പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 14 – തരിശുഭൂമി

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 14 – തരിശുഭൂമി

ജോഫിലേക്കുള്ള മരുപ്പാതയിൽ ഹാറാത് മല യാത്രക്കാരുടെ പേടിസ്വപ്നമായി. മലയോരത്തെ മണൽച്ചുഴിയെ പാതാളത്തിലേക്കുള്ള വഴിയെന്നാണ് അറബികൾ പറഞ്ഞിരുന്നത്. കാരണം അവിടെ നിപതിച്ചവരെ പിന്നീട് ആരും തന്നെ ജീവനോടെ കണ്ടിരുന്നില്ല. അവർ മരണത്തിന്‍റെ ഏതോ അറകളിലാണ് ചെന്നുചേർന്നത്. പക്ഷേ, അവർ ജീവനോടെ ഉണ്ടെന്ന് ബിദവികൾ മാത്രം ഉറച്ചു വിശ്വസിച്ചിരുന്നു! രാത്രിയിലെ നിശബ്ദതയിൽ പ്രാണൻ മരവിപ്പിക്കുന്ന നിലവിളികൾ അവർ കേട്ടു. എന്നാൽ യാത്രക്കാർ പിന്നെയും ആ ചുഴിയിലേക്ക് താഴ്വരയിലേക്ക് പൊയ്ക്കൊണ്ടിരുന്നു കശാപ്പുശാലയിലേക്ക് പോകുന്ന ആടുകളെ പ്പോലെ. പക്ഷേ അവരാരും, കടലിൽ താഴ്ന്ന കപ്പലിലെ മനുഷ്യരെപ്പോലെ, ഒരിക്കലും മടങ്ങിവന്നില്ല.

ക്വാതുകാർ ഒട്ടകത്തിൽ നിന്നിറങ്ങി. ഹാറാത് മലയെ മരുപ്പാതയിലെ പിരമിഡെന്നാണ് സഞ്ചാരികൾ വിളിച്ചരുന്നത്! കാരണം മലമുകൾ ഒരു കുന്തം പോലെ കൂർത്തിരുന്നു. വന്യമായ കാറ്റാണ് ഈ മലക്ക് അങ്ങനെ ഒരു രൂപം നൽകിയതെന്നാണ് ബിദവികൾ പറയുന്നത്. ഒരു മരമോ ചെടിയോ ആ പാറക്കെട്ടുകളുടെ ഇടയിൽ കാണാനില്ല. പക്ഷേ മലയുടെ ഗർഭത്തിൽ, ഗുഹാമാർഗ്ഗത്തിൽ പായൽ പിടിച്ചിരുന്നു. ആ തണുപ്പിൽ ഒന്നു ചുരുണ്ട് പാമ്പുകൾ കരിമ്പാറക്കെട്ടിനിടയിലെ ഊടുവഴികളിലൂടെ ഇഴഞ്ഞിരുന്നു. നട്ടുച്ചക്ക് പോലും ആ പിളർപ്പിൽ നരകം ഘനീഭവിച്ച് കിടന്നു. എങ്കിലും അവിടെ നിന്നുള്ള നക്ഷത്രക്കാഴ്ചകൾ സഞ്ചാരികൾക്ക് സ്വർഗ്ഗ ദീപ്തി സമ്മാനിച്ചിരുന്നു.

ഗുഹയിൽ കൊള്ളക്കാർ പതിയിരുന്നു. അവർ യാത്രക്കാരെ കൊള്ളയടിച്ചു. ചെറുത്തവരെ നിഷ്കരുണം കുത്തിവീഴ്ത്തി. ഗുഹാമാർഗ്ഗത്തിൽ കബന്ധങ്ങൾ ചോരവാർന്നു കിടന്നു. അവരുടെ പ്രേതങ്ങൾ ഗതി കിട്ടാത്ത ആത്‍മാക്കളെപ്പോലെ അലഞ്ഞുനടന്നു. അവരുടെ കണ്ണുനീർ ജലകണങ്ങളായി ആ തുരങ്കത്തിൽ ഇറ്റിറ്റു വീണിരുന്നു.

മല കയറാൻ തുടങ്ങിയപ്പോൾ ഫാത്തിമക്ക് ഭയം തോന്നിയില്ല. ശാഫാൻ ഒരു തന്ത്രമൊരുക്കി. മുന്നിലായി പടയാളികളും കബീറും. പിന്നിലായി ശാഫാനും തോഴിയും. ഊടുവഴി കയറുമ്പോൾ അവൻ നന്നേ ക്ളേശിച്ചു. ഫാത്തിമയുടെ ഒട്ടകത്തെ അവൻ പിടിച്ചിരുന്നു. പടയാളികൾ ഗുഹയിൽ കയറി അപ്രത്യക്ഷരായി. കവർച്ചക്കാരെ ഭയന്ന് ആരും വെളിച്ചം തെളിച്ചിരുന്നില്ല.

മലയുടെ ഗർഭത്തിലിരുന്ന അറബികൾ യാത്രക്കാർ ഊടുവഴി കയറി വരുന്നത് കണ്ടു. യുവതികളെ കണ്ടപ്പോൾ കണ്ണുകൾ നക്ഷത്രങ്ങളെ പോലെ തിളങ്ങി. നേതാവ് കാലിൽ തട്ടി. അവർ ചെറുസംഘങ്ങളായി പിരിഞ്ഞു. തുരങ്കത്തിലെ പായൽ പിടിച്ച വഴികൾ അവർക്ക് കാണാപ്പാഠമായിരുന്നു.

ഇരുളിൽ അവർ പൂച്ചകളെ പോലെ നടന്നു. ഗുഹയുടെ മുന്നിൽ എത്തിയപ്പോൾ ഫാത്തിമ നിന്നു. പാതാളം കണ്ട് അവൾ സ്തബ്ധയായി. അവൾ തിരിഞ്ഞു നോക്കി. തോഴി ചിരിച്ചു. ശാഫാൻ പറഞ്ഞു.
“ഭയപ്പെടണ്ടാ “
അവൻ പകർന്ന ധൈര്യത്തിൽ അവൾ തുരങ്ക പാത്രയിൽ കയറി. കബീറും ഗുഹയിൽ കയറിയിരുന്നു . ഇരുട്ടിൽ പടയാളികൾ മരിച്ചു പോയവരെ കണ്ടു. അവർ നടുങ്ങി. മരണമടുക്കുമ്പോഴാണ് പടയാളികൾ മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുക!

