Home തുടർക്കഥ വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്..

ഭാഗം 9: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്..

 

വള്‍ കൊടുത്ത നാലു ലക്ഷം പോയെന്ന് മാത്രമേ അനൂപ് അവളോട് പറഞ്ഞുള്ളൂ. അയാള്‍ സമ്പാദിച്ച പണം എത്ര നഷ്ടമായെന്ന് അയാള്‍ ഒരിക്കലും ഒരു കാലത്തും അവളോട് തുറന്ന് പറഞ്ഞില്ല.

അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

പ്രൊഫഷണല്‍ ലൈഫില്‍ അവള്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ഓരോ പടിയും കയറിയതെന്ന് അവള്‍ വിളിച്ചു പറഞ്ഞു.

വെറും ആയിരം രൂപ ശമ്പളത്തിനു ആദ്യം ട്രെയിനിംഗിനു നിന്ന ഓഫീസിനെപ്പറ്റിയും പെണ്ണായതുകൊണ്ട് സൈറ്റ് വര്‍ക്കിനു അനുയോജ്യയല്ല എന്ന് അവളെ ഒഴിവാക്കിയ, ഇന്ത്യ മുഴുവന്‍ പേരുകേട്ട കണ്‍സള്‍ട്ടന്‍സിയേയും പറ്റി പറയുമ്പോള്‍ അവള്‍ക്ക് വായ കയ്ച്ചു.

ഡ്രോയിംഗ് ട്രേസ് ചെയ്യുന്നതു മുതല്‍ ഫോട്ടൊകോപ്പി എടുക്കാനും ഡ്രോയിംഗ് മടക്കി വെയ്ക്കാനും വരെ പരിശീലിക്കേണ്ടി വന്ന വിവിധ ഓഫീസുകളിലെ അടിമ ജീവിതത്തെപ്പറ്റി ദേവി  വിങ്ങിപ്പൊട്ടി. സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ സൈറ്റില്‍ വര്‍ക് ചെയ്യാന്‍ ഒരു പെണ്ണിനൊരിക്കലും സാധിക്കില്ലെന്ന്, കോണ്‍ട്രാക്ടര്‍മാരെ നിലയ്ക്ക് നിറുത്താന്‍ കഴിയില്ലെന്ന് വമ്പ് പറഞ്ഞു അവളെ ചവുട്ടിത്താഴ്ത്തിയിരുന്നത് ഓര്‍മ്മിച്ച് അവള്‍ വേദനിച്ചു. അവള്‍ക്ക് ഡിസൈന്‍ ചെയ്യാന്‍ പറ്റില്ലെന്നും വന്‍ കിട ഉയരങ്ങളും ആഴം കൂടിയ താഴ്ചകളും കോടികളില്‍ മറിയുന്ന തുകകളും കാണുമ്പോള്‍ പെണ്ണായ അവള്‍ക്ക് തലചുറ്റുമെന്നും ബോധക്കേടു വരുമെന്നും പരിഹസിച്ചവരെ പറ്റി വിളിച്ച് കൂവുമ്പോള്‍ വികാരഭാരം കൊണ്ട് ദേവിയുടെ തൊണ്ടയിടറി. ഒരു പെണ്ണിനു ഒരിയ്ക്കലും എന്‍ ജിനീയറിംഗില്‍ ആണിനൊപ്പം തിളങ്ങാന്‍ കഴിയില്ലെന്ന് ബെറ്റ് വെച്ച അവളുടെ സഹപ്രവര്‍ത്തകരെ സ്വന്തം അറിവു കൊണ്ട് കീഴ്പ്പെടുത്താന്‍ എത്രമാത്രം പ്രയത്നിക്കേണ്ടി വന്നുവെന്ന് അവള്‍ ഏങ്ങലടിച്ചു.

അങ്ങനെ ഒരടി മുന്നിലേക്കും രണ്ടടി പിന്നിലേക്കും വെച്ച് ദേവി  മെല്ലെ മെല്ലെ പണിതുയര്‍ത്തിയ ഔദ്യോഗിക ജീവിതത്തിന്‍റെ വിയര്‍പ്പൂറുന്ന പ്രതിഫലമായിരുന്നു ആ നാലുലക്ഷം രൂപ. അതു തുലച്ചു കളഞ്ഞത് അവള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല.

