പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 12 – ഒട്ടക ബാലൻ

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 12 – ഒട്ടക ബാലൻ

ഉദയത്തിനു മുമ്പേ ക്വാതിലെ ദാസർ പുറപ്പെട്ടു. അരുണോദയം ദൃശ്യമായപ്പോൾ അവർ ഒട്ടകത്തിനു മുകളിൽ നിന്ന് ഇറങ്ങി സൂര്യദേവനെ സാഷ്ടാംഗം പ്രണമിച്ചു. ആകാശം ഒട്ടകത്തിന്റെ അകിടു പോലെ ചുരന്നിരുന്നു. പാൽവെളിച്ചം മരുഭൂമിയിൽ പതിച്ചു. മരുപ്പരപ്പ് പ്രഭാതമഞ്ഞിൽ ധവളാഭമായി. അറബികളുടെ യാമപ്രാർത്ഥനകൾ വാനിലേക്ക് ഉയർന്നു.
ശലമോന്റെ കണ്ണുകൾ തിളങ്ങി.
വെളിച്ചം എത്രയോ ഇമ്പമുള്ളതാണ്. സൂര്യനെ കാണുന്നതു കണ്ണിനു അതീവ പ്രീതികരവും. ഹൃദയത്തിൽ പ്രതീക്ഷയുടെ ഒരു പൊൻ കിരണം പതിഞ്ഞാൽ മതിയാകും മനസ്സിലെ ഘോരന്ധകാരം മാറാൻ. ഉദയം പോലെ അപ്പോൾ ലോകം മുഴുവൻ ദീപ്തമാകും.
അയാൾ വെളിച്ചത്തെ നമിച്ചു.
മരുഭൂമിയിൽ ഉദയം മന്ദഗതിയിലാണ്. എന്നാൽ വെയിൽപടരൽ ശീഘ്രവും. ഇളം വെയിലേറ്റപ്പോൾ മരുഭൂമിയുടെ വെണ്ണയുരുകി. മണൽ കുതിർന്നു.
വെയിലിന് തീപിടിച്ചപ്പോൾ ആ ജലാംശം ആവിയായി മുകളിലേക്ക് ഉയർന്നു.
പക്ഷേ ആകാശത്ത് അവ നിറഞ്ഞില്ല. എവിടെ നിന്ന് അവ വന്നുവോ അങ്ങോട്ടു തന്നെ മടങ്ങി പോകുന്നു!

അറബികൾക്ക് ഉന്മേഷമായി. അവർ ഒട്ടകത്തെ പായിച്ചു. മരുഭൂമി വിജനമാണ്. ശലമോൻ കാതോർത്തു. ചക്രവാളത്തിനപ്പുറം ആരോ ചങ്ങല കിലുക്കുന്നത് കേട്ടു! കാറ്റ് തെക്കോട്ട് വീശി ചുറ്റിത്തിരിഞ്ഞു വടക്കോട്ട് പോകുന്നു. അത് കറങ്ങിയടിച്ച് അതിന്റെ മാർഗങ്ങളിലേക്ക് തന്നെ തിരിച്ച് വന്നു. ഒരു ഭ്രാന്തിയെ പോലെ നിലത്തുകിടന്ന മണൽ വാരിക്കളിച്ചു. പിന്നെ ആരോടോ കോപിച്ച് അതെല്ലാം ഒരു നിമിഷം കൊണ്ട് തട്ടിത്തെറിപ്പിച്ച് കളഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ചു. മരുസാഗരത്തിൽ പൂഴിത്തിരകൾ ഉയർന്നു. ആകാശം മറച്ച പൊടിക്കാറ്റിൽ ദാസരുടെ ഉള്ളം കിടുങ്ങി. മരുഭൂമിയെ ഭയപ്പെടാത്ത വെള്ളമൂക്കൻ പോലും നടപ്പ് നിർത്തി. ശലമോൻ ഇറങ്ങി അവനെ ചേർത്തുപിടിച്ചു. മണൽമഴ പെയ്തുതുടങ്ങി. ഒരു കിരുകിരുപ്പ് അയാളുടെ കാതിലേക്ക് അരിച്ചിറങ്ങി. മുമ്പ് ഒരിക്കൽ പോലും ഉണ്ടാകാത്ത രോമാഞ്ചം പോലെ ബാല്യത്തിന്റെ, കൗമാരത്തിന്റെ , പുരുഷ പ്രാപ്തിയുടെ ശബ്ദങ്ങൾ അയാൾ കേട്ടുതുടങ്ങി.
കുറെ നേരം കഴിഞ്ഞപ്പോൾ മണൽ മഴയുടെ ശബ്ദങ്ങൾ എല്ലാം നിലച്ചു. ശലമോൻ കണ്ണു തുറന്നു നോക്കി. തിരകൾ അടങ്ങിയ സാഗരം പോലെ മരുഭൂമി നിശ്ചലമായിരിക്കുന്നു. പക്ഷേ, മണൽത്തരികൾ തട്ടാന്റെ ഉലയിലെന്ന പോലെ ചുട്ടുപഴുത്തിരുന്നു. മരുപ്പരപ്പിൽ നിന്ന് തീപ്പൊരികൾ ചിതറുകയാണ്. ഒരു നിഴലിനു വേണ്ടി അയാൾ ദാഹിച്ചു, ചുറ്റും പരതി.

വെളിച്ചം ദുഃഖമാണു്, തമസ്സല്ലോ സുഖപ്രദം!

ക്വാതിലെ ദാസർ ഇറങ്ങി. അവർ ഒട്ടകത്തിന്റെ തണലിൽ കണ്ണടച്ചുകിടന്നു.
വെയിലാറിയപ്പോൾ അവർ യാത്രതുടർന്നു. നാഴികകൾ പിന്നിട്ടപ്പോൾ ചക്രവാളത്തിന്റ നിറം മാറി, ചാരനിറമായി. അവർക്ക് ഉത്സാഹമായി. ഒട്ടകങ്ങൾ അകലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ശലമോൻ അമ്പരന്നു.
ചാരത്തിൽ നിന്ന് വല്ല പക്ഷിയും ഉയിർക്കുമോ? അൽപ്പദൂരം കൂടി പിന്നിട്ടപ്പോൾ ആ നിറത്തിനു ഭേദം വന്നു. വെള്ളക്കല്ലിലെ പായലു പോലെ ആ നിറത്തിനു തീക്ഷ്ണത കൂടിക്കൂടി വരുകയാണ്. ഒടുവിൽ ദാസരുടെ ആരവങ്ങൾ ഉയർന്നു.
അകലെ ഈത്തപ്പനകൾ ദൃശ്യമായി.
