പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 16 – മജായി

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 16 – മജായി

മരുഭൂമിക്ക് മീതേ കഴുകൻ വട്ടമിട്ടു. എരിയുന്ന ഉച്ചവെയിലിൽ മരുപ്പരപ്പ് ഒരു ചൂളപോലെ ചുട്ടുപഴുത്തു. ജീവകണങ്ങൾ ഓരോന്നായി നീറി പുകഞ്ഞ് കരിയായി. പക്ഷേ, കഴുകൻ ഭയന്നില്ല. അവൻ ഭ്രമണം തുടർന്നു ആകാശക്കണ്ണുകൾ മരുഭൂമിയെ അരിച്ചുകോരി. ആദ്യം വലിയ വൃത്തത്തിൽ. പിന്നെ അതു ചെറുതായി ചെറുതായി ഒടുവിൽ ഒരിറ്റുശ്വാസത്തിനായി പിടയുന്ന ഒരു മനുഷ്യൻ ആ ചോരക്കണ്ണിൽ തടഞ്ഞു! അറബികളുടെ താവളത്തിനു മീതെ മരണത്തിന്റെ നിഴൽ പതിഞ്ഞു.

ദുർമരണത്തിൻ്റെ ലക്ഷണങ്ങൾ കണ്ട് മരുപ്പാതയിൽ സഞ്ചരിച്ചവർ ആകുലരായി. അവർ ഒട്ടകത്തിന്റെ പള്ളയിൽ തട്ടി. ഒട്ടകം ചീറിപാഞ്ഞു. പക്ഷേ, ഒരാൾ മാത്രം ഒട്ടകത്തെ നിർത്തി. കറുത്ത വസ്ത്രങ്ങൾ ധരിച്ച അയാളുടെ തോളിൽ ഒരു കഴുകൻ ഇരുന്നു. അവൻ കാതു കൂർപ്പിച്ചു. കാറ്റിൽ ഒരു ആർത്തനാദം മുഴങ്ങുന്നുണ്ട്! ജിന്നു ബാധിച്ച ഏതോ നിർഭാഗ്യവാൻ്റെ വിലാപം! ദുരാത്മാവ് ബാധിച്ച് ഒരാൾ മരിച്ചാൽ അയാളുടെ ആത്മാവ് പാതാളത്തിലേക്ക് മടങ്ങില്ല. രാപ്പകൽ മരുഭൂമിയിലൂടെ അലഞ്ഞു നടക്കും. മരുപ്പരപ്പിൽ സഞ്ചരിക്കുന്ന യാത്രക്കാരെ ഉപദ്രവിക്കും. വേഷം മാറി അവരെ വഴി തെറ്റിക്കും. അതു പാടില്ല. മജായി ദൃഢനിശ്ചയം ചെയ്തു. അയാൾ മരുഭൂമിയിലെ ദുരാത്മാക്കളെ മന്ത്രം ചൊല്ലി ഭരണിയിലാക്കി സമുദ്രത്തിൽ നിക്ഷേപിച്ചിരുന്നു. ആ ആത്മാവുകൾ പിൽക്കാലം സമുദ്രത്തിന്റെ അഗാധതയിൽ, തിരകളുടെ താരാട്ട് കേട്ട് മയങ്ങിക്കിടന്നു.

ആത്മാവിന്റെ വിളികേട്ട് ചില മനുഷ്യർ മരുഭൂമിയിലേക്ക് പോവാറുണ്ടായിരുന്നു. മരുപ്പരപ്പിലെ കൊടും ചൂടിൽ അവർ തപം ചെയ്തു. ആ ദിവസങ്ങളിൽ അവർ ഒന്നുംഭക്ഷിച്ചിരുന്നില്ല. മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞ ആത്മാക്കൾ ആ മനുഷ്യരെ കണ്ടു. ശരീരം ദുർബലമായപ്പോൾ അവരെ ദുരാത്മാവ് പരീക്ഷിച്ചു. അവന്റെ പരീക്ഷണങ്ങൾ ജയിച്ചവൻ ജ്ഞാനിയായി. മരുഭൂമിയിലെ മജായിയായി. അയാളുടെ കണ്ണിലെ തപത്തിനു മുന്നിൽ ദുർഭൂതങ്ങൾ വിറകൊണ്ടു. ഭൂമിയിലെ വിധി നിശ്ചയിച്ചിരുന്ന ആകാശത്തിലെ നക്ഷത്രങ്ങളെ അവർ അമ്മാനമാടി. മനുഷ്യന്റെ വിധികൾ മാറ്റി എഴുതാൻ മജായിക്ക് ഒരു നിമിഷം മതിയായിരുന്നു.

മജായി കണ്ണുകളടച്ചു. അയാളുടെ അന്തർനേത്രത്തിൽ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന ഒരു മനുഷ്യരൂപം തെളിഞ്ഞു. ശലമോൻ രാജാവിന്റെ രൂപം കണ്ട് അയാൾ ആശ്ചര്യപ്പെട്ടു. ലോകോത്തര ജ്ഞാനിയായ ശലമോൻ എങ്ങനെയാണ് ഈ മരുഭൂമിയിൽ വന്നുഭവിച്ചത്? ബാബിലോണിയയിലെ യക്ഷിയുടെ കൈളിൽ പെട്ട് രാജാവ് അടിമയായതും മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞതും അയാൾ കണ്ടു.

യെറുശലേമിൽ അന്ത്യ വിശ്രമം കൊള്ളേണ്ട ഒരു രാജാവ് മരുഭൂമിയിൽ വിലയം പ്രാപിക്കുക! ഹാ, വിജ്ഞാനിയും ഒരു ഭോഷനെ പോലെ മരിക്കുന്നു! എല്ലാം വ്യർത്ഥം തന്നെ. നിയതിയുടെ ഓരോരോ കളികൾ ഓർത്ത് അയാൾ പുഞ്ചിരിച്ചു. ചക്രവാളത്തിൽ നിന്ന് ഒരു ശബ്ദം കേട്ടു. മരുക്കാറ്റിന്റെ കൊലവിളിയിൽ മജായി ഭയന്നില്ല.

