പൂമുഖം OPINION പുത്തൻ പ്രതീക്ഷകൾ – എന്തുകൊണ്ട്?

പുത്തൻ പ്രതീക്ഷകൾ – എന്തുകൊണ്ട്?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ശുഭചിന്തകളോടെയും ഹൃദ്യമായ ഉപചാരങ്ങളോടെയും പുതിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്ഥാനമേറ്റുകഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ജനങ്ങളുടെ പ്രതീക്ഷകളുടെ ഒരു വലിയ കൂമ്പാരം തന്നെയുണ്ട്. ഒപ്പംതന്നെ കാലിയായ ഖജനാവും ദിശാഹീനമായ ബ്യൂറോക്രസിയും ഉയർത്തുന്ന വെല്ലുവിളികൾ വേറേയും. അങ്ങനെയൊക്കെ ഇരിക്കിലും പിണറായിയെ പോലെ ധിഷണാശാലിയായ ഒരു നേതാവിനും അതേപോലെ ശ്രീ തോമസ് ഐസക്കിനെ പോലെ കർമ്മശീലരായ സഹായികൾക്കും വായിക്കാൻ പാകത്തിന് ഒരു വിശാലഗ്രന്ഥം തന്നെ തുറന്നിട്ടിട്ടാണ് മുൻസർക്കാർ സ്ഥാനമൊഴിയുന്നത്.

പശ്ചാത്തലം:
അഞ്ച് വർഷക്കാലത്തെ യു.ഡി.എഫ്.ഭരണം ആ മുന്നണിയിൽ പെട്ട പാർട്ടികളെ പോലും പലപ്പോഴും മടുപ്പിച്ചു എന്നത് ഒരു പച്ചയാഥാർത്ഥ്യം. എങ്ങനെ ഭരിക്കണം എന്നതിന് പകരം എങ്ങനെ ഭരിക്കരുത് എന്നതിന്‍റെ ഏറ്റവും നല്ല മാതൃകയായി അത് കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങളുടെ മനസ്സിൽ മായാതെ ഉണ്ടാകും. “തെളിവില്ല” എന്ന മുടന്തൻ ന്യായം പറഞ്ഞ് തെളിവ് തേടേണ്ടവർ തന്നെ ഇടതടവില്ലാതെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മേലേ ഇട്ട മൂടുപടത്തിന്‍റെ നേർമ്മ അവരെ മാത്രം അതിശയിപ്പിച്ചില്ല. ജനം മൂക്കത്ത് വെച്ച വിരൽ അവിടെത്തന്നെ ഉറച്ചുപോയപ്പോഴാണ് അടുത്ത തെരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങിയത്.

ഇടതുപക്ഷം വ്യവസ്ഥാപിതമാർഗ്ഗങ്ങളിലൂടെയുള്ള പ്രചരണം ആരംഭിക്കും മുൻപേതന്നെ ഫെയ്സ്ബുക്കടങ്ങുന്ന സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന മലയാളിസമൂഹം ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ ഇടതുപക്ഷത്തേക്ക്  ചേർത്ത് നിർത്തി കഴിഞ്ഞിരുന്നു.

പ്രതിപക്ഷ നിരകളിൽ ഇരുന്നിരുന്ന വിപ്ലവപ്രസ്ഥാനങ്ങളുടെ വീരനായകരിൽ പലരും കെട്ടിയാടിയ വേഷങ്ങൾ, ജനസാമാന്യത്തിന്‍റെ, ഭാവന വേണ്ട, പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്നതും വസ്തുത മാത്രം .തീർത്തും അസംഘടിതരായ ജനം അവരിൽ തന്നെയുള്ള ഏതാനും സാമൂഹ്യപ്രവർത്തകരുടെ ആഹ്വാനം കേട്ട് അഴിമതിക്കെതിരെ രാഷ്ട്രതലസ്ഥാനത്ത് പ്രദർശിപ്പിച്ച ആർജ്ജവവും  ദൃഢനിശ്ചയവും നമ്മുടെ ഇടയിലെ സംഘടിതവിപ്ലവ പ്രസ്ഥാനങ്ങൾക്ക് മൂന്നുനാൾ പോലും  പ്രകടിപ്പിക്കാനായില്ലെന്ന വസ്തുത കേരളജനത ഏറെ കുണ്ഠിതത്തോടെയാണ് നോക്കിനിന്നത്.

സ്കൂപ്പുകൾക്ക് വേണ്ടി പരസ്പരം പോരാടുന്ന മാദ്ധ്യമങ്ങൾ അഴിമതിയും മൂല്യ രാഹിത്യവും നീണ്ടുനിൽക്കുന്ന ചർച്ചകൾ ആക്കാൻ പോലും മടിച്ചു.അതിന് പകരം സ്കൂപ്പുകൾ വിളമ്പിയതിന് തൊട്ടുപിന്നാലെ പലപ്പോഴും എച്ചിൽ കൂനയിലേക്ക് അവ വലിച്ചെറിയുന്നതാണ് ജനം കണ്ടത്. റിപ്പോർട്ടർ ചാനൽ പോലെ ചുരുക്കം ചില മാധ്യമങ്ങൾ ഒഴികെ ആരും അവയെ ഗൌരവമായി എടുക്കാതിരുന്നതായി കണ്ട ജനം മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെയും സംശയത്തിന്‍റെ നിഴലിൽ നിർത്തി. എന്നാൽ സാമൂഹ്യമാധ്യമങ്ങൾ അവയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ലോകത്തിന്‍റെ പല കോണുകളിലും ഉള്ള മലയാളികളുടേതായ പോസ്റ്റുകളും കമന്‍റുകളും നിരന്തരമായി വിഷയങ്ങളെ ജീവിപ്പിച്ച് നിർത്തിയതായിരുന്നു സവിശേഷമായ വസ്തുത.

അങ്ങനെ ഇടതുപക്ഷം വ്യവസ്ഥാപിതമാർഗ്ഗങ്ങളിലൂടെയുള്ള പ്രചരണം ആരംഭിക്കും മുൻപേതന്നെ ഫെയ്സ്ബുക്കടങ്ങുന്ന സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന മലയാളിസമൂഹം ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ ഇടതുപക്ഷത്തേക്ക്  ചേർത്ത് നിർത്തി കഴിഞ്ഞിരുന്നു. അപ്രകാരം ഇടതുപക്ഷപാർട്ടികൾ ആലോചിക്കുന്നതിന്ന് മുൻപ് തന്നെ അവർക്ക് വേണ്ടി പാളയം തയ്യാറാക്കിയ പരശതം അനുഭാവികൾ അടങ്ങുന്ന മലയാളിസമൂഹം വഹിച്ച ബൃഹത്തായ പങ്കിന്‍റെ കൂടി പശ്ചാത്തലത്തിൽ നിന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെയും ജനത്തിന്‍റെ തുടർന്നുള്ള പ്രതീക്ഷകളെയും നാം വിശകലനം ചെയ്യേണ്ടത്.

Comments

You may also like