പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (മേതിലാജ് എം എ)

മേതിലാജ് എം എ

കേരളത്തിലെ വഴിയരികുകളിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വൃത്തിയുള്ള പൊതു ടോയ്ലറ്റുകൾ ഇല്ലാത്തതു എന്ത് കൊണ്ടാണെന്നറിയാമോ? പുരുഷന് ഏതു റോഡരികിലും മുണ്ട് പൊക്കി പിടിച്ചു നിന്ന് പെടുക്കാൻ കഴിയുന്നത് കൊണ്ടാണ്. പൊതു സ്ഥലങ്ങളിലെ ടോയ്ലറ്റുകൾ പുരുഷൻറെ ആവശ്യം അല്ലാത്തത് കൊണ്ടാണ്. അത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് പുരുഷൻ സമ്പൂർണ്ണാധികാരം കൈയാളുന്ന ഭരണകൂടങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും മാത്രമാണ് നമുക്ക് ഉള്ളത് എന്നതിനാലാണ്. അത് കൊണ്ടാണ് സ്ത്രീയുടെ, ലളിതമായി പരിഹരിക്കാവുന്ന ആവശ്യങ്ങൾ പോലും അപരിഹാര്യമായി തുടരുന്നത്.

മുണ്ട് മടക്കിക്കുത്തി മേൽ വസ്ത്രം പോലും ധരിക്കാതെ വീടിനുള്ളിലും പുറത്തും 75 ശതമാനം നഗ്നനായി നടക്കുന്ന പുരുഷൻ സ്ത്രീ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നതും അയ്യോ കാലു കാണുന്നേ , കൈ കാണുന്നേ എന്നൊക്കെ നിലവിളിക്കുന്നതും എന്തുകൊണ്ടാണെന്നറിയാമോ? നമ്മുടെ പൊതു സമൂഹത്തിൽ, സാമൂഹ്യ ബന്ധങ്ങൾ നിർണ്ണയിക്കുന്നതിൽ, രാഷ്‌ട്രീയ അധികാരം കൈയാളുന്നതിൽ സ്ത്രീ പ്രാതിനിധ്യം കുറവായതു കൊണ്ട്. എൻറെ വസ്ത്രം എന്താണെന്ന് ഞാൻ തീരുമാനിച്ചോളാം എന്ന് പോലും പറയാനുള്ള സാമൂഹ്യ അധികാരം സ്ത്രീക്ക് ഇല്ലാത്തതു കൊണ്ട് നമ്മുടെ പൊതു ഇടങ്ങൾ നിർലജ്ജവും അമാന്യവുമായ വാക്കുകളും, എഴുത്തുകളും, പുരുഷ പ്രവർത്തികളുടെ മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുന്നതും, പൊതു നിരത്തുകളിൽ ഒറ്റയ്ക്ക് പോകട്ടെ, സന്ധ്യ കഴിഞ്ഞു പോകട്ടെ പട്ടാപ്പകൽ പോലും സ്ത്രീക്ക് നിർഭയം ഇറങ്ങി നടക്കാൻ കഴിയാത്തതും എന്ത് കൊണ്ടാണെന്നു അറിയാമോ? നമ്മുടെ പൊതു നിരത്തുകൾക്കും , പൊതു വേദികൾക്കും, സാമൂഹ്യ രംഗത്തിന് ആകെയും മേലുള്ള രാഷ്‌ട്രീയ അധികാരം സമ്പൂർണ്ണമായും പുരുഷൻ കൈയടക്കി വെച്ചിരിക്കുന്നത് കൊണ്ട്

സ്ത്രീ സമത്വം എന്നാൽ ഒരു കേവല മുദ്രാവാക്യം മാത്രമാണ് മലയാളിക്ക് ഇന്നും. പലതരം ടിക് ബോക്സുകളിൽ അത്രയൊന്നും വേഗത്തിൽ ടിക് ചെയ്യേണ്ടതില്ലാത്ത ടിക് ബോക്സ്. അത് അങ്ങിനെയായിരിക്കുന്നതു സ്ത്രീ തുല്യത സമൂഹത്തിൽ കൊണ്ട് വന്നേയ്ക്കാവുന്ന മാറ്റങ്ങളെ കുറിച്ച് കൃത്യമായ ധാരണകൾ ഇല്ലാത്തതു കൊണ്ടാണ്. അത് സ്ത്രീയുടെ അവകാശത്തിൻറെ പ്രശ്നം എന്ന നിലയിൽ മാത്രം മനസ്സിലാക്കപ്പെടുന്നത് കൊണ്ടാണ്