ഉച്ചവെയിലിൽ താവളത്തിലെ കാവൽക്കാരൻ ഒന്നു മയങ്ങി. പക്ഷേ കാതുകൾ തുറന്നിരുന്നു. മരുക്കാറ്റിന്റെ ഒടുങ്ങാത്ത ഇരമ്പൽ കേട്ടു. മരുക്കടലിൽ അലയടിക്കുന്ന തിരമാലകൾ! മനസ്സിലെ മോഹവും മരുഭൂമിയിലെ കാറ്റും അടങ്ങുകയില്ലെന്ന് അയാൾക്ക് തോന്നി. അയാൾ കണ്ണുതുറന്ന് നോക്കി. അകലെ മണൽമഴ പെയ്യുകയാണ്. അല്പനേരം അത് നോക്കിയിരുന്നു.

പൊടിക്കാറ്റിൽ ദൂരെ ഒരു ചുവന്ന പൊട്ടു കണ്ടു. ദുരാത്മാവാണോ? അയാൾ സൂക്ഷിച്ചു നോക്കി. ക്രമേണ അതിനു വലിപ്പം വർദ്ധിക്കാൻ തുടങ്ങി. അയാൾ ജാഗരൂകനായി. ഒടുവിൽ തിളക്കുന്ന ആവിയിൽ ഒരു ചുവന്ന ഒട്ടകത്തിന്റെ ശിരസ്സ് ദൃശ്യമായി. സഞ്ചാരിയുടെ രൂപം തെളിഞ്ഞു.

ആരാണത്?

ഒട്ടകപ്പുറത്തിരുന്ന മനുഷ്യൻ കറുത്ത വേഷം ധരിച്ചിരുന്നു. ഒരു കറുത്ത തുണിക്ക് അയാൾ ശിരസ്സും പാതി മുഖവും മറച്ചു. തോളിൽ ഇരിക്കുന്ന കഴുകൻ ചിറകടിച്ചപ്പോൾ കാവൽക്കാരൻ സംഭ്രാന്തനായി. അയാൾ ചൂളം കുത്തി.
കൂടാരത്തിൽ വിശ്രമിച്ചിരുന്ന മൂപ്പന്റെ കാതിൽ ചൂളം പതിഞ്ഞു. അയാൾ ഉണർന്നു. സഹായി ഓടി വന്ന് കാതിൽ മന്ത്രിച്ചു.

മ…ജാ…യി!

മൂപ്പൻ നടുങ്ങി. ഇടനെഞ്ചിൽ ഒരു കിരുകിരുപ്പ് ഉയർന്നു. കൂടാരത്തിനു മുകളിൽ പൊടി മഴ ചെയ്യുന്ന കിരുകിരുപ്പ്! ജനനമരണങ്ങളുടെ രഹസ്യങ്ങൾ ചെപ്പിലടച്ച മജായിയെ അറബികൾ ഭയന്നിരുന്നു.
അയാൾ ചാടിയേണിറ്റു.
കൂടാരത്തിനു മുന്നിൽ മജായി ഒട്ടകത്തെ നിർത്തി. മൂപ്പൻ ഓടിവന്ന് ജ്ഞാനിയെ വണങ്ങി.
“പ്രഭോ, ഞങ്ങളെ രക്ഷിക്കണം”
ജ്ഞാനി പറഞ്ഞു.
“ഭയപ്പെടെണ്ട”
മൂപ്പൻ പറഞ്ഞു.
പ്രഭോ, ഒരു യാത്രക്കാരനെ ജിന്ന് ബാധിച്ചിരിക്കുന്നു. അവനിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.”
മജായി പറഞ്ഞു.
“അവനെ കൊണ്ടു പോകാനാണ് ഞാൻ വന്നത്.”
മൂപ്പനു സമാധാനമായി.