പനകളുടെ ആകൃതികൾ എല്ലാം ഒരു പോലെ. പക്ഷേ , മരുപ്പച്ചയോട് അടുക്കുംന്തോറും ഓരോന്നും തികച്ചും വിഭിന്നമായി. ക്വാതിലെ ഹരിതാഭ കണ്ണിൽ നിറഞ്ഞപ്പോൾ ശലമോനും ആഹ്ളാദം അടക്കാനായില്ല.
അതാ ഒരു മരുപ്പച്ച!
അയാൾ ഉറക്കെ ചിരിച്ചു. അവരും ഒപ്പം കൂടി.
ക്വാതിന്റെ കവാടത്തിൽ അവർ ഇറങ്ങി. കാവൽക്കാർ ശലമോനേ സൂക്ഷിച്ചു നോക്കി. അയാൾ തലകുനിച്ചു. ദാസർ പറഞ്ഞു.
” ഒട്ടക നോട്ടക്കാരനാണ്. “
മരുഭൂമിയിൽ നിന്ന് ഒരലർച്ച കേട്ടു. ശലമോൻ തിരിഞ്ഞു നോക്കിഅനന്തമായ മണൽപ്പരപ്പിൽ കാറ്റ് അലറി വിളിക്കുകയാണ്. അവർ നടന്നു.
മൈതാനത്ത് കുറെ കുട്ടികൾ കളിച്ചിരുന്നു. വെള്ളമൂക്കനെ കണ്ട് അവർ കളിനിർത്തി തുറിച്ചു നോക്കി. അവനെ പിൻതുടർന്നു. ഒരു പനയുടെ ചുവട്ടിൽ കുറെ പ്രായം ചെന്നവർ നാട്ടു വർത്തമാനം പറഞ്ഞ് ചിരിച്ചിരുന്നു. അവർ ചിരി നിർത്തി വെളളപ്പാണ്ടുള്ള ഒട്ടകത്തെ സൂക്ഷിച്ചു നോക്കി. ബാമിയെ ജയിക്കാൻ ഈ മെല്ലിച്ച കാലുകൾ മതിയാകുമോ?
അവർ പരസ്പരം നോക്കി.

തെരുവിലെ ജനക്കൂട്ടത്തിന്റെ എണ്ണം കൂടി ക്കൊണ്ടിരുന്നു. ശൈഖിന്റെ മണിമന്ദിരത്തിനു മുന്നിൽ അവർ നിന്നു.
ശൈഖിന്റെ ഒട്ടകശാല അന്ത:പുരം പോലെയായിരുന്നു. അതിവിശിഷ്ടരായ നുറുകണക്കിന് ഒട്ടകങ്ങളും അവയെ പരിചരിക്കുന്ന വേലക്കാരും ചേർന്നപ്പോൾ കടലിന്റെ ഇരമ്പലുയർന്നു. വെള്ളമൂക്കൻ ഒന്നു പകച്ചു. അവൻ അസ്വസ്ഥനായി. അവനെ നോട്ടക്കാരൻ കെട്ടിയിട്ടു. അവൻ പ്രതിഷേധിച്ചു. അയാൾ അതു കാര്യമാക്കിയില്ല. അവൻ മുരണ്ടു. ശാലയിലെ ഒട്ടകങ്ങൾക്ക് നല്ല തമാശ തോന്നി.
ആരാണീവൻ?
ഒട്ടകശാലക്ക് പിന്നിലാണ് വേലക്കാരുടെ കൂടാരങ്ങൾ. കൂടാരത്തിലെ ചണപ്പായിൽ ശലമോൻ കിടന്നു. മരുഭൂമിയിലെ ക്ഷീണിപ്പിക്കുന്ന യാത്രകാരണം കിടന്നപാടെ അയാൾ ഉറങ്ങിപ്പോയി. അതിരാവിലെ ഒരു ഒട്ടകബാലനാണ് അയാളെ തട്ടിയുണർത്തിയത്. യൂദൻ കണ്ണുതുറന്നു. ഇരുട്ടത്ത് ഒരു ബാലൻ നിൽക്കുന്നു. കഷ്ടിച്ച് അഞ്ചോആറോ വയസ്സു തോന്നിക്കും. നന്നെ മെലിഞ്ഞ ജമാലിന്റെ കണ്ണുകൾ തിളക്കമറ്റ് നിശ്ചലമായിരുന്നു. അവൻ നടന്നു. അവനെ കണ്ടപ്പോൾ ഒട്ടകങ്ങൾ ചാടി എഴുന്നേറ്റു . ബാലന് അൽപ്പം പോലും ഭയം തോന്നിയില്ല. രാവിലെ അവരെ അഴിച്ചുവിടുക ആ ബാലനാണ്.
അതിരാവിലെ അവൻ വെള്ള മൂക്കന്റെ കെട്ടഴിച്ചു. പക്ഷേ ഒട്ടകങ്ങളുടെ കൂടെ പോകാൻ അവൻ മടിച്ചു. ഒട്ടകനോട്ടക്കാരൻ തലോടി. അത് ഇഷ്ടപ്പെടാത്ത മട്ടിൽ മൂക്കൻ മുരണ്ടു. അയാൾ വടി വീശി. അവൻ അനങ്ങാൻ കൂട്ടാക്കിയില്ല. വാശി തുടർന്നു. ഒടുവിൽ സഹി കെട്ടപ്പോൾ യൂദനെ വിളിക്കാനായി ജമാലിനെ അയച്ചു.
യൂദൻ വന്നു.
വെള്ളമൂക്കൻ യുദന്റെ ഗന്ധം നുകർന്നു. പിന്നെ മമതാപൂർവ്വം മുരണ്ടു. നോട്ടക്കാരന് ആശ്വാസമായി.
മരുപ്പച്ചയുടെ അതിർത്തിയിലുള്ള ഒരു പുൽമേടാണ് ഒട്ടകങ്ങളുടെ വിഹാര രംഗം. നക്കിയും ഇടക്കിടെ മണത്തും അവ മേഞ്ഞു. പുൽനാമ്പുകൾ കടിക്കാൻ വെള്ളമൂക്കനു ഒന്നു രണ്ട് ഒട്ടകങ്ങളെ കൂട്ടുകിട്ടി. അവർ ചെറുപ്പക്കാരായിരുന്നു. വട്ടം കൂടിനിന്ന് അവർ പുൽനാമ്പുകൾ കടിച്ചെടുത്തു. പക്ഷേ മരുഭൂമിയുടെ വിളി കേട്ടപ്പോൾ വെള്ളമൂക്കൻ കൂട്ടുകാരെ ഉപേക്ഷിച്ച് ഓടി. അവർ അമ്പരുന്നു. അമ്മയെ മറക്കാൻ വെള്ളമുക്കനു കഴിഞ്ഞില്ല. മാതൃഗന്ധത്തിനായി അവന്റെ ഹൃദയം കൊതിച്ചു.

