പൂമുഖം LITERATUREലേഖനം കുപ്പിയിൽ നിന്ന് പുറത്തു വന്ന ഭൂതം

കുപ്പിയിൽ നിന്ന് പുറത്തു വന്ന ഭൂതം

നമ്മൾ ഒരു വലിയ ആശയ വിനിമയ വിസ്ഫോടനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. പുതിയ സാങ്കേതിക വിദ്യകൾ തെരുവിൽ നിൽക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ശബ്ദം പോലും നമ്മെ കേൾപ്പിക്കുന്നു, ചിലപ്പോൾ അത്തരം ശബ്ദങ്ങളെ അത് വൈറൽ ആക്കുന്നു, പുതിയ പുതിയ ചിന്തകൾക്ക് കാരണമാക്കുന്നു.

എന്ത് കൊണ്ടാണ് ചിത്രപ്രദർശനങ്ങൾ പൊതു നിരത്തിൽ നടത്താത്തത് എന്ന് പണ്ടാരോ ചോദിച്ചപ്പോൾ കിട്ടിയ ഒരു മറുപടി, വഴിയരുകിലൂടെ നടന്നു പോകുന്ന ഒരു സാധാരണക്കാരന്റെ നിഷ്കളങ്കചോദ്യത്തിന് ചിത്രകലയെ കുറിച്ചുള്ള അടിസ്ഥാന സങ്കൽപ്പങ്ങൾ തന്നെ ഒരു പക്ഷെ തകർത്തെറിയാനാവും എന്ന ഭയമുള്ളതുകൊണ്ടാണ് എന്നായിരുന്നു

നോക്കൂ വഴിയരുകിൽ നിന്ന് ഒച്ച വെക്കുന്ന, തെറി പറയുന്ന, ഫിലോസഫി പ്രസംഗിക്കുന്ന സാധാരണ മനുഷ്യരെ കാണാത്തതു പോലെ അതിവേഗം ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു ഇത്ര കാലവും നമ്മുടെ ശീലം. അവരെ അഡ്രസ് ചെയ്യുന്നത് മാന്യതക്ക് നിരക്കുന്നതായിരുന്നില്ല. പണ്ഡിതർ തങ്ങളുടേതായ ദന്ത ഗോപുരങ്ങളിൽ വസിച്ചു, മൊഴി മുത്തുകൾ താഴേക്ക് എറിഞ്ഞു കൊടുക്കുന്നതായിരുന്നു പൊതു രീതി. ഒരു പണ്ഡിതനും ഒരിക്കലും മറ്റൊരു പണ്ഡിതനാലല്ലാതെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പാമരനെ കുറിച്ച് പോലും ഖണ്ഡകാവ്യങ്ങൾ എഴുതിയുണ്ടാക്കിയിരുന്നത് പണ്ഡിതർ ആയിരുന്നു. പാമരന്, ദരിദ്രന്, തെരുവിലെ സാധാരണക്കാരന് അഭിപ്രായങ്ങൾ പറയാൻ വേദികൾ ഉണ്ടായിരുന്നില്ല. പത്രങ്ങളിലൂടെയും മറ്റും നമ്മൾ പണ്ഡിതജന്യമായ കുറിപ്പുകൾ മാത്രമാണ് വായിച്ചിരുന്നത്. നിരവധിപേരാൽ പല തവണ എഡിറ്റ് ചെയ്യപ്പെട്ട, പണ്ഡിത സമൂഹം അംഗീകരിക്കുമെന്നുറപ്പുള്ള, പൊതുവെ മാന്യമെന്നും സഭ്യമെന്നും വീട്ടിൽ കയറ്റാൻ കൊള്ളാവുന്നതെന്നും തോന്നുന്നതുമായ വാർത്തകൾ മാത്രമാണ് പത്രങ്ങളിൽ പോലും വന്നിരുന്നത്. അല്ലാത്തവയെല്ലാം അപൂർവ്വമായി പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അത് വെറും ക്രൈം ന്യുസായും ഒറ്റപ്പെട്ടതായും അങ്ങേയറ്റം നെഗറ്റിവ് ആയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.കുറ്റവാളിയുടെ മഞ്ഞ സാരിയുടെ ഭംഗിയോ, അയാൾ ധരിച്ചിരുന്ന റെയ്ബാൻ ഗ്ലാസിന്റെ വിലയോ ഒന്നും പൊതുവെ ചർച്ചാവിഷയങ്ങൾ ആയിരുന്നില്ല. സമൂഹത്തിനു വേണ്ടത് മുകളിൽ നിന്ന് താഴേക്കിട്ടു കൊടുക്കുന്ന എഡിറ്റർമാർ. എന്തിനു സർക്കാരുകളും രാഷ്‌ട്രീയ നേതാക്കളും ഒക്കെ അങ്ങിനെയുള്ള ദിവ്യാംഗന്‍മാരായിരുന്നു ( നമ്മൾ ഇപ്പോഴും ഹീറോവർഷിപ്പ് നടത്തുന്ന പല നേതാക്കളും ഇക്കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ സീറോകൾ ആകുമായിരുന്നു)

