പൂമുഖം LITERATUREലേഖനം ആനന്ദ് പട് വർദ്ധൻ: സിനിമ രാഷ്ട്രീയപ്രതിരോധമാവുമ്പോൾ

ആനന്ദ് പട് വർദ്ധൻ: സിനിമ രാഷ്ട്രീയപ്രതിരോധമാവുമ്പോൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മ്മൾ പടവുകൾ കയറിക്കൊണ്ടിരിക്കുന്നതിനിടയിൽ സമുദ്രങ്ങളെപ്പറ്റി പറയരുത്, ചർച്ച ചെയ്യരുത്, അഭിപ്രായം ചോദിക്കരുത്. നിങ്ങൾ തന്നെ നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് സത്യത്തിന്‍റെ, ഒരേ ദിശയുടെ ലക്ഷ്യത്തെ ഇല്ലാതാക്കരുത്. ഭൂമിയില്ലാത്തവരുടെ, താമസിക്കാൻ, ജീവിക്കാൻ ഭൂമി കൈക്കലാക്കാനുളള പ്രയാസങ്ങൾ പോലെയാണ് എന്‍റെ നൊസ്റ്റാൾജിക് അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നത്. സിവിലൈസ് ചെയ്യപ്പെടാത്ത, വിഭാഗീകരണം ചെയ്യപ്പെടാത്ത ഒരു സമ്പ്രദായം സമൂഹത്തിൽ ഇനിയും ആവർത്തിക്കപ്പെടുന്നതു വരെ ഇത് തുടർന്നുകൊണ്ടേയിരിക്കും. ” :‐ പൗലോ പസോളിനിയെന്ന അരാജകവാദിയായി ജീവിച്ച പ്രശസ്ത ഇറ്റാലിയൻ ചലച്ചിത്രകാരൻ തെരുവിൽ കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഫ്യൂറിയോ കൊളംബോ എന്ന ഫിലിം ജേർണലിസ്റ്റിനനുവദിച്ച അഭിമുഖത്തിലെ പരാമർശമാണിത്. അത്യന്താപേക്ഷിതമായ സാമൂഹികനിലകളുടെ നിൽക്കക്കളളിയില്ലായ്മയിൽ നിന്നാണ് അധികാരം ഉണ്ടായി വരുന്നതെന്നും, അങ്ങനെയൊന്നിനെ നിരസിക്കുകയോ എതിർക്കുകയോ ചെയ്ത തനിക്കു പോലും അധികാരത്തോട് ചർച്ച ചെയ്തൂം പോരാടിയും നിൽക്കേണ്ടി വരുന്നുവെന്ന ആശങ്ക കൂടി പസോളിനി അതേ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

patwa

ഇന്ത്യയിലെ ദളിത് സാമൂഹ്യാവസ്ഥയെയും അതിക്രമങ്ങളെയും പറ്റിയുള്ള ചർച്ചകൾ തുടർച്ചയില്ലാത്ത യാഥാർത്ഥ്യങ്ങളായി മാറുന്നതിലെ ഒരു പ്രധാന കാരണം, ഈ അധികാരഘടനയുടെ സാന്നിധ്യവും സ്വാധീനവുമാണ്. അധികാരഘടനയെ നിഷേധിക്കുന്നവർക്കു കൂടി അതിന്‍റെ സാന്നിധ്യം നിഷേധിക്കാനാകാതെ വരികയും, അതിനോട്  സമരസപ്പെട്ടോ അതുമായി യുദ്ധം ചെയ്തോ ജീവിക്കേണ്ടി വരികയും ചെയ്യുന്നു  . അധികാരം നിർമ്മിക്കുന്ന കളളികൾക്കകത്താണ് വ്യക്തിയുടെ സാമൂഹ്യപദവിയും ഇടവും എന്നു വരുമ്പോൾ ആ കളളികൾക്കു പുറത്തു നിൽക്കുന്നവർ അധ:കൃതരാകുന്നു. അധികാരമെന്നത് ആ അർത്ഥത്തിലാണ് അധിനിവേശമാകുന്നത്.