നട്ടുച്ചക്ക് ഒട്ടകങ്ങൾ ഉപശാലയിൽ മടങ്ങി വന്നു. അവയെ കണ്ടപ്പോഴാണ് ജമാലിന്റെ മിഴകൾക്കു ജീവൻ വെച്ചത്.. ധാന്യമണികൾ ഭക്ഷിച്ച ശേഷം അവ കിടന്നു. തള്ളമാരുടെ ചൂടുപറ്റി ഒട്ടകക്കുട്ടികളും കിടന്നു. അവയോട് പറ്റിചേർന്ന് ബാലനും കിടന്നു. തള്ള ഒട്ടകത്തിനു വാത്സല്യം തോന്നി. അവൾ അവനെ നക്കി തോർത്തി. ഒട്ടകക്കുട്ടിക്ക് അസൂയ തോന്നി.
പുൽമേട്ടിൽ മേയുമ്പോൾ ഒരു പെണ്ണൊട്ടകം തല ഉയർത്തി നോക്കി. അവൾക്ക് വെള്ളമൂക്കനെ കാണണം. അവന്റെ പുറത്തെ പൂഞ്ഞ് അവളെ വല്ലാതെ ഉലച്ചിരുന്നു. പക്ഷേ അവൻ തീറ്റ തുടർന്നു.. അവൾ നോട്ടവും തുടർന്നു. ഒരു ആണൊട്ടകത്തിന് രസം തോന്നി. അവൻ തലയാട്ടി ചിരിച്ചു. അവൾക്ക് ദേഷ്യം വന്നു. കണ്ണുകളിൽ നിന്ന് തീപ്പൊരി ചിതറി. അവൻ ഭയപ്പെട്ട് തലതാഴ്ത്തി. ശലമോന് ചിരിവന്നു.
പകൽ വെള്ളമൂക്കൻ ശ്വാസം വലിച്ചു. അകലെ കൂടാരത്തിൽ വിശ്രമിക്കുന്ന യുദന്റെ ഗന്ധത്തിനായി ആഞ്ഞ് വലിച്ചു. അവൻ കാതോർത്തു. പൊടുന്നനെ മരുഭൂമിയിൽ നിന്ന് ഒരു നിലവിളി കേട്ടു. അവൻ ചാടി എണീറ്റു. പക്ഷേ ഓടാനായില്ല. കുറ്റിയിൽ അവനെ ദൃഢമായി ബന്ധിച്ചിരുന്നു. കെട്ടുപൊട്ടിക്കാൻ അവൻ പരിശ്രമിച്ചു. പക്ഷേ പരാജിതനായി. ശാലയിലെ യുവ ഒട്ടകങ്ങൾ പരിഹസിച്ചു തലയാട്ടി. അവൻ നാണിച്ചു തലതാഴ്ത്തി..
ശാലയിലെ ഒട്ടകങ്ങൾക്ക് ശലമോൻ ധാന്യം കൊടുത്തിരുന്നു. അയാൾ ഒരു പെണ്ണൊട്ടകത്തെ തലോടി. അവൾ തലയാട്ടി. അത് അവളുടെ കാമുകന് ഇഷ്ടപ്പെട്ടില്ല. അവൻ മുരണ്ടു. ചാണകം വാരുന്ന സ്ത്രീ ചിരിച്ചു.
“അവൻ്റെ പെണ്ണിനെ തൊടാൻ ആരെയും സമ്മതിക്കില്ല.”
ജമാലും ചിരിച്ചു. അവൻ്റെ നിഷ്കളങ്കമായ ചിരി കണ്ട് അയാൾ ആരാഞ്ഞു.
“നിൻ്റെ നാടേതാണ്?”
“ഉമ്മ”
അയാൾ അമ്പരന്നു. എന്തു ചോദിച്ചാലും അതിന് ഉമ്മ എന്നാണ് അവൻ മറുപടി പറയുക! അതു കേൾക്കുമ്പോൾ ഒരു തള്ള ഒട്ടകം മുരണ്ടിരുന്നു. എന്താണ് അതിന്റെ കാരണം? അയാൾക്ക് മനസ്സിലായില്ല. ഒട്ടകനോട്ടക്കാർ നിസ്സാര കാര്യത്തിനു പോലും അവനെ ശാസിച്ചിരുന്നു. തല്ലാൻ വടി എടുക്കുമ്പോൾ. അവൻ നിലവിളിച്ചു കൊണ്ട് ഒട്ടകത്തിന്റെ പിന്നിൽ പോയി മറഞ്ഞ് നിൽക്കും. അപ്പോൾ ആ ഒട്ടകം മുരളും അത് കേട്ട് അരിശപ്പെട്ട് അയാൾ പിൻവാങ്ങും.
ശലമോൻ വിസ്മയിച്ചു.
ഒട്ടകങ്ങളുടെ പാൽ കറക്കുന്നത് ഒരു അറബി സ്ത്രീയായിരുന്നു. അവൾ മുല പിഴിയുമ്പോൾ അവൻ അടുത്ത് ചെന്ന് നിൽക്കും. പാൽ കുടിക്കാനുള്ള കൊതിയെന്ന് കരുതി അവൾ ഓടിക്കും. പക്ഷേ അവൻ പിന്നെയും ചെല്ലും. ഒടുവിൽ സഹികെട്ട് ആരും കാണാതെ ഇത്തിരി പാൽ പാത്രത്തിൽ കൊടുത്തു. അവൻ അത് കുടിച്ചില്ല. ഒട്ടകക്കുട്ടിക്ക് കൊടുത്തു. അവൾ അത്ഭുതപ്പെട്ടു. അവനു പാൽ കുടിക്കുന്നത് മതിയായിരുന്നില്ല. ഒട്ടകക്കുട്ടിയുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ ജമാലിന്റെ ഉള്ളലിഞ്ഞു. കറവക്കാരി അവനെ തലോടി. പല്ലില്ലാത്ത മോണ കാട്ടി അവൻ ചിരിച്ചു. പിന്നെ ഒട്ടകത്തോടോപ്പം ഉപശാലയിലേക്ക് നടന്നു. അവിടെ ഒട്ടകക്കുട്ടിയോടോപ്പം കിടന്നു.
ഉപശാലയിലെ ചാണകം വാരുന്നു സ്ത്രീ വന്നു. അവർ ചാണകം വാരികൂട്ടി. വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ അടുപ്പിൽ തീപിടിപ്പിക്കാനായി ഉണങ്ങിയ ചാണകപ്പാളികൾ വീട്ടിൽ കൊണ്ടുപോയിരുന്നു. ഒരു ദിവസം ചാണകം വാരുമ്പോൾ ആരോ അപ്പിയിട്ടത് കണ്ടു. അവൾക്ക് അറപ്പു തോന്നി. അവൾ ബാലനെ ശാസിച്ചു.
