പൂമുഖം LITERATUREകഥ ഡ്രേക്ക് ചാക്കോയുടെ മരണം

ഡ്രേക്ക് ചാക്കോയുടെ മരണം

ഡ്രേക് ചാക്കോ മരിച്ചു. മൊബൈൽ ഫോണിൽ ഒരു സന്ദേശമായാണ് ആദ്യം ഡ്രേക്കിന്റെ മരണം രവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . അല്പം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നൊരു കോൾ. ” ഡ്രേക്ക് മരിച്ചു” ജോൺ ഷാരി ആയിരുന്നു ഫോണിൽ. ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അയർലണ്ടിൽ നിന്ന് അലനും ഡൽഹിയിൽ നിന്ന് കോയയും വിളിച്ചു. വൈകുന്നേരമായപ്പോൾ നാട്ടിൽ നിന്ന് ജേക്കബും.

ജയിലിൽ നിന്നിറങ്ങിയ ശേഷം ജേക്കബ് ആദ്യമായാണ് രവിയെ വിളിക്കുന്നത്. രവിയൊഴികെ എല്ലാ സുഹൃത്തുക്കളും ജയിലിൽ ജേക്കബിനെ സന്ദർശിച്ചിരുന്നുവല്ലോ.അന്ന് പിണങ്ങിയതാണവൻ. പക്ഷേ ഇപ്പോൾ രവിയോട് സംസാരിക്കാതിരിക്കാൻ ജേക്കബിനാവില്ലല്ലോ. ഡ്രേക്കിനെ രവിക്ക് പരിചയപ്പെടുത്തിയത് ജേക്കബ്ബായിരുന്നില്ലേ . ഷാർജയിലെ പതിനെട്ടാം നിലയിലെ ഫ്ലാറ്റിൽ വെച്ചു കുഞ്ഞു നിക്കറും ടാങ് ടോപ്പും ധരിച്ചു നിന്ന ഡ്രേക്കിനെ പരിചയപ്പെടുമ്പോൾ അത് അനേക വർഷങ്ങൾ നീണ്ടു പോയേക്കാവുന്ന ആത്മാർത്ഥ സൗഹൃദം ആയി മാറുമെന്ന് രവി എങ്ങിനെ ഊഹിക്കാൻ. ഡ്രേക്കിന്റെ നിക്കറുകൾക്കു എപ്പോഴും ഇറക്കം കുറവായിരുന്നു ടീ ഷർട്ടിനു താഴെ അല്പമൊന്നു കണ്ടാൽ ഭാഗ്യം, അവന്റെ മലയാളം പോലെ തന്നെ, മലവെള്ളപ്പാച്ചിൽ പോലെയുള്ള ഇംഗ്ലീഷിനിടയിൽ ചിലപ്പോ തെന്നിയോ തെറിച്ചോ ഒരു വാക്കു കേട്ടാൽ ഭാഗ്യം.

