പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ചരിത്രം പഠിപ്പിക്കുന്നവരുടെ പ്രതിസന്ധി

ചരിത്രം പഠിപ്പിക്കുന്നവരുടെ പ്രതിസന്ധി


ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

ചന്ദ്രിക ബാലൻ

ഉത്തരം : ചരിത്രം എഴുതുന്നവർ ചരിത്രകാരന്മാർ ആണ് എന്ന് നമ്മൾ വിചാരിച്ചിരുന്നു. പക്ഷേ ഇന്ന് മതവും രാഷ്ട്രീയവും തങ്ങൾക്ക് അനുകൂലമായി ചരിത്രത്തെ തിരുത്തിയെഴുതുന്നു, തമസ്കരിക്കുന്നു. അങ്ങനെ ചെയ്യുന്നവരാണ് ഇപ്പോൾ ചരിത്രകാരന്മാർ. ഫലമോ?ഒരു തലമുറ പഠിക്കുന്ന ചരിത്രത്തിന് കടകവിരുദ്ധമായിപ്പോകും അടുത്ത തലമുറ പഠിക്കുന്ന ചരിത്രം. ഇങ്ങനെ ദ്രുതഗതിയിൽ മാറുന്ന ചരിത്രം നമ്മൾ എന്തിനാണ് പഠിക്കുന്നത്

പഠിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും പുതിയതായിട്ട് പഠിക്കാൻ ഇരിക്കുന്നവരായത് കൊണ്ട് അവർക്ക് ഒരുപക്ഷേ വലിയ പ്രശ്നം വന്നെന്നു വരില്ല. എന്നാൽ പഠിപ്പിക്കുന്നവരുടെ ഗതികേടോ? സ്കൂൾ കുട്ടികളുടെ ഇടയിൽ രസകരമായ ഒരു മത്സരം കണ്ടിട്ടുണ്ട്. തരുന്ന വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരാൾ തന്നെ സംസാരിക്കണം. അനുകൂലിച്ച് സംസാരിച്ച തുടങ്ങുമ്പോൾ ഒരു ബെല്ല് അടിക്കും. ഉടനെ അതേ വിഷയത്തെ എതിർത്ത് സംസാരിക്കണം. അപ്പോൾ വരും അടുത്ത ബെല്ല്. വിഷയത്തെ അനുകൂലിച്ച് ഉടനെ സംസാരിക്കണം. രണ്ടു ബെല്ലുകൾക്ക് ഇടയിലുള്ള ഇടവേള കുറഞ്ഞു കുറഞ്ഞു വരും. പാവം കുട്ടികൾ അനുകൂലവും പ്രതികൂലവും ആയി ചാടിച്ചാടി തളരും. ഏതാണ്ട് അതുപോലെത്തെ ഗതികേടിലാകും ചരിത്ര അധ്യാപകർ. ഒരു വർഷം കുട്ടികൾക്ക് പറഞ്ഞുകൊടുത്തതിന്റെ നേരെ വിപരീതമാകും അടുത്തവർഷം പറഞ്ഞു കൊടുക്കേണ്ടി വരിക. ഇത് സൃഷ്ടിക്കുന്ന ബൌദ്ധിക പ്രതിസന്ധി ചില്ലറയൊന്നുമല്ല. നിലപാടുകൾ ഉള്ള അധ്യാപകരാണെങ്കിൽ, സ്വന്തം അഭിപ്രായം ഇടയ്ക്ക് പറഞ്ഞാൽ, അത് ക്ലാസിന് പുറത്തേക്ക്,സ്കൂളിന് പുറത്തേക്ക്, ചോർന്നു പോകാനും, രൂക്ഷമായ പ്രതികരണങ്ങൾ ഉണർത്തുവാനും സാധ്യത ഏറെ. അത് അവരുടെ ജീവിതത്തെ വല്ലാതെ ബാധിച്ചേക്കും. ഓരോരുത്തരുടെ നിക്ഷിപ്ത താല്പര്യമനുസരിച്ച് മാറ്റി മാറ്റി എഴുതപ്പെടുന്ന ചരിത്രം പഠിക്കാതിരിക്കുന്നതാണ് നല്ലത്.

കാരണം ചരിത്രവും സാഹിത്യവും ഒന്നും ജീവസന്ധാരണത്തിനു വേണ്ടി പഠിക്കേണ്ടതല്ല. അതിന് പ്രൊഫഷണൽ ഡിഗ്രികളുടെ പുറകെ പോകുന്നതാണ് നല്ലത്. ചരിത്രവും സാഹിത്യവും ഒക്കെ സംസ്കാരവുമായി, സ്വയം ശുദ്ധീകരണവുമായി ബന്ധപ്പെട്ടവയാണ്. ഈ ലോകവും അതിനുള്ളിലെ നമ്മുടെ രാജ്യവും അതിനുള്ളിലെ നാം തന്നെയും എങ്ങനെ രൂപപ്പെട്ടു എന്നറിയുവാനുള്ളതാണ് ചരിത്രം. അത് തിരുത്തി എഴുതാനും തമസ്കരിക്കാനും ആർക്കും അവകാശമില്ല. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്

കവർ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like