അവൻ തുറിച്ച് നോക്കി. മരുഭൂമിയിൽ പോയി വെളിക്കിറങ്ങാൻ അവൾ ഉപദേശിച്ചു. അവൻ തലയാട്ടി. പക്ഷേ അടുത്ത ദിവസവും ശാലയിൽ തന്നെ അവൻ അപ്പിയിട്ടു. അവൾക്ക് അരിശം വന്നു. ഒരു വടി എടുത്ത് കുട്ടിയുടെ പൃഷ്ഠത്തിൽ രണ്ടെണ്ണം കൊടുത്തു.. പൊള്ളുന്ന വേദനയിൽ അവൻ നിലവിളിച്ചു.
“ഉമ്മാ”
അടുത്ത ദിവസവും അവൻ അവിടെ തന്നെ അപ്പിയിട്ടപ്പോൾ അവൾക്ക് സംശയം തോന്നി. താൻ പറയുന്നത് കുട്ടിക്ക് മനസ്സിലാവുന്നുണ്ടോ?
തല്ലിയാലും തലോടിയാലും ഉമ്മാന്നാണ് പറയുക. മറ്റൊന്നും പറയാൻ ഒരു പക്ഷേ അറിയില്ലായിരിക്കുമോ? അവൾക്ക് സങ്കടം വന്നു.
“ദൈവമേ, ഇത് എന്തൊരു ജീവിതമാണ് !”
ഒരു മനുഷ്യനാണെന്ന് ജമാലിന് അറിയില്ല! അവനു നാടില്ല. അപ്പനും അമ്മയും ഇക്കായും ആരെന്ന് അറിയില്ല. വളരെ കുഞ്ഞിലേ തന്നെ ഏതോ അടിമക്കച്ചവടക്കാർ കൊണ്ടുവന്നതാണ്. ഒരു പക്ഷേ ഈത്തപ്പഴം കാട്ടി ഏതോ ഗ്രാമത്തിൽ നിന്ന് അവർ തട്ടിക്കൊണ്ടു വന്നതാകണം. അല്ലെങ്കിൽ പാടത്ത് പുല്ലരിയാൻ അമ്മ പോയ നേരം നോക്കി ഒരു നേരത്തെ ലഹരിക്ക് വേണ്ടി അപ്പൻ വിറ്റതാകാം. കുറെ ദൂരം പിന്നിട്ടപ്പോൾ അവൻ കരഞ്ഞിരിക്കും. അപ്പോൾ കച്ചവടക്കാർ തിന്നാൻ ഒരപ്പമോ പഴമോ കൊടുത്തിരിക്കാം.. അവൻ കരച്ചിൽ നിർത്തി തിന്നും. പിന്നെ അടിമക്കുട്ടികളുടെ ഇടയിലേക്ക് അവർ അവനെ തള്ളും. കുട്ടികളുടെ കണ്ണുനീർ കടൽ കാണുമ്പോൾ അവൻ തന്റെ സങ്കട ഉറവ മറന്നു.

ശൈഖ് അവനെ വാങ്ങി ഉപശാലയിൽ തള്ളി. ഒട്ടകങ്ങളുടെ മുരൾച്ച ആദ്യമായി കേട്ടപ്പോൾ ആ കുരുന്ന് കണ്ണുകളിൽ ഭയം പടർന്നു. മറ്റ് കുട്ടികൾ ഒട്ടകത്തെ തലോടുന്നത് കണ്ടപ്പോൾ ആ ഭയം മാറി. അമ്മയെ നഷ്ടപ്പെട്ട സങ്കടത്തിൽ അവൻ ഒട്ടകവുമായി കൂട്ടായി…
അതിരാവിലെ നോട്ടക്കാരൻ വിളിച്ച് എഴുന്നേൽപ്പിച്ച് ഒട്ടകങ്ങളെ അഴിക്കാൻ കൽപ്പിച്ചു. അവൻ കെട്ടുകൾ അഴിച്ചു.
ഇന്ന് ആ മനസ്സിൽ ഉപ്പയോ ഉമ്മയോ ഇക്കായോ ഇല്ല. നാലഞ്ചു വർഷത്തെ നരക ജീവിതത്തിന്റെ ഒടുവിൽ എല്ലാം മറന്നുപോയിരിക്കുന്നു. ഇപ്പോൾ ഒട്ടകങ്ങളാണ് എല്ലാമെല്ലാം. പക്ഷേ ഒരു വാക്ക് മാത്രം മറന്നില്ല.
ഉമ്മ!
കരയുമ്പോഴും ചിരിക്കുമ്പോഴും അതു പറയും. ശലമോന് ആ കുട്ടിയോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി. ഹാലീമയുടെ പുത്രന്റെ പ്രായമാണ്. അയാൾ അവനെ തലോടി. മുൻപല്ലുകൾ നഷ്ടപ്പട്ട മോണകാട്ടി അവൻ ചിരിച്ചു.
രാവിലെയും വെകുന്നേരവും ഒട്ടകശാലയിൽ അപ്പക്കാരി വന്നിരുന്നു. കൊട്ട തുറന്ന് അഞ്ചപ്പം വീതം വേലക്കാർക്ക് തൽകും. പക്ഷേ ബാലന് രാവിലെ രണ്ടപ്പമേ അവൾ നൽകിയിരുന്നുള്ളു. സായാഹ്നത്തിൽ ഒന്നും കൊടുക്കുകയില്ല. അവൻ ദയനീയമായി നോക്കും. അതു കാണുമ്പോൾ അവളുടെ നെഞ്ച് കലങ്ങും. അവൾ സ്വയം ശപിക്കും. ആ നോട്ടം കണ്ടപ്പോൾ തനിക്ക് കിട്ടിയ അപ്പം കൊടുക്കാൻ യൂദൻ ഇറങ്ങി. അവൾ അയാളെ തടഞ്ഞു.
“അതു പാടില്ല. “
അയാൾ ആരാഞ്ഞു.
“എന്താണ് കാര്യം ? :
” ശൈഖിൻ്റെ കൽപ്പനയാണ്. . ……. “
അയാൾക്ക് ഒന്നും മനസ്സിലായില്ല.
അവൾ പറഞ്ഞു.
“ഒട്ടക ഓട്ടത്തിൽ ജയം നിശ്ചയിക്കുന്നത് ഭാരംകുറഞ്ഞ ബാലനാണ്. പന്തയ ബാലന് ജീവൻ കെടാതിരിക്കാനുള്ള ഭക്ഷണം മാത്രമേ കൊടുക്കാൻ പാടുള്ളു.! “
ശലമോൻ നടുങ്ങി !!
സായാഹ്നത്തിൽ അപ്പക്കാരി വന്നു. അവൾ കൂലിക്കാർക്ക് അപ്പം കൊടുത്തു. ശലമോന് വിശപ്പ് തോന്നിയില്ല. ജമാലിനെ ഓർത്തു. ആ കുരുന്നുവയർ വിശന്നു പൊരിയുന്നുണ്ടാവും. എന്താണ് വിശക്കുമ്പോൾ അവൻ ഭക്ഷിക്കുക?
