പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ചരിത്രം, അവസാനമായി, ക്ലാസ് മുറികളുടെയല്ല

ചരിത്രം, അവസാനമായി, ക്ലാസ് മുറികളുടെയല്ല

കരുണാകരൻ

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

ഉത്തരം : തീർച്ചയായും, ചരിത്രം വായിച്ചു പഠിയ്ക്കുന്നതായല്ല, പഠിപ്പിയ്ക്കുന്നതായല്ല, നമ്മെ പിന്തുടരുന്നത്. നമ്മൾ പിന്തുടരുന്നതും. അത് നമ്മുടെ ഇതുവരെയും ഉള്ള ജീവിതത്തിന്റെ സമാഹരിക്കപ്പെട്ട ഓർമ്മയാണ്. പല തലമുറകളും, മണ്മറഞ്ഞതോ ജീവിച്ചിരിയ്ക്കുന്നതോ ആവട്ടെ, ഇട കലർന്ന വർത്തമാന യാഥാർഥ്യമായാണ് ചരിത്രം ഓർമ്മിക്കപ്പെടുന്നത്. അതിൽത്തന്നെ ദേശീയവും പ്രാദേശികവുമായി വേർപിരിയുന്ന ‘വാസ്തവങ്ങളും’ ‘അവാസ്തവങ്ങളും’ ഉണ്ടാകും. ലോകത്തിന്റെ സകല ഉറവകളും, ഉണർന്നും അല്ലാതെയും, ആ വർത്തമാനത്തിൽ (Present) ഉണ്ടാകും. അതിനാൽ, “ചരിത്രത്തെ തിരുത്തുക” എന്നാൽ ഓർമ്മയെ ഔദ്യോഗിക വസ്തുവായി കണ്ടു കെട്ടുക എന്നുമാണ്. ആർ എസ്‌ എസ്‌ ഇപ്പോൾ, അവർക്ക് കിട്ടിയ ഭരണാനുമതിയോടെ, ചെയ്യുന്നതും അതാണ്‌. അവർ അങ്ങനെ ചെയ്യുന്നതിൽ അതുഭുതപ്പെടെണ്ടതായി ഒന്നുമില്ല. എന്തെന്നാൽ, ഇന്ത്യയുടെ സകല സവിശേഷതകളോടെയും പ്രകടിപ്പിക്കപ്പെടുന്ന ജനാധിപത്യം ആർ എസ്‌ എസിന്റെ പ്രത്യയശാസ്‌ത്രത്തെയോ രാഷ്ട്രീയ ലക്ഷ്യങ്ങളെയോ പിൻപറ്റുന്ന ഒന്നല്ല. അത് അവരെ അധികാരത്തിലിരിയ്ക്കുമ്പോഴും അലോസരപ്പെടുത്തുന്നു. ചിലപ്പോൾ ഭയപ്പെടുത്തുന്നു. ആ ഭയത്തെ നേരിടാൻ ആർ എസ്‌ എസ്‌ കണ്ടെത്തിയ ഒരു മാർഗ്ഗമാണ് “ചരിത്രത്തെ തിരുത്തുക’ എന്നത്. തങ്ങളുടെ ഭയത്തിന് ശ്വാസം വിടാൻ അവർ അനുയോജ്യമായ ഒരു “ഭൂതം” ഉണ്ടാക്കുകയാണ് : അത് ഹിന്ദി- ഹിന്ദു-ബ്രാഹ്മണിക് സാംസ്കാരിക ആധിപത്യമാവണം എന്ന് ആർ എസ്‌ എസ്‌ ന് നിർബന്ധവുമുണ്ട്. എങ്കിൽ, അതിനോട് വിയോജിക്കുകയും പ്രതിരോധിയ്ക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ, ജനാധിപത്യ വാദികളായ ആരുടേയും, ചരിത്ര നിയോഗം. അഥവാ, ചരിത്രത്തെ ക്ലാസ് മുറികളുടെ മഹത് ജീവിതമായി ഇനിയും കാണേണ്ടതില്ല.

ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും ഒരു രാഷ്ട്രീയ ഗുണം അവയ്ക്ക് എപ്പോഴും പ്രതിരോധം ഉയർത്താൻ ശേഷിയുള്ള പ്രതിപക്ഷ വേദിയാകാൻ കഴിയുന്നു എന്നാണ് – ഭരണകൂടത്തെ അത് വ്യക്തിയുടെ ജയിലായി സങ്കൽപ്പിയ്ക്കുന്നില്ല. നമ്മൾ ഔദ്യോഗിക ചരിത്ര നിർമ്മിതികളെ നേരിടേണ്ടതും ഈ “സ്വാതന്ത്ര്യം ” ഉപയോഗിച്ചാവണം. അതെത്ര പരിമിതവും നിയന്ത്രണ വിധേയമാവുമ്പോഴും.

ചരിത്രം, അവസാനമായി, ക്ലാസ് മുറികളുടെയല്ല. ഓർമ്മകളുടെ ഉത്ബുദ്ധമായ അവതരണങ്ങളുടെയാണ്.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like