വിഷയത്തിൽ നിന്നു മാറിപ്പോകുന്നുവെന്നു തോന്നുന്നു. നമ്മൾ പറഞ്ഞു വന്നത് ഇത്രകാലവും അറിവ് മുകളിൽ നിന്ന് താഴേക്ക് പകരുന്ന ഒന്നായിരുന്നു എന്നതാണ്. ഒരു വളരെ സെലക്ടീവ് ആയുള്ള വൺവേ കമ്മ്യുണിക്കേഷൻ. അതിനെയാണ് നൂതന സാങ്കേതിക വിദ്യകൾ തകർത്തു കളഞ്ഞത്

അത് വഴിയരുകിൽ നിന്ന് എന്തൊക്കെയോ പുലമ്പുന്ന മനുഷ്യനെ കേൾക്കുക മാത്രമല്ല അയാളെ വിചാരണ ചെയ്യാനും തുടങ്ങി. പണ്ഡിതർ മാത്രം നല്ലവരായാൽ പോരാ തെരുവിലെ അതി സാധാരണക്കാരനും നല്ലവനാകണമെന്നു ശാഠ്യം പിടിച്ചു . അവന്റെ തെറ്റായ വാക്കുകളെ, ആശയങ്ങളെ സോഷ്യൽമീഡിയയിൽ നിർത്തിപ്പൊരിച്ചു, പിന്നെയവ ചാനലുകളും ഏറ്റെടുത്തു. യൂ ട്യൂബ് പോലുള്ള മാധ്യമങ്ങൾ അടുക്കളകളെയും അന്യന്റെ വീട്ടകങ്ങളെയും പൊതു സദസ്സിലേക്ക് കൊണ്ട് വന്നു. വാട്സാപ്പ് അറിവുകളെയും അറിവില്ലായ്മകളെയും അതിവേഗം കൂടുതൽ പേരിലെത്തിച്ചു. ഗൂഗിൾ ഏതു പണ്ഡിതനെയും ചോദ്യം ചെയ്യാൻ സാധാരണക്കാരനെ പ്രാപ്തനാക്കി. നേരത്തേ പറഞ്ഞ അതിരുകൾ അതിവേഗം ഇല്ലാതായി. പണ്ഡിതന്റെ പാമരത്വവും പാമരന്റെ പാണ്ഡിത്യവും വെളിപ്പെട്ടു

ഇക്കാലമത്രയും അറിവുകൾ താഴേക്ക് എറിഞ്ഞു കൊടുക്കുമ്പോൾ പണ്ഡിത ലോകത്തിനു അറിയാമായിരുന്നു അത് വളരെ ചെറിയ ഒരു വിഭാഗം മനുഷ്യരിലേക്കേ എത്തുന്നുള്ളുവെന്ന്, ഭൂരിപക്ഷവും പത്ര മാസികകൾ വായിക്കാറു പോലുമില്ലെന്ന്. അത് പക്ഷെ അവനെ അലട്ടിയിരുന്നില്ല. പണ്ഡിതസദസ്സിലെ ആദരവ് മാത്രമായിരുന്നു അവനെ അലട്ടിയിരുന്നത്. പണ്ഡിതർ ബഹുമാനിക്കുമ്പോൾ മറ്റവരും എണീറ്റു നിൽക്കുമെന്ന് അവർ ഊഹിച്ചു, ലവന് മറ്റെന്തു മാർഗ്ഗം

