പൂമുഖം CINEMA ദാമോദരനിൽനിന്നുള്ള വർഗ്ഗരാഷ്ട്രീയത്തിന്റെ ദൂരമാണ്, രഞ്ജിത്തിന്റെ ഫ്യൂഡൽ പകർപ്പുകൾ

സിനിമയിലെ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ വ്യാപകമായി വന്ന വിമർശനങ്ങളുടെ തുടർച്ചയിൽ പ്രേംചന്ദ് എഴുതിയ ലേഖനത്തെ പരിഹസിച്ച രഞ്ജിത്തിന്റെ നിലപാടുകൾക്കൊരു മറുപടി: ദാമോദരനിൽനിന്നുള്ള വർഗ്ഗരാഷ്ട്രീയത്തിന്റെ ദൂരമാണ്, രഞ്ജിത്തിന്റെ ഫ്യൂഡൽ പകർപ്പുകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രർത്ഥത്തിൽ ടി.ദാമോദരനെതിരെ രഞ്ജിത് ഉയർത്തിയ വിമർശനത്തിൽ കഴമ്പുണ്ട്. അതിനയാൾ ഉപയോഗിച്ച ഭാഷയും ശൈലിയുമാണ് അശ്ലീലം. തിരശീലയിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ തന്റെ തന്നെ ഫൃൂഡൽ പകർപ്പുകളാണെന്ന് ആവർത്തിച്ചുറപ്പിക്കുന്നുണ്ട് രഞ്ജിതിന്റെ ഭാഷ.

സ്ത്രീവിരുദ്ധ പരാമർശമുളള സിനിമകളിൽ ഇനി മുതൽ താൻ അഭിനയിക്കുകയില്ലെന്ന നടൻ പൃഥ്വിരാജിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു കൊണ്ട് എഴുത്തുകാരനും പത്രപ്രവർത്തകനുമായ
പ്രേംചന്ദ് മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലെ ഒരു പരാമർശമാണ് രഞ്ജിതിനെ ചൊടിപ്പിച്ചത്.  “കളളുകുടി നിർത്തിയത് നന്നായി, ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്ത് കളഞ്ഞേനെ” എന്ന ‘സ്പിരിറ്റ്’ സിനിമയിലെ ഒരു ഡയലോഗാണ്, മലയാളസിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടാൻ പ്രേംചന്ദ് എടുത്തെഴുതിയത്. ഈ ഡയലോഗ് താൻ തിരുത്താൻ തയ്യാറാണെന്നും, എന്നാൽ ലേഖനകർത്താവിന്റെ ഭാര്യാപിതാവ് കൂടിയായ അന്തരിച്ച തിരക്കഥാകൃത്ത് ടി.ദാമോദരൻ എഴുതിയ സ്ത്രീവിരുദ്ധ ഡയലോഗുകൾ ആരു തിരുത്തുമെന്നുമാണ് അപഹാസ്യരൂപേണ രഞ്ജിത് അതേ പത്രത്തിലൂടെ തന്നെ തിരിച്ചു ചോദിച്ചത്.

രഞ്ജിത് ഒരു വിഡ്ഢിയൊന്നുമല്ല. അയാൾ ബോധപൂർവം തന്നെയാണ്, തനിക്കെതിരായ വിമർശനം ടി. ദാമോദരനിലേക്കു കൂടി വഴി തിരിച്ചു വിടുന്നത്. താൻ തിരുത്തിയാൽ ചരിത്രത്തെ നിങ്ങളും തിരുത്തേണ്ടി വരും എന്ന പ്രതിസന്ധിയിൽ വിമർശനത്തെ കൊണ്ടു കൊരുത്തു നിർത്തുകയാണയാൾ. ആ ചരിത്രത്തെ തളളിപ്പറയാൻ നമ്മൾ ഒരുക്കമാണോ എന്നാണ് അയാളുടെ ചോദ്യം.

