പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (എൻ പി ആഷ്‌ലി) :

എൻ പി ആഷ്‌ലി

കേരളത്തിലെ രാഷ്ട്രീയത്തെ പാർട്ടി ഭേദമന്യേ ഒരുമിപ്പിക്കുന്ന ചിന്താധാതു അതിൻറെ പുരുഷരാഷ്ട്രീയതാല്പര്യങ്ങളാണ്. നിങ്ങൾ എന്ത് കൊണ്ട് ഒന്നും ചെയ്യുന്നില്ല എന്ന് സ്ത്രീകളോട് ചോദിച്ചിട്ടു കാര്യമില്ല- ഏതു സാമൂഹികപ്രവർത്തനവും നടക്കുന്നത് ഒരു ആവാസവ്യവസ്ഥയിലാണ്. ആ വ്യവസ്ഥ ഇന്നും ആണുങ്ങൾ പല നിലക്ക് നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെലിംഗസമത്വത്തിൻറെ ഏറ്റവും വലിയ പരാധീനത സ്ത്രീവാദത്തെ ഒരു ആശയവാദം മാത്രമാക്കി മാറ്റിയ പുരുഷാധിപത്യമാണ്. സ്ത്രീവാദവും ആണുങ്ങൾക്ക് ചർച്ച ചെയ്യാനുള്ള ഒരു വിഷയം മാത്രമായി. ഈ ചർച്ചാമണ്ഡലത്തിൻറെ ശക്തിയെ ബുദ്ധിപരമായി ഭേദിക്കുക വലിയൊരു പണിയാണ്. മാത്രവുമല്ല, മതപരമായും രാഷ്ട്രീയമായും ഉള്ള വൈജാത്യങ്ങളെ സ്ത്രീകൾക്കിടയിലുള്ള വൈരുധ്യമായി അവതരിപ്പിക്കാൻ കേരളത്തിലെ ആണുങ്ങൾക്ക് നല്ല മിടുക്കുണ്ട്. ജാതി-മത അടിസ്ഥാനത്തിൽ വേഷം ധരിക്കുന്നത് ഇന്ത്യയിൽ അങ്ങോളമിങ്ങോളം കാണാമെങ്കിലും സമുദായമേതായാലും ആണുങ്ങൾക്ക് ഒരു സാമാന്യവേഷവും സ്ത്രീകൾക്ക് അവരുടെ സമുദായ ചിഹ്നങ്ങൾ അടങ്ങിയ വേഷവും ധരിക്കേണ്ടിവരുന്ന കേരളത്തിലെ സവിശേഷ അവസ്ഥ നമ്മുടെ മനോഭാവം തന്നെ ആണ് കാണിക്കുന്നത്. പ്രവാസധനം കൊണ്ട് തീർത്തും മുതലാളിത്തപരമായ സാമ്പത്തികാവസ്ഥ ഉണ്ടായിക്കഴിഞ്ഞിട്ടും നമ്മുടെ സാമൂഹിക മൂല്യങ്ങൾ ജന്മിത്വകാലത്തേതു തന്നെയാണ്. ഈ രണ്ടുലോകബോധങ്ങളുടെയും സ്ത്രീവിരുദ്ധത അനുഭവിക്കേണ്ടി വരുന്നവരാണ് കേരളത്തിലെ സ്ത്രീകൾ.

പാർട്ടി രാഷ്ട്രീയം കൊടികുത്തിവാഴുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിൽ. രാഷ്ട്രീയാധികാരം കൊണ്ട് മാത്രമാണ് എന്തും നന്നാവുകയോ നശിക്കുകയോ ചെയ്യുന്നത് എന്നൊരു ബോധ്യം നിലനിർത്തുന്ന സംസ്ഥാനത്ത് ഇങ്ങനെ ഒരു അവസ്ഥയിൽ നിന്ന് പുറത്തുകടക്കുക എളുപ്പമല്ല.