ആ ഗുഹ നിറയെ ഊടുവഴികളായിരുന്നു. കഷ്ടിച്ച് ഒരു ഒട്ടകത്തിന് കടന്നു പോകാവുന്ന വഴികൾ. ഒരു വഴിയിൽ നിന്ന് മറ്റൊരു വഴിയിലേക്കുള്ള പാത. ആ പാതയിൽ നിന്ന് അന്തർഭാഗത്തേക്കുള്ള പാത. അത് കടന്ന് രക്ഷപ്പെടുക എളുപ്പമല്ലായിരുന്നു. ഇരുളിൽ നടക്കുമ്പോൾ ഫാത്തിമ ചില അലർച്ചകൾ കേട്ടു. പ്രാണൻ വേർപെടുന്ന നിലവിളികൾ. അവളുടെ നെഞ്ചിലെ ധൈര്യം ചോർന്നു. മുന്നോട്ട് പോകാൻ മടിച്ചു. കാലിന് ഭാരം വെച്ചതു പോലെ നിന്നു. പിന്നിലേക്ക് ഓടാനാണ് പൊടുന്നനെ തോന്നിയത്. അവൾ തിരിഞ്ഞോടി. പക്ഷേ കട്ടപിടിച്ച ഇരുട്ടിൽ ആരെയും കണ്ടില്ല. ഭയം മൂലം നിലവിളിക്കാനും കഴിഞ്ഞില്ല. ഫാത്തിമക്ക് വഴി തെറ്റി. അറബികളുടെ വാൾ മിന്നൽ പോലെ പതിക്കുന്നതു കണ്ട് പിൻതിരിഞ്ഞു. അകലെനിന്ന് ആരോ നടന്നുവരുന്നതിന്‍റെ ശബ്ദം അവളെ സംഭീതയാക്കി. പൊടുന്നനെ ആരോ ഉള്ളിലേക്ക് വലിച്ചടുപ്പിച്ചു. ആരോ ചേർത്തു പിടിച്ചു. അവൾ ഭയന്നു. നിലവിളിക്കാൻ തുടങ്ങിയപ്പോൾ ഒരു കരം വായിൽ അമർന്നു. ഒട്ടകഗന്ധത്തിൽ അവൾക്കു മനം മറിഞ്ഞു. അറബി കടന്നുപോയപ്പോൾ കബീർ കാതിൽ മന്ത്രിച്ചു.
“വലത്തോട്ടു തിരിയുക.”
അവൾ നടന്നു.
മുന്നിലും പിന്നിലും ഇരുട്ട് കട്ടപിടിച്ചു കിടന്നു. ശലമോൻ ഒരു ഒട്ടകത്തിന്‍റെ മുരൾച്ച കേട്ടു. വെള്ളമൂക്കന്‍റെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി. അവർ ഒട്ടകത്തിന്‍റെ പിന്നാലെ നടന്നു. ഇടവഴികൾ കയറി നടക്കുമ്പോൾ വഴിയിലെ ശവശരീരങ്ങളിൽ തട്ടി കാലിൽ ചോര പുരണ്ടു. ഫാത്തിമ ഭയവിഹ്വലയായി. യൂദൻ അവളെ താങ്ങിപ്പിടിച്ചു. മുന്നിലും പിന്നിലും ശത്രുക്കളെ കണ്ട് പടയാളികൾ ആത്മരക്ഷാർത്ഥം വാളെടുത്തിരുന്നു. പക്ഷേ അറബികളുടെ വീര്യത്തിനു മുന്നിൽ ഓരോരുത്തരായി പിടഞ്ഞു വീഴാനായിരുന്നു അവരുടെ വിധി.

അവർ കുറെ ദൂരം നടന്നിട്ടും ശാഫാനെയൊ തോഴിയെയൊ കണ്ടില്ല. അവർ എവിടെ പോയി? അവൾ ചുറ്റും തിരഞ്ഞു. ശാഫാൻ മറ്റൊരു വഴിയെ നടന്നുപോയിരുന്നു. അവൻ വരുന്നത് അറബികൾ കണ്ടു. അറബികൾ അവനെ വളഞ്ഞു.
“വാൾ നിലത്തിടുക!”
അയാൾ വാൾ വലിച്ചെറിഞ്ഞു. കരുത്തരെ എതിർക്കുന്നതിൽ കാര്യമില്ല. കീഴടങ്ങുന്നതാണ് ബുദ്ധി.
“പണം തരാം, ഞങ്ങളെ പോകാൻ അനുവദിക്കണം പ്രഭോ”
അത് കൊള്ളക്കാരുടെ തലവന് ഇഷ്ടമായി. വാൾ വിശാതെ ആയിരം പണം കിട്ടുന്നതിൽ സന്തുഷ്ടനായി. തോഴിക്കും ആശ്വാസമായി. യജമാനത്തിയുടെ കെട്ടിൽ നിന്നും രണ്ടു പണസ്സഞ്ചികൾ എടുത്തു നൽകി.അറബി ചരിച്ചു. ശാഫാനും. ക്വാതിലെ ശൈഖിന്‍റെ ഗതിയോർത്താണ് അവൻ ഊറിച്ചിരിച്ചത്. പടയാളികൾ മരിച്ചെന്ന് കേൾക്കുമ്പോൾ ബന്ധുക്കൾ അദ്ദേഹത്തെ ശപിക്കും. മകളെ അയച്ചതോർത്ത് ശൈഖ് സ്വയം ശപിക്കും. അതു കണ്ട് ബാമിക്കാർ ആഹ്ളാദിക്കും. അകലെ വെളിച്ചം ഒരു നക്ഷത്രം പോലെ മിന്നിയപ്പോൾ തോഴി പുഞ്ചിരിച്ചു. നരകമേ വിട! അവർ പുറത്തിറങ്ങി.