അനൂപ്  ടി വിയി ല്‍ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്യുന്ന 500 രൂപ വിലയുള്ള സല്‍വാര്‍ കമ്മീസുകള്‍ മാത്രമേ അവള്‍ വിവാഹശേഷം ധരിച്ചിട്ടുള്ളൂ. അവള്‍ ഒരു മദ്യ സല്‍ക്കാരവും ലഞ്ചും അത്താഴവിരുന്നും ഹൈ ടീയും സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി പണം ധൂര്‍ത്താക്കീട്ടില്ല. തനിഷ്ക്ക് പോലെയുള്ള ചില സ്വര്‍ണക്കടകളിലെ ഇന്‍സ്റ്റാള്‍ മെന്‍റുകളില്‍ ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. അതും അവളുടെ കല്യാണത്തിനു വീട്ടില്‍ നിന്ന് കിട്ടിയതും എല്ലാം ചേര്‍ത്ത് ലോക്കറില്‍ വെച്ചിരിക്കുകയാണെങ്കിലും ലോക്കറിന്‍റെ താക്കോല്‍ അയാളുടെ പക്കലാണ്. ലോക്കറില്‍ അനൂപിന്‍റെ  പേരും ഉള്ളതുകൊണ്ട് അത് അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തുറക്കാം. മുപ്പത്തഞ്ചോ നാല്‍പതോ രൂപയുടെ അടിവസ്ത്രങ്ങള്‍ മാത്രമേ അവള്‍ ഉപയോഗിച്ചിട്ടുള്ളൂ. അവളൂടെ പോലെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ദെവി ഇപ്പോള്‍ ജോലി ചെയ്യുന്ന വലിയ കമ്പനിയില്‍ ആരും വരുന്നില്ല.

മാഡത്തിനെന്തിനാണ് ശമ്പളം ?’ എന്ന് അവളുടെ സഹപ്രവര്‍ത്തകര്‍ തമാശയായും കാര്യമായും ചോദിക്കുമായിരുന്നു.

ഉറുമ്പ് ആഹാരം തേടുന്ന മാതിരി അവള്‍ സൂക്ഷിച്ചു സമ്പാദിച്ച ആ നാലു ലക്ഷം രൂപ ഇങ്ങനെ അപ്രത്യക്ഷമായതില്‍ അവള്‍ക്ക് വലിയ ക്ഷോഭം തോന്നി.

ദേവിയുടെ കരച്ചിലും ഹിസ്റ്റീരിയയും ഒന്നും അ നൂപിനു ക്ഷമിക്കാന്‍ കഴിഞ്ഞില്ല. ആണുങ്ങളായാല്‍ ബിസിനസ് ചെയ്യുമ്പോള്‍ നഷ്ടം വന്നെന്നിരിക്കും. അപ്പോള്‍ ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്നതിനു പകരം അവളുടെ പൈസ നഷ്ടമാക്കി എന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയാണോ വേണ്ടത് ? അയാള്‍ കള്ളു കുടിയ്ക്കുകയോ പെണ്ണ് പിടിയ്ക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ.

അവള്‍ കോപം കൊണ്ട് വിറച്ചു.

ആയിരം രൂപ സേവ് ചെയ്തത്, അമ്മയ്ക്ക് പണം അയച്ചത് അതൊന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ലല്ലോ …പിന്നെ അവളും കള്ളു കുടിക്കുന്നില്ലല്ലോ…ആണു പിടിയ്ക്കുന്നില്ലല്ലോ.