അസ്മയുടെ എല്ലാം പ്രതീക്ഷകളും നഷ്ടപ്പെട്ടു. കബീർ ഒന്നനങ്ങി. ജീവന്റെ ചെറിയ തുടിപ്പുമാത്രമാണ് ഇനി ആ ശരീരത്തിൽ അവശേഷിക്കുന്നത്. ഒരു കാറ്റടിച്ചാൽ ആ പഴുത്തില ഞെട്ടറ്റു വീഴും! ആ കാഴ്ച കാണാൻ വയ്യ. അവൾ പുറത്തിങ്ങി നിന്നു. അവൾ താവളത്തിലേക്ക് നോക്കി. നാലഞ്ച് അറബികൾ നടന്നുവരുന്നു. കബീറിനെ കൊണ്ടുപോകാനാണ് അവർ വരുന്നത്.
ഒരു തുള്ളി അവളുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. കറുത്ത വസ്ത്രം ധരിച്ച അപരിചിതനെ കണ്ടപ്പോൾ ഒരു പ്രതീക്ഷ തോന്നി. അവൾ കണ്ണുനീർ തുടച്ചു.
മജായിയുടെ കയ്യിൽ ഭരണി കണ്ടപ്പോൾ അസ്മ നടുങ്ങി. ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപ്പെടുത്തി ഭരണിയിൽ അടച്ചു കൊണ്ടു പോകുന്ന മജായിയെക്കുറിച്ച് അവൾ കേട്ടിരുന്നു. അവൾ ഓടി ചെന്ന് ആ മനുഷ്യന്റെ കാലിൽ വീണു. യജമാനന്റെ ജീവനുവേണ്ടി കേണു.
“പ്രഭോ, എൻ്റെ യജമാനൻ്റെ ജീവൻ രക്ഷിക്കേണമേ!”
മജായിയുടെ പാദത്തിൽ ചുടു കണ്ണുനീർ വീണു. തീക്കനൽ വീണതുപോലെ അയാൾക്ക് പൊള്ളി. അടിമപ്പെണ്ണിന്റെ അപേക്ഷയെ തള്ളിക്കളയാൻ അയാൾ മടിച്ചു.
അയാൾ വിഷമത്തിലായി. ജീവൻ എടുക്കണമോ അതോ കൊടുക്കണമോ? സൃഷ്ടിയോ സംഹാരമോ? പോരാളിയെ പരിവ്രാജകനാക്കുന്ന ചോദ്യത്തിനു മുന്നിൽ മജായി ഒന്നു പതറി. പിന്നെ എന്തോ തീരുമാനിച്ചതുപോലെ അയാൾ തൊഴുത്തിന്റെ ഉള്ളിൽ കയറി. അസ്മ പിൻതുടർന്നു. അടിമപ്പെണ്ണിന്റെ ഭോഷത്തരമോർത്ത് അറബികൾ തമ്മിൽ തമ്മിൽ നോട്ടം കൈമാറി.
മണലിൽ കിടക്കുന്ന മനുഷ്യനെ മജായി ഒന്നു നോക്കി. ഒരു പക്ഷിക്കുഞ്ഞിന്റെ മിടിപ്പ് ആ ശരീരത്ത് അവശേഷിക്കുന്നുണ്ട്. അതിനപ്പുറം ജീവന്റെ ഒരു അടയാളവും ഇല്ല. എങ്കിലും ആ മനുഷ്യന്റെ കൈത്തണ്ട ഒന്നു പിടിച്ചു നോക്കാൻ മജായി ഉറച്ചു. നാഡിപിടിച്ചു നോക്കി മനുഷ്യന്റെ ആയുസ്സറിയുന്ന വിദ്യ വശമുണ്ട്. അസ്മ നിശ്ചലയായി. അയാൾ എഴുന്നേറ്റപ്പോൾ അസ്മ കണ്ണടച്ചു. മജായി പറഞ്ഞു.
“ഈ മനുഷ്യൻ്റെ അന്ത്യവിശ്രമം ഈ മരുഭൂമിയിലല്ല. പച്ച വിരിച്ച ഒരു കുന്നിൻ മുകളിലാണ്.”
എത്തി നോക്കിയ അറബികൾ അമ്പരുന്നു.
മജായി സഞ്ചി തുറന്നു. ജീവൻ്റെയും മരണത്തിൻ്റെയും മരുന്നുകൾ ആ സഞ്ചിയിൽ സൂക്ഷിച്ചിരുന്നു. ആട്ടിൻകൊമ്പിൽ ജീവാമൃതം ശേഖരിച്ചിരുന്നു. കൊമ്പ് ചെരിച്ച് രണ്ടു തുള്ളി യൂദന്റെ നാവിൽ പകർന്നു. യൂദൻ ഞെരി പിരി കൊണ്ടു . ആ ശരീരത്തിൽ നിന്ന് വിട്ട് പോകാൻ ജിന്ന് വിസമ്മതിച്ചു. അത് വാശിപിടിച്ചു. അയാൾ ജിന്നിനെ ശാസിച്ചു.
“ഹേ ജിന്നേ, ഈ മനുഷ്യനിൽ നിന്ന് പുറത്തു പോകുക!”
പൊടുന്നനെ കബീർ വിറയ്ക്കാൻ തുടങ്ങി. വിറ മണൽത്തരികളിലേക്ക് പടർന്നു.
താവളത്തിൽ ഒരു കാറ്റ് ആഞ്ഞുവീശി. ആ കാറ്റിൽ തൊഴുത്തിനു മുകളിൽ വിരിച്ചിരുന്ന ഓലകൾ പറന്നുയർന്നു.. മുറ്റത്ത് നിന്നിരുന്ന തണൽ മരം ആടിയുലഞ്ഞു. മരച്ചുവട്ടിൽ കിടന്നിരുന്ന കഴുതകൾ ഭയചകിതരായി. അവർ ചരടുകൾ പൊട്ടിച്ച് മരുപ്പരപ്പിലേക്ക് പാഞ്ഞു. അറബികളും ഞെട്ടിവിറച്ചു. അവർ കൂടാരത്തിൽ കയറി കതകടച്ചു.
അസ്മക്ക് പേടി തോന്നിയില്ല. അവൾ ആ മിഴികളിൽ ഉറ്റു നോക്കി. അവ ഒന്നനങ്ങി. പിന്നെ പ്രഭാതം പോലെ വിടർന്നു. ചുവന്ന സൂര്യൻ ഉദിച്ചതു കണ്ട് മജായി മന്ദഹസിച്ചു. നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്നവനെ പോലെ യൂദൻ ചുറ്റുപാടും തുറിച്ചു നോക്കി മനുഷ്യ പുത്രരെ സംബന്ധിച്ചടത്തോളം അവർ മൃഗങ്ങൾ മാത്രമാണെന്ന് കാണിക്കാൻ ദൈവം അവരെ പരീക്ഷിക്കുന്നു. മനുഷ്യരുടെ വിധിയും മൃഗങ്ങളുടെ വിധിയും ഒന്നു തന്നെയാണ്. ഒന്നു മരിക്കുന്നു, മറ്റതും മരിക്കുന്നു. എല്ലാറ്റിനും ശ്വാസം ഒന്നു തന്നെ. മനുഷ്യനു മൃഗത്തേക്കാൾ എന്താണ് മേന്മ! ഒരു ഉൽകൃഷ്ടതയും ഇല്ല!
കബീർ ദീർഘമായി ശ്വസിച്ചു.

വര : പ്രസാദ് കാനത്തുങ്കൽ

അസ്മ അയാളുടെ അരികെ ഇരുന്നു. ആ കരത്തിൽ ഒന്നു തലോടി.
അയാൾക്ക് തമാറിനെ ഓർമ്മ വന്നു. ആർദ്രമായ തലോടലിൽ അയാൾ കരഞ്ഞു. ആ കരച്ചിലിൽ മരുഭൂമിയിലെ കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും കഴുകി കളഞ്ഞു. ഏറെ അലച്ചിലിന് ഒടുവിൽ മരുപ്പച്ച കണ്ട ഒരുവനെ പോലെ ആശ്വസിച്ചു. പിന്നെ സ്വന്തം കാലിൽ അയാൾ എഴുന്നേറ്റിരുന്നു. ഒരു ക്ഷീണം തോന്നി. പിന്നയാൾ ഒരു കുഞ്ഞിനെപ്പോലെ അസ്മയുടെ മാറിലേക്ക് ചാഞ്ഞു. അസ്മയുടെ മാറിടം തുടിച്ചു.
മജായി പുറത്തിറങ്ങി പറഞ്ഞു.
“ആ മനുഷ്യന് കുടിക്കാൻ എന്തെങ്കിലും കൊടുക്കുക.”
മൂപ്പൻ കൂടാരത്തിൽ പോയി. അയാൾ ഒരു പാത്രം ഈത്തപ്പഴച്ചാറ് എടുത്തുകൊണ്ടു വന്നു. ആർത്തിയോടെ യൂദൻ പഴച്ചാർ നുണഞ്ഞു.