ഇരുട്ടിൽ വെള്ളമൂക്കൻ നടന്നു. പിന്നാലെ ഫാത്തിമയും. ശലമോൻ കാതോർത്തു. ഇരുളിൽ ആരോ പിൻതുടരുന്നതിന്‍റെ ശബ്ദം കേട്ടു. അയാൾ ഒരു വശത്തേക്ക് മാറി നിന്നു. ഇരുട്ടിൽ എന്തോ അനങ്ങുന്നു. ശലമോൻ കഠാര വീശാനെടുത്തു. ഒരു ശബ്ദം കേട്ടു.
“അരുത് പ്രഭോ.”
അസ്മയുടെ സ്വരം കേട്ട് കത്തി താഴ്ത്തി. ഫാത്തിമയ്ക്ക് സമാധാനമായി. യൂദൻ പറഞ്ഞു.
“നമുക്ക് ഇവിടെ നിന്ന് പുറത്തിറങ്ങണം. “
അയാൾ ഒട്ടകത്തെ തട്ടി. വെള്ളമൂക്കൻ നടന്നു. അവരുടെ പിന്നാലെ മൂന്നാല് ഒട്ടകങ്ങളും നടന്നു. അവർ ഇരുട്ടിൽ ഒരു നക്ഷത്രം കണ്ടു. പ്രവേശന കവാടത്തിൽ ഫാത്തിമ നിന്നു. അവൾക്ക് ശാഫാനെ ഓർമ്മ വന്നു. ഇരുളിൽ അലർച്ച കേട്ട് അവൾ പുറത്തേക്കോടി.
പുറത്ത് പാറക്കെട്ടിന് പിന്നിൽ കൊള്ളക്കാരുടെ തലവൻ നിന്നിരുന്നു. അയാൾ പറഞ്ഞു.
“ഓരോരുത്തരും ആയിരം പണം തരുക. “
യൂദൻ ഫാത്തിമയുടെ നേരേ നോക്കി. അവൾ തലയാട്ടി. മരുപ്പാതയിലെ കവർച്ചക്കാർക്കു നൽകാനായി കുറെ പണക്കിഴികൾ പിതാവ് നൽകിയിരുന്നു. അവൾ ഒട്ടകപ്പുറത്ത് നോക്കി. കെട്ടുകൾ ഒന്നും കാണാനില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവൾ വിഷണ്ണയായി. കുറെ നേരം തിരഞ്ഞിട്ടും പണക്കിഴികൾ ഒന്നും കിട്ടിയില്ല. അവൾ പറഞ്ഞു.
“പ്രഭോ, ഞങ്ങളുടെ കെട്ടുകൾ കാണാനില്ല
അറബി ചിരിച്ചു.
അയാൾ താഴ്വരയിലേക്ക് ചൂണ്ടികാട്ടി. മരുപ്പാതയിൽ കൂടി പോകുന്ന രണ്ട് ഒട്ടകങ്ങളെ കണ്ടു. പൊടിക്കാറ്റ് അടങ്ങിയപ്പോൾ ഒട്ടകപ്പുറത്തിരിക്കുന്നവരുടെ ഉടുപ്പുകൾ കണ്ടു. ശാഫാനും തോഴിയും!

ശാഫാനും തോഴിയും വടക്കോട്ടു നീങ്ങി. അതു കണ്ടപ്പോൾ അവൾ നടുങ്ങി. ബാമിയുടെ ചാരന്മാരാണോ അവർ? തീ കായുമ്പോൾ പരസ്പരം നോട്ടങ്ങൾ കൈമാറിയത് അവൾക്ക് ഓർമ്മ വന്നു. ഗുഹയിൽ കയറിയപ്പോൾ പടയാളികളെ മുൻപിലേക്ക് അയച്ചതും തന്‍റെ ഒട്ടകത്തെ പിടിക്കാൻ മനസ്സു കാണിച്ചതും ശാഫാന്‍റെ ഒരു തന്ത്രമായിരുന്നു. പക്ഷെ അത് മനുസ്സിലാക്കാൻ കഴിഞ്ഞില്ല. അവൾ പരിതപിച്ചു.

അസ്മയും കബീറും തങ്ങളുടെ കെട്ടുകൾ അഴിച്ചു പണം എണ്ണി നോക്കി. കഷ്ടിച്ച് അഞ്ഞൂറ് പണം മാത്രം. ആ പണം കൊടുത്തിട്ട് അയാൾ പറഞ്ഞു.
“പ്രഭോ, ഞങ്ങളെ പോകാൻ അനുവദിക്കണം”
അറബി ചിരിച്ചു. അവർ അവരെ ബന്ധിച്ചു. ഫാത്തിമയ്ക്ക് ഒന്നും മനസ്സിലായില്ല. അവൾ പ്രതിഷേധിച്ചു
“ഞാൻ ക്വാതിലെ ശൈഖിന്‍റെ പുത്രിയാണ്. നിങ്ങൾ ഇതിനു കണക്ക് പറയേണ്ടി വരും “
“ഓഹോ!” അറബി പരിഹസിച്ചു. ഫാത്തിമ തലകുനിച്ചു.
അവർ നടന്നു. തരിശു ഭൂമിയിൽ അവിടവിടെയായി ചില കള്ളിച്ചെടികൾ നിന്നിരുന്നു. മരുഭൂമിയുടെ സൗന്ദര്യവും ക്രൗര്യവും ആ ചെടിയിൽ മുളപൊട്ടിയിരുന്നു.അവ കാറ്റിലാടി. വർണ്ണപ്പൂക്കൾക്കിടയിലെ കുന്തമുള്ളുകൾ കണ്ട് അവൾ നടുങ്ങി. നരകയാതനകളുടെ തുടക്കമാണെന്ന് അപ്പോൾ അവൾ അറിഞ്ഞില്ല. അകലെ കാറ്റ് അലറിവിളിച്ചു.

