പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' സംസ്ഥാനത്ത് വിദേശസർവ്വകലാശാലകൾ വരണമോ വേണ്ടയോ?

സംസ്ഥാനത്ത് വിദേശസർവ്വകലാശാലകൾ വരണമോ വേണ്ടയോ?

ചോദ്യം :

വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതാർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ?

ഉത്തരം :

സാക്ഷരതയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും പേര് കേട്ട കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പ്ലസ് ടുവിനു ശേഷം കലാലയങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും എത്തേണ്ടിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന കുറവാണ്. മുൻ വർഷങ്ങളിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ചേർന്നതിനു ശേഷം മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷൻ കിട്ടി പ്രൊഫഷണൽ കോളേജുകളിലേക്കു വിദ്യാർത്ഥികൾ നീങ്ങുന്ന പ്രവണത ആയിരുന്നെങ്കിൽ കോവിഡാനന്തര കാലത്തെ വിദ്യാർത്ഥി സമൂഹം പ്ലസ് ടൂവിന് പിന്നാലെ തന്നെ വിദേശപഠനത്തിനായി അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നതായാണ് കണ്ടു വരുന്നത്. സ്വാതന്ത്ര്യപൂർവ്വകാലത്തു വിദേശ വിദ്യാഭ്യാസം സിദ്ധിച്ച നേതാക്കൾ നമുക്കുണ്ടായിരുന്നുവെങ്കിലും അവർ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്നു ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു.ഇന്നത്തെ വിദ്യാർത്ഥികൾ വിദേശത്തു കുടിയേറി സ്ഥിരതാമസമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിദേശപഠനത്തെ കാണുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്താണ് ഈ വിദ്യാർത്ഥികളെ വിദേശത്തേക്കു ആകർഷിക്കുന്ന മുഖ്യ ഘടകം? കൂടുതൽ തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ജീവിത നിലവാരം, സാമൂഹ്യ സാഹചര്യങ്ങൾ, മാമൂലുകൾക്ക് വശംവദരാകാതെ സ്വജീവിതം ഡിസൈൻ ചെയ്യാനുള്ള അവസരങ്ങൾ ഇതൊക്കെയാവണം നമ്മുടെ ഉപരി, മദ്ധ്യ വർഗയുവാക്കളെ വിദേശ വിദ്യാഭ്യാസത്തിലേക്കു ആകർഷിക്കുന്നത്. അങ്ങിനെയാണെങ്കിൽ ഈ കൊഴിഞ്ഞുപോക്കു തടയുവാൻ വിദേശ കലാലയങ്ങളെ ഇങ്ങോട്ടു കൊണ്ടുവരികയാണോ വേണ്ടത്? Oxford ന്റെയോ MITയുടെയോ ഡിഗ്രി കിട്ടിയാൽ മതി എന്ന് കരുതുന്ന യുവാക്കൾക്ക് മതിയാകും. എന്നാൽ ഭാവിയിലെ കുടിയേറ്റം കൂടി ലക്ഷ്യമാക്കി വിദേശ പഠനം ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക്‌ വിദേശസംസ്കാരവും ജീവിതസാഹചര്യങ്ങളും കൂടി ഇങ്ങോട്ടു കൊണ്ടുവരേണ്ടതായി വരും.

പഠനസാഹചര്യം ഏതൊരു വിദ്യാർത്ഥിയുടെയും അവകാശമായിരിക്കുമ്പോൾ തന്നെ നമ്മൾ ഇത്രകാലവും പിന്തുടർന്നിരുന്ന സാംസ്കാരികമൂല്യങ്ങളിൽ (സമത്വം, സുതാര്യത, ജനാധിപത്യം, മുതലായവ) നിന്നും വിഭിന്നമായൊരു ലൈഫ് സ്റ്റൈൽ ആശാസ്യമാണെന്നു തോന്നുന്നില്ല.

പേര് കേട്ട വിദേശസർവ്വകലാശാലകളുടെയും കലാലയങ്ങളുടെയും Off-Campus സെന്ററുകൾ ഇന്ത്യയിൽ ആരംഭിക്കാനനുവദിക്കുന്ന പോളിസി ഇപ്പോൾ തന്നെ UGC കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം ക്യാമ്പസുകളിൽ അഡ്മിഷന് സുതാര്യതയുണ്ടോ, അവരുടെ സിലബസിന്റെ ഉള്ളടക്കം, അധ്യാപന നിലവാരം, പ്ലേസ്മെന്റ് സാധ്യതകൾ, അവിടങ്ങളിൽ പഠിക്കുന്ന നമ്മുടെ വിദ്യാർത്ഥികളുടെ ഭരണഘടനാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നൊക്കെയുള്ള തുടർച്ചയായ മേൽനോട്ടം- constant monitoring -ഒരു നിഷ്പക്ഷ ഏജൻസിയെ വെച്ചു നടത്തി മാത്രമേ അത്തരം സ്ഥാപനങ്ങൾ അനുവദിക്കാവൂ. അതുപോലെ അവയുടെ എണ്ണം പരിമിതപ്പെടുത്തുകയും വേണം. അല്ലെങ്കിൽ മറ്റൊരു സ്വദേശി മൂവ്മെന്റിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടതായി വരും.

ഇന്ത്യയിൽ ഇന്ന് ലഭ്യമാകുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്നതിന് തന്നെയായിരിക്കണം ഇവിടെ മുൻ‌തൂക്കം. എന്നാൽ മാത്രമേ എല്ലാ മേഖലകളിൽ നിന്നും, വിഭാഗങ്ങളിൽ നിന്നും, ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ഒരുപോലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണം ലഭിക്കൂ. ആയതിനാൽ, വരുന്ന അധ്യയന വർഷം മുതൽ വിദേശരാജ്യങ്ങളിലെ പോലെ Honors അടങ്ങുന്ന നാലു വർഷ UG (Four Year UG Programme) ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ കലാലയങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതുപ്രകാരം കൂടുതൽ തൊഴിൽ, റിസേർച് സാധ്യതകൾ ഉള്ള interdisciplinary പഠനം സംജാതമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കവർ : ജ്യോതിസ് പരവൂർ

Images : Google Images

Comments
Print Friendly, PDF & Email

You may also like