ശരിക്കും എന്താണ്‌ സ്ത്രീ തുല്യത സമൂഹത്തിൽ കൊണ്ട് വരാവുന്ന പുരോഗമനാത്മകമായ മാറ്റങ്ങൾ എന്ന് നിങ്ങൾ ഒരു മലയാളി ഫെമിനിസ്റ്റിനോട് ചോദിച്ചു നോക്കൂ. അവർ വീണ്ടും വിശദീകരിക്കുക സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന അവഗണയും വേർതിരിവുകളും അവ അവസാനിപ്പിക്കേണ്ടതിൻറെ ആവശ്യകതയും മാത്രമായിരിക്കും. അത് ശരിയായിരിക്കുമ്പോൾ തന്നെ അതിനേക്കാൾ വളരെ വലിയൊരു തലം നമ്മൾ ചർച്ച ചെയ്യാതെ പോകുന്നു. സ്ത്രീ തുല്യത മനുഷ്യ വംശത്തിൻറെ അടുത്ത വൻ കുതിപ്പിന് കാരണമാകുമെന്നതാണ് അത്. ഒരു പക്ഷെ വ്യാവസായിക വിപ്ലവം ലോകത്തു കൊണ്ട് വന്ന വലിയ മാറ്റത്തേക്കാൾ വലിയ മാറ്റം. അത് വലിയ ജിഡിപി വളർച്ച കൊണ്ടുവരും. മനുഷ്യനെ കൂടുതൽ സംസ്കരിക്കും. മാനുഷിക മൂല്യങ്ങൾ വികസിക്കും

നോക്കൂ സ്ത്രീയും പുരുഷനും ഒത്തു ചേരുമ്പോഴാണ് പ്രത്യുല്പാദനം സംഭവിക്കുന്നത്. അതായതു മനുഷ്യ വംശത്തിൻറെ നിലനിൽപിന് ഇരുവരും തുല്യമായാണ് കോൺട്രിബ്യുട്ട് ചെയ്യുന്നത്, ഒരു പക്ഷെ സ്ത്രീയുടെ റോൾ വലുതാണെന്നും പറയാം. ചുറ്റുമുള്ള പ്രകൃതിയിലേക്ക് നോക്കൂ ഒരു പൂ വിരിഞ്ഞു ഫലമാകുന്നത് പും ബീജവും സ്ത്രീബീജവും ഒന്നിച്ചു ചേരുമ്പോഴാണ്. പ്രകൃതിയിലെ ഇതേ പ്രതിഭാസം തന്നെയാണ് സമ്പദ് വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും ശരിയായി പ്രവർത്തിക്കുന്ന, പ്രവർത്തിക്കേണ്ട രാസഘടകം. അമ്പതു ശതമാനം വരുന്ന സ്ത്രീകളെ ഈ പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തുമ്പോൾ സംഭവിക്കുന്നത് പ്രകൃതിയുടെ അസ്വാഭാവികമായ, അപൂർണ്ണമായ വികാസമാണ്.

സ്ത്രീകൾക്ക് മാത്രം തൊഴിൽ മേഖലയിലേക്ക്, രാഷ്‌ട്രീയ, സാമൂഹ്യ മേഖലയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന നിരവധി സ്കില്ലുകളുണ്ട്. അവ സമൂഹത്തിനു ലഭിക്കാതെ പോകുന്നു. കൂടുതൽ ശാന്തമായി, ശക്തി പ്രയോഗങ്ങളില്ലാതെ കൂടുതൽ ശരികളിലേക്കു പെട്ടെന്നെത്താനുള്ള കഴിവ് പുരുഷനെക്കാളുമധികം സ്ത്രീകൾക്കുണ്ട്. അവ സമൂഹത്തിനു ലഭിക്കാതെ പോകുന്നു. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമുള്ള സാമൂഹ്യ വ്യവസ്ഥകൾക്ക് വമ്പിച്ച മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും.

സ്ത്രീ പുരുഷ തുല്യതയിൽ വളരെയേറെ മുന്നിൽ നിൽക്കുന്ന ഐസ് ലാൻഡ്‌, നോർവേ, ഫിൻലൻഡ്‌, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ സാമ്പത്തികമായും സാമൂഹ്യമായും ഏറെ മുന്നിൽ ആണെന്ന് ഓർക്കണം.