അറേബ്യയിലെ ചില മരുപ്പച്ചകൾ നേരം വെളുക്കുമ്പോൾ ഒരു പിടി മണൽക്കൂനകളാവും. മാന്ത്രികന്‍റെ ശാപമേറ്റ പോലെ രാത്രിക്കാറ്റിൽ ഈത്തപ്പനയുടെ കവിൾ വരെ മണൽ നിറഞ്ഞു. ജലാശയത്തിലും മണൽത്തരികൾ അരിച്ചിറങ്ങി. പക്ഷേ തടാകം ചുരുങ്ങിയില്ല. രാത്രിയിൽ തന്നെ മണൽ കോരിക്കളഞ്ഞിരുന്നു. മല തുരന്നു നിർമ്മിച്ച ഗുഹാഭവനത്തിലാണ് അവർ താമസിച്ചിരുന്നത്. ഇടുങ്ങിയ മുറികളിൽ അറബികൾ തളർന്നു കിടന്നു. അവർ ആ മണൽക്കാട് വിട്ടില്ല. കാരണം അത് ഗോത്രഭൂമിയാണ്. പിതാക്കൻമാരുടെ ആത്മാവ് ഉറങ്ങുന്ന പുണ്യഭൂമി.
പൂഴിക്കാറ്റിനോട് മല്ലിട്ട രണവീര്യം ഹാറാത് മലയിൽ ഒളിച്ചിരുന്ന് കവർച്ച ചെയ്തു. അവരുടെ കരുത്തിനെ ചെറുക്കാൻ പേർഷ്യൻ സംഘങ്ങൾക്ക് പോലും സാധിച്ചില്ല. അവർക്ക് കപ്പം കൊടുത്തു. വിസമ്മതിച്ചവരെ അവർ അടിമകളാക്കി പണിയെടുപ്പിച്ചു. ഓരോ ദിവസവും ആ ഗുഹാഭവനത്തിനു മുമ്പിൽ തടവുകാർ കാത്തുനിന്നു. വൃദ്ധനായ ഒരു അറബിയാണ് അവരുടെ വിധികൾ എഴുതിയിരുന്നത്. തഞ്ചത്തിൽ നാടും പേരും ചോദിക്കുമ്പോൾ അവർക്ക് ഒരു പ്രതീക്ഷ തോന്നും. അവർ മരുപ്പച്ചയുടെ പേരു് പറയും. പൊടുന്നനെ വയസ്സന്‍റെ മുഖം കറുക്കും
“നിങ്ങൾ ചാരന്മാരാണ്!”
കബീർ നിഷേധിച്ചു.
“ഞങ്ങൾ അൽ ജോഫിലേക്ക് പോകുന്ന യാത്രക്കാരാണ്.”
വൃദ്ധക്കഴുകൻ്റെ കണ്ണുകൾ തിളങ്ങി.
“ചാരന്മാർക്ക് ഞങ്ങൾ കൊടുക്കുന്ന ശിക്ഷ അടിമത്തമാണ്.”
വയസ്സന്‍റെ വിധി കേട്ടപ്പോൾ ഫാത്തിമയ്ക്ക് വേദനിച്ചില്ല. ശാഫാന്‍റെ വഞ്ചന അവളെ തകർത്തിരുന്നു.
തളത്തിൽ ഇരിക്കുമ്പോൾ ഫാത്തിമ അടിമകളെ കണ്ടു. അവരുടെ മുഖം കരുവാളിച്ചിരുന്നു. പ്രതീക്ഷയുടെ നക്ഷത്ര കിരണം ആ കണ്ണുകളിൽ കാണാനില്ല. അവ പാതാളം പോലെ കുഴിഞ്ഞിരുന്നു. മരിക്കുന്നതു വരെ അറബികളുടെ ആട്ടും തുപ്പുമേറ്റ് ജോലി ചെയ്യാനാണ് വിധി. രാത്രിക്കാറ്റ് വീശുമ്പോൾ തടാകത്തിലേക്ക് മണൽ കിനിഞ്ഞിറങ്ങും. അപ്പോൾ കാറ്റും മനുഷ്യനും തമ്മിലുള്ള കരയുദ്ധം തുടങ്ങും. ആഴിയുടെ വെളിച്ചത്തിൽ ഒരു പാതിരാപ്പോരാട്ടം. അതിൽ ഒരു കൈ തളർന്നാൽ മേൽവിചാരകന്‍റെ ചാട്ടയടി പുറത്തു വീഴും. കണ്ണു ചൂഴ്ന്നെടുക്കുന്ന വേദനയാണ്. ഒരു കഴുതയെപ്പോലെ മണൽ വലിച്ചു കയറ്റുമ്പോൾ ഫാത്തിമ കരഞ്ഞില്ല. അവൾക്ക് അവളോടു തന്നെ വെറുപ്പു തോന്നിയിരുന്നു. ശാഫാന്‍റെ ഈത്തപ്പഴ വാക്കിൽ കുടുങ്ങിയ അറപ്പു തോന്നി.

പാതിരാത്രി ആയപ്പോൾ കാറ്റ് ശക്തമായി. തിരമാല പോലെ മണൽ കിനിഞ്ഞിറങ്ങി. അതോടെ ചാട്ടയുടെ നിലവിളികളും കാറ്റിൽ മുഴങ്ങി. അസ്മ കുളത്തിലേയ്ക്ക് ഇറങ്ങിയിരുന്നു. മുട്ടൊപ്പം നനഞ്ഞു. ചുറ്റും നിന്നിരുന്നവർ പരസ്പരം കണ്ടില്ല. കഴുതകളെ പോലെ പണിയെടുത്തു. ഒരുത്തി അയൽക്കാരിയെ ഇടംകണ്ണിട്ടു നോക്കിയപ്പോൾ മിന്നൽ പോലെ ചാട്ടയടി പതിച്ചു. പെണ്ണിന്‍റെ നിലവിളി കേട്ട് അസ്മ നടുങ്ങി. കുളത്തിൽ നിന്ന് മണൽക്കൊട്ടകൾ ഉയരുന്നത് കണ്ട് അറബികൾ ആർത്തു ചിരിച്ചു. രാത്രിയിൽ അസ്മക്ക് തണുപ്പു തോന്നിയില്ല. അവൾ വിയർപ്പിൽ കുളിച്ചു. നെറ്റിയിലെ വിയർപ്പ് തുടച്ചു. പാതിരാവ് കഴിഞ്ഞപ്പോൾ കാറ്റു നിലച്ചു. മണൽ നിശ്ചലമായി. പണിനിർത്തി അടിമകൾ എല്ലാം കരയ്ക്ക് കയറി. അവർ വേച്ചുവേച്ചു നടന്നു. ഗുഹാഭവനത്തിലെ നീണ്ട തളത്തിൽ കിടന്നു. ക്ഷീണം കൊണ്ട് അസ്മ കിടന്നപാടെ ഉറങ്ങിപ്പോയി. പക്ഷേ ഫാത്തിമയ്ക്ക് ഉറക്കം വന്നില്ല. കാമുകന്‍റെയും തോഴിയുടെയും വഞ്ചന അവൾക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു. അവൾ സ്വയം ശപിച്ചു.