അയാൾക്ക് കൗതുകം തോന്നി.
വിശക്കുമ്പോൾ ബാലൻ വെള്ളം കുടിച്ചു. അത് പതിവായി. അപ്പോൾ വെള്ളത്തിന് നല്ല രുചിയും മണവും തോന്നി. അപ്പം പോലെ വെള്ളം ചവച്ചരയ്ക്കുന്നതു കണ്ടപ്പോൾ ശലമോൻ നിശ്ചലനായി.
ഒട്ടകത്തിന് ഈത്തപ്പഴങ്ങൾ നൽകാൻ ഉച്ചയ്ക്ക് നോട്ടക്കാരൻ വന്നു. അവൻ ആർത്തിയോടെ ആ പഴങ്ങളിൽ നോക്കി. അതു കാണുമ്പോൾ അയാൾ പരിഹസിക്കും..
“ആർത്തിപ്പിശാച് “
അവൻ തല താഴ്ത്തും.
ഒരു രാത്രിയിൽ അവൻ വിശന്ന് കരഞ്ഞപ്പോൾ തള്ള ഒട്ടകം പാൽ ചുരത്തി. അവൻ മുല കുടിച്ചു. ഒരു ദിവസം ഒട്ടകനോട്ടക്കാരൻ അതു കണ്ടു. അയാൾക്ക് കോപം വന്നു. മുഖമടച്ച് ഒരടി കൊടുത്തു. മുൻവരിയിലെ രണ്ട് പല്ലുകൾ തെറിച്ച് നിലത്തു വീണു. അവൻ ഉറക്കെ നിലവിളിച്ചു.
ഉമ്മാ…
അയാൾ ചാട്ട കാട്ടി. .
“മിണ്ടിപോകരുത്. “
അവൻ ചുണ്ടുകൾ വലിച്ചടച്ചു.. അതിൽ പിന്നെ പാൽ കുടിച്ചിട്ടില്ല. അയാൾ വീമ്പടിച്ചു. .
“അതാണ് ചാട്ടയടിയുടെ ഗുണം. അവൻ ജീവിതകാലം മുഴുവൻ ഇനി പാൽ കഴിക്കില്ല.”
ഒരു വിറയൽ ശലമോന്റെ നെഞ്ചിലൂടെ കടന്നു പോയി!

സായാഹ്നത്തിലാണ് ഒട്ടകങ്ങളുടെ ഓട്ട മത്സരം. യൂദനാണ് വെള്ളമൂക്കനെ മൈതാനത്തിലേക്ക് ആനയിക്കുക. മത്സരത്തിനായി പത്തുപതിനഞ്ച് ഒട്ടകങ്ങൾ കാത്തുനിന്നിരുന്നു. നോട്ടക്കാർ അവയെ അണിനിരത്തി. പരീശീലകൻ അലറി.
ഒട്ടകങ്ങൾ ഓടിത്തുടങ്ങി. ഒരു പെണ്ണൊട്ടകത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പരീശീലകൻ അവൾക്ക് രണ്ട് കുല ഈത്തപ്പഴം നൽകി. വെള്ള മൂക്കന് അസൂയ തോന്നി. അടുത്ത ദിവസം ഓടിയപ്പോൾ അവൻ തന്റെ കരുത്ത് കാട്ടി. ആ പെണ്ണിനെ തോൽപ്പിച്ചു. പരീശീലകൻ പഴങ്ങൾ നൽകി. അവനത് ആർത്തിയോടെ തിന്നു. അങ്ങനെ അയാൾ അവനെ വേഗത കൂട്ടാനുള്ള തന്ത്രങ്ങൾ ശീലിപ്പിച്ചു. അനുസരിക്കാൻ മടിച്ചപ്പോൾ വടി കൊണ്ട് തല്ലി. വിജയിച്ചപ്പോൾ സമ്മാനവും നൽകി. അത് അവന്റെ മനസ്സിൽ പതിഞ്ഞു.
കുതിരയെ പോലെ ഓടാൻ വെള്ള മൂക്കൻ പഠിച്ചു. ജമാല്യം മുക്കനും അടയും തേനും പോലെ ചങ്ങാതിമാരായി. അവന്റ തലയും കഴുത്തും വെള്ളത്തുണി കൊണ്ട് കെട്ടി. പിന്നെ ആ ഒട്ടകത്തിന്റെ പുറത്ത് കയറി ഒരു തവളയെ പോലെ ഇരിക്കും. ഒരു കയ്യിൽ കടിഞ്ഞാണും മറുകയ്യിൽ വടിയും. ഒട്ടകം ഓടുമ്പോൾ വീഴാതിരിക്കാനായി ഒരു ചരടുകൊണ്ട് ജീനിയിൽ ചേർത്ത് കെട്ടിയിരുന്നു.
വെള്ളയെ തോൽപിക്കാൻ ശാലയിലെ ഒട്ടകങ്ങളിൽ ആർക്കും കഴിഞ്ഞില്ല. പരീശീലകന്റെ കണ്ണുകൾ തിളങ്ങി. ഒരിക്കൽ കൂടി ശൈഖിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. പക്ഷേ, ഒരു ദിവസം വടക്കൻ കാറ്റ് ചീറിയടിച്ചപ്പോൾ , പിശാചിനെ പോലെ പൂഴിക്കാറ്റ് വായ് പിളർന്നപ്പോൾ പുൽമേട്ടിൽ മേഞ്ഞിരുന്ന ഒട്ടകങ്ങൾ ചിതറിയോടി. ആ കൂട്ടത്തിൽ വെള്ളമൂക്കനും ഉണ്ടായിരുന്നു. അവൻ മരുഭൂമിയിലേക്കാണ് ഓടിയത്.
പൂഴിക്കാറ്റ് അടങ്ങിയപ്പോൾ വെള്ളയെ കുടുക്കിടാനായി. പക്ഷേ, നടക്കാൻ അവൻ മടിച്ചു. ഒടുവിൽ വല്ലാതെ നിർബന്ധിച്ചാണ് ഉപശാലയിലേക്ക് മടക്കികൊണ്ടുവന്നത്. സായാഹ്നത്തിൽ ഓടാൻ മടിച്ചു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവനെ ഒന്നു നടത്തിക്കാൻ പോലും പരീശിലകന് കഴിഞ്ഞില്ല.
അയാൾ സുല്ലിട്ടു.
ശൈഖിൻ്റെ മുഖം മങ്ങി. ഇനി മറ്റൊരു ഒട്ടകത്തെ വാങ്ങാനോ പരീശീലിപ്പിക്കാനോ സമയമില്ല. പരാജയം അയാളെ തുറിച്ചു നോക്കി.
ശലമോൻ പറഞ്ഞു
“ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ….”