1931 ൽ കൊളോണിയൽ ഇന്ത്യയിൽ നടന്ന ജാതിസെൻസസിന് ശേഷം, ദളിത് സാമൂഹ്യാവസ്ഥയുടെ കൃത്യമായ ചിത്രം സർക്കാർ ഏജൻസികൾ ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനർത്ഥം, അത്തരമൊരു കണക്ക് പുറത്തുവിടുന്നത് നിലവിലെ അധികാരഘടനയുടെ നട്ടെല്ലിന് പ്രഹരമേൽപ്പിക്കാൻ പര്യാപ്തമാണ് എന്നതാണ്. ജാതീയമായ വേർതിരിവുകൾ കുറയുകയും അതിർവരമ്പുകൾ മാഞ്ഞുപോവുകയും ചെയ്യുന്നതിന് പകരം, ഇന്ത്യൻസമൂഹം കൂടുതൽ ബ്രാഹ്മണിക്കലാവുകയും അത്തരം ബിംബസാധ്യതകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തത്. ഹൈന്ദവത എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ബ്രാഹ്മണിക്കൽ ഐഡിയോളജിക്ക് ദളിത്ബിംബങ്ങളുമായോ മൂല്യങ്ങളുമായോ യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല, അധികാരഘടനക്കകത്ത് കൃത്യമായ വേർതിരിവു കൂടി പുലർത്തിക്കൊണ്ടാണ് അവ ഭരണകൂടസിദ്ധാന്തങ്ങളായി മാറുന്നത്. പണിയെടുക്കുന്നവന്‍റെ ആഹാരമായ പശുവിറച്ചി, ഇന്ത്യയിൽ നിരോധിക്കപ്പെടേണ്ട ഭക്ഷണമായി മാറുന്നത് അങ്ങനെയാണ്. അക്കാദമികരംഗത്തെ ഉച്ചനീചത്വങ്ങളോടും ബ്രാഹ്മണിക്കൽ സാമൂഹ്യവ്യവസ്ഥിതിയോടും ഏറ്റുമുട്ടി നിരാശനായി, രോഹിത് വെമുലയെന്ന വിദ്യാർത്ഥി ജീവനൊടുക്കിയപ്പോൾ, അയാൾ ദളിതനല്ലെന്ന് ഒരു കേന്ദ്രമന്ത്രി ആവർത്തിച്ച് പുലമ്പിയതും ഇതേ കാരണം കൊണ്ടാണ്. പസോളിനി ചൂണ്ടിക്കാട്ടിയ ‘അത്യന്താപേക്ഷിതമായ സാമൂഹികനിലകളുടെ നിൽക്കക്കളളിയില്ലായ്മയിൽ നിന്നും രൂപപ്പെട്ട’ അധികാരം, എങ്ങിനെ സമൂഹത്തെ കളം തിരിച്ചുനിർത്തുന്നുവെന്നതിന്‍റെ ദൃഷ്ടാന്തം കൂടിയാണത്. മുഖ്യധാരാമാധ്യമങ്ങളും ജനകീയസിനിമകളും ഉൾപ്പെടെ ഉളളവ ഇതേ അധികാരഘടനയെ പിൻപറ്റുകയും ലാളനകളും നേട്ടങ്ങളും അനുഭവിക്കുകയും ചെയ്ത ചരിത്രം കൂടി ഇതോടൊപ്പം ചേർത്തു വായിക്കേണ്ടി വരുന്നുണ്ട്.

amb

ആനന്ദ് പട്വര്‍ധന്‍റെ സിനിമകൾ പ്രസക്തമാകുന്നത് അവിടെയാണ്. ഓരോ അംബേദ്കർ ജയന്തിയും കടന്നു പോകുമ്പോൾ പട്വർധന്‍റെ ചിത്രങ്ങള്‍ കൂടുതൽ കാലിക പ്രസക്തവും രാഷ്ട്രീയ പ്രസക്തവുമാകുകയാണെന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്.