ടി. ദാമോദരനിൽ നിന്നു തന്നെയാണ് മലയാളത്തിലെ ആണത്ത പ്രഘോഷണ സിനിമകളുടെ ചരിത്രം തുടങ്ങേണ്ടത്. അതിനു മുൻപ് മലയാളത്തിൽ അത്തരം സിനിമകൾ ഉണ്ടായിട്ടില്ലെന്നല്ല, എന്നാൽ ടി.ദാമോദരനിൽ നിന്നാണ് ആൺശരീരങ്ങൾ സിനിമയിൽ ആഘോഷമായി നിറഞ്ഞു തുടങ്ങിയത്. അങ്ങാടിയിലെ, “വീ ആർ നോട്ട് ബെഗ്ഗേഴ്സ് “എന്നു തുടങ്ങുന്ന ജയൻഡയലോഗ് കോരിത്തരിപ്പോടെയാണ് ജനം കേട്ടുനിന്നത് ( പിന്നീട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിൽ ഇതേ ഡയലോഗ് മറ്റൊരു പെൺകഥാപാത്രം ആവർത്തിക്കുന്നുണ്ട്) ജയന്റെ ശരീരത്തിലെ ആണത്തസാധ്യതകൾ പുറത്തിട്ട സിനിമയാണ് അങ്ങാടി. ജയൻ‐സീമ ദ്വയം മലയാളസിനിമയിൽ ആവർത്തിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. ‘പെണ്ണുങ്ങൾ ഇങ്ങനെ വേദന കൊണ്ട് പുളയുന്നത് കാണാൻ ഒരു രസമാണെന്ന് ‘ അദ്വൈതത്തിലെ ക്രൂരനായ പോലീസുകാരനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട് ടി.ദാമോദരൻ. അങ്ങാടിയും മീനും കാന്തവലയവും മുതൽ ആവനാഴിയും ആര്യനും അഭിമന്യുവും ഇൻസ്പെക്ടർ ബലറാമും ജാക്പോട്ടും കാലാപാനിയും വരെ ടി.ദാമോദരൻ മാഷുടെ സിനിമകൾ സംസാരിച്ചതെല്ലാം ആണധികാരത്തിന്റെ ഭാഷയായിരുന്നു. ഇതിനിടക്ക് ഒന്നോ രണ്ടോ പെൺകഥാപാത്രങ്ങൾ അവരുടെ സ്വത്വപ്രഖ്യാപനം നടത്തിയിരിക്കാം. പക്ഷെ, സിനിമയെന്നത് ഏറെക്കുറെ ആണുങ്ങളുടെ കളി മാത്രമായിരുന്നു.

കാരണം രഞ്ജിത് സൃഷ്ടിച്ച ഫ്യുഡൽ തെമ്മാടികൾ അയാളുടെ തന്നെ ക്ലോണുകളാണ്.. ദാമോദരൻ മാഷിന്റേത് അപരത്വം ആരോപിക്കാവുന്നവരും.. അതുകൊണ്ടാണ്, രഞ്ജിത്തിന്റെ ‘ആണുങ്ങൾ’ തിരശ്ശീലയിൽ കൂടുതൽ അശ്ലീലമാകുന്നത്.

ദീദി ദാമോദരൻ പറഞ്ഞത് ശരിയാകാനാണ് സാധ്യത. ദാമോദരൻ മാഷിന് പിറക്കാതെ പോയ മകനാണെന്ന് രഞ്ജിത് പറഞ്ഞിട്ടുണ്ടാകണം. ആണധികാരത്തിന്റെ ഭാഷ രഞ്ജിത് കടമെടുത്തത് ടി. ദാമോദരനിൽ നിന്നാകാൻ തന്നെയാണ് സാധ്യത.
രഞ്ജിതിന്റെ ആൺബോധത്തിലുറച്ച കഥാപാത്രങ്ങളുടെ തുടക്കം അന്വേഷിച്ചാൽ നമ്മളെത്തുക ടി.ദാമോദരനിൽ തന്നെയാകും.. ബോധപൂർവം തന്നെയാണ് രഞ്ജിത് ടി.ദാമോദരനെ പറ്റി പറഞ്ഞത്.. അക്കാലത്തെ റദ്ദ് ചെയ്യാനാകുമോ എന്ന ചോദ്യം അങ്ങനെ ചെന്നു തറച്ചു നിൽക്കുമെന്ന് അയാൾക്ക് നല്ല പോലെ അറിയാം.അക്കാലത്തെ റദ്ദു ചെയ്യാനാകില്ല എന്നതുകൊണ്ട്, അതിന്റെ തുടർച്ച മാത്രമാണ് താനെന്ന് അയാൾക്ക് വളരെ എളുപ്പം വാദിച്ചു നിൽക്കാനാകും.

