പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾ വരണമോ വേണ്ടയോ?

സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾ വരണമോ വേണ്ടയോ?

ചോദ്യം : വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതാർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ? അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ?

സർവ്വകലാശാലകളെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലാത്ത ചാൻസലർമാരും പ്രോചാൻസലർമാരും വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും നിയമിതരായി ചട്ടുകവൃത്തി ചെയ്യുന്ന ഇടങ്ങളാണ് ഇന്നാട്ടിലെ സർവ്വകലാശാലകൾ. അതിനാൽ അവ യഥാർത്ഥത്തിൽ സർവകലാശാലകളേയല്ല. കലയോ ചിന്തയിലെ കലാപങ്ങളോ അവിടെ നിന്ന് ഉണ്ടാകുന്നില്ല. ഒരു ജനത എന്ന നിലയിലോ ഭാഷാസമൂഹമെന്ന നിലയിലോ സിവിൽസമൂഹമെന്ന നിലയിലോ വൈജ്ഞാനിക സമൂഹമെന്ന നിലയിലോ അഭിമാനിക്കുന്നതിനിട നൽകുന്ന കാര്യങ്ങൾ അവിടെ നടക്കുന്നില്ല. ഭാവനാശാലികളായ ആളുകൾ അവയെ നയിക്കാനില്ല. അപവാദങ്ങൾ കണ്ടേക്കാമെങ്കിലും. ബിരുദ സർട്ടിഫിക്കറ്റു വിറ്റു നിലനിൽക്കുന്ന വലിയ സ്വാശ്രയ കോളേജാണ് ഓരോ യൂണിവേഴ്സിറ്റിയും . സർക്കാർ ശമ്പളം പറ്റുന്നവർ പ്രവർത്തിക്കുന്നു, വിദ്യാർത്ഥികൾക്ക് സൗജന്യ പഠനാവസരം ഒരുക്കുന്നു- ഇത്തരം ചില വ്യത്യാസങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നവരുടെ താവളങ്ങളാകാൻ അവ വിധിക്കപ്പെട്ടിരിക്കുന്നു. മികച്ച വിദ്യാഭ്യാസമോ മൂല്യ ബോധമോ അവ വളർത്തുന്നില്ല. അവയ്ക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്കോളർഷിപ്പ് ആഗ്രഹിക്കുന്നവർ നമ്മുടെ സർവ്വകലാശാലകളെ ഉപേക്ഷിച്ച് കടന്നുകളയുവാൻ താല്പര്യപ്പെടുന്നു. ഇതൊക്കെ പരിഗണിച്ചാൽ കുറച്ചു കൂടി ഉത്തരവാദിത്തബോധമുള്ള സ്ഥാപനങ്ങൾ – അവ നാടൻ സംരഭങ്ങളായാലും വിദേശവക സംരംഭങ്ങളായാലും ശരി – വന്നാൽ നല്ലതായിരിക്കും. പഠനവും ഗവേഷണവും ചിന്താപരമായ ഉണർവും സാഹോദര്യവും മുൻഗണന നേടുന്ന സ്ഥാപനങ്ങൾ ആയി മത്സരബുദ്ധിയോടെ ഉന്നതവിദ്യാഭ്യാസം ഉറപ്പുവരുത്താൻ അവക്ക് കഴിയുമെങ്കിൽ അത് സ്വാഗതാർഹമാണ്. പക്ഷേ ഇതൊന്നും ഈ നാട്ടിൽ നടക്കുമെന്ന് തോന്നില്ല. എന്തും വെടക്കാക്കാനറിയുന്ന ഒരു ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like