ഏതാനും വർഷങ്ങൾക്കു മുൻപ് തെഹൽക്കക്കു നൽകിയ ഒരഭിമുഖത്തിൽ ഇന്‍റലക്ച്വല്‍  ബ്രാഹ്മണിസത്തെപ്പറ്റിയുളള ഒരു ചോദ്യത്തിന് പട്വർധൻ നൽകിയ മറുപടി ശ്രദ്ധിക്കുക: ‘ You don’t have to be literally upper caste to practise it. All you have to do is accept the paradigm- with nuclear weapons as the epitome of scientific achievement , pesticide/fertiliser/genetically modified seeds/heavy irrigation as the epitome of agriculture and the share bazaar as the indicator of economic health. In the field of art and cinema also , this Brahmanism can be seen in the demand for more ‘artistic’ work as opposed to what is dismissively deemed as ‘agit-prop’ as if art and politics could ever be separated.’ ബ്രാഹ്മണിക്കൽ ഐഡിയോളജി എന്തെന്ന സംശയത്തിന് ഇതിനേക്കാൾ കൃത്യമായൊരു വിശദീകരണം സാധ്യമാകുമോ എന്നത് സംശയമാണ്. പട്വർധന്‍റെ നിലപാടും സമീപനവും നിരീക്ഷണവും കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതുകൊണ്ടാണ് ആ ഭാഗം അതേപടി പകർത്തിയത് (തെഹൽക,2007,ഒകേ്ടാബർ 13). ബ്രാഹ്മണിക്കൽ ഐഡിയോളജിയെ തുറന്നെതിർത്തുകൊണ്ട് പട്വർധൻ ഇങ്ങനെ സംസാരിച്ചത് ഏതാണ്ട് പത്തുവർഷങ്ങൾക്കു മുൻപാണെന്നു കൂടി ആലോചിക്കുമ്പോഴാണ്, ആ രാഷ്ട്രീയപ്രവചനത്തിലെ സത്യസന്ധത കൂടുതൽ ബോധ്യപ്പെടുക.

JaiBhimComrade1-copy

1997 ൽ മുംബയിലെ രമാഭായ് കോളനിയിൽ ദളിതർക്കു നേരെ നടന്ന പോലീസ് വെടിവയ്പിനെ അടിസ്ഥാനമാക്കി പട്വർധൻ സംവിധാനം ചെയ്ത ജയ് ഭീം കൊമ്രേഡ് എന്ന ഡോക്യുമെന്‍ററി  ഇന്ത്യയിൽ ദളിതർക്കു നേരെ നടക്കുന്ന പലതരം അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. 1997 ജൂലൈ 11 ന് മുംബൈയിൽ ദളിത് വിഭാഗക്കാർ താമസിക്കുന്ന രമാഭായ് അംബേദ്കർ കോളനിയിൽ നടന്ന പോലീസ് വെടിവയ്പിൽ 10 ദളിതർ കൊല്ലപ്പെട്ട സംഭവമാണ് ഡോക്യുമെന്‍ററിക്കാധാരം. കോളനിക്കു മുന്നിലുളള അംബേദ്കർ പ്രതിമയിൽ ഒരു ദിവസം ആരോ ചെരിപ്പുമാല തൂക്കിയിട്ടതു കണ്ട കോളനിവാസികൾ ഇതേപ്പറ്റി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് കോളനിവാസികൾ കോളനിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഈ പ്രതിഷേധറാലിക്കിടെ കുതിച്ചെത്തിയ പോലീസ് സംഘം പ്രതിഷേധക്കാർക്കു നേരെ വെടിവക്കുകയും വഴിപോക്കനുൾപ്പെടെ പത്തു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. സംഭവം വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചൂ. പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് തീവച്ചു.