അതിവേഗമാണ് ഈ മതിലുകൾ ഇടിഞ്ഞു വീണത്. ആശയ വിനിമയം ബഹുമുഖമായി.പെട്ടെന്നാണ് ജ്ഞാനവും പാണ്ഡിത്യവുമൊക്കെ വളരെ ചുരുങ്ങിയ ഒരു സദസ്സിലാണ് ബഹുമാനിക്കപ്പെടുന്നതെന്നും ഇത്രകാലവും തങ്ങൾ പറഞ്ഞതൊന്നും ബഹുഭൂരിപക്ഷം മനുഷ്യരെയും സ്വാധീനിച്ചിട്ടില്ലെന്നും ലോകം ഇപ്പോഴും വളരെയേറെയൊന്നും ആശയപരമായും ചിന്താപരമായും മുന്നോട്ട് പോയിട്ടില്ലെന്നും വളരെ പ്രിമിറ്റിവ് ആയ ജാതി മത വർഗ്ഗ വർണ്ണ ബോധത്തിൽ തന്നെയാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും കഴിയുന്നതെന്നും ഹീറോവർഷിപ്പും ശക്തനോടുള്ള ആരാധനയും ആൾക്കൂട്ടത്തോട് ചേർന്നു നിൽക്കാനുള്ള ത്വരയും ഇനിയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനാധിപത്യ ബോധവും ബൗദ്ധിക വിരുദ്ധതയും ഒക്കെയാണ് ഭൂരിപക്ഷത്തെ നയിക്കുന്നതെന്നും ദി സോ കോൾഡ് രാഷ്‌ട്രീയ ഭരണ വർഗ്ഗ ബുജി സമൂഹത്തിനു മനസ്സിലാകുന്നത്

ഈ ആശയ വിനിമയ വിസ്ഫോടനം മറ്റു ചില വാതിലുകൾ കൂടി തുറന്നിട്ടു. ഇ എം എസ് പണ്ട് പറഞ്ഞത് പോലെ ജനലുകളും വാതിലുകളും തുറന്നിട്ടാൽ ശുദ്ധവായുവും വെളിച്ചവും മാത്രമല്ല അല്പപ്രാണികളും കടന്നു വരും. അറിവ് മുകളിൽ നിന്ന് താഴേക്ക് ഒഴുകുന്നത് പോലെ അല്ലെങ്കിൽ അതിനേക്കാൾ വേഗത്തിൽ അറിവില്ലായ്‍മ പരക്കാൻ തുടങ്ങി, അതൊരു മഹാമാരി പോലെ അതിവേഗം പടർന്നു പിടിച്ചു

നിങ്ങൾ സന്തോഷിക്കുക എപ്പോഴാണ് ? നിങ്ങൾ പറഞ്ഞത് തെറ്റാണെന്നു മറ്റൊരാൾ നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുമ്പോഴാണോ അതോ നിങ്ങൾ പറഞ്ഞതാണ് ശരിയെന്നു ഒപ്പമുള്ളവർ തലയാട്ടി സമ്മതിക്കുമ്പോഴാണോ ? തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങളെ മറ്റുള്ളവർ അംഗീകരിക്കുമ്പോൾ തന്നെയാണല്ലോ. ഇത് തന്നെയാണ് സമൂഹ മനഃശാസ്ത്രത്തിലും സംഭവിക്കുന്നത്. തങ്ങൾ നൂറ്റാണ്ടുകളായി ശരിയെന്നു വിശ്വസിച്ചിരുന്ന, തങ്ങളിൽ രൂഢമൂലമായ,വർണ്ണ -വംശ -ഗോത്ര സങ്കല്പങ്ങളിൽ അധിഷ്ഠിതമായ ആശയങ്ങൾ – അത് ശരിയാണെന്ന തരത്തിൽ – കമ്മ്യുണിക്കേറ്റ് ചെയ്യുന്നവരോട് ആകും അത്തരം അന്ധവിശ്വാസങ്ങളിൽ മുങ്ങിക്കിടക്കുന്ന ഒരു സമൂഹത്തിനു താദാത്മ്യം പ്രാപിക്കാനാവുക. തങ്ങൾ കാലാകാലങ്ങളായി ശരിയെന്നു കരുതിയ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവരോട്, അത്തരം ജാതി മത വർണ്ണ വംശ നീതികൾ നടപ്പിലാക്കും എന്ന് പ്രഖ്യാപിക്കുന്നവരോട് ആകും – ഒരു സമൂഹത്തിൽ അത്തരം ചിന്തകളാണ് പ്രാഥമികമായി നിലനിൽക്കുന്നതെങ്കിൽ – ആ സമൂഹത്തിനു ആദരവ് തോന്നുക, അവരെയാണ് ആ സമൂഹം തങ്ങളുടെ രക്ഷാപുരുഷന്മാരായി കാണുക.