ചക്രവാളത്തിൽ സൂര്യൻ മറഞ്ഞു. മരുപ്പരപ്പിലാകെ ഇരുൾ പരന്നു. ശലമോന് ഭയം തോന്നിയില്ല. ആരോ സന്ധ്യാവിളക്ക് കൊളുത്തിയതുപോലെ വാനിൽ നാലഞ്ച് നക്ഷത്രങ്ങൾ തെളിഞ്ഞു. പൊടുന്നനെ അയാൾക്ക് ഫാത്തിമയെ ഓർമ്മ വന്നു. അവൾക്ക് കാവലായി ലസ്ക്ക ഉണ്ട്. പക്ഷേ ബാമിക്കാരുടെ പകയെ നേരിടാൻ അവന് കഴിയുമോ?
“പ്രഭോ, ഈ മരുഭൂമി പിന്നിടാൻ ക്വാദിലെ രാജകുമാരിക്ക് കഴിയുമോ?”
മജായി പുഞ്ചിരിച്ചു.
“മരുപ്പാതയിൽ ചില അപകടങ്ങൾ ഞാൻ കാണുന്നുണ്ട്. എങ്കിലും ഈ മരുഭൂമി കടക്കുമെന്നാണ് നിമിത്തങ്ങൾ പറയുന്നത്.”
ശലമോന് സമാധാനമായി. ഫാത്തിമയും ലസ്ക്കായും മരുഭൂമി പിന്നിടും. അവർ ജോഫിൽ എത്തി ചേരും. ഇനി അറിയാനുള്ളത് ജോഫിൽ നിന്നുള്ള വടക്കൻ പാതയെക്കുറിച്ചാണ്.
“പ്രഭോ, വടക്കൻ പാത പിന്നിട്ട് ഞങ്ങൾക്ക് യെറുശലേമിലെ ഗോപുരം കാണാൻ കഴിയുമോ?”
മജായിയുടെ കണ്ണടഞ്ഞു. അന്തർ നേത്രങ്ങൾ തുറന്നു.
“നിമിത്തങ്ങൾ പറയുന്നത് അവൾ പ്രവാചകന്റെ കുന്നിൽ എത്തുമെന്നാണ്.”
ശലമോൻ പുഞ്ചിരിച്ചു.
മജായി തുടർന്നു.
മരുഭൂമിയിൽ എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾ നീ അനുഭവിക്കും.
ഭയപ്പെടേണ്ട, പക്ഷേ, ആ വേദനയിൽ നിന്റെ ആത്മാവിൻ്റെ മുറിവുകൾ ഓരോന്നായി സുഖപ്പെടും. “
ശലമോൻ നെടുവീർപ്പിട്ടു.
മുത്തുക്കൾ വിതറിയതു പോലെ ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞു. മജായി എഴുന്നേറ്റു. അസ്മയുടെ കണ്ണുകളിൽ വിഷാദഛവി പടർന്നു. ലസ്ക്കയെക്കുറിച്ചുള്ള ഓർമ്മകളും വേദനകളും അവളെ അനുധാവനം ചെയ്തിരുന്നു. മണലിൽ തൂവിയ ഒരു തുള്ളി പോലെയായിരിക്കുന്നല്ലോ തന്റെ ജീവിതം. അവൾ സങ്കടത്തോടെ ചക്രവാളത്തിലേയ്ക്ക് നോക്കി.
മജായി ആ മനസ്സ് കണ്ടു. അരികിൽ വിളിച്ച് പറഞ്ഞു.
“വിഷമിക്കേണ്ട മകളെ , കുന്നിൻ മുകളിലെ പട്ടണത്തിൻ നീ പ്രിയപ്പെട്ടവനെ കാണും. നിങ്ങൾ ഒരിക്കലും പിരിയില്ല.”
അവൾ ആ പാദങ്ങളിൽ തൊട്ടു.
മജായി യാത്രയായി.

ചക്രവാളത്തിലെ കൊച്ചു നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നതു പോലെ അസ്മാക്ക് തോന്നി.
രാത്രിയിൽ ലസ്ക്ക ഉറങ്ങിയില്ല. അവൻ ശൈഖിന്റെ പുത്രിക്ക് കാവലിരുന്നു.
ബാമികളെക്കുറിച്ചുള്ള പേടി കാരണം ഫാത്തിമക്ക് ഉറക്കം വന്നില്ല. യാത്രക്കിടയിൽ ഒരപകടം ഉണ്ടായി. രാവിലെ ഉണർന്ന് ഫാത്തിമ പാദരക്ഷ ധരിക്കും. എന്നിട്ടാണ് കൂടാരത്തിൽ നിന്ന് പുറത്തിറങ്ങുക. പക്ഷേ ഒരു ദിവസം നാലഞ്ചു മണൽത്തരികൾ ചെരുപ്പിൽ കണ്ടു. മണലിരുന്നാൽ പാദം വേദനിക്കും. അവൾ ആ പാദുകങ്ങൾ ഒന്നു കുടഞ്ഞു. അതിനുള്ളിൽ നിന്ന് എന്തോ ഒന്ന് മണലിലേക്ക് തെറിച്ചു വീണു.
ഒരു കരിംതേൾ!
ഫാത്തിമയുടെ മുഖം മങ്ങിയ വെയിൽ പോലെ വിളറി. ലസ്ക്ക അതിനെ അടിച്ചു കൊന്നെങ്കിലും അവളുടെ ഭയം മാറിയില്ല. കാരണം കരിംതേൾ ഒരു സൂചനയാണ്. ബാമി ഗോത്രത്തിന്റെ അടയാളമാണ് അത്.