ദളിത് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും സംഭവത്തിൽ മനം നൊന്തും ദളിത് സാമൂഹ്യപ്രവർത്തകനും കവിയും കലാകാരനുമായ വിലാസ് ഗോഖ്രെ ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തിന് പുതിയ മാനം കൈവന്നത്. ദളിത് ചിഹ്നമായ നീല തുണിയും തലയിൽ ചുറ്റിക്കെട്ടിയാണ് ഗോഖ്രെ ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തത് അംബേദ്കർ സ്റ്റുഡന്‍റ്സ്  യൂണിയന്‍റെ പതാകയിൽ തൂങ്ങിയായിരുന്നുവെന്നത് രണ്ട് സംഭവങ്ങളിലുമുളള സമാനത വർധിപ്പിക്കുന്നു. ഗോഖ്രെയെ പോലെ രോഹിത് വെമുലയും ദളിത് സംഘടന പ്രവർത്തകനും കവിയുമായിരുന്നു.

രമാഭായ് കൂട്ടക്കുരുതിയെ വെറുതെ പരാമർശിച്ചു പോവുകയല്ല പട്വർധൻ തന്‍റെ ഡോക്യുമെന്‍ററിയില്‍ ചെയ്യുന്നത്. നീണ്ട പതിനാലു വർഷങ്ങളെടുത്ത് ചിത്രീകരിച്ച മൂന്നു മണിക്കൂറിലധികം നീളുന്ന ഈ സിനിമ, ഇന്ത്യൻ സമൂഹം ദളിതരോട് കാലങ്ങളായി പുലർത്തിവരുന്ന അവഗണനയുടെയും തീണ്ടലിന്‍റെയും  സാമൂഹ്യവും രാഷ്ട്രീയവൂം സാമ്പത്തികവുമായ വശങ്ങൾ തുറന്നു കാട്ടുന്നു. വീട്ടുജോലിക്കാരും തോട്ടിപ്പണിക്കാരും ചവറു പെറുക്കുന്നവരും ഉൾപ്പെടുന്ന തിളങ്ങാത്ത ലോകത്തോടുളള ഉപരിവർഗത്തിന്‍റെ സമീപനവും മനോഭാവവും വിശകലനം ചെയ്യുന്നു. ദളിത് സാമൂഹ്യാവസ്ഥകളെ ചൂഷണം ചെയ്തും അവയെ രാഷ്ട്രീയമായി ഉപയോഗിച്ചും നേരത്തെ പറഞ്ഞ ബ്രാഹ്മണിക്കൽ ഐഡിയോളജി എങ്ങിനെയാണ് അധികാരകേന്ദ്രീകരണം നടത്തുന്നതെന്ന ഗവേഷണമാണ് ഡോക്യുമെന്‍റ റിയിലൂടെ പട്വർധൻ നടത്തുന്നത്. വികസനം എന്നത് എങ്ങനെ സമഗ്രവികസന മാവാതിരിക്കുന്നു എന്ന് സ്ഥാപിച്ച്, താന്‍ തന്നെ സൂചിപ്പിച്ച ‘ആണവായുധങ്ങളാണ് ശാസ്ത്രനേട്ടമെന്നും ഷെയർ മാർക്കറ്റാണ് സാമ്പത്തിക വികസനത്തിന്‍റെ സൂചകമെന്നും കരുതുന്ന’ മധ്യവർഗസമീപനത്തെ പട്വർധൻ ഈ ഡോക്യുമെന്‍ററിയിലൂടെ ചോദ്യം ചെയ്യുന്നു.

സംഗീതപ്രധാനമാണ് ഈ സിനിമ. പല സംഭവങ്ങളെയും പട്വർധൻ ‘കണക്ട്’ ചെയ്യുന്നത് സംഗീതത്തിന്‍റെ ‘ടൂൾ’ ഉപയോഗിച്ചാണ്. ഗോഖ്രെയുടെ കവിതകളും പാട്ടുകളും നാടോടിഗാനങ്ങളും ഉൾപ്പെടുത്തിയ ഈ ഡോക്യുമെന്‍ററിയിൽ സംഗീതം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. സംഗീതത്തിന്‍റെ സാധ്യതകളെ ഇത്ര മനോഹരമായി ഉപയോഗിച്ച ഡോക്യുമെന്‍ററി സിനിമകൾ കുറവാണ്. ദൃശ്യങ്ങളോളം പ്രാധാന്യം, ഈ സിനിമയിൽ സംഗീതത്തിനുമുണ്ട്.