പ്രഭാതത്തിൽ ചെറുപൊത്തുകളിലൂടെ വെയിൽ തളത്തിൽ സ്വർണ്ണനാണയങ്ങളിട്ടു. തരിശു ഭൂമിയിലെ ശൈഖ് കിളിവാതിൽ തുറന്നു നോക്കി തളത്തിന്‍റെ ചുവരിൽ ചാരിയിരുന്ന് ഉറങ്ങുന്ന സുന്ദരിയെ കണ്ടു.അയാൾ ഒരു പരിചാരികയെ വിട്ട് അവളെ വിളിപ്പിച്ചു. ഫാത്തിമ പ്രഭുവിനെ വന്ദിച്ചു.
“പ്രഭോ ഞങ്ങളെ പോകാൻ അനുവദിക്കണം. “
അയാൾ ചിരിച്ചു
“നിങ്ങളെ ഞാൻ മോചിപ്പിക്കാം “
അവൾക്ക് ആശ്വാസമായി. നന്ദി പറഞ്ഞപ്പോൾ അയാൾ മഞ്ഞപ്പല്ലുകൾ കാട്ടി ചിരിച്ചു.
” പകരം നീ എൻ്റെ ഭാര്യയായിരിക്കുക.”
ഉടുപ്പിനുള്ളിൽ മണൽ വീണത് പോലെ അവൾക്കു തോന്നി.
“ക്ഷമിക്കണം പ്രഭോ, എന്‍റെ വിവാഹം നിശ്ചയിച്ചതാണ് “
ശൈഖ് ചിരിച്ചു.
“അത് സാരമില്ല. വിവാഹം നടന്നില്ലല്ലോ.”
“ഇല്ല ,ഞാൻ സമ്മതിക്കില്ല.”
പൊടുന്നനെ ശൈഖിൻ്റെ മുഖം ഗൗരവത്തിലായി.
“പെണ്ണേ, ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നന്ന്, ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ നീ മണൽ ചുമക്കും “
ഫാത്തിമായുടെ മുഖം പ്രഭാത വെയിൽ പോലെ വിളറി. അയാൾ പൊട്ടിച്ചിരിച്ചു.
വെട്ടം വീണതോടെ മേൽനോട്ടക്കാരിയുടെ ശബ്ദം കനത്തു.
” നിങ്ങൾ പോയി ചാണകം വാരുക…”
അസ്മ ഒട്ടകശാലയിലേക്ക് നടന്നു. ചാണകം പരത്തി വരളിയുണ്ടാക്കാൻ ഫാത്തിമ വിസമ്മതിച്ചു.
“ഞാനൊരു ശൈഖിൻ്റെ പുത്രിയാണ്.”
വാല്യക്കാരി ചിരിച്ചു.
“ഇവിടെ വരുന്നതിനു മുമ്പ് ഞാനും ഒരു ശൈഖിൻ്റെ പുത്രിയായിരുന്നു.”
അവൾ നടുങ്ങി. അവളുടെ കരങ്ങൾ നഗ്നമായി. അസ്മയെപ്പോലെ ചാണകം പുരണ്ടപ്പോൾ മനം മറിഞ്ഞു.

ഉച്ചയ്ക്ക് അടിമകൾ തളർന്ന് ഉറങ്ങി. ദുസ്വപ്നങ്ങൾ കണ്ട് നടുങ്ങി വിറച്ചു. അന്തിമയങ്ങും വരെ ജോലി ചെയ്തു. ഒട്ടകത്തെ കറന്നു. വീട് തൂത്ത് വൃത്തിയാക്കി. തുണികൾ കഴുകി. കഴുതയെപ്പോലെ പണി ചെയ്തു. അരയും മാറും കഷ്ടിച്ച് മറയ്ക്കാന്‍ ചാക്ക് കഷണങ്ങൾ കിട്ടിയിരുന്നു. തണുപ്പിൽ പല്ലുകൾ കൂട്ടിയിടിച്ചു ഫാത്തിമ കരഞ്ഞു. സാക്ഷാൽ ശലമോൻ രാജാവ് വിചാരിച്ചാൽ പോലും ഈ തടവറയിൽ നിന്ന് മോചിതയാക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി.

