സ്വാസ്ഥ്യത്തിന്റെ ദിനരാത്രങ്ങൾ ഒന്നൊന്നായ് അടർന്നു വീണുകൊണ്ടിരുന്നു. എങ്ങോട്ടും തനിച്ചാക്കാതെ അവൾ കൂടെയും. അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, എല്ലാം അറിയുന്നവളായിട്ടും അവൾ തന്നോട് ഒന്നും ചോദിച്ചിട്ടില്ല, അഥവാ ചോദിക്കുന്നില്ല എന്നത്. ഒടുക്കം ആ മൗനത്തെ മുറിച്ചുകളയാൻതന്നെ തീരുമാനിച്ചുറച്ചു. മടിയിൽ മുലകുടിച്ചുറങ്ങുന്ന കുഞ്ഞിനെ കിടക്കയിൽക്കിടത്തിയിട്ട് അവളെ നോക്കി നോട്ടങ്ങൾ തമ്മിലിടഞ്ഞു, അന്നേരമത്രയും അവൾ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഉറപ്പായും തന്റെ മനസ്സ് വായിക്കപ്പെട്ടിരിക്കുന്നു. ആ കണ്ണുകളുടെ നിഗൂഢതയെ നേരിടാനാവാതെ മെല്ലെ കണ്ണുകൾ താഴ്ത്തി, കളവ് പിടിക്കപ്പെട്ട കുട്ടിയെന്നോണം താൻ പരിഭ്രമിച്ചു.
തന്റെ പരിഭ്രമത്തിനുമേൽ അവളുടെ ശബ്ദം ചിതറിവീണു.
“രണ്ട് വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത ലോകങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട സ്ത്രീകൾ, ഒരേ ജീവിതത്തിന്റെ ഇരുപുറങ്ങളാകുന്നത് എങ്ങനെയെന്നോർത്ത് നീ ഇനിയും ആശ്ചര്യപ്പെടുന്നുണ്ടോ പ്രഭാ? നിന്നോടെന്താണ് ഞാൻ ചോദിക്കേണ്ടത്? ചോദ്യങ്ങളും ഉത്തരങ്ങളും അപ്രസക്തമാകുന്ന ഇടങ്ങളുണ്ടെന്ന് നിനക്ക്, ഇനിയും ഞാൻ പറഞ്ഞുതരേണ്ടതുണ്ടോ?”
ഇല്ല, ഇവിടെ താൻ ഒന്നും പറയേണ്ടതില്ല, യാതൊരുവിധ ന്യായീകരണങ്ങളും ഇവിടെ വേണ്ട, തന്നെ, തന്നോളമോ അതിലധികമോ അറിയുന്നിണ്ടിവൾ. അത് മറന്നുപോയത് തന്റെ വിഡ്ഢിത്തം.
ആ മടിയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചു. ഹൃദയത്തോളം അതോ, ഗർഭപാത്രത്തോളമോ തന്നെയവൾ ചേർത്തുപിടിച്ചിരുന്നു. ഇനിയുമിനിയുമെന്ന് താൻ ആ മടിയിലേക്ക് കൂടുതൽ ചുരുങ്ങി. ആ ഉരുണ്ട വിരലുകൾ തലോടലുകളാൽ തൊട്ടണയ്ക്കുന്നത് ഉൾക്കനലുകളെയാണല്ലോ.
“ഞാനൊന്ന് പറയട്ടെ പ്രഭാ, നിനക്കെന്നെ കേൾക്കാമോ?”
ഏതോ നക്ഷത്രദൂരത്തിൽ നിന്നെന്നവണ്ണം വീണ്ടും അവളുടെ ശബ്ദം.
തന്നിൽനിന്ന് ഒരു മറുപടിയും ലഭിക്കാത്തതിനാലാവണം അവൾ തുടർന്നു.
“ഈ ലോകത്ത് രണ്ട് തരം മനുഷ്യരേയുള്ളൂ പ്രഭാ, പരാജയപ്പെട്ടവരും, വിജയിച്ചവരും!
അതിൽ ഏതാകണം നമ്മളെന്ന് സ്വയം ചിന്തിച്ച് തുടങ്ങുന്നിടത്ത് നമ്മൾ അതുവരെ ജീവിച്ച ജീവിതത്തിന്റെ അർദ്ധവിരാമം. ജീവിതത്തിന്റെ ഉണർച്ചകളിൽ ഋതുഭേദങ്ങളുണ്ട്. അവയെ തൊട്ടറിയുക. മുന്നോട്ട് … മുന്നോട്ട് നടക്കുക!”

“ഇതൊക്കെ അറിയുമായിരുന്നിട്ടും എന്തേ? അത്തരമൊരു രക്ഷപ്പെടൽ?”
അവളോടുള്ള തന്റെ ആ ചോദ്യത്തിന് കുറ്റപ്പെടുത്തലിന്റെയോ, പരിഹാസത്തിന്റെയോ ധ്വനിയുണ്ടായിരുന്നുവോ, അറിയില്ല. ഉണ്ടായിരുന്നിരിക്കണം. ഉള്ളിലെപ്പോഴൊക്കെയോ അവളോട് കലഹിച്ചിരുന്നു. എന്തിനായിരുന്നു എന്ന് ചോദിച്ചിരുന്നു. അന്നൊന്നും അവൾ ഈ വിധം പ്രാപ്യമായിരുന്നില്ലല്ലോ. ചോദ്യങ്ങളെല്ലാം ഉള്ളിലെ ഉത്തരങ്ങളില്ലാത്ത കേട്ടുകേൾവികളുമായ് സന്ധിചെയ്തിട്ടുണ്ടാവണം.