പക്ഷെ, രഞ്ജിതിനുളളതും ടി. ദാമോദരനിൽ ഇല്ലാതെ പോയതുമായ ഒന്നുണ്ട്. അത് രഞ്ജിത് പിന്തുടരുന്ന, അല്ലെങ്കിൽ അയാളിൽ തന്നെയുളള സവർണമാടമ്പിത്തരമാണ്. ആണധികാര ഭാഷയാണ് പറഞ്ഞതെങ്കിലും ടി.ദിമോദരന്റെ കഥാപാത്രങ്ങൾ വർഗരാഷ്ട്രീയവും തൊഴിലാളിബോധവുമാണ് സംസാരിച്ചത്. രഞ്ജിത്തിനെ പോലൊരു സവർണഫ്യൂഡലിന് അത് മനസിലാകില്ല, അയാൾക്കതിലെ ആൺഭാഷ മാത്രമെ മനസിലാകൂ… അതുകൊണ്ടാണ്, ഇത്ര പച്ചക്ക്, ഒരു മുഖ്യധാരപത്രത്തിലൂടെ അയാൾ തന്റെ മനസിലെ അശ്ലീലം വിളമ്പുന്നത്. എന്നെ തിരുത്തണമെങ്കിൽ, നിങ്ങൾ നിങ്ങളുടെ അച്ഛനെ തിരുത്തിയിട്ടു വാ എന്നു വെല്ലുവിളിക്കുന്നത്. സിനിമയിൽ താൻ പിന്തുടരുന്നത് ടി.ദാമോദരനെ തന്നെയാണ് എന്നാണ് നേരിട്ടു പറയാതെ അയാൾ പ്രഖ്യാപിക്കുന്നത്. എന്നാൽ, രഞ്ജിത് തിരിച്ചറിയാതെ പോകുന്ന ഒരു കാര്യം, ടി.ദാമോദരൻ കഥാപാത്രങ്ങളിൽ നിന്നും തന്റെ ഫ്യൂഡൽ പകർപ്പുകളിലേക്കുളള വർഗരാഷ്ട്രീയത്തിന്റെ ദൂരമാണ്. കഥക്കും കഥാപാത്രങ്ങൾക്കും അനുകൂലമായ സവർണാന്തരീക്ഷവും സ്ത്രീവിരുദ്ധതയുമൊക്കെ ടി.ദാമോദരൻ സിനിമകളിൽ യഥേഷ്ടം കണ്ടുപിടിക്കാമെങ്കിലും ആത്യന്തികമായി അദ്ദേഹം കൊണ്ടു നടന്നത് വർഗരാഷ്ട്രീയബോധമാണ്. രഞ്ജിതിൽ ഇല്ലാതെ പോകുന്നതും അതു തന്നെ… ‘ഞാൻ’ പോലൊരു സിനിമ പോലും അയാൾ ചെയ്തത് അടിസ്ഥാനരാഷ്ട്രീയത്തെ എത്ര മാത്രം ചോർത്തിക്കളഞ്ഞായിരുന്നു എന്നു നോക്കുക.. ദാമോദരൻ മാഷ് കൊണ്ടു നടന്ന രാഷ്ട്രീയബോധത്തെ ഡയലോഗടിച്ചു തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന മൗഢ്യമാണ്, രഞ്ജിതിൽ കാണുന്ന അസഹിഷ്ണുത. അതയാൾക്ക് ഒരിക്കലും സാധിക്കുകയുമില്ല, കാരണം രഞ്ജിത് സൃഷ്ടിച്ച ഫ്യുഡൽ തെമ്മാടികൾ അയാളുടെ തന്നെ ക്ലോണുകളാണ്.. ദാമോദരൻ മാഷിന്റേത് അപരത്വം ആരോപിക്കാവുന്നവരും..
അതുകൊണ്ടാണ്, രഞ്ജിത്തിന്റെ ‘ആണുങ്ങൾ’ തിരശ്ശീലയിൽ കൂടുതൽ അശ്ലീലമാകുന്നത്.

രഞ്ജിതിനോട് ഒരപേക്ഷയേ ഉളളൂ… ദയവുചെയ്ത്, താങ്കൾ ആ സംഭാഷണങ്ങളൊന്നും ആരു പറഞ്ഞാലും തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യരുത്. ഞങ്ങൾ ജീവിച്ച കാലത്തെ അശ്ലീലമെന്തായിരുന്നുവെന്ന് വരും തലമുറക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയെങ്കിലും, അതവിടെ , അങ്ങനെത്തന്നെ കിടക്കട്ടെ.

Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like