ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?
ഉത്തരം : പ്ലേറ്റോ മുതല്‍ ചോംസ്കി മുതലുള്ള ചിന്തകരെല്ലാം തന്നെ വിദ്യാഭ്യാസം ആത്യന്തികമായി സാമൂഹ്യനീതിയും സ്വാതന്ത്യബോധവും, മാനവികതയും ആർ ജ്ജിക്കാനുള്ള മാർഗം ആയിട്ടാണ് കണ്ടത്. പൌലോ ഫ്രെയര്‍ അത് മർദ്ദിതരുടെ ബോധനശാസ്ത്രം തന്നെ ആക്കി മാറ്റി. കുട്ടികളെ സ്വപ്നം കാണാനും മനുഷ്യരാകാനും പ്രേരിപ്പിക്കുന്ന ഒന്നാവണം വിദ്യാഭ്യാസം. പകരം ഇന്ന് സംഘപരിവാര്‍ ചെയ്യുന്നത് കുട്ടികളെ രാഷ്ട്രീയ-സാമൂഹ്യബോധമില്ലാത്ത അരാഷ്ട്രീയവാദികൾ ആക്കലാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തില്‍ നിന്ന് രാഷ്ട്രീയവും ചരിത്രവും ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇന്ന് ചരിത്രപഠനം ആവശ്യമില്ലെന്ന് പറയുന്നവർ നാളെ രാഷ്ട്രതന്ത്രവും ഒഴിവാക്കാം എന്ന് പറയും. വിദ്യാഭ്യാസത്തെ വിപണിയുടെ താല്പര്യങ്ങളുമായി കൂട്ടിയിണക്കാനുള്ള ഇത്തരം ചിന്താരീതിയുടെ വക്താക്കൾ ഇന്ന് വർദ്ധിച്ചു വരുന്നുണ്ട്.
ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച എല്ലാ ഫാസിസ്റ്റുകളും ആദ്യം കൈവെച്ചിട്ടുള്ളത് ചരിത്രപാഠപുസ്തകങ്ങളിലായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും ചരിത്രപാഠങ്ങളില്‍ നിന്നും പുതുതലമുറയെ അജ്ഞരാക്കി മാറ്റിനിർത്തുകയെന്ന ലക്ഷ്യമാണ് ഈ തിരസ്‌കാരത്തിന് പിന്നിലുള്ളത് എന്ന് ഊഹിക്കാം.
പൗരത്വവും ഫെഡറലിസവും സംരക്ഷിക്കുന്നതിനും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനുമായി ഇന്ത്യയില്‍ അതിശക്തമായ സമരങ്ങള്‍ നടന്ന കാലമാണ് രണ്ടാം നരേന്ദ്രമോദി സർക്കാ റിന്റെ ഭരണകാലം. ഈ സമരങ്ങളുടെയെല്ലാം പോർമുഖങ്ങളില്‍ മുന്നണിപ്പോരാളികളായി ഇന്ത്യയിലെ കലാലയങ്ങളില്‍ നിന്നുള്ള അസംഖ്യം വിദ്യാർത്ഥി കള്‍ ഉണ്ടായിരുന്നു. ഡല്ഹിയിലെ തെരുവുകളില്‍ വിദ്യാർത്ഥി കള്‍ പടർത്തിയ പ്രതിഷേധത്തീയില്‍ നിന്നാണ് രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ സമരങ്ങളുടെ വേലിയേറ്റങ്ങള്‍ പിന്നീടുണ്ടായതും രാജ്യവ്യാപക പൗരത്വവിരുദ്ധസമരങ്ങളാല്‍ കേന്ദ്രം പ്രതിരോധത്തിലായതും. അത്‌കൊണ്ട്കൂടിയാവാം വളർന്നു വരുന്ന തലമുറ മതേതരത്വത്തിന്റെയും, ജനകീയസമരങ്ങളുടെയും ബാലപാഠം കൂടി അറിയേണ്ടതില്ലെന്നു അവര്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസത്തിന്റെ കാവിവല്ക്കരണം എന്ന അജണ്ട മാത്രമല്ല, ഒപ്പം വിദ്യാർത്ഥികളെ രാഷ്ട്രീയബോധമില്ലാത്ത, സാമൂഹ്യബോധമില്ലാത്ത, ലിബറല്‍ മാനവിക ബോധമില്ലാത്ത പൌരന്മാരാക്കി മാറ്റിയെടുക്കാനുള്ള സ്ഥാപിത താല്പര്യമാണു വാസ്തവത്തിൽ ഈ ചരിത്രം വെട്ടിച്ചുരുക്കലില്‍ നിന്നും വ്യക്തമാകുന്നത്. ബഹുസ്വരവും, മതനിരപേക്ഷവും, ജനകീയവുമായ നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന് മുകളില്‍ മതാത്മകവും, സങ്കുചിതവും, സംവാദവിരുദ്ധവുമായ ഒരു പുതിയ അരാഷ്ട്രീയ രീതി കൊണ്ട് വരാന്‍ തന്നെയാണ് ഇവര്‍ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാരമ്പര്യത്തെ തകർത്തുകൊണ്ട് ഹൈന്ദവ രാഷ്ട്രമാക്കി ഉടച്ചു വാർക്കുന്നതിനു വേണ്ടിയുള്ള ആശയ രൂപീകരണത്തിനായി യുവജനതയുടെയും പുതുതലമുറകളുടെയും മനോഭാവങ്ങളെ പുനഃസൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ പ്രധാന തടസം ഇന്ത്യയുടെ ചരിത്ര പൈതൃകമാണ്. ആ പ്രതിബന്ധത്തെ ഇല്ലാതാക്കുന്നതിനുള്ള മാർഗമായാണ് ഞാൻ പാഠപുസ്തക പരിഷ്കാരങ്ങളെ കാണുന്നത്.
പ്രബുദ്ധരായ യുവ വിദ്യാർത്ഥിസമൂഹത്തെ അധികാരത്തിനു ഭയമാണ്. ചോദ്യങ്ങളെ അധികാരത്തിനു ഭയമാണ്. ചൂണ്ടുവിരലുകളെ അധികാരത്തിനു ഭയമാണ്. അതുകൊണ്ടാണ് വിദ്യാർത്ഥി കളെ വിപണിക്കാവശ്യമുള്ളത് മാത്രം പഠിക്കേണ്ട ഒരു വാർപ്പിലേക്ക് ഒതുക്കുന്നത്.
കവർ : ജ്യോത്സ്ന വിത്സൺ