കോയ വിളിച്ചപ്പോൾ അതോർമ്മിപ്പിച്ചിരുന്നു. രവീ നിനക്കോർമ്മയുണ്ടോ നമ്മൾ ഡ്രേക്കിനെ മലയാളം പഠിപ്പിച്ചത്. പുട്ടിനു പീര പോലെ ഡ്രേക്ക് പറയാറുള്ള ബേന്ചൊതിന്റെ മലയാളം പഠിപ്പിച്ചു കൊടുത്തതും ഒടുവിൽ ഓഫീസിലെ അസിസ്റ്റന്റ് ആയിരുന്ന പാതി മലയാളി പെൺകുട്ടിയെ മലയാളത്തിൽ അവൻ അതു വിളിച്ചതും, ” ഞാൻ എന്നും അവളെ എല്ലാവരെയുമെന്ന പോലെ ബേഞ്ചോഥ് എന്നു വിളിക്കാറുള്ളതാണല്ലോ പിന്നെന്താ ഇന്ന് മലയാളത്തിൽ അത് വിളിച്ചപ്പോൾ അവൾ വാ പൊളിച്ചു വിഷമിച്ചിരുന്നത്” എന്നു ഡ്രേക്ക് ചോദിച്ചതും.
മരണ വാർത്ത ഷെയർ ചെയ്യാൻ വിളിക്കുമ്പോൾ ചിരിക്കാമോ എന്നറിയില്ല എന്നിട്ടും രവിയും കോയയും ചിരിച്ചു. “കോയാ നമ്മൾ ഗിസൈസിലെ ലയാലിയിൽ ബിരിയാണി കഴിക്കാൻ പോയിരുന്നത് ഓർമ്മയില്ലേ. ഡ്രേക്കിനായി എന്നും ഒരു സ്‌പെഷൽ ഡബിൾ മസാല ബിരിയാണി ഓർഡർ ചെയ്തിരുന്നു, അവന്റെ പ്രിയ ഭക്ഷണം”, രവി കോയയെ ഓർമ്മിപ്പിച്ചു.
“അതെ ഒടുവിൽ മൂന്നു നേരവും ബിരിയാണി വേണം എന്ന നിലയിൽ ആയിരുന്നുവല്ലോ അവൻ. ബിസിനസ് തകർന്നു എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും നഷ്ടമായ അവസാന നാളുകളിൽ നീ അയാളെ നന്നായി നോക്കി” കോയ രവിയെ ഓർമ്മിപ്പിച്ചു. ഹേയ് അങ്ങിനെയൊന്നും പറയരുത്, ആ നാളുകളിൽ കൂടെ നിർത്തുക എന്നത് ഏതൊരു സുഹൃത്തും ചെയ്യുന്നതല്ലേ രവി തർക്കിച്ചു.
സത്‌വയിലെ അർദ്ധരാത്രി കഴിഞ്ഞുള്ള ഡിന്നറുകൾ.രാവി റെസ്റ്റോറന്റിലെ വെള്ളയും വെള്ളയും ധരിച്ച പാകിസ്ഥാനി ജീവനക്കാർ എത്ര വൈകിയാലും ഒരു പെഷാവറി കഡായി ഡ്രേക്ക്സാബിനായി സൂക്ഷിക്കുമായിരുന്നു. ഡിന്നർ കഴിഞ്ഞു ഒരു സുലൈമാനി മാത്രം കുടിച്ചു എത്ര രാത്രികൾ നമ്മൾ വെളുക്കുവോളം രാവിയിലിരുന്നു ബിസിനസ് പ്രശ്നങ്ങൾ മുതൽ ഹിന്ദി സിനിമാ ഗാനങ്ങൾ വരെ ചർച്ച ചെയ്തിട്ടുണ്ട്, കാർഗിൽ യുദ്ധം ടിവിയിൽ നമ്മൾ ആവേശത്തോടെ കണ്ടത് പോലും രാവിയിൽ പാകിസ്താനികൾക്കിടയിൽ ഇരുന്നല്ലേ, രവി ഓർമ്മിപ്പിച്ചു. ഒടുവിൽ പിരിയുമ്പോൾ, യുദ്ധമൊക്കെ രാഷ്ട്രങ്ങൾ തമ്മിലല്ലേ നമ്മൾ ചില വരകൾക്കിടയിൽ പെട്ടു പോയ വെറും മനുഷ്യർ മാത്രം എന്നു പറഞ്ഞു പരസ്പരം കെട്ടിപ്പിടിക്കുമായിരുന്നു

രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു ഒരു ദിവസം നവകേരള സദസ്സിനായി പ്രത്യേകം വരുത്തിയ ബസ്സ് മുഖ്യമന്ത്രിയും സംഘവുമായി പാലക്കാട് ജില്ലയിലേക്ക് ലളിതമായി പ്രവേശിക്കുന്ന കാഴ്ചകൾ കണ്ടിരുന്നപ്പോഴാണ് മുംബൈയിൽ നിന്ന് വിക്ടർ വിളിച്ചത്. മരണമറിഞ്ഞു പോലും വരാതിരുന്ന ഡ്രേക്കിന്റെ മുൻഭാര്യ അന്ധേരി വെസ്റ്റിലെ പൂട്ടിക്കിടന്ന ഫ്ലാറ്റ് പൂട്ട് തല്ലിപ്പൊളിച്ചു അകത്തു കയറി ഫർണിച്ചറും മറ്റും എടുത്തു കൊണ്ട് പോയത്രേ. രവിക്കതൊരു അത്ഭുതമായി തോന്നിയില്ല. ദുബായിൽ വന്നു ഒരാഴ്ചക്കുള്ളിൽ ഇത്ര ചെറിയ സിറ്റിക്ക് എന്നെ താങ്ങാൻ കഴിയില്ല എന്നു പറഞ്ഞു മടങ്ങിയ ബോംബെയിലെ ഫാഷൻ ഐക്കണെ രവി അറിയാത്തതല്ലല്ലോ.