ഓരോ മനുഷ്യനും കരുതുന്നത് താൻ സ്വതന്ത്രമായി തന്റെ ആശയങ്ങളും വിശ്വാസങ്ങളും കണ്ടെത്തുന്നു എന്നാണ് . എന്നാൽ അതങ്ങനെയല്ല എന്ന് നമുക്കറിയാം. ഒരു സമൂഹത്തിൽ വ്യാപകമായി നിലനിൽക്കുന്ന പൊതു വിശ്വാസങ്ങൾ, ചിന്താരീതികൾ, ആചാരങ്ങൾ എന്നിവ ഓരോ മനുഷ്യനും തന്റേതു കൂടിയായി ഏറ്റെടുക്കുകയാണ്, വഴി മാറി നടക്കുന്നവർ അത്യപൂർവ്വം

ഭൂരിപക്ഷം വരുന്ന ഈ അതിസാധാരണ മനുഷ്യ സമൂഹങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അവയുടെ പ്രചാരകർ ആയി മാറുന്നവരെയാണ് ആൾക്കൂട്ടം പെട്ടെന്ന് സ്വീകരിക്കുന്നതും മാലയിട്ട് കൊണ്ട് നടക്കുന്നതും താലോലിക്കുന്നതും. തൻറെ നേതാവും താനും സംസാരിക്കുന്നതു ഒരേ ഭാഷയാകുമ്പോൾ അവർ പരസ്പരം വൈകാരികമായി കണക്ട് ചെയ്യപ്പെടുന്നു. ഇത്രകാലവും ന്യുനപക്ഷം വരുന്ന ദന്തഗോപുര വാസികളായ പണ്ഡിതവർഗ്ഗം തൻറെ ചിന്തകളെയും വികാരങ്ങളെയും കണ്ടില്ലെന്നു നടിച്ചു തനിക്കു നെടുനെടുങ്കൻ ബോറൻ ക്‌ളാസ്സുകൾ എടുക്കുകയായിരുന്നുവെന്നും തന്റെ ഗോത്രനിയമങ്ങളും ചിന്തകളും ആയിരുന്നു ശരി എന്നും അത് മനസ്സിലാക്കിയ തങ്ങളുടെ വിശ്വഗുരു ഇതാ അവതരിച്ചുവെന്നും അവർ ആഹ്ളാദിക്കും.

പുരോഗമനവാദികൾ എന്ന് നാം കരുതുന്ന സമൂഹം നേരത്തേ പറഞ്ഞ ദന്തഗോപുര വാസികളോട് മാത്രം ആശയവിനിമയം തുടരുമ്പോൾ ലോകമെങ്ങുമുള്ള വലതു തീവ്ര ചിന്തകർ രണ്ടാമത് പറഞ്ഞ ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ അജ്ഞതയോടും വൈകാരികതകളോടും ഭീതികളോടുമാണ് സംസാരിക്കുന്നത് . അത് കൊണ്ടാണ് അവർ ബോധപൂർവ്വം മയിലിന്റെ കണ്ണുനീരിൽ നിന്നാണ് മയിൽക്കുഞ്ഞുങ്ങൾ ഉണ്ടാകുന്നതെന്നും അതിർത്തി മതിൽ ഇല്ലാത്തതിനാൽ മെക്സിക്കോയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വരുന്നവർ നിങ്ങളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നും നിങ്ങളുടെ മതത്തിൽ കുട്ടികൾ കുറഞ്ഞാൽ നിങ്ങൾ അപ്രസക്തരാകും എന്നുമൊക്കെ അവരോടു പറയുന്നത്. അവരുടെ ഉള്ളിലുള്ള ഭീതികളെ, സംശയങ്ങളെ പെരുപ്പിച്ചു കാട്ടി ഒരു തികഞ്ഞ ആൾക്കൂട്ടമായി അവരെ മാറ്റുകയാണ് ലക്‌ഷ്യം. ആൾക്കൂട്ടത്തിനു അവർ ആഗ്രഹിക്കുന്ന മുദ്രാവാക്യങ്ങൾ എറിഞ്ഞു കൊടുത്താൽ അവർ എന്തും ചെയ്യുമെന്നതിനു നമുക്ക് സമീപകാല ഉദാഹരണങ്ങൾ നിരവധിയുണ്ടല്ലോ. അവർ കാപ്പിറ്റോൾ ഹിൽ വരെ ആക്രമിച്ചു പിടിച്ചെടുക്കും, താരതമ്യേന വികസിതം എന്ന് നമ്മൾ കരുതുന്ന സമൂഹങ്ങളിൽ പോലും.

