പൂമുഖം EDITORIAL ജി.എസ്. ടി ഉയർത്തുന്ന ആശങ്കകൾ

ജൂലായ് ഒന്നുമുതല്‍ നിലവില്‍വന്ന നികുതി സമ്പ്രദായത്തെ പാടെ മാറ്റിമറിക്കുന്ന ചരക്ക്-സേവന നികുതി (ജി.എസ്.ടി.) ഉയരുത്തുന്ന പ്രശ്നങ്ങളെപ്പറ്റി: ജി.എസ്. ടി ഉയർത്തുന്ന ആശങ്കകൾ

ജി.എസ്.ടി സംവിധാനത്തിൽ ഉത്പന്നവിലക്കും സേവനക്കൂലിക്കും എന്തു സംഭവിക്കും എന്നതിനൊപ്പം നമ്മെ ആശങ്കപ്പെടുത്തേണ്ടത്, ജി.എസ്.ടി.യുടെ പ്രവർത്തനം ഒരു സ്വകാര്യ ഏജൻസിക്കു കീഴിലാണ് എന്ന വസ്തുതയാണ്. ജി.എസ്.ടി.എൻ. (Goods and Service Tax Network)  എന്ന ഒരു സ്വകാര്യകമ്പനിയാണ് രാജ്യത്തെ നികുതി ഇടപാടുകളെ ഇനി മുതൽ നിയന്ത്രിക്കുക. സാങ്കേതികമായി ജിഎസ്ടിഎൻ വെറും ടെക്നിക്കൽ സപ്പോർട്ട് മാത്രമാണ് നൽകുന്നത് എന്ന് വാദിക്കാമെങ്കിലും, രാജ്യത്തെ നികുതിദായകരുടെ വിവരങ്ങളും വിശദാംശങ്ങളും ഇനി മുതൽ ഈ സ്വകാര്യകമ്പനിയാണ് സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. രാജ്യത്തെ നികുതി ദായകരുടെ വിവരങ്ങൾ ഈ കമ്പനിയിൽ എത്രമാത്രം സുരക്ഷിതമാണ് എന്നതിനെ സംബന്ധിച്ച് സർക്കാരിന് തന്നെ ഒരു ഉറപ്പുമില്ല.
സ്വകാര്യകമ്പനി എന്നു പറയുമ്പോൾ കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ ഇതിൽ യാതൊരു പങ്കാളിത്തവുമില്ലെന്ന് ധരിക്കരുത്. കേന്ദ്രസർക്കാരിന് 24.5 ശതമാനം മാത്രമാണ് ഈ കമ്പനിയിലെ ഓഹരിപങ്കാളിത്തം. 24.5 ശതമാനം സംസ്ഥാനസർക്കാരുകൾക്കും പ്രാതിനിധ്യമുണ്ട്. ബാക്കി വരുന്ന 51 ശതമാനം  സ്വകാര്യഓഹരികളാണ്. എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ സ്വകാര്യ ബാങ്കുകളും എൽഐസി, എൻഎസ്സി സ്ട്രാറ്റജിക് കോർപ്പറേഷൻ എന്നിവയുമാണ് നിലവിലെ ഓഹരിയുടമകൾ. പത്തു കോടി രൂപയാണ് കമ്പനിയുടെ പ്രവർത്തന മൂലധനം. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്ര‐സംസ്ഥാന സർക്കാരുകൾക്ക് കേവലം 49 ശതമാനം മാത്രം പ്രാതിനിധ്യമുളള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ജിഎസ്ടിഎൻ.
ഒരു ഫെഡറൽ നികുതിഘടനയെ പുതുക്കി, കരം പിരിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം കൊണ്ടു വരുമ്പോൾ അവിടെ ഒരു സ്വകാര്യ കമ്പനിക്ക് എന്താണ് കാര്യം എന്നു ചോദിക്കരുത്, നിങ്ങൾ രാജ്യദ്രോഹിയായിപ്പോകും. അനുസരിക്കുക, വിധേയപ്പെടുക എന്നതത്രേ രാജ്യധർമ്മം.
രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരം എന്ന് സർക്കാർ തന്നെ ഉദ്ഘോഷിക്കുന്ന ഈ പദ്ധതി ഒരർത്ഥത്തിൽ നികുതിസമ്പ്രദായത്തെ സ്വകാര്യവത്കരിക്കുകയാണ് ചെയ്യുന്നത്. നികുതി പിരിവിൻമേലുളള സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശങ്ങൾ എടുത്തു കളയുകയും അവയെ കേന്ദ്രീകൃതമാക്കുകയും ചെയ്യുന്നതോടെ പ്രാദേശിക ആവശ്യങ്ങളനുസരിച്ച് നികുതി ഘടനയിൽ തീരുമാനമെടുക്കാനും നടപ്പിൽ വരുത്താനും സംസ്ഥാനങ്ങൾക്ക് കഴിയാതെ പോകും. ഇന്ത്യാമഹാരാജ്യം ഏകരൂപമല്ല എന്നതു കൊണ്ടു തന്നെ വിപണിയും ഏകരൂപത്തിലുളളതല്ല. ഉദാഹരണത്തിന് കേരളീയരുടെ ഇഷ്ടാഹാരമാണ് അരി. അതേസമയം, ഉത്തരേന്ത്യക്കാരന് പ്രധാനം അരിയേക്കാൾ ഗോതമ്പിനാണ്. അരിയുടെ വില്പന നികുതിയിലുണ്ടാകുന്ന നേരിയ വർധന പോലും രണ്ടു ഭൂഭാഗങ്ങളേയും രണ്ടു തരത്തിലാകും ബാധിക്കുക. നേരത്തെ നികുതി ബ്രാക്കറ്റിനു പുറത്തായിരുന്ന ധാന്യങ്ങൾ കൂടി ജിഎസ്ടി സംവിധാനത്തിൽ നികുതി പരിധിയിൽ വരുമെന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്. ഏതാനും ചില ഉത്പന്നങ്ങൾക്ക് തുടക്കത്തിൽ വില കുറഞ്ഞാലും, വിദൂരഭാവിയിൽ അത് തിരിച്ചാകും സംഭവിക്കുക. ഇപ്പോൾ മാർക്കറ്റിലുളള എല്ലാ പ്രോഡക്ടുകളും ജിഎസ്ടി സംവിധാനം നിലവിൽ വരുന്നതിനു മുൻപ് ഉത്പാദിപ്പിക്കപ്പെട്ടവയാണ്. ജിഎസ്ടിയിൽ ചില ഉത്പന്നങ്ങൾക്ക് നികുതി കുറയുന്നതോടെ തതുല്യമായ വിലക്കിഴിവ് ഉത്പന്ന വിലയിലും വരാം. എന്നാൽ എല്ലാ മേഖലകളും ജിഎസ്ടിയിലേക്ക് കടക്കുന്നതോടെ ഈ വിലക്കിഴിവ് സംഭവിക്കാൻ സാധ്യത കുറവാണ്. ഉത്പാദകന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതിയെ ആശ്രയിച്ചിരിക്കും, ഇതിന്റെ റിസൾട്ട്. വ്യക്തമായി പറഞ്ഞാൽ, അസംസ്കൃത സാധനങ്ങൾക്ക് നികുതി കൂടുതലാണെങ്കിൽ, ഉത്പന്നത്തിന്റെ നികുതി കുറഞ്ഞിട്ടും കാര്യമുണ്ടാകില്ല എന്നർത്ഥം.
