പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 17 – വടക്കൻ പാത

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 17 – വടക്കൻ പാത

വടക്കൻ പാതയിൽ ഒട്ടകങ്ങൾ നടന്നു. മുകളിൽ കത്തിജ്വലിക്കുന്ന ആകാശം താഴെ മരുഭൂമി വറചട്ടിയായി. മണലിൽ നിന്ന് കൊടും ചൂട് നീരാവി പോലെ പൊന്തി. വഴികാട്ടിയുടെ കാഴ്ച മങ്ങി. അയാൾ കൊമ്പു വിളിച്ചു. ഖുറേഷികൾ യാത്ര മതിയാക്കി താവളമടിച്ചു. യാത്രക്കാർ ആശ്വസിച്ചു. കൂടാരത്തണലിൽ ഒട്ടകങ്ങളെ പോലെ കണ്ണടച്ചുകിടന്നു. പക്ഷേ, ഖുറേഷികൾ മയങ്ങിയില്ല. അവർ ഊഴമിട്ട് കാവലിരുന്നു. യാത്രക്കാരെ പഠിച്ചു. അവരുടെ നടപ്പുകളും എടുപ്പുകളും സൂക്ഷിച്ചു. തലപ്പാവുകളും ചെരുപ്പുകളും നോക്കി. ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ശ്രദ്ധിച്ചു. പ്രഭാതത്തിൽ സൂര്യനെ നമസ്ക്കരിക്കുന്നതും നിരീക്ഷിച്ചു.

ജോഫിൽ നിന്ന് പുറപ്പെട്ടിട്ട് നാലഞ്ച് ആഴ്ചകൾ കടന്നുപോയി. തുടക്കത്തിൽ യാത്രക്കാരെല്ലാം കടിച്ചുപിടിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ പരിചിതരായി. രാത്രിയിൽ തീ കായുമ്പോൾ കഥകൾ പറഞ്ഞു. മരുക്കഥകൾ കേട്ട് അവരുടെ ഹൃദയം നുറങ്ങി. ഹൃദയത്തിൽ ആർദ്രത നിറഞ്ഞു. രാവിലെ കാണുമ്പോൾ അവർ കരം വീശി. സഞ്ചാരികൾ വെള്ളവും പഴങ്ങളും പങ്കിട്ടപ്പോൾ കുലമഹിമയുടെ മഞ്ഞുരുകി. അവർ ചിരിച്ചു. എങ്കിലും ബാമികളെക്കുറിച്ചുള്ള ഭയം ഫാത്തിമായെ വിട്ടുമാറിയില്ല.

ബാമികൾ വേട്ടനായ്ക്കളെ പോലെയാണ്. ഇരയെ പിൻതുടരുന്നതിൽ ഒരിക്കലും മടുപ്പില്ല. പത്തഞ്ഞൂറ് പേരുള്ള ഒരുസംഘത്തിൽ നിന്ന് എങ്ങിനെയാണ് ബാമിക്കാരെ കണ്ടെത്തുക?

അവർ ഉണർന്നപ്പോൾ വെയിൽ ആറിയിരുന്നു. കാറ്റിൽ ചില ശബ്ദങ്ങൾ കേട്ടു. പിതൃപരമ്പരയുടെ പിറുപിറക്കലുകൾ! ഭാവിയിലേയ്ക്കുള്ള മുന്നറിയിപ്പുകൾ! അതനുസരിച്ചാണ് ഖുറേഷികൾ സഞ്ചരിച്ചിരുന്നത്. അവർ യാത്ര പുനരാംഭിച്ചു.

ഖുറേഷി യാത്രക്കാരുടെ ക്ഷേമം തിരക്കി. അവർ പുഞ്ചിരിച്ചു. അയാൾ പറഞ്ഞു.
‘കൊള്ളാം, ‘ഒരു കാര്യമേ എനിക്ക് നിങ്ങളോട് പറയാനുള്ളു.”
യാത്രക്കാർ കാതുകൂർപ്പിച്ചു.
ഇത് മരുഭൂമിയാണ്. ഇവിടെ നിങ്ങൾ ആരെയും വിശ്വസിക്കരുത്. ഈ യാത്രക്കിടയിൽ പലരും ചങ്ങാത്തം കൂടാൻ വരും. അവർ മന്ത്രവാദിയുടെ കഥകൾ പറയും. രാജകുമാരിയെ കാട്ടിത്തരും. പക്ഷേ രാവിലെ ഉണരുമ്പോൾ പണസ്സഞ്ചി കാണില്ല.”
അവർ അമ്പരന്നു.
“പിന്നെ, എന്റെ കൂടാരത്തിന്റെ മുമ്പിൽ വന്ന് കരഞ്ഞു കൂവിയിട്ടു ഒരു കാര്യവും ഇല്ല. പോയത് പോയി. അത്ര തന്നെ. രണ്ടു ദിവസം മരുഭൂമി കിളച്ചുമറിച്ചാലും കളവു പോയവ നിങ്ങൾക്ക് തിരിച്ചുകിട്ടില്ല.”

രാത്രിയിൽ ഫാത്തിമായ്ക്ക് ഉറക്കം വന്നില്ല. കൂടാരത്തിലെ ഇരുട്ടിന് അനക്കം വെക്കുന്നതു പോലെ തോന്നി.
ഫാത്തിമ പുറത്തിറങ്ങി. മരുഭൂമിയിൽ മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. അവൾക്ക് തണുപ്പ് തോന്നി. തെല്ലകലെ ആരോ തീ കൂട്ടിയിരുന്നു. തണുപ്പു മാറ്റുന്നതിനിടയിൽ അറബികൾ മരുക്കഥകൾ പറഞ്ഞു. ഗോത്രപ്പകയുടെ ചെന്നായ്ക്കഥകൾ! കാലങ്ങൾ കഴിഞ്ഞിട്ടും ഗോത്ര നീതിക്ക് ഒരു മാറ്റവും വന്നില്ല. കണ്ണിന് കണ്ണ്, പല്ലിന് പല്ല്, ചോരക്ക് ചോര. കന്യകയുടെ ചോര! കന്യകമാരെ തട്ടികൊണ്ടുപോയി മരുപ്പകയിൽ അവരുടെ മാനം കവർന്നു. കന്യകമാരുടെ നിലവിളി കേട്ട് കാറ്റ് തേങ്ങി. പെണ്ണിന്റെ കണ്ണീർവീണ് മണൽ കുതിർന്നു. സൈകതങ്ങൾ ആർദ്രമായി. രാത്രിയിലെ കൊടും തണുപ്പിൽ ഒരു വൃദ്ധൻ വിലപിച്ചു.
“മരിച്ചോ ജീവിച്ചോ, അതോ മരിച്ചു ജീവിക്കുന്നോ, എന്നെനിക്കറിയില്ല.”
ഫാത്തിമായുടെ കണ്ണു നനഞ്ഞു.