നേരം പുലർന്നു.
ക്വാത് സംഘം യാത്ര തുടർന്നു. ഉച്ചയായപ്പോൾ ചക്രവാളം കറുത്തു. ക്രമേണ കറുപ്പ് പച്ചയായി. ഒട്ടക നോട്ടക്കാരൻ പറഞ്ഞു.
“അൽ ജോഫ് “
ഫാത്തിമയുടെ കണ്ണുകൾ തെളിഞ്ഞു. പ്രതീക്ഷയുടെ പച്ചപ്പ് മനസ്സിൽ പടർന്നു.
അയാൾ തുടർന്നു
“ഡമാസ്കസിലേക്കുള്ള ഒട്ടകപ്പാതയിലെ ഒരു ഇടത്താവളമാണ് അൽജോഫ് .കിഴക്കും പടിഞ്ഞാറും നിന്നുള്ള പാതകൾ ആ മരുപ്പച്ചയിലാണ് സംഗമിക്കുന്നത്.”
മക്കയിൽ നിന്നും മദീനയിൽ നിന്നുമുള്ള സാർത്ഥവാഹക സംഘങ്ങൾ വടക്കൻ പാതയിലൂടെ സഞ്ചരിച്ചിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ചരക്കു കയറ്റിയ ഒട്ടകങ്ങൾ നടന്നു.
ചക്രവാളത്തിൽ കാറ്റ് കലമ്പൽ കൂട്ടി. കാറ്റിന്റെ വന്യമായ മുരൾച്ചക്ക് അവൾ കാതോർത്തു. ചില ശബ്ദങ്ങൾ അവൾ കേട്ടു. അവൾക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും ആരോ തന്നോട് എന്തോ പറയുന്നുണ്ടെന്ന് തോന്നി.
ലസ്ക്ക പിന്നിലേക്ക് നോക്കി. കിഴക്കൻ പാത ശൂന്യമാണ്.
അറബി പറഞ്ഞു.
“വർഷത്തിൽ നാലോ അഞ്ചോ പേർഷ്യൻ സംഘങ്ങൾ വന്നാലായി ഇല്ലെങ്കിലായി.”
പേർഷ്യൻ സംഘത്തെ കാത്ത് മരുപ്പച്ചയുടെ കിഴക്കൻ കവാടത്തിൽ നാലഞ്ച് ഒട്ടകബാലൻമാർ കാത്തിരുന്നു. അവർ ഒരു ഈത്തപ്പനയുടെ ചുവട്ടിലാണ് ഇരുന്നത്. അവർ അകലേക്ക് നോക്കി. മരുഭൂമി ശൂന്യമാണ്. പ്രഭാതവെയിലിനു കനം വെച്ചിരുന്നു. ഉച്ചവെയിൽ ഉരുകിയപ്പോൾ അവർ കണ്ണടച്ചു. ഉച്ചമയക്കത്തിനിടയിൽ ഒരു ബാലൻ കണ്ണു തുറന്നു നോക്കി. അകലെ അഞ്ചാറ് കറുത്ത പൊട്ടുകൾ!
അവൻ സൂക്ഷിച്ചു നോക്കി.
കറുപ്പിന് ആകൃതി കൈവരുകയാണ്. ഒട്ടകങ്ങളുടെ തലവെട്ടം കണ്ടപ്പോൾ അവൻ അലറി.
പേർഷ്യക്കാർ!
മരുഭൂമി കടന്നു വന്ന ഒട്ടകങ്ങളെ ബാലൻമാർ പൊതിഞ്ഞു. കടിഞ്ഞാണുകൾ കൈമാറിയിട്ട് ഫാത്തിമയും ലസ്കായും നടന്നു. നഗരത്തിലേക്ക് നടക്കുമ്പോൾ ഫാത്തിമായ്ക്ക് ഒരു സന്തോഷവും തോന്നിയില്ല. മരുയാത്രക്കിടയിൽ കരിയിലകൾ പോലെ അകന്നു പോയവർ മനസ്സിലേക്ക് കയറിവന്നു.
മലയിൽ മരിച്ചുവീണ പടയാളികൾ.
വടക്കോട്ട് പോയ ശാഫാനും തോഴിയും.
ജിന്ന് ആവേശിച്ച യൂദൻ.
അവളുടെ കണ്ണുകൾ നനഞ്ഞു.
അപരിചിതരെ കണ്ടപ്പോൾ തെരുവിലെ കച്ചവടക്കാരുടെ കണ്ണുകൾക്ക് ജീവൻ വെച്ചു. അവർ തൊള്ളയിട്ടു.
“ഈത്തപ്പഴം നല്ല നാടൻ ഈത്തപ്പഴം”
ഒരു പഴക്കുല വാങ്ങി അടർത്തി തിന്നുകൊണ്ട് ലസ്ക്ക നടന്നു. അൽ ജോഫിലെ ക്ഷേത്രമായി. ക്ഷേത്ര മൈതാനത്ത് ഒട്ടകപ്പറ്റങ്ങൾ മേഞ്ഞിരുന്നു. തെരുവിലെ ഒരു സത്രത്തിന്റെ മുമ്പിലെത്തിയപ്പോൾ ഫാത്തിമ നിന്നു.
ശ്യാമചന്ദ്രിക!
ആ സത്രത്തെക്കുറിച്ച് പിതാവ് പറഞ്ഞ് അവൾ കേട്ടിരുന്നു. അവളുടെ കണ്ണുകൾ ചന്ദിക പോലെ വിടർന്നു. ശൈഖിന്റെ ജോഫുകഥകളിലെ ഈത്തപ്പന ആ മുറ്റത്ത് തലയുർത്തി നിൽക്കുന്നു. തണലത്ത് ഇരുന്ന അറബികൾ എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നു. അവർ അവളെ നോക്കി. ഫാത്തിമ മൂടുപടം വലിച്ചിട്ടു. ക്വാത്കാർ യാത്രപറഞ്ഞു.
ഫാത്തിമ അകത്തേക്ക് നടന്നു. യുവതിയെ കണ്ട് ഒരു കിഴവൻ ഇറങ്ങി വന്നു.
പല്ലില്ലാത്ത മോണ കാട്ടി അതിഥികളെ സ്വാഗതം ചെയ്തു.
“വരണം നല്ല മുറി തരാം “
അവൾ പറഞ്ഞു.
“ഞാൻ ക്വാദിലെ ശൈഖിന്റെ പുത്രിയാണ്.”
ഫാത്തിമായെ സൂക്ഷിച്ചു നോക്കിയിട്ട് അയാൾ തലകുലുക്കി.
“കുമാരിയ കണ്ടപ്പോഴെ എനിക്ക് തോന്നിയിരുന്നു.”
അവൾ ചിരിച്ചു.

