതോടെ ജനം മറിച്ചു ചിന്തിച്ചു തുടങ്ങി. അവരുടെ ഇടങ്ങളിൽ പുതുപാർട്ടികൾ വേരുറപ്പിക്കുകയും ചെയ്തു.
എന്തുകൊണ്ട് ഇടതുപക്ഷം?
പാർലമെന്റിനു പുറത്തെന്ന പോലെ അകത്തും ഇടതുപക്ഷത്തിന്റെ സാനിധ്യം നിർണായകമായ കാലഘട്ടമാണിത്. അനേകം പോരായ്മകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ അവരുടെ പ്രാധാന്യം നിസാരവൽക്കരിക്കാനാകില്ല. രാജ്യത്തെ ഏറ്റവുമുയർന്ന നിയമനിർമാണ സഭ ന്യുനപക്ഷ വിരുദ്ധ നിയമങ്ങൾ നിർമിക്കാൻ കച്ചകെട്ടി ഇറങ്ങിയ കാലമാണിത്. ഹിന്ദുത്വ അജണ്ടകൾ ആണ് നിയമനിര്മാണങ്ങളെ നിയന്ത്രിക്കുന്നത്. കോര്പറേറ്റുകൾക് അനുഗുണമായ സമീപനങ്ങളും സഭയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ വലതുപക്ഷ സമീപനം സ്വീകരിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾക്കും (പ്രതിപക്ഷ പാർട്ടികൾ അടക്കം )ഒരേ നിലപാടാണുള്ളത്. കുത്തകകളുടെ ഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്നവർക്ക് ഇതല്ലാതെ മറ്റു വഴികളും ഇല്ല. രാജ്യത്ത് ബഹുരാഷ്ട്ര കുത്തകകളുടെ സാമ്പത്തിക സഹായം സ്വീകരിക്കാത്ത രാഷ്ട്രീയ സംവിധാനം ഇടതുപക്ഷം മാത്രമാണ്. പൊതുജനം ആണവരെ നിലനിർത്തുന്നത്. അത് കൊണ്ട് അവരുടെ വിധേയത്വവും ജനത്തോടു തന്നെ.ഇടതുപക്ഷ എം പി മാരുടെ പാർലമെന്റിലെ ഇടപെടലുകളും ശ്രദ്ധേയമാണ്. അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിന്മേൽ ഭേദഗതികൾ അവർ നിരന്തരം അവതരിപ്പിക്കുന്നു. അത് അംഗീകരിക്കപ്പെടുന്നുണ്ടോ എന്നത് വേറൊരു പ്രശ്നം. പക്ഷേ പിഴവുകളെ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ അവർക്ക് സാധിക്കാറുണ്ട്. സമയം കളയാനായി മാത്രം പാർലമെന്റിൽ വരുന്ന അനേകം പേർക്കിടയിൽ ഇടതുപക്ഷം എന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.