അവർ പിന്നെയും യാത്ര തുടർന്നു. ഒന്നുരണ്ടാഴ്ചകൾ കൂടി ശാന്തമായി കടന്നുപോയി. യാത്രയിലെ ദുരന്തങ്ങളും ദുരിതങ്ങളും യാത്രക്കാർ പാടെമറന്നു.
രാത്രിയിൽ അവർ ഒരു മണൽക്കുന്നിൽ തമ്പടിച്ചു. മങ്ങിയ നിലാവിൽ ഒരു കാഴ്ച കണ്ടു. താഴ്വരയിൽ ഒരു അസ്ഥിപഞ്‌ജരം കിടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച ഏതോ ജീവിയുടെ തിരുശേഷിപ്പാണ്! അസ്ഥികൂടത്തിൻ്റെ നിഗൂഢത ഫാത്തിമയെ ആകർഷിച്ചു. അവൾക്ക് കൗതുകം തോന്നി. അവൾ നടന്നു.
വൃദ്ധൻ അവളെ വിലക്കി.
” അവിടെ പോകരുത്.”
അവൾ നിന്നു.
“എന്താ കുഴപ്പം വല്ലതും ഉണ്ടോ?”
അയാൾ പറഞ്ഞു.
“അസ്ഥികൂടത്തിലാണ് നിശാശലഭങ്ങളുടെ കൂട്. അവറ്റയുടെ കുത്തേറ്റൽ പിന്നെ നീ ജീവിത കാലം മുഴുവൻ ചൊറിഞ്ഞുകൊണ്ടിരിക്കും.”
അവൾ നടുങ്ങി.
ഫാത്തിമ വൃദ്ധനുമായി ചങ്ങാത്തമായി. മരുഭൂമിയിലെ ഏകാന്തതയിൽ സാന്ത്വനമായി. രാത്രികളിൽ അവൾ കഥകൾ കേട്ടു. അയാളുടെ വീട് തെക്കൻ മരുപ്പച്ചയിലായിരുന്നു. മകൻ ഖുറേഷികളുടെ യാത്രസംഘത്തിൽ ചേർന്നു. വർഷത്തിലൊരിക്കൽ വീട്ടിൽ വരും. മകൾ മരുഭൂമിയിൽ ആടുകളെ മേയ്ച്ചു നടന്നു. ഒരു ദിവസം അവൾ മടങ്ങി വന്നില്ല. മകളെ തേടി വൃദ്ധൻ വീട്ടിൽ നിന്നിറങ്ങി.
അയാളുടെ കണ്ഠമിടറി.
വുദ്ധന്റെ കരച്ചിലും കഥയും ലസ്കാക്ക് ഇഷ്ടപ്പെട്ടില്ല. അവൻ യജമാനത്തിയെ ഓർമ്മിപ്പിച്ചു.
“യാത്രക്കിടയിൽ പലരും ചങ്ങാത്തം കൂടും. കഥകൾ പറയും. ഒരുമിച്ച് ഭക്ഷണം കഴിക്കും പക്ഷേ രാവിലെ നോക്കുമ്പോൾ പണസ്സഞ്ചി കാണില്ല.”
അവൻ പറഞ്ഞത് അവൾ കാര്യമാക്കിയില്ല. ഊഷ്മളമായ സൗഹൃദം തുടർന്നു.

മരുഭൂമിയിലെ പാതയിൽ പൂഴി മണൽ നിറഞ്ഞു. പൂഴിയിൽ നടക്കാൻ ഒട്ടകങ്ങൾ ക്ലേശിച്ചു. കുളമ്പിനിടയിൽ പൂഴി കയറി. കിരുകിരുപ്പിൽ പാദങ്ങൾ നൊന്തു. അതോടെ നടപ്പ് സാവധാനത്തിലായി. ഫാത്തിമ ഒട്ടകത്തെ അടിച്ചു. പക്ഷേ അത് വാശി തുടർന്നു. അവൾ ശപിച്ചു. താഴ്വരയുടെ ഒടുവിൽ തരിമണൽ കണ്ടു. ഒട്ടകങ്ങൾ ഉഷാറായി. ഫാത്തിമ പുഞ്ചിരിച്ചു.
മാനത്തെ വെളിച്ചം മറഞ്ഞപ്പോൾ യാത്രാസംഘം കൂടാരമടിച്ചു. മരുഭൂമിയിൽ ഇരുട്ട് പരന്നു. മാനത്ത് നക്ഷത്രങ്ങൾ കണ്ണടച്ചു. ഫാത്തിമ കൂടാരത്തിൽ കിടന്നു.
അതിരാവിലെ ഫാത്തിമ ഉണർന്നു. അവൾക്ക് ഉന്മേഷം തോന്നി. പുറത്തു പോകാനായി അവൾ ചെരുപ്പ് എടുത്തു, നാലഞ്ചു മണൽത്തരികൾ കിരുകിരുക്കുന്നത് കേട്ടു. അവൾ അത് തട്ടിക്കുടഞ്ഞു. പാദരക്ഷയിൽ നിന്ന് എന്തോ ഒന്ന് മണലിലേക്ക് തെറിച്ചു വീണു. അതിന് ജീവൻ വെച്ചു. കരിംതേൾ! ഫാത്തിമയുടെ മുഖം പ്രഭാതം പോലെ വിളറി. കരിംതേൾ ഒരു സൂചനയാണ്! ബാമിക്കാർ. ലസ്ക ഉണർന്നിരുന്നു. അവൻ അതിനെ അടിച്ചു കൊന്നു. പക്ഷേ ഭയം വിട്ടുമാറിയില്ല.