“എല്ലാവരേയുംപോലെ നീയും ചിന്തിക്കുന്നു? ഇതാണ് കുഴപ്പം. ഒരാൾ വിളമ്പുന്നു, മറ്റുള്ളവർ അതിനെ അതേപോലെ വിഴുങ്ങുന്നു. മറിച്ചൊരു സാധ്യതയെക്കുറിച്ച് അവർ ആലോചിക്കുന്നതുപോലുമില്ല. ഇനിയഥവാ ആരെങ്കിലും ആലോചിച്ചാൽത്തന്നെ അവനെ വിഡ്ഢിയെന്നും , കരിങ്കാലിയെന്നും വിളിച്ച് ഒറ്റപ്പെടുത്തും. എന്നോട് ചോദിച്ച ആ ചോദ്യം നീ നിന്നോടും ചോദിക്കൂ. ഉത്തരം കിട്ടുന്നതുവരെ!
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ആ നേർത്ത വള്ളിയൂഞ്ഞാലിൽ ചില്ലാട്ടമാടിയതല്ലേ നീയും?”
ആ ശബ്ദം കുറ്റപ്പെടുത്തലിന്റേത് ആയിരുന്നില്ല, അത് അവിശ്വസനീയമാംവിധം ആർദ്രമായിരുന്നു.
“ഒരിക്കലും ചോദിക്കാത്ത, എന്നോടുള്ള നിന്റെ ചോദ്യങ്ങൾ… അതെന്നും എന്നെ നോവിച്ചിരുന്നു. ചോദ്യങ്ങളേക്കാൾ ആ ചോദ്യങ്ങൾ നിന്നിലുണ്ടാകാൻ കാരണമായ സാഹചര്യങ്ങൾ…
അതിന്റെ കാരണക്കാരിയാണ് ഞാൻ. ഒരുവിധത്തിൽ പറഞ്ഞാൽ നിന്റെ ഈ ജീവിതംപോലും…..”
താനങ്ങനെ അവളോട് ചോദിക്കാൻ പാടില്ലായിരുന്നു. തന്റെ ആശ്രയവും, അഭയവുമായവൾ, കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞൊഴുകി..
” നീ കരയുകയാണോ പ്രഭാ.? എന്തിന്?”
“അതൊരു രക്ഷപ്പെടൽ ആയിരുന്നില്ലെന്ന് ഇന്നെനിക്കറിയും. എന്നിട്ടും ഞാൻ … എന്നോട് ക്ഷമിക്കൂ..” ഏങ്ങലടിച്ചുകൊണ്ടാണ് താനത് പറഞ്ഞത്.
“നീ പറഞ്ഞതിൽ ഒരു തെറ്റുമില്ല പ്രഭാ.. ലോകം ചിലപ്പോഴൊക്കെ മരണത്തെ രക്ഷപ്പെടലായും കാണുന്നുണ്ട്, പക്ഷേ…
ഒരിക്കലും മരണത്തെ ഒരു രക്ഷപ്പെടലായ് ഞാൻ അംഗീകരിച്ചിരുന്നില്ല. ജീവിതം, അതിന്റെ അവസാനത്തെത്തുള്ളിയേയും ആർത്തിയോടെ വലിച്ചു കുടിക്കുവാൻ മോഹിച്ച ഒരുവളായിരുന്നു ഞാൻ. ദുരനുഭവങ്ങൾ സഹജമാണെന്നും, അവയെ ധീരതയോടെയും വിവേകത്തോടെയും മറികടക്കണമെന്നും, ആ വിധം ജീവിതത്തിൽ വിജയിക്കാൻ സാധിക്കുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ ഒരു ശ്വാസദൂരത്തിൽ എല്ലാം.. എല്ലാം മാറിമറിഞ്ഞു. കള്ളച്ചൂതിൽ തോൽപ്പിക്കപ്പെട്ട ഒരുവളാണ് ഞാൻ.
മരണത്തെ ഞാൻ സ്വയം സ്വീകരിച്ചതല്ല… “
“സ്വയം സ്വീകരിച്ചതല്ലെന്നോ? എന്നുവെച്ചാൽ?”
അവിശ്വസനീയമായ ആ വെളിപ്പെടുത്തലിന്റെ ഞെട്ടലിൽ താൻ പകച്ചിരിക്കുമ്പോൾ , അവൾ പുഞ്ചിരിയോടെ എഴുന്നേറ്റ് പിന്തിരിഞ്ഞുനിന്നു.
” നിൽക്കൂ! ഇതൊന്ന് മുഴുവനാക്കിയിട്ട് പോകൂ” തന്റെ ശബ്ദം മഞ്ഞുപാളികൾക്കിടയിൽ നിന്നെന്നവണ്ണം മരവിച്ചിരുന്നു. അതവൾ കേട്ടിട്ടുണ്ടാകുമോ?
അവൾ മാഞ്ഞുപോയിരുന്നു!
ഉള്ളിലെ സമുദ്രത്തിൽ നിന്നും ചിതറിത്തെറിച്ചുവന്ന ഉപ്പുനീരിൽ തന്നെ കുതിക്കാൻ വെച്ചിട്ട്…
[തുടരും]
വര : പ്രസാദ് കാനത്തുങ്കൽ
കവർ : ജ്യോതിസ് പരവൂർ