മരണത്തിന്റെ അഞ്ചാം നാൾ അതിരാവിലെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഒരപരിചിത ശബ്ദം.
“ഞാൻ ഡ്രേക്കിന്റെ ബ്രദർ ഇൻ ലോ ആണു” ശബ്ദം സ്വയം വെളിപ്പെടുത്തി.
“പറയൂ, ഞാൻ ഡ്രേക്കിന്റെ സിസ്റ്ററെ നിരവധി തവണ മീറ്റ് ചെയ്തിട്ടുണ്ട് , ട്രിവാൻഡ്രം – ദുബായ് റൂട്ടിൽ ഫ്‌ളൈ ചെയ്യുമ്പോൾ ആന്ജെല ദുബായിലെ എന്റെ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നു, ചിലപ്പോഴൊക്കെ മംഗളം വാരികയും കൊണ്ട് വരും. എയർ ഇന്ത്യയിലെ പാസഞ്ചർ കോപ്പി” രവി വളരെ അടുപ്പം കാട്ടി.

” നിങ്ങൾ ഇപ്പോൾ ബഹ്‌റൈനിൽ ആണെന്ന് ജോൺ ആണു പറഞ്ഞത്. ഞാൻ നാളെ മനാമയിലേക്ക് ഫ്‌ളൈ ചെയ്യുന്നുണ്ട്. പൈലറ്റ് ബ്രദർ ഇൻലോ രവിയോട് പറഞ്ഞു. “നിങ്ങളുടെ കൈവശം ഒരു പെട്ടിയുണ്ടായിരുന്നല്ലോ, ഡ്രേക്ക് അവസാന യാത്രയിൽ മുംബൈയിലേക്ക് കൊണ്ട് പോകാതെ നിങ്ങളെ ഏൽപ്പിച്ചു പോയ പെട്ടി. അത് വാങ്ങാനാണ് ഞാൻ വരുന്നത്” പൈലറ്റ് നിർദ്ദയം പറഞ്ഞു.

അയാൾ അത് പറഞ്ഞു ഫോൺ വെക്കുമ്പോൾ ടിവിയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കോടീശ്വരന്റെ കടബാധ്യതകൾ വിശദീകരിക്കുകയായിരുന്നു എ ഡി ജി പി. സമ്പന്നന്റെ പ്രശ്‌നങ്ങളെക്കുറിച്ചു സമൂഹത്തിനു യാതൊരു വേവലാതിയുമില്ലല്ലോ എന്നോർത്തപ്പോൾ രവിക്ക് ചിരി പൊട്ടി.

രവീ ജേക്കബ് വിളിച്ചിട്ട് എന്ത് പറഞ്ഞു? നിങ്ങൾക്കിടയിലെ മഞ്ഞുരുകിയോ ? ദുബായിൽ നിന്ന് ജോൺ വീണ്ടും. ” അവൻ പണ്ട് നമ്മുടെയാ ബർദുബായിലെ നൈറ്റ് ക്ലബ്ബിൽ വെച്ചു ബൗൺസേർസ് ഇടി മുറിയിൽ കയറ്റി അവനെ ഇടിച്ചു പതം വരുത്തിയപ്പോൾ ഡ്രേക്ക് മാത്രമാണ് ഒപ്പം നിന്നതെന്ന് ഓർമ്മിപ്പിച്ചു”. ജോൺ ചിരിച്ചു.
ഇടി കൊണ്ട ഓർമ്മകൾ പോലും വർഷങ്ങൾക്കു ശേഷം മനുഷ്യർക്ക് തമാശയായി മാറുന്നതെങ്ങിനെയാണ് എന്നു രവി അത്ഭുതപ്പെട്ടു. അപ്പോഴേക്കും ജോണിന്റെ അടുത്ത ഡയലോഗ് ” ഡാ രവീ അന്ന് നിന്നെക്കളഞ്ഞിട്ട് ഏതോ റഷ്യൻ സുന്ദരിയുമായി അവൻ പോയതും അതറിയാതെ നീ അവനെ കാത്തിരുന്നതും പിന്നെപ്പോഴോ അവിടേക്ക് വന്ന ഡ്രേക്ക് നിന്നോട് ജേക്കബ് പോയി എന്നു പറഞ്ഞതും ഏയ് എന്റെ ജേക്കബ് എന്നെ ചതിക്കില്ല എന്നു പറഞ്ഞു വെളുക്കുവോളം നീ അവനെ കാത്തിരുന്നതും ഓർമ്മയില്ലേ” ജോൺ ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടായിരുന്നു അത് പറയുമ്പോൾ.
നീ ദുബായിലെ വിശേഷം പറയൂ അസ്വസ്ഥനായ രവി വിഷയം മാറ്റാൻ ശ്രമിച്ചു. ” ഇവിടെയെന്ത് വിശേഷം കുറെ ദിവസങ്ങളായി ഭയങ്കര ട്രാഫിക്. ലോക ക്ളൈമറ്റ്‌ ചേഞ്ച് കോൺഫറൻസ് ഇത്തവണ ഇവിടെയാണല്ലോ നടക്കുന്നത്. വിവിധ രാഷ്ട്ര നേതാക്കൾ ഒക്കെ എത്തിയിട്ടുണ്ട്. എങ്ങോട്ടു പോയാലും ട്രാഫിക് ഡൈവേർഷൻ “, ഇപ്പൊ അസ്വസ്ഥനായത് ജോൺ ആണ്
രവി പൈലറ്റ് വിളിച്ച കാര്യം ജോണിനോട് പറഞ്ഞില്ല