സത്രത്തിന്റെ മുറ്റത്ത് നൂറ്റാണ്ടുകളുടെ പൊടിയും ചാണകവും കിടന്നിരുന്നു. അവൾ മൂക്ക് പൊത്തി. ജോഫിൽ വരുമ്പോൾ ശൈഖ് കിടന്നിരുന്ന മുറി തന്നെ അവൾക്ക് കിട്ടി. അത്ര വലിയ സൗകര്യമൊന്നും ആ മുറിക്ക് ഇല്ലായിരുന്നു. കാറ്റും വെളിച്ചവും കയറാൻ തക്കമുള്ള ഒരു ജനാല. കിടക്കാനുള്ള രണ്ടു പായ്കൾ ഒരു മൂലക്ക് ചുരുട്ടിവെച്ചിരുന്നു. പിതാവ് പറഞ്ഞ മരുക്കഥക്ക് ജീവൻ വെക്കുന്നതു പോലെ തോന്നി. പീഠത്തിൽ ഒരു വെള്ളപ്പാത്രം ഇരുന്നു. പാത്രം എടുത്ത് അവൾ വായിലേക്ക് കമിഴ്ത്തി. മരുഭൂമിയിൽ മഴ പെയ്തതു പോലെ അവൾക്ക് തോന്നി.

സത്രത്തിലെ താമസക്കാരിൽ ഏറിയകൂറും ക്ഷേത്രത്തിൽ നേർച്ചയർപ്പിക്കാൻ വന്നവരായിരുന്നു. അവർക്ക് കിഴവന്റെ ഭാര്യ ഭക്ഷണം നൽകാറുണ്ടായിരുന്നു. അവർ അപ്പം വിളമ്പി. ചുറ്റുംനോക്കിയിട്ട് അവർ ശബ്ദം താഴ്ത്തി പറഞ്ഞു.
“കുഞ്ഞേ, ക്ഷേത്രത്തിലേയ്ക്ക് പോകുമ്പോൾ ഇത്തിരി സൂക്ഷിച്ച് കൊള്ളണം.”
ഫാത്തിമ തലയുർത്തി നോക്കി.
ക്വാദുകാരികളെ തട്ടിക്കൊണ്ടു പോകുന്ന ചില ബാമിപിള്ളേർ ഇവിടെയുണ്ട്.”
അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു. ഒരു സുന്ദരി. ഒരു സന്ധ്യയ്ക്ക് അവൾ ക്ഷേത്രത്തിൽ തൊഴാൻ പോയി. സന്ധ്യ കഴിഞ്ഞിട്ടും അവൾ മടങ്ങിവന്നില്ല. കിഴവനും കിഴവിയും ക്ഷേത്രത്തിലാകെ അന്വേഷിച്ചു നടന്നു. പക്ഷേ ഒരു സൂചന പോലും ലഭിച്ചില്ല. രാവിലെ ഒട്ടകത്തെ തീറ്റാൻ പോയ ബാലൻ മരുഭൂമിയിൽ ഒരു മുതദേഹം കണ്ടു. ചെന്നായക്കൾ കടിച്ചു കീറിയ ഒരു പെണ്ണിന്റെ ശരീരം!
വൃദ്ധ കണ്ണുകൾ തുടച്ചു. ഫാത്തിമായ്ക്ക് അമ്മ പറഞ്ഞത് ഓർമ്മ വന്നു.
“കോപിഷ്ഠരാണു് ബാമികാർ. കുരങ്ങിനെ പോലെ പിടിവാശിക്കാരും”!
ഫാത്തിമയുടെ മുഖം അപ്പം പോലെ വിളറി.

ബാമി പേടി മൂലം ഫാത്തിമ മുറിയിൽ തന്നെ ഇരുന്നു. അറയിലെ കൊടും ചൂടിൽ വിയർത്തു കുളിച്ചു. സായാഹ്നത്തിൽ അറബികൾ പുറത്തിറങ്ങി. ക്ഷേത്ര മൈതാനത്തിൽ നല്ല തണുത്ത കാറ്റുണ്ട്. ആ കാറ്റ് കൊണ്ടാൽ പകൽ ചൂടിന് ഒരാശ്വാസമാവുമായിരുന്നു. ആത്മാവും മനസ്സും ശരീരവും ഒരുപോലെ കുളിരും. പക്ഷേ അവൾ മടിച്ചു. അതിരാവിലെയാണ് ഫാത്തിമ പുറത്തിറങ്ങിയത്. ലസ്ക യജമാനത്തിയെ അനുഗമിച്ചു.
ഒരു ദിവസം വെളുപ്പിന് ഫാത്തിമ ഒരു കാഴ്ച കണ്ടു. മൈതാനത്തിൽ നൂറുകണക്കിനു ഒട്ടകങ്ങൾ മേയുന്നു. മണൽപ്പരപ്പിലാകെ കൂടാരങ്ങൾ ഉയർന്നിരിക്കുന്നു. വടക്കോട്ടുള്ള യാത്രാസംഘമാണോ?
അവർ നടന്നു.
ലസ്ക്ക സങ്കടപ്പെട്ടു. പ്രിയതമയെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. നഗരത്തിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. കിഴക്കൻ പാത കടന്ന ആരെയും കണ്ടെത്താൻ അവന് കഴിഞ്ഞില്ല. അവൻ നെടുവീർപ്പെട്ടു.
മണൽപ്പരപ്പിൽ തമ്പടിച്ചത് മദീനയിൽ നിന്നുള്ള ഖുറേഷികളായിരുന്നു. അവർ വടക്കോട്ടായിരുന്നു. അവരുടെ തലവനെ പരിചയപ്പെടാനായി ഫാത്തിമ നടന്നു.
ലസ്ക്ക തനിച്ചായി. മരുസാഗരത്തിൽ നിന്ന് ഒരു കാറ്റ് വീശി. കാറ്റിൽ മത്തക്കുരുവിന്റെ ഗന്ധം കലർന്നിരുന്നു! പൊടുന്നനെ അസ്മയെ ഓർമ്മവന്നു. അവൻ കിഴക്കൻ പാതയിലേയ്ക്ക് കണ്ണു പായിച്ചു. ചക്രവാളത്തിനപ്പുറം എവിടെയോ അവളുണ്ട്.
അസ്മ നീ എവിടെയാണ്?
ഒരു കരിമേഘം ചക്രവാളത്തെ മൂടിയിരുന്നു. അവൻ അപേക്ഷിച്ചു.
‘പ്രിയ മേഘമേ.
മരുപ്പരപ്പിലെങ്ങോ സഞ്ചരിക്കുന്ന എൻ്റെ പ്രിയതമയെ എന്റെ നൊമ്പരങ്ങൾ നീ അറിയിക്കുമോ? അവളെ കാത്ത് ഞാനിതാ നാഴികകളെണ്ണി കഴിയുന്നു. ഇതു നീ പറയുമോ?’