യാത്രക്കിടയിൽ സഞ്ചാരികൾ ബിദവികളെ കണ്ടിരുന്നു. ചില സാധനങ്ങൾ അവരുമായി കൈമാറ്റം ചെയ്തു. ആലയത്തിലെ ചന്ദ്രദേവന് നേർച്ചക്കാഴ്ചകൾ സമർപ്പിക്കണം.
യാത്രക്കിടയിൽ ജോഫിലെക്ക് പോകുന്ന കുറെ ഭക്തരെ കണ്ടു. അവർ കരം വീശി. ഫാത്തിമക്ക് ഉത്സാഹം തോന്നി. ഒരു ദിവസം ഒരു യാത്രാസംഘത്തെ കണ്ടു. അവരുടെ ഇടയിൽ ഇരിക്കുന്ന ഒരു സ്ത്രീയെ കണ്ടു.. ദിനങ്ങൾ കഴിഞ്ഞിട്ടും ആ മുഖം മറക്കാൻ കഴിഞ്ഞില്ല. കറുത്ത ഒരു കൂടാരവിരി ആ സ്ത്രീ പുതച്ചിരുന്നു. ഒട്ടകനോട്ടക്കാർ തുറിച്ചു നോക്കി. അവരുടെ കണ്ണിലെ പരിഹാസം കണ്ട് അവൾ കൂടാരവിരി മുഖത്തിട്ടു. ഭർത്താവ് എന്ന് തോന്നിപ്പിക്കുന്ന ഒരു പുരുഷൻ അവളെ അനുഗമിച്ചിരുന്നു. അയാൾ ആ വിരി വലിച്ചു മാറ്റി. ഒട്ടകക്കാർ ഉറക്കെ ചിരിച്ചു. അവളുടെ അകവും പുറവും ഒരുപോലെ വെന്തുനീറി. അവൾ ഇരുന്നത് ചാണകച്ചാക്കിനു മീതെയായിരുന്നു.
അവൾ കണ്ണടച്ചു.
ഫാത്തിമ പ്രതിഷേധിച്ചു.
എന്തൊരു അസംബന്ധമാണിത്?
വൃദ്ധൻ പറഞ്ഞു.
“മകളെ, ഇത് മരുഭൂമിയിലെ ആചാരമാണ്! ജാരസംശയം തീർക്കാനുള്ള ആചാരം “
ഫാത്തിമയുടെ മുഖം വിളറി.
“ജോഫിലെ ക്ഷേത്രത്തിൽ ഒരു പരീക്ഷയുണ്ട്. അതിൽ ജയിച്ചാൽ വിടുതൽ കിട്ടും. തെറ്റ് ചെയ്ത സ്ത്രീ പൂജാരി നൽകുന്ന തീർത്ഥജലം കുടിക്കണം. പിഴച്ചവളാന്നെങ്കിൽ അവളുടെ ഉദരം വീർക്കും. ഇരിക്കാനും കിടക്കാനും പറ്റാതെ അവർ രാപ്പകൽ നടക്കും. ഉറ്റവരും ഉടയവരും പരിഹസിക്കും. ഒടുവിൽ സർവ്വത്ര അപമാനിതയായി മരിക്കും.”
ആ സ്ത്രീയുടെ വിധിയോർത്ത് ഫാത്തിമ നടുങ്ങി.

രാത്രിയിൽ ലസ്ക ഉറക്കമിളച്ചു. അവൻ യജമാനത്തിയുടെ കൂടാരത്തിനു കാവലിരുന്നു. കൂടാരത്തിനു മുന്നിൽ തീ കാഞ്ഞിരുന്നു. കഥകൾ പറഞ്ഞ് വുദ്ധനും കൂട്ടിരുന്നു. പാതിരാത്രി കഴിയുമ്പോൾ അയാൾ ഉറങ്ങാൻ പോകും അവൻ തനിച്ചാകും. അസ്മയുടെ ഓർമ്മകൾ കൂട്ടുവന്നു. രാത്രി ഉറക്കമിളച്ചതിന്റെ ക്ഷീണം തോന്നിയില്ല. അത് ഉച്ചക്ക് ഉറങ്ങി തീർത്തു. അപ്പോൾ ഫാത്തിമ കാവലിരുന്നു.

ഉച്ചയ്ക്ക് ഫാത്തിമ കൂടാരത്തിൽ കണ്ണടച്ചു കിടന്നു. കടന്നു പോയ വഴികൾ മനസ്സിൽ തെളിഞ്ഞു. മണൽമഴ ഓർത്തു. പൊടുന്നനെ ഒരു കിരുകിരുപ്പ് കേട്ടു. അവൾ കാതോർത്തു. ശബ്ദം കൂടാരത്തിൽ നിന്നാണ്. അവൾ മിഴി തുറന്നു. കൂടാര മൂലക്ക് സഞ്ചികൾ സൂക്ഷിച്ചിരുന്നു. അവക്കിടയിലാണ് അനക്കം. കഴുകനെ പോലെ അവൾ കണ്ണും കാതും കൂർപ്പിച്ചു. മരുസ്വരങ്ങളെ വ്യവഛേദിക്കാൻ അവൾ യാത്രയിൽ പഠിച്ചിരുന്നു. അവൾക്ക് സംശയം തോന്നി. അവൾ ലസ്കയെ തട്ടി ഉണർത്തി. അവർ പുറത്തിറങ്ങി. വെയിലാറും വരെ കാത്തിരുന്നു. ലസ്ക കൂടാരങ്ങൾ പൊളിച്ചു മാറ്റി. കെട്ടുകൾ എടുക്കാൻ അവൾ ഒരു അറബിയെ വിളിച്ചു. അയാൾക്ക് സന്തോഷമായി. ഒരു നാണയം കിട്ടുമല്ലോ! സഞ്ചികൾ എടുക്കുമ്പോൾ ഒരു കരിനാഗം അറബിയെ കടിച്ചു. തൽക്ഷണം ആ മനുഷ്യൻ മരിച്ചു വീണു. ബഹളം കേട്ട് വൃദ്ധൻ ഓടി വന്നു. അയാൾ പാമ്പിനെ അടിച്ചു കൊന്നു.
ഫാത്തിമായ്ക്ക് ആശ്വാസമായി.