വേൾഡ് എക്കണോമിക് ഫോറം 2020 ൽ പുറത്തിറക്കിയ ഗ്ലോബൽ ജൻഡർ ഡിസ്പാരിറ്റി റിപ്പോർട് ഒന്ന് ഓടിച്ചു വായിച്ചു കൊണ്ട് നമുക്ക് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഗ്ലോബൽ ജെൻഡർ ഡിസ്പാരിറ്റി ഇപ്പോഴും 31 ശതമാനം ആണ്, അതായതു വിവിധ മേഖലകളിൽ സ്ത്രീ പ്രതിനിധ്യം ഇപ്പോഴും പുരുഷനേക്കാൾ 31 ശതമാനം പിറകിൽ. ഈ വ്യത്യാസം ഇല്ലാതാക്കാനും മനുഷ്യന് സ്ത്രീ പുരുഷ തുല്യത യിൽ എത്തിച്ചേരാനും ഇപ്പോഴത്തെ നിരക്കിലുള്ള വളർച്ച കണക്കിലെടുത്താൽ 99.5 വർഷങ്ങൾ കൂടി വേണ്ടി വരും. അതേ ഒരു നൂറ്റാണ്ട്.

പൊതുവെ നാലു മേഖലകളായി തിരിച്ചാണ് ഈ പഠന റിപ്പോർട്ട് ഇവർ എല്ലാ വർഷവും പുറത്തിറക്കുക. Education attainment, Health & survival, economic participation & opportunity, political empowerment എന്നിവയാണ് നാല് മേഖലകൾ.

ഇവയിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സ്ത്രീ പുരുഷ തുല്യത 95 ശതമാനത്തിനു മുകളിൽ ആണ്, അതായതു വിവേചനം 5 ശതമാനത്തിൽ താഴെ മാത്രം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം നേടിയ വൻ പുരോഗതിക്കു പിന്നിൽ ആ മേഖലയിലെ സ്ത്രീ പുരുഷ തുല്യതയ്ക്കുള്ള പങ്കിനെപ്പറ്റി ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ. തുല്യ തൊഴിലിനു തുല്യ വേതനം എന്നത് ആ മേഖലയിൽ ഇനിയും ഗൗരവമായി കാണേണ്ട മറ്റൊരു വലിയ വിഷയമാണെങ്കിലും വമ്പിച്ച സ്ത്രീ പ്രതിനിധ്യം തന്നെയാണ് കേരളത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നമ്പർ വൺ ആക്കിയതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകും എന്ന് തോന്നുന്നില്ല. ഇനിയും സംശയമുള്ളവർ ആശുപത്രികളെയും സ്‌കൂളുകളെയും കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പുഞ്ചിരിക്കുന്ന മുഖങ്ങൾ ഓർത്താൽ മതി. അവർ ഈ മേഖലയിലേക്ക് കൊണ്ട് വന്ന വൈദഗ്ധ്യം, സൗമ്യത, കരുതൽ ഏന്നിവ ആ മേഖലയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.

വേൾഡ് എക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം ഏറ്റവും പിറകിൽ നിൽക്കുന്ന മേഖല political empowerment ആണ്. ലോകത്താകമാനം വരുന്ന 35000 ത്തിലധികം പാർലമെൻറ് സീറ്റുകളിൽ സ്ത്രീകളുടെ പ്രതിനിധ്യം 25 ശതമാനം മാത്രമാണ്, മന്ത്രി സഭകളിലെ വനിതാ പ്രതിനിധ്യം ആകട്ടെ 21 ശതമാനവും. അത് ലോകത്തിൻറെ നിരക്ക്. നമ്പർ വൺ കേരളത്തിലോ ? 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു എല്ലാകാലത്തും നമ്മുടെ നിയമ സഭകളിലെ സ്ത്രീ പ്രതിനിധ്യം. ഇത്തവണയും ആകെ മത്സരിക്കുന്നവരുടെ എണ്ണം പരിശോധിച്ചാൽ അത് അതിലും കൂടില്ലെന്നു ഉറപ്പിക്കാം.

ഗ്ലോബൽ ഇൻഡക്സ് റിപ്പോർട്ടിൽ സ്ത്രീ പുരുഷ തുല്യതയിൽ ഇന്ത്യയുടെ സ്ഥാനം 112 ആണ് കേട്ടോ. ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും ഉഗാണ്ടക്കും എത്യോപ്യക്കും താഴെ.

കേരളത്തിന്റെ മുന്നോട്ടുള്ള സാമ്പത്തിക സാമൂഹ്യ വളർച്ചക്ക്, സാമൂഹ്യ രാഷ്‌ട്രീയ മേഖലകളിലെ സ്ത്രീ പുരുഷ തുല്യത അനിവാര്യമാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകളുടെ സഹായത്തോടെ നാം നേടിയ പുരോഗതി മറ്റു മേഖലകളിലേക്കും വികസിപ്പിക്കേണ്ടതുണ്ട്.

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like