ആൺ അടിമകളാണ് കുതിരകളെ തീറ്റിപ്പോറ്റിയിരുന്നത്. ഉച്ചക്ക് തീറ്റ കൊടുക്കുമ്പോൾ യൂദനെ മൂപ്പൻ വിളിച്ചു.
“ശൈഖ് വിളിക്കുന്നു.”
അയാൾ മൂപ്പനെ പിൻതുടർന്നു. രാവിലെ കവർച്ച മുതലുകൾ പരിശോധിക്കുമ്പോൾ കെട്ടിൽ നിന്ന് ഒരു ചുരുൾ കിട്ടി. അവർ അത് തുറന്നു നോക്കി. ശലമോൻ രാജാവിനുള്ള ഒരു സന്ദേശം..
മൂപ്പൻ അമ്പരന്നു.
ഗുഹാഭവനങ്ങളുടെ നടുക്കാണ് ശൈഖിന്‍റെ മന്ദിരം പ്രവേശന കവാടം കടന്ന് ശലമോൻ അകത്ത് കയറി. അത് ഒരു നീണ്ട തളമായിരുന്നു. ഒന്നു രണ്ടടിമകൾ നിലത്തു വീണ പൊടിമണൽ വാരിക്കൊണ്ടിരുന്നു. തളത്തിന്‍റെ അറ്റത്ത് ഇടുങ്ങിയ മുറിയുടെ മുമ്പിൽ മൂപ്പൻ നിന്നു. ശലമോനും നിന്നു. ആ മുറിയിൽ ഇരുളിൽ നിന്ന് ഒരു ശബ്ദം കേട്ടു.
“എന്താണ് ഈ ചുരുളിൻ്റെ അർത്ഥം?”
നമസ്ക്കരിച്ചിട്ട് യൂദൻ പറഞ്ഞു.
” പ്രഭോ, ക്വാതിലെ ശൈഖ് ശലമോൻ രാജാവിനോട് സഖ്യം ചെയ്തിരിക്കുന്നു. “
ശൈഖ് ചിരിച്ചു.
”ഞാൻ ക്വാതിനെയോ ശലമോനെയൊ ഭയപ്പെടുന്നില്ല. ഹാറാത് കടക്കാൻ അവർക്ക് കഴിയില്ല.”
യൂദൻ പറഞ്ഞു.
“അങ്ങ് പറഞ്ഞത് ശരിയാണ്. പക്ഷേ ശലമോൻ രാജാവിന് അടിമയായി ഒരു ഭൂതം ഉണ്ട്. അസ്മേദേവൂസ്. അവൻ എല്ലാം കാണുന്ന, എല്ലാം കേൾക്കുന്ന, എല്ലാം അറിയുന്ന ഒരു ഭൂതമാണ്. അവൻ വായ് തുറന്നാൽ തുരങ്കത്തിൽ അഗ്നി പടരും.
ശൈഖിൻ്റെ കണ്ണുകൾ ഒന്നിളകി. അയാൾ പ്രതിവചിച്ചു.
“നീ കളവു പറയുകയാണ്.”
“അല്ല പ്രഭോ, ഞാൻ പറഞ്ഞത് സത്യമാണ്.
ശൈഖ് ഒരു നിമിഷം ആലോചിച്ചു നിന്നു.
ജോലി ചെയ്യാൻ മടിക്കുന്ന അടിമകളെ മരുഭൂമിയിൽ വിൽക്കാറുണ്ട് . അതിനു വന്ന കച്ചവടക്കാരെ വിളിച്ച് അയാൾ ശലമോനെ കുറിച്ച് ആരാഞ്ഞു. അവർ പറഞ്ഞു.
“കാനാൻ ദേശത്തെ പ്രബലനായ രാജാവാണ് ശലമോൻ.” ഫാത്തിമയെ കുറിച്ച് കേട്ടപ്പോൾ അവർ പറഞ്ഞു
“പ്രഭോ, രാജാവിന്‍റെ ഭൃത്യനായ ഭൂതത്തെ സൂക്ഷിക്കണം. അവൻ ഭയങ്കരനാണ് “
ശൈഖിന്‍റെ കണ്ണുകൾ വിളറി.