അത്തരം ആൾക്കൂട്ടങ്ങളുടെ മുഖമുദ്ര ബൗദ്ധിക വിരുദ്ധതയാണ്. തങ്ങളുടെ ഗോത്രമാണ്, വംശമാണ് ഏറ്റവും മെച്ചപ്പെട്ടത് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിനു പിന്നെ തങ്ങളുടെ ഗോത്രനേതാവ് പരമപൂജ്യനായി മാറും. അയാൾ പറയുന്ന എല്ലാ തെറ്റുകളും ശരികളാകും.ഇക്കഴിഞ്ഞ ദിവസം 30 ലേറെ പേർ ഒരു പാസ്റ്ററിന്റെ വാക്കുകൾ കേട്ട് ദൈവത്തെ നേരിൽ കാണാനായി ദിവസങ്ങളോളം പട്ടിണി കിടന്നു മരിച്ചത് നമ്മൾ വായിച്ചതാണല്ലോ. അവരിൽ കുട്ടികൾ വരെയുണ്ടായിരുന്നു. തങ്ങളുടെ മക്കൾ ദിവസങ്ങളോളം പട്ടിണി കിടന്നു ഇഞ്ചിഞ്ചായി മരിക്കുന്നതു വിശ്വാസത്തിന്റെ പേരിൽ നോക്കിനിന്ന രക്ഷിതാക്കളും. എല്ലാ ലോജിക്കുകളും അപ്രസക്തമാകുന്ന ഒരവസ്ഥയാണത്

നമ്മൾ പറഞ്ഞു വന്നത് പുരോഗമനാശയങ്ങൾ താഴേക്ക് മാത്രം ഒഴുകിയിരുന്ന ഒരു ആശയ വിനിമയ മോഡിൽ നിന്ന് ബഹുമുഖമായ കമ്മ്യുണിക്കേഷൻ സാധ്യമാക്കിയ ടെക്‌നോളജിക്കൽ റെവല്യൂഷനെ കുറിച്ചാണല്ലോ. അങ്ങിനെയുള്ള ഒരു പുതിയ സമൂഹത്തിൽ ഭൂരിപക്ഷ സമൂഹങ്ങൾക്കിടയിൽ രൂഢമൂലമായ പിന്തിരിപ്പൻ ആശയങ്ങൾ തിരിച്ചും പരക്കും.എന്ന് മാത്രമല്ല ഭൂരിപക്ഷത്തിന്റെ ചിന്തകൾ ആയതിനാൽ തന്നെ അവ അധികാര സ്വഭാവം കൈവരിക്കുകയും ചെയ്യും. അത്തരമൊരു ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്

ഒരായിരം വർഷം കഴിഞ്ഞു മനുഷ്യ ചരിത്രം എഴുതുന്ന ചരിത്രകാരന്മാർ ഒരു പക്ഷെ അത്ഭുതപ്പെട്ടേക്കാം കൃത്യമായ പരിസ്ഥിതിബോധം ഒക്കെ വച്ച് പുലർത്തിയിരുന്ന ഒരു അക്കാദമിക് സമൂഹമുണ്ടായിരുന്ന മനുഷ്യനു ഇക്കാലത്തു ഇതെന്തു പറ്റി എന്ന്. കാലാവസ്ഥ വ്യതിയാനം പോലെയുള്ള വലിയ ഭീഷണികളെ ഈ സമൂഹം, അറിവുണ്ടായിരുന്നിട്ടും എന്ത് കൊണ്ട് വേണ്ട രീതിയിൽ നേരിട്ടില്ലെന്ന് ? പരിസ്ഥിതി വിരുദ്ധ ശക്തികൾ എങ്ങിനെ ഈ പ്രബുദ്ധ സമൂഹത്തിൽ മേൽക്കൈ നേടിയെന്ന് ? പ്രബുദ്ധത മേൽത്തട്ടിൽ മാത്രമായിരുന്നെന്നും ജ്ഞാനവും അജ്ഞാനവും തമ്മിലുണ്ടായ യുദ്ധത്തിൽ ഒടുവിൽ ഭൂരിപക്ഷത്തിന്റെ പിന്തിരിപ്പൻ അഭിവാഞ്ഛകളുടെ തോളിൽ കയറി നിന്ന് യുദ്ധം നയിച്ച ആൾക്കൂട്ട നേതൃത്വം വിജയം വരിച്ചുവെന്നും ഒരുപക്ഷെ അവർ കണ്ടെത്തുമായിരിക്കും.