അവളെ വാക്കുകള്‍ മുഴുമിക്കാന്‍ വിടാതെ അയാള്‍ അലറി . ‘ ജോലി ചെയ്ത് പണം സമ്പാദിച്ചാല്‍ മതി. അധികം സംസാരിച്ചാല്‍ നിന്‍റെ സെക്കന്‍റ് ക്ലാസ് എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് ഞാന്‍ കത്തിച്ചു കളയും. അവളുടെ ഒരു ഒടുക്കത്തെ എന്‍ജിനീയര്‍ കളി. ആണുങ്ങള്‍ക്കൊപ്പം കൊഞ്ചുന്നതൊക്കെ ഞാനറിയുന്നുണ്ട്

മകന്‍ ഭയന്ന് നിറുത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോള്‍ അവള്‍ക്ക് നിശ്ശബ്ദയാകേണ്ടി വന്നു. അവനെ എത്ര നേരം കരയിക്കും? കുഞ്ഞല്ലേ അവന്‍ ? അയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആധിയും അവളെ കാര്‍ന്നു തിന്നു.

അവനെ ഒക്കത്തെടുത്ത് അവള്‍ അടുക്കളയിലേക്ക് നടന്നു. അവളെ നോക്കിക്കൊണ്ടിരുന്ന അഭിരാമിയുടേ  കണ്ണുകള്‍ നിറഞ്ഞിരുന്നു.

 

 

രിമോന്‍ അഞ്ചാം ക്ലാസ്സിലേക്ക് ചേരുന്നത് വീട്ടിലെ വലിയ ബുദ്ധിമുട്ടായി മാറി. അവനു ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ പഠിക്കണമായിരുന്നു. അവന്‍റെ കൂട്ടുകാരൊക്കെ അങ്ങോട്ട് മാറിയതായിരുന്നു കാരണം.

അനൂപിനു അതിഷ്ടമായില്ല. ഫീസ് ജാസ്തിയാണല്ലോ. അവളുടെ വരുമാനത്തില്‍ നിന്ന് അത് ചെലവാക്കാമെങ്കിലും അവളും മകനും കൂടി തീരുമാനിക്കുന്നതിനെയെല്ലാം എതിര്‍ക്കേണ്ടത് അയാളുടെ ഒരു ആവശ്യമായിരുന്നു. അതില്‍ വല്ലപ്പോഴുമുള്ള പിറ്റ്സ കഴിയ്ക്കല്‍, ഉരുളക്കിഴങ്ങ് വറ്റല്‍ തിന്നല്‍, ഐസ് ക്രീം രുചിയ്ക്കല്‍ എല്ലാം പെട്ടിരുന്നു. ആദ്യമൊക്കെ അവന്‍ വാശി എടുത്ത് കരയുമായിരുന്നു. നമുക്ക് കാശില്ലെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണോ സ്ഥിരം വഴക്ക് കണ്ടിട്ടാണോ എന്തോ അവനും അതൊക്കെ നിറുത്തി. അമ്മ മാത്രമേ ജോലിയ്ക്ക് പോകുന്നുള്ളൂ എന്ന് അവനറിയാമായിരുന്നു. കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന് അച്ഛന് ഇപ്പോള്‍ കാശൊന്നും കിട്ടുന്നില്ലെന്ന് അവന്‍ മനസ്സിലാക്കി.

പുതിയ സ്ക്കൂളിന്‍റെ എന്‍ട്രന്‍സ് പരീക്ഷയില്‍ അവന്‍ പുല്ലു പോലെ ജയിച്ചു. അഡ്മിഷന്‍ സമയത്ത് അനൂപു  സ്ക്കൂളിനു പുറത്ത് തന്നെ മുനിഞ്ഞ് നിന്ന് അയാളുടെ പ്രതിഷേധം രേഖപ്പെടുത്തി.