നോട്ടക്കാരന് അത്ര വിശ്വാസം തോന്നിയില്ല. പക്ഷേ പരീശലകൻ അനുവദിച്ചു.
വെള്ളയെ ഒന്ന് തലോടിയ ശേഷം യൂദൻ തന്ത്രിവാദ്യം വായിച്ചു. ആ രാഗധാരയിൽ വെള്ളമൂക്കന്റെ കണ്ണുകൾ അറിയാതെ തെല്ലൊന്നടഞ്ഞു. പരിശീലകന് ആകാംക്ഷയായി. ആ ഹൃദയം ശാന്തമായോ?
അയാൾ വെള്ളമൂക്കന് ചുറ്റും നാലഞ്ചു തവണ നടന്നു. വെള്ളയുടെ കണ്ണുകൾ യൂദനെ പിൻതുടർന്നു. പരീശീലകനു ഒരു പ്രതീക്ഷ തോന്നി.
ഒടുവിൽ ആ കണ്ണുകൾ തമ്മിൽ കോർക്കപ്പെട്ടപ്പോൾ പരീശീലകന്റെ ചുണ്ടിൽ മാനത്തെ ചന്ദ്രിക തെളിഞ്ഞു..
യൂദൻ പാടി….
“ഒട്ടകങ്ങളിൽ നീ പരമ സുന്ദരൻ,
നിൻ്റെ പ്രിയതമ ഏത് മണൽക്കാട്ടിലാണ് മേയുന്നത്?
നീ അവളുടെതാണ്
അവളെ കാണാൻ ഞാനും വരട്ടേ?
പാതാകയേന്തിയ യാത്രാസംഘത്തെപ്പോലെ ഭയങ്കരിയായവളേ,
എന്നിൻ നിന്ന് നിൻ്റെ കണ്ണുകൾ പിൻവലിക്കരുതേ……
അവ എന്നെ പരവശനാക്കുന്നു… ” .
വെള്ളമൂക്കൻ തല നീട്ടി. യൂദൻ അടുത്തുചെന്ന്, കഴുത്തിൽ തലോടിയപ്പോൾ അവൻ പ്രേമപൂർവ്വം മുരണ്ടു.
കഴിഞ്ഞതെല്ലാം വെള്ളമൂക്കൻ മറന്നു. അവൻ ഓട്ട മത്സരത്തിനിറങ്ങി. വീണ്ടും അവൻ മരുഭൂമിയുടെ കരുത്ത് കാട്ടി. ആ ഓട്ടത്തിൽ കടിഞ്ഞാൺ പിടിച്ചിരുന്നത് ജമാൽ ആയിരുന്നു. സിരകൾ ത്രസിപ്പിക്കുന്ന വിജയത്തിൽ അവന്റെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ പ്രകാശിതമായി.
ശൈഖ് അഭിനന്ദിച്ചപ്പോൾ ഒട്ടകശാലയിലെ കഷ്ടപ്പാടുകൾ എല്ലാം അവൻ മറന്നു. ശലമോൻ വിസ്മയിച്ചു.
പരീശീലകൻ്റെ അലർച്ചക്ക് ശബ്ദം കൂടികൊണ്ടിരുന്നു.. ഒരു സായാഹ്നത്തിൽ അയാൾ ഒട്ടകബാലൻമാരെ തല്ലി. അവർ അലറി കരഞ്ഞു. ആ കരച്ചിൽ കേട്ട് ഒട്ടകങ്ങൾ ഭയന്നോടി. ഒരു കുതിരയെപ്പോലെ വെള്ളമൂക്കൻ പാഞ്ഞു. അയാൾ ചിരിച്ചു. കഥയറിയാതെ ബാലനും ചിരിച്ചു.
ആകാശത്ത് പൊടിപടലങ്ങൾ ഉയർന്നപ്പോൾ ശലമോനു ഭയം തോന്നി.

വസന്ത മാസത്തിലെ ആദ്യ പൗർണ്ണമി. ചാന്ദ്രദേവൻ്റെ ഉത്സവത്തിന് ദീപങ്ങൾ തെളിഞ്ഞു. ആടിനെ ബലിയർപ്പിച്ച ശേഷം ക്വാതിലെയും ബാമിയിലേയും ശൈഖുമാർ കണ്ണടച്ചു പ്രാർത്ഥിച്ചു.
‘മഹാദേവാ, വിജയം തൽകണമേ… ‘
ക്വാതിലെ ആലയത്തിലേക്കുള്ള പാതയിലാണ് ഓട്ട മത്സരം. പാതയ്ക്ക് ചുറ്റും മരുപ്പച്ചകളിലെ ശൈഖുമാരും അവരുടെ ഉപദേശകരും നാട്ടുപ്രമാണികളും സേനാനായകരും നിന്നു. മത്സരത്തിനുള്ള ബാലൻമാരെ ആനയിച്ചത് മരുപ്പച്ചയിലെ ശൈഖുമാർ ആയിരുന്നു. ബാലൻമാരുടെ മുഖം ചുവന്നു. .
നീലകാശത്തിൽ ഉയരുന്ന സൂര്യനു താഴെ ഒട്ടകങ്ങൾ അണിനിരന്നു. ബാലൻമാർ ഒട്ടകത്തിൽ കയറിയപ്പോൾ അറബികൾ കരം വീശി. തൂവാലകൊണ്ട് ബാലൻമാർ വായും മൂക്കും മറച്ചിരുന്നു. വെള്ളക്കൊടി താണപ്പോൾ കുട്ടികൾ അലറികരഞ്ഞു. ഒട്ടകങ്ങൾ കഴുത്ത് നീട്ടി. പിന്നെ ശരവേഗത്തിൽ പാഞ്ഞു. പാതയിൽ പൊടിക്കാറ്റ് ഉയർന്നു.
ജനക്കൂട്ടം ആർത്തുവിളിച്ചു. ഒന്നാം പാദത്തിലെ ജയം ബാമിക്കായിരുന്നു. മൂന്നാം സ്ഥാനത്തേക്ക് വെള്ളമൂക്കൻ പിൻതള്ളപ്പെട്ടു. പരീശീലകൻ കണ്ണുരുട്ടിയപ്പോൾ ഒട്ടക ബാലൻ തല താഴ്ത്തി . അവന് ഭയം തോന്നി. അയാൾ ചാട്ട വീശി. അവന്റെ ഉള്ളം പനയോല പോലെ വിറച്ചു.