രാവിലെ കോതമ്പു പൊടിച്ചിരുന്നത് പെൺ അടിമകളാണ്. തിരിക്കല്ലിൽ അവരുടെ കരം അമർന്നു. ഒരു ചാക്ക് ധാന്യമണികൾ പൊടിച്ചപ്പോഴേക്കും ഫാത്തിമ തളർന്നു. അവൾ ഒരിടത്തിരുന്നു.
അടിമകൾ പറഞ്ഞു.
“വാല്യക്കാരി കണ്ടാൽ നിന്‍റെ പുറം അടിച്ചു പൊളിക്കും “.
അവൾ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. തല്ലുന്നെങ്കിൽ തല്ലട്ടെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ! രാപ്പകൽ വിശ്രമമില്ലാത്ത പണി ഇനി വയ്യാ! അവൾ ഇരിപ്പു തുടർന്നു.
അസ്മായ്ക്ക് ഭീതി തോന്നി. അവൾ യജമാനത്തിയെ പിൻതിരിപ്പിക്കാൻ നോക്കി. പക്ഷേ ഫാത്തിമ വഴങ്ങിയില്ല.
അൽപ്പം കഴിഞ്ഞപ്പോൾ ഒരു പരിചാരിക വന്ന് ഫാത്തിമയെ വിളിച്ചു. അവൾ വിസമ്മതമൊന്നും പറഞ്ഞില്ല. തല കുനിച്ച് നടന്നു. തളത്തിൽ മൂപ്പത്തി നിന്നിരുന്നു.
“പെണ്ണേ, നിൻ്റെ സാധനങ്ങൾ എടുക്കുക.”
സാധനങ്ങളെല്ലാം ചുരുട്ടിക്കെട്ടിയെടുത്തപ്പോൾ അവർ പുറത്തേക്ക് വിരൽ ചൂണ്ടി. അവിടെ ഒരു അടിമക്കച്ചവടക്കാരൻ ഒളിച്ച് നിന്നിരുന്നു. അവളുടെ മുഖം വിളറി. പുറത്തേക്ക് നടക്കുമ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. അസ്മയുടെ മുഖം കണ്ടു. പിന്നെ വാതിൽ കടന്നു.
കുറേ നേരം കഴിഞ്ഞിട്ടും ഫാത്തിമ തളത്തിലേക്ക് മടങ്ങി വന്നില്ല. യജമാനത്തിയുടെ വിധിയോർത്ത് അസ്മ സങ്കടപ്പെട്ടു. ഒരിക്കൽ കൂടി വിധി തന്നെ തോൽപ്പിച്ചിരിക്കുന്നു! വെള്ളം കുടിക്കുമ്പോൾ മൂപ്പത്തി വിളിപ്പിച്ചു.
“പെണ്ണേ, നിൻ്റെ സാധനങ്ങൾ എടുക്കുക.”
സാധനങ്ങൾ എടുത്ത് അവൾ നടന്നു. പകൽ വെളിച്ചം കടന്നു വരാൻ ഭയക്കുന്ന തളത്തിലൂടെ അസ്മ നടന്നു. അവൾ പുറത്തിറങ്ങി. കുറച്ചു തടവുകാരെ കണ്ടു. അവർ മൂപ്പന്‍റെ മുൻപിൽ തെറ്റ് ചെയ്ത കുട്ടികളെപ്പോലെ തലകുനിച്ചു നിൽക്കുന്നു. ഏതോ മിന്നലാക്രമണത്തിൽ പിടികൂടപ്പെട്ടവരാണ് ആ പാവങ്ങൾ. ഈത്തപ്പനയുടെ ചുവട്ടിൽ നിൽക്കുന്ന കബീറിനെ കണ്ടു. അയാൾ വെള്ളമൂക്കന് വെള്ളം കൊടുക്കുകയാണ്. എങ്ങോട്ടാണ് യാത്ര? അസ്മ അത്ഭുതപ്പെട്ടു.
അസ്മ നടന്നു. തൊട്ടപ്പുറത്ത് ഒട്ടകത്തിന് തീറ്റ കൊടുക്കുന്ന ഫാത്തിമയേയും കണ്ടു. അവൾക്ക് ഒന്നും മനസ്സിലായില്ല.അവൾ അടുത്തെത്തി. പിരിയും മുമ്പായി ഒരു വാക്ക് കബീറിനോട് പറയാൻ അവൾ മോഹിച്ചു. ഒരു പക്ഷേ ഈ ജീവിതത്തിൽ അയാളെ ഇനി കണ്ടുമുട്ടിയില്ലെന്ന് വരാം. അവൾ ഓടിച്ചെന്നു ആ കരത്തിൽ പിടിച്ചു.
“പ്രഭോ”
അയാൾ പറഞ്ഞു.
“വേഗം ഒട്ടകത്തിൽ കയറുക.”
അവൾക്ക് ഒന്നും മനസ്സിലായില്ല. ഫാത്തിമ ഒട്ടകത്തിൽ കയറിയിരിക്കുന്നു.പിന്നെ അവളും മടിച്ചില്ല. വരുന്നത് വരട്ടെ അവളും ഒരു ഒട്ടകത്തിൽ കയറി. അയാൾ വെള്ളമൂക്കന്‍റെ പള്ളക്ക് തട്ടി. അവൻ നടന്നു. അവൾ അത്ഭുതപ്പെട്ടു. അറബികൾ ആരും ശ്രദ്ധിക്കുന്നില്ല. ഇത് എന്ത് മാന്ത്രിക വിദ്യയാണ്? അവൾ അമ്പരുന്നു. തെരുവു കടന്നപ്പോഴാണ് ആ സത്യം മനസ്സിലായത്…
സ്വാതന്ത്ര്യം!
അയാൾ പറഞ്ഞു..
“മരുഭൂമി പോലെയാണ് തരിശു ഭൂമിയിലെ ശൈഖിൻ്റെ മനസ്സ്. എപ്പോഴാണ് ആ പ്രകൃതം മാറിമറിയുന്നതെന്ന് ആർക്കും പറയാനാവില്ല.”
അയാൾ ഒട്ടകത്തിൻ്റെ പള്ളക്ക് ആഞ്ഞുത്തട്ടി. ഒട്ടകം പാഞ്ഞു.
മരുപ്പച്ചയിൽ നിന്ന് രക്ഷപ്പെട്ടത് ഫാത്തിമായ്ക്കും വിശ്വസിക്കാനായില്ല. രാവിലെ ശൈഖ് വിളിച്ചു പറഞ്ഞു.
“നിനക്ക് പോകാം”
അവൾ ശൈഖിനെ തുറിച്ചു നോക്കി. അയാൾ തുടർന്നു.
“ശലോമോൻ രാജാവിനെ എൻ്റെ ആശംസകൾ അറിയിക്കുക.”
അവൾ ആശ്ചര്യഭരിതയായി.
എന്തോ അത്ഭുതം നടന്നിരിക്കുന്നു. ശലമോൻ രാജാവിന് ഭൃത്യനായി ഒരു ഭൂതമുണ്ടെന്ന് അവൾ കേട്ടിരുന്നു. അവൻ ശൈഖിനെ കണ്ടിരിക്കുമോ?
അവൾ പുറത്തിറങ്ങി. തെരുവിൽ നിൽക്കുന്ന കബീറിനെ കണ്ടു. അയാൾ ഒട്ടകപ്പുറത്ത് ഭാണ്ഡങ്ങൾ മുറുക്കികെട്ടുകയാണ്.എന്നിട്ടും അവൾക്ക് വിശ്വാസം വന്നില്ല. അയാൾ പറഞ്ഞു.
“നമ്മൾ പുറപ്പെടുകയാണ്.”
അൽപ്പദൂരം പിന്നിട്ടിട്ടും ഫാത്തിമായ്ക്ക് ഭയം വിട്ടുമാറിയില്ല. തരിശുഭൂമിയിലെ ശൈഖിന് തെറ്റ് പറ്റിയോ? അതു മനസ്സിലാകുമ്പോൾ അയാൾ പടയാളികളെ അയക്കും. അവർ തങ്ങളെ ബന്ധിക്കും. ഒരിക്കൽക്കൂടി അവൾ തിരിഞ്ഞ് നോക്കി. മരുഭൂമി ശൂന്യമാണ്.
കൺമുമ്പിൽ കബീറും അടിമപ്പെണ്ണും ഉണ്ട്, അവർ എന്തോ സംസാരിക്കുകയാണ്. എന്തായിരിക്കും? കാറ്റിന്‍റെ അലർച്ചയിൽ ഒന്നും കേൾക്കാനാകുന്നില്ല. കാറ്റിനോട് അവൾക്ക് ദേഷ്യം തോന്നി. അവൾ ഒളികണ്ണിട്ട് അസ്മയെ നോക്കി. അവൾ ചിരിക്കുന്നു. ശാഫാന്‍റെ ചതിയോർത്തപ്പോൾ അവൾക്ക് ദേഷ്യം തോന്നി. അവൾ ഒട്ടകത്തിനിട്ട് ഒന്നു തല്ലി.
അൽ ജോഫുവരെ സഞ്ചരിക്കുന്ന കാര്യമോർത്തപ്പോൾ ശലമോൻ ഭയന്നു. .
കയ്യിൽ കാശില്ല ചുറ്റിനും കാവൽക്കാരും ഇല്ല, പോകേണ്ട വഴിയും അറിയില്ല. ആരോടാണ് സഹായം ചോദിക്കുക?
മരുപ്പരപ്പിൽ അന്തിവെയിൽ വീണിരുന്നു. മണൽത്തരികൾ സ്വർണ്ണമായി.
ശലമോൻ പറഞ്ഞു.
“പണത്തിന്‍റെ കുറവ് പരിഹരിക്കപ്പെട്ടിരിക്കുന്നു.”
കഷ്ടപ്പാടുകൾ മറന്ന് അസ്മ ചിരിച്ചു.

