പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (സാജൻ ഗോപാലൻ)

സാജൻ ഗോപാലൻ

നിലനിൽക്കുന്ന കഠിനമായ പുരുഷാധിപത്യ സംവിധാനത്തിൽ സ്ത്രീകൾക്ക് തുല്യ പരിഗണന കിട്ടും എന്ന് കരുതാൻ വയ്യ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെന്ന പോലെ കൃത്യമായി 50 ശതമാനം സംവരണം സ്ത്രീകൾക്ക് നിയമപരമായി നടപ്പാക്കുക എന്ന ഒറ്റ മാർഗം മാത്രമേ ഞാൻ മുന്നിൽ കാണുന്നുള്ളൂ. തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരമൊരു നിയമം നടപ്പിൽ വന്നപ്പോൾ അതിനെ വളരെ സംശയത്തോടെയാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടര ദശകത്തെ അനുഭവം നമ്മെ പഠിപ്പിച്ചത് താഴെ തട്ടിൽ നിന്നും ഉയർന്നു വന്ന അസാധാരണമായ സ്ത്രീ നേതൃത്വത്തിന്റെ സാധ്യതകളാണ്.

ഇതിനു ഏറെ സഹായകമായത് കുടുംബശ്രീ സൃഷ്‌ടിച്ച സംഘടനാ സംവിധാനം ആണ്. കുടുംബശ്രീയുമായി ചേർന്ന് ദൂരദർശൻ സംഘടിപ്പിച്ച ‘ഇനി ഞങ്ങൾ പറയാം’ എന്ന സോഷ്യൽ റിയാലിറ്റി ഷോയുടെ ഭാഗമായി കേരളമൊട്ടാകെ സഞ്ചരിക്കാൻ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ടത് സമൂഹത്തിന്റെ വിവിധ തലങ്ങളെ അപൂർവമാം വിധത്തിൽ സജീവമാക്കാൻ കഴിയുന്ന സ്ത്രീ കൂട്ടായ്മകളെ ആണ്. ഓരോ ആഴ്ചയിലും ചേരുന്ന കുടുംബശ്രീ യൂണിറ്റ് മീറ്റിംഗുകളിൽ അവർ ചർച്ച ചെയ്യുകയും കൃത്യമായി കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്ന വിഷയങ്ങളുടെ വൈജാത്യം വിസ്മയിപ്പിക്കുന്നതായിരുന്നു. പ്രാദേശിക പ്രശ്നങ്ങൾ മുതൽ അന്താരാഷ്ട്ര സംഭവങ്ങൾ വരെ ചർച്ച ചെയ്യുന്ന ചെറിയ ഗ്രൂപ്പുകൾ. ഉത്പാദന വിപണന സംഘാടനങ്ങൾക്കപ്പുറം ലോകത്തെ തങ്ങളുടേതായ രീതിയിൽ വീക്ഷിക്കാൻ ശ്രമിക്കുന്ന അനിതര സാധാരണമായ നേതൃപാടവമുള്ള സ്ത്രീകളെയാണ് ഞങ്ങൾ കണ്ടത്. ഒരു അവസരം കിട്ടിയാൽ ഉയർന്ന നേതൃ പാടവം ഇവർ കാണിക്കും എന്ന് ഉറപ്പാണ്.

എന്നാൽ ഇന്ന് നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും മുന്നണി സംവിധാനവും സ്വമേധയാ അധികാരം വിട്ടുകൊടുക്കും എന്ന് ഞാൻ കരുതുന്നില്ല. നിയമപരമായ 50 ശതമാനം സംവരണം മാത്രമാണ് പോംവഴി.  

Comments
Print Friendly, PDF & Email

You may also like