2019 ഉം ഇടതിന്റെ ഭാവിയും
ഇടതുപക്ഷത്തെ രണ്ടു ദേശീയ പാർട്ടികളുടെ അംഗീകാരം പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ബിജെപി ഇതര ഭരണകൂടം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഇതിനായി എല്ലാ മതേതര കക്ഷികളുമായും സന്ധി ചെയ്യാനും അവർക്ക് സമ്മതമാണ്. എന്നാൽ ഇടതിനെ മറ്റുള്ളവർ പരിഗണിക്കുന്നില്ല എന്നതാണ് നിലവിലെ കാഴ്ച്ച. ബിഹാറിലെ വിശാലാപ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ ശ്രമിച്ചെങ്കിലും ഒറ്റ സീറ്റുകൾ പോലും അവർക്ക് ലഭിച്ചില്ല. ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐ ക് നിർണായകമായ സ്വാധീനമുള്ള പത്തോളം മണ്ഡലങ്ങൾ ഉണ്ട് ബിഹാറിൽ. ഒറ്റയ്ക്ക് മത്സരിച്ചാൽ പോലും രണ്ടു ലക്ഷത്തിലേറെ വോട്ട് ലഭിക്കുന്ന ബാഗസ്വരയും ഈ കൂട്ടത്തിൽ പെടും. മോഡിക്ക് ഭീഷണി സൃഷ്ടിക്കാൻ തക്ക ശക്തിയുള്ള കനയ്യ കുമാറിനെ പോലൊരാളെ പിന്തുണയ്ക്കാൻ പോലും ആർ ജെ ഡി അടക്കമുള്ളവർ തയ്യാറായില്ല. രാഷ്ട്രീയത്തിൽ മുഖ്യ ശത്രുവിനെ എതിർക്കലിനേക്കാൾ പ്രധാനം കിട്ടുന്ന വോട്ടുകൾ സമാഹരിക്കൽ ആണ് എന്നതാണ് ഇത്തരം പാർട്ടികൾ ചിന്തിക്കുന്നത്. മഹാരാഷ്ട്ര യിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇടതുപക്ഷം നയിച്ച വിശാല കർഷക റാലികളാൽ ശ്രദ്ധേയമായ പ്രദേശമാണ് മഹാരാഷ്ട്ര എന്നോർക്കണം. കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ഭരണത്തിൽ ഉള്ള എൻ സി പി മഹാരാഷ്ട്രയിൽ അവരെ പാടേ അവഗണിച്ചു. ജാർഖണ്ഡിൽ ജാതിപ്പാർട്ടികൾക്കു പോലും സീറ്റ് ലഭിച്ചപ്പോൾ ഇടതുപാർട്ടികൾ മാറ്റി നിർത്തപ്പെട്ടു. തമിഴ്നാട്ടിൽ മുന്നണി സംവിധാനത്തിന്റെ ഭാഗം ആണെങ്കിലും ജയിക്കാവുന്ന സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ സിപിഎം -സിപിഐ മത്സരവും നടക്കുന്നുണ്ട്. ശേഷിക്കുന്ന പ്രതീക്ഷകൾ കേരളവും ബംഗാളുമാണ്. വലിയ റാലികൾ നടത്തി ജനങ്ങളെ അണിനിരത്താൻ സാധിക്കുന്നുണ്ടെങ്കിലും അവയെ വോട്ടാക്കി മാറ്റാൻ ബംഗാളിൽ നിലവിൽ സാധിക്കുന്നില്ല. കേരളത്തിൽ എത്ര സീറ്റുകൾ എന്നതാവും ഇടതിന്റെ പാർലമെന്റിലെ അംഗസംഖ്യ നിർണയിക്കുക. തിരഞ്ഞെടുപ്പ്അനന്തര ബന്ധങ്ങളും ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ബിജെപി ഇതര ഭരണകൂടത്തെ അധികാരത്തിലേറ്റാൻ അവർക്ക് കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടി വരും. ആർ എസ് പി യെയും ഫോർവേഡ് ബ്ലോക്കിനെയും സംബന്ധിച്ചിടത്തോളം ഇത് പ്രശ്നമുള്ള കാര്യമല്ലെങ്കിലും സിപിഎം നെയും സിപിഐ യെയും ഇത് ധർമ്മസങ്കടത്തിൽ ആക്കും. കോൺഗ്രസ് ഇതര മതേതര മുന്നണികളുടെ കൂട്ടായ്മ എത്ര മാത്രം സാധ്യമാകുമെന്നും പറയാൻ ആവില്ല. നിലവിലെ ഇന്ത്യൻ രാഷ്ട്രീയം പാർലമെന്റിൽ ശക്തമായ ഇടതുപക്ഷത്തെ ആവശ്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ഇതര രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ താല്പര്യം കുറവാണെന്നാണ് നടപ്പുകാഴ്ചകൾ വ്യക്തമാക്കുന്നത്.