CINEMA

കറുത്തവന്റേതല്ലാത്ത കൃഷ്ണഗാഥkammati

റ്റാലിയൻ എഴുത്തുകാരൻ മസ്സിമോ കർലറ്റോയുടെ കഥയിൽ ശ്രീരാം രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ സിനിമയാണ് ബദ്ലാപൂർ. വരുൺ ധവാനും നവാസുദ്ദീൻ സിദ്ദിഖിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ സിനിമ തെരുവിൽ ഗുണ്ടകളായി ജീവിക്കേണ്ടി വരുന്നവരെക്കുറിച്ചുളള സിനിമയാണ്. ഒരു ബാങ്ക് കൊളളയും തുടർന്നുണ്ടാകുന്ന കൊലപാതകവും കൊലപാതകികളോട് നായകകഥാപാത്രത്തിന് തോന്നുന്ന പ്രതികാരവും ഒക്കെ ചേർന്ന പതിവു ക്രൈം സിനിമകളുടെ ഫോർമുല തന്നെയാണ് ഈ സിനിമയും പറഞ്ഞുപോകുന്നതെങ്കിലും, സിനിമ സംസാരിക്കുന്ന രീതി വ്യത്യസ്തമാണ് എന്നതാണ് ഈ സിനിമയെ പതിവുസിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിക്കുന്ന ഗുണ്ടയായ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ നായകന്റെ ജീവിതം പറയുകയാണ് സിനിമ ചെയ്യുന്നത്. ക്യാമറയുടെ ഫോക്കസ് നായകനിലല്ല, മറിച്ച് വില്ലനിലാണ് എന്നതാണ് ഈ സിനിമയെ വിത്യസ്തമാക്കുന്നത്. നായകൻ എപ്പോഴും ജയിക്കാനുളളവനും രക്ഷകനും വില്ലൻ എപ്പോഴും തോത്ക്കാനുളളവനുമാണെന്ന പതിവുബോധത്തെ മറിച്ചിടാനും മറികടക്കാനും കഴിഞ്ഞു എന്നതാവണം ബദ്ലാപൂരിന്റെ വിജയം. വില്ലൻ വില്ലനായിരിക്കുമ്പോൾ തന്നെ അയാൾ നായകനും സിനിമയിൽ മേൽക്കൈ നേടുന്നവനും ആയി മാറുന്നു.

കൃഷ്ണനിർമ്മിതിയുടെ, നൂറ്റാണ്ടുകളായി അടിയുറച്ചു പോന്ന രക്ഷകസങ്കല്പത്തിന്റെ തീർത്തും യാഥാസ്ഥിതികമായ ആവിഷ്കാരം മാത്രമാണ് കമ്മട്ടിപ്പാടം.

പി. ബാലചന്ദ്രന്റെ തിരക്കഥയിൽ രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടം എന്ന സിനിമ വെറും നായകസിനിമയായി മാറുന്നത് അവിടെയാണ്. ബദ്ലാപൂരിൽ ശ്രീരാം രാഘവിന് കഴിഞ്ഞ സിനിമയുടെ ദ്വന്ദ്വബോധത്തെ മറിച്ചിടാൻ കഴിയാതെ പോകുന്നു എന്നതാണ് കമ്മട്ടിപ്പാടത്തിന്റെ ദുരന്തം. ഗുണ്ടകളായ സുഹൃത്തുക്കളുടെ കൊലപാതകത്തിന് പകരം ചോദിക്കാനെത്തുന്ന നായകൻ, ഗുണ്ടകൾക്കൊപ്പം ചേർന്ന് ഗുണ്ടയായി പോയവനും ഇവരുടെ രക്ഷകനും കൂട്ടുകാർക്കു വേണ്ടി കൊല നടത്തി ജയിലിൽപോയവനും നല്ല വസ്ത്രം ധരിക്കുന്നവനും വെളുത്തവനും നായികയെ പ്രണയിക്കുന്നവനും, ഒടുവിൽ കൂട്ടുകാരുടെ കൊലപാതകിയെ തേടിയിറങ്ങി അയാളെ ഒറ്റചവിട്ടിനു കൊല്ലുന്നവനുമാണ്. കുത്തുകൊണ്ടിട്ടും അയാൾ മരിക്കുന്നില്ല. കത്തി വലിച്ചൂരി, വയറിൽ ബാൻഡേജുമിട്ട് കൂട്ടുകാരുടെ കൊലപാതകിയെ തേടിയിറങ്ങിയ അയാൾ നായകനിൽ നിന്നും അതിനായകനായി വളരുന്നതിലാണ് സിനിമ അവസാനിക്കുന്നത്.