അതിനുള്ള വഴികളിൽ പ്രധാനം ഭരണഘടനാദേശീയതയെ അടിസ്ഥാനപ്രമാണമാക്കുന്ന ഒരു ചിന്താധാര വികസിപ്പിക്കുക തന്നെ ആണ്. ഇന്ത്യൻ സമൂഹത്തെക്കാൾ എത്രയോ ധാർമികമായ കാഴ്ചപ്പാടുണ്ട് ഇന്ത്യൻ ഭരണഘടനക്ക്. ആ ഭരണഘടന ആണ് നമ്മെ പൗരരും ഭരണാധികാരികളെ ഭരണാധികാരികളും ആക്കുന്നത്. ആണുങ്ങളുടെ ഫ്യൂഡൽ-മുതലാളിത്തബോധങ്ങളെ ചുരുക്കാനും പെണ്ണുങ്ങളുടെ മേലുള്ള സാമൂഹ്യ-രാഷ്ട്രീയ-ബൗദ്ധിക അടിച്ചേൽപ്പിക്കലുകളെ തള്ളിക്കളഞ്ഞു വളരാനും ഈ ഒരു ചട്ടക്കൂട് സഹായിക്കും. ഇപ്പോഴുള്ള രാഷ്ട്രസംവിധാനത്തിൽ ഉള്ളവരെയും ഇത് പഠിപ്പിച്ചെടുക്കണം.

മതപരമായ വിശ്വാസം ഓരോരുത്തരുടെയും അവകാശമാണ് എങ്കിലും മറ്റൊരാളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വിധം ആരെങ്കിലും വിശ്വാസത്തെ ഉപയോഗിക്കുന്നുവെങ്കിൽ അതും നിർത്തലാക്കപ്പെടണം.

പിന്നീട് വേണ്ടത് പ്രായോഗികമായ വഴികൾ ആണ്: കുടുംബവുമായുള്ള പ്രശ്നങ്ങളിൽ യാതൊരു തരം പിന്തുണയും രാഷ്ട്രസംവിധാനത്തിൽ നിന്ന് കിട്ടാത്ത അവസ്ഥ എപ്പോഴുമുണ്ട്.

എല്ലാ പോലീസ് സ്റ്റേഷനുകളിലും പകുതിപ്പേരെങ്കിലും സ്ത്രീകൾ ആവണം എന്നൊരു നിയമം വരണം. ഗാർഹികപീഡനം, സ്ത്രീധനം, പ്രായമാവാത്തതോ വധുവിന് സമ്മതമില്ലാത്തതോ ആയ കല്യാണങ്ങൾ, വിവാഹമോചനം എന്നിവയിൽ ഉള്ള പരാതികൾ കൈകാര്യം ചെയ്യുന്ന ഓഫീസുകളിൽ 75 ശതമാനമെങ്കിലും സ്ത്രീകൾ ആയി മാറണം.

ലിംഗസമത്വത്തെപ്പറ്റിയുള്ള ബൗദ്ധികമായ അവബോധമാണ് മറ്റൊരു കാര്യം. കോളേജുകളും സ്കൂളുകളും കുടുംബശ്രീ തുടങ്ങിയ നെറ്റ്‌വർക്കുകളുമടക്കം ഇപ്പോൾ ഉള്ള ഇടങ്ങളിൽ ലിംഗസമത്വത്തെക്കുറിച്ചുള്ള വായനയും ചർച്ചയും നടക്കണം. നമ്മുടെ സാംസ്കാരികരംഗത്തെ സ്ത്രീവാദത്തിൻറെ കണ്ണിലൂടെ വിമർശനവിധേയമാക്കാനും പുതിയ ഒരു ഭാവുകത്വത്തെ മുന്നോട്ടു കൊണ്ടുവരാനും സ്ത്രീകളുടെ വർധിച്ച പങ്കാളിത്തത്തോടൊപ്പം തന്നെ പ്രധാനമാണ് ബൗദ്ധിക മണ്ഡലത്തിൽ നടക്കേണ്ട ചർച്ചകൾ. വലിയൊരു പരിഭാഷായജ്ഞത്തിലൂടെ കൂടി ഈ സംരംഭത്തിനു മുതൽ കൂട്ടാം.

സാമ്പത്തികതാല്പര്യങ്ങളെപ്പോലെ, ജാതി താല്പര്യങ്ങളെപ്പോലെ, ലിംഗതാല്പര്യങ്ങളും മനുഷ്യരെ നിയന്ത്രിക്കുന്നു എന്നു മനസ്സിലാക്കുകയും അതിനെ പല തലങ്ങളിൽ- സ്വന്തത്തിൽ, സമൂഹത്തിൽ, സംസ്കാരത്തിൽ, സാങ്കേതികതയിൽ, ചരിത്രത്തിൽ- പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും പ്രതിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുകയാവാം നമ്മുടെ മുമ്പിലുള്ള ധാർമികമായ ദൗത്യം.

Comments
Print Friendly, PDF & Email

You may also like