ഖുറേഷിയെ കണ്ടിട്ട് ഫാത്തിമ മടങ്ങിവന്നപ്പോൾ വെയിൽ പരന്നിരുന്നു. ഒരു അറബി അവളെ പിൻതുടർന്നു. അയാൾ ഒരു തുണിക്ക് തന്റെ മുഖവും തലയും മറച്ചിരുന്നു. ലസ്കാക്ക് സംശയം തോന്നി. അവൻ ഒരു ഒട്ടകത്തിന് മറഞ്ഞ് നിന്നു. ഫാത്തിമ സത്രത്തിലേക്ക് കയറി പോകുന്നതു കണ്ടപ്പോൾ അയാൾ പിൻവാങ്ങി. ലസ്കാ അയാളെ പിൻതുടർന്നു. തെരുവിലെ ആൾക്കൂട്ടത്തിൽ തന്നെ ഒരാൾ പിൻതുടരുന്നത് അയാൾ അറിഞ്ഞില്ല. അയാൾ ഒരു സത്രത്തിൽ കയറി. സത്രത്തിന്റെ ഭിത്തിയിൽ പതിച്ച കരിംതേളിന്റെ ചിത്രം കണ്ട് ലസ്ക അമ്പരുന്നു.
ലസ്ക്ക കിഴവനെ കണ്ടു.
“നഗരത്തില ബാമിക്കാർ ഫാത്തിമയുടെ വരവിനെയക്കുറിച്ച് അറിഞ്ഞിരിക്കുന്നു. എന്താണ് ചെയ്യുക?”
അയാൾ പറഞ്ഞു.
“അവരെ ചെറുത്ത് തോൽപ്പിക്കാൻ നമുക്കാർക്കും കഴിയില്ല. അവർ രാത്രിശലഭങ്ങളെ പോലെയാണ്.”
അയാൾ ആലോചിട്ട് തുടർന്നു.
“നിങ്ങൾ ഇവിടെ നിന്ന് പോകുന്നതാണ് ബുദ്ധി.”
പക്ഷേ നഗരം വിടാൻ ഫാത്തിമ മടിച്ചു. കബീർ ജീവിക്കുന്നോ ഇല്ലയോ എന്നറിയില്ല. അയാളെക്കുറിച്ച് വിവരം ലഭിക്കും വരെ നഗരത്തിൽ കഴിയാൻ തന്നെ അവൾ ഉറച്ചിരുന്നു. പക്ഷേ കിഴവൻ സമ്മതിച്ചില്ല. അയാൾ പറഞ്ഞു.
“യൂദനെക്കുറിച്ച് അറിയാൻ നീ പ്രവാചികയെ കാണുക.”
ഫാത്തിമ ചന്ദ്രദേവന്റെ ക്ഷേത്രത്തിൽ പോയി. നേർച്ചക്കാഴ്ചകൾ സമർപ്പിച്ച ശേഷം പുറത്തിറങ്ങി. അങ്കണത്തിലെ ഈത്തപ്പനയുടെ ചുവട്ടിൽ ഒരു വെളിപാടുകാരി ഇരുന്നിരുന്നു. ആ പനയുടെ ചുവട്ടിൽ സ്ഥലകാലങ്ങൾ നിശ്ചലമായി. അവരുടെ മുമ്പിൽ കാലം ഒരു കഴുകനെപ്പോലെ വിനീതദാസനായി.
ഫാത്തിമ നമസ്ക്കരിച്ചു.
“മഹാപുരോഹിതേ, ഞാൻ ഒരുവനെ കാത്തിരിക്കുന്നു. അദ്ദേഹത്തെ ഈ മരുപ്പച്ചയിൽ കണ്ടുമുട്ടുമോ? “
ആകാശം പോലെ നരച്ച പ്രവാചിക പറഞ്ഞു.
“ഈ മരുഭൂമിയിൽ നീ അയാളെ കണ്ടുമുട്ടില്ലെന്നാണ് നിമിത്തങ്ങൾ പറയുന്നത്.”
അവൾക്ക് സന്തോഷവും സങ്കടവും തോന്നി.
“എവിടെയാണ് ആ മനുഷ്യനെ ഞാൻ കാണുക?”
ഒന്നു കണ്ണടച്ചിട്ട് അവർ പറഞ്ഞു.
“മലമുകളിലെ നഗരത്തിലാണ് നീ അയാളെ കാണുക.”
മരുപ്പച്ച കഴിഞ്ഞാൽ വടക്കോട്ട് അനന്തമായ മരുഭൂമിയാണ്. ആൺതുണയില്ലാതെ ഈ മരുഭൂമി പിന്നിടാൻ പറ്റില്ല. പക്ഷേ ലസ്ക്കയോടപ്പം സഞ്ചരിക്കാൻ അവൾക്ക് പേടിതോന്നി.
“ഈ യാത്രയിൽ ഞാനും ഭൃത്യനും മാത്രമാണുള്ളത്”
പുരോഹിത പുഞ്ചിരിച്ചു.
“ഭയപ്പെേടേണ്ടാ നിങ്ങൾ തനിച്ചല്ല. ദൈവവും പിശാചും നിങ്ങൾക്ക് കാവലുണ്ട്”
അവൾ അത്ഭുതപ്പെട്ടു. യാത്രയിലെ ദുരന്തങ്ങൾ ഓർത്തപ്പോൾ ഫാത്തിമായുടെ മുഖം വാടി. വെളിപാടുകാരിയുടെ സ്വരം ആർദ്രമായി.
” മകളേ, യാത്ര തുടരുക. കഴിഞ്ഞതെല്ലാം വിധിയാണെന്ന് സമാധാനിക്കുക.”