rajeev

ഒരു താരതമ്യപഠനത്തിനു വേണ്ടി സുദേവൻ സംവിധാനം ചെയ്ത ക്രൈം നമ്പർ 89 എന്ന സിനിമയെ പറ്റി കൂടി പരാമർശിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഒരേ സമയം വേട്ടക്കാരന്റെയും ഇരയുടെയും ഭാഗത്തുനിന്ന് സംസാരിക്കുന്നുണ്ട് ആ സിനിമ. ആയുധം കടത്തുന്നവരും ആരെയോ പേടിക്കുന്നുണ്ട്. അവരുടെ മുന്നിൽ ഇരയാക്കപ്പെടുന്നയാളും അയാൾക്കു മാത്രം വേണ്ടിയല്ല,പ്രതിരോധം ഏറ്റെടുക്കുന്നത്. വിവാഹം ക്ഷണിക്കാൻ പോകുന്ന ചെറുപ്പക്കാരന്റെ ആശങ്ക തന്റെ വിവാഹത്തെക്കുറിച്ചും കടം വേടിച്ച വാഹനത്തെക്കുറിച്ചും മാത്രമാണ്. മുടിയെങ്ങിനെയാണ് ഈ സൈ്റ്റലിലാക്കിയത് എന്ന് ചോദിക്കുന്ന പയ്യൻ പോലും അയാളെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്.

നഗരങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ടു പോയവരുടെ പാർശ്വവത്കരിക്കപ്പെട്ടു പോയവരുടെ കഥ പറയുന്നു എന്നവകാശപ്പെടുമ്പോഴും, സമൂഹം നിർമ്മിച്ചെടുത്ത മേൽജാതി ബോധത്തെ മറികടക്കാനോ നായകസങ്കൽപത്തെ അട്ടിമറിക്കാനോ കമ്മട്ടിപ്പാടത്തിന് കഴിഞ്ഞിട്ടില്ല. ഗംഗയുടെയും ബാലന്റെയും ജീവിതം നായകനായ കൃഷ്ണന്റെ ഓർമ്മകളിൽ മാത്രമാണ്. കൂട്ടുകാരായ ഇവർക്കു വേണ്ടി പ്രതികാരത്തിനിറങ്ങുമ്പോഴും ഇവരിൽ നിന്നെല്ലാം വിഭിന്നമായ ഒരസ്തിത്വവും ജീവിതപശ്ചാത്തലവും നായകന് കൊടുക്കാൻ സംവിധായകൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ട്. കറുത്തവരുടെയും ഗോത്രവർഗക്കാരുടെയും രക്ഷകനും അമ്പാടിയിലെ ഗോപികമാരുടെ ഇഷ്ടക്കാരനും ജന്മം കൊണ്ട് ഉന്നതകുലജാതനും ആയി ചിത്രീകരിക്കപ്പെട്ട പൂരാണത്തിലെ കൃഷ്ണന്റെ അസ്തിത്വം അതേ പേരുൾപ്പെടെ എത്ര വിദഗ്ദമായാണ് രാജീവ് രവി ഈ സിനിമയിൽ ഒളിച്ചുകടത്തുന്നത്.

കാലികളെ മേക്കുന്ന കുലത്തൊഴിൽ ചെയ്യുന്നുണ്ടെങ്കിലും അയാൾ അതു ചെയ്യേണ്ടവനായിരുന്നില്ല എന്ന് തോന്നിക്കുന്ന കൃഷ്ണനിർമ്മിതിയുടെ, നൂറ്റാണ്ടുകളായി അടിയുറച്ചു പോന്ന രക്ഷകസങ്കല്പത്തിന്റെ തീർത്തും യാഥാസ്ഥിതികമായ ആവിഷ്കാരം മാത്രമാണ് കമ്മട്ടിപ്പാടം. നായകപ്രഘോഷണത്തിന്റെ, ഉപരിവത്കൃതമാക്കപ്പെടുന്ന വെറും കാഴ്ചകളായി ഒതുങ്ങിപ്പോകുന്നു, ഈ സിനിമയും കഥാപാത്രങ്ങളും അവരുടെ ജീവിതവും.

Comments
Print Friendly, PDF & Email

About the author

പി. എസ്. രാംദാസ്

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.