രണ്ടാം പാദത്തിന് നാല് ഒട്ടകങ്ങളാണ് അണിനിരന്നത്. ഒരിക്കൽ കൂടി ബാലൻ ഒട്ടകപ്പുറത്ത് കയറി. അവൻ ചുറ്റും നോക്കി. ആളുകളുടെ ഇടയിൽ നിന്നു് യൂദൻ കരം വീശുന്നു. അവന് ആത്മധെര്യം തോന്നി.ഒരിക്കൽക്കൂടി കുട്ടികൾ ചീവിടിനെ പോലെ അലറിക്കരത്തു. വെള്ളമൂക്കൻ ഭയന്നോടി. മരുഭൂമിയുടെ മുഴുവൻ കരുത്തും ആ കാലുകളിൽ ആവാഹിച്ചിരുന്നു. അവൻ ബാമിയുടെ ഒട്ടകത്തിന് ഒപ്പമായി. ക്വാത്കാർ പ്രോത്സാഹിപ്പിച്ചു. പരിശീലകന്റെ അലർച്ചയും കേട്ടു.
“ജയം ജയം ജയം …..”
അകലെ അടയാള ശിലയുടെ നിറം കണ്ടു. വെളളക്കല്ലിനു പിന്നിൽ ആരൊക്കയോ കൈകൾ ഉയർത്തുന്നുണ്ട്. പക്ഷേ ഒട്ടും വ്യക്തമല്ല. കൊടുങ്കാറ്റിൻ്റെ ശബ്ദം പോലെ കാതടപ്പിക്കുന്ന ആരവമാണ് ചുറ്റിനും.. ബാലനും ആവേശം കയറി. ചീവിടിനെ പോലെ അവനും അലറി വിളിച്ചു. വെള്ളമൂക്കൻ ഭയന്നു. കാമ ഭ്രാന്തു പിടിച്ച പെണ്ണൊട്ടകത്തെ പോലെ കുതിച്ചു. ആകാശത്തേക്ക് പൊടിക്കാറ്റ് ഉയർന്നു.
ജയം ജയം ജയം …..”
ആരവം മാത്രം കേൾക്കാം. ആ പരക്കം പാച്ചിലിനിടയിൽ അവനെ ബന്ധിച്ചിരുന്ന ചരടുകൾ ജീവിയിൽ നിന്ന് പൊട്ടിയിരുന്നു. ഞെട്ടറ്റപഴം പോലെ മണൽപ്പരപ്പിലേക്ക് അവൻ തെറിച്ച് വീണു. ഒട്ടകങ്ങൾ അതു വഴി കടന്നു പോയി. ബാലന്റെ നെഞ്ചിൻകൂട് തണ്ണിമത്തൻ പോലെ ചിതറി. മണൽത്തരിയിൽ രക്തം പുരണ്ടു.
മരുക്കാറ്റിൽ ശലമോൻ ഒരു ആർത്ത നാദം കേട്ടു. അയാൾ ഓടി. വെള്ളമുക്കനെ, ഒരു നോക്ക് കാണാനായി അറബികളും ഓടിയിരുന്നു. ഒരിക്കൽ കൂടി പൊടിപടലങ്ങൾ ഉയർന്നു. മരുക്കാറ്റിൽ ഉലയാത്ത പന പോലെ അടയാള ശിലയുടെ മുന്നിൽ വെള്ളമുക്കൻ നിന്നു. ഒന്ന് തലോടിയിട്ട് പരിശീലകൻ അവന് ഈത്തപ്പഴങ്ങൾ തൽകി. അവൻ അത് കടിച്ചു തിന്നു. അവനെ തൊടാനായി അറബികളും ചുറ്റും കൂടി.
ഈത്തപ്പഴം തിന്നുന്ന വെള്ളമൂക്കനെ ശലമോൻ കണ്ടു. പക്ഷേ ബാലനെ കണ്ടില്ല. ആ പൊടിപൂരത്തിനിടയിൽ എവിടെ കാണാനാണ്? അയാൾ ചുറ്റും തിരഞ്ഞു.. ആരോ പറയുന്നതു കേട്ടു.
“നേർച്ചയാടുകളുടെ ആയുസ്സാണ് ഒട്ടക ബാലൻമാർക്ക്!.”
ശലമോൻ ഞെട്ടിപ്പോയി.
അകലെ മണൽപ്പരപ്പിൽ കുറച്ചുപേർ കൂടി നിൽക്കുന്നത് ശലമോൻ കണ്ടു. അവർ ഏതോ കുഴി മൂടുകയാണു്. ഒരാളുടെ മുഖം കണ്ടു. ഒട്ടകനോട്ടക്കാരൻ.
അയാൾ ഒരു പിടി മണലെടുത്ത് കൈകൾ തുടക്കുന്നു!
ശലമോൻ സ്തംഭിച്ചുനിന്നു.
മണലിൽ വീണ ഒട്ടക ബാലന്റെ സിരകൾ ശൂന്യമായി . പ്രാണപാശം അറ്റുപോകാറായി. എങ്കിലും പ്രിയപ്പട്ട ഒട്ടകത്തെ കാണാൻ ഒരു മോഹം. അവൻ തല ഉയർത്തി നോക്കി. അടയാള കല്ലിനടുത്ത് വെള്ളമൂക്കൻ ശൈഖിനെ പോലെ നിൽക്കുന്നു! അവൻ കണ്ണടച്ചു.
നെഞ്ചിൽകൂട് തകർന്ന ആ ബാലനോട് ശൈഖിന് അനുകമ്പ തോന്നി.
“പാവം വല്ലാതെ കഷ്ടപ്പെടുന്നു.”
അയാൾ ഒട്ടകനോട്ടക്കാരന്റെ നേരേ നോക്കി. നോട്ടക്കാരൻ പാതയിലേക്ക് നടന്നു. രക്തത്തിൽ കുളിച്ച ബാലൻ ഒരാൾ തന്റെ നേരെ വരുന്നതു കണ്ടു. കഴുകനെ കണ്ട് രക്ഷപ്പെടാൻ ഒരു വിഫലശ്രമം നടത്തി. അൽപ്പം നിരങ്ങി. പിന്നെ കുത്തിക്കയറുന്ന വേദനയിൽ ആ ശ്രമം ഉപേക്ഷിച്ച് കണ്ണുകൾ അടച്ചു.
കഴുകന്റെ ചിറകടി ശബ്ദം കേട്ടു. അവൻ ദീനമായി വിളിച്ചു.
“ഉമ്മാ”
ഒട്ടക നോട്ടക്കാരൻ മടിച്ചു. അയാൾ പുറകോട്ട് നോക്കി. ശൈഖിന്റെ കഴുകൻ കണ്ണുകൾ കണ്ടു. പിന്നെ അയാൾ അമാന്തിച്ചില്ല. നീളൻ വടി കൊണ്ട് ആ കുരുന്നു ശരീരത്ത് ഒന്നടിച്ചു. ജമാൽ ഒന്നനങ്ങി പിന്നെ നിശ്ചലനായി. അയാൾ സ്തംഭിച്ചു നിന്നു. പിന്നെ ആ ശരീരത്തെ വലിച്ചുകൊണ്ടു പോയി മരുഭൂമിയിലെ ഒരു കുഴിയിൽ തളളി.