ലാപ് ടോപ്പിൽ അലന്റെ മുഖം തെളിഞ്ഞു. മൈക്രോസോഫ്ട് ടീംസ് കോൾ. അയർലണ്ടിലെ ഏതോ ടൂറിസ്റ്റു കേന്ദ്രത്തിലാണ്, റിസോർട്ടിൽ. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്.
” ഞാൻ കണ്ട ആദ്യ മരണം എന്റെ അങ്കിളിന്റെ അപ്പന്റേതാണ്. മരണാസന്നനായ അപ്പനെക്കുറിച്ചു അറിയിക്കാൻ ഞാൻ അങ്കിളിന്റെ കടയിലേക്കോടി. ചന്ത പിരിയുന്ന നേരം. കടയിൽ അകത്തും പുറത്തുമായി നല്ല ആളുണ്ട്, നാരങ്ങാ വെള്ളം കുടിക്കാനായി തിക്കിത്തിരക്കുന്നു. നീ വീട്ടിലേക്ക് പൊക്കോളൂ ഞാൻ വരാമെന്നു അങ്കിൾ. കടയിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് കടയിലേക്കും ഞാൻ എത്ര പ്രാവശ്യം ഓടിയെന്നറിയില്ല. ചന്തയിലെ അവസാന മനുഷ്യനും പിരിയും വരെ പക്ഷേ അങ്കിൾ കടയടച്ചില്ല. ഒടുവിൽ അങ്കിൾ വീട്ടിലെത്തുമ്പോൾ അപ്പന്റെ മരണം കഴിഞ്ഞിരുന്നു. അന്നെനിക്ക് മനസ്സിലായതാണ് നാരങ്ങാ വെള്ളത്തിനു മരണത്തേക്കാൾ വിലയുണ്ടെന്ന്” ജോൺ അബ്രഹാമിനെ ഓർമ്മിപ്പിക്കും വിധത്തിൽ അലൻ ചിരിച്ചു.
ഒരു കാലി ഡെൽസി പെട്ടിക്കു മനുഷ്യത്വത്തേക്കാൾ വിലയുണ്ടല്ലോ എന്നോർക്കുകയായിരുന്നു രവി.

അപ്പോഴേക്കും അലൻ കോയയെ ടീംസ് കോളിൽ ആഡ് ചെയ്തിരുന്നു. കോയക്ക് പറയാനുണ്ടായിരുന്നത് തറവാട്ടിലെ പഴയൊരു ഓർമ്മയായിരുന്നു. എന്നും മറ്റു തൊഴിലാളികൾക്കൊപ്പം വീടിനു പുറത്തെ ചായ്‌പിൽ കഞ്ഞി കുടിക്കാൻ വരുമായിരുന്നു യൂസഫ് കാക്ക. പ്രതാപവാനായ ഉപ്പുപ്പയുടെ ഒരു ബന്ധു തന്നെയായിരുന്നത്രെ. ഒരു ദിവസം കുറച്ചു പൈസ കടം ചോദിച്ചപ്പോൾ ” പോക്കില്ലെങ്കിൽ പോയി കടലിൽ ചാടി ചാകെടാ” എന്നു ഉപ്പുപ്പ ആ അകന്ന ബന്ധുവിനോട് അലറിയത്രെ. ഒരാഴ്ച യുസഫ് കാക്കയെ കഞ്ഞി കുടിക്കാൻ കണ്ടില്ല. പിന്നാരോ പറഞ്ഞറിഞ്ഞു, ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടൽക്കരയിൽ ശവം പൊന്തിയത്രേ.