കുപ്പിയിൽ നിന്ന് പുറത്തു വന്ന ഈ ആശയവിനിമയ ഭൂതത്തെ ഇനി എന്താണ് ചെയ്യാൻ കഴിയുക? തിരിച്ചു കുപ്പിയിലടക്കുക സാധ്യമല്ല തന്നെ. യൂറോപ്പിനെ പണ്ട് പിടികൂടിയ ഒരു ദുർഭൂതത്തെ ഓർമ്മയുണ്ടാവുമല്ലോ. അത് പോലൊരു സാഹചര്യമാണിത്. ഇനിയുള്ള ഒരെയൊരു പരിഹാര മാർഗ്ഗം ഭൂരിപക്ഷ ജനതയെയും ജനാധിപത്യ വൽക്കരിക്കുക എന്ന ഹെർക്കുലിയൻ ടാസ്ക് ആണ്. അത് അത്ര അസാധ്യമല്ല ഇപ്പോൾ പുറത്തു വന്ന ഇതേ ഭൂതം അതെളുപ്പമാക്കും. ആശയവിനിമയം ഇരുവശത്തേക്കും അത് സാധ്യമാക്കുന്നുണ്ടല്ലോ. അപ്പൊ അത് തുറന്നു തരുന്ന പുതിയ മാർഗ്ഗങ്ങൾ ശരിയായ വിധത്തിൽ ആൾക്കൂട്ട മനഃശാസ്ത്രം മനസ്സിലാക്കി ഉപയോഗിക്കുക. ഭൂരിപക്ഷത്തിന്റെ അജ്ഞതയെ അപഹസിച്ചു അത് വഴി അവരുടെ കാതുകൾ കൊട്ടിയടച്ചാൽ അത്തരമൊരു പരസ്പര ആശയവിനിമയം (two way communication) സാധ്യമാകില്ല. നിർഭാഗ്യവശാൽ നമ്മൾ പുരോഗമനപക്ഷത്തെന്ന് കരുതുന്നവരിൽ നിന്നും ഇത്തരം പുഛരസം കലർന്ന, ആ പക്ഷത്തിനു മാത്രം ആസ്വദിക്കാൻ കഴിയുന്ന, മറ്റുള്ളവരെ എതിർപക്ഷത്തു നിർത്തുന്ന ആശയവിനിമയങ്ങളാണ് ഇപ്പോഴും കാണുന്നത്. ആക്രമിക്കപ്പെട്ടാൽ ഏതു ചെന്നായ്ക്കൂട്ടവും കൂടുതൽ പറ്റം ചേരുകയേയുള്ളു.

അറുപതുകളിലും എഴുപതുകളിലും കേരളത്തിലും ലോകമെങ്ങും ഉണ്ടായ പോലെ നമ്മുടെ ചിന്തകരും കവികളും കലാകാരന്മാരും ഒക്കെ തങ്ങളുടെ ദന്തഗോപുരങ്ങൾ വിട്ട് ജനങ്ങളിലേക്ക് ഇറങ്ങുക മാത്രമാണ് ഒരു വഴി. പുതിയൊരു സാംസ്‌കാരിക വിപ്ലവം. ജനത്തോട് ചേർന്ന് നിന്ന് കൊണ്ട് അവരോടു സ്നേഹ സംവാദങ്ങൾ നടത്തുക, ആശയ പ്രചരണം നടത്തുക. അതിനു തങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്ന ബോധ്യമുണ്ടാകണം, അവരെ ശത്രുപക്ഷത്തു നിർത്താതെ അവരോട് സംസാരിക്കണം, അവരുടെ ഭീതികളെ അഭിസംബോധന ചെയ്യണം. കൂടുതൽ പരന്ന ഒരു ലോകം സൃഷ്ടിക്കപ്പെടണം

Comments
Print Friendly, PDF & Email

You may also like