നിലവിൽ സർക്കാരിലേക്ക് ലഭ്യമാകുന്ന നികുതി പല അക്കൗണ്ടുകളിലായി പാർക്ക് ചെയ്യപ്പെടുകയാണ്. അത് മാറി, എല്ലാം ഒരൊറ്റ ഏജൻസിക്കു കീഴിൽ വരുന്നതോടെ നികുതിപ്പണത്തിൻമേലുളള ക്രയവിക്രയാവകാശം ഈ ഏജൻസിക്കു മാത്രം സ്വന്തമാകും. നികുതി ഘടനയെ സംബന്ധിച്ച് തീരുമാനമെടുക്കാനുളള പൂർണാധികാരം ജിഎസ്ടി കൗൺസിലിനാകും എന്ന് പറയുന്നുണ്ടെങ്കിലും, സ്വകാര്യതാത്പര്യങ്ങൾ അവിടെയും പ്രതിഫലിക്കാം. ഫലത്തിൽ ജിഎസ്ടി കൗൺസിലിന് വിധേയമായി തീർത്തും സ്വകാര്യ താത്പര്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംവിധാനം മാത്രമായി ജിഎസ്ടിഎൻ മാറുന്നതോടെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത വിധം ഒന്നായി രാജ്യത്തെ നികുതിഘടന മാറും. കൗൺസിൽ ലിസ്റ്റ് ചെയ്ത 1211 സാധനങ്ങളിൽ 81 ശതമാനത്തിനും 18 ശതമാനം വരെയും ബാക്കിയുളളവക്ക് 28 ശതമാനവുമാണ് നികുതി. നികുതി ഘടന പരിഷ്കരിച്ച് ഒരു സമഗ്രസംവിധാനം കൊണ്ടു വരുമ്പോൾ അതിന്റെ ഫലം സാധാരണക്കാരന് ലഭിക്കണമെങ്കിൽ ഏറ്റവും ഉയർന്ന നികുതി 10 ശതമാനത്തിൽ താഴെയായി നിർത്തണമായിരുന്നു. അതുണ്ടായില്ല എന്നതു കൊണ്ട് തന്നെ കൊട്ടിഘോഷിക്കപ്പെടുന്ന വിലക്കുറവ് നാമമാത്രവും ദീർഘകാലത്തേക്ക് നിലനിൽക്കാത്തതുമാകും. നിത്യോപയോഗ സാധനങ്ങളായ പഞ്ചസാര, ചായ, കാപ്പി, എണ്ണ എന്നിവക്ക് 5 ശതമാനം നികുതി വരുന്നതോടെ കേരളീയന്റെ നിത്യബജറ്റ് കൂടും. ഇവ അസംസ്കൃത സാധനങ്ങളായ എല്ലാ വിപണികളെയും ഈ മൂല്യവർധന ബാധിക്കാം. മനസിലാക്കേണ്ട ഒരു കാര്യം, വിപണി  കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സംവിധാനമാണ് എന്നതാണ്, ആഡംബരഹോട്ടലിൽ നികുതി കൂട്ടിയാൽ ഒരു കമ്പനി മുതലാളി ഹോട്ടലിൽ താമസിക്കുന്നത് ഒഴിവാക്കുമെന്നു പ്രതീക്ഷിക്കരുതെന്നും, മറിച്ച് ആ തുക കൂടി അയാൾ പുറത്തിറക്കുന്ന ഉത്പന്ന വിലയിൽ കൂട്ടുകയേ ഉളളൂവെന്നുമാണ്.
രാജ്യത്തിന്റെ ഫെഡറൽ താത്പര്യങ്ങൾക്കു വിരുദ്ധമാണ്, എന്നതിനപ്പുറം സ്വകാര്യമൂലധന ശക്തികൾക്ക് രാജ്യത്തിന്റെ നികുതിപ്പണം കയ്യാളാൻ അവസരമൊരുക്കുന്നു എന്നതു കൂടിയാണ് ജിഎസ്ടി സംവിധാനത്തിന്റെ അപകടം.  ഏതു വസ്തുക്കൾക്ക് എത്ര കണ്ട് നികുതി ചുമത്താം എന്നത് ഏതാനും ചില ആളുകൾ തീരുമാനിക്കുന്ന സ്ഥിതി വരുന്നതോടെ വിപണിയുടെ പൂർണനിയന്ത്രണം ചുരുക്കം ചിലരിലേക്കു ചുരുങ്ങും. പരിഷ്കരിച്ച നികുതിഘടനയിൽ അസംസ്കൃത‐ നിത്യോപയോഗ സാധനങ്ങളുടെ നികുതി കൂടുന്നതോടെ സാധാരണക്കാരന്റെ കുടുംബബജറ്റിനും ജിഎസ്ടി ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല
Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like