ശലമോൻ ആ കുഴിയുടെ അടുത്ത് ഓടിയെത്തി. ബാലനെ ഒരു നോക്ക് കാണാനായി അലറി വിളിച്ചു..അറബികൾ പൊട്ടിചിരിച്ചു. അയാൾ ഒരാളെ പിടിച്ചുതളളി. അവർ മണൽകോരികയുമായി തിരിഞ്ഞു. പക്ഷേ ഒട്ടകനോട്ടക്കാരൻ വിലക്കി.
“വേണ്ടാ “
അയാൾ വീണ്ടും വടി എടുത്തു.
“എന്താ , നിനക്കും അവന്റെ കൂട്ടത്തിൽ പോകണമോ? “
യൂദൻ പറഞ്ഞു.
“ഞാനൊന്ന് കണ്ടോട്ടെ …. “
ഒട്ടക നോട്ടക്കാരൻ തലയാട്ടി.
അയാൾ ഒരു പിടി മണൽ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. അതിൽ ഒരു തുള്ളി കണ്ണുനീർ പതിച്ചു. പിന്നെ ആ ശരീരത്തിൽ നനഞ്ഞ തരികൾ വിതറി. അറബികളും മണലു വിതറി. അയാൾ അവിടെ ഇരുന്നു. മണലിനു മീതെ കുറെ കല്ലുകൾ അറബികൾ പെറുക്കി വെച്ചു. ശലമോന്റെ മനസ്സിൽ നിരാശയുടെ കരിനിഴൽ പതിഞ്ഞു ഹൃദയത്തിൽ. മെല്ലെ കരിമേഘക്കാറ് കയറാൻ തുടങ്ങി. അസ്തമനം പോലെ അപ്പോൾ സർവ്വതും ഇരുട്ടിലായി. ഒരു ശോകാന്തനാടകത്തിന് തിരശ്ശീല വീണു! രാത്രിയുടെ കണ്ണീർ വീണ് മണൽ നനഞ്ഞു.

യൂദന്റെ വികാരപ്രകടനങ്ങൾ ശൈഖിന് ഇഷ്ടപ്പെട്ടില്ല. രാവിലെ തന്നെ കണക്കുകൾ തീർത്ത് അയാളെ പിരിച്ചുവിട്ടു. ശലമോൻ തെരുവിലേക്ക് ഇറങ്ങി. മരുപ്പച്ചയിൽ തുടരാൻ അയാൾ തീർച്ചയാക്കിയിരുന്നു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. അപരിചിതന് വേലകൊടുക്കാൻ അറബികൾ വിസമ്മതിച്ചു. ബിദവികളുടെ താവളത്തിലേയ്ക്കു മടങ്ങാൻ അയാൾ മടിച്ചു. അൽ ജോഫിലേക്കു പോകുന്ന ഒരു കച്ചവടസംഘം വരുന്നുണ്ടെന്ന് കേട്ടിരുന്നു. അവരോടപ്പം പോകാൻ മനസ്സുറപ്പിച്ചു. പക്ഷേ അതുവരെ മരുപ്പച്ചയിൽ കഴിയുന്നത് എങ്ങനെയാണ്?

ശലമോന് ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി. അയാൾ ആ മരുപ്പച്ചയിലെ ഈജിപ്തുകാരനെ ആശ്രയിച്ചു. ആ മനുഷ്യൻ പന്നികളെ മേയ്ക്കാൻ മലഞ്ചെരുവിലേക്ക് അയച്ചു..യഹൂദർക്ക് അവ ശുദ്ധിയില്ലാത്തതും മ്ലേച്ഛവും ആയ മൃഗങ്ങളായിരുന്നു. പന്നികൾക്ക് നൽകുന്ന തവിടാണ് ഭക്ഷണമായി കൊടുത്തത്. ചതുപ്പിൽ പന്നികളെ മേയ്ക്കുമ്പോൾ ഒട്ടക നോട്ടക്കാരൻ കളിയാക്കി. ശലമോൻ വിലപിച്ചു.
“ഓ ദൈവമേ, ഞാൻ സ്വർഗത്തിന്ന് എതിരായും ഭൂമിക്കെതിരായും പാപങ്ങൾ ചെയ്തിരിക്കുന്നു. ദാവീദിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഇനി ഞാൻ യോഗ്യനല്ല. അങ്ങയുടെ ദാസരിൽ ഒരുവനെപ്പോലെ എന്നെ കരുതേണമേ.”
മരുഭൂമിയിൽ നിന്ന് കാറ്റ് വീശി.

ശലമോൻ രാജാവിൻ്റെ പ്രശസ്തിയെപ്പറ്റി കേട്ടറിഞ്ഞ് രാജാക്കൻമാരും റാണിമാരും യെറുശലേമിൽ വന്നിരുന്നു. അവർ രാജാവിനെ പരീക്ഷിച്ചു. ചിലർ ഉത്തരം തേടി. അസ്മേദേവൂസ് ഭയചകിതനായി. രാജാവിനെ പരീക്ഷിക്കാനായി കിഴക്കൻ ദേശത്തെ നെസ്സാറാണിയും വന്നു. പരിവാരവും ആയിട്ടാണ് വന്നത്. ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും സ്വർണ്ണവും രത്നകല്ലുകളും കൊണ്ടു വന്നിരുന്നു.
അവൾ തന്റെ മനസ്സിലുണ്ടായിരുന്നതെല്ലാം പറഞ്ഞു. രാജാവ് അവളുടെ എല്ലാ ചോദ്യങ്ങൾക്കും തക്കതായ മറുപടി നൽകി. റാണിയെ പരീക്ഷിക്കാനും മറന്നില്ല.
“കാൽ അകത്തുമ്പോൾ വാ പൊളിയുന്നു. പേര് പറയാമോ?
റാണിയുടെ മുഖം വിവർണ്ണമായി. രാജാവ് പുഞ്ചിരിച്ചു.
“കത്രിക “
കൊട്ടാരം, ദൈവാലയം, ഊട്ടു മേശയിലെ ഭക്ഷണം, പരിചാരകരുടെ വേഷങ്ങൾ, പാനപാത്രങ്ങൾ എല്ലാം കണ്ടപ്പോൾ അവൾ വിസ്മയിച്ചു. അവൾ പറഞ്ഞു.
“നാട്ടിൽ കേട്ട വാർത്ത സത്യം തന്നെ പക്ഷേ എൻ്റെ കണ്ണു കൊണ്ട് കാണും വരെ ഞാൻ ഇത് വിശ്വസിച്ചിരുന്നില്ല. ഇത്രയും സുന്ദരികളായ ഭാര്യമാരെയും ബുദ്ധിശാലികളായ സേവകരെയും ലഭിച്ച, അങ്ങ് ഒരു ഭാഗ്യവാനാണ്.”
രാജാവ് ചിരിച്ചു..
“എല്ലാം ഒരു ഭാഗ്യം തന്നെ!”

(തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like