സായാഹ്നത്തിൽ ഫാത്തിമ സത്രത്തിലെ കണക്കുതീർത്തു.
മൈതാനത്തിലെ കൂടാരത്തിനു മുന്നിൽ വടക്കോട്ടുള്ള യാത്രക്കാർ കാത്തു നിന്നു. സ്ത്രീകളുടെ കണ്ണുകളിൽ ആശങ്ക നിഴലിച്ചിരുന്നു. കുട്ടികൾ കൗതുകത്തോടെ ഒട്ടകങ്ങളെ നോക്കി. കുറുകിയ കഴുത്തുള്ള ഒരു ഖുറേഷിയായിരുന്നു സംഘ നേതാവ്. യാത്രക്കാരെ ഒന്നു വിക്ഷിച്ചിട്ട് അയാൾ പറഞ്ഞു.
”വടക്കോട്ടുള്ള എൻ്റെ പത്താമത്തെ യാത്രയാണ്. യെറുശലേം പാതയിലെ ഓരോ മരുപ്പച്ചയും മലയും ഗാഫ് മരവും എനിക്കറിയാം.”
ഒന്നു കണ്ണിറുക്കിയിട്ട് യാത്രക്കാരുടെ നാണയങ്ങൾ വാരി അയാൾ സഞ്ചിയിലിട്ടു.
പണസഞ്ചി നിറഞ്ഞു.
സഞ്ചികൾ കണ്ട് കൂട്ടുകാരൻ പരിഹസിച്ചു.
”പാതയിലെ ഓരോ കല്ലുംമുള്ളും നിനക്കറിയാം. പക്ഷേ ഈ യാത്രക്കാരുടെ മനസ്സിലിരുപ്പ് എന്താണെന്ന് അറിയാമോ”
ഖുറേഷി ചിരിച്ചു.
” സ്നേഹിതാ! പിതാവിന്റെ കൂടെയും തനിച്ചും ഞാൻ ഈ മരുഭൂമിയിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരു കാര്യം തീർത്തു പറയാം. മരുഭൂമിക്ക് ഒരു സത്യമുണ്ട്. അത് ലംഘിക്കുന്നവരെ നമ്മൾ ഒന്നും ചെയ്യേണ്ട അവൾ തന്നെ ശിക്ഷിച്ചു കൊള്ളും.”
ആ രാത്രിയിൽ അവർ മൈതാനത്തിൽ കിടന്നു. യാത്രക്കാർ ഭാണ്ഡങ്ങൾ ചേർത്തുപിടിച്ചിരുന്നു. ഫാത്തിമായ്ക്ക് ഉറക്കം വന്നില്ല. അവൾ കാതോർത്തു കിടന്നു. ചുറ്റിനും യാത്രക്കാരാണ്. പക്ഷേ കാലനക്കങ്ങൾ കേൾക്കുമ്പോൾ ഉള്ളം നടുങ്ങി. ബാമിപ്പേടി പോയിരുന്നില്ല. പാതിരാത്രി കഴിഞ്ഞപ്പോൾ ഒട്ടകനോട്ടക്കാർ ഉണർന്നു. യാത്രക്കുള്ള ഒട്ടകങ്ങളെ സജ്ജരാക്കണം. തീറ്റകൊടുത്ത് അവയുടെ പള്ളനിറക്കണം. ചരക്കുകൾ ഒട്ടകങ്ങളുടെ ചുമലിൽ കെട്ടിവയ്ക്കണം. അവർ ഒച്ചയിട്ടു. ഒട്ടകങ്ങളുടെ മുരളലുകൾ കേട്ട് യാത്രക്കാരും കണ്ണു തുറന്നു. ക്രമേണ കാതടപ്പിക്കുന്ന ശബ്ദകോലാഹലമായി.
കിഴക്കു വെളളകീറിയപ്പോൾ ഒരു നീണ്ട കാഹളം മുഴങ്ങി. അതോടെ ഒട്ടകങ്ങളുടെ കാലുകൾക്ക് അനക്കംവെച്ചു. ഖുറേഷി തിരിഞ്ഞു നോക്കി. കാവൽക്കാരൻ വെള്ളക്കൊടി വീശി.
ജോഫിലെ തെരുവുകൾ ഇരുട്ടിലാണ്. ഒട്ടകവ്യൂഹത്തെ നോക്കി നാലഞ്ച് പട്ടികൾ കുരച്ചു. അയാൾ അത് കാര്യമാക്കില്ല. ഒട്ടകനോട്ടക്കാർ നടന്നു. മരുപ്പച്ചയിൽ നിന്ന് അകന്നതോടെ ബഹളങ്ങൾ ഏതാണ്ട് ശമിച്ചിരുന്നു.

മരുഭൂമിയിലെ കാറ്റും വിജനതയും ഫാത്തിമായെ നിശബ്ദയാക്കി. രാവിന്റെ കണ്ണുനീർ വീണ് മരുഭൂമി നനഞ്ഞിരുന്നു. നിരന്തരം വീശുന്ന കാറ്റിൻ്റെ ശബ്ദം ലസ്കയെ അസ്വസ്ഥനാക്കി. അവൻ തിരിഞ്ഞുനോക്കി. അകലെ മരുപ്പച്ച ഒരു ബിന്ദുവായി മറയുന്നു.
അസ്മ നീ എവിടെയാണ്?
അവന്റെ കണ്ണു നനഞ്ഞു. ഒട്ടകനോട്ടക്കാരൻ പറഞ്ഞു.
“മരുപ്പരപ്പിലേക്ക് കാലെടുത്തുവെച്ചാൽ പിന്നെ തിരിഞ്ഞു നോക്കരുത്. മുമ്പോട്ടു പോകുന്നതിനെക്കുറിച്ച് മാത്രം ആലോചിക്കുക.”
അവൻ കണ്ണുനീർ തുടച്ചു. ഒട്ടകനോട്ടക്കാരൻ പുഞ്ചിരിച്ചു.
മരുപ്പരപ്പിൽ അസ്മേദേവൂസിന്റെ കണ്ണുകൾ പതിഞ്ഞു. യെറുശലേമിലേക്കുള്ള യാത്രാ സംഘത്തെ അവൻ കണ്ടു. ക്വാതിലെ ഫാത്തിമയെ രാജാവിന് ഇഷ്ടപ്പെട്ടു. അന്ത:പ്പുരത്തിലെ ശലമോന്റെ ഭാര്യമാരിലുള്ള അഭിനിവേശം ഏതാണ്ട് അവസാനിച്ചിരുന്നു.
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി കളിയാടി.

[തുടരും]

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like