ചിലപ്പോൾ സാർത്ഥവാഹക സംഘത്തിന് വഴിമുട്ടിയിരുന്നു. രൂക്ഷമായ മണൽക്കാറ്റിൽ അവർക്ക് വഴി തെറ്റിയിരുന്നു. ഒന്നു വഴി മാറിയാൽ മതി കിണർ നഷ്ടപ്പെടാൻ. പിന്നെ ഒന്നുരണ്ടു ദിനദൂരങ്ങൾ കഴിഞ്ഞാലാണ് അടുത്ത നീരുറവ കാണുക. അതുവരെ ദാഹിച്ചിരിക്കണം. മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർ ഓർത്തു. വെള്ളത്തിന് സ്വർണ്ണത്തേക്കാൾ വിലയുണ്ട്!
ഖുറേഷി പറഞ്ഞു.
“മരുഭൂമിയിലെ യാത്രക്കാരന് ഒരു കൂട്ടുകാരിയേ ഉള്ളൂ, ദാഹം!”
മണല്‍പ്പൊടിയില്‍ ഫാത്തിമായുടെ നാവു മരക്കഷണം പോലെ ഉണങ്ങിവരണ്ടു. ഈത്തപ്പഴവും തീർന്നിരുന്നു. അവൾ കൊതിച്ചു. ഒരു ചീള് പഴം കിട്ടിയിരുന്നെങ്കിൽ നാവിലെ നനവ് തിരികെ പിടിക്കാമായിരുന്നു. വേനൽ കടുത്തതോടെ കിണറുകൾ വറ്റിവരണ്ടു.
രണ്ടു ദിവസത്തെ യാത്രക്കൊടുവിൽ ഒരു കിണറു കണ്ടു. ഒട്ടകത്തിന്റെ കണ്ണുകൾ തെളിഞ്ഞു. അവൻ വയർനിറയെ വെള്ളംകുടിച്ചു. മരുഭൂമിയിലെ വെള്ളത്തിനാണ് രുചി!
യാത്രക്കാർ തോൽസഞ്ചികളിൽ വെള്ളം നിറച്ചു.
വീണ്ടും എല്ലാം പഴയപടിയായി. വിരസമായ പകൽയാത്ര. ഓരോത്തരും അവരവരുടെ ഓർമ്മകളിൽ ചുറ്റുപാടും നോക്കിക്കൊണ്ടുള്ള മടുപ്പിക്കുന്ന യാത്ര. രാത്രിയിൽ ലസ്ക കാവലിരുന്നു. തീ കായാൻ വൃദ്ധൻ വരും. കഥകൾ പറഞ്ഞു. നാലഞ്ച് മത്തക്കുരുക്കൾ സമ്മാനിച്ചിട്ട് അയാൾ നടന്നു. അവൻ തനിച്ചായി. അൽപ്പം കഴിഞ്ഞപ്പോൾ അവന് ഉറക്കം വന്നു. ലസ്ക എഴുന്നേറ്റു. ഉറക്കം പോകാനായി അല്പദൂരം നടന്നു.

അകലെ തീ കണ്ടു. തീകുണ്ഡത്തിനു ചുറ്റും മുന്നു പേർ ഇരുന്നിരുന്നു. തീ കായുന്നതിനിടയിൽ അവർ വർത്തമാനം പറഞ്ഞു.
പരിചിതമായ ശബ്ദം കേട്ട് അവൻ നിന്നു. വൃദ്ധന്റെ സ്വരം കേട്ടു.
“അവൾ ഒരു സൂത്രശാലിയായ ഒട്ടകമാണ്. “
ചെറുപ്പക്കാർ കുണ്ഠിതപ്പെട്ടു. ബാമി ശൈഖിന്റെ കൽപ്പന നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. മാനിനെപ്പോലെ ഫാത്തിമ വഴുതി പോകുകയാണ്. അവൻ ചോദിച്ചു.
“അവൾ ചന്ദ്രദേവന്റെ രക്ഷ ധരിച്ചിട്ടുണ്ട് “
വൃദ്ധന് ചിരി വന്നു.
“എടാ പിള്ളേരേ . അവളെ കൊല്ലാൻ കഴിയില്ലെങ്കിൽ അതു പറയുക.”
ലസ്ക നടുങ്ങി. ഭയം അരിച്ചു കയറുന്നതു പോലെ തോന്നി. കാലുകൾ മരവിച്ചു. ചെറുപ്പക്കാരൻ ചിരിച്ചു. വൃദ്ധൻ തുടർന്നു.
“മക്കള് പോയി ഉറങ്ങിക്കൊള്ളുക. ആ പെണ്ണിന്റെ കാര്യം ഇങ്ങോട്ട് വിട്ടേയ്ക്കൂ.. ഞാനേറ്റു.”
ചെറുപ്പക്കാരൻ അത്ഭുതപ്പെട്ടു. താനും സ്നേഹിതനും പരാജയപ്പെട്ടിടത്ത് ഈ വയസ്സൻ എന്ത് ചെയ്യാനാണ്?
ലസ്ക മടങ്ങി.

പ്രഭാതത്തിൽ ഫാത്തിമ ഉണർന്നു. അകലെ ഒരു കറുപ്പ് കണ്ടു. ചക്രവാളത്തിൽ നിന്ന് തണുത്ത കാറ്റടിച്ചു. യാത്രക്കാർക്ക് ഉത്സാഹം തോന്നി. അടുത്ത് എവിടെയോ ജലാശയം ഉണ്ട്. അവരുടെ മുഖത്ത് വെട്ടം വീണു. പക്ഷേ ഒട്ടകങ്ങൾക്ക് ഭ്രാന്തിളകി. ജലഗന്ധം ലഭിച്ചാൽ പിന്നെ അവയുടെ കാലുകൾക്ക് മാനിൻ്റെ വേഗതയാണ്. പിന്നെ അവറ്റയെ നിയന്ത്രിക്കുക ശ്രമകരമാണ്. വയറുനിറയെ വെള്ളം കുടിച്ചാലല്ലാതെ അവറ്റകൾ ശാന്തരാകുകയില്ല. ഫാത്തിമ വിഷമിച്ചു. വൃദ്ധൻ ഓടി വന്നു കടിഞ്ഞാണിൽ പിടിച്ച് നിർത്തി. പിന്നെ കെട്ടുകളഴിച്ച് നിലത്തിറക്കി. ഒട്ടകം പാഞ്ഞു. ജലാശയത്തിൽ നിന്ന് ഒട്ടകങ്ങൾ വയർ നിറയെ വെള്ളം കുടിച്ചു.