പത്ത് പതിനഞ്ചു ദിവസം അയാള്‍ മൌനവ്രതവും ഉണ്ണാവ്രതവും പാലിച്ചു. അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ എല്ലായ്പ്പോഴും അയാള്‍ ഇത്തരം വ്രതങ്ങള്‍ എടുത്തു പോന്നു. അയാളെ സംസാരിപ്പിക്കേണ്ടതും ഭക്ഷണം കഴിപ്പിക്കേണ്ടതും അങ്ങനെ അവളുടെ ജോലിയാക്കി അയാള്‍ മാറ്റിയിരുന്നു. എത്ര മാപ്പു പറഞ്ഞാലും തീരാത്തവയായിരുന്നു അവളുടെ കുറ്റങ്ങള്‍ . എപ്പോള്‍ വഴക്കുണ്ടായാലും അയാള്‍ അതെല്ലാം ആദ്യം മുതല്‍,അവളുടെ കാലു തടവേണ്ടി വന്നതു മുതല്‍ എപ്പോഴൊ ചായ നേരത്തിനു നല്‍കാതിരുന്നതു മുതല്‍ ഉള്ള കുറ്റങ്ങള്‍ എണ്ണി എണ്ണി ആവര്‍ത്തിച്ചു. ദേവിയുടെ സംഭവിച്ചു പോയ വീഴ്ചകള്‍ക്ക് അനൂപിന്‍റെ  പക്കല്‍ ഒരിയ്ക്കലും മാപ്പില്ലായിരുന്നു.

അമ്മ അവനെ സ്കൂള്‍ ബസ്സ് കയറ്റി വിട്ട് യാത്രയാക്കാന്‍ വരണമെന്ന് മോന്‍ നിര്‍ബന്ധിച്ചിരുന്നു.അതിനവള്‍ എന്നും രാവിലെ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് അനൂപിനു സഹിക്കാന്‍ കഴിഞ്ഞില്ല. അതിനെച്ചൊല്ലി എന്നും അവര്‍ കലഹിച്ചു. അവനു സ്വയം പര്യാപ്തത വരില്ലെന്നായിരുന്നു അയാളുടെ ന്യായം. അവന്‍റെ കുഞ്ഞിക്കൈ കൊണ്ടുള്ള ടാറ്റാ അവളുടെ മനസ്സ് നിറച്ചിരുന്നു. അതുപേക്ഷീക്കാന്‍ അവള്‍ തയാറായില്ല. അവന്‍ നേരം വൈകി എണീറ്റിട്ട് ബസ് കിട്ടാതെ വന്നാല്‍ അവനെ സ്കൂളില്‍ കൊണ്ടു വിടുന്നതിനും അയാള്‍ മടിച്ചു. അവന്‍ എണീക്കാന്‍ വൈകുന്ന ദിവസങ്ങളിലും അവര്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ക്കിഷ്ടമില്ലാത്ത സ്കൂളില്‍ ചേര്‍ത്തതുകൊണ്ടുള്ള കോപമായിരുന്നു അതെല്ലാം. കുറെ വഴക്കിട്ടതിനുശേഷം ‘ ‘കഴുതേ, ബുദ്ദൂ, നിന്നെ എന്തിനു കൊള്ളാമെടാ, മരങ്ങോടാ, അമ്മേടെ മടീലിരിക്കണ കഴുത മോനെഎന്നെല്ലാം മുറുമുറുത്തുകൊണ്ട് അനൂപ് മോനെ സ്കൂളില്‍ കൊണ്ടുവിടുമായിരുന്നു.

അപ്പോഴാണ് അവള്‍ക്ക് ഡ്രൈവറെ വെച്ചു കൊടുക്കാന്‍ കമ്പനി തീരുമാനിച്ചത്. അയാള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. അയാള്‍ അവളെ ജോലിക്ക് കൊണ്ടു വിടുകയും കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാമെന്നായിരുന്നു അയാളുടെ വാഗ്ദാനം. ദിവസങ്ങളോളം നീളുന്ന വഴക്ക് ഒഴിവാക്കാന്‍ അവള്‍ അതിനു സമ്മതിക്കുകയായിരുന്നു.