രവി പതിയെ വിഷയം മാറ്റി. ഡ്രേക്ക് എന്ത് വൃത്തിയായി വീട് സൂക്ഷിക്കുമായിരുന്നു. നമ്മോട് സംസാരിച്ചിരിക്കുമ്പോൾ പോലും ടേബിളിൽ കിടക്കുന്ന ന്യുസ് പേപ്പർ മടക്കി ടീപ്പോയുടെ അടിത്തട്ടിൽ വെക്കും.റിമോട്ട് നേരെ വെക്കും പുറത്തേക്കിറങ്ങുമ്പോൾ അടുത്ത ഫ്ലാറ്റിനു മുന്നിലെ ഡോർ മാറ്റ് പോലും നേരെയാക്കുമായിരുന്നു, രവി ചിരിച്ചു.

ഞാനിപ്പോഴുമോർക്കുന്നു. അമേരിക്കയിൽ നിന്ന് ആ നശിച്ച കോൾ വന്ന ദിവസം. അലൻ പറഞ്ഞു.എത്രയോ കാലത്തെ ഡ്രേക്കിന്റെ അധ്വാനമായിരുന്നു ഫാഷൻ ജയന്റ് ജെ സി പെന്നീസിന്റെ വെയർ ഹൗസിലേക്ക് വലിയൊരു ട്രക്ക് നിറഞ്ഞു കയറുമ്പോൾ അപായ മണിയുടെ രൂപത്തിൽ ആവിയായിപ്പോയത്. അങ്ങിനെയൊരു ഓർഡർ മാസങ്ങൾക്കു മുൻപേ തന്നെ കാൻസൽ ചെയ്തതായി അവർ ഏജന്റിനെ അറിയിച്ചിരുന്നുവത്രെ. അയാൾ അയച്ച ഇ മെയിൽ ജങ്കിലും പോയി. ഒറ്റ നിമിഷം കൊണ്ടല്ലേ ഡ്രേക്ക് എന്ന ഓണ്ടപ്രൂണർ വിവിധ രാജ്യങ്ങളിലെ സപ്ലയേഴ്‌സിന് കോടികളുടെ കടക്കാരനായത്

ഗാസയിൽ ദിവസങ്ങൾ നീണ്ട വെടി നിർത്തൽ അവസാനിച്ചുവെന്നും വീണ്ടും ബോംബാക്രമണം തുടങ്ങിയെന്നും ഇന്ന് 150 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും റഷ്യാ ടുഡേ ലിവിങ് റൂമിലെ ചുവരുകളെ പ്രകമ്പനം കൊള്ളിക്കുന്നത്ര വോളിയത്തിൽ പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പിൽ മുംബൈയിൽ നിന്ന് റാഫിയുടെ ശബ്ദം ഒഴുകിയെത്തിയത്. ” പൈലറ്റിന്റെ വീട്ടിൽ ഒരു പുതിയ ഡെൽസി പെട്ടി എത്തിച്ചു കൊടുത്തിട്ടുണ്ട്, ഡ്രേക്ക് രവിയുടെ ഫ്ലാറ്റിൽ ഉപേക്ഷിച്ചു പോയ പെട്ടിയുടെ അതേ വലിപ്പത്തിലും നിറത്തിലുമുള്ള ഒന്ന്. പഴയ മംഗളം മാസിക സംഘടിപ്പിക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.” റാഫി മുംബൈയിലെ ട്രേഡ് യൂണിയൻ നേതാവാണ്. ഒറ്റ ഫോൺ കോളിൽ നിമിഷ നേരം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളയാൾ. “ഇനി പൈലറ്റ് വിളിക്കില്ല” റാഫി പറഞ്ഞു.

രവി ചിരിച്ചു അനാദിയായ ചിരി

ഗാസയിലെ മോർച്ചറികൾ നിറഞ്ഞു കവിഞ്ഞതിനാൽ ഇപ്പോൾ കുട്ടികളുടെ മൃത ശരീരം സൂക്ഷിക്കാൻ ഐസ്ക്രീം കമ്പനികളുടെ ഫ്രീസർ ഉള്ള ട്രക്കുകൾ ആണു ഉപയോഗിക്കുന്നത് എന്നു റഷ്യാ ടുഡേ ഉറക്കെ പറഞ്ഞത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.

രവി ടിവി ഓഫ് ചെയ്യാൻ മറന്നു എപ്പോഴേ ഉറങ്ങിത്തുടങ്ങിയിരുന്നു

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like