അനന്തമായ ചക്രവാളത്തിൽ ശലമോൻ കണ്ണുനട്ടു. മരുപഥത്തിലെ അടയാളങ്ങൾ കണ്ടു. പ്രകൃതിയുടെ സൂചനകൾ നോക്കാൻ അയാൾ പഠിച്ചിരുന്നു. ബാനിമാലിക് ഗോത്രത്തിലെ മൂപ്പൻ പറഞ്ഞു.
“പ്രകൃതിയിലെ സുചനകൾ നോക്കിയാണ് ഒട്ടകങ്ങൾ സഞ്ചരിക്കുക.”
അന്നു മുതൽ ഒട്ടകങ്ങളെ നീരിക്ഷിച്ചു തുടങ്ങി. പൂഴിക്കാറ്റിനു മുമ്പിലെ ശാന്തത തിരിച്ചറിഞ്ഞു. മരണത്തിനു മുകളിൽ കഴുകൻ ഭ്രമണം ചെയ്യുന്നത് കണ്ടു. നക്ഷത്രങ്ങൾ മരുപ്പാതയിൽ വിളക്കു തെളിക്കുന്നതും കണ്ടു. മരുക്കാറ്റിൻ്റെ ഇരമ്പലിൽ ഭാവിജാലകങ്ങൾ ഉലയുന്നതു കേട്ടു. പാഴ്പ്പരപ്പിലെ വിജനതയ്ക്കും നിശബ്ദതക്കും എന്തെല്ലാം കഥകളാണ് പറയാനുള്ളത്!
അയാൾ കാതോർത്തു.
അവർ യാത്രതുടർന്നു. വിശപ്പ് മാറ്റാൻ ശലമോൻ പഴങ്ങൾ കഴിച്ചു. അവരുടെ കെട്ടിൽ ഓരോ ഭക്ഷണ പൊതി ശൈഖ് വെച്ചിരുന്നു. അത് കഴിക്കാൻ ഫാത്തിമ മടിച്ചു. അസ്മ നിർബന്ധിച്ചെങ്കിലും അവൾ ഭക്ഷിച്ചില്ല. കുറച്ചു വെളളം മാത്രം കുടിച്ചു.. ഫാത്തിമ നിശ്ശബ്ദത തുടർന്നു. ഇരുൾ പരന്നപ്പോൾ ആരും കാണാതെ കരഞ്ഞു. കിഴക്കൻ ചക്രവാളത്തിൽ കയ്യെത്തും പൊക്കത്തിൽ ശ്യാമചന്ദ്രിക തെളിഞ്ഞു.. മരുഭൂമിയിൽ അപൂർവ്വമാണ് നീലനിലാവ്. യാത്രയുടെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നുവെന്ന് ശലമോന് തോന്നി.

രാത്രി വൈകിയപ്പോൾ അന്നത്തെ യാത്ര അവസാനിപ്പിച്ച് അവർ കിടന്നു. പക്ഷേ ആർക്കും ഉറക്കം വന്നില്ല. സ്വതന്ത്രമായപ്പോൾ പേക്കിനാവുകൾ അവരെ വേട്ടയാടി. ഓർമ്മകൾ നീറ്റലായപ്പോൾ ശലമോൻ എഴുന്നേറ്റ് തീ കൂട്ടി. അഗ്നി ആളികത്തി. തീ കായാൻ യുവതികളും വന്ന് ചുറ്റും ഇരുന്നു. മനസ്സു മടുക്കുമ്പോൾ ദുഃഖം മറക്കാൻ കഥകൾ കേൾക്കാം. അന്ന് നറുക്കുവീണത് അസ്മയ്ക്കായിരുന്നു. അവൾ പറഞ്ഞു തുടങ്ങി.

വര: പ്രസാദ്‌ കാനത്തൂര്‍


“അങ്ങനെ യജമാനൻ്റെ ഭവനത്തിൽ ആ ബാലനും ബാലികയും വളർന്നു. കാലം അവളുടെ മേനിയിൽ ചിത്രവേലകൾ ചെയ്തു. അവൾ ഒരു സുന്ദരിയായി. അതുപോലെ ബാലനും ഒരു യുവാവായി. അവനെ കാണുമ്പോൾ അവളുടെ കവിളുകളിൽ അരുണിമ പടരും. കണ്ണുകൾ നിശ്ചലമാകും.
അറബിക്ക് അസൂയ തോന്നി.

അയാൾ ആ യുവാവിനെ തോട്ടത്തിലേക്ക് അയച്ചു. പക്ഷേ അവൾ അവനെ മറന്നില്ല. ആഴ്ചയുടെ അവസാനം ചന്തയിൽ വെച്ച് പ്രിയതമയെ ഒളിച്ചു കണ്ടു. യജമാനൻ അതു കണ്ടു. ആ യുവാവിനെ ഒഴിവാക്കാൻ അയാൾ ഉറച്ചു. ഇനി ഒരിക്കലും അവർ കാണരുത്. അയാൾ ആ യുവാവിനെ കച്ചവടക്കാർക്ക് വിറ്റു. ഒരു കാര്യം പറഞ്ഞു. അവൻ മടങ്ങിയെത്തരുത്. കച്ചവടക്കാരൻ അത് സമ്മതിച്ച് അവനെ വാങ്ങി. ആ മരുപ്പച്ച വിടുന്നതിനു മുമ്പായി അവൻ യാത്ര പറഞ്ഞു.
“സക്കാക്ക “
അവൾക്കൊന്നും മനസ്സിലായില്ല. ആരോ പറഞ്ഞു. അത് അൽ ജോഫിലെ പാതയിലുള്ള ഒരു മരുപ്പച്ചയാണ്.
അസ്മ കഥ നിർത്തി കാതോർത്തു. രാത്രിക്കാറ്റിൽ അവ്യക്തമായ ഒരു മർമ്മരം കേട്ടു. അവൾ പിറുപിറുത്തു.
“പ്രിയപ്പെട്ടവനെ, നീ എവിടെയാണ്?”

[തുടരും]

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like