അങ്ങനെ കൂടുതല്‍ വലിയൊരു കാറു വാങ്ങാന്‍ അവര്‍ തീരുമാനിച്ചു. അയാളുടെ ബാങ്കില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ പണം അയാളുടെ ബാങ്കിലേക്ക് മാറ്റിക്കൊടുത്ത് അയാളെ കടമെടുത്ത് കാറു വാങ്ങാന്‍ ബാങ്കിനു മുന്നില്‍ യോഗ്യനാക്കി.അങ്ങനെ വലിയ കാര്‍ അയാളുടെ മാത്രം പേരിലായി. അവള്‍ക്ക് കാറിനും ഡ്രൈവര്‍ക്കും പെട്രോളിനുമായി കമ്പനിയില്‍ നിന്നും കിട്ടുന്ന അലവന്‍സും അയാളുടെ പേരിലേക്ക് അവള്‍ മാറ്റിക്കൊടുത്തു. അങ്ങനെ മാസം നാല്‍പതിനായിരം രൂപ ദേവിയുടെ കമ്പനി അയാള്‍ക്ക് നല്‍കിപ്പോന്നു. അതില്‍ നിന്നാണ് അയാള്‍ കാറിന്‍റെ കടം അടച്ചുകൊണ്ടിരുന്നത്.

ഓരോ കാര്യം അയാള്‍ക്കായി ചെയ്തുകൊടുക്കുമ്പോഴും അവള്‍ കരുതിയത് അയാള്‍ക്ക് അവളോട് സ്നേഹം ഉണ്ടാവുമെന്നായിരുന്നു. സ്വന്തം ബാങ്കില്‍ ഒട്ടും പണമില്ലാതായി എന്നൊരു അപകര്‍ഷതാബോധം അയാളില്‍ ജനിച്ച് അതില്‍ നിന്നു കൂടി അയാള്‍ വഴക്കിടാന്‍ കാരണം കണ്ടുപിടിയ്ക്കാതിരിയ്ക്കട്ടെ എന്ന് അവള്‍ കരുതി. എന്നാല്‍ അവളില്‍ നിന്ന് കിട്ടിയതൊന്നും കാര്യമില്ലകിട്ടാത്ത മറ്റെന്തോ ആയിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. അതെന്താണെന്ന് ശരിയായി പരിചയപ്പെടുത്തിക്കൊടുക്കാനുള്ള കഴിവോ മനസ്സോ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. അത് മനസ്സിലാക്കാന്‍ അവള്‍ പരീക്ഷിച്ച മാര്‍ഗങ്ങളിലെല്ലാം അവളെ കാത്തിരുന്നത് തോല്‍വികള്‍ മാത്രമായിരുന്നു.

വലിയ കാര്‍ വന്നതുകൊണ്ട് ജീവിതത്തില്‍ ഒരു മെച്ചവും ഉണ്ടായില്ല.

അഭിരാമിയൊടുള്ള അയാളുടെ കോപം അടിയ്ക്കടി വര്‍ദ്ധിച്ചു വന്നു. അവള്‍ മകനെ ഹോം വര്‍ക്ക് ചെയ്യിക്കുന്നത് അതികഠിനമായ പഠിപ്പിക്കലാണെന്ന് അയാള്‍ ആരോപിച്ചു.മകന്‍ സ്കൂള്‍ വിട്ടു വന്നാല്‍ അവനെയും കൂട്ടി ബെഡ് റൂമില്‍ക്കയറി ടി വി കണ്ടിരിക്കലായി അനൂപിന്‍റെ  പതിവ്. വേലക്കാരിക്ക് മകനും അച്ഛനും കൂടി സന്തോഷമായിരിക്കുമ്പോള്‍ വിളിക്കാന്‍ എന്തവകാശം എന്നായിരുന്നു അയാള്‍ ചോദിച്ചത്. മകന്‍റെ ഹോം വര്‍ക്കുകള്‍ അയാളെ അലട്ടിയതേയില്ല. അവനെ എങ്ങനെയെങ്കിലും അഭിരാമിയില്‍  നിന്ന് അകറ്റണമെന്ന് അയാള്‍ തീരുമാനിച്ചതു പോലെയായിരുന്നു.

ഹോം വര്‍ക് ചെയ്യുന്നതിലും പഠിക്കുന്നതിലും എളുപ്പം ടി വി കാണുന്നതാണല്ലോ എന്ന് ഹരിമോനും  അത് സന്തോഷപ്രദമായ ഒരു കാര്യമായിത്തീര്‍ന്നു.

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like