ഒന്നു രണ്ടു പകലുകൾ കൂടി ശാന്തമായി കടന്നു പോയി. നോട്ടക്കാരുടെ മൂളലിനുസരിച്ച് ഒട്ടകങ്ങൾ നടന്നു. രാത്രികളിൽ വൃദ്ധൻ വന്നു. അയാൾ ഓരോരോ കഥകൾ പറഞ്ഞു. ഫാത്തിമ മൂളി കേട്ടു.
കുറച്ചു ദൂരം കൂടി അവർ പിന്നിട്ടു. സായാഹ്നത്തിൽ ഒരു മരുപ്പച്ചയിൽ എത്തി. സഞ്ചാരികൾ കുറച്ച് പഴങ്ങളും അപ്പവും വാങ്ങി. അവർ പരസ്പരം പഴങ്ങൾ സമ്മാനിച്ചു. വൃദ്ധൻ കുറച്ച് പഴങ്ങൾ ഫാത്തിമായ്ക്ക് സമ്മാനിച്ചു. അവളും കുറെ പഴങ്ങൾ സമ്മാനിച്ചു. അവർ ഗൂഢമായി പുഞ്ചിരിച്ചു.
വൃദ്ധൻ മടങ്ങി. അയാൾ ബാമിക്കാരുടെ കൂടാരത്തിൽ എത്തി. അയാളുടെ കണ്ണുകൾ തിളങ്ങി.ഫാത്തിമ പഴം കഴിക്കും. കുറെ കഴിയുമ്പോൾ ഉറക്കം വരും. പിന്നെ ആ ഉറക്കത്തിൽ നിന്ന് ഒരിക്കലും ഉണരില്ല. ചെറുപ്പക്കാർ ശ്രദ്ധിച്ചു കേട്ടു.ഈത്തപ്പഴങ്ങൾ കള്ളിച്ചെടിയുടെ വിഷച്ചാറിൽ മുക്കിയിരുന്നു. ക്വാദിലെ രാജകുമാരിക്ക് ശുഭയാത്ര നേർന്ന് അവർ പഴങ്ങൾ ഭക്ഷിച്ചു. പിന്നെ കിടന്നു. ഉറക്കത്തിൽ അവർ ദുസ്വപ്നങ്ങൾ കണ്ടു.

രാവിലെ പുറപ്പെടാനുള്ള കൊമ്പുവിളി മുഴങ്ങി. എല്ലാവരും ഉണർന്നു. പക്ഷേ ബാമിക്കാർ ഉണർന്നില്ല. അവർ മരിച്ചു.
ഖുറേഷി അമ്പരന്നു.
മരുഭൂമിയിൽ അവരെ സംസ്ക്കരിച്ചു. യാത്രക്കാർ ഒരു പിടി മണൽ ആ കുഴിയിലിട്ടു. ഫാത്തിമ കണ്ണുനീർ തുടച്ചു. ഒട്ടകത്തിൽ കയറിയപ്പോൾ മുഖം തുടച്ചു. ഒട്ടകം നടന്നു. അവളുടെ മുഖത്ത് ചിരി വിടർന്നു. ബാമിക്കാരെ
പാതാളത്തിലേക്ക് അയച്ചതിൽ തെല്ലും കുറ്റബോധം തോന്നിയില്ല. ലസ്ക പറഞ്ഞപ്പോൾ നടുങ്ങിയില്ല. ജോഫിലെ കിഴവിയെ ഓർമ്മവന്നു. ബാമിക്കാർ പിച്ചിച്ചീന്തിയ അവരുടെ മകളെ ഓർത്തു. മനസ്സിൽ ദൃഡനിശ്ചയം ചെയ്തു.
അവർ പിന്നെയും യാത്ര തുടർന്നു. അവളുടെ മനസ്സിലെ പേടികൾ ഓരോന്നായി പറന്നൊഴിഞ്ഞു. യാത്രയിലെ ദുരിതങ്ങൾ ഫാത്തിമ മറന്നു.