ഇന്ത്യയിലെ ജാതിയതയുമായി ബന്ധപ്പെട്ട സംവാദം ചർച്ച ചെയ്യുമ്പോൾ 1936 ൽ അംബേദ്കർ എഴുതിയ Annihilation of Caste എന്ന ലേഖനം കൂടി പരാമർശിക്കപ്പെടേണ്ടതുണ്ട്. ലാഹോർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു പോന്ന ജാതീയതക്കെതിരായ ഒരു സംഘടനയുടെ വാർഷികയോഗത്തിൽ പ്രസംഗിക്കാനായി അംബേദ്കർ തയ്യാറാക്കിയതായിരുന്നു ആ ലേഖനം. എന്നാൽ, ലേഖനത്തിലെ പരാമർശങ്ങൾ ഹൈന്ദവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, ചില ഭാഗങ്ങൾ ഒഴിവാക്കാൻ സംഘടനാപ്രതിനിധികൾ തന്നെ അംബേദ്കറോട് അഭ്യർത്ഥിച്ചു. താനെഴുതിയ ലേഖനം ഒരു വരി പോലും മാറ്റാനാകില്ലെന്ന് അംബേദ്കർ നിലപാടെടുത്തതോടെ, പ്രശ്നം വിവാദമാവുകയും ഒടുവിൽ സമ്മേളനം തന്നെ റദ്ദാക്കേണ്ടി വരികയും ചെയ്തു. ഇന്ത്യയിൽ ജാതീയതക്കെതിരായി പ്രവർത്തിക്കുന്നു എന്ന് പറയുന്ന സംഘടനകൾ തന്നെ ഉളളിൽ സൂക്ഷിക്കുന്ന ഹൈന്ദവവിധേയത്വത്തിന്‍റെ നേർചിത്രമാണ് 1935 ൽ നടന്ന ആ സംഭവം. പിന്നീട് ആ ലേഖനം മുഴുവനായും അംബേദ്കർ സ്വന്തം ചെലവിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് മഹാത്മാഗാന്ധി ഹരിജനിൽ എഴുതുകയുണ്ടായി.

ഇന്ത്യൻസമൂഹത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം ജാതീയതയാണെന്നും മറ്റെല്ലാം അതിന്‍റെ ഉപോൽപ്പന്നങ്ങളാണെന്നും അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു.അതേസമയം, കേരളത്തിൽ ശ്രീനാരായണഗുരുവിന് സംഭവിച്ചതു പോലുളള ബിംബവത്കരണം അംബേദ്കറുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ദളിത് വിമോചനമെന്ന ലക്ഷ്യത്തെ അംബേദ്കറുടെ ബിംബവത്കരണത്തിൽ കുരുക്കിയിടാൻ പിന്നീട് രാഷ്ട്രീയാധികാരം കയ്യാളിയ പാർട്ടികൾക്ക് കഴിഞ്ഞതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ബ്രാഹ്മണിക്കൽ സമൂഹം മേൽക്കൈ നേടി. അതേ സമയം , ബ്രാഹ്മണിക്കൽ മേധാവിത്വമുളള രാഷ്ട്രീയ‐ജാതി സംഘടനകളെ മറികടന്ന് ദളിത് വിമോചനം സ്വപ്നം ഏറ്റെടുക്കുന്നവർ മുന്നോട്ടുവരിക തന്നെ ചെയ്യുമെന്ന യാഥാർത്ഥ്യം കൂടി സിനിമ പറയാൻ ശ്രമിക്കുന്നു. മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭമുൾപ്പെടെ രാജ്യത്ത് പലയിടത്തായി നടക്കുന്ന ദളിത് പ്രക്ഷോഭങ്ങൾ പട്വർധന്‍റെ പ്രവചനത്തെ സാധൂകരിക്കുന്നു. കബീർ കലാ മഞ്ച് എന്ന ഗായകസംഘത്തെപ്പറ്റി കൂടി ഡോക്യുമെന്‍ററി പരാമർശിക്കുന്നത് ഈ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ്.

2002 ൽ ഗുജറാത്ത് കലാപങ്ങളുടെ പശ്ചാത്തലത്തിൽ പൂനെയിൽ രൂപം കൊണ്ട ഗായകസംഘമാണ് കബീർ കലാ മഞ്ച്. ജാതീയതക്കെതിരായും ജനാധിപത്യഅവകാശങ്ങളെ അനുകൂലിച്ചും തെരുവുനാടകങ്ങളും കവിതകളും നാടൻപാട്ടുകളും അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചില വിദ്യാർത്ഥികളും ജനാധിപത്യ വാദികളുമാണ് കൂട്ടായ്മക്ക് തുടക്കമിട്ടത്. സാമൂഹ്യവേർതിരുവുകൾ, ചൂഷണം, കർഷക ആത്മഹത്യ, ഭ്രൂണഹത്യ, ദളിത് കൊലപാതകങ്ങൾ തുടങ്ങി വിവിധ സാമൂഹ്യവിഷയങ്ങളാണ് കബീർ കലാ മഞ്ച് പാട്ടുകളിലൂടെയും കവിതകളിലൂടെയും ഏറ്റുപിടിച്ചത്. എന്നാൽ, കൂട്ടായ്മയെ മാവോയിസ്റ്റ് അനുകൂലസംഘടനയായി പ്രഖ്യാപിച്ച് തകർത്തുകളയുകയാണ് മഹാരാഷ്ട്ര സർക്കാർ ചെയ്തത്. മാവോയിസ്റ്റ്‐നക്സൽ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഗായകസംഘത്തിലെ ശീതൾ സാഥെയെയും ഭർത്താവ് സച്ചിൻ മാലെയെയും പോലീസ് തുറുങ്കിലടക്കുമ്പോൾ ശീതൾ ഗർഭിണിയായിരുന്നു. കബീർ കലാ മഞ്ചിലെ ഗായകർക്കും അംഗങ്ങൾക്കും വേണ്ടി ഉയർന്ന ശക്തമായ മനുഷ്യാവകാശനിലപാടുകളിലൊന്ന് പട്വർധന്‍റെ തന്നെയായിരുന്നു. 2013 ൽ ‘Why is this woman still in Jail’ എന്ന ലേഖനത്തിൽ പട്വർധൻ ഇങ്ങനെ എഴുതി: ” Denying bail to somebody , who is eight months pregnant is inhuman. These people have not committed a violent crime. They are being victimized for what they think, or to put it more accurately, what the state assumes they think. By restricting people from singing songs, performing plays, or speaking against injustice , it is reducing the space for dissent a democracy naturally allows” .

അതിദേശീയതയുടെയും വർഗവെറിയുടെയും ആദ്യശത്രു എപ്പോഴും ചരിത്രമാണ്. അപനിർമ്മിതി നടത്തി ശത്രുവിനെ പ്രഖ്യാപിച്ച സ്ഥിതിക്ക്, ഇനി പിഴുതെറിയേണ്ടത് ഇവരെയാണെന്ന തിരിച്ചറിവാണ്, രാജ്യമെമ്പാടും ദളിതർക്കും മുസ്ലീങ്ങൾക്കും നേരെ സംഘ് പരിവാർ അഴിച്ചുവിടുന്ന ആക്രമണങ്ങൾ. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ പട് വർധൻ
സിനിമകൾ ഒരു രാഷ്ട്രീയ പ്രതിരോധം എന്ന നിലയിൽ തന്നെ വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.

Comments

You may also like