അങ്ങിനെയിരിക്കെ മരുപ്പാതയിൽ ബിദവികളെ കണ്ടുമുട്ടി. അവർ സിറിയക്കാരെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ മനസ്സിൽ ഭീതി പരന്നു. അവരുടെ താവളം അടുത്തതോടെ സംഘത്തലവൻ ഉത്തരവിട്ടു.
“ആരും തീ കൂട്ടരുത്. അത് അവർക്ക് സൂചന നൽകും.”
രാത്രിയിൽ അവർ തണുത്തുവിറച്ചു. തണുപ്പുമാറ്റാനായി ഒട്ടകനോട്ടക്കാർ വൃത്തികെട്ട ഒട്ടകങ്ങളോട് ചേർന്നുകിടന്നു. പ്രഭാതത്തിൽ അവർ സുഗന്ധം പൂശി.
അവർ വഴി മാറി നടന്നു. മണൽപ്പരപ്പിൽ ചില ദുർനിമിത്തങ്ങൾ ഖുറേഷി കണ്ടു. അതോടെ യാത്രയുടെ വേഗവും കൂടി. രാവും പകലും നിർത്താതെയുള്ള യാത്രയിൽ ഉണർവും ഉത്സാഹവും എല്ലാവർക്കും നഷ്ടപ്പെട്ടു. യാത്രക്കാർ അമ്പെ വലഞ്ഞു. എങ്ങനെയെങ്കിലും മരുഭൂമി കടന്നാൽ മതിയെന്ന് ആയി. ഒട്ടകങ്ങളും വലഞ്ഞിരുന്നു. പകലും രാത്രിയിലും ഒരു പോലെ നിശബ്ദത പരന്നു.
സിറിയക്കാരെ കബളിപ്പിക്കാനായില്ല. അവർ യാത്രാസംഘത്തെ പിൻതുടർന്നു. സഞ്ചാരികൾ സംഭീതരായി. അവർ തമ്മിലുള്ള വഴിയകലം കുറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ യാത്രാക്കാർ തമ്പടിച്ചിരിക്കുന്നത് സിറിയക്കാർ കണ്ടു. കൊള്ളക്കാർ ആവേശഭരിതരായി .പൊടുന്നനെ മരുക്കാറ്റു വീശി. ഒരു യക്ഷിയെ പോലെ മുടിയഴിച്ച് കൊമ്പു കുലുക്കി പാഞ്ഞു വന്നു. മരുഭൂമിയിൽ തിരകൾ ഉയർന്നു. ചുടുകാറ്റിൽ മണൽ ആകാശത്തിലേക്ക് ഉയർന്നപ്പോൾ കാഴ്ചമറഞ്ഞു. ലസ്ക കണ്ണടച്ചു. പ്രിയതമയുടെ രൂപം മനസ്സിൽ തെളിഞ്ഞു. അവൻ ശാന്തനായി.
വടക്കൻ കാറ്റിൽ സിറിയക്കാർ അകപ്പെട്ടു. അവർ പലായനം ചെയ്തു.
അവർ അത്ഭുതപ്പെട്ടു. ഇതെന്ത് മറിമായമാണ്? ഇങ്ങനെയൊരു കാറ്റ് അതിനു മുമ്പ് അവർ കണ്ടിട്ടില്ലായിരുന്നു. അവർ ഖുറേഷികളെ ശപിച്ചു.
ഒരു ദിവസം രാവിലെ ലസ്ക യജമാനത്തിയെ വിളിച്ചുണർത്തി. ഫാത്തിമ എഴുന്നേറ്റു നോക്കി. മണൽപ്പരപ്പിൽ പച്ചപ്പാർന്ന കുറ്റിച്ചെടികൾ! പച്ചനിറം അവളുടെ കണ്ണുകൾക്ക് കുളിർമ്മയായി. മഞ്ഞിൽ വെള്ളക്കച്ച പുതച്ച മലനിരകൾ വരവായി. മലകൾ കാവൽ നിൽക്കുന്ന താഴ്വരയിലൂടെ ഒട്ടകങ്ങൾ നടന്നു. യാത്രക്കാരുടെ മനസ്സുകൾ ശാന്തമായി. തണുത്ത കാറ്റിൽ കുളിരിട്ടു. ഹെർമോൻ താഴ്വരയായി. അപ്പോൾ ജോഫിൽ നിന്ന് യാത്രതിരിച്ചിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞിരുന്നു. അവർ യിസ് റേഏലിന്റെ അതിർത്തിയിലുള്ള പട്ടണമായ ദാനിൽ എത്തി.

ഫാത്തിമ സന്തുഷ്ടയായി. അവൾക്ക് സഞ്ചരിക്കാൻ രാജാവ് ഒരു മഞ്ചൽ അയച്ചിരുന്നു. അവൾ മഞ്ചലിൽ കയറി. യിസ്റേഏലിലെ വീരരായ നാല്പത് പടയാളികൾ അകമ്പടി നിന്നു. എല്ലാവരും വീരയോദ്ധാക്കൾ! വാൾ എല്ലാവരുടെയും അരയിൽ തന്നെയുണ്ട്. അവർ നടന്നു.
മഞ്ഞുകാലം കഴിഞ്ഞു. താഴ്വരയിലെ മഴയും നിലച്ചു. താഴ്വരയാകെ പൂവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അത്തിക്കായ്കൾ പഴുത്തു. അവ പരിമളം പരത്തി. പാറയുടെ വിളർപ്പിൽ മാടപ്രാവുകളുടെ കുറുകൽ മുഴങ്ങി. ദാനിലെ ഗോപുരത്തിൽ പടയാളികൾ കാവലിരുന്നു. വടക്കൻ മരുഭൂമിയിലേക്ക് കണ്ണുനട്ടു. അവരുടെ കഴുകൻ കണ്ണുകൾ മരുപ്പാതയിലെ ഓരോ അനക്കങ്ങളും അരിച്ചുപെറുക്കിയിരുന്നു. വെട്ടുകിളികളെപ്പോലെയാണ് വടക്കൻ ശത്രുക്കൾ. ഒറ്റ രാത്രി കൊണ്ട് യിസ്റേഏലിൻ്റെ പച്ചപ്പ് തിന്നുമുടിച്ചിരുന്നു!
പടയാളി കണ്ണടച്ചു. ഉച്ചവെയിലിൻ്റെ വാൾത്തിളക്കത്തിൽ പടയാളിയുടെ കണ്ണഞ്ചിയിരുന്നു. കാറ്റിന്റെ ഇരമ്പം കേട്ട് അയാൾ ഉണർന്നു. അകലെ മണൽപ്പാതയിൽ ഒരു കറുപ്പ്.
അയാൾ ജാഗരൂകനായി.
പൊടിക്കാറ്റടങ്ങിയപ്പോൾ രണ്ട് ഒട്ടകത്തലകൾ പ്രത്യക്ഷമായി.
മരുയാത്രക്കാരാണ്.
അയാൾ ഒരിക്കൽ കൂടി കണ്ണടച്ചു. വീണ്ടും ആകാശം പ്രകാശം പൊഴിച്ചുചിരിക്കുന്നു. മേഘത്തുണ്ടുകൾ നൃത്തംചെയ്ത് മലകൾക്കു മുകളിലൂടെ ഒഴുകുന്നു.
യാത്രക്കാരിൽ ഒരാൾ ദാനിൻ്റെ ഗന്ധം ആവോളും നുകർന്നു. അയാൾ ഒരു പിടി മണ്ണെടുത്ത് ചുംബിച്ചു. ഒരു തുള്ളി ചുടുബാഷ്‌പം ആ മണ്ണിലേയ്ക്ക് അടർന്നു വീണു. കാവൽക്കാരനത് കണ്ടു .
“എന്ത് പറ്റി കാർന്നോരേ?”
വയസ്സൻ പറഞ്ഞു.
“വിധിവൈപരീത്യം കൊണ്ട് മണലാരാണ്യത്തിൽ അകപ്പെട്ട ഒരു യെറുശലേംകാരനാണ് ഞാൻ.”
പിന്നെ അമാന്തിച്ചില്ല ആ കവാടം തുറക്കാൻ.
മരുഭൂമിയിലെ തീരാത്ത യാതനയിൽ ആ മുഖം കരിവാളിപ്പിച്ചിരുന്നു. നഗരത്തിലേക്ക് നടക്കുമ്പോൾ ശലമോൻ ഓർത്തു.
‘യിസ്റേഏലിൽ മടങ്ങിയെത്തിയിരിക്കുന്നു. പക്ഷേ, യെറുശലേം എത്ര അകലെയാണ്!’
ദാൻ നദീതീരത്തെ പുൽപ്പരപ്പിൽ വെള്ളമൂക്കൻ മേഞ്ഞുനടന്നു. നീണ്ട മരുയാത്ര ആ മരുപുത്രനെ തളർത്തിയിരുന്നു. ദിവസങ്ങളോളും പട്ടിണി കിടന്നു. ദാഹിച്ചു വലഞ്ഞു. പക്ഷേ ഒരിക്കൽ പോലും അവൻ വിറളിയെടുത്തില്ല. ശലമോൻ വെള്ളമൂക്കനെ തലോടും. ഒടുവിൽ പച്ചപ്പ് കണ്ടു. അവൻ കടിച്ചു തിന്നു. ശലമോൻ ആ ജന്തുവര്യനെ ഒന്നു നോക്കി. പിന്നെ നടന്നു.
ആറ്റുതീരത്ത് ഒരു അലരിമരം നിന്നിരുന്നു. ആ മരച്ചുവട്ടിൽ ശലമോൻ ഇരുന്നു. ഹെർമോൻഗിരിയിൽ നിന്നാണ് ദാൻ ഉത്ഭവിച്ചിക്കുന്നത്. താഴ്വരകളെ നനച്ച്, നഗരത്തെ പകുത്താണ് അവൾ ഒഴുകുന്നത്. ആ നദിയിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ യെറുശലേം താഴ്വരയിലെ ജലപാതങ്ങൾ ശലമോനു ഓർമ്മ വന്നു. പ്രാവുകൾ സങ്കീർത്തനം മൂളുന്ന ആലയഗോപുരങ്ങൾ.
അസ്തമനസൂര്യന്റെ അരുണിമയാർന്ന മാതളപ്പഴങ്ങൾ.
നർത്തകിയുടെ കരചലനങ്ങൾ പോലെയുള്ള പച്ചക്കുന്നുകൾ.
ഓ, യെറുശലേമേ, നിന്നെ മറക്കാൻ ആർക്കാണ് കഴിയുക!
അകലെ കുതിരക്കുളമ്പടി കേട്ടപ്പോൾ ശലമോൻ ഓർമ്മകളിൽ നിന്ന് ഉണർന്നു. തീരത്തെ ചവിട്ടടിത്താരയിലൂടെ രണ്ട് കവാത്തുകാർ നടന്നു. അവർ അപരിചിതരെ സൂക്ഷിച്ച് നോക്കി. ശലമോൻ തലകുനിച്ചു. അൽപ്പം മുമ്പുവരെ മരുഭൂമിയെ ഭയന്നാൽ മതിയായിരുന്നു. ഇനി അതു പോരാ. ഭൂതത്തെയും അവൻ്റെ കാവൽ ഗണങ്ങളെയും ഭയപ്പെടണം, അവരുടെ കണ്ണിൽപ്പെട്ടാൽ യിസ്റേഏലിൽ രാജാവായ ശലമോൻ ഒരു പഴങ്കഥയാകും. ഭോഷനു സംഭവിക്കുന്നതു തന്നെ ആ വിജ്ഞാനിക്കും സംഭവിക്കും!
അയാൾ നദിയിലേക്ക് ഇറങ്ങി.
ദാനിലെ തെളിനീരിൽ ശലമോൻ മുഖം കഴുകി. മരുപ്പരപ്പിലെ കണ്ണീരും വിയർപ്പും മണൽത്തരികളും കഴുകി. പടയാളികൾ കടന്നുപോയി. മലനിരകളിൽ നിന്ന് ചെന്നായ ഓരിയിടുന്നത് കേട്ടു. അയാൾക്ക് ഭയം തോന്നി. അസ്മേ ദേവൂസിനെ തനിച്ചുനേരിടുക വിഡ്ഢിത്തമാണ്. ഭൂതത്തെ നേരിടാനായി ഇനി ആളും അർത്ഥവും സമാഹരിക്കണം. സഹായിക്കാൻ ആരാണ് തയ്യാറാകുക?
നീണ്ട മരുയാത്ര അസ്മായെ തളർത്തിയിരുന്നു. പക്ഷേ , ഒരിക്കൽ പോലും അവൾ പരാതിപ്പെട്ടില്ല. ദിവസങ്ങളോളമാണ് ദാഹിച്ചുവലഞ്ഞത്.. ഭക്ഷണത്തിനായി യാത്രസംഘത്തിൽ അടിമപ്പണി ചെയ്തു. യജമാനനെ ഒരു ശിശുവിനെ പോലെ പരിചരിച്ചു. ഒരിക്കൽ പോലും തളർന്നില്ല. മനസ്സിൽ ലസ്ക ഒരു അരുവിയായി ഒഴുകിയിരുന്നു. അവൾ മുഖം കഴുകി.

തീരത്ത് അസ്മയെ വിട്ട് ശലമോൻ നടന്നു. ജന്മനാട്ടിൽ കാലുകുത്തിയതിന് വെള്ളമൂക്കനോടും പരിചാരികയോടും അയാൾ കടപ്പെട്ടിരുന്നു.
അയാൾ പാലത്തിൽ കയറി. അക്കരെ എവിടെയോ സഹോദരനും സഹോദരിയും ഉണ്ട്. നാടുകടത്തിയത് ക്ഷമിക്കാൻ നാതാന് കഴിയുമോ? കുറെനാൾ മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞപ്പോഴാണ് പ്രവാസത്തിന്റെ തീരാവ്യഥ മനസ്സിലായത്…
അദോനിയാഹുവിനെ വധിച്ചതിനു സഹോദരി അക്സ രാജാവിനെ ശപിച്ചിരുന്നു. അവൾ ഒരിക്കലും പൊറുക്കില്ല! ശലമോന്റെ ദുർവ്വിധി കാണുമ്പോൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുക അവളായിരിക്കും.
“എന്റെ കണ്ണീരാണ്.”

നഗരത്തിലെ ഒരു സത്രത്തിലാണ് നാതാൻ പാർത്തിരുന്നത്. പകൽ മുഴുവൻ അയാൾ മുറിയിൽത്തന്നെ കഴിഞ്ഞുകൂടും. സന്ധ്യ മയങ്ങുമ്പോൾ അയാൾ പുറത്തിറങ്ങും. അയാളുടെ വിചിത്രമായ കോലം കണ്ട് കുട്ടികൾ പരിഹസിച്ചിരുന്നു.
“ഭ്രാന്തൻ! “
നഗരത്തിലെ പ്രഭുക്കളോ അധികാരികളോ ഒരു മമതയും നാതാനോടു കാട്ടിയില്ല. അവർ പുച്ഛിച്ച് ചിരിച്ചു. സ്ത്രീകൾ ആ മഹാപാതകിയെ ശപിച്ചു. ചന്തപ്പിള്ളേർ ആ മനുഷ്യനെ കല്ലെറിഞ്ഞു.
അയാൾ ചക്രവാളത്തിലേക്ക് നോക്കി. പകലിന്റെ തമ്പുരാൻ യാത്രപറയുകയാണ്!
അയാൾ എഴുന്നേറ്റു.
അയാൾ നടന്നു. ഒരു പരിചാരകൻ കരം കാട്ടി വിളിച്ചു.
“അങ്ങയെ കാണാൻ ഒരു വയസ്സൻ വന്നിരിക്കുന്നു..”
നാതാന് അത്ഭുതം തോന്നി. നഗരത്തിൽ വന്നതിൽ പിന്നെ ആരും അയാളെത്തേടി വന്നിട്ടില്ല. വെറുതെ എന്തിന് രാജകോപം വരുത്തിവയ്ക്കുന്നു!
അയാൾ പറഞ്ഞു.
“സഹായത്തിനോ ശുപാർശക്കോ ആണെങ്കിൽ ആളു തെറ്റിപ്പോയെന്ന് ആ മനുഷ്യനോട് പറയുക.”
ശലമോൻ ഇടനാഴിയിൽ വാശിപിടിച്ചു.. ഒന്ന് തിരിഞ്ഞുനോക്കിയിട്ട് പരിചാരകൻ പറഞ്ഞു.
“അങ്ങയെ കാണാതെ പോകില്ലെന്നാണ് അയാൾ പറയുന്നത്.”
നാതാൻ ചിരിച്ചു.
“അയാൾക്കെന്താ ഭ്രാന്താണോ”?
നാതാൻ ആഗതനെ ഒന്നു സൂക്ഷിച്ചുനോക്കി. ഒരു മരുക്കാറ്റ് ആ കണ്ണുകളിൽ വീശുന്നുണ്ട് !നീണ്ട അലച്ചിലിന്റെ മുറിപ്പാടുകളാണോ ആ നെറ്റിയിൽ കരിവാളിച്ചു കിടക്കുന്നത്?
“സഹോദരാ, നിങ്ങൾക്ക് എന്തുപറ്റി?”
അയാളുടെ കണ്ണുകൾ നിറഞ്ഞു. ആ മനുഷ്യനെ ഭക്ഷണ ശാലയിലേക്ക് ക്ഷണിച്ചു. പരിചാരകൻ വീഞ്ഞുപകർന്നു. ദുഃഖശമനത്തിന് അല്പം വീഞ്ഞ് നല്ലതാണല്ലോ!
അയാൾ മുഖം തിരിച്ചു.
നാതാൻ അടുത്തുചെന്ന് ആ മനുഷ്യൻ്റെ കരത്തിൽ അമർത്തി.
“സാരമില്ല, ഇത് കഴിക്കൂ.”
ഒന്നും മിണ്ടാനാവാതെ ശലമോൻ സഹോദരനെ നോക്കി. ആ നോട്ടം കണ്ടപ്പോൾ നാതാന് ഒരു സംശയം തോന്നി.
ശലമോൻ്റെ നിഴലോ ?
ജനങ്ങളുടെ ക്ഷേമം അറിയാൻ രാജാവ് വേഷം മാറി സഞ്ചരിച്ചിരുന്നു. ഒരു പക്ഷേ തന്നെ പരീക്ഷിക്കാൻ വന്നതാണോ?
നാതാൻ ചിരിച്ചു. ശബ്ദം താഴ്ത്തി ചോദിച്ചു.
”അങ്ങ് രാജാവല്ലെ?”
ശലമോൻ പറഞ്ഞു.
“നിർഭാഗ്യവാനായ ആ മനുഷ്യൻ ഞാൻ തന്നെ.”
നാതാൻ അത്ഭുതം കൂറി.
ഇതെങ്ങിനെ സംഭവിച്ചു?
അയാൾ പറഞ്ഞു.
“യെറോബയമിനെ തോൽപ്പിക്കാൻ ഞാൻ ഒരു ഭൂതത്തെ പതാളത്തിൽ നിന്ന് വരുത്തി. പക്ഷേ അവൻ്റെ കണ്ണ് എൻ്റെ സിംഹാസനത്തിലായിരുന്നു!”
നാതാൻ അമ്പരുന്നു.
“ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്നത് ആ ഭൂതമാണോ?”
ശലമോൻ ശിരസ്സാട്ടി.
ബാബിലോണിയയിൽ അടിമയായതും അറേബ്യൻ മരുഭൂമിയിൽ പ്രവാസിയായി അലഞ്ഞു നടന്നതും ജിന്നുബാധയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും കേട്ടപ്പോൾ നാതാന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ സഹോദരനെ വാരിപുണർന്നു. കാതിൽ മന്ത്രിച്ചു.


“സഹോദരാ, ഭൂതത്തെ നേരിടാൻ അങ്ങ് ഒറ്റയ്ക്കല്ല, ഞാനുമുണ്ട്.”
ശലമോൻ ചിരിച്ചു.

[തുടരും]

വര : പ്രസാദ് കാനത്